പേ വിഷബാധ – പ്രതിരോധം എങ്ങനെ?
പട്ടികടിച്ചു ആരെങ്കിലും ഒപിയിൽ വരുമ്പോൾ ഞാൻ എന്നും ഓർക്കുന്ന ഒരു സംഭവം ഉണ്ട്. കോട്ടയം മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗത്തിൽ ലെക്ച്ചറര്‍ ആയി ജോലിചെയ്യുന്ന സമയത്തു നടന്ന കാര്യമാണ്. ഒരു ദിവസം രാവിലെ അത്യാഹിത വിഭാഗത്തിൽ ഇരിക്കുമ്പോഴാണ് 25 വയസുള്ള ഒരു യുവാവിനെ അച്ഛനും കൂട്ടുകാരനും ചേർന്ന് കൊണ്ടുവരുന്നത്. എറണാകുളത്തെ ഒരു സർക്കാർ ആശുപത്രിയിൽ രണ്ടുദിവസമായി പനിയും ക്ഷീണവും വിശപ്പില്ലായ്മയും ഒക്കെ ആയി കിടപ്പായിരുന്നു. രക്ത പരിശോധനയിൽ പ്രത്യേകിച്ച് കുഴപ്പങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. പെട്ടന്ന് ഇന്നലെ രാത്രി തൊട്ട് ഒരു പേടിയും വെപ്രാളവും സ്വഭാവത്തിൽ ചെറിയ മാറ്റങ്ങളും ഒക്കെ. അപ്പോൾ അവിടുത്തെ ഡോക്ടറാണ് മെഡിക്കല്‍ കോളേജില്‍ പോയി കാണിക്കണമെന്ന് പറഞ്ഞത്, തലച്ചോറിൽ അണുബാധ ഉണ്ടായതായി അവർക്കു സംശയം ഉണ്ടന്നും സ്കാനിങ്ങും മറ്റും വേണ്ടി വരുമെന്നും പറഞ്ഞു – അച്ഛൻ രോഗവിവരങ്ങൾ പറഞ്ഞു നിറുത്തി. ട്രോളിയിൽ കിടന്ന ആ യുവാവിനെ ഒന്നടിമുടി നോക്കി – നല്ലൊരു പ്രേത സിനിമ രാത്രി തനിയെ കണ്ടിട്ട് ഇറങ്ങിവരുന്ന ഒരു ലുക്ക്. ട്രോളി ഞങ്ങളുടെ റൂമിൽ കയറ്റിയതും, അയ്യോ എനിക്ക് തണുക്കുന്നേ, കാറ്റടിക്കുമ്പോൾ ശ്വാസംമുട്ടുന്നു, ആ ഫാൻ നിറത്തൂ എന്ന് നിലവിളി തുടങ്ങി. ഞാൻ ഫാൻ നിറുത്തി പ്രഥമ പരിശോധനകളും നടത്തി അവരെ സ്കാനിങ്ങിനയച്ചു. പതിയെ കസേരയിൽ വന്നിരുന്നു ആലോചിച്ചു. എന്താരിക്കും കുഴപ്പം, തലവേദനയോ ശര്‍ദ്ദിയോ ഒന്നും പറയുന്നുമില്ല, പക്ഷെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ ഉണ്ട് താനും, Encephalitis ആരിക്കും. അങ്ങനെ ആലോചിച്ചിരിക്കുമ്പോള്‍ പെട്ടന്ന് പണ്ടെങ്ങോ മെഡിസിൻ കേസ് ചര്‍ച്ചയില്‍ പ്രൊഫസർ പറഞ്ഞൊരു അനുഭവകഥ ഓർമ്മ വന്നു. പേ വിഷബാധ ഉള്ളവർക്ക് കാറ്റടിക്കുമ്പോൾ വലിയ അസ്വസ്ഥത ആണെന്ന് പണ്ട് മാഡത്തിന്റെ പ്രൊഫസർ പറഞ്ഞിട്ടുണ്ടെന്ന്.
