· 6 മിനിറ്റ് വായന

റുബെല്ല വാക്സിനേഷനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ

Preventive Medicineകിംവദന്തികൾ

ആർ.എസ്.എസും അമേരിക്കയും തമ്മിലുള്ള ബന്ധമെന്താണ്. .നരേന്ദ്രമോഡിയും ബിൽ ഗേറ്റ്സും തമ്മിലുള്ള അന്തർധാരയെക്കുറിച്ച് എന്താണു നിങ്ങൾക്കറിയാവുന്നത്? ഇൻഫോ ക്ലിനിക് രാഷ്ട്രീയത്തിലിറങ്ങിയോ എന്ന് കരുതേണ്ട. എന്നും ആരോഗ്യം തന്നെയാണു ഞങ്ങളുടെ വിഷയം.

അമേരിക്കയുടെ ഇസ്ലാം വിരുദ്ധത എന്ന വാർത്ത കത്തി നിന്ന കാലത്ത് അത് പറഞ്ഞാൽ പൊതുബോധം വളരെ എളുപ്പം സ്വീകരിക്കും എന്നുണ്ടായിരുന്നതുകൊണ്ട് അങ്ങനെ നടത്തിയിരുന്ന പ്രചരണം ഇപ്പൊഴത്തെ ട്രെൻഡിനനുസരിച്ച് മാറ്റി ശ്രീ നരേന്ദ്ര മോഡിയുടെ നിർദ്ദേശപ്രകാരമുള്ള ആർ.എസ്.എസ്. തന്ത്രമെന്ന് ആക്കി മാറ്റി വാട്ട്സാപ് വഴിയുള്ള വാക്സിൻ വിരുദ്ധ പ്രചരണത്തിന് ആക്കം കൂട്ടി ഇറക്കിയ മെസ്സേജ് കുറച്ച് പേരെങ്കിലും കണ്ടുകാണുമെന്ന് കരുതുന്നു.

കഴിഞ്ഞ വർഷം അമേരിക്കയും ബിൽ ഗേറ്റ്സും വികസ്വര രാജ്യങ്ങളിലെ ജനസംഖ്യ കുറയ്ക്കാൻ വാക്സിനേഷൻ ഉപയോഗിക്കുന്നു എന്ന് പരക്കെ കുപ്രചരണമുണ്ടായിരുന്നു. ഇക്കൊല്ലം കളം മാറ്റിപ്പിടിച്ച് അത് മോഡിയും ആർ.എസ്.എസും ആക്കി എന്നത് മാത്രമാണ് അവർ തമ്മിലുള്ള ബന്ധം.

ഈ ഒരൊറ്റക്കാര്യം കൊണ്ട് തന്നെ – അതായത് പൊതുബോധത്തിനനുസരിച്ച് കഥ മാറ്റുന്ന തന്ത്രം – ഈ കോൺസ്പിരസി തിയറി – അഥവാ ഗൂഢാലോചനാ സിദ്ധാന്തത്തിന്റെ പൊള്ളത്തരം നമുക്ക് മനസിലാക്കാവുന്നതേ ഉള്ളൂ . ഇതിൽ പ്രതിപാദിച്ചിരിക്കുന്ന,വളരെയേറെ കുപ്രചരണങ്ങൾ നേരിടുന്ന റുബെല്ല വാക്സിനേഷനെക്കുറിച്ചുള്ള സംശയങ്ങൾ ഉന്മൂലനം ചെയ്യാൻ ഇൻഫോ ക്ലിനിക് ശ്രമിക്കുകയാണിവിടെ.

_____________________________________________

2015 തുടക്കത്തിലെപ്പൊഴോ ആണ് ഹന്നയെക്കുറിച്ച് കേൾക്കുന്നത്. അന്ന് വാക്സിനുകളെ എതിർക്കാൻ ശ്രമിക്കുന്ന കുപ്രചാരകരെക്കുറിച്ച് ഞാൻ കേട്ടിരുന്നില്ല. ആരോഗ്യത്തെക്കുറിച്ച് എഴുതാൻ ശ്രമിച്ചിരുന്നുമില്ല. ഇൻഫോ ക്ലിനിക് സ്വപ്നത്തിൽ പോലുമില്ല.

