ശാസ്ത്രവും കൗതുക വാർത്തകളും
നിങ്ങൾ വാർത്തകളിൽ വായിച്ചിട്ടുള്ളതനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതൽ മരുന്നുകൾ കണ്ടുപിടിച്ചിട്ടുള്ളത്, അല്ലെങ്കിൽ ഗവേഷണങ്ങൾ നടക്കുന്നത് കാൻസറിനെ ചുറ്റിപ്പറ്റിയായിരിക്കും!
ശരിയല്ലേ?
കഴിഞ്ഞയാഴ്ച വായിച്ച ചക്കയിൽ നിന്നും കാൻസറിന് മരുന്ന് കണ്ടുപിടിച്ച വാർത്ത ഓർമ്മകാണും. അതിനു മുമ്പ് മഞ്ഞൾ, പുളിങ്കുരു, അങ്ങനെ പല വസ്തുക്കളിൽ നിന്നുമൊക്കെ കാൻസറിന് മരുന്നു കണ്ടുപിടിച്ചു, ഇനി കീമോതെറാപ്പി വേണ്ട, അല്ലെങ്കിൽ ഭയക്കണ്ടാ എന്നാക്കെയുള്ള വാർത്തകൾ നമ്മൾ ധാരാളം കണ്ടിട്ടുണ്ട്.
ഇതു മാത്രമല്ല,
വെള്ളത്തിലോടുന്ന കാർ, ഒരിക്കലും ചാർജ്ജ് തീരാത്ത ബാറ്ററി, അന്യഗ്രഹങ്ങളിലെ ജീവൻ അങ്ങനെ പല വാർത്തകളും വിദേശ/സ്വദേശ ശാസ്ത്രജ്ഞരെ ഉദ്ധരിച്ചു ഇടക്കിടെ വരാറുണ്ട്. പക്ഷെ വാർത്ത വന്നു വർഷങ്ങൾ കഴിഞ്ഞിട്ടും ഇതൊന്നും നമ്മൾ ഉണ്ടായി കാണുന്നുമില്ല.
ഇവിടെ ആരാണ് കള്ളം പറയുന്നത്?
ശാസ്ത്രജ്ഞരോ, അതോ വാർത്ത കൊടുക്കുന്ന മാധ്യമങ്ങളോ?
ചിലപ്പോൾ രണ്ടു കൂട്ടരും ആവാം,
പക്ഷെ കൂടുതൽ സമയങ്ങളിലും രണ്ടുപേരും കള്ളം പറയുന്നതല്ല. ശാസ്ത്രജ്ഞരുടെ ഭാഷയെ സാധാരണക്കാർക്കായി വിവർത്തനം ചെയ്യുമ്പോൾ വരുന്ന പിഴവും, വായനക്കാർക്കും മാധ്യമപ്രവർത്തകർക്കും ശാസ്ത്രത്തിന്റെ റീപ്പോർട്ടിങ് രീതിയിലുള്ള പരിചയക്കുറവും ആണ് ഈ കൺഫ്യൂഷനുണ്ടാക്കുന്ന കാരണങ്ങളിൽ പ്രധാനം.
ആദ്യമായി മനസിലാക്കേണ്ടുന്ന ഒരു കാര്യം, ശാസ്ത്രലോകം പുതിയ കണ്ടുപിടിത്തങ്ങളെപ്പറ്റി മറ്റുള്ളവരെ അറിയിക്കുന്നത് പത്രസമ്മേളനം നടത്തി അല്ല (പത്ര സമ്മേളനം നടത്തുന്നതിനു തടസ്സം ഒന്നുമില്ല, പക്ഷെ അതിന്റെ പ്രശ്നം വഴിയേ പറയാം)
പ്രത്യേക ശാസ്ത്ര വിഷയങ്ങൾ മാത്രം കൈകാര്യം ചെയ്യുന്ന അക്കാഡമിക് ജേർണലുകൾ ഉണ്ട്. (നാഷണൽ ജിയോഗ്രാഫിക്കും ഡിസ്‌ക്കവറിയും അല്ല. അവയും കുറച്ചു നിലവാരം കൂടിയ മാധ്യമങ്ങൾ മാത്രമാണ്)
ഈ ജേർണലുകൾ കൂടുതലും അക്കാദമികളോ, സയൻസ് അസോസിയേഷനുകളോ സൊസൈറ്റികളോ ഒക്കെയായിരിക്കും നടത്തുക. ഇനി അങ്ങനെയല്ലെങ്കിൽ പോലും ഓരോ ജേർണലിൻ്റെയും തലപ്പത്ത് അതതു മേഖലകളിലെ വിദഗ്ധർ അടങ്ങുന്ന ഒരു എഡിറ്റോറിയൽ ഗ്രൂപ്പ് ഉണ്ടായിരിക്കും.
