· 8 മിനിറ്റ് വായന

കിഡ്നി തകർക്കുമോ പ്രോട്ടീൻ പൗഡർ

AndrologyHoaxLife StyleMedicineNephrologyകിംവദന്തികൾ

ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് വീട്ടിൽ കേബിൾ ടിവി ഇല്ല . ഇംഗ്ലീഷ് സിനിമകളായി ആകെ കണ്ടിട്ടുള്ളത് ടൈറ്റാനിക്കും ജുറാസിക് പാർക്കും മാത്രമാണ് . അങ്ങനെയിരിക്കെയാണ് അർനോൾഡ് ഷ്വാസ്നെഗർ എന്ന ഒരു സിനിമാനടൻ അമേരിക്കയിലെ കാലിഫോർണിയയിൽ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ട വാർത്ത പത്രത്തിൽ വന്നത് . ഈ വിചിത്ര നാമധാരിയെപ്പറ്റി മുൻപ് കേട്ടിട്ടുണ്ടെങ്കിലും ഒരു ഫോട്ടോ പോലും കണ്ടിട്ടില്ല . സ്കൂളിലാണെങ്കിൽ ഇദ്ദേഹമാണ് എല്ലാ ദിവസവും ചർച്ചാവിഷയം . ചിത്രങ്ങളൊക്കെ കണ്ടാൽ അന്തം വിട്ടുപോകും . ഒഴുക്കൻ മട്ടിൽ കിടക്കുന്നതായി മാത്രം ഇതുവരെ കണ്ടിട്ടുള്ള മനുഷ്യ ശരീരത്തിൽ കൊത്തിവച്ച മാതിരി ഇത്രമേൽ മസിലുകളോ ?! അർണോൾഡിന്റെ അദ്ഭുത കഴിവുകളെപ്പറ്റിയുള്ള പൊടിപ്പും തൊങ്ങലും വെച്ച കഥകൾ ക്ലാസുകളിൽ പാറിനടന്നു . കൈത്തണ്ടയിലെ മസിൽ വല്ലാതെ കൂടിയതുകൊണ്ട് കൈ മടക്കാൻ സാധിക്കാതെ കുറച്ച് എക്സ്റ്റ്രാ മസിൽ അദ്ദേഹം മുറിച്ചു കളഞ്ഞതായിവരെ വാർത്ത ഇറങ്ങി . നാട്ടിലെ ജിമ്മുകളൊക്കെ ഞാനും ശ്രദ്ധിക്കാൻ തുടങ്ങിയത് ഇങ്ങനെയാണ് .

ഇന്നാകട്ടെ ജിമ്മുകൾ കൂണു പോലെയാണ് മുളച്ചു പൊന്തുന്നത് . മലപോലെ മസിലുള്ള ഏതാനും ഭീകരന്മാരുടെ ഫോട്ടോ ഫ്ലക്സ് അടിച്ച് പുറത്ത് പ്രദർശിപ്പിച്ചിട്ടുണ്ടാകും . മേലനങ്ങി ഒരു പണിയും ചെയ്യാൻ വയ്യാത്തവൻപോലും സമയാസമയം ജിമ്മിലെത്തി കൂറ്റൻ തൂക്കു കട്ടകൾ ഉയർത്തുന്നതു കണ്ടാലറിയാം കട്ടയ്ക്കുള്ള സോഷ്യൽ വാല്യൂ . ( കുറച്ചൊക്കെ ഞാനും പോയതാണ് . വയറ്റിലുള്ള സിക്സ്പാക്ക് ഉചിതമായ ഒരു അവസരത്തിൽ പുറത്തെടുക്കാൻ വേണ്ടി തൽക്കാലം ഒരു ഫാമിലി പാക്കിൽ ഇട്ടു വച്ചിരിക്കുകയാണ് എന്നേ ഉള്ളൂ 😉 ) . എന്നാൽ പരമാവധി ഒരു മാസം കഴിഞ്ഞാൽ ഈ ആവേശമൊക്കെ തണുക്കും . ജിമ്മിൽ പോകുന്നതുപോയിട്ട്‌ ഒന്നു മേലനങ്ങി നടക്കാൻപോലും മടിയാകും. അപ്പോഴാണ് മസിൽ വരാൻനുള്ള കുറുക്കുവഴികൾ ആളുകൾ അന്വേഷിച്ചു തുടങ്ങുന്നത് . മിക്കവർക്കും ആ അന്വേഷണം എത്തിനിൽക്കുക പ്രോട്ടീൻ പൗഡറിലാണു താനും.

