· 4 മിനിറ്റ് വായന

രക്ഷിക്കുമ്പോൾ സൂക്ഷിക്കേണ്ടത്

Emergency Medicineആരോഗ്യ അവബോധംആരോഗ്യമേഖല

?വാഹനാപകടത്തില് പരുക്കേറ്റവരുടെ പ്രഥമശുശ്രൂഷയിലും രക്ഷാപ്രവര്ത്തനത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്.

ഇക്കഴിഞ്ഞ ദിവസത്തെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, വാഹനാപകടങ്ങളിൽ ഗുരുതരമായ പരിക്ക് പറ്റുന്നവരുടെ ശുശ്രൂഷ എങ്ങനെയായിരിക്കണം എന്നതിനെപ്പറ്റി ഡോക്ടർമാരും അല്ലാത്തവരും എഴുതിയ ലേഖനങ്ങള് എമ്പാടും കണ്ടു. എന്നാൽ ഇത്തരമൊരു അപകടം ഉണ്ടാകുമ്പോൾ ആദ്യ പ്രതികരണക്കാർ (ഫസ്റ്റ് റെസ്പോൻഡേഴ്‌സ്‌) ആയ പൊതുജനം എങ്ങനെ പെരുമാറണം എന്നതിനെപ്പറ്റി ആരും എഴുതിക്കണ്ടില്ല!(ഇനി ഞാൻ കാണാത്തതാണോ എന്നറിയില്ല). അത് കൊണ്ട് അതിനെപ്പറ്റിയാകട്ടെ ഇന്നത്തെ പോസ്റ്റ്.

? വാഹനാപകടത്തിൽ പരിക്കേറ്റ ആളെ അതിലേ പോകുന്ന ആളുകൾ തിരിഞ്ഞു നോക്കിയില്ല എന്ന വാർത്തകൾ ഇടയ്ക്കിടെ നമ്മൾ കാണാറുണ്ട്. സഹജീവി സ്നേഹം ഉള്ളവരാണ് മിക്ക മനുഷ്യരും എന്നാണെന്റെ കണക്കുകൂട്ടൽ. പിന്നെന്തു കൊണ്ടായിരിക്കാം ആളുകൾ ഇത്തരത്തിൽ പെരുമാറുന്നത്? ഈ ഒരവസ്ഥ എങ്ങനെ കൈകാര്യം ചെയ്യണം എന്ന അറിവില്ലായ്മയും അതുമായി ബന്ധപ്പെട്ട ഉൽക്കണ്ഠയും ആകാം പ്രധാന കാരണം എന്ന് ഞാൻ കരുതുന്നു. സഹായിക്കാൻ ഓടിക്കൂടുന്നവർ പലപ്പോഴും അറിവില്ലായ്മ മൂലം പരിക്ക് കൂടുതൽ ഗുരുതരമാക്കുന്ന അവസ്ഥയും കാണാറുണ്ട്.

?സാധാരണയായി നാട്ടിൽ കണ്ടു വരുന്ന ഒരു സങ്കല്പ്പിക സാഹചര്യം നോക്കാം.

രണ്ടു കാറുകൾ തമ്മിൽ കൂട്ടയിടിച്ചു എന്നിരിക്കട്ടെ. വാഹനങ്ങളിൽ ആളുകൾ കുടുങ്ങിപ്പോയെന്നും കരുതുക.

ഓടിക്കൂടുന്നവർ കയ്യിൽ കിട്ടുന്ന സാധനങ്ങളെടുത്ത് വാഹനങ്ങൾ വെട്ടിപ്പൊളിച്ചു ആളുകളെ വലിച്ചു തൂക്കി വെളിയിലെടുക്കും (ചെറിയ കുട്ടികൾ ആണെങ്കിൽ ചിലപ്പോൾ കയ്യിലെടുത്ത് ‘കുടയുക’ എന്നൊരു പരിപാടിയും ചെയ്യും).

അടുത്തതായി ആരെങ്കിലും ഓടിപ്പോയി സോഡയോ വെള്ളമോ ഒക്കെ കൊണ്ടുവന്ന് വായിലേക്ക് ഒഴിച്ച് കൊടുക്കും.

കൈകാലുകൾ മുറിഞ്ഞു രക്തം വരുന്നുണ്ടെങ്കിൽ കയറോ തുണിയോ ഒക്കെയെടുത്ത് വരിഞ്ഞു മുറുക്കി കെട്ടും ചിലർ.