ഹന്ന….ഗുരുതരമായ വൈകല്യങ്ങൾ അവളുടെ കുഞ്ഞു ഹൃദയത്തിലുണ്ടായിരുന്നു.കരഞ്ഞാൽ ശരീരം മുഴുവൻ നീലിക്കും. അരയ്ക്ക് കീഴ്പോട്ട് സ്വാധീനക്കുറവുണ്ടാകുന്ന അവസ്ഥ. എങ്കിലും അവളുടെ മാതാപിതാക്കൾ അവളെ പൊന്നുപോലെ നോക്കി. മരിക്കുന്നതിനു മുൻപ് പോകാവുന്നിടത്തെല്ലാം അവൾ പോയി.ബുദ്ധിക്കോ ഓർമയ്ക്കോ പെരുമാറ്റത്തിനോ ഉണ്ടാകാവുന്ന വൈകല്യങ്ങളൊന്നും അവൾക്കുണ്ടായിരുന്നില്ല.ഹന്ന ഒരുപാടുനാളുകളൊന്നും ഈ ഭൂമിയിൽ ജീവിച്ചിരുന്നില്ല.നാലാം പിറന്നാളിന് ഏതാനും ദിവസം ശേഷിക്കെ അവൾ ഈ ലോകം വിട്ടു പോയി.

അവൾ വേർപാടിലും രണ്ട് പേർക്ക് വെളിച്ചമായി. അവളുടെ രണ്ട് നേത്രപടലങ്ങളും ആ മാതാപിതാക്കൾ ദാനം ചെയ്തു.അവൾ മരിച്ചതിനു ശേഷം ഏതാണ്ട് രണ്ട് വർഷം കഴിഞ്ഞ് അമ്മയ്ക്ക് നടത്തിയ റുട്ടീൻ മെഡിക്കൽ ചെക്കപ്പിലാണ് റുബെല്ലയെ ശരീരം പ്രതിരോധിച്ചതിന്റെ തെളിവ് രക്തത്തിലുണ്ടെന്ന് അവർ കണ്ടെത്തുന്നത്. ഗർഭത്തിന്റെ ആദ്യ കാലങ്ങളിൽ എപ്പൊഴോ വന്നുപോയ ഒരു സാധാരണ പനി. അന്ന് ദേഹത്ത് വന്ന ചെറിയ ചുവന്ന തടിപ്പുകൾ ഹന്നയുടെ ഹൃദയ കോശങ്ങൾക്ക് ഒരു വലിയ ചുവപ്പ് സിഗ്നലായിരുന്നുവെന്ന് മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല. അത് റുബെല്ലയായിരുന്നെന്ന് അറിയാൻ പിന്നീട് വർഷങ്ങളെടുത്തു…അന്ന് വായിച്ച് മാത്രം അറിഞ്ഞ ഹന്ന ഇപ്പൊഴും ഒരോർമ്മയായി എന്റെ മനസിൽ നിൽക്കണമെങ്കിൽ അവളുടെ മാതാപിതാക്കളുടെ മനസിലെന്താണെന്ന് ഊഹിക്കാൻ കഴിയുമോ?

(ഹന്നയുടെ കഥ വിശദമായി വായിക്കാൻ ആദ്യ കമന്റിലെ ലിങ്ക് പിന്തുടരുക)

1.എന്താണ് റുബെല്ല ?

വളരെ സിമ്പിളായി പറഞ്ഞാൽ ഒരു തരം വൈറൽ പനിയാണ് റുബെല്ല. ജർമൻ മീസിൽസെന്ന് ഒരു ഇരട്ടപ്പേരുണ്ട്. ചെറിയ തോതിലുള്ള പനിയും തൊലിപ്പുറത്ത് കാണാവുന്ന ചെറിയ ചുവന്ന തിണർപ്പുകളുമായി കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ ഒഴിവായിത്തരുന്ന ഒരു ചെറു പനി. 50% ആളുകളിൽ റുബെല്ല പരിശോധനയിൽ കണ്ടെത്താൻ സാധിക്കാത്തത്ര ലഘുവായ ലക്ഷണങ്ങളോടെയും വന്നുപോകാം. അതായത് സാധാരണ പനിയെന്ന രീതിയിൽ അവഗണിക്കപ്പെട്ടു പോകാൻ സാദ്ധ്യത ഏറുന്നു എന്ന് ചുരുക്കം.