അങ്ങനെ ആലോചിച്ചിരിക്കുമ്പോൾ അവർ CT എടുത്തുവന്നു. സ്കാൻ നോർമൽ ആരുന്നു. ചുമ്മാ ചോദിച്ചു, അടുത്തെങ്ങാനും പട്ടിയോ പൂച്ചയോ മാന്തുകയോ കടിക്കുകയോ ചെയ്തിരുന്നോ ? ഇല്ല എന്നായിരുന്നാളുടെ മറുപടി. എന്നാൽ അച്ഛൻ എന്തോ ആലോചിച്ചിട്ടു പറഞ്ഞു, സാറേ ഒരു 5 മാസം മുന്നേ ഞങ്ങളെ രണ്ടുപേരെയും പണിസ്ഥലത്തു വെച്ച് ഒരു പട്ടി കടിച്ചിരുന്നു. ചെറുതായി മുറിഞ്ഞതേ ഉള്ളൂ. പട്ടിക്ക് കുത്തിവെപ്പ് എടുത്തിട്ടുണ്ട് എന്ന് വീട്ടുകാർ പറഞ്ഞതിനാൽ ഇരുവരും കുത്തിവെപ്പുകൾ എടുത്തില്ല എന്ന് അദ്ദേഹം പറഞ്ഞു. ഏതായാലും അവനെ വിശദമായി ഒന്നുകൂടെ പരിശോധിച്ചു, വൈറ്റൽസ് ഒക്കെ നോർമൽ ആണ്, ആള് ഇറിറ്റേറ്റഡ് ആണ്, വാ മുഴുവനായി തുറക്കാൻ പറ്റാത്ത വിധത്തിൽ താടി ജോയിന്റ് പിടിച്ചിരിക്കുന്നു. സംസാരം തിരിച്ചറിയാൻ പറ്റാത്തപോലെ ആരുന്നു. വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാനും ഒന്നും പറ്റുന്നില്ല.
പേ വിഷബാധ ആവാൻ സാധ്യത ഉള്ളതുകൊണ്ട് ഏതായാലും Infectious disease യൂണിറ്റ് മേധാവിയെ വിളിച്ചു സംഭവം പറഞ്ഞു. അച്ഛനെ കുത്തിവെപ്പ് എടുക്കുന്ന കാര്യം സംസാരിക്കാൻ പ്രതിരോധ വിഭാഗത്തിലും വിട്ടു. സർ അവനെ അഡ്മിറ്റ് ചെയ്യാൻ പറഞ്ഞു. പേ വിഷബാധ ആവാൻ ആണ് സാധ്യത എന്ന് സാറും പറഞ്ഞു. ഇത്ര ഭയങ്കര അസുഖം കണ്ടുപിടിച്ചതിൽ സന്തോഷം തോന്നിയില്ല, കാരണം 100 ശതമാനം മരണസാധ്യത ഉള്ള അസുഖമാണല്ലോ അവനു ഉള്ളത്. പിന്നെ ഞാൻ കേൾക്കുന്നത് 2 ദിവസം കഴിഞ്ഞു അവന്റെ മരണ വാർത്തയാണ്. അതെ അവനു പേ വിഷബാധ ആരുന്നു. ലോകത്തിൽ ഏറ്റവും മാരകമായ അസുഖം ഏതെന്നു ചോദിച്ചാൽ പേ വിഷബാധ എന്നെ ഞാൻ പറയൂ. നമ്മുടെ നാട്ടിൽ തെരുവുനായ ശല്യം രൂക്ഷമാണെന്നു ഞാൻ പറയേണ്ടല്ലോ , അതുകൊണ്ടുതന്നെയാണ് പേ വിഷബാധയെ കുറിച്ച് ഈ പ്രാവിശ്യം നിങ്ങളോടുസംസാരിക്കാം എന്ന് കരുതിയത് .
എന്താണ് പേ വിഷബാധ അഥവാ RABIES?
Rabies virus എന്ന ഒരു വൈറസ് ആണ് പ്രശ്നക്കാരൻ. മനുഷ്യനിൽ അസുഖം വരുന്നത് രോഗാണുക്കൾ ഉള്ള മൃഗങ്ങളുടെ തുപ്പൽ വഴി ആണ്. കടിക്കുമ്പോഴോ, മുറിവിൽ നക്കുമ്പോളോ രോഗം പകരാം. അസുഖം തലച്ചോറിനെ ആണ് ബാധിക്കുന്നത്. മുറിവിൽ നിന്ന് രോഗാണുക്കൾ നാഡികൾ വഴി തലച്ചോറിൽ എത്തുമ്പോള്‍ ആണ് രോഗ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്നത്. രോഗ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയാൽ പിന്നെ അസുഖം ചികിൽസിച്ചു ഭേദമാക്കുക വളരെ ബുദ്ധിമുട്ടാണ്. ലോകത്താകമാനം വളരെ കുറച്ചു ആളുകളെ അങ്ങനെ രക്ഷപെട്ടിട്ടുള്ളൂ. (കൃത്യമായി പറഞ്ഞാൽ 7 പേർ)
ഏതൊക്കെ മൃഗങ്ങൾക്ക് റാബീസ് പരത്താൻ പറ്റും ?
പട്ടിയാണ് പ്രധാന വില്ലൻ, 90 ശതമാനം ആളുകൾക്കും അസുഖം പകരുന്നത് പട്ടിയിൽ നിന്നാണ്. പിന്നെ പൂച്ച, വളർത്തു മൃഗങ്ങൾ, വന്യ ജീവികൾ ഒക്കെ അസുഖം പരത്താൻ കഴിവുള്ളവരാണ്. വീട്ടിലെ എലി, അണ്ണാൻ തുടങ്ങിയ Rodents സാധാരണ പ്രശ്നക്കാരല്ല. ചിലതരം വാവലുകൾ (Bats) അസുഖം പരത്താറുണ്ട് .
