· 9 മിനിറ്റ് വായന

മാനസിക പ്രഥമശുശ്രൂഷ

Current Affairsകോവിഡ്-19പകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യം

?Psychological first aid-മാനസിക പ്രഥമശുശ്രൂഷ?

ലോകം മുഴുവൻ വളരെ ബുദ്ധിമുട്ടേറിയ ഒരു സാഹചര്യത്തിൽ കൂടിയാണ് കടന്നുപോകുന്നത്. കൊറോണ ഓരോ വ്യക്തികളെയും അവരുടെ ജീവിതത്തെയും സമൂഹത്തെ മുഴുവനായും പലരീതിയിൽ ബാധിച്ചിട്ടുണ്ട്. ബുദ്ധിമുട്ടേറിയ ഇത്തരമൊരു സാഹചര്യത്തിൽ കൂടെ കൂടെ കടന്നു പോകുമ്പോൾ പലർക്കും കടുത്ത മാനസിക സംഘർഷം ഉണ്ടാവുക സ്വാഭാവികമാണ്. ഓരോരുത്തരുടെയും മാനസികാരോഗ്യസ്ഥിതി അനുസരിച്ച് ഇത്തരം അവസ്ഥയെ കൈകാര്യം ചെയ്യുന്നത് വ്യത്യസ്തമാണ്. കുറച്ചെങ്കിലും ആളുകൾക്ക് വളരെ പെട്ടെന്നുണ്ടാവുന്ന ഇത്തരം ദുരന്തങ്ങൾ മാനസികവും ശാരീരികവുമായ അസ്വസ്ഥതകൾ ഉണ്ടാക്കും.

അടുത്തബന്ധുക്കൾ രോഗം ബാധിച്ച മരിക്കുക, സ്വയം രോഗബാധ ഉണ്ടാവുക, ഒറ്റയ്ക്ക് ഐസൊലേഷനിൽ കഴിയേണ്ടി വരിക, വീട്ടിലും നാട്ടിലും എത്താൻ പറ്റാതെ ഒറ്റക്കാവുക, രോഗബാധയുടെ പേരിലുള്ള അവജ്ഞയും കളിയാക്കലും, ഇതൊക്കെ ഇവരുടെ മാനസിക വ്യഥയെ കൂട്ടുന്ന കാര്യങ്ങളാണ്.

ഇത്തരം ആളുകൾക്ക് ഒരു സഹായമാവണം എന്ന് നമ്മൾ എല്ലാവരും ആഗ്രഹിക്കാറുണ്ട്. എന്നാൽ പലപ്പോഴും എന്താണ് ചെയ്യേണ്ടതെന്ന്, എന്താണ് ഇവരോട് പറയേണ്ടതെന്ന് നമുക്കറിഞ്ഞുകൂടാ. ഒരു ആശ്വാസ വാക്കിനായി അവരും ആഗ്രഹിക്കുന്നുണ്ടാവും. ഇത്തരം സാഹചര്യങ്ങളിൽ വിദഗ്ധമായ പരിശീലനം ലഭിക്കാത്ത വ്യക്തികൾക്ക് വരെ അവരെ സഹായിക്കാൻ സാധിക്കും. അതിനു സഹായിക്കുന്ന മാർഗങ്ങളാണ് സൈക്കോളജിക്കൽ ഫസ്റ്റ് എയ്ഡ്.

⛑️എന്താണ് സൈക്കോളജിക്കൽ ഫസ്റ്റ്എയ്ഡ്(PFA)?

?പെട്ടെന്നുണ്ടാവുന്ന കഷ്ടത, മാനസിക ബുദ്ധിമുട്ട് ഇവയിലൂടെ കടന്നു പോകുന്ന വ്യക്തികൾക്ക്, ഉടൻ ആവശ്യമായ പിന്തുണയും സഹായവും നൽകുന്ന മാർഗ്ഗമാണ് സൈക്കോളജിക്കൽ ഫസ്റ്റ്എയ്ഡ്. ഇവരുടെ അടുത്തുള്ള ഏതൊരു വ്യക്തിക്കും ഇത്തരം സഹായം ചെയ്യാൻ സാധിക്കും.