1 . എന്താണ് മസിൽ ?

മസിൽ അഥവാ പേശി മനുഷ്യരുൾപ്പെടെയുള്ള മിക്കവാറും ജീവികളിൽ ചലനത്തിന് സഹായിക്കുന്ന ഒരു കലയാണ് (tissue) . നാഡികളിൽ നിന്നുള്ള വൈദ്യുതസന്ദേശം എത്തുമ്പോൾ ചുരുങ്ങാനുള്ള കഴിവാണ് മസിലുകളുടെ പ്രത്യേകത . മസിലുകളുടെ ഈ ചുരുങ്ങലിന്റെ ശക്തി എല്ലുകളിലേക്ക് പകർന്നുകൊടുക്കാൻ ഒരു കൂട്ടം വള്ളികളുണ്ട് . ടെണ്ടനുകൾ എന്നാണ് ഇവയുടെ പേര് . മസിലുകൾ ചുരുങ്ങുമ്പോൾ എല്ലുകളിലേക്ക് കൈമാറുന്ന ശക്തി ഉപയോഗിച്ച് സന്ധികളിൽ അനക്കം സാധ്യമാക്കുന്നു . ഇങ്ങനെയാണ് നാം നടക്കുന്നതും ഓടുന്നതും ഭാരം പൊന്തിക്കുന്നതും ഒക്കെ .

ചെറുതും വലുതുമായി നമ്മുടെ ശരീരത്തിൽ 600ലേറെ മസിലുകൾ ഉണ്ട് എന്നാണ് കണക്ക് . നാം ജനിക്കുമ്പോഴേ നമ്മുടെ മസിലുകളിൽ ഒരു നിശ്ചിത എണ്ണം കോശങ്ങളുണ്ട് . ഈ കോശങ്ങളുടെ എണ്ണം ഭാവി

യിൽ കൂടുകയില്ല . ഇനി എങ്ങാനും എന്തെങ്കിലും പരിക്കുപറ്റിയോ രക്തയോട്ടം നിലച്ചോ നശിച്ചുപോയാൽ പുനരുജ്ജീവിക്കാനും ഈ കോശങ്ങൾക്കു കഴിവില്ല . ഈ കോശങ്ങൾക്ക് ആകെ സാധിക്കുന്നത് കൂടുതൽ പ്രോട്ടീൻ ആഗിരണം ചെയ്ത് കൂടുതൽ ശക്തിയിൽ സങ്കോചിക്കുന്ന കോശങ്ങളായി മാറാനാണ് . ഇത്തരത്തിൽ പ്രോട്ടീൻ ആഗിരണം ചെയ്യുമ്പോൾ ഓരോ കോശങ്ങളുടെയും വലിപ്പം വർദ്ധിക്കുന്നു . ഹൈപ്പർട്രോഫി എന്നാണ് ഈ പരിപാടിയ്ക്ക് പറയുന്നത് . പുരുഷന്മാരിൽ ശരീരത്തിലെ ടെസ്റ്റോസ്റ്റീറോൺ എന്ന ഹോർമോണിന്റെ അളവ് വർധിക്കുമ്പോൾ പേശികളുടെ വണ്ണവും ഭാരവും കൂടുന്നു. മേലെ പറഞ്ഞ പോലെ പേശികളിലുള്ള കോശങ്ങൾ കൂടുതൽ പ്രോട്ടീൻ ആഗിരണം ചെയ്തത് തടിക്കുന്നതാണ് ഇതിനു കാരണം‌ . കൗമാരപ്രായത്തിൽ തുടങ്ങി പുരുഷന്മാർക്ക് കൂടുതൽ ശാരീരികശക്തി ഉണ്ടാകാനുള്ള കാരണവും അവരുടെ പേശികൾ കൂടുതൽ കൃത്യമായി തെളിഞ്ഞു കാണാനുള്ള കാരണവും ടെസ്റ്റോസ്റ്റീറോൺ എന്ന ഹോർമോണിന്റെ സാന്നിധ്യം തന്നെ .

  1. അതുകൊണ്ടാണോ ആളുകൾ മസിൽ കൂടാൻ ഹോർമോൺ കുത്തിവച്ചു എന്നൊക്കെ കേൾക്കുന്നത് ?

