· 4 മിനിറ്റ് വായന
റാംസെ ഹണ്ട് സിൻഡ്രോം
പ്രശസ്ത കനേഡിയൻ സംഗീതജ്ഞനായ ജസ്റ്റിൻ ബീബർ തനിക്ക് നിലവിൽ പാട്ടുപാടാൻ സാധിക്കില്ലെന്ന് ആരാധകരെ അഭിസംബോധന ചെയ്ത് വെളിപ്പെടുത്തിയത് ഈ അടുത്താണ്. തനിക്ക് റാം സെ ഹണ്ട് സിൻഡ്രോം എന്ന രോഗം ആണ് എന്നതും മുഖത്തെ ഒരു ഭാഗത്തെ പേശികൾ ചലനരഹിതമാണ് എന്നതും സംഗീതാസ്വാദകരെ സങ്കടപ്പെടുത്തുകയും നിരാശപ്പെടുത്തുകയും ചെയ്തിരുന്നു.
എന്താണീ റാം സെ ഹണ്ട് സിൻഡ്രോ?
എന്താണ് റാം സെ ഹണ്ട് സിൻഡ്രോം എന്നു പറയും മുമ്പ് ചിക്കൻ പോക്‌സിനെപ്പറ്റി പറയേണ്ടിവരും. വേരിസെല്ല സോസ്റ്റർ എന്ന വൈറസ് ഉണ്ടാക്കുന്ന രോഗമാണ് ചിക്കൻപോക്സ്. ആദ്യ തവണ ചിക്കൻപോക്സ് രോഗം വന്നാലും ചിലരിൽ നാഡീ ഞരമ്പുകളിലെ (Nerves) ഗാംഗ്ലിയോണുകളിൽ ഈ വൈറസ് ജീവിതകാലം മുഴുവൻ നിലനിൽക്കാം, പിന്നീട് എപ്പോഴെങ്കിലും അതായത് പത്തോ ഇരുപതോ വർഷത്തിനുശേഷവും അനുകൂല സാഹചര്യം വരുമ്പോൾ ഇത്തരത്തിൽ ഗാംഗ്ലിയോണുകളിൽ താൽക്കാലികമായി നിർജ്ജീവമായി ഇരിക്കുന്ന വൈറസ് കരുത്ത് ആർജ്ജിക്കുകയും ഏറെക്കുറെ ചിക്കൻപോക്സ് നു സമാനമായ ലക്ഷണങ്ങളോടെ മറ്റൊരു രോഗം ഉണ്ടാക്കുകയും ചെയ്യുന്നു. അതാണ് ഹെർപ്പിസ് സോസ്റ്റർ എന്ന രോഗം. തൊലിപ്പുറത്ത് ഞരമ്പ് എത്തുന്ന ഭാഗങ്ങളിൽ മാത്രം കുമിളകളായി പ്രത്യക്ഷപ്പെടുന്ന ഈ രോഗത്തിന് തീവ്രമായ വേദന ഉണ്ടാകും എന്നതാണ് ചിക്കൻ പോക്സിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത്.
1907 ലാണ് ജെയിംസ് റംസെ ഹണ്ട് എന്ന വൈദ്യൻ ധാരാളം രോഗികളിൽ ചെവിയിലും വായിലും കുമിളകൾ പോലെയുള്ള രോഗ ലക്ഷണങ്ങൾ ഉണ്ടാവുന്നതായി കണ്ടെത്തി.
മുഖത്തെ പേശികളുടെ ചലനത്തെ സഹായിക്കുന്ന ഫേഷ്യൽ ഞരമ്പിലോ (Facial Nerve) അതിൻറെ ഗാൻഗ്ലിയോണിലോ (നാഡീഞരമ്പുകളുടെ സാന്ദ്രത കൂടിയ ഭാഗം) നിർജ്ജീവമായിരുന്ന വൈറസ് ശക്തിപ്രാപിക്കുന്നത് ആണ് ഇതിന് കാരണം എന്ന് പിന്നീട് കണ്ടെത്തി .
ഹെർപ്പിസ് സോസ്റ്റർ രോഗം 35 ശതമാനം പേരിലും തലയിലോ കഴുത്തിലാണ് ബാധിക്കുന്നത്.