?കൂടുതൽ വിദഗ്ധ സഹായം ആവശ്യമുള്ളവരെ കണ്ടെത്താനും അവർക്ക് അത് ഉറപ്പാക്കാനും ഇതുമൂലം കഴിയും.

⛑️സൈക്കോളജിക്കൽ ഫസ്റ്റ്എയ്ഡ് വഴി എന്തൊക്കെ സേവനങ്ങളാണ് നൽകുക ?

?ആവശ്യമായ കരുതലും പിന്തുണയും നൽകുക.

?അവരുടെ ആകുലതകളും ആവശ്യങ്ങളും തിരിച്ചറിയുക.

?അവരുടെ അടിസ്ഥാന ആവശ്യങ്ങൾ കണ്ടെത്താൻ സഹായിക്കുക.

?അവർക്ക് പറയാനുള്ള കാര്യങ്ങൾ കേൾക്കാൻ തയ്യാറാവുക.

?അവരെ ആശ്വസിപ്പിക്കുകയും, ശാന്തമാകാൻ സഹായിക്കുകയും ചെയ്യുക.

?തുടർ അപകടങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കുക.

?അവർക്ക് ആവശ്യമായ കൂടുതൽ സേവനങ്ങൾ സാമൂഹിക പിന്തുണ, ഇവ ഉറപ്പാക്കുക.

⛑️സൈക്കോളജിക്കൽ ഫസ്റ്റ്എയ്ഡ് ആരെ ഉദ്ദേശിച്ചുള്ളതാണ്?

?കടുത്ത ജീവിത പ്രതിസന്ധിയിലൂടെ കടന്നു പോയ വ്യക്തികളെ ഉദ്ദേശിച്ചുള്ളതാണ് PFA.

?എന്നാൽ ഇത്തരം അവസ്ഥയുടെ കടന്നു പോയ എല്ലാവർക്കും ആവശ്യമായി വരില്ല.

?അതുകൊണ്ട് എല്ലാവരെയും നിർബന്ധിക്കേണ്ട കാര്യമില്ല.മറിച്ച് അവർക്ക് സഹായം വേണമെന്നു തോന്നുമ്പോൾ അവിടെ ആയിരിക്കുക എന്നതാണ് പ്രധാനം.

?നമ്മുടെ സേവനം മറ്റ് അവശ്യ സേവനങ്ങൾക്ക് ഒരു തടസ്സമാകരുത്.

?ശാരീരികമായ മുറിവുകൾ ഉള്ളവർ, സ്വന്തം കാര്യം നോക്കാൻ സാധിക്കാത്തവർ, സ്വയം അപകടപ്പെടുത്താൻ സാധ്യതയുള്ളവർ, മറ്റുള്ളവരെ ഉപദ്രവിക്കാൻ സാധ്യതയുള്ളവർ ഇത്തരം ആളുകൾക്ക് കൂടുതൽ വിദഗ്ധ സേവനം ആണ് വേണ്ടത്.

⛑️സൈക്കോളജിക്കൽ ഫസ്റ്റ്എയ്ഡ് എപ്പോഴാണ് നൽകുന്നത്?

?പെട്ടെന്നുള്ള ജീവിത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വ്യക്തിക്ക് ഉടനെ നൽകുന്ന സേവനം ആണിത്.

?ചിലപ്പോഴെങ്കിലും ദിവസങ്ങൾ അല്ലെങ്കിൽ ആഴ്ചകൾക്കുശേഷം ബുദ്ധിമുട്ടുകൾ വ്യക്തികൾ കാണിക്കാറുണ്ട്.

?അവർക്കും ഈ സേവനം നൽകാവുന്നതാണ്.

⛑️മറ്റുള്ളവരെ സഹായിക്കാൻ ഇറങ്ങുന്നതിനു മുന്നേ അറിയേണ്ട 4 പ്രധാന കാര്യങ്ങളുണ്ട്.

?Safety (സുരക്ഷിതത്വം)

നമ്മൾ സഹായം നൽകുന്നവർക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാകുന്ന പ്രവർത്തികൾ നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാവാൻ പാടില്ല. ഇവർക്ക് വീണ്ടും ശാരീരികമൊ മാനസികമൊ ആയ മുറിവുകൾ ഉണ്ടാകുന്നില്ല എന്ന് ഉറപ്പാക്കണം.

