പാതയിലെ പാതകങ്ങൾ : റോഡ് സുരക്ഷ ബാലപാഠങ്ങൾ
ഒരു പോലീസ് ഉദ്യോഗസ്ഥൻ രക്തദാനത്തിന് ഇയ്യിടെ വന്നപ്പോൾ കുറെ സംസാരിക്കാനിടയായി
പുള്ളി ചോദിച്ചു: “ബ്ലാക്ക് ആൻഡ് വൈറ്റ് blindness എന്നൊന്നുണ്ടോ ?”
“കേട്ടിട്ടില്ല. കളർ blindness എന്ന് കേട്ടിട്ടുണ്ട്.”
“അങ്ങനുണ്ട് ഡോക്ടറേ. അതാണ് ചിലവർക്കു വണ്ടിയിൽ കയറിയാൽ റോഡിൽ വരച്ചിട്ടുള്ള zebra line കാണാത്തത്.”
സംഗതി തമാശയായിട്ടാണ് പറഞ്ഞത്. പക്ഷേ തീരാത്ത ദുഖമാണ് ഇത്തരം റോഡ് പെരുമാറ്റങ്ങളുടെ ഫലം. സീബ്ര ലൈനിൽ നിന്ന മെഡിക്കൽ വിദ്യാർത്ഥിയുടെ മേലേക്ക് നിയന്ത്രണം വിട്ടോടികയറിയ ബസ് ആ യുവാവിന്റെ ജീവനെടുത്തത് ഇയ്യിടെയാണ്
ഇന്ത്യയിൽ ഓരോ മണിക്കൂറും 17 പേർ വാഹനാപകടത്തിൽ മരണപ്പെടുന്നു. ഇതിൽ പകുതിയിലേറെ യുവാക്കളും കുട്ടികളുമാണ് എന്നാണ് കണക്കുകൾ. ഏറ്റവും അപകടങ്ങൾ നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിൽ ഒന്ന് കേരളമാണെന്നത് ഒട്ടും അഭിമാനകാരമല്ലാത്ത നേട്ടമാണ്. തീവ്രവാദത്തേക്കാൾ പ്രകൃതിദുരന്തങ്ങളെക്കാൾ എത്രയോ മടങ്ങ് ആളപായമുണ്ടാക്കുന്നുണ്ട് റോഡപകടങ്ങൾ!
പാതയിൽ അരങ്ങേറുന്ന പാതകങ്ങളിൽ പത്തിൽ എട്ടു അപകടങ്ങളും ഡ്രൈവറുടെ കുറ്റം കൊണ്ട് തന്നെയാണ് പ്രധാനമായും ഉണ്ടാകുന്നത്. അത്തരം ഘടകങ്ങളാണ് ഇവിടെ ചർച്ച ചെയ്യുന്നത്.
അമിതവേഗത, ജീവൻരക്ഷാ ഉപാധികൾ ഉപയോഗിക്കുന്നതിലെ ഉപേക്ഷ, ട്രാഫിക് നിയമങ്ങൾ തെറ്റിക്കൽ, മദ്യപിച്ചു വാഹനമോടിക്കൽ ,ശ്രദ്ധ തിരിയൽ തുടങ്ങിയവയാണ് ഇതിൽ ഏറ്റവും മുന്നിട്ടു നിൽക്കുന്ന അപകടകാരികൾ.