അതെ . മസിലുകളുടെ വലിപ്പം കൂട്ടാൻ കഴിവുള്ള ചില പ്രത്യേക രാസവസ്തുക്കൾ ശരീരത്തിൽ തന്നെ നിർമ്മിക്കുന്നുണ്ട് അത്തരത്തിലൊന്നാണ് ടെസ്റ്റോസ്റ്റിറോൺ . അത്തരത്തിലുള്ള മറ്റ് രാസവസ്തുക്കൾക്ക് അനബോളിക് സ്റ്റിറോയിഡുകൾ എന്നാണു പറയുന്നത് . ഇവ പുറത്തുനിന്ന് ശരീരത്തിൽ കുത്തിവയ്ക്കുകയോ മറ്റേതെങ്കിലും രീതിയിൽ എത്തിക്കുകയോ ചെയ്താൽ പേശികളുടെ വളർച്ച വർദ്ധിക്കുന്നു . പല പ്രശസ്തരായ ബോഡി ബിൽഡർമാരും ഇത്തരത്തിലുള്ള കുറുക്കുവഴികൾ ഉപയോഗിച്ചാണ് അവരുടെ സുന്ദരമായ ശരീരം രൂപപ്പെടുത്തിയിരിക്കുന്നത് .

എന്നാൽ ഇതുകൊണ്ട് ധാരാളം പാർശ്വഫലങ്ങളുണ്ട് . പുരുഷന്മാരിൽ വൃഷ്ണത്തിലാണ് ടെസ്റ്റോസ്റ്റിറോൺ പ്രധാനമായും നിർമിക്കപ്പെടുന്നത് എന്ന് അറിയാമല്ലോ . തലച്ചോറിലെ പിറ്റ്യൂറ്ററി ഗ്രന്ഥിയിൽ നിന്ന് ലൂട്ടിനൈസിങ് ഹോർമോൺ എന്ന ഒരു രാസവസ്തു രക്തത്തിൽ കലർന്ന് വൃഷ്ണത്തിൽ എത്തുമ്പോഴാണ് ടെസ്റ്റോസ്റ്റിറോൺ ഉൽപ്പാദനം ആരംഭിക്കുന്നത് . വൃഷ്ണത്തിൽ ആവശ്യത്തിനു ടെസ്റ്റോസ്റ്റിറോൺ ഉത്പാദിപ്പിച്ചാലേ കുട്ടികൾ ഉണ്ടാകാൻ സഹായിക്കുന്ന ബീജ കോശങ്ങളുടെ നിർമ്മാണം നടക്കൂ . പുറത്തുനിന്ന് കുത്തിവെച്ചും മറ്റും നൽകുന്ന ടെസ്റ്റോസ്റ്റിറോണ് വൃഷ്ണത്തിന്റെ അകത്ത് കടക്കാൻ സാധിക്കാത്തതുകൊണ്ട് അത്തരത്തിൽ ബീജകോശങ്ങളുടെ നിർമ്മാണം ത്വരിതപ്പെടുത്താനാകില്ല . കൂടുതൽ മസിലുണ്ടാകാൻ ടെസ്റ്റോസ്റ്റിറോൺ കുത്തിവയ്ക്കുകയാണെന്നിരിക്കട്ടെ . രക്തത്തിൽ ആവശ്യത്തിന് ടെസ്റ്റോസ്റ്റിറോൺ ഉള്ളതിനാൽ പിറ്റ്യൂറ്ററി ഗ്രന്ഥിയിൽ നിന്നുള്ള ലൂട്ടിനൈസിങ് ഹോർമോണിന്റെ നിർമ്മാണം നിലയ്ക്കും . ശരീരത്തിൽ അധികം ഹോർമോൺ നിർമ്മിക്കപ്പെട്ടു തകരാറു സംഭവിക്കാതിരിക്കാനുള്ള ശരീരത്തിന്റെ തന്നെ മുൻകരുതലാണ് ഇത് . ( നെഗറ്റീവ് ഫീഡ് ബാക്ക് എന്നാണ് ഈ പ്രതിഭാസത്തെ പറയുന്നത് ) . ഇങ്ങനെ സംഭവിക്കുമ്പോൾ വൃഷണങ്ങളിൽ നിന്നുള്ള ടെസ്റ്റോസ്റ്റിറോണിന്റെ നിർമ്മാണം കുറയുകയും അവയിൽ ബീജങ്ങൾ ഉത്പാദിപ്പിക്കാൻ സാധിക്കാതിരിക്കുകയും ചെയ്യും . ഇത്തരക്കാർക്ക് , അവർ എത്ര മസിൽ ഉള്ളവരായി മാറിയാലും , കുട്ടികൾ ഉണ്ടാകില്ല . ടെസ്റ്റോസ്റ്റിറോൺ കുത്തിവയ്ക്കുന്നതു നിർത്തി ദീർഘകാലം കാത്തിരുന്നാൽ മാത്രമേ പിന്നീട് അവർക്ക് പ്രത്യുല്പാദന ശേഷി വീണ്ടെടുക്കാനാകൂ . സമാനമായ പാർശ്വഫലങ്ങൾ മറ്റ് അനബോളിക് സ്റ്റിറോയ്ഡ് മരുന്നുകൾക്കും ഉണ്ട് . സിൽവസ്റ്റർ സ്റ്റാലനെ പോലെയുള്ള അഭിനേതാക്കളുടെ ആദ്യകാല സിനിമകളിലെ രൂപവും പത്തോ ഇരുപതോ വർഷങ്ങൾക്കു ശേഷമുള്ള രൂപവും താരതമ്യപ്പെടുത്തി നോക്കിയാൽ ഇത്തരത്തിലുള്ള അനബോളിക് സ്റ്റിറോയിഡുകൾ ശരീരത്തിലുണ്ടാകുന്ന മോശം മാറ്റങ്ങളെക്കുറിച്ച് ഒരു ധാരണ പ്രഥമദൃഷ്ട്യാ തന്നെ ലഭിക്കും . ചില രോഗങ്ങളുടെ ചികിത്സയിൽ ഈ മരുന്നുകൾ ഉപയോഗിക്കാമെങ്കിലും പേശികളുടെ വണ്ണം കൂട്ടാൻ ഈ മരുന്നുകളുടെ ഉപയോഗം ഒരിക്കലും ആശാസ്യമല്ല .

