· 8 മിനിറ്റ് വായന
കോവിഡ് വിവാദങ്ങളിലൂടെ ഒരു ഓട്ടപ്രദക്ഷിണം
കടുക് മണിക്ക് ഒരു കൂടുണ്ട്
ആ കൂടിനകത്ത് ഒരു കരടുണ്ട്…
ഈയടുത്ത് ഒരു സിനിമയിൽ ഹിറ്റായ ഒരു കടങ്കഥ ഇത്തിരി മാറ്റിയതാണ്.
വൈറസ് എന്നുത്തരം പറഞ്ഞാൽ വലിയ തെറ്റു പറയാനാവില്ല.
അടിസ്ഥാന ജീവവസ്തുവായ ന്യൂക്ലിക് ആസിഡ് കരട് പോലെ നാരുകളായി (DNA അല്ലേൽ RNA) ഒരു പ്രോട്ടീൻ (ചിലപ്പോൾ കൊഴുപ്പും) പൊതിയിൽ പൊതിഞ്ഞ ഇത്തിരി കുഞ്ഞന്മാരാണ് വൈറസുകൾ . കൂടും കരടും പിടികിട്ടിയല്ലോ..!
ജീവാംശമായ് ഉള്ളിൽ ‘ കിടക്കുന്ന ന്യൂക്ലിക് ആസിഡിനെ ഇഴകീറി (ആലങ്കാരികമാണ്,) പരിശോധിച്ച് കൃത്യമായ രാസഘടന നിർണയിക്കുന്നത് ‘യെവൻ ആരാണ്, യെവൻ എവുടന്ന് വരുന്നു, യെവൻ്റെ ഗുട്ടൻസ് എന്താണ് എന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ പ്രധാനമാണ്. രോഗനിർണയ സങ്കേതങ്ങളും പ്രതിരോധ -ചികിത്സാ മരുന്നുകളും വികസിപ്പിക്കുവാൻ ഈ അറിവ് കൂടിയേ തീരൂ..
എഴുതാനുദ്ദേശിച്ചത് കോവിഡ് എന്ന ഇത്തിരിക്കുഞ്ഞൻ ക്ഷുദ്രജീവിയുടെ അപഹാരകാലം തുടങ്ങിയ ശേഷം ഉണ്ടായ വിവാദങ്ങളെക്കുറിച്ചും ശാസ്ത്രലോകത്ത് ഉണ്ടായ മലക്കംമറിച്ചിലുകളെക്കുറിച്ചും തർക്കകോലാഹലങ്ങളെക്കുറിച്ചുമാണ്. ഇത്തിരി കാട് കയറി. തിരിച്ചിറങ്ങിയിട്ട് തുടരാം..
ഈ വിവാദങ്ങളിലൂടെ കടന്നു പോയാൽ ഏതാണ്ട് ഈ രോഗ പകർച്ചയെ കുറിച്ചുള്ള അവബോധം പരിണമിച്ച നാൾവഴികളിലൂടെ പോകുവാനും സാധിക്കും.


എന്നാൽ ആദ്യമേ പറഞ്ഞതു പോലുള്ള ജനിതകഘടന പഠനങ്ങൾ ഏറെക്കുറെ വവ്വാലുകളിലെ കൊറോണ വൈറസുകളോട് ഏറെക്കുറെ സമാനമായ ,സ്വാഭാവിക പരിണാമത്തിലൂടെ രൂപം കൊണ്ട വൈറസ് തന്നെയാണ് കോവിഡ് എന്ന നിഗമനത്തിലാണ് എത്തിയത് . വവ്വാലുകളിൽ നിന്നു ഇത് മനുഷ്യനിലേക്ക് എത്തിയ ‘റൂട്ട് മാപ്പിൽ ‘ പക്ഷെ അവ്യക്തതതയുണ്ട്.