അസുഖം എങ്ങനെയൊക്കെ പകരാം ?
പ്രധാനമായും കടിയിലൂടെ ആണ് പകരുന്നത്. പല്ലുകൊണ്ടു തൊലിയിൽ പോറൽ ഉണ്ടായാലും ശ്രദ്ധിക്കണം, മുറിവുള്ള തൊലിയിൽ നക്കുക, ചുണ്ടിലോ നാക്കിലോ വായിലോ നക്കുക എന്നിവ വഴിയും രോഗം പകരും. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് തിയറിപരമായി അസുഖം പകരാം എങ്കിലും അങ്ങനെ സംഭവിച്ച അവസരങ്ങൾ വിരളം ആണ്. പൂച്ചയും പട്ടിയും ഒഴിച്ചുള്ള മറ്റേതു മൃഗത്തിന്റെ കടിയോ, നക്കലോ വളരെ പ്രാധാന്യത്തോടെ കാണണം .
കടിച്ചാൽ എന്ത് ചെയ്യണം ?
വീണ്ടും കടി ഏൽക്കാതെ നോക്കണം, പറ്റുമെങ്കിൽ മൃഗത്തെ എവിടെങ്കിലും പൂട്ടിയിടുകയും നിരീക്ഷിക്കുകയും ചെയ്യുക. വന്യ മൃഗങ്ങളുടെ കടിയോ നഖം കൊണ്ടോ, ഉണ്ടാവുന്ന മുറിവുകളെ, പ്രധിരോധ മരുന്നും മറ്റു ചികിത്സയും നൽകാനായി മൂന്നായി തരം തിരിച്ചിട്ടുണ്ട്.
കാറ്റഗറി 1: No exposure – മൃഗങ്ങളെ തൊടുകയോ, ഭക്ഷണം കൊടുക്കുകയോ ചെയ്യുക, മുറിവുകൾ ഇല്ലാത്ത തൊലിപ്പുറത്തു മൃഗങ്ങൾ നക്കുക – ആ ഭാഗം നന്നായി ഒഴുകുന്ന ടാപ്പ് വെള്ളത്തിൽ 10-15 മിനിറ്റു കഴുകുക, സോപ്പോ ഡിറ്റർജന്റോ ഉപയോഗിക്കാം. പ്രതിരോധ മരുന്ന് വേണ്ട.
കാറ്റഗറി 2: Minor exposure – തൊലിപ്പുറത്തു ഉള്ള മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ – ആ ഭാഗം മേല്പറഞ്ഞതുപോലെ കഴുകുക, പ്രതിരോധ കുത്തിവെയ്പ്പ് വേണം
കാറ്റഗറി 3: Severe exposure – മുറിവുള്ള തൊലിപ്പുറത്തു നക്കുക, രക്തം പൊടിയുന്ന മുറിവുകൾ, ചുണ്ടിലോ വായിലോ നാക്കിലോ നക്കുക – മുറിവ് മുൻപറഞ്ഞപോലെ വൃത്തിയായി കഴുകുക, മുറിവിൽ എടുക്കുന്ന Anti rabies immunoglobulin ഉം ഒപ്പം പ്രധിരോധ കുത്തിവെപ്പും ഉടൻ തുടങ്ങണം.
പട്ടിയോ പൂച്ചയോ അല്ലാത്ത ഏതു വന്യമൃഗങ്ങളുടെ കടിയും കാറ്റഗറി 3 ആയി കരുതി വേണം ചികിൽസിക്കാൻ.
കരണ്ടുതിന്നുന്ന സസ്തനികൾ ആയ വീട്ടെലി, അണ്ണാൻ, മുയൽ തുടങ്ങിയവ പേ പരത്താറില്ല. അതുകൊണ്ടു പ്രതിരോധ മരുന്ന് ആവശ്യമില്ല . മുറിവ് വൃത്തിയായി കഴുകി മരുന്നു ഇട്ടാൽ മാത്രം മതിയാകും.
മുഖത്തോ വിരലുകളിലോ ഉള്ള കടി ഗുരുതരമാകാം. നാഡികളിലൂടെ വൈറസുകൾ വേഗം തലച്ചോറിലേക്ക് പകരാൻ സാധ്യത ഉള്ളതിനാൽ ആണിത്. അതുകൊണ്ട് തന്നെ കാലതാമസം ഇല്ലാതെ ചികിത്സ നല്‍കണം.
മുറിവിനു ചികിത്സ എങ്ങനെ ?
- പേ വിഷബാധ പ്രതിരോധത്തിൽ വളരെ പ്രധാനമാണ് മുറിവിനു ശരിയായ ചികിത്സ കൊടുക്കുക എന്നത്. കടിയേറ്റ ഭാഗം ഒഴുകുന്ന വെള്ളത്തിൽ 10 -15 മിനിറ്റു കഴുകുന്നതാണ് ഇതിലെ പ്രധാന ഭാഗം. ടാപ്പ് വെള്ളം ഉപയോഗിച്ചാൽ മതിയാകും. സോപ്പോ മറ്റ് ഡിറ്റർജെന്റുകളോ ഉപയോഗിക്കാം .