? ശുഭസ്യ മന്ദം
ഒന്ന് രണ്ടാഴ്ച മുൻപ് ഒരു റോഡിലൂടെ അതിവേഗം പായുന്ന ഒരു ബസ്സിൽ യാത്ര ചെയ്തപ്പോൾ എതിർദിശയിൽ നിന്ന് വന്ന വണ്ടിയുമായി കൂട്ടിയിടി ഒഴിവാക്കാൻ വെട്ടിക്കുകയും സകല റോഡ് നിയമങ്ങളും പാലിച്ചു ശാന്തനായി വശത്തൂടെ പോയി കൊണ്ടിരുന്ന ഒരു ബെക്കുകാരൻ ഭയചകിതനായി അടുത്തുള്ള പാടത്തേക്കു തെറിച്ചു വീഴുകയുമുണ്ടായി. ഒരുത്തൻ പാടത്തേക്കു പോയെന്നു വാതുക്കൽ നിൽക്കുന്ന കിളി പറഞ്ഞു. നമ്മുടെ വണ്ടി തൊട്ടിട്ടില്ല, കേറി പോന്നോളും എന്ന് പറഞ്ഞു വീണ്ടും വണ്ടി കുതിച്ചു. ഇതെന്തു ഏർപ്പാടാണ് എന്ന് ചോദിച്ച ഇതെഴുതുന്നവനെ ഞങ്ങൾക്കെല്ലാം എത്തിയേച്ചു വേറെ പണിയുള്ളതാണ് എന്ന് പറഞ്ഞു മറ്റു യാത്രക്കാർ തെറി വിളിച്ചു. എത്തിയാലല്ലേ പണിയൊക്കെ എന്ന് മനസ്സിലോർത്തു.
മണിക്കൂറിൽ എൺപത് കിലോമീറ്ററിൽ നീങ്ങുന്ന കാർ നിൽക്കുവാൻ ശരാശരി (വരണ്ട പ്രതലത്തിൽ) 53 മീറ്ററ് ദൂരം സഞ്ചരിക്കുമെങ്കിൽ അൻപത് കിലോമീറ്റര് വേഗതയിൽ ഇത് 25 മീറ്റർ ദൂരമായി കുറയുമെന്നാണ് പഠനങ്ങൾ പറയുന്നത്. 50 ൽ നിന്ന് 100 ലേക്ക് വേഗത കൂട്ടുമ്പോൾ ഈ വിരാമവിളംബം നാലിരട്ടിയാകുന്നു. അപകട സാധ്യത മാത്രമല്ല ആഘാതത്തിന്റെ തീവ്രതയും വളരെ വ്യത്യാസം ഉണ്ട്. മുപ്പതു കിലോമീറ്റർ ആഘാത വേഗതയിൽ ഉണ്ടാവുന്ന അപകടത്തിന്റെ 20 ഇരട്ടി മരണ സാധ്യതയാണ് എൺപതു കിലോമീറ്റർ ആഘാത വേഗതയിൽ ഉണ്ടാവുന്ന അപകടങ്ങൾക്ക്. അത്യാധുനികമായ വാഹനങ്ങളെല്ലാം ഇതിലും സുരക്ഷിതമാണ് എന്നാണ് ഒട്ടു മിക്ക വാഹനനിർമാതാക്കളും അവകാശപെടുന്നത്. ഏട്ടിലുള്ളത് റോട്ടിൽ കാണുമോ എന്നത് സംശയമാണ്.
നമ്മുടെ സാഹചര്യങ്ങളിൽ ലളിതമായി പറഞ്ഞാൽ,
മെല്ലെ പോയാൽ നാളെയും പോവാം.
വണ്ടി പൂർണമായി നിൽക്കുവാൻ എടുക്കുന്ന സമയം – (വിരാമവിളംബം എന്ന് വിളിക്കാം) പ്രധാനമായും മസ്തിഷ്കം അപായ സാധ്യത തിരിച്ചറിയാൻ എടുക്കുന്ന സമയം (Perception time), തുടർന്ന് കാല് ആക്സിലേറ്ററിൽ നിന്ന് മാറ്റി ബ്രേക്ക് ചവിട്ടാൻ എടുക്കുന്ന പ്രതികരണത്തിനുള്ള താമസം (Human Reaction time), ബ്രേക്ക് പെഡലിൽ കാലമർത്തിയാൽ അതിനോട് പ്രതികരിക്കാൻ വാഹനം എടുക്കുന്ന സമയം (vehicle reaction time), ബ്രേക്കിങ്ങ് ശേഷി (breaking capability ) എന്നിവയെ ആശ്രയിക്കുന്നു . ഇതിൽ ബ്രേക്കിങ്ങ് ശേഷി ബ്രേക്ക് കണ്ടീഷൻ പോലെ തന്നെ ടയർ പ്രഷർ, ട്രെഡ്, സസ്പെൻഷൻ, റോഡ് പ്രതലം, വണ്ടിയുടെ ഭാരം എന്നിങ്ങനെയുള്ള ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.