3 . പ്രോട്ടീൻ പൗഡറുകൾ സ്റ്റിറോയ്ഡ് മരുന്നുകളുടെ കൂട്ടത്തിൽ വരുമോ ?

പ്രോട്ടീൻ പൗഡറുകൾ ഒരു മരുന്നല്ല . അവ ഡയറ്ററി സപ്ലിമെന്റുകൾ ,അതായത് , പൂരക ഭക്ഷണങ്ങൾ എന്ന വിഭാഗത്തിൽ പെടുത്താവുന്ന ഭക്ഷ്യവസ്തുക്കളാണ് . വളർച്ചയുടെ ഘട്ടത്തിലും വ്യായാമം ചെയ്ത് മസിലുകൾക്ക് ആയാസം ഉണ്ടാകുന്ന സാഹചര്യങ്ങളിലും മസിലുകൾ സ്വയമേവ ബലംവയ്ക്കുകയും തടിക്കുകയും നല്ല ആകർഷകമായ രൂപം ആർജ്ജിക്കുകയും ചെയ്യും . ഇതു സ്വാഭാവികമായി സംഭവിക്കുന്നതാണ് . ഇത്തരത്തിൽ മസിലുകൾക്ക് വളരാൻ ആവശ്യമുള്ള പ്രോട്ടീൻ നമ്മുടെ ഭക്ഷണത്തിൽ നിന്നുതന്നെ ലഭിക്കാമെങ്കിലും ചിലപ്പോഴൊക്കെ സാധാരണ കഴിക്കുന്ന ഭക്ഷണത്തിൽ ആവശ്യത്തിന് പ്രോട്ടീൻ ഇല്ലാതെ വരും . പ്രത്യേകിച്ചും മലയാളിയുടെ ഭക്ഷണ ശീലത്തിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷ്യവസ്തുക്കൾ കുറവാണ് . ആവശ്യത്തിന് പ്രോട്ടീൻ ഭക്ഷണത്തിലില്ലെങ്കിൽ എത്ര വ്യായാമം ചെയ്താലും മസിലുകളുടെ രൂപഭംഗിയോ വലിപ്പമോ വർദ്ധിക്കാത്ത സാഹചര്യമുണ്ടാകും .

4 . വ്യായാമം ചെയ്യുന്ന ഒരാൾക്ക് ഒരു ദിവസം എത്ര പ്രോട്ടീനാണ് ലഭിക്കേണ്ടത് ?