- വെറും കൈ കൊണ്ട് മുറിവിൽ സ്പർശിക്കുന്നത് ഒഴിവാക്കണം. കൈയിൽ മുറിവുകൾ ഉണ്ടെങ്കിൽ വിഷബാധ പകരാൻ ഇത് കാരണമാകും.
- മുറിവിൽ പിടിച്ചിരിക്കുന്ന വൈറസുകളെ നീക്കം ചെയ്യുകയാണ് കഴുകുന്നതിന്‍റെ ലക്ഷ്യം. എത്രയും നേരത്തെ കഴുകുന്നതാണ് നല്ലത്. എന്നിരുന്നാലും ആരെങ്കിലും കഴുകുന്ന കാര്യം മറക്കുകയോ, അല്ലെങ്കിൽ ശരിയായ രീതിയിൽ കഴുകാതെ ഇരിക്കുകയോ ചെയ്തിട്ട് ദിവസങ്ങൾ കഴിഞ്ഞു വന്നാലും മുറിവ് കഴുകിക്കണം.
- കഴുകിയതിനു ശേഷം മുറിവിൽ ബീറ്റാഡിൻ പോലെയുള്ള മരുന്നുകൾ ഇടാവുന്നതാണ്. ഒപ്പം അഴുക്കുപുരണ്ട മുറിവുകൾക്കു പഴുപ്പ് ഉണ്ടാകാതെ ഇരിക്കാൻ ആന്റിബിയോട്ടിക് കഴിക്കാം, വേദനക്ക് ഉള്ള മരുന്നും കഴിക്കാം.
- കടിയേറ്റ മുറിവുകളിൽ സാധാരണ തുന്നൽ ഇടാറില്ല, അതിപ്പോൾ വലിയ മുറിവാണെങ്കിലും കഴിവതും ഒഴിവാക്കും. രക്തം നിക്കാതെ വരുന്ന മുറിവുകളിൽ മാത്രം ചിലപ്പോൾ മുറിവിൽ ഇമ്മ്യൂണോഗ്ലോബുലിൻ കുത്തീവെപ്പ് എടുത്തതിനു ശേഷം തുന്നിക്കെട്ടാറുണ്ട് .
- മുറിവിൽ മുളകുപൊടി, എണ്ണ, കാപ്പിപ്പൊടി തുടങ്ങി വീട്ടില്‍ ഉള്ള എല്ലാസാധനങ്ങളും പുരട്ടുന്ന ശീലം നമ്മുടെ നാട്ടിൻപുറങ്ങളിൽ ഉണ്ട്. അങ്ങനെ ചെയ്യുന്നുകൊണ്ടു പ്രത്യേകിച്ച് ഗുണങ്ങൾ ഒന്നുമില്ല, പിന്നെ ചിലപ്പോൾ മുറിവ് പഴുക്കാനും സാധ്യതയുണ്ട്. ഏതെങ്കിലും മുറിവുകൾ അങ്ങനെ കണ്ടാൽ വെള്ളമൊഴിച്ചു നല്ലതുപോലെ കഴുകി അത് മുറിവിൽ നിന്ന് കളയണം.
- കാറ്റഗറി 3 മുറിവുകൾക്കു ഇമ്മ്യൂണോഗ്ലോബുലിൻ (Immunoglobulin) എടുക്കണം .
- മുറിവ് കരിക്കുന്നതു കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല. ഇപ്പോൾ ഉപയോഗിക്കാറില്ല.
- ടെറ്റനസ് പ്രതിരോധ മരുന്ന് എടുത്തിട്ടില്ലാത്തവർക്കു അത് നൽകേണ്ടതാണ്.
ഇമ്മ്യൂണോഗ്ലോബുലിൻ :
കാറ്റഗറി 3 മുറിവുകൾക്കും വന്യ മൃഗങ്ങൾ കടിച്ചുള്ള മുറിവുകൾക്കും ഈ മരുന്ന് കൊടുത്തേ തീരൂ. പറ്റുന്നത്ര മുറിവിലും ചുറ്റുമായും എടുക്കുകയാണ് ചെയ്യുന്നത്. ഭാരം അനുസരിച്ചാണ് മരുന്നിന്‍റെ അളവ് കണ്ടെത്തുന്നത്. വൈറസിനെ നേരിട്ട് പ്രതിരോധിക്കാൻ ഉള്ള കഴിവ് ഈ മരുന്നിനുണ്ട്. പ്രതിരോധ കുത്തിവയ്‌പിലൂടെ ഉള്ള സംരക്ഷണം വരുന്നതുവരെ ഈ ഇമ്മ്യൂണോഗ്ലോബുലിൻ വൈറസുകളെ കൊല്ലാൻ ശരീരത്തെ സഹായിക്കുന്നു .