പനിയുടെ കൂടെ കഴലവീക്കമുണ്ടാകാം. അതിനപ്പുറത്തേക്കുള്ള കോമ്പ്ലിക്കേഷനുകൾ അപൂർവമാണ്. ഡ്രോപ് ലെറ്റ് ഇൻഫെക്ഷൻ , അതായത് ചുമയ്ക്കുമ്പൊഴും തുമ്മുമ്പൊഴുമുണ്ടാകുന്ന ചെറു കണികകൾ (ഡ്രോപ് ലെറ്റുകൾ) വഴിയാണ് റുബെല്ല പകരുന്നത്.

2.വന്ന് പോകുന്ന സാധാരണ പനിക്കെന്തിനാണ് ഇത്ര പണം മുടക്കി വാക്സിൻ വച്ച് തടുക്കാൻ ശ്രമിക്കുന്നത്?ഇത് മരുന്ന് കമ്പനികൾക്ക് കാശുണ്ടാക്കാനല്ലേ?

റുബെല്ല ഏത് പ്രായത്തിലും ലിംഗഭേദമെന്യേയും വരാമെങ്കിലും ഗർഭിണികൾക്ക് ഈ രോഗം വരുന്നത് അപകടകരമാണ്..അമ്മയെക്കാൾ കുഞ്ഞിനാണ് അപകടം കൺജെനിറ്റൽ റുബെല്ല സിൻഡ്രോം എന്ന അവസ്ഥ കുഞ്ഞിനുണ്ടാകാം. റുബെല്ല വൈറസ് ഇൻഫെക്ഷൻ ഗർഭപാത്രത്തിൽ വച്ച് ഉണ്ടായാൽ ഉണ്ടാകാനിടയുള്ള ലക്ഷണങ്ങളുമായി പിറക്കുന്ന കുഞ്ഞിന് ആണ് കൺജെനിറ്റൽ റുബെല്ല സിൻഡ്രോം ഉള്ളതായി പറയപ്പെടുക.

പ്രധാനമായും കണ്ണ്, കാത് , ഹൃദയം എന്നിവയുടെ ജന്മ വൈകല്യങ്ങളും അതോടൊപ്പം ഗർഭം അലസിപ്പോകൽ, മാസം തികയാതെ പിറക്കുന്ന അവസ്ഥ, ഗർഭാവസ്ഥയിലെ മരണം തുടങ്ങി ഒന്നിലേറെ ഗുരുതര പ്രശ്നങ്ങളുമാണ് ഗർഭാവസ്ഥയിൽ അമ്മയ്ക്ക് റുബെല്ല വൈറസിന്റെ ഇൻഫെക്ഷൻ ഉണ്ടായാൽ നേരിടേണ്ടി വരിക.വളർന്ന് വരുന്ന കുഞ്ഞുങ്ങൾക്കുണ്ടാകാനിടയുള്ള മാനസിക – ശാരീരിക പ്രശ്നങ്ങൾ വേറെ…

ആദ്യ മൂന്ന് മാസത്തിൽ ഇൻഫെക്ഷനുണ്ടായ 85% കുട്ടികളിലും മൂന്ന് മാസം തൊട്ട് 20 ആഴ്ച വരെ ഇൻഫെക്ഷനുണ്ടായ 16% കുട്ടികളിലും കൺജെനിറ്റൽ റുബെല്ല സിൻഡ്രോം കണ്ടിരുന്നു..റുബെല്ല സാധാരണമായി കാണിക്കുന്ന ലക്ഷണങ്ങളില്ലാതെ വരുന്ന ഇൻഫെക്ഷനുകളിലും ഈ ദുരവസ്ഥയുണ്ടാകുന്നു എന്നതാണ് ഏറ്റവും ദുഖകരം. അതായത് വന്ന് പോയത് റുബെല്ല ആണെന്ന് അറിയില്ലെങ്കിൽ പോലും കുഞ്ഞിനു കൺജെനിറ്റൽ റുബെല്ല സിൻഡ്രോം ഉണ്ടാകാം.