പല നിലവാരത്തിലുള്ള ആയിരക്കണക്കിന് ഇത്തരം ജേർണലുകൾ നിലവിൽ ഉണ്ട്.
ഒരു കവിതയോ ലേഖനമോ എഴുതി പോസ്റ്റിൽ അയച്ചു കൊടുത്ത്, ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കുന്നത്ര ലളിതമല്ല ഇവിടെ കാര്യങ്ങൾ. അതിനു ഒരു ചട്ടക്കൂടും നടപടി ക്രമങ്ങളുമൊക്കെയുണ്ട്.
ഒരു പുതിയ കണ്ടുപിടിത്തത്തെ പറ്റി ഒരു ശാസ്ത്ര ജേർണലിൽ ഒരു ലേഖനം പ്രസിദ്ധീകരിക്കണമെങ്കിൽ,
?പ്രസ്തുത കണ്ടുപിടിത്തം ജേർണൽ കൈകാര്യം ചെയ്യുന്ന വിഷയങ്ങളിൽ പെടുന്ന ഒന്നായിരിക്കണം- (Scope of the journal) ഉദാഹരണത്തിന്, സ്തനാർബുദവുമായി ബന്ധപ്പെട്ട ഒരു വിവരം ഫിസിക്സോ കെമിസ്ട്രിയോ പോയിട്ട് മറ്റൊരുതരം കാൻസർ കൈകാര്യം ചെയ്യുന്ന ജേർണലിൽ പോലും പ്രസിദ്ധീകരിക്കാൻ പറ്റിയെന്നു വരില്ല.
?കണ്ടുപിടിച്ച കാര്യങ്ങൾക്കു പുതുമയും (novelty) പ്രാധാന്യവും (importance) ഉണ്ടായിരിക്കണം. അവ നിലവിലുള്ള സയൻസിനെയും അറിവിനെയും “അൽപ്പമെങ്കിലും” മുമ്പോട്ട് കൊണ്ടുപോകുന്നതാവണം.
?ജേർണൽ നിഷ്കർഷിക്കുന്ന രീതിയിൽ, എഴുതി സമർപ്പിക്കണം (എത്ര വാക്കുകൾ ആകാം, എത്ര പടങ്ങൾ ആകാം എന്നൊക്കെ നിർദ്ദേശങ്ങൾ ഉണ്ടാകും)
?ജേർണലിന്റെ എഡിറ്റോറിയൽ ബോർഡ് (മുമ്പ് പറഞ്ഞ വിദഗ്ദ്ധരുടെ സംഘം) പ്രസ്തുത കണ്ടുപിടുത്തം അംഗീകരിക്കണം. ഇതിനെയാണ് എഡിറ്റോറിയൽ റീവ്യൂ എന്നു വിളിക്കുന്നത്, ജേർണലിൻ്റെ സ്വഭാവം അനുസരിച്ചു ഇതിന്റെ പ്രക്രിയ കടുപ്പമേറിയതാവാം.
ഇത്രേയുമായാൽ ആദ്യത്തെ കടമ്പ കടന്നു എന്നു പറയാം. ഇനിയുള്ളത് ഇതിലും പ്രധാനപ്പെട്ട കാര്യങ്ങളാണ്.
സമർപ്പിക്കപ്പെട്ട പഠനം, അതതു മേഖലകളിൽ പ്രവർത്തിക്കുന്ന മറ്റു പല ശാസ്ത്രജ്ഞർക്കും അയച്ചു കൊടുത്തു ജേർണലിൻ്റെ വക്താക്കൾ അഭിപ്രായം ചോദിക്കും. സമർപ്പിച്ച ആളുടെ പേരും മറ്റു വിവരങ്ങളും മറച്ചു വച്ചിട്ടാണ് ഇങ്ങനെ ഇത് അയച്ചു കൊടുക്കുക.
അവർ ഈ പഠനത്തിന്റെ നിലവാരം, ഉപയോഗിച്ച രീതി, പരീക്ഷണ ഫലങ്ങളുടെ സാധുത അങ്ങനെ എല്ലാകാര്യങ്ങളെയും പഠിച്ചു, അവരുടെ അഭിപ്രായം രേഖപ്പെടുത്തും. ഇതിനാണ് peer review എന്നു പറയുന്നത്.