ഇമ്മ്യൂണോഗ്ലോബുലിൻ രണ്ടു തരത്തിൽ ഉണ്ട് .
Equine Rabies Immunoglobulin(ERIG) : കുതിരകളിൽ വാക്‌സിൻ കുത്തിവെച്ചു അവയിൽ നിന്ന് വേർതിരിച്ചു എടുത്തു ശുദ്ധീകരിച്ചു സൂക്ഷിക്കുന്നവയാണ് ഇത്. താരതമ്യേന ചെലവ് കുറവാണ്. ചിലരിലെങ്കിലും ഇത് അലര്‍ജി ഉണ്ടാക്കാറുണ്ട്. ഇന്നത്തെ ഉല്പാദന ശുദ്ധീകരണ രീതി വെച്ച് അലർജി വളരെ വിരളമാണ്. എങ്കിലും എല്ലാവരിലും ഈ കുത്തിവയ്‌പ്പു കൊടുക്കുന്നതിനു മുന്നേ തൊലിപ്പുറത്ത് ടെസ്റ്റ് എടുക്കാറുണ്ട്. ഇത് നെഗറ്റീവ് ആണേൽ മാത്രമേ മുഴുവൻ ഡോസും നൽകുകയുള്ളൂ.
Human Rabies Immunoglobulin(HRIG) : മനുഷ്യനിൽ നിന്ന് വേർതിരിച്ചു എടുക്കുന്നതാണ് HRIG. ഉത്പാദനം വളരെ സങ്കീർണ്ണവും മരുന്ന് ചിലവേറിയതുമാണ്. അതുകൊണ്ടു തന്നെ ERIG അലർജി ഉള്ളവരിൽ എടുക്കാനാണ് ഇത് ഉപയോഗിക്കുക. ടെസ്റ്റ് ഡോസ് മുൻകൂട്ടി നൽകേണ്ട ആവശ്യമില്ല.
സംശയങ്ങള്‍ …
ഇമ്മ്യൂണോഗ്ലോബുലിൻ ആദ്യദിവസം കൊടുക്കാൻ പറ്റിയില്ലെങ്കിൽ എത്ര ദിവസം വരെ കൊടുക്കാം ?
ഇത്രയും നേരത്തെ കൊടുക്കുന്നതാണ് ഉത്തമം. ഇങ്ങനെ സാധിക്കാത്ത അവസരത്തിൽ പ്രധിരോധ കുത്തിവെയ്പ്പ് എടുത്തു 7 ദിവസത്തിനുള്ളിൽ എടുക്കണം.
ഇമ്മ്യൂണോഗ്ലോബുലിൻ ലഭ്യമല്ലെങ്കിൽ എന്ത് ചെയ്യും ?
ഇമ്മ്യൂണോഗ്ലോബുലിൻ എടുക്കേണ്ട മുറിവുണ്ടാകുകയും ലഭ്യമല്ലാതെ ഇരിക്കുകയും ചെയ്താൽ മുറിവ് വൃത്തിയായി കഴുകി, ആദ്യ ദിവസ്സം തന്നെ ഇരട്ടി ഡോസ് പ്രതിരോധ കുത്തിവെപ്പ് നൽകാം. എന്നാൽ ഇത് ഇമ്മ്യൂണോഗ്ലോബുലിനു പകരമല്ല .
വാക്സിന്‍ എടുത്തവര്‍ IMMUNOGLOBULUN എടുക്കേണ്ടതുണ്ടോ ?
ഒരിക്കല്‍ മുഴുവന്‍ ഡോസ് കുത്തിവെപ്പുകളും എടുത്തവര്‍ വീണ്ടും എടുക്കേണ്ടതില്ല.
പ്രതിരോധ കുത്തിവെപ്പ് – Anti rabies vaccine
ലൂയി പാസ്റ്ററിനെയും 14 വയസുകാരൻ ജോസഫ് മീസ്റ്ററെയും നിങ്ങൾ ഓർക്കുന്നില്ലേ ? മീസ്റ്ററിനെ കൊണ്ടാണ് ‘അമ്മ പാരിസിലെ തെരുവിലൂടെ ഭ്രാന്തൻ എന്ന് പലരും പറഞ്ഞുനടന്ന പാസ്റ്ററെ അന്വേഷിച്ചു നടന്നത്. ഒരു ഭ്രാന്തൻ നായ പതിനാലിടത്തു കടിച്ച കുഞ്ഞനെയും കൊണ്ട് വന്ന അമ്മയെ കണ്ടപ്പോൾ പരീക്ഷണാവസ്ഥയിൽ ഉള്ള വാക്‌സിൻ പാസ്റ്റർ അന്ന് നൽകി, അവനെ രക്ഷിച്ചു.1885 ൽ ആണിത്. ഇതാണ് അദ്ഭുതകരമായ റാബീസ് വാക്‌സിന്റെ ചരിത്രം. അന്ന് പാസ്റ്റർ ഉപയോഗിച്ചത് പേ വിഷബാധ ഉണ്ടാരുന്ന ഒരു മൃഗത്തിന്റെ സുഷുമ്‌ന നാഡിയിൽ നിന്ന് എടുത്ത ശ്രവം ആരുന്നു. കുട്ടി രക്ഷപെട്ടു, പാസ്റ്ററിന്‍റെ സഹായി ആയി ജോലിചെയ്യുകയും ചെയ്തു. നിലവിൽ ടിഷ്യു കൾച്ചർ വാക്‌സിൻ (tcv) ആണ് ഉപയോഗിക്കുന്നത്. മികച്ച ഗുണനിലവാരം ഉള്ളതും പാർശ്വഫലങ്ങൾ നന്നേ കുറഞ്ഞതുമായ മരുന്നാണിത്.