  1. ഈ വാക്സിൻ ഇന്ത്യ ഒഴികെയുള്ള വിദേശ രാജ്യങ്ങളിൽ നൽകുന്നുണ്ടോ?

ലോകാരോഗ്യ സംഘടനയുടെ വെബ് സൈറ്റ് നമുക്ക് നൽകുന്ന വിവരം 147 ലോക രാജ്യങ്ങളിൽ റുബെല്ല വാക്സിൻ ഏർപ്പെടുത്തപ്പെട്ടുവെന്നും ഇപ്പോഴുള്ള ലോകം മുഴുവനുമുള്ള കവറേജ് 50%ൽ താഴെയാണ് നിൽക്കുന്നതുമെന്നാണ്. ഒരു ലക്ഷത്തോളം കുട്ടികൾ ലോകമൊട്ടാകെ കൺജെനിറ്റൽ റുബെല്ല സിൻഡ്രോമുമായി ഓരോ വർഷവും പിറക്കുന്നു.വാക്സിന്റെ കവറേജ് ഏറ്റവും കുറഞ്ഞ ആഫ്രിക്കൻ – സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളിലാണ് ഇത് കൂടുതലും വാക്സിന്റെ വരവിനു മുൻപ് ഇത് ആയിരം കുട്ടികളിൽ നാലു പേർ എന്ന നിരക്കിലായിരുന്നെന്നും ലോകാരോഗ്യസംഘടന പറയുന്നു.

കണക്ക് സിമ്പിളാക്കാം. ഇപ്പോൾ ഒരുദിവസം മൂന്ന് ലക്ഷത്തിൽ പരം കുട്ടികൾ പിറന്ന് വീഴുന്നു. വാക്സിനില്ലായിരുന്നെങ്കിൽ പ്രതിദിനം അതിൽ 1200 കുട്ടികൾ ജന്മവൈകല്യങ്ങളുമായി പിറന്നേനെ.അതായത് വർഷം നാലര ലക്ഷത്തോളം കുട്ടികൾ….ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത് 2020 ഓടെ അതിന്റെ അഞ്ച് സോണുകളിലെങ്കിലും റുബെല്ലയെ തുടച്ചുനീക്കാനാണ്.

കവി ഉദ്ദേശിച്ചത് – പിള്ളേരുണ്ടാകാതിരിക്കാൻ ഇന്ത്യയിൽ ബിൽ ഗേറ്റ്സും കേരളത്തിൽ മോഡിയും വിതരണം ചെയ്യുന്ന ലൊടുക്കുവിദ്യയല്ല റുബെല്ല വാക്സിൻ

  1. എന്തിനാണു പിന്നെ 13-18 വയസുള്ള പിള്ളേർക്ക് കൊടുക്കുന്നത് കല്യാണം കഴിക്കുമ്പൊഴോ അല്ലെങ്കിൽ ഗർഭിണിയാകുമ്പൊഴോ കൊടുത്താൽ പോരേ? ഇത് മരുന്നു കമ്പനി…..

തട്ടിപ്പല്ലേ എന്നല്ലേ ചോദിക്കാൻ വന്നത്..അല്ല. മീസിൽസ് , Mumps, റുബെല്ല എന്നീ മൂന്ന് അസുഖങ്ങൾക്കുമെതിരെയുള്ള എം.എം.ആർ വാക്സിൻ സോഷ്യൽ സെക്യൂരിറ്റി മിഷന്റെ ഭാഗമായി ഇമ്യൂണൈസേഷൻ പ്രോഗ്രാമിൽ ഉൾപ്പെടുത്തപ്പെട്ടിട്ട് അധികം കാലമായിട്ടില്ല. അതിനു മുൻപ് അത് ലഭിക്കാതെ പോയ അനേകം കുട്ടികളുണ്ടാകാം. അതായത് ഇന്ന് 13-18 വയസിൽ പെടുന്നവർ. ആ പ്രായപരിധിയിലുള്ളവർക്ക് കൊടുത്താൽ അവർക്കുണ്ടാകുന്ന കുഞ്ഞുങ്ങളുടെ റുബെല്ല ഇൻഫെക്ഷൻ മൂലമുണ്ടാകുന്ന വൈകല്യങ്ങൾ കുറയ്ക്കാൻ സാധിക്കും.