ഈനാംപേച്ചിയും മരപ്പട്ടിയുമെല്ലാം (ശൈലിയൊപ്പിച്ച് പറഞ്ഞതല്ല.! ) ഇടനിലക്കാരായി പകർച്ചയിൽ വർത്തിച്ചിരിക്കാം എന്ന് പഠനങ്ങളുണ്ട്. വൈറസ് മനുഷ്യനിർമ്മിതമല്ല എന്ന് അവയെല്ലാം ഏറെക്കുറെ ഒരേ പോലെ പറയുന്നു. മറിച്ചുള്ള അവകാശവാദങ്ങളും ആരോപണങ്ങളും ഇപ്പോഴും ഉന്നയിക്കപ്പെടുന്നുണ്ട്.
.


ഇതിൻ്റെ ശാസ്ത്രം ഇന്ന് ഏതാണ്ട് വ്യക്തമാണ്. പ്രകടമായ രോഗലക്ഷണങ്ങളില്ലാതെ കോവിഡ് രോഗബാധയുണ്ടാകാം. ( 5 % മുതൽ 40% വരെ ഇങ്ങനെയാണ് എന്ന് പഠനങ്ങൾ പറയുന്നു.). ഇവരാണ് മിക്കവാറും രോഗങ്ങൾ പരത്തുന്നത് എന്ന തരം പഠനങ്ങൾ വന്നതിൻ്റെ ചർച്ചയുടെ പശ്ചാത്തലത്തിലായിരുന്നു ഈ പ്രസ്താവന. അങ്ങനെ വരുമ്പോൾ കോണ്ടാക്റ്റ് ട്രെയ്സിങ്ങ് അടക്കമുള്ള നമ്മൾ സ്വീകരിക്കുന്ന നടപടികളുടെ ഗുണഫലം സംശയത്തിലാകുന്ന അവസ്ഥയുണ്ടാകും .
രോഗലക്ഷണങ്ങൾ പ്രകടമാക്കാത്തവർക്ക് രോഗം പകർത്താൻ കഴിയുമെന്ന് തന്നെയാണ് തെളിവുകൾ സൂചിപ്പിക്കുന്നത്. അവരും മാസ്കുകൾ ധരിക്കുക തന്നെ വേണം. രോഗലക്ഷണങ്ങളുള്ളവരെ അപേക്ഷിച്ച് സാധ്യത കുറവാണെന്ന് മാത്രം . ആ വാചകത്തിലും ഒരപകടമുണ്ട്. ലക്ഷണങ്ങളുടെ തീവ്രത കുറവാണെങ്കിൽ നാമത് അവഗണിച്ചെന്ന് വരാം. ഇവരിൽ പലർക്കും പിന്നീട് ലക്ഷണങ്ങൾ കണ്ടുവെന്നും വരാം . ഉദാഹരണത്തിന് Asymptomatic spread ന് ആദ്യ ഉദാഹരണമായി പഠനത്തിൽ ചൂണ്ടി കാണിക്കപ്പെട്ട വ്യക്തിക്ക് വിമാനത്തിൽ യാത്ര ചെയ്തതിൻ്റെ ജെറ്റ് – ലാഗ് എന്ന് അവർ വിശ്വസിക്കുന്ന ലക്ഷണങ്ങളുണ്ടായിരുന്നു. അത് ഒരു പക്ഷേ പൂർവ്വലക്ഷണമാകാം (Prodrome). അപ്പോൾ ‘അലക്ഷണികർ, അൽപ്പലക്ഷണികർ, പൂർവ്വലക്ഷണികർ ‘ (ഭാഷ ഇത്തിരി വിലക്ഷണമായാൽ മാപ്പ്… ) എല്ലാവർക്കും രോഗം പരത്താൻ കഴിയും എന്ന ധാരണയിൽ തന്നെ നിത്യജീവിതത്തിൽ പെരുമാറുക എന്നത് തന്നെ ഉചിതം.


നേരിട്ട് പകരുക, സ്രവ കണികളിലൂടെ പകരുക, വായുവിലലയുന്ന കണങ്ങളിലൂടെ പകരുക.