Perception time, Reaction time എന്നിവ സുബോധത്തിൽ അര മുതൽ മുക്കാൽ നിമിഷം വരെ മാത്രമേ എടുക്കൂ. എന്നാൽ മദ്യം, ലഹരിമരുന്നുകൾ, ക്ഷീണം, ശ്രദ്ധയില്ലായ്മ ഇവയെല്ലാം ഈ സമയം വർധിപ്പിക്കുന്നു. നൂറു കിലോമീറ്റർ വേഗതയിൽ ഓടുന്ന വണ്ടിയിൽ ഇപ്രകാരം ഈ സമയം 4 നിമിഷമായ് നീണ്ടാൽ ബ്രേക്കിൽ പാദമമരും മുമ്പ് തന്നെ വണ്ടി ഒരു ഫുട്ബോൾ മൈതാനത്തിന്റെ നീളം താണ്ടി കഴിയും. തീരുമാനമാകുമെന്ന് തീർച്ച.
ഉറക്കം വരാതിരിക്കാന് കാന്താരി മുളകും കുരുമുളകും കടിച്ചു തിന്നുന്ന, കണ്ണില്വിക്സ് തേക്കുന്ന ഡ്രൈവര് … ഇതെഴുതുന്ന സമയത്തു ടീവിയിൽ exclusive പോവുന്നുണ്ട്. അമേരിക്കയിലെ കണക്കു പ്രകാരം പാതി ഉറക്കത്തിലെ ഡ്രൈവിംഗ് അഞ്ചിലൊന്ന് അപകടങ്ങൾക്കു പുറകിലുണ്ട്. വായ്കോട്ട വിടുക, കണ്ണടഞ്ഞ് പോകുക, അല്പം മുൻപ് പിന്നിട്ട വഴിയേ പറ്റി ധാരണയില്ലാതാവുക, ലെയ്ൻ തെറ്റി കയറിപ്പോവുക, ഹംപുകൾ കാണാതെ ഓടിച്ചു കയറിപ്പോവുക തുടങ്ങിയ അപായസൂചനകൾ ഒരു കാരണവശാലും അവഗണിക്കാതിരിക്കുക. വണ്ടി കുറച്ചു നിർത്തിയിട്ടു കാപ്പി കുടിയൊക്കെ പരീക്ഷിക്കാമെങ്കിലും ഉറക്കം ഉറക്കേനെ ശാന്തി എന്നാണ് വിദഗ്ദർ പറയുന്നത് സൈഡ് ആക്കി ഒരു പതിനഞ്ചു ഇരുപതു മിനുട്ടെങ്കിലും മയങ്ങുക തന്നെ. കഴിഞ്ഞ 24 മണിക്കൂറിൽ 7 മണിക്കൂർ ഉറങ്ങാൻ കഴിയാത്തവർ നിവൃത്തിയുണ്ടെങ്കിൽ ദീർഘ ദൂര ഡ്രൈവിംഗ് ഒഴിവാക്കുന്നതാവും ഏറ്റവും സുരക്ഷിതം.