ഗർഭം ധരിക്കുന്നതിനു മുൻപാണ് ഈ വാക്സിൻ എടുക്കേണ്ടത്. ഗർഭാവസ്ഥയിൽ സാധാരണയായി റുബെല്ല വാക്സിൻ എടുക്കാറില്ല.അമേരിക്കയിൽ ഗർഭിണികളാണെന്ന് അറിയുന്നതിനു മുൻപ് റുബെല്ല വാക്സിനേഷൻ എടുക്കാനിടയായ ആയിരത്തോളം പേരിൽ നടത്തിയ പഠനങ്ങളിൽ ആരിലും ഗർഭസ്ഥ ശിശുവിനു കുഴപ്പങ്ങളുണ്ടായില്ല. ഇത് വരെ ഒരിക്കൽപ്പോലും കണ്ടിട്ടില്ലെങ്കിൽ പോലും അത്ര ചെറിയ അപകടസാദ്ധ്യത പോലും ഒഴിവാക്കാനായാണ് ഗർഭാവസ്ഥയിൽ ഈ വാക്സിനെ മാറ്റിനിർത്തുന്നത്

  1. ഇത് 13-18 വയസിലെ പെൺകുട്ടികളിൽ കുത്തിവയ്ക്കുന്നത് അവർക്ക് കുട്ടികൾ ഉണ്ടാകുന്നത് തടയാനുള്ള ഗൂഢാലോചനയല്ലേ?

തുറന്ന് പറയാം. അത്തരം ഒരു മരുന്ന് കണ്ടെത്തിയാൽ – ഒറ്റ കുത്തിവയ്പ് കൊണ്ട് ഗർഭനിരോധനം സാദ്ധ്യമാക്കുന്ന മരുന്ന് – അത് വിപണിയിൽ ലക്ഷക്കണക്കിനു ബില്യൺ ഡോളർ വിലയുള്ള മരുന്നാണ്. ഇന്ന് ഉപയോഗിക്കുന്ന ഒട്ടുമിക്ക മാർഗങ്ങളെയും ഒറ്റയടിക്ക് ഫീൽഡ് ഔട്ടാക്കാൻ ശേഷിയുള്ള മരുന്ന്. അത് ലോകരാജ്യങ്ങളിലൊന്നായ ഇന്ത്യയുടെ കോണിൽ കിടക്കുന്ന കേരളത്തിലെ ഒന്നോ രണ്ടോ ജില്ലയിലെ കുട്ടികളിൽ കൊടുത്ത് പാഴാക്കില്ലെന്നത് സിമ്പിൾ കോമൺ സെൻസ്..അതവിടെ നിൽക്കട്ടെ…

ഒരു ഇമ്യൂണൈസേഷൻ പ്രോഗ്രാം നടപ്പിലാക്കുമ്പോൾ അതിന്റെ ഫലങ്ങൾ ആരിലൊക്കെ എത്തണമെന്നും എത്ര പേർക്ക് ലഭിക്കണമെന്നും നിർണയിക്കുന്നത് പല ഘടകങ്ങളാണ്. പണവും ഗുണഫലങ്ങൾ ലഭിക്കേണ്ടുന്ന വിഭാഗത്തിൽ പെട്ടെന്ന് ഒരുപാട് ആളുകളിൽ എത്തിച്ചേരാനുള്ള എളുപ്പവും എല്ലാം ഘടകങ്ങളാണ്. കൂടെ പണവും – കോസ്റ്റ് എഫക്ടീവ്നെസ് – ഒരു ഘടകമാണ്.