ലക്ഷണങ്ങൾ
ചുവന്ന നിറത്തോടെയുള്ള കുമിളകൾ –
റാം സെ ഹണ്ട് സിൻഡ്രോമിൽ ഫേഷ്യൽ ഞരമ്പിന്റെ സഞ്ചാരപഥങ്ങളേയോ ഫേഷ്യൽ ഞരമ്പ് വഴി സംവേദനങ്ങൾ എത്തിപെടുന്ന പേശികളെയോ ആണ് വേരിസല്ല സോസ്റ്റർ വൈറസ് ബാധിക്കുക. ബാഹ്യ കർണ്ണത്തിലോ കർണ്ണപുടത്തിലോ എവിടെവേണമെങ്കിലും ചെറിയ ചുവന്ന നിറത്തോടെയുള്ള കുമിളകൾ കാണാം.
മുഖത്തേക്ക് ഉള്ള ഞരമ്പുകൾ പലതും ഫേഷ്യൽ ഞരമ്പുമായി സങ്കീർണമായി ഇട കലർന്നിരിക്കുന്നതിനാൽ ഇത്തരം കുമിളകൾ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യാം.
ചെവിയിൽ മൂളൽ, കേൾവിക്കുറവ് ഓക്കാനം, ഛർദ്ദി അതിശക്തമായ വേദന എന്നിവ ഉണ്ടാകാം. വേദന കൂടുന്നതിനനുസരിച്ച് മൂക്കടപ്പ്, വായിൽ ഉമിനീർ കൂടുതലായി ഉണ്ടാവുക, കണ്ണുനിറയുക തുടങ്ങിയ ലക്ഷണങ്ങൾ കാണാം .
മുഖത്ത് പേശികളുടെ ചലനാത്മകത നിയന്ത്രിക്കുന്നതും നാവിൻതുമ്പിൽ രുചി നിയന്ത്രിക്കുന്നതും ഫേഷ്യൽ ഞരമ്പ് ആയതിനാൽ ഇവയ്ക്ക് ഒക്കെ തളർച്ചയും ഉണ്ടാകാം.
മുഖത്തെ പകുതി ഭാഗത്തെ നെറ്റിയിലെ ചുളിവ് അപ്രത്യക്ഷമാവുക, കണ്ണടയ്ക്കാൻ കഴിയാതിരിക്കുക ,വായുടെ വശം കോടി പോവുക, ചിരിക്കുമ്പോൾ ഒരു വശം ചലിക്കാതിരിക്കുക..
തുടർന്ന് ആ ഭാഗത്ത് കണ്ണിൽ കണ്ണുനീർ ഇല്ലാതാവാൻ സാധ്യതയുണ്ട്. കണ്ണടയ്ക്കാൻ സാധിക്കാത്തത് കൂടിയാവുമ്പോൾ കണ്ണിൽ മുറിവുകൾ ഉണ്ടാവാൻ ഇടയാകുന്നു.
ചെറിയ ശബ്ദം തന്നെ അരോചകമായി അനുഭവപ്പെടുക
ഫേഷ്യൽഞരമ്പിനെ ഒപ്പം കേൾവി ഞരമ്പിനെയും ബാധിച്ചാൽ കേൾവികുറവ് തലകറക്കം ഛർദ്ദി എന്നിവ ഉണ്ടാകാം
രോഗനിർണയം
ശാരീരിക പരിശോധനയിൽ നിന്നും രോഗവിവരങ്ങൾ അറിയുന്നതിൽ നിന്നുമാണ് പ്രധാനമായും രോഗനിർണയം നടത്തുന്നത്
പി സി ആർ പരിശോധനയും രോഗനിർണയത്തിന് സഹായിക്കും
ചികിത്സ
ആന്റി വൈറൽ മരുന്നുകൾ, സ്റ്റിറോയ്ഡ് എന്നിവ ആണ് ചികിത്സയ്ക്ക് സഹായിക്കുന്നത്
തുടക്കത്തിൽതന്നെ ചികിൽസിച്ചാൽ 75% പേർക്കും പൂർണമായും സുഖപ്പെടും
ചികിത്സ വൈകുന്നത് അനുസരിച്ച് രോഗം മാറി പൂർവ്വസ്ഥിതി പ്രാപിക്കുന്നതിന് കാലതാമസം വരാം.
ഏതായാലും ആ അനുഗൃഹീത ഗായകന് രോഗം വേഗത്തിൽ ഭേദമാകട്ടെ എന്നും സംഗീത ലോകത്തിലേക്ക് തിരികെ എത്തട്ടെ എന്നും ആശംസിക്കാം.