മദ്യവും മയക്കുമരുന്നുകളും ഉറക്കകുറവും പലരും എടുത്തു പറയാറുണ്ടെങ്കിലും ശ്രദ്ധ പാളി ഏകാഗ്രത നഷ്ടപ്പെടുന്നതും ഒരു പ്രധാന ഘടകമാണ്. ഓഫീസിൽ വഴക്കിട്ടത്, ‘എന്നാലും ആ പാട്ടിന്റെ തുടക്കമെങ്ങനായിരുന്നു’ , സൂപ്പർ മാർക്കറ്റിൽ നിന്ന് ഭാര്യ വാങ്ങിക്കാൻ പറഞ്ഞത് എന്തായിരുന്നു എന്നിങ്ങനെ റോഡിൽ നിൽക്കണ്ട മനസ് പല ദിക്കിൽ കാട് കയറുന്നു. ദീർഘദൂര യാത്രകളിൽ ഇടയ്ക്ക് വണ്ടി നിർത്തുക, വെള്ളം കുടിക്കുക, ജനൽ താഴ്ത്തിയിട്ട് കുറച്ച് ദൂരം ഓടിക്കുകയല്ലാം ഇതിന് തടയിടാനായി ശ്രമിക്കാവുന്നതാണ്. ച്യൂയിങ്ങ് ഗം ചവച്ചു കൊണ്ട് ഡ്രൈവ് ചെയ്യുന്നത് ശ്രദ്ധ കൂട്ടുമെന്ന് ചില പഠനങ്ങൾ പറയുന്നുണ്ട്. ച്യൂവിങ്ങ് ഗം മാഫിയയുടെ പണം പറ്റി എഴുതുന്നതാണോന്ന് സംശയം ഇല്ലാത്തവർക്ക് പരീക്ഷിച്ച് നോക്കാവുന്നതാണ്.
? അതിവേഗം ബഹുഘോരം
ഓരോ വഴിക്കും കൃത്യമായ speed limit കൾ മിക്കപ്പോഴും സെറ്റ് ചെയ്തിട്ടുണ്ടെങ്കിലും നടപ്പിലാക്കുന്നതിൽ നാം പുറകോട്ടാണ്. ലോകമെമ്പാടും ഏതു ട്രാഫിക് വ്യവസ്ഥയും കർശനമായ പാലനത്തിലൂടെ (enforcement) മാത്രമേ വിജയിച്ചിട്ടുള്ളൂ. നമ്മുടെ റോഡുകളിൽ വേഗതയിൽ ഓടിക്കണം എന്ന് വാശി ഉള്ളവനോട് വല്ല മൈതാനത്തും പോയി ഓടിച്ചോളൂ എന്ന് പറയുന്നതാവും ഭംഗി.
പത്തു പേരിൽ കൂടുതൽ യാത്ര ചെയ്യുന്ന വാഹനങ്ങളിലും 3500 കിലോഗ്രാമിൽ ഏറെ ഭാരമുള്ള വാഹനങ്ങളിലും സ്കൂൾ ബസ്സുകളിലും സ്പീഡ് ഗവർണ്ണർ നിർബന്ധമാക്കി നിയമം ഉണ്ട് എന്നാണറിവ്. വീട്ടിൽ കള്ളൻ കയറിയ കാര്യം പറഞ്ഞപ്പോൾ അതിനവിടെ പട്ടിയില്ലേ എന്ന് അയൽവാസി ചോദിച്ച കണക്കാണ് പലപ്പോഴും അതിന്റെ കാര്യം ..
“ഭാഗ്യത്തിനതിനെ കള്ളൻ കൊണ്ട് പോയില്ല.” അത്രയും ഉപകാരമില്ലാത്ത സ്പീഡ് governor കൾ ആണ് പലയിടത്തും. നിലവാരമില്ലാത്തവ, കേടു വന്നവ/വരുത്തിയവ എന്നിങ്ങനെ …
? മുദ്ര ശ്രദ്ധിക്കൂ ….
ഓടുന്ന ksrtc ബസ് എപ്പോൾ ബ്രേക്ക് ഡൗൺ ആവുമെന്നോ മുൻപിലുള്ള ഓട്ടോറിക്ഷ എപ്പോൾ തിരിക്കുമെന്നോ ജീവിതത്തിൽ അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്നോ ഉടയതമ്പുരാന് പോലും നിശ്ചയമില്ല എന്നാണ് പറയുക. ഓടുന്നത് ഓട്ടോയായാലും ഓഡിയായാലും മിക്കപ്പോഴും സിഗ്നലിന്റെ അവസ്ഥ ഇതന്നെ. പ്രായം തികയാതെ വണ്ടി കയ്യിൽ കിട്ടിയ കൗമാരക്കാർ അതിവേഗം തെറ്റായ സൈഡിലൂടെ ഓടിച്ചു ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഡോക്ടറെ ഇടിച്ചു കൊല്ലുകയും ഭാര്യയെയും കുഞ്ഞിനേയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തത് ഇയ്യിടെയാണ്.