  1. ഊന്നിയൂന്നി ചോദിക്കട്ടേ? ഇത് ജനസംഖ്യ നിയന്ത്രിക്കാനുള്ള സൂത്രമല്ലേ? അതുകൊണ്ടല്ലേ പെൺകുട്ടികളെ മാത്രം ലക്ഷ്യം വയ്ക്കുന്നത്?

ആദ്യം ജനസംഖ്യ…ഈ വാദത്തിന്റെ പൊള്ളത്തരം നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.

ഇനി പെൺകുട്ടികളിലേക്ക്. ദൗർഭാഗ്യമോ ഭാഗ്യമോ, പെൺകുട്ടികൾക്ക് മാത്രമേ പ്രകൃതി ഗർഭധാരണത്തിനുള്ള കഴിവ് കൊടുത്തിട്ടുള്ളൂ. ഗർഭധാരണത്തിന്റെ ആദ്യ 20 ആഴ്ചകളിൽ റുബെല്ല വന്നാൽ കൺജെനിറ്റൽ റുബെല്ല സിൻഡ്രോം എന്ന മാരകമായ അവസ്ഥ കുഞ്ഞിനുണ്ടാകാം. അത് ഒഴിവാക്കുകയെന്നതാണ് ആദ്യലക്ഷ്യം. അതിനു ശേഷം റുബെല്ലയെ ഇല്ലാതാക്കലെന്ന വലിയ ലക്ഷ്യത്തിലേക്ക്..

ഇനി, ഒരു ഇമ്യൂണൈസേഷൻ പ്രോഗ്രാം നടപ്പിലാക്കുമ്പോൾ അതിന്റെ ഫലങ്ങൾ ആരിലൊക്കെ എത്തണമെന്നും എത്ര പേർക്ക് ലഭിക്കണമെന്നും നിർണയിക്കുന്നത് പല ഘടകങ്ങളാണ്. അതിൽ പണവും ഒരു ഘടകം തന്നെ ആണ്. ഏറ്റവും പ്രാധാന്യമർഹിക്കുന്ന പെൺകുട്ടികൾക്ക് ആദ്യം എന്നത് സ്വഭാവികം.

കൂടാതെ എളുപ്പത്തിൽ കൂടുതൽ പേരിൽ വാക്സിനേഷൻ എത്തിക്കാൻ കഴിയുന്നത് സ്കൂൾ തലത്തിലുള്ള പെൺകുട്ടികളിലാണ്. എത്രപേരിൽ എത്താൻ കഴിഞ്ഞെന്നത് തുടങ്ങിയുള്ള കണക്കുകൾ എളുപ്പം കണ്ടെത്താൻ കഴിയുന്നതും അവരിൽ തന്നെ. 15 വയസ് – അതായത് പത്താം ക്ലാസ് കഴിഞ്ഞ് പഠിത്തം നിർത്തുന്നവരും 18 തികയുന്നതിനു മുൻപേ വിവാഹം കഴിയുന്നവരും നമ്മുടെ ഇടയിലുണ്ടെന്നത് ഒരു ദുഖകരമായ സത്യം മാത്രം.

വെറും കൺജെനിറ്റൽ റുബെല്ല സിൻഡ്രോം തടയൽ മാത്രമല്ല ഈ വാക്സിനേഷന്റെ ലക്ഷ്യം, പോളിയോ പോലെ, വസൂരി പോലെ റുബെല്ലയും തുടച്ചുനീക്കലാണ്.410 മില്യൺ കുട്ടികളെ അടുത്ത രണ്ട് വർഷത്തിനുള്ളിൽ റുബെല്ല വിമുക്തരാക്കുക എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ ചുവടുവയ്പ് തുടങ്ങിക്കഴിഞ്ഞു.