ഒരു വ്യക്തി ജീവനുള്ള വൈറസുള്ള ഒരു വസ്തുവിൽ തൊടുന്നതിലൂടെ രോഗബാധിതനാകുന്നതാണ് നേരിട്ടുള്ള പകർച്ച .സംസാരിക്കുമ്പോഴും ചുമക്കുമ്പോഴും പുറത്ത് കടക്കുന്ന അല്ലെങ്കിൽ തെറിക്കുന്ന തുപ്പൽ , കഫം എന്നിവയിലൊക്കെയുള്ള സ്രവ കണികൾ വഴി മറ്റൊരാളിലേക്ക് പരക്കുന്നത് രണ്ടാമത്തേത്. ഈ രണ്ട് രീതിയിലെ പകർച്ചയെക്കുറിച്ച് സംശയമാർക്കുമില്ല.
പിന്നെന്താണ് മൂന്നാമത്തേത്.
‘വാ വിട്ട തുപ്പലും കഫവും തിരിച്ചെടുക്കാനാവില്ല’ എന്ന ഡയലോഗ് ഒരു സിനിമയിലുമില്ല . എന്നാലും അവയ്ക്കെന്തു സംഭവിക്കും.?
വലിയ സ്രവകണികകൾ അധികം വായുവിലലയാതെ നിലംപതിക്കും . എന്നാൽ ചെറിയ കണികകളും വായുവിൽ വെച്ച് ചുരുങ്ങി ചെറുതാവുന്ന വലിയ കണികകളും കണതരികളായി (droplet nuclei) നിലത്തടിയാതെ എയറോസോളായി വായുവിൽ മണിക്കൂറുകളോളം പറക്കുന്നു, ഏറെ ദൂരം പരക്കുന്നു.
ഇത്തരം എയറോസോളുകൾക്ക് ശ്വസനത്തിലൂടെ പ്രവേശിക്കുവാൻ എളുപ്പമാണ്. അവയിൽ ജീവനുള്ള വൈറസുകളുണ്ടെങ്കിൽ രോഗം പടരുകയും ചെയ്യാം. ഈ രീതിയിലുള്ള പകർച്ച പ്രധാനമാണെങ്കിൽ ആരാധനാലയങ്ങളും സ്കൂളുകളും തുറക്കുന്ന തീരുമാനത്തെ അത് സ്വാധീനിക്കും.
ഈ രീതിയിൽ വായുവിലൂടെ പരക്കുന്നതിൻ്റെ പ്രാധാന്യവും തോതും മറ്റൊരു തർക്ക വിഷയമായി. ഇതാണ് ഏറ്റവും പ്രധാന പകർച്ച രീതി എന്ന ഒരു പഠനം ചർച്ചയും വിവാദവുമായി . എത്ര നേരം വൈറസ് ജീവനോടെ വായുവിൽ അലയും എന്നതാണ് ഇതിൽ പ്രധാനം. നാല് മണിക്കൂർ മുതൽ പതിനാറു മണിക്കൂർ വരെ വൈറസ് വായുവിൽ ജീവനോടെ ഇരിക്കുമെന്ന് പല പഠനങ്ങൾ പല കണക്ക് പറഞ്ഞു. അവയിൽ മിക്കതും അന്തരീക്ഷത്തിലെ ചൂട്, സൂര്യപ്രകാശം , വായുമലിനീകരണം, വായുവിലെ ഈർപ്പം തുടങ്ങിയവ കണക്കിലെടുക്കാതെ ലാബ് സെറ്റിങ്ങുകളാൽ നടത്തിയവയാണ്. തുറന്ന സ്ഥലങ്ങളിൽ വായുവിലെ വൈറസ് പെട്ടെന്ന് നിർവീര്യമാകുമെന്നും അടഞ്ഞ മുറികളിൽ ഇവ പ്രധാനമാണെന്നും ഏറെക്കുറെ തീരുമാനമായിട്ടുണ്ട്. പലയിടങ്ങളിൽ പള്ളികളിലെ കൊയർ സംഘങ്ങളിലുണ്ടായ രോഗ പകർച്ച പോലുള്ള കേസുകൾ ഇത് ശരി വെക്കുന്നു.ഉറക്കെ പാടിയ ഒരാൾ 52 പേർക്ക് രോഗം പകർത്തി എന്നൊക്കെ റിപ്പോർട്ട് വന്നു.