?Dignity (ആത്മാഭിമാനം)

സഹായം നൽകുന്ന വ്യക്തിയുടെ ആത്മാഭിമാനം കാത്തുസൂക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്. അവരുടെ സാമൂഹികവും സാംസ്കാരികവുമായ പ്രത്യേകതകൾ കൃത്യമായി മനസ്സിലാക്കണം.

?Rights ( അവകാശങ്ങൾ)

സഹായം നൽകുന്ന വ്യക്തിയുടെ അവകാശങ്ങൾ കാത്തുസൂക്ഷിക്കണം. അവരുടെ താൽപര്യത്തിന് അനുസരിച്ച് വേണം നമ്മൾ പ്രവർത്തിക്കാൻ.

?Look after yourself

മറ്റുള്ളവരെ സഹായിക്കുന്നതിനുമുന്നേ നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കണം.

⛑️സൈക്കോളജിക്കൽ ഫസ്റ്റ്എയ്ഡ് നൽകുന്നതിനുള്ള മുന്നൊരുക്കങ്ങൾ എന്തൊക്കെയാണ്?

?ശരിയായ ആശയവിനിമയം

നമ്മൾ ഉദ്ദേശിക്കുന്ന കാര്യങ്ങൾ സഹായം തേടുന്ന വ്യക്തി കൃത്യമായി മനസ്സിലാക്കുക എന്നത് വളരെ പ്രധാനമാണ്. അതിന് ആശയവിനിമയത്തിനുള്ള പങ്ക് വളരെ വലുതാണ്. അതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

?സംസാരിക്കുവാൻ ശാന്തവും സുരക്ഷിതവും സ്വകാര്യവുമായ ഒരു സ്ഥലം കണ്ടെത്താൻ ശ്രമിക്കുക.

?സ്വകാര്യതയെ മാനിക്കുക, അവർ പങ്കുവയ്ക്കുന്ന വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുക.

?വ്യക്തിയോട് സംസാരിക്കുമ്പോൾ ആവശ്യത്തിന് പേഴ്സണൽ സ്പെയ്സ് നൽകുക.

?അവർക്ക് പറയാനുള്ളത് ശാന്തമായി കേൾക്കുക. കൂടെക്കൂടെ സംസാരത്തിനിടയിൽ കയറുന്നത് ഒഴിവാക്കാം.

?ശാന്തതയോടും ക്ഷമയോടും കൂടി അവരെ കേൾക്കുക.

?സത്യസന്ധവും കൃത്യവുമായ വിവരങ്ങൾ വേണം അവർക്ക് നൽകുവാൻ.

?അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ ലളിതമായി കാര്യങ്ങൾ വ്യക്തമാക്കുക.

?അവർക്കുണ്ടാകുന്ന വേദനയും നഷ്ടവും തിരിച്ചറിഞ്ഞ്, അവരോട് തന്മയീഭാവം കാണിക്കുക.

?ചില സമയത്ത് നിശബ്ദതയും ആളുകളെ സഹായിക്കാം.

?ശരിയായ മുന്നൊരുക്കങ്ങൾ

?മറ്റുള്ളവരെ സഹായിക്കാൻ തുടങ്ങും മുന്നേ, ഉണ്ടായ സംഭവത്തെ കുറിച്ച് കൃത്യമായ വിവരങ്ങൾ തേടുന്നത് ആവശ്യമാണ്.

?എന്താണ് അവർക്കുണ്ടായ പ്രതിസന്ധി എന്ന് കൃത്യമായി മനസ്സിലാക്കി വയ്ക്കുക.

?ഇവർക്ക് എന്തൊക്കെ സേവനങ്ങൾ നൽകാൻ പറ്റുമെന്ന് അറിഞ്ഞിരിക്കുക. ഇവ ലഭ്യമാക്കാനുള്ള വഴികളും മനസ്സിലാക്കി വയ്ക്കണം.

?നിലവിലുള്ള സുരക്ഷാമാനദണ്ഡങ്ങളെ കുറിച്ച് അറിവുണ്ടാകണം.