  1. അമേരിക്ക ഇത് നിരോധിച്ചതല്ലേ? സത്യം പറയണം മിഷ്ടർ…

കേരളം / ഇന്ത്യ തുടങ്ങി ഏതെങ്കിലും ഒരു പ്രദേശത്ത് മാത്രമല്ല വാക്സിനേഷനുള്ളത്. ലോകവ്യാപകമായി 147 രാജ്യങ്ങളിലാണ്..അമേരിക്കക്കാർ മിടുക്കന്മാരാ.അമേരിക്കക്കാർ നിരോധിച്ചില്ലെന്ന് മാത്രമല്ല.പോളിയോ, സ്മോൾ പോക്സ് (വസൂരി), മീസിൽസ് , റുബെല്ല തുടങ്ങിയ വാക്സിൻ കൊണ്ട് തടുക്കാവുന്ന രോഗങ്ങളിൽ പ്രധാന നാലെണ്ണത്തെ അവർ എലിമിനേറ്റ് ചെയ്ത് കഴിഞ്ഞു.അതിനൊപ്പം കൺജെനിറ്റൽ റുബെല്ല സിൻഡ്രോം കൂടെ ആകുമ്പോൾ അത് അഞ്ചായി ഉയരും. അമേരിക്കയിലെ വാക്സിൻ വിരുദ്ധതയെക്കുറിച്ച് വാചാലരാകുന്നവർ ഈ വിജയകഥ മിണ്ടാറില്ല.

6.മില്യൺ ഡോളർ ചോദ്യം…റുബെല്ല വാക്സിൻ ജീവനുള്ള വൈറസിനെ അല്ലേ കുത്തിവയ്ക്കുന്നത്? ഇതിനു പാർശ്വഫലമില്ലേ? എത്രത്തോളം ഫലപ്രദമാണ് ഈ വാക്സിൻ?

വാക്സിനേഷൻ നടത്താൻ ഉപയോഗിക്കുന്നത് രോഗവാഹകശേഷി നഷ്ടമായ വൈറസുകളെയാണ്, കള്ളന്റെ ഡമ്മി കാണിച്ച് ഇവനാണു കള്ളനെന്ന് മനസിലാക്കിക്കുന്നത്പോലെ…ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം 95% സംരക്ഷണം ഒരു ഡോസ് MMR നൽകുന്നുണ്ട്. അതുകൊണ്ട് സാധാരണ രണ്ടാമതൊരു ഡോസ് ആവശ്യം വരാറില്ല.എങ്കിലും പ്രതിരോധം ആവശ്യത്തിന് ആർജിക്കാത്തവർക്ക് പൂർണപ്രതിരോധം കിട്ടാൻ രണ്ടാമതൊന്ന് ഗുണം ചെയ്യുമെന്നതിനാൽ സെക്കൻഡ് ഡോസ് ഒരു അനാവശ്യമല്ല…..

സൂര്യനുൾപ്പടെ സൂര്യപ്രകാശം വീഴുന്നതും അല്ലാത്തതുമായ ഏതിനും പാർശ്വഫലമുള്ളതുപോലെ റുബെല്ല വാക്സിനുമുണ്ട് പാർശ്വഫലങ്ങൾ.കുത്തിവച്ച സ്ഥലത്തെ നേരിയ വേദനയും ചുവപ്പും, ചെറിയ പനി, കഴല വീക്കം, ശരീരവേദന തുടങ്ങിയ ലഘു പാർശ്വഫലങ്ങളാണ് അപൂർവമായെങ്കിലും റുബെല്ല വാക്സിനുണ്ടാവുക..

റുബെല്ല തുടച്ച് നീക്കുന്നതിന്റെ ഭാഗമായി ” 25 കോടി “യിലധികം കൗമാര – മുതിർന്ന പ്രായക്കാരിൽ അമേരിക്കയിൽ വാക്സിനേഷൻ നടത്തുകയുണ്ടായി.അവരിൽ നടത്തിയ പഠനങ്ങളിൽ ഒന്നും തന്നെ ഗുരുതര പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല.