? ഒരു ട്രാഫിക് സിഗ്നലും അനുസരിക്കാത്തവൻ പോലും ഇനി ഇതൊന്നും കൂടാതെ ഞാൻ സ്വയം കണ്ടെത്തിയ ചില രസങ്ങളുണ്ട് എന്ന് പച്ചാളം പറഞ്ഞ കണക്ക് സ്വയം കണ്ട് പിടിച്ച ചില സിഗ്നലുകളുണ്ട്. ഒരു പ്രതിപക്ഷബഹുമാനവും ഇല്ലാതെ ഞാൻ ആദ്യം എന്ന് കാണിക്കാൻ ഹെഡ് ലൈറ്റ് ഇട്ടു കാട്ടുന്നതാണ് ആണ് ഇതിൽ മുഖ്യം. ഒരു സുഹൃത്ത് ഇത് കണ്ടാൽ ഉടൻ വൈപ്പറ് വേഗത്തിലിടും. പറ്റില്ല എന്ന മറുപടി സിഗ്നലാണ്.
?ഈ രീതിയിൽ സിഗ്നലുകൾ അവഗണിച്ചും സ്വയം നിർമിച്ചും കുരുതിക്കളം തീർക്കുന്ന വാഹനങ്ങളെ മര്യാദ പഠിപ്പിക്കാൻ നിയമ വ്യവസ്ഥിതി മാത്രം വിചാരിച്ചിട്ടു കാര്യമില്ല. ലൈസൻസ് എടുക്കുന്നതിനു മുൻപും ശേഷവും അവബോധ -പെരുമാറ്റ പരിഷ്കരണ രീതികളിലൂടെ ട്രാഫിക് നിയമങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുക, അപകടകരമായ ഡ്രൈവിങ്ങിനു ലൈസൻസ് ക്യാൻസൽ ചെയ്യുക തുടങ്ങിയ രീതികൾ കര്ശനമാക്കുക എന്നത് ഇതിനു ചെറിയൊരു പരിഹാരമാകും
? വാലേൽ തൂങ്ങരുത്, കാണാക്കോണുകൾ.
മറ്റ് സിഗ്നലുകൾ അനുസരിക്കുമെങ്കിലും അപകടകരമായ രീതികൾ പിന്തുടരുന്ന പലരുമുണ്ട്. വാലേൽതൂങ്ങൽ എന്ന tailgating ആണ് ഇതിൽ പ്രധാനം. വല്ലാതെ അടുപ്പിച്ച് പിന്തുടരുക… എത്ര വേഗതയിൽ നാം പോകുന്നുവോ ഏകദേശം അത്രയും അടി ദൂരത്തിന്റെ ഗാപ്പ് വെക്കുക. എഴുപത് മൈൽ വേഗതയിൽ എഴുപതടി ഗാപ്പിടുക. ചുരുങ്ങിയത് മൂന്ന് സെക്കന്റിന്റെ യാത്രാ സമയമാണ് ഉദ്ദേശം. വാലേൽ തൂങ്ങൽ ഒഴിവാക്കുന്നത് പോലെ മുഖ്യമാണ് വാലേൽ തൂങ്ങികളെ ഒഴിവാക്കുക എന്നത്.. കടന്നു പോകാനവുദിക്കയോ (ഓർക്കുക, ഇതൊരു ഗോമ്പറ്റിഷൻ ഐറ്റമല്ല) ലെയിൻ മാറുകയോ ചെയ്യാൻ ശ്രമിക്കുക.