ങ്ങള് തെറിച്ച തുപ്പലിൻ്റെ ഫിസിക്സും കണക്കും കുറെ പറഞ്ഞല്ലോ. അയ്ന് മ്മളെന്താ ചെയ്യണ്ടത് എന്നല്ലേ; മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവ കൂടാതെ അടഞ്ഞ സ്ഥലങ്ങളിൽ വായു തളം കെട്ടി നിൽക്കാതെ നല്ല വായു സഞ്ചാരം ഉറപ്പു വരുത്തുക എന്നതാണ് ഇതിൽ ചെയ്യണ്ടത്. കെട്ടികിടന്ന വായു തന്നെ വീണ്ടും വീണ്ടും സർക്കുലേറ്റ് ചെയ്യുന്ന സ്ഥിതി ഒഴിവാക്കുക. ചെറിയ , അടഞ്ഞ ഇടങ്ങളിൽ ആളുകൂടി, ഉറക്കെ സംസാരിക്കുകയും മറ്റും ചെയ്യുന്ന അവസ്ഥ തീർത്തും ഒഴിവാക്കുക.


ഇന്ന് ഇതിൽ ശാസ്ത്രത്തിൻ്റേതായി വിവാദമൊന്നുമില്ല. മാസ്ക് പൗരാവകാശലംഘനമാണെന്നും വ്യക്തി സ്വാതന്ത്രത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും അമേരിക്കയിലൊക്കെ ചില ബടുക്കൂസന്മാര് പറയുന്നതൊഴിച്ചാൽ ഇതിൽ ആശയക്കുഴപ്പങ്ങളുമില്ല.


എന്നാൽ ഒരു നിശ്ചിത കമ്മ്യൂണിറ്റിയിലെ വലിയൊരു വിഭാഗം ആളുകൾ രോഗപ്രതിരോധശേഷി ആർജജിച്ചവരോ അണുബാധയെ പ്രതിരോധിക്കുന്നവരോ ആയി കഴിഞ്ഞാലേ ദ്രുതഗതിയിലുള്ള വ്യാപനം മന്ദഗതിയിലാക്കാൻ അത് പര്യാപ്തമാകൂ എന്നാണ് പൊതുവെ കരുതപ്പെടുന്നത്. ബ്രസീൽ, ഇക്വഡോർ, മറ്റ് ചില ഉഷ്ണമേഖലാ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നടക്കുന്ന കോവിഡ്-19 ന്റെ ദ്രുതഗതിയിലുള്ള വ്യാപനത്തിൽ നിന്നും ഇത് വ്യക്തമാണ്.


ഉദാഹരണത്തിന്, ഒരു ജനസംഖ്യയുടെ എൺപത് ശതമാനം വൈറസ് ബാധയ്ക്കു പ്രതിരോധം നേടിക്കഴിഞ്ഞാൽ , രോഗം ബാധിച്ച ഒരാൾ ഇടപഴകുന്ന ഓരോ അഞ്ച് പേരിൽ നാലുപേർക്കും അസുഖം വരില്ല . രോഗം പടരാത്ത അവസ്ഥ വന്നാൽ പകർച്ചവ്യാധികളുടെ വ്യാപനം നിയന്ത്രണത്തിലാകും . ഒരു അണുബാധയുടെ സംക്രമണശേഷി ആശ്രയിച്ച്, സാധാരണ ഗതിയിൽ ജനസംഖ്യയുടെ 70% മുതൽ 90% വരെ പ്രതിരോധശേഷി നേടുന്നത് ഇതിന് ആവശ്യമാണ്. ജനസംഖ്യയുടെ വലിയൊരു വിഭാഗം രോഗബാധിതരാകുകയോ അവർക്കു വാക്സിൻ വഴി സംരക്ഷ ലഭിക്കുകയോ ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുക..