ഏത് വാക്സിൻ വിരോധത്തിനും പുറകിൽ

  1. പ്രകൃതിദത്തമായതും (ദൈവദത്ത) മായതുമായ സംവിധാനങ്ങളിൽ കൈകടത്തൽ ശരിയല്ല

2 . വാക്സിൻ ഫലപ്രദമല്ല

3 .വാക്സിന് ഗുരുതരമായ പാർശ്വഫലങ്ങളുണ്ട് എന്ന ഘടകങ്ങളാണുള്ളത്

.small pox vaccine കാലത്ത് തുടങ്ങിയ വാക്സിൻ വിരോധം പ്രധാനമായും ഇത് മൂന്നിലുമുന്നിയാണ് യാഥാർത്ഥ്യങ്ങളോട് മല്ലിട്ട് ശോഷിച്ച് ശോഷിച്ച് ആണെങ്കിലും മുന്നോട്ട് നീങ്ങിയത്.ഇന്ന് പ്രത്യേകിച്ചും മുസ്ലിം സമുദായത്തിലെ ജനസംഖ്യ കുറക്കാൻ അവർക്കെതിരെ സാമ്രാജ്യത്വം നടത്തുന്ന ഗൂഡാലോചനയായി പ്രചരിപ്പിക്കുന്നത് പോലെ ബ്രാഹ്മണ്യത്തിന് ശുദ്ധിയില്ലാതാക്കാനാണ് അച്ചുകുത്ത് എന്ന് അന്ന് small pox വാക്സിനെതിരെ പ്രചരണം ഉണ്ടായി. അന്ന് സ്മോൾ പോക്സ് കാമ്പെയിൻ നിറുത്തിയിരുന്നെങ്കിലോ? വസൂരി ഇന്ന് ലക്ഷങ്ങളുടെ ജീവനെടുത്തേനെ.

ഇന്ത്യയിൽ വർഷാവർഷം കൺജെനിറ്റൽ റുബെല്ല സിൻഡ്രോം ബാധിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ എണ്ണം കുത്തനെ കുറയ്ക്കാനുള്ള ലക്ഷ്യവുമായി മുന്നേറുന്ന വാക്സിനേഷൻ പ്രോഗ്രാം ഫലപ്രദമാകണമെങ്കിൽ ഈ രണ്ട് വർഷത്തെ വാക്സിനേഷൻ പ്രോഗ്രാം വിജയിച്ചാൽ മാത്രം പോരാ. നമ്മുടെ റുട്ടീൻ വാക്സിനേഷൻ പ്രോഗ്രാം – സാധാരണ ജനിക്കുന്ന കുഞ്ഞിനു നൽകുന്ന വാക്സിനേഷനുകൾ – ലഭിക്കാതെ പോകുന്ന അവസ്ഥ ഒരാൾക്ക് പോലും ഉണ്ടാവാതെ നോക്കുകയും വേണം.

ഈ കുറിപ്പിൽ പറഞ്ഞ ഒട്ടുമിക്ക കാര്യങ്ങളും ഇതിനു മുൻപ് ഫേസ്ബുക്കിലും മറ്റ് നവ മാദ്ധ്യമങ്ങളിലും പ്രിന്റ് മീഡിയയിലും പലരായി പറഞ്ഞ് പോന്ന കാര്യങ്ങളാണ്.നവമാദ്ധ്യമപ്രവർത്തകൻ സെബിൻ ജേക്കബിന്റെയും ഡോ Anwar Salih ന്റെയും ഡോ.GR Santhosh Kumar ന്റെയും ഡോArun Nm ന്റെയും ഡോ.Jithesh V Wayanad ന്റെയും കുറിപ്പുകളോട് ഇതിന് ചെറുതല്ലാത്ത കടപ്പാടുണ്ട്. കൂടാതെ ഇൻഫോ ക്ലിനിക്കിന്റെ ഡോ Anjit Unni, ഡോPurushothaman Kuzhikkathukandiyil, ഡോ. Mohandas Nair, ഡോ.Shahul Ameen എന്നിവരുടെ നിർദ്ദേശങ്ങളും..

സ്വന്തം അനുഭവങ്ങളുടെയും വിദഗ്ധരുടെ ഉപദേശങ്ങളുടെയും വർഷങ്ങളുടെ പഠനങ്ങളുടെയും വെളിച്ചം നമുക്ക് പകർന്ന് തരാൻ അനേകർ ശ്രമിച്ചിട്ടും നാമെന്താണ് ഇപ്പൊഴും കണ്ണടച്ച് ഇരുട്ടിനെ പ്രണയിക്കുന്നത്?

ലേഖകർ

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