ആരോക്കെ വാക്‌സിൻ എടുക്കണം ?
മുകളിൽ സൂചിപ്പിച്ച 2 ഉം 3 ഉം കാറ്റഗറിയിൽ ഉള്ളവർ എല്ലാം വാക്‌സിൻ എടുത്തിരിക്കണം. കടിച്ച ദിവസം തന്നെ കുത്തിവെപ്പ് തുടങ്ങുന്നതാണ് അഭികാമ്യം. മുൻപറഞ്ഞതുപോലെ കാറ്റഗറി 3 മുറിവ് ഉള്ളവർ വാക്‌സിനൊപ്പം ഇമ്മ്യൂണോഗ്ലോബുലിനും എടുക്കണം. ഒരിക്കൽ ഒരു കുപ്പി തുറന്നാൽ 6 – 8 മണിക്കൂറിനു ഉള്ളിൽ അത് ഉപയോഗിച്ചിരിക്കണം.
കുത്തിവെപ്പ് എടുക്കുന്നത് എങ്ങനെ ? എത്ര ദിവസം കൂടുംപോൾ എടുക്കണം ?
രണ്ടു തരത്തിൽ ഉള്ള കുത്തിവെപ്പുകൾ ഉണ്ട്. രണ്ടിനും ഒരെ ഫലം തന്നെയാണ് ഉള്ളത്. മസിലിൽ എടുക്കുന്ന കുത്തിവെപ്പിന് കൂടുതൽ അളവ് (0.5ml) മരുന്ന് വേണം. വലിയ വിലയുള്ള ഈ മരുന്ന് കുറച്ചു അളവിൽ (0.1ml) കൂടുതൽ ആളുകളിൽ എടുക്കാം എന്നതാണ് തൊലിപ്പുറത്തു എടുക്കുന്ന കുത്തിവെപ്പിന്റെ പ്രത്യേകത.
മസിലിൽ എടുക്കുന്ന കുത്തിവെപ്പ് (Intra muscular regimen-ARV)
പണ്ടത്തെ പോലെ പുക്കിളിനു ചുറ്റും ഒന്നുമല്ല കുത്തുന്നത്. 0.5 ml മരുന്ന് ഉരത്തിനു താഴെ Deltoid മസിലിൽ ആണ് കുത്തുന്നത്. കുട്ടികളിൽ തുടയുടെ അകം വശത്ത്. കുത്തിവെപ്പ് തുടങ്ങുന്ന ദിവസത്തെ 0 ദിവസം ആയി കരുതിയാൽ 0, 3, 7, 14, 28 ദിവസങ്ങളിൽ എടുക്കണം. ചില പ്രത്യേക സാഹിചര്യങ്ങളില്‍ 90-ആം ദിവസം ഒരു കുത്തിവെപ്പുംകൂടി എടുക്കാറുണ്ട്. സാധാരണ സ്വകാര്യ ആശുപത്രികൾ ഈ രീതിയാണ് തുടരുന്നത്.
തൊലിപ്പുറത്തു എടുക്കുന്ന കുത്തിവെപ്പ് (Intra dermal rabies vaccine- IDRV)
മുൻപ് പറഞ്ഞപോലെ തൊലിപ്പുറത്തു എടുക്കുന്ന ഇഞ്ചക്ഷനു മരുന്ന് കുറവുമതി. ഉരത്തിനു താഴെ തൊലിപ്പുറത്താണ് കുത്തിവെപ്പ് എടുക്കുന്നത്. 0, 3, 7, 28 ദിവസങ്ങളിൽ ആണ് കുത്തിവെപ്പുകൾ. ഇപ്പോൾ എല്ലാ സർക്കാർ ആശുപത്രികളിലും ഈ കുത്തിവെപ്പ് ആണള്ളത്. ഈ രീതിക്ക് വേഗത്തിൽ പ്രതിരോധശക്തി ഉണ്ടാവും എന്നാണ് പഠനങ്ങൾ പറയുന്നത്.