? അത് പോലെയാണ് കാണാക്കോണുകൾ (blind Spots) തിരിച്ചറിയുക എന്നത്. വാഹനത്തിൽ ഇരിക്കുമ്പോൾ മൂന്ന് കണ്ണാടികളിലും തെളിയാത്ത ഭാഗമാണ് blind spots. വാഹന നിർമിതി കൊണ്ടും ഘടനാപരമായും മറയപ്പെടുന്ന ഈ ഭാഗങ്ങളിൽ ഉളള വാഹനങ്ങൾ മിസ് ആകാം എന്ന മുൻ ധാരണയുള്ളത് നന്നാവും.
?️ ട്രാക്ക് മാറുക, വളവെടുക്കുക, ക്രോസ് റോഡ് – ഇന്റർസെക്ഷൻ തുടങ്ങിയ മാർഗാന്തരങ്ങൾ വരുന്നിടത്താണ് മറ്റൊരു സ്ഥിരം അപകടകേന്ദ്രം. രാവിലെ എണീറ്റ് ഉറക്കപിച്ച് വിടാതെ കിടക്കപ്പായേൽ നിന്ന് കുളിമുറിയിലേക്ക് പോവുന്ന ലാഘവത്തോടെയും അനവധാനതയോടെയുമാണ് പലപ്പോഴും നാമിത് ചെയ്യുന്നത്. വേഗത കുറയ്ക്കുക, ദൃഷ്ടിരേഖ യാത്രാപഥം മുഴുവൻ എത്തുമെന്ന് ഉറപ്പാക്കുക (Line of Sight – Path of travel). കാണാക്കോണുകൾ കൂടി മനസിൽ കാണുക. കണ്ണാടി കാഴ്ചവസ്തുവല്ലെന്നോർക്കുക. അതിൽ നോക്കുക ഇത്രയുമാണ് ദിശ മാറുമ്പോഴും മുറിച്ചു കടക്കുമ്പോഴും ശ്രദ്ധിക്കേണ്ടത്.
?വഴി മാറെടാ മുണ്ടക്കൽ ശേഖരാ …
രണ്ടു വർഷത്തോളം എന്നും നൂറോളം കിലോമീറ്റർ രാത്രി സഞ്ചാരം പതിവുണ്ടായിരുന്നപ്പോൾ പലപ്പോഴും ലൈറ്റ് ഡിമ്മാക്കെടാ, * @#$ മോനേ എന്ന ശബ്ദമുണ്ടാക്കുന്ന ഹോൺ വണ്ടിയിൽ ഘടിപ്പിക്കാൻ സാധിച്ചിരുന്നെങ്കിൽ നന്നായേനെ എന്ന് തോന്നിപ്പോകുമായിരുന്നു. (കണ്ണ് മഞ്ഞളിച്ചാൽ ആരുടെയും ഭാഷ മോശമാകും; ‘വിവേകത്തിന്റെ ഒരേ ഈണം’ വേണ്ടത് കൊണ്ട് ബീപ്പ് കിടക്കട്ടെ..)
? “ഏൻ വഴി തനി വഴി” സ്റ്റൈലിൽ ട്രാഫികചിഹ്നങ്ങളും അടയാളങ്ങളും കലാസൃഷ്ടികളായ് മാത്രം കണ്ട് ആസ്വദിച്ച് സ്വഛന്ദ ചാരികളായി നീങ്ങുന്ന വാഹനങ്ങൾ റോഡ് കുരുതിക്കളമാക്കി മാറ്റുന്നു.
? വാഹനം ഒരു വെറും യന്ത്രമല്ല..