എന്നിട്ട് വഴിയേ പോകുന്ന ഓട്ടോ, കാർ, ടെമ്പോ എന്നിവയിലേതിലെങ്കിലും പരിക്കേറ്റയാളെ നാലായി മടക്കി പാക്ക് ചെയ്ത്, കൂടെ വേറൊരു അഞ്ചാറു പേരും കൂടെ കയറി, വായുഗുളിക വേഗത്തിൽ ഏതെങ്കിലും ആശുപത്രിയിലെത്തിക്കും.

?ഇനി എന്താണീ ‘മോഡസ് ഓപ്പറാൻഡി’യിലെ പ്രശ്നങ്ങളെന്ന് നോക്കാം.

  1. സ്വന്തം സുരക്ഷിതത്വം ഉറപ്പു വരുത്തി തുടര് അപകടങ്ങള് ഉണ്ടാവാനുള്ള സാദ്ധ്യതകള് ഒഴിവാക്കി മാത്രം രക്ഷാപ്രവര്ത്തനം തുടങ്ങുക.

വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുമ്പോൾ പലപ്പോഴും ഇന്ധന ടാങ്ക് പൊട്ടുക, തീ പിടിക്കുക,പുറകെ വരുന്ന വാഹനങ്ങള് കൂടി അപകടത്തില് പെടുക എന്നിവ പോലുള്ള അത്യാഹിതങ്ങൾ ഉണ്ടാകാം.രക്ഷാപ്രവർത്തനത്തിന് പോകുന്നവർ കൂടി അപകടത്തിൽ പെടാനുള്ള സാധ്യത ഉണ്ടെന്ന് ചുരുക്കം. ഇത്തരം അവസരങ്ങളിൽ സേഫ് ആണെന്നുറപ്പു വരുത്തി മാത്രം രക്ഷാപ്രവർത്തനത്തിനിറങ്ങുക.ഒന്നാമതേ പ്രഷറിലായ എമർജൻസി സർവ്വീസുകാർക്ക് നിങ്ങളെക്കൂടെ രക്ഷപ്പെടുത്താനുള്ള ബാധ്യത ഉണ്ടാക്കാതിരിക്കുക.

  1. അടുത്തതായി ആളുകളെ അപകടത്തിൽ പെട്ട വാഹനങ്ങളിൽ നിന്ന് പുറത്തെടുക്കുന്നതിനെപ്പറ്റി.

ഇത് സ്പെഷ്യലിസ്റ്റ് ടീമുകൾ ചെയ്യേണ്ട പണിയാണ്. എളുപ്പത്തിൽ ആളെ പുറത്ത് എടുക്കാൻ പറ്റും എന്നുണ്ടെങ്കിൽ മാത്രമിതിന് മുതിരുക. വാഹനാപകടങ്ങളിൽ പെട്ട ആളുകൾക്ക് പലപ്പോഴും കശേരുക്കൾക്ക് ക്ഷതമുണ്ടാവാം. വലിച്ചെടുത്ത് പുറത്തിടുന്നത് മൂലം പലപ്പോഴും ഈ ക്ഷതം അധീകരിക്കാനും ശ്വാശ്വതമായി സുഷുമ്നാ നാഡിക്ക് തകരാറുണ്ടാവാനും സാധ്യതയുണ്ട്.

  1. വെള്ളം കൊടുക്കൽ പോലുള്ള പ്രവര്ത്തികളിലെ അപകടങ്ങള്
  2. വെള്ളം കൊടുക്കല് ആണ് അടുത്ത ചടങ്ങു. തലച്ചോറിന് പരിക്ക് പറ്റിയ രോഗികളിൽ നല്ലൊരു ശതമാനം പേർക്കും വിഴുങ്ങൽ പ്രക്രിയ (swallow) തകരാറിലായിരിക്കാൻ സാധ്യതയുണ്ട്. സാധാരണ നമ്മൾ ആഹാരം/വെള്ളം വിഴുങ്ങുമ്പോൾ ശ്വാസനാളം അടയുകയും അന്നനാളം തുറക്കുകയും ചെയ്യുന്ന പ്രക്രിയ വഴി ആഹാരവും വെള്ളവും ശ്വാസകോശത്തിലെത്തുന്നത് തടയപ്പെടുന്നു. എന്നാൽ ഇത് തകരാറിലായ രോഗികൾക്ക് വെള്ളം കൊടുത്താൽ മിക്കവാറും അത് നേരെ ശ്വാസകോശത്തിലേക്ക് പോയി ശ്വാസതടസ്സം മൂലം മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട്. സോഡയും മറ്റുമാണെങ്കിൽ പറയുകയും വേണ്ട, വിഴുങ്ങാൻ തകരാറില്ലാത്തവർക്ക് പോലും ഇവ പ്രശ്നമുണ്ടാക്കും (സംശയമുണ്ടെങ്കിൽ മലർന്ന് കിടന്ന് ഒരു കവിൾ സോഡയോ കൊക്കോകോളയോ മറ്റോ കുടിക്കാൻ ശ്രമിച്ചു നോക്കിയാൽ മതി!).
  3. ഇനി വിഴുങ്ങാൻ പ്രശ്നമില്ലാത്തവർക്കും വെള്ളം കൊടുക്കുന്നത് മൂലം മറ്റു പ്രശ്നങ്ങളുണ്ടാവാം. അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വരുന്ന ആളുകളിൽ അതിലേക്കായി അനസ്തേഷ്യ കൊടുക്കുമ്പോൾ ഇപ്രകാരം കുടിപ്പിച്ച വെള്ളം ഛർദ്ദിച്ചു അത് നേരെ ശ്വാസകോശത്തിലേക്ക് പോകാൻ സാധ്യതയുണ്ട്. അത് കൊണ്ട് ദയവായി ആക്സിഡന്റിൽ പെട്ട ആളുകൾക്ക് വെള്ളം കുടിപ്പിച്ചു സഹായിക്കരുത്.
  4. വാഹനത്തില് അപകടത്തില് പെട്ടവരെ ആശുപത്രിയിലേക്ക് കൊണ്ട് പോവുമ്പോള് ശ്രദ്ധിക്കേണ്ടവ…

