· 3 മിനിറ്റ് വായന

വ്യാജവൈദ്യന്മാരും മാജിക്കൽ റെമഡി വ്യാപാരികളും

Genericകിംവദന്തികൾ

കാൻസർ, പ്രമേഹം, ഹൈപ്പർടെൻഷൻ, ഇവ മൂന്നുമാണ് ഞങ്ങളുടെ ഹീറോസ്. 

യൂ സീ ദ ഐറണി ഡോണ്ട് യു. ഇത് മൂന്നും ചികിൽസയ്ക്ക് ഡോക്ടറുടെ മികവോടൊപ്പം രോഗിയുടെ സഹകരണം ആവശ്യമുള്ളതും കോമ്പ്ലിക്കേഷനുകൾ ഉടൻ (ഒന്നോ രണ്ടോ ദിവസം കൊണ്ട്) വരാത്തതുമാണ്…അതുകൊണ്ട് ചികിൽസിച്ച് പ്രശ്നങ്ങളുണ്ടായാൽ അത് നേരത്തെ ചെയ്ത മോഡേൺ മെഡിസിൻ ചികിൽസയുടെ പ്രശ്നമായും താൽക്കാലിക ശമനമോ അങ്ങനെയുള്ള തോന്നലോ മാജിക്കൽ റെമഡിയുടെ ഗുണഫലമായും വ്യാഖ്യാനിക്കപ്പെടും. ജനങ്ങളുടെ അജ്ഞത മുതലെടുക്കുന്ന അത്തരം ഒന്നാണ് ഇന്നത്തെ വിഷയം.

വൈറ്റമിൻ ബി 17 അഥവാ അമിഗ്ഡാലിൻ

കാൻസർ എന്താണ്? കാച്ചിലാണോ അതോ ചേനയാണോ ചേമ്പാണോ എന്ന് അറിയാൻ വയ്യാത്ത ഏതോ ഒരാൾ കയ്യിൽ കിട്ടിയ ഒരു ഇംഗ്ലീഷ് ഹോക്സ് അതേപടി മലയാളീകരിച്ച് കൂടുതുറന്ന് വിട്ട മെസ്സേജാണ് വിറ്റാമിൻ ബി 17 ന്റെ കുറവാണ് കാൻസറിനു കാരണമെന്നത്.. കൂടെ മരുന്ന് കമ്പനിയെന്ന് ചേർത്താൽ ഏത് മലയാളിയും തൊണ്ട തൊടാതെ വിഴുങ്ങിക്കോളുമല്ലോ.തുടക്കമിട്ട സെബിയുടെയും വഴിതെറ്റിക്കപ്പെട്ട ജിഷ്ണുവിന്റെയും അടക്കം ഒരുപാടുപേരുടെ ജീവനെടുത്ത ലക്ഷ്മി തരുവിന്റെയും മുള്ളാത്തയുടെയും ശേഷം ഇതാ അവൻ വരുന്നു. വൈറ്റമിൻ ബി 17.മുള്ളാത്തയുടെ പ്രശ്നം കാൻസറിനെ തടയില്ലയെന്നതും ആളുകൾ യഥാർഥ ചികിൽസയിൽ നിന്ന് അകലുന്നതുമൂലം കാൻസർ കീഴ്പ്പെടുത്തുന്നുവെന്നതും മാത്രമായിരുന്നു. പക്ഷേ ഇവൻ അതുക്കും മേലെ.

വ്യാജമരുന്ന് വില്പനയിലെയും ആൾട്ടർനേറ്റീവ് മെഡിസിനിലെ തട്ടിപ്പിന്റെയും ക്ലാസിക്കൽ ഉദാഹരണമായാണ് അമിഗ്ഡാലിനെക്കുറിച്ച് സേർച്ച് ചെയ്യുമ്പൊ വിക്കിപ്പീഡിയ നമുക്ക് പറഞ്ഞുതരുന്നത്.