?️ വാഹനവും ഉടമയും തമ്മിൽ ഒരു അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം ആവശ്യമാണ്. ശ്രദ്ധയോടെ വാഹനം ഓടിക്കുന്നയാൾക്കു വാഹനത്തിന്റെ സ്വഭാവത്തിലോ ശബ്ദത്തിലോ വരുന്ന നേരിയ വ്യത്യാസം പോലും മനസിലാക്കാൻ കഴിയും. അഞ്ചോ പത്തോ മിനിറ്റ് ടെസ്റ്റ് ഡ്രൈവ് ചെയ്യുന്ന ഒരു മെക്കാനിക്കിനെക്കാൾ ഒരു പക്ഷെ സ്ഥിരം വാഹനം ഓടിക്കുന്നയാൾക്കാണ് ഇത്തരം പ്രശ്നങ്ങൾ പെട്ടന്ന് അറിയാൻ കഴിയുക. എന്തെങ്കിലും സംശയം തോന്നിയാൽ വച്ചു താമസിപ്പിക്കാതെ വിദഗ്ധോപദേശം തേടണം. വണ്ടി എങ്ങനെ മെയ്ൻറെയ്ൻ ചെയ്യണമെന്ന് വിശദമായി ഇത്തരം ഒരു പേജിൽ ഒതുക്കാൻ പ്രയാസമാണ്. എന്നിരുന്നാലും ചില അടിസ്ഥാന കാര്യങ്ങൾ പരാമർശിക്കാതെ വയ്യ..
?️ കൃത്യമായ ഇടവേളകളിൽ വാഹനം സർവീസ് ചെയ്യിക്കുക. എൻജിൻ ഓയിൽ, coolant എന്നിവ ഇടയ്ക്കു സ്വയം പരിശോധിക്കേണ്ടതാണ്. ബ്രേക്ക്, വൈപ്പർ, ഹെഡ് ലൈറ്റ്, ഇൻഡിക്കേറ്റർ ലൈറ്റ് എന്നിവ പ്രവർത്ഥനക്ഷമമാണെന്നു ഓരോ യാത്രക്കും മുന്നേ ഉറപ്പു വരുത്തുക, വശങ്ങളിയും ഉള്ളിലെയും കണ്ണാടികൾ പുറകിലെ കാഴ്ച വേണ്ടവിധം കാണിച്ചു തരുന്നു എന്നു ഉറപ്പു വരുത്തുക , വാഹനങ്ങളിലെ electronic display യിൽ തെളിയുന്ന മുന്നറിയിപ്പുകളെ (Hazard lamps) അവഗണിക്കാതിരിക്കുക എന്നിവ യാത്ര ശുഭകരമാവാൻ സഹായിക്കും. സിനിമാ നടിയുടെ കവിളു പോലെ മിനുസമായ തേഞ്ഞു തീരാറായ ടയറുകൾ ന്യൂ ജൻ ഭാഷയിൽ നിങ്ങളെ എപ്പം തേച്ചെന്ന് ചോദിച്ചാൽ മതി. യഥാസമയം അവ മാറ്റുക .
? ടയറിലെ എയര് പ്രഷര് മാസത്തില് ഒരു തവണയെങ്കിലും കൃത്യമാണെന്ന് ഉറപ്പു വരുത്തുന്നതും കൃത്യമായ ഇടവേളകളില് wheel alignment, balancing ചെയ്യുന്നതും നേരത്തെ സൂചിപ്പിച്ചത് പോലെ Handling, breaking distance എന്നിവയില് കാര്യമായ വ്യത്യാസം വരുത്തും..
(സീറ്റ് ബെൽറ്റ് പോലുള്ള അവശ്യമായ ഉപാധികൾ തൊട്ടു മുൻപത്തെലേഖനത്തിൽ വിശധമാക്കിയിട്ടുണ്ട്..)
?️ One For the Road?
? അഞ്ച് ശതമാനം വാഹനാപകട മരണങ്ങൾ ഇന്ത്യയിൽ നേരിട്ട് മദ്യപാനവുമായി ബന്ധമുള്ളതാണെന്ന് കണക്കുകൾ പറയുന്നു. യഥാർത്ഥ സംഖ്യ ഇതിലും വളരെ ഉയർന്നതാണ് എന്ന് കരുതപ്പെടുന്നു. ഇന്ത്യയിലെ നിയമപ്രകാരം ഡ്രൈവിങ്ങിൽ അനുവദിച്ചിട്ടുള്ള അളവിൽ (100 ml രക്തത്തിൽ 30 mg alcohol) പോലും അപകടസാധ്യത കഴിക്കാത്തവരേക്കാൾ ഏഴിരട്ടി വരെ ഉണ്ടെന്ന് പഠനങ്ങൾ പറയുന്നു. പൊതുവാഹനങ്ങൾ ഓടിക്കുന്ന പ്രൊഫഷനൽ ഡ്രൈവർമാരിൽ പോലും ഈ ശീലമുളളവരുണ്ട്.