ആരോഗ്യമുള്ള ഒരു സാധാരണ മനുഷ്യന് ശരീരഭാരത്തിന്റെ ഓരോ കിലോഗ്രാമിനും 0.8 ഗ്രാം പ്രോട്ടീൻ ഓരോ ദിവസത്തെ ഭക്ഷണത്തിലും വേണം എന്നാണ് കണക്ക് . അതായത് 60 കിലോഗ്രാം ഭാരമുള്ള ഒരാൾ 48 മുതൽ 50 ഗ്രാം പ്രോട്ടീൻ വരെ ഒരു ദിവസം കഴിക്കേണ്ടത് ശരീരത്തിന്റെ സാധാരണ ഉപാപചയ പ്രവർത്തനങ്ങൾക്ക് ആവശ്യമാണ് . ഇത് 100 ഗ്രാം വരെ ആകുന്നത് നല്ലതാണ് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതായത് ഭക്ഷണത്തിലെ ആകെയുള്ള കാലറികളിൽ 10 ശതമാനത്തിനും 25 ശതമാനത്തിനും ഇടയിലുള്ള ഒരു ഭാഗം പ്രോട്ടീനിൽ നിന്നുമാണ് ലഭിക്കേണ്ടത് . ഒരു ശരാശരി കോഴിമുട്ടയിൽ 6 ഗ്രാം പ്രോട്ടീൻ ആണ് അടങ്ങിയിരിക്കുന്നത് എന്ന് ഓർക്കുക . ഏറ്റവും അധികം പ്രോട്ടീൻ അടങ്ങിയ ഭക്ഷ്യവസ്തുക്കളിൽ ഒന്നായ സോയാബീനിൽ ആകട്ടെ 100 ഗ്രാമിന് 40 ഗ്രാമോളം പ്രോട്ടീൻ ഉണ്ടായേക്കാം . അതുകൊണ്ടുതന്നെ മലയാളികളുടെ ഭക്ഷണത്തിൽ നിന്ന് ഓരോ ദിവസവും ആവശ്യത്തിനുള്ള പ്രോട്ടീൻ ലഭിക്കണമെങ്കിൽ അത് കൃത്യമായി പ്ലാൻ ചെയ്യുക തന്നെ വേണം .

സ്ഥിരമായി വ്യായാമം ചെയ്യുകയും മസിലുകളുടെ വളർച്ച പ്രതീക്ഷിക്കുകയും ചെയ്യുന്ന ഒരാൾക്ക് ഈ പറഞ്ഞതിലും അധികം പ്രോട്ടീൻ ആവശ്യമുണ്ടാവും . പ്രതി കിലോഗ്രാം ശരീരഭാരത്തിന് ചുരുങ്ങിയത് ഒന്നര മുതൽ രണ്ടു ഗ്രാം വരെ പ്രോട്ടീൻ കഴിച്ചാലേ ഏറ്റവും ഫലപ്രദമായി പേശികൾ വികസിപ്പിക്കാൻ സാധിക്കൂ . അതായത് 60 കിലോഗ്രാം ഭാരമുള്ള ഒരാൾ 90 നും 120 നും ഇടയിൽ ഗ്രാം പ്രോട്ടീൻ ഓരോ ദിവസവും കഴിക്കണം . പ്രോട്ടീൻ കൂടുതലടങ്ങിയ ഭക്ഷണം കഴിച്ചോ പ്രോട്ടീൻ സപ്ലിമെന്റുകൾ ഉപയോഗിച്ചോ ഇതു സാധിക്കാം.

  1. പ്രോട്ടീൻ എന്തെല്ലാം ഭക്ഷ്യ വസ്തുക്കളിൽ നിന്നാണ് ലഭിക്കുന്നത് ?