മസിലിൽ എടുക്കുന്ന കുത്തിവെപ്പ് തുടങ്ങിയവർ , ബാക്കി IDRV എടുക്കുന്നതോ, തിരിച്ചോ ചെയ്യുന്നത് അഭികാമ്യമല്ല .
ചില സംശയങ്ങൾ ?
കുത്തിവെപ്പ് എടുത്ത മൃഗങ്ങൾ കടിച്ചാൽ നമ്മൾ കുത്തിവെപ്പ് എടുക്കണോ ?
മൃഗങ്ങൾക്കു നിർദ്ദേശിച്ചിട്ടുള്ള കുത്തിവെപ്പ് പട്ടിക പ്രകാരം മുഴുവൻ കുത്തിവെപ്പുകളും എടുത്തിട്ടുണ്ടെങ്കിൽ അവയിൽ നിന്ന് പേ വിഷബാധ ഉണ്ടാവാൻ സാധ്യത ഇല്ല. അതുകൊണ്ടു കുത്തിവെപ്പും ആവശ്യമില്ല. എന്നാൽ വികസ്വര രാജ്യങ്ങളിൽ പലപ്പോഴും മൃഗങ്ങളിലെ കുത്തിവെപ്പിന് നിലവാരം കുറഞ്ഞ മരുന്നുകൾ ഉപയോഗിക്കാറുണ്ട്. അതുപോലെ കുത്തിവെപ്പ് കൃത്യമായി എടുക്കാതെ ഇരിക്കാനും എടുത്തത് ശരിയായ രീതിയിൽ അല്ലാതിരിക്കാനും സാധ്യത ഉണ്ട്. ഒപ്പം മൃഗങ്ങളിൽ രോഗപ്രതിരോധം ഉണ്ടായോ എന്ന് ശാസ്ത്രീയമായി തെളിയിക്കാൻ (Antibody test) ഉള്ള സംവിധാനവും കുറവാണ്. അതുകൊണ്ടു ഇത്തരം സാഹിചര്യങ്ങളിൽ കുത്തിവെപ്പ് എടുക്കുന്നതാണ് അഭികാമ്യം.
മൃഗങ്ങളിലെ കുത്തിവെപ്പ് എങ്ങനെയാണ് ?
മൂന്നാം മാസവും ഒൻപതാം മാസവും ഓരോ കുത്തിവെപ്പും, ശേഷം ഓരോ വർഷവും ബൂസ്റ്റർ ഡോസും എടുക്കണം. കുത്തിവെപ്പ് എടുത്തു എന്ന് രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് സൂക്ഷിക്കണം.
കുത്തിവെപ്പ് എടുക്കാതെ മൃഗത്തെ 10 ദിവസം നോക്കിയാൽ പോരെ ?
സ്ഥിരം കേൾക്കുന്ന ഒരു സംശയമാണിത്. വീട്ടിലെ പട്ടിയാണ്, പുറത്തുപോകാറില്ല, 10 ദിവസം നോക്കിയാൽപ്പോരേ എന്ന് ? കുത്തിവെപ്പ് എടുക്കുന്നതാണ് നല്ലത്. വെറുതെ ഒരു ഭാഗ്യപരീക്ഷണം നമ്മുടെ ജീവിതം വെച്ച് നടത്തേണ്ടല്ലോ ! കുത്തിവെപ്പ് തുടങ്ങിയതിനു ശേഷം, 10 ദിവസം ആയിട്ടും പട്ടിക്ക് ഒന്നും സംഭവിച്ചില്ല എങ്കിൽ കുത്തിവെപ്പ് Pre exposure prophylaxis ആയി മാറ്റാവുന്നതാണ്. ഇനി ആരെങ്കിലും പട്ടിയെ കൊല്ലുകയോ, പട്ടിയുടെ പെരുമാറ്റത്തിൽ എന്തെങ്കിലും മാറ്റം തോന്നുകയോ ചെയ്താൽ മുഴുവൻ കുത്തിവെപ്പും എടുക്കണം. പട്ടിയുടെയും പൂച്ചയുടെയും കാര്യത്തിൽ മാത്രമേ ഈ ഒബ്സർവേഷൻ പറയാറുള്ളൂ. മറ്റേത് മൃഗത്തിനും സാധരണപോലെ കുത്തിവെപ്പുകൾ ആദ്യദിവസം തൊട്ടു എടുക്കണം.
ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കും വാക്‌സിൻ കൊടുക്കാമോ ?
തീർച്ചയായും കൊടുക്കാം. ഇവർക്ക് യാതൊരു ആരോഗ്യപ്രശ്നവും കുത്തിവെപ്പ് ഉണ്ടാക്കാറില്ല. കുട്ടികളിലും പ്രായമുള്ളവർക്കും, രോഗങ്ങൾ ഉള്ളവരിലും കുത്തിവെപ്പ് എടുക്കാം.
മുൻപ് കുത്തിവെപ്പ് എടുത്തവർ വീണ്ടും എടുക്കണോ ?