തുടക്കത്തിൽ ചില രാജ്യങ്ങൾ ആളുകൾക്ക് സ്വാഭാവികമായ രോഗബാധയുണ്ടായി അത് വഴി സമൂഹം പ്രതിരോധശേഷി ആർജിക്കുമെന്ന ആശയത്തിൽ നിലകൊണ്ട് നടപടികൾ കൈക്കൊണ്ടു. പൂർണ്ണമായ ലോക്ക് ഡൗണുകളും കാര്യമായ നിയന്ത്രണങ്ങളും അവർ സ്വീകരിച്ചില്ല.
അടച്ചിടൽ വാദികളും തുറന്നിടൽ വാദികളും ചേരി തിരിഞ്ഞു വാഗ്വാദം വന്നു. മരണനിരക്ക് കുറവായ ഒരു രോഗത്തിന് ഇത്രയും കണിശമായ ബന്ധനാവസ്ഥ വേണ്ടെന്ന് വാദം വന്നു, മറുവാദങ്ങളും.
എന്നാൽ ഹെർഡ് ഇമ്യൂണിറ്റി നേടിയെടുക്കാൻ തുറന്നിടുക എന്ന ആശയത്തിലെ വിപത്തുകൾ അത് സ്വീകരിച്ച രാജ്യങ്ങളിൽ പതിയെ തെളിഞ്ഞു. സമൂഹത്തിൽ വളരെയധികം വ്യാപിക്കുന്ന ഒരു രോഗത്തിന് ‘ വരുമോരോ ദിശ വന്ന പോലെ പോം’ രീതി അവലംബിച്ചാൽ ഹെർഡ് ഇമ്മ്യൂണിറ്റി നേടുമ്പോഴേക്കും ഒരു പാട് പേർ മരണപ്പെടും എന്ന ശങ്ക ഉയർന്നു. കേസുകൾ കുതിച്ചുയർന്നാൽ ആശുപത്രി സൗകര്യങ്ങൾ തികയാതെ, ചികിൽസയും ശ്രദ്ധയും ലഭിക്കാതെ ജനം വലയും. . വലയുമെന്നല്ല തുലയുമെന്ന് തന്നെ വന്നേക്കാം. മൂന്നാമത് കോവിഡ് വൈറസിൻ്റെ ഉള്ളിലിരുപ്പും കൈയ്യിലിരുപ്പും പൂർണമായി തിരിഞ്ഞിട്ടില്ല. ഒരിക്കൽ വന്നവർക്ക് എത്ര മാത്രം പ്രതിരോധശേഷിയുണ്ടാകുമെന്നും പിന്നീട് വീണ്ടും വന്ന് കൂടെ എന്നും ചോദ്യം ശേഷിക്കുകയും ചെയ്യുന്നു.


സാമൂഹിക അകലം ഉറപ്പ് വരുത്തുക ആൾക്കൂട്ടങ്ങൾ നിയന്ത്രിക്കുക, ഇടുങ്ങിയ വായു സഞ്ചാരം കുറഞ്ഞ ഇടങ്ങളിലെ ഒരു പാട് പേർ പെരുമാറുന്ന അവസ്ഥ ഒഴിവാക്കുക എന്നതിനൊപ്പം നിലവിലുള്ള കേസുകളുടെ കോൺടാക്റ്റുകൾ കണ്ടെത്തുക, യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക, ക്വാറൻ്റെൻ, ഐസോലേഷൻ തുടങ്ങിയ മുകളിൽ നിന്ന് താഴേക്ക് എത്തേണ്ട മുറകൾ ഇപ്പോഴും വളരെ പ്രധാനമാണ്.