സസ്യങ്ങളിൽ നിന്നുള്ള ഭക്ഷ്യവസ്തുക്കളിലും ജന്തുജന്യമായ ഭക്ഷ്യവസ്തുക്കളിലും പ്രോട്ടീനുണ്ട് . അരി ഗോതമ്പ് പോലെയുള്ള ധാന്യങ്ങളിൽ പോലും അമിനോ ആസിഡുകൾ ഒരു ഘടകമാണ്. എന്നാൽ മസിൽ വളർത്താൻ വ്യായാമം ചെയ്യുന്ന ഒരാൾക്ക് ആവശ്യമായ പ്രോട്ടീൻ ഇവയിൽ നിന്നും ലഭിക്കാൻ സാധ്യത കുറവാണ് . സസ്യങ്ങളിൽ ഏറ്റവും സമ്പന്നമായ പ്രോട്ടീൻ സ്രോതസ്സ് സോയ ബീൻ ആണ് . എന്നാൽ സസ്യങ്ങളിൽ നിന്നുള്ള പ്രോട്ടീനും ശരീരത്തിന് ആഗിരണം ചെയ്യാൻ ബുദ്ധിമുട്ടായതിനാൽ ജന്തുജന്യമായ പ്രോട്ടീനാണ് സാധാരണഗതിയിൽ ബോഡി ബിൽഡേഴ്സ് ഉപയോഗിച്ചു വരാറ് . ഇതിലേറ്റവും സാമാന്യമായി ഉപയോഗിക്കുന്നത് മുട്ടയിൽ നിന്നുള്ള പ്രോട്ടീനാണ് . ഒരു ശരാശരി മുട്ടയ്ക്ക് 60 ഗ്രാം ഭാരമുണ്ടാകും ഇതിൽ ആറു ഗ്രാം പ്രോട്ടീൻ ഉണ്ട് . ഇത്തരത്തിൽ 5 മുട്ട കഴിച്ചാൽ 30 ഗ്രാം പ്രോട്ടീൻ ലഭിക്കും . മുട്ടയിലെ പ്രോട്ടീനിൽ ഉള്ള അമിനോ ആസിഡുകൾ ഏതാണ്ട് മുഴുവനായി ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നു . ശരീരത്തിന് ആവശ്യമായ എല്ലാ അമിനോ ആസിഡുകളും മുട്ടയിൽ നിന്നുള്ള പ്രോട്ടീനിലുണ്ട് . മുട്ടയുടെ വെള്ളക്കരുവിലാണ് അമിനോ ആസിഡുകളുടെ സ്രോതസ്സായ ആൽബുമിനുള്ളത് . മുട്ടയിൽ ആകെയുള്ള പ്രോട്ടീനിന്റെ മൂന്നിൽ രണ്ടും വെള്ളക്കരുവിലാണ് ഉള്ളത് . മുട്ടയുടെ മഞ്ഞയിൽ ശരീരത്തിന് ഹാനികരമായ കൊളസ്ട്രോൾ ഉള്ളതിനാൽ ഒരു പരിധിയിലധികം ഇതു കഴിക്കുന്നത് നല്ലതല്ല .

പ്രോട്ടീന്റെ മറ്റൊരു സ്രോതസ്സാണ് പാൽ . മിക്കവാറും പ്രോട്ടീൻ പൗഡറുകളും പാലിൽ നിന്നു വേർതിരിച്ചെടുക്കുന്ന വേ പ്രോട്ടീൻ ഉപയോഗിച്ചാണ് നിർമിക്കപ്പെടുന്നത് . എന്നാൽ പാലിൽ ഭൂരിഭാഗവും വെള്ളം ആയതിനാൽ ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കാൻ വേണ്ടത്ര പാൽ കുടിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ് . കൂടാതെ ശരീരത്തിന് ഹാനികരമായ കൊഴുപ്പും ധാരാളം ഊർജ്ജവും പാലിൽ അടങ്ങിയതിനാൽ പ്രോട്ടീൻ ലഭിക്കുന്നതിന് ഒരു പരിധിയിലധികം പാൽ കുടിക്കുന്നത് ആശാസ്യമല്ല .

പ്രോട്ടീന്റെ മറ്റൊരു സുലഭമായ സ്രോതസ്സാണ് ഇറച്ചി. നൂറു ഗ്രാം ഇറച്ചിയിൽ ഇരുപതിലധികം ഗ്രാം പ്രോട്ടീനും ഉണ്ടാകും . എന്നാൽ മുട്ടയിലെ പ്രോട്ടീൻ പോലെ പൂർണമായും ഉപയോഗപ്പെടുന്നതല്ല ഇറച്ചിയിൽ നിന്ന് ലഭിക്കുന്ന പ്രോട്ടീൻ . മുട്ടയേക്കാൾ ദഹിപ്പിക്കാൻ ബുദ്ധിമുട്ടുമാണ് ഇറച്ചി . കൊഴുപ്പും മറ്റും അടങ്ങിയതിനാൽ ഒരു പരിധിയിലധികം ഇറച്ചി കഴിക്കുന്നത് ആരോഗ്യകരമല്ല .

ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ കണക്കാക്കിയ തിനുശേഷം ഭക്ഷ്യ വസ്തുക്കളിൽ നിന്ന് അത് ലഭിക്കുന്നുണ്ടെങ്കിൽ അധിക പ്രോട്ടീൻ കഴിച്ചതു കൊണ്ട് ശരീരത്തിന് കൂടുതൽ ഗുണം ഒന്നും ഉണ്ടാകുന്നില്ല . ശരീരത്തിന്റെ ആവശ്യം കഴിഞ്ഞ് അധികമുള്ള അമിനോ ആസിഡുകൾ കരളിൽ വെച്ച് വിഘടിച്ച് മൂത്രത്തിൽ പുറന്തള്ളപ്പെടുകയാണ് ചെയ്യുക .