വേണം .മുൻപ് മുഴുവൻ കുത്തിവെപ്പുകൾ എടുത്തിട്ടുള്ളവർ രണ്ടു കുത്തിവെപ്പ് മാത്രം എടുത്താൽ മതിയാകും 0, 3 ദിവസങ്ങളിൽ. കൃത്യമായി ഓർക്കാത്തവർക്കും മുൻപ് മുഴുവൻ കുത്തിവെപ്പും എടുക്കാത്തവർക്കും വീണ്ടും മുഴുവൻ കോഴ്സ് എടുക്കണം. എന്നാൽ ഇവർ ഇമ്മ്യൂണോഗ്ലോബുലിൻ എടുക്കേണ്ടതില്ല. മുറിവ് വൃത്തിയായി മുകളിൽ പറഞ്ഞതുപോലെ കഴുകാൻ മറക്കരുത്.
പട്ടി കടിക്കുന്നതിന് മുന്നേ പ്രതിരോധത്തിനായി കുത്തിവെപ്പ് എടുക്കാമോ ?
എടുക്കാം. പട്ടിയേം പൂച്ചയെം ഒക്കെ സ്ഥിരം കൈകാര്യം ചെയ്യുന്നവർക്കും, വന്യമൃഗങ്ങളുമായി ഇടപഴുകുന്നവരും ഒക്കെ മുന്നേ ഈ കുത്തിവെപ്പ് എടുക്കുന്നത് നല്ലതാണു. 0, 7 ,28 ദിവസങ്ങളിൽ 3 കുത്തിവെപ്പ് ആണ് എടുക്കേണ്ടത്. ഈ കുത്തിവെപ്പ് എടുത്തവരെ വീണ്ടും മൃഗങ്ങൾ കടിച്ചാൽ 0, 3 ദിവസങ്ങളിൽ 2 കുത്തിവെപ്പ് എടുത്താൽ മതിയാകും. ഇവരും ഇമ്മ്യൂണോഗ്ലോബുലിൻ എടുക്കേണ്ടതില്ല. ഉടനെ തന്നെ മുറിവ് 10-15 മിനിറ്റു കഴുകുകയും വേണം.
ഒരിക്കല്‍ കുത്തിവെപ്പ് എടുത്തിട്ട് എത്രനാള്‍ കഴിയുമ്പോള്‍ വീണ്ടും കുത്തിവെപ്പ് എടുക്കണം ?
കുത്തിവെപ്പ് എടുത്തിട്ട് ഒരു വർഷം വരെ ഉള്ള സമയത്ത് വീണ്ടും കടികിട്ടിയാല്‍ കുത്തിവെപ്പ് ആവശ്യമില്ല.
പട്ടി കടിച്ചാല്‍ നാരങ്ങ അച്ചാര്‍ കഴിക്കാമോ ?
അച്ചാര്‍ മാത്രമല്ല ഇഷ്ടമുള്ള ഏതു ഭക്ഷണവും കഴിക്കാം.
ഇത്രയധികം ശ്രദ്ധ ഈ വിഷയത്തിൽ കൊടുക്കുന്നത് രോഗത്തിന്‍റെ ഗുരുതരാവസ്ഥ കൊണ്ടാണ് . ഇതുവരെ ചരിത്രത്തിൽ 7 പേരാണ് രോഗം ബാധിച്ചിട്ടു രക്ഷപ്പെട്ടവർ. അവരും ഏതെങ്കിലും തരത്തിൽ ഉള്ള കുത്തിവെപ്പ് എടുത്തിരുന്നു. കൃത്യമായി കുത്തിവെപ്പ് എടുത്താൽ അസുഖം വരാനുള്ള സാധ്യത നന്നേ കുറവാണ്. അതുകൊണ്ടു തന്നെ ഈ വിഷയം എല്ലാവരിലും എത്തണം. പേ വിഷബാധ കാരണം ഇനിയാരും മരിക്കാൻ പാടില്ല .
ഓർത്തിരിക്കാൻ
മുറിവ് നന്നായി 10 -15 മിനിട്ടു കഴുകുക
ആദ്യമായി കുത്തിവെപ്പ് എടുക്കുന്നവർ 0, 3, 7, 28 ദിവസങ്ങളിൽ 0 .1 ml മരുന്ന് രണ്ടു ഷോൾഡറിലും എടുക്കണം.
ഒരിക്കൽ കുത്തിവെപ്പ് എടുത്തവർ 0, 3 ദിവസങ്ങളിൽ 0 .1 ml ഒരു വശത്തു മാത്രം എടുക്കണം.
കാറ്റഗറി 3 മുറിവുള്ളവർ മുറിവിൽ എടുക്കുന്ന ഇമ്മ്യൂണോഗ്ലോബുലിൻ എടുക്കണം.
മറക്കരുതേ ഈ കാര്യങ്ങൾ
കടപ്പാട് : ലോകാരോഗ്യസംഘടന പേ വിഷബാധ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