ശ്വാസകോശ രോഗ ചികിത്സയിലെ അതികായകന് വിട
ആധുനിക വൈദ്യശാസ്ത്രത്തിലെ അതികായരിൽ ഒരാളായിരുന്നു സാൻ ഫ്രാൻസിസ്കോ യൂണിവേഴ്സിറ്റിയിലെ പൾമണോളജി വിഭാഗം തലവൻ ആയിരുന്ന ഡോ. ജോൺ എഫ്. മുറെ. പാരീസിൽ റിട്ടയർ ജീവിതം നയിച്ചിരുന്ന മുറെ ഈ മാർച്ച് 24ന് 92ആം വയസിൽ കൊറോണ ബാധ കാരണം ആണ് മരിച്ചത്.
ആധുനിക വൈദ്യശാസ്ത്രത്തിൽ ശ്വാസകോശവിഭാഗം (Respiratory medicine) ഒരു സ്പെഷ്യൽറ്റി ആയി വളർത്തുന്നതിൽ പങ്ക് വഹിച്ച വ്യക്തി ആണ് ഡോ. മുറെ. ശ്വസനവ്യവസ്ഥയുടെ സ്തംഭനത്തിനും തുടർന്ന് മരണത്തിനും കാരണമാവുന്ന Acute Respiratory Distress Syndrome(ARDS) എന്ന അവസ്ഥയെ പറ്റി ആധികാരികമായ പഠനങ്ങൾ നടത്തിയത് ഇദ്ദേഹമാണ്. ARDS എന്ന അവസ്ഥയെ തിരിച്ചറിയുന്നതിന് വേണ്ട മാനദണ്ഡങ്ങളിൽ ആദ്യകാല ഗവേഷണങ്ങൾ നടത്തി കണ്ടെത്തിയതും ക്രോഡീകരിച്ചതും ഇദ്ദേഹത്തിന്റെ ചരിത്രപ്രധാനമായ സംഭാവന ആണ്.
അത്യാഹിതപരിചരണവിഭാഗ (ICU) ചികിത്സാരംഗത്തെ നിലവിലുള്ള പല രീതികളും, പ്രോട്ടോകോളുകളും കണ്ടെത്തിയത്തിന് പിന്നിൽ ഡോ. മുറേയുടെ സംഭാവനകൾ ഉണ്ട്. ARDS ഗവേഷണങ്ങൾക്ക് പുറമെ ക്ഷയരോഗം, എയ്ഡ്സ് എന്നിവയും മുറേയുടെ ഗവേഷണവിഷയങ്ങൾ ആയിരുന്നു.
“വിധിയുടെ വൈപരീത്യം” എന്ന പോലെ കോവിഡ് ബാധ കാരണം ഉണ്ടായ ന്യുമോണിയയും തുടർന്നുണ്ടായ ARDSഉം ആയിരുന്നു ഡോക്റ്ററുടെ മരണകാരണവും.
കൊറോണ വൈറസ് ശ്വാസകോശത്തെ ബാധിക്കുമ്പോൾ അണുബാധ ഉണ്ടാകുന്ന ഭാഗങ്ങളിൽ വരുന്ന കോശനാശവും, നീർക്കെട്ടും കാരണം ശരീരത്തിന്റെ ആവശ്യത്തിന് വേണ്ട ഓക്സിജൻ രക്തത്തിലേക്ക് എത്തിക്കുന്നതിൽ ശ്വാസകോശം പരാജയപ്പെടുന്ന അവസ്ഥയാണ് ARDS. ആവശ്യത്തിന് ഓക്സിജൻ ലഭിക്കാത്തത് കാരണം ഹൃദയം, കിഡ്നി, മസ്തിഷ്കം തുടങ്ങി ശരീരത്തിലെ പല പ്രധാന അവയവങ്ങളും സ്തംഭനത്തിലേക്ക് പോവുന്നത് കാരണം വളരെ വലിയ മരണനിരക്കാണ് ARDS നുള്ളത്. സാർസ്, മെർസ്, കൊവിഡ്-19 പോലുള്ള ശ്വാസകോശത്തെ ബാധിക്കുന്ന കൊറോണ വൈറസ് ബാധകളുടെ മരണകാരണം പലപ്പോഴും ARDS ആയിരിക്കും.
വെന്റിലേറ്റർ സഹായത്തോടെ കൃത്രിമമായി ശ്വാസം കൊടുക്കലും വളരെ സങ്കീർണം ആയ അവസ്ഥകളിൽ രക്തം ശരീരത്തിന് പുറത്ത് എടുത്ത് മെഷീൻ വഴി രക്തത്തിലേക്ക് നേരിട്ട് ഓക്സിജൻ എത്തിക്കുന്ന Extra Corporeal Membrane Oxygenation(ECMO) പോലുള്ള സങ്കീർണ ചികിത്സാരീതികളും പലപ്പോഴും ARDS ചികിത്സക്ക് ആവശ്യമാവാറുണ്ട്. ECMO ചികിത്സ ഏതെല്ലാം രോഗികൾക്ക് ആവശ്യമായി വരും എന്ന് കണ്ടെത്തുന്ന മാർഗരേഖയും ഡോ. മുറേയുടെ ആദ്യകാല സംഭാവനയാണ്.
കോവിഡ് സംബന്ധിയായ മരണങ്ങൾ ലോകത്ത് ദിനംപ്രതി സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ ഇതിനോടകം നാൽപ്പതിലധികം മരണങ്ങൾ സംഭവിച്ചു കഴിഞ്ഞു. കേരളത്തിൽ മരണ സംഖ്യ 2 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 150 ലധികം പുതിയ കേസുകൾ ഇന്ത്യയിൽ സ്ഥിരീകരിച്ചു. പ്രധാനമായി പ്രായമായവരും, അനുബന്ധ ശ്വാസകോശ/ഹൃദ്രോഗങ്ങൾ ഉള്ളവരും, ആരോഗ്യപ്രവർത്തകരും ആണ് പ്രധാന ഇരകൾ. ശ്വാസകോശ പ്രവർത്തനം, Pnemonia, ARDS എന്നിവയെയെല്ലാം സംബന്ധിച്ച ശാസ്ത്രീയമായ അറിവുകളും, വെന്റിലേറ്ററുകൾ അടക്കമുള്ള അത്യാഹിത പരിചരണവും ആണ് രോഗരക്ഷയ്ക്ക് ആശ്രയിക്കാനായി നമുക്ക് മുന്നിൽ ഉള്ളത്.
ഇതിനെല്ലാം അടിത്തറ പാകിയ വൈദ്യശാസ്ത്രചരിത്രത്തിലെ നാഴികക്കല്ലുകൾ ആയ ഡോ. ജോണ് എഫ് മുറേയുടെ സംഭാവനകളെ അദ്ദേഹത്തിന്റെ വിയോഗവേളയിൽ സ്മരിക്കാം.