6 . എന്താണ് പ്രോട്ടീൻ പൗഡർ ?

ഭക്ഷണത്തിലൂടെ പ്രോട്ടീൻ ശരീരത്തിലെത്തിക്കാൻ ഒരുപക്ഷേ ഇഷ്ടമില്ലാത്ത ഭക്ഷണസാധനങ്ങൾ ഒരു പരിധിയിലധികം കഴിക്കേണ്ടി വന്നേക്കാം ‌. ഈ ബുദ്ധിമുട്ടുകൾ പരിഹരിച്ച് കുറഞ്ഞ അളവ് കഴിക്കുമ്പോൾ തന്നെ കൂടുതൽ അളവിൽ പ്രോട്ടീൻ ശരീരത്തിൽ എത്തിക്കാൻ വേണ്ടി തയ്യാറാക്കിയിരിക്കുന്ന ഒരു പൂരക ഭക്ഷ്യവസ്തുവാണ് പ്രോട്ടീൻ പൗഡർ . സാധാരണഗതിയിൽ വേ പ്രോട്ടീൻ (Whey protein) എന്ന പേരിലാണ് ഇവ വിപണിയിൽ ലഭ്യമാകുന്നത് . പാൽക്കട്ടി നിർമിക്കുന്നതിനുവേണ്ടി പാൽ പ്രോസസ് ചെയ്തതിനു ശേഷം ബാക്കിവരുന്ന ഉൽപ്പന്നം ഉപയോഗിച്ചു നിർമ്മിക്കുന്ന പൊടിയാണ് വേ പ്രോട്ടീൻ പൗഡർ . ഒരു മൂല്യവർദ്ധിത ഉൽപന്നം എന്ന നിലയിൽ ഉയർന്ന വിലയാണ് ഈ പൗഡറിന് നൽകേണ്ടി വരുന്നത് . ഇതു കൂടാതെ മറ്റ് അവശ്യ വൈറ്റമിനുകളും മിനറലുകളും ചേർത്ത രീതിയിലും പ്രത്യേകതരത്തിലുള്ള രുചി നൽകാനുള്ള വസ്തുക്കൾ ചേർത്ത രീതിയിലും പ്രോട്ടീൻ പൗഡറുകൾ വിപണിയിൽ ലഭ്യമാണ് . ശരാശരി കിലോയ്ക്ക് 1000 രൂപയെങ്കിലും ഇവയ്ക്ക് വിലയുണ്ട് പലപ്പോഴും അതിന്റെ ഇരട്ടി വരെ വില ഈടാക്കാറുണ്ട് .

7 . ആശുപത്രിയിൽ നിന്ന് ചില രോഗികൾക്ക് പ്രോട്ടീൻ പൗഡർ പ്രിസ്ക്രൈബ് ചെയ്യുന്നത് കണ്ടു വരുന്നുണ്ടല്ലോ ? ഇത് എന്ത് ആവശ്യത്തിനാണ് ?

ചില രോഗങ്ങളിൽ നിന്ന് മുക്തി നേടുന്ന സമയത്ത് ശരീരത്തിന് സാമാന്യത്തിലധികം പ്രോട്ടീൻ പോലെയുള്ള നിർമ്മാണവസ്തുക്കളുടെ ആവശ്യം വരാം . രോഗികളുടെ ആരോഗ്യം പൊതുവേതന്നെ മോശമാണെങ്കിൽ ഇത്തരത്തിലുള്ള നിർമ്മാണ പ്രവർത്തനത്തിന് ആവശ്യമായ പ്രോട്ടീൻ ഭക്ഷണത്തിൽനിന്ന് കണ്ടെത്താൻ ശരീരത്തിന് സാധിച്ചു എന്നുവരില്ല . ഈ അവസരത്തിൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗികൾക്കും പൊള്ളലേറ്റ രോഗികൾക്കും മറ്റും കൂടിയ അളവിൽ ഭക്ഷണത്തിലൂടെ പ്രോട്ടീൻ ശരീരത്തിൽ എത്തിച്ചേർന്നാൽ രോഗത്തിൽ നിന്ന് പെട്ടെന്ന് മുക്തി നേടുന്നതിന് അതവരെ സഹായിക്കും . ഈ ആവശ്യത്തിന് ആശുപത്രികളിൽ നിന്ന് രോഗികൾക്ക് പ്രോട്ടീൻ പൗഡറുകൾ നിർദ്ദേശിക്കാറുണ്ട് . ഇവ ബോഡി ബിൽഡേഴ്സ് ഉപയോഗിക്കുന്ന രീതിയിലുള്ള ഉയർന്ന അളവിൽ പ്രോട്ടീനുള്ള പൗഡറുകളല്ല . പ്രോട്ടീന് പുറമേ മറ്റ് അവശ്യ മൂലകങ്ങളും കൂടി ചേർത്ത് പെട്ടെന്ന് ദഹിക്കുന്ന രീതിയിൽ ലഭ്യമായ ഇവ ഭക്ഷണത്തിന് പകരമായോ പൂരകമായോ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഉപയോഗിക്കാവുന്നതാണ് .