സുരക്ഷിതമായ അകലപാലനത്തെ പറ്റിയും ശുചിത്വത്തെക്കുറിച്ചും പൊതുജനങ്ങളെ ബോധവത്കരിക്കുക, അണുനാശിനി, ഹാൻഡ് സാനിറ്റൈസർ പോലുള്ളവയുടെ ലഭ്യതയും ഉപയോഗവും ഉറപ്പു വരുത്തുക എന്നതോടൊപ്പം സുരക്ഷിതമായി ജോലി ചെയ്ത് ജീവിതം വഴിമുട്ടാതെ നോക്കുവാൻ ജനങ്ങളെ സഹായിക്കുക എന്നതിലേക്കാണ് സ്വാഭാവികമായി കാര്യങ്ങൾ വന്നെത്തുന്നത്. ഭക്ഷണം, അവശ്യവസ്തുക്കൾ എന്നിവയുടെ ലഭ്യത സാമ്പത്തികമായി താഴ്ന്നു നിൽക്കുന്നവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ഉറപ്പുവരുത്തുക, ആവശ്യമുള്ളപ്പോൾ ചികിത്സാ സേവനങ്ങളിലേക്കുള്ള പ്രവേശനം ഉറപ്പാക്കുക എന്നിവ നിർണ്ണായകമാണ് .
ഇനിയും വിവാദങ്ങളുണ്ട്.
മസില് പെരുപ്പിച്ചും കണ്ണുരുട്ടിയും ”ഈ ഹൈഡ്രോക്സി ക്ലോറോക്വിൻ എനിക്ക് വേണം, ഞാനതിങ്ങ് എടുക്കുവാണ്. ” എന്ന മട്ടിൽ ഡയലോഗ് വിട്ട ട്രംപ് തീർത്ത രാഷ്ട്രീയ വിവാദത്തിൽ മുങ്ങിയ ഈ മരുന്നിൻ്റെ ഫലശ്രുതിയെക്കുറിച്ചും അപായങ്ങളെക്കുറിച്ചുമുള്ള വിവാദങ്ങൾ , വാക്സിൻ വിവാദങ്ങൾ പോലുള്ളവ ഇനിയുമുണ്ട്. എല്ലാം വിസ്തരിക്കാതെ പൊതുചർച്ചകളിലും വാർത്തകളിലും ഇടം പിടിച്ചത് മാത്രം ഇത്തിരി പരത്തി പറഞ്ഞെന്ന് മാത്രം. ബാക്കിയുള്ളത് വഴിയേ പറയാം.
ചോദ്യം -ദെന്ത് ശാസ്ത്രാപ്പാ.. ങ്ങ്ൾടെ ശാസ്ത്രം..
(എനിക്ക് മാത്രമായി ശാസ്ത്രമൊന്നുമില്ല! )
എത്ര മാത്രം മലക്കം മറച്ചിലും കലങ്ങി തെളിയലും പോർ വിളിയുമാണ് ഇതിനിടെ ഉണ്ടായത്. ഇന്ന് പറഞ്ഞത് നാളെ മാറ്റിപ്പറയും. ഇത് ആളുകളിൽ സംശയവും നിസ്സംഗതയും ആശയക്കുഴപ്പവും ഉണ്ടാക്കില്ലേ . ഉണ്ടാക്കും എന്നതാണ് സത്യം !
പക്ഷേ താരതമ്യേന പുതിയ ഒരു വൈറസ് ഉണ്ടാക്കുന്ന ഒരു രോഗത്തെക്കുറിച്ച് ധാരാളം പഠനങ്ങൾ നടക്കുന്നു. അവയിൽ നിന്ന് ആർജിക്കുന്ന നിഗമനങ്ങൾക്കനുസരിച്ച് പരിണമിച്ച് ധാരണകളിലെത്തുക എന്നതല്ലാതെ മറ്റു മാർഗങ്ങളില്ല – ദിങ്ങനെ തന്നാണ് ശാസ്ത്രം.
ഏറ്റവും പ്രധാനമായ ഒരു കാര്യം ജനങ്ങളോട് എന്ത് ചെയ്യണം ചെയ്യരുത് എന്ന് പറയേണ്ടത് ശാസ്ത്രമല്ല എന്നതാണ്. മരണസാധ്യതയും ജീവിതനിലവാരവും തമ്മിലും, ആരോഗ്യ ക്ലേശവും സാമ്പത്തിക തകർച്ചയും തമ്മിലും സമതുലനം ചെയ്ത് തീരുമാനങ്ങളെടുക്കുന്ന ശക്തിയും അധികാരവും ശാസ്ത്രത്തിൻ്റേതുമല്ല.
This article is shared under CC-BY-SA 4.0 license.