ഓട്ടോ/ടാക്സിയിൽ പാക്ക് ചെയ്യൽ – അതിവേഗ അപകടങ്ങളിൽ (high velocity trauma) ഏകദേശം 5% കേസുകളിൽ നട്ടെല്ലിന് ക്ഷതം ഉണ്ടാവാം എന്നാണ് കണക്കുകൾ. എല്ലാ അപകടങ്ങളിലും, നട്ടെല്ലിന് ക്ഷതമില്ലെന്ന് പ്രൂവ് ചെയ്യപ്പെടുന്നത് വരെ ക്ഷതം ഉണ്ടെന്ന കണക്കുകൂട്ടലിൽ തന്നെ വേണം രോഗിയെ കൈകാര്യം ചെയ്യാൻ. കാരണം സുഷുമ്നാ നാഡിക്ക് ക്ഷതം സംഭവിച്ചാൽ പിന്നെ മിക്കവാറും ജീവിതകാലം മുഴുവൻ കട്ടിലിലോ വീൽചെയറിലോ ആയിപ്പോകുമെന്നത് തന്നെ.

ഒടിഞ്ഞ കശേരുക്കൾ അതേ പൊസിഷനിൽ തന്നെ മെയിന്റയിൻ ചെയ്യാൻ സാധിച്ചാൽ സുഷുമ്നാ നാഡിക്ക് ഉണ്ടാകാൻ സാധ്യതയുള്ള തകരാറുകൾ ഒഴിവാക്കാനോ അതിന്റെ ഗുരുതരാവസ്ഥ കുറയ്ക്കാനോ സാധിക്കും.

പരിശീലനം സിദ്ധിച്ച എമർജൻസി സർവീസുകാർ രോഗിയുടെ കഴുത്തിൽ ഒരു ഹാർഡ് കോളർ ഇടുന്നതും ഒരു കട്ടിയുള്ള ബോർഡിൽ (സ്‌പൈനൽ ബോർഡ്) മരത്തടി പോലെ രോഗിയെ കിടത്തി സ്ട്രാപ്പ് ഇടുന്നതുമൊക്കെ ഈ ലക്ഷ്യത്തോടെയാണ്. ആളെ കയ്യിലും കാലിലും ‘റ’ പോലെ തൂക്കിയെടുത്ത് നാലായി മടക്കി ഓട്ടോയിൽ പാക്ക് ചെയ്യുന്നത് മൂലം രോഗിക്ക് കൂടുതൽ ക്ഷതമുണ്ടാകാനുള്ള സാധ്യത പലമടങ്ങു കൂട്ടുകയാണ് നമ്മൾ യഥാർത്ഥത്തിൽ ചെയ്യുന്നത്. അങ്ങനെ സംഭവിച്ച ഒരു ആളിന്റെ അവസ്ഥ അദ്ദേഹത്തിൻറെ തന്നെ വാക്കുകളിൽ വായിക്കാൻ കമന്റിലെ ലിങ്ക് നോക്കുക.

?ഈ പറഞ്ഞതിന്റെയൊക്കെ അർത്ഥം ഒരപകടം നമ്മുടെ മുൻപിൽ ഉണ്ടായാൽ കയ്യും കെട്ടി നോക്കി നിൽക്കണം എന്നാണോ?

അല്ലേയല്ല.എന്തൊക്കെയാണ് ചെയ്യേണ്ടത്?