പോസ്റ്റിൽ ആദ്യം പറഞ്ഞത് സ്കർവിയെക്കുറിച്ചായതുകൊണ്ട് നമുക്കും.സ്കർവിയെക്കുറിച്ച് പറഞ്ഞ് തുടങ്ങാം ആദ്യം. പോസ്റ്റുമുതലാളി പറഞ്ഞത് പോലെ മരുന്നുകമ്പനികൾ വന്ന ശേഷം കണ്ടെത്തിയ ഒരു രോഗമല്ല സ്കർവി. 13ആം നൂറ്റാണ്ടിൽ തൊട്ട് സ്കർവിയെക്കുറിച്ച് നമുക്കറിയാമായിരുന്നു. സമുദ്രത്തിൽ ദൂരയാത്ര നടത്തിയ നാവികരിലായിരുന്നു കൂടുതൽ കണ്ടിരുന്നത്. 1497ൽ വാസ്കോ ഡ ഗാമയുടെ നാവികർക്ക് സിട്രസ് ഫ്രൂട്ട്സ് (നാരങ്ങ പോലത്തെ) ഈ അസുഖം സുഖപ്പെടുത്തുമെന്ന് അറിവുള്ളതുമായിരുന്നു.സ്കർവിയുമായി ബന്ധപ്പെട്ട ആദ്യ ക്ലിനിക്കൽ ട്രയൽ നടന്നത് 1700കളിലാണ്. (ജയിംസ് ലിൻഡിന്റെ വക). മരുന്ന് കമ്പനിക്ക് മുന്നേ സ്കർവിയെക്കുറിച്ച് അറിയാമായിരുന്നെന്ന് വ്യക്തമായ സ്ഥിതിക്ക് അടുത്ത സ്റ്റെപ്പിലേക്ക്..

കാൻസറിനു കാരണങ്ങൾ എന്തൊക്കെയാണെന്ന് ശാസ്ത്രം വളരെ വ്യക്തമായി കണ്ടെത്തിയതാണ്. പൊതുവെയുള്ള തെറ്റിദ്ധാരണ പോലെ ” കീടനാശിനി പ്രയോഗിച്ച പച്ചക്കറി ” മാത്രമല്ല കാൻസർ ഉണ്ടാക്കുന്നത്.ജനിതകപരമായ കാരണങ്ങൾ മുതൽ റേഡിയേഷൻ, പുകയിലയും പുകയിലയുല്പന്നങ്ങളും,ചില വൈറസുകൾ എന്നിങ്ങനെ ഒരുപിടി കാരണങ്ങളുണ്ട്. അതായത് വൈറ്റമിൻ ബി 17 ന്റെ അഭാവം കൊണ്ട് ഉണ്ടാകുന്ന ഒരു ” ഡെഫിഷ്യൻസി ഡിസീസ് ” അല്ല കാൻസർ.

ഇനി വൈറ്റമിൻ ബി 17 നെക്കുറിച്ച് അല്പം. അമിഗ്ഡാലിൻ അല്ലെങ്കിൽ laetrile എന്ന വിഷവസ്തുവിന്റെ കള്ളപ്പേരാണ് (മിസ്നോമർ) വൈറ്റമിൻ ബി 17. ഇതിന് ബി കോമ്പ്ലക്സ് വൈറ്റമിനുകളുമായി ബന്ധമൊന്നുമില്ല.

നാച്ചുറൽ റെമഡിക്കാർ സാധാരണ പറയാറുള്ള ചില വാദങ്ങളാണ് കീമോ തെറാപ്പിയുടെ സൈഡ് എഫക്റ്റുകൾ ഇല്ലാത്തത് എന്നും അമേരിക്കയിൽ ഉപയോഗിക്കുന്നു എന്നും എഫക്റ്റ് തെളിയിച്ചതാണെന്നും മറ്റും. എന്നാൽ

1) അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അമിഗ്ഡാലിനെ ബാൻ ചെയ്തിട്ടുണ്ട്. calling it a “highly toxic product that has not shown any effect on treating cancer.” 2004ൽ ഇതിനെ അമേരിക്കയിൽ പ്രൊമോട്ട് ചെയ്ത Jason Vale എന്ന റസ്ലിങ്ങ് ചാമ്പ്യൻ ബി 17 എന്ന “വ്യാജമരുന്ന്” വിൽപ്പനയിൽ 5 ലക്ഷത്തോളം യു.എസ് ഡോളർ ലാഭം നേടിയതിന് ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. (http://www.fda.gov/…/…/PressAnnouncements/2004/ucm108314.htm).