?തുടർ സേവനങ്ങൾക്ക് ആരൊക്കെ ബന്ധപ്പെടണം എന്നുള്ള കാര്യവും അറിഞ്ഞു വയ്ക്കണം.

⛑️എന്തൊക്കെയാണ് സൈക്കോളജിക്കൽ ഫസ്റ്റ് എയ്ഡിന്റെ components ?

പ്രധാനമായും മൂന്ന് ഘടകങ്ങൾ ആണ് ഉള്ളത്:
Look, Listen, Link

?Look (കാണുക)?

?A.സുരക്ഷ

▪️എന്തൊക്കെ അപകട സാധ്യതകൾ അവിടെയുണ്ട് എന്ന് ശ്രദ്ധിക്കണം.

▪️വ്യക്തിക്ക് അവടെ നിന്നാൽ കൂടുതൽ പ്രതിസന്ധി ഉണ്ടാകുമോ എന്നു നോക്കണം.

▪️ആ സാഹചര്യത്തിൽ സ്വന്തം സുരക്ഷ ഉറപ്പാക്കാൻ പറ്റുമോ എന്നും ശ്രദ്ധിക്കണം.

?B: അടിയന്തര സഹായം ആവശ്യമുള്ളവർ

▪️ഗുരുതരമായ പരിക്കേറ്റ വൈദ്യസഹായം വേണ്ടവരെ കണ്ടെത്തുക.

▪️പ്രതിസന്ധിയിൽ നിന്നും വേറെ ആരെയെങ്കിലും രക്ഷിക്കേണ്ടതുണ്ടോ എന്ന് നോക്കണം.

▪️ആർക്കൊക്കെയാണ് അടിസ്ഥാനപരമായ സേവനങ്ങൾ ആവശ്യമുള്ളത് എന്ന് കണ്ടെത്തണം.

▪️മോശം കാലാവസ്ഥ, അപകടകരമായ സാഹചര്യങ്ങൾ ഇവയിൽ നിന്ന് സംരക്ഷണം വേണ്ടവരെ പ്രത്യേകം കണ്ടെത്തണം.

▪️ഒപ്പം സഹായിക്കാൻ ആരൊക്കെയുണ്ട് എന്നും ശ്രദ്ധിക്കണം.

?C. കടുത്ത സംഘർഷാവസ്ഥയിലൂടെ കടന്നുപോകുന്നവരെ കണ്ടെത്തണം.

▪️തുടർച്ചയായി കരയുക, വിഷാദ അവസ്ഥയിൽ കാണുക, ഉത്കണ്ഠയും പേടിയും കാണിക്കുന്നവർ

▪️ഉറക്കക്കുറവ് ഉള്ളവർ, ഭീതിജനകമായ സ്വപ്നങ്ങൾ കാണുന്നവർ.

▪️പെട്ടെന്ന് ദേഷ്യപ്പെടുന്നവർ

▪️പെട്ടെന്ന് തന്നെ ആരോടും സംസാരിക്കാതെ ഇരിക്കുന്നവർ.

▪️സ്ഥലകാല ബോധം നഷ്ടപ്പെട്ടവർ

ഇവർക്ക് അടിയന്തര സഹായം വേണം.

?Listen( കേൾക്കുക)?

▪️സഹായം വേണ്ടവരെ അങ്ങോട്ട് സമീപിക്കുക. അവർക്ക് എന്ത് സഹായമാണ് വേണ്ടത് എന്ന് ചോദിക്കുക.

▪️ഓരോ ഘട്ടത്തിലും വ്യക്തിയുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കണം.

▪️കടുത്ത സംഘർഷാവസ്ഥ ഉള്ള ആളുകൾക്ക് , പിന്തുണയായി ആരെങ്കിലും ഉണ്ട് എന്ന് ഉറപ്പാക്കുക

▪️അവർക്ക് എന്താണ് ആവശ്യം എന്ന് ചോദിച്ചു മനസ്സിലാക്കുക. അതനുസരിച്ച് സേവനങ്ങൾ നൽകുക.

▪️അവരുടെ ആകുലതകൾ എന്താണെന്ന് മനസ്സിലാക്കുക. അതിനായി എന്ത് ചെയ്യാൻ കഴിയുമെന്ന് അവരോടു ചോദിക്കുക.