  1. ആദ്യം ചെയ്യേണ്ടത് എമർജൻസി സർവീസുകാരെ വിവരമറിയിക്കുക എന്നതാണ്.
  2. പിന്നീട്, ചുറ്റുപാടും സുരക്ഷിതം ആണെന്നുറപ്പ് വരുത്തിയിട്ട് മാത്രം അപകടത്തില് പെട്ട ആളുടെ അടുത്തു ചെല്ലുകയും രക്ഷാപ്രവർത്തനം തുടങ്ങുകയും ചെയ്യുക.
  3. വാഹനത്തിൽ നിന്നും പുറത്തേക്ക് വീണ ആളാണെങ്കിൽ, ആൾക്ക് ബോധമുണ്ടോ, കൈകാലുകൾ അനക്കുന്നുണ്ടോ, സംസാരിക്കുന്നുണ്ടോ എന്നൊക്കെ ചെക്ക് ചെയ്യുക.
  4. ബോധമില്ല, സംസാരിക്കുന്നില്ല എങ്കിൽ മറ്റുള്ളവരുടെ സഹായത്തോടെ ആളെ ഒരു മരത്തടി ഉരുട്ടുന്ന പോലെ (നട്ടെല്ല് ഒരേ ലെവലിൽ നിർത്തിക്കൊണ്ട്) ചരിച്ചു കിടത്തുക. ഛർദ്ദിലും രക്തവും മറ്റും ശ്വാസകോശത്തിലേക്ക് ഒഴുകി ശ്വാസം കിട്ടാതെ രോഗി മരണപ്പെടുന്ന അവസ്ഥ ഒഴിവാക്കാനാണിത്.
  5. മുറിവുകളിൽ നിന്ന് രക്തപ്രവാഹം നിർത്താനായി തുണിയോ അത് പോലുള്ള മറ്റു വസ്തുക്കളോ മുറിവിൽ അമർത്തിപ്പിടിക്കുക.ഒരിക്കലും കൈകാലുകളിൽ അമിതമായി മുറുക്കി കെട്ടരുത്, കാരണം രക്തയോട്ടം കുറഞ്ഞു കൈകാലുകൾ മുറിച്ചു മാറ്റേണ്ടി വരുന്ന അവസ്ഥ അതുമൂലം ഉണ്ടായിട്ടുള്ള കേസുകൾ കാണാറുണ്ട് എന്നത് കൊണ്ട് തന്നെ.
  6. വാഹനങ്ങളിൽ കുടുങ്ങിപ്പോയവരെ വലിച്ചു വാരി പുറത്തിടാതിരിക്കാൻ ശ്രദ്ധിക്കുക. അത് സ്പെഷ്യലിസ്റ്റുകൾക്ക് വിട്ടുകൊടുക്കുക.
  7. ഏതേലും ഭാഗം ഒടിഞ്ഞു തൂങ്ങിയിട്ടുണ്ടേൽ , ആ ഭാഗം അനങ്ങാതിരിക്കാൻ പരിസരപ്രദേശത്തു നിന്നും സംഘടിപ്പിക്കാവുന്ന വൃത്തിയുള്ള കട്ടിയുള്ള കാര്ഡ്‌ബോര്ഡ്,പലക,കമ്പ്,കുട എന്നിവയോ മറ്റോ അടിയിൽ വെച്ചു കൊടുത്തു ലൂസായി കെട്ടാവുന്നതാണ്.
  8. സൗകര്യമില്ലാത്ത വാഹനങ്ങളിൽ ആളെ കുത്തിഞെരുക്കി ആശുപത്രിയിലേക്ക് ഓടാതിരിക്കുക. പരിശീലനം സിദ്ധിച്ച ആംബുലൻസ് ക്രൂവിന് അത് വിട്ടുകൊടുക്കുക.

നാട്ടിലെ അവസ്ഥയിൽ ഇതിനൊക്കെ പരിമിതികളുണ്ട് എന്നറിയാത്തതല്ല. എന്നാലും ഒരു രൂപരേഖ എന്ന നിലയിൽ ഓർക്കേണ്ട സംഗതികളാണ് മുകളിൽ പറഞ്ഞതെല്ലാം.ഫലപ്രദമായ ആയ ഒരു എമർജൻസി സർവീസ് സംസ്ഥാനമാകമാനം ഉണ്ടെങ്കിലേ ഒരു കാര്യക്ഷമമായ ട്രോമാ കെയർ സർവീസ് യാഥാർഥ്യമാകൂ.

ലേഖകർ
Kunjali Kuty is a pen name. A doctor trained in India and abroad now working in a foreign country. No specific interests.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