ബോധപൂർവ്വം തീരുമാനമെടുക്കാൻ കഴിവിനെ ബാധിക്കുന്ന ഉറക്കമിളച്ച് ഓടിക്കൽ, വിശ്രമമില്ലാതെ ഓടിക്കൽ, മയക്കം വരുത്തുന്ന മരുന്നുകൾ കഴിച്ച് ഓടിക്കൽ ഒക്കെ അപകടത്തിനുള്ള ക്വട്ടേഷനാണ്.
? ലൈവ് പോവുന്നവൻ ഡെഡ് ആകും…
? തല തോളോട് ഒട്ടി ഇടയിൽ ഒരു മൊബൈൽ തിരുകി സംസാരിച്ചു കൊണ്ട് ബൈക്ക് ഓടിക്കുന്നവരും, ചുരം കയറുന്ന ലൈവ് FB യിലിട്ട് കാറോടിക്കുന്നവരുമൊക്കെയുണ്ട്. ഇപ്രകാരം ലൈവ് പോകുന്നവർ എന്ന് വേണേലും ഡെഡ് ആവാം. ചമഞ്ഞ് കിടക്കാൻ പോലും പറ്റാത്ത രീതിയിൽ.
പാട്ട് മാറ്റൽ, ഉറക്കെയുള്ള സംസാരവും കളിയും, ഒരു കൈ തീറ്റ തുടങ്ങിയ ശ്രദ്ധ തിരിക്കലുകളും തഥൈവ. വണ്ടി ഓടിക്കുന്നത് ആ സമയത്ത് ഒരു full time ജോബ് ആണ്..
മനുഷ്യൻ അപകടങ്ങൾ വരുത്തും എന്ന മുൻവിധിയോടെയുള്ള റോഡ് – യാത്രാ പരിസര നിർമിതിയും ഇതിൽ പ്രധാനമാണ്. മോശം റോഡുകൾ, ദുഷ്കരമായ കാലാവസ്ഥാ സാഹചര്യങ്ങൾ, ശരിയായ സിഗ്നലുകളുടെ അഭാവം, അപാകതയുള്ള വാഹനനിർമിതി തുടങ്ങിയവ ഓടിക്കുന്നവന്റെ നിയന്ത്രണത്തിലല്ല. കാൽനടക്കാർക്കുള്ള നടപ്പാത കയ്യേറി കച്ചവടം നടത്തുന്നതു മൂലം അവർ വാഹനങ്ങൾ ഇരമ്പി പായുന്ന റോഡിലേക്ക് ഇറങ്ങാൻ നിര്ബന്ധിതരാവുന്നത് തുടങ്ങി ഒട്ടനവധി കാരണങ്ങളുണ്ട്. പലവയും നമ്മുടെ നാട്ടിൽ സർവ്വസാധാരണവും പെട്ടെന്ന് പരിഹരിക്കപ്പെടാൻ സാധ്യതയില്ലാത്തവയും ആണ്. നമുക്ക് ചെയ്യാനുള്ളത് നമുക്ക് ചെയ്യാം.
കേരള സർക്കാർ റോഡപകടങ്ങളിൽ പെട്ടവർക്ക് ആദ്യ 48 മണിക്കൂർ സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. വിജയിച്ചാൽ ഉജ്വലമായ ഒരു ജനക്ഷേമ പദ്ധതിയാകും അത്.
എങ്കിലും, ആ പദ്ധതി നമുക്കാർക്കും ഉപകാരപെടുത്തേണ്ടി വരില്ല എന്നു പ്രത്യാശിക്കാം.
?നിങ്ങളുടെ യാത്ര സുരക്ഷിതമാവട്ടെ…
?വരവ് കാത്തിരിക്കുന്ന വഴിക്കണ്ണുകൾ ഈറനാവാതിരിക്കട്ടെ…