2) സൈഡ് എഫക്റ്റിന്റെ ഘോഷയാത്ര ആണെങ്കിലും ഏറ്റവും മികച്ച ഒന്നുരണ്ടെണ്ണം അവതരിപ്പിക്കട്ടെ. വായിലൂടെ കഴിക്കുന്ന അമിഗ്ഡാലിനെ വയറ്റിലെ ബാക്ടീരിയകളുടെ പ്രവർത്തനഫലമായി ” സയനൈഡ് ” ആക്കി മാറ്റൂന്നതിനാൽ സയനൈഡ് വിഷബാധ രോഗിക്കുണ്ടാകാം (http://aop.sagepub.com/content/39/9/1566.short).നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനങ്ങളിൽ അമിഗ്ഡാലിൻ കൊണ്ട് മൃഗങ്ങളിൽ ചെറീയ ഫലങ്ങളുണ്ടാകുമെന്നും മനുഷ്യരിൽ കാര്യമായ ഗുണമൊന്നുമുണ്ടാകില്ല എന്നും മാത്രമല്ല കരളിനു തകരാർ തൊട്ട് മരണം വരെ സംഭവിക്കാമെന്നും തെളിഞ്ഞതാണ് (https://www.cancer.gov/about-cancer/treatment/…/laetrile-pdq)

3) ഇതുകൊണ്ട് പ്രത്യേകിച്ച് ഉപകാരമൊന്നുമില്ല (സ്റ്റാറ്റസ്റ്റിക്കലി സിഗ്നിഫിക്കന്റ്) എന്ന് വ്യക്തമാക്കുന്ന മറ്റു പഠനങ്ങൾ ഉണ്ടായിട്ടുണ്ട്.(http://www.nejm.org/doi/pdf/10.1056/NEJM198201283060403)അവയിൽ സൂക്ഷ്മനിരീക്ഷണത്തിനു വിധേയമാക്കപ്പെട്ട രോഗികളിൽ സയനൈഡിന്റെ അളവ് രക്തത്തിൽ ക്രമാതീതമായി (മരണകാരകമാകാവുന്ന അളവോളം) ഉയർന്നതായും പഠനങ്ങളുണ്ട്. ഇത് ഉള്ള പഴങ്ങൾ (ആപ്പിൾ തൊട്ട് ആപ്രിക്കോട്ട് വരെ ഉള്ളവയുടെ കുരു) കഴിക്കുമ്പോൾ നമുക്ക് പ്രശ്നങ്ങളുണ്ടാകാത്തത് അവയിലെ അളവ് വളരെ ചുരുങ്ങിയതായതുകൊണ്ടാണ്

ചുരുങ്ങിയ സമയത്തിനുള്ളിൽ മണ്ടത്തരം മാത്രമല്ല ഒരു പൊട്ടൻഷ്യൽ പോയിസൺ കൂടിയായ ഇതിനെ പ്രൊമോട്ട് ചെയ്തത് കണ്ടവരുടെ എണ്ണം 3 ലക്ഷത്തിനു മേൽ വരുമെന്ന് (900 ഷെയറുണ്ടായിരുന്ന പോസ്റ്റിന്റെ റീച്ച് 1.6 ലക്ഷമായിരുന്നു) മനസിലാക്കുമ്പൊ അപകടത്തിന്റെ ആഴം വെളിവാകുന്നു… രണ്ട് രീതിയിലാണു കൊലപാതകം.ഒന്ന് യഥാർഥ ചികിൽസ നിഷേധിച്ച്. രണ്ട് മരുന്നെന്ന പേരിൽ വിഷം നൽകി.

പ്രകൃതിവിരുദ്ധർ (സോറി, പ്രാകൃതചികിൽസകർ)….സാമൂഹ്യവിപത്തുകൾ…ഹോ!

ലേഖകർ

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