8 . പ്രോട്ടീൻ പൗഡറുകൾ കഴിച്ചാൽ കിഡ്നി അടിച്ചു പോകുമോ ?

ശരീരത്തിൽ അധികമുള്ള അമിനോ ആസിഡുകൾ വിഘടിപ്പിച്ച് ശേഷം വൃക്കകൾ വഴിയാണ് വിസർജിക്കുന്നത് എന്നു പറഞ്ഞല്ലോ . അതിനാൽ വൃക്കരോഗം ബാധിച്ച ആളുകളിൽ ഇത് വൃക്കയ്ക്ക് അധിക ആയാസം നൽകുകയും വൃക്കയുടെ പ്രവർത്തനം തകരാറിലാക്കുകയും ചെയ്യും . എന്നാൽ പൂർണ ആരോഗ്യവാൻമാരും പൂർണതോതിൽ വൃക്കയുടെ പ്രവർത്തനം ഉള്ളവരുമായ ആളുകളിൽ . പ്രോട്ടീൻ പൗഡർ കഴിക്കുന്നത് പൂർണമായും സുരക്ഷിതമാണ് എന്നാണു പഠനങ്ങൾ കാണിച്ചിരിക്കുന്നത് . കൃത്യമായ അളവു കണക്കാക്കി ഇടവിട്ട നേരങ്ങളിൽ പ്രോട്ടീൻ പൗഡർ കഴിക്കുന്നതിൽ കുഴപ്പമില്ല . എന്നാൽ പരിധിയിലധികം പ്രോട്ടീൻ പൗഡർ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് ബുദ്ധി .

ചുരുക്കിപ്പറഞ്ഞാൽ പേശികളുടെ വളർച്ചയ്ക്ക് അവശ്യം വേണ്ട അമിനോ ആസിഡുകൾ ഭക്ഷണത്തിൽനിന്ന് ലഭിക്കുന്നില്ലെങ്കിൽ അത് ശരീരത്തിൽ എത്തിക്കുകയാണ് പ്രോട്ടീൻ പൗഡറുകൾ ചെയ്യുന്നത് . അതുകൊണ്ടു തന്നെ വേണ്ടത്ര വ്യായാമം ചെയ്യാത്ത ആളുകൾ പ്രോട്ടീൻ പൗഡർ കഴിച്ചതുകൊണ്ട് യാതൊരു ഗുണവുമുണ്ടാകില്ല . കൃത്യമായ വ്യായാമവും അതിനനുസരിച്ചുള്ള പ്രോട്ടീൻ ഉപയോഗവുമാണ് വേണ്ടത് . പൂർണ ആരോഗ്യവാൻമാരിൽ പ്രോട്ടീൻ പൗഡർ സുരക്ഷിതമാണെങ്കിലും വൃക്ക രോഗമുള്ളവരോ വൃക്കകളുടെ പ്രവർത്തനം പൂർണ്ണ തൃപ്തികരമല്ലാത്ത ആളുകളോ ഇതുപയോഗിക്കുന്നത് സുരക്ഷിതമാകണം എന്നില്ല . വ്യായാമം ചെയ്യുന്ന സമയത്തും അല്ലാത്തപ്പോഴും ആവശ്യത്തിന് വെള്ളം കുടിക്കാനും പ്രോട്ടീൻ പൗഡർ ഉപയോഗിക്കുന്നവർ ഓർമിക്കണം .

അപ്പോൾ ഒരു മസിലു പെരുപ്പിച്ച സലാം !

ലേഖകർ
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