▪️ആളുകളുടെ ഒപ്പമായിരിക്കാൻ ശ്രമിക്കുക. അവരെ സംസാരിക്കാൻ നിർബന്ധിക്കേണ്ടതില്ല.

▪️എന്താണ് സംഭവിച്ചത് എന്ന് അങ്ങോട്ട് ചോദിച്ചു കൊണ്ടിരിക്കുന്നത് നല്ലതല്ല. അവർ അതിനെക്കുറിച്ച് പറയാൻ തയ്യാറാകുമ്പോൾ നമ്മൾ കേൾക്കുക.

▪️സംഘർഷാവസ്ഥയിൽ ഉള്ളവരെ ശാന്തമാകാൻ സഹായിക്കുക.

?Link( ബന്ധപ്പെടുത്തുക)?

▪️വ്യക്തികൾക്ക് ആവശ്യമായ അടിസ്ഥാന സേവനങ്ങളുമായി അവരെ ബന്ധിപ്പിക്കുക. ( പാർപ്പിടം, വസ്ത്രം, ഭക്ഷണം)

▪️അവരുടെ സംഘർഷാവസ്ഥയെ നേരിടാൻ പ്രാപ്തരാക്കുക. അതിനായി അവർക്ക് ആവശ്യമായ പിന്തുണ ഉണ്ടാക്കണം.

▪️അവരുടെ ബന്ധുക്കളെയും മറ്റും ആയി ബന്ധപ്പെടുന്നത് അഭികാമ്യമാണ്.

▪️സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള അവരുടെ കഴിവുകളെ തിരിച്ചറിയുക. അവയെ പ്രോത്സാഹിപ്പിക്കുക.

▪️ലഹരി ഉപയോഗം, ഉത്ക്കണ്ഠ തുടങ്ങിയ കാര്യങ്ങൾ കണ്ടെത്തി പരിഹരിക്കണം.

▪️ഉണ്ടായ സംഭവത്തെ കുറിച്ച് കൃത്യമായ വിവരണങ്ങൾ ആളുകൾക്ക് നൽകുക.

▪️അടുത്ത ബന്ധുക്കളുമായും, സേവനങ്ങൾ നൽകുന്ന സംവിധാനങ്ങളുമായും വ്യക്തിയെ ബന്ധപ്പെടുത്തുക.

▪️മാനസികമായ തുടർ സേവനം ആവശ്യമെങ്കിൽ അതിനുള്ള സംവിധാനം ഉണ്ടാക്കണം.

⛑️എപ്പോൾ നമ്മുടെ സേവനം അവസാനിപ്പിക്കാം ?

വ്യക്തിയുടെ സുരക്ഷാ ഉറപ്പാക്കുകയും, അടിസ്ഥാനപരമായ ആവശ്യങ്ങൾ ഒരുക്കുകയും, തുടർ സേവനങ്ങൾഏതൊക്കെയെന്ന് കണ്ടെത്തി ഇതിൽ അതിനുള്ള മാർഗങ്ങൾ ഒരുക്കുകയും ചെയ്തതിനു ശേഷം നമ്മുടെ സേവനം അവസാനിപ്പിക്കാം.

ഇങ്ങനെ ചെറിയ കാര്യങ്ങൾ ചെയ്യുന്നത് വഴി നമ്മുടെ ചുറ്റുമുള്ളവർക്ക് സഹായവും കരുതലും ആകാൻ നമുക്ക് സാധിക്കും.

♥️ഓർക്കുക

➡️ഏതൊരു സഹായത്തിന്റെയും അടിസ്ഥാനതത്വം “do no harm” എന്നതാണ്.

➡️പ്രഥമശുശ്രൂഷ എന്നത് ഒരു പൂർണ്ണചികിത്സയല്ല. അതുകൊണ്ടുതന്നെ തുടർ സേവനം ആവശ്യമുള്ളവർക്ക് അതു ഉറപ്പാക്കണം

അവലംബം: Psychological first aid guide- for field workers by WHO

ലേഖകർ
Medical doctor,psychiatry resident interested in public health. Areas of interest are public health, neuropsychiatry, addiction medicine and human evolution gender psychiatry and LGBTQ issues
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