ഇവിടെയും ജേർണലിന്റെ നിലവാരം അനുസരിച്ചു 3 മുതൽ എത്ര പേരെ വേണമെങ്കിലും റീവ്യൂ ചെയ്യാൻ ഏൽപ്പിക്കാം.
Peer review വിന്റെ അടിസ്ഥാനത്തിൽ 3 പ്രധാന തീരുമാനങ്ങൾ ഉണ്ടാകാം.
1. Accept : പഠനഫലങ്ങൾ പ്രസിദ്ധീകരണ യോഗ്യമെന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നു, ജേർണലിൽ പ്രസിദ്ധീകരിക്കാം.
2. Reject : പഠനഫലങ്ങളോ പഠനരീതിയോ പ്രസിദ്ധീകരണയോഗ്യം അല്ല.
3. Revise : റീവ്യൂവിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പഠനങ്ങൾ നടത്തുകയോ ചോദ്യങ്ങൾക്ക് ശരിയായ മറുപടി നൽകുകയോ ചെയ്താൽ, പുന:പരിശോധന നടത്തി പ്രസിദ്ധീകരിക്കാം.
ഉയർന്ന നിലവാരം പുലർത്തുന്ന ജേർണലുകളിൽ സമർപ്പിക്കപ്പെടുന്നതിന്റെ വളരെ ചെറിയ ഒരു ശതമാനം മാത്രമാണ് peer review വിനു ശേഷം പ്രസിദ്ധീകരിക്കപ്പെടുന്നത് എന്നത് ശ്രദ്ധേയം.
(നേരത്തെ സൂചിപ്പിച്ച പത്രസമ്മേളനത്തിന്റെ കാര്യം ഇപ്പൊ കുറച്ചുകൂടി മനസിലാവും. Peer review പോലുള്ള യാതൊന്നും ഇല്ലാതെയും ആർക്കും നേരിട്ട് മാധ്യമങ്ങളെ സമീപിക്കാൻ കഴിയും.)
ചില ജേർണലുകൾ പഠനം പ്രസിദ്ധീകരിക്കാൻ ലേഖകരോട് ഫീസ് ആവശ്യപ്പെടാറുണ്ട്. ഇവ ഈ പണം ഉപയോഗിച്ചു പ്രസ്തുത പഠനം എല്ലാവർക്കും സൗജന്യമായി ലഭ്യമാക്കുന്നു. ഇവയെ ഓപ്പൺ അക്സസ്സ് എന്നു വിളിക്കും. എന്നാൽ കൂടുതൽ ജേർണലുകളും സൗജന്യമായി പ്രസിദ്ധീകരിക്കുകയും പണം വാങ്ങി വിതരണം ചെയ്യുകയുമാണ് ചെയ്യുന്നത്.
അതുപോലെ പ്രസദ്ധീകരണത്തിന് ശേഷവും ഒരു പഠനം ചോദ്യങ്ങളെ നേരിടേണ്ടി വരാം. ഈ ചോദ്യങ്ങളുടെ അടിസ്ഥാനത്തിൽ പഠനം തിരുത്താനോ, കൂട്ടിച്ചേർക്കാനോ പിൻവലിക്കാനോ സാധിക്കും. അതുകൊണ്ടു തന്നെ ഇപ്പോൾ പ്രസിദ്ധീകരിക്കപ്പെട്ട ഒരു പഠനഫലം പിന്നീട് തെറ്റായിരുന്നു എന്ന് തെളിയിക്കപ്പെടാനും, പിൻവലിക്കപ്പെടാനുമൊക്കെ സാധ്യതകളുണ്ട് എന്നത് ഓർക്കണം.
ഇത്രയധികം കടമ്പകളിൽ കൂടി കടന്നു പോകുന്ന ഒരു റിപ്പോർട്ടിന്റെ ഭാഷ വളരെ കാച്ചിക്കുറുക്കിയതും സാങ്കേതികവും ആയിരിക്കും. വളരെ ചെറിയ ഒരു ശാസ്ത്രമുന്നേറ്റത്തെയാവും ആ പഠനത്തിൽ പഴുതുകളില്ലാതെ വിവരിച്ചിരിക്കുന്നത്.
ശാസ്ത്രസമൂഹത്തിന് അതു മതി.
എന്നാൽ ഇതിനെ പൊതുസമൂഹത്തിനു വേണ്ടി മാറ്റി എഴുതുമ്പോളാണ് പുലിവാലാകുന്നത്.
രണ്ടു പ്രശ്നങ്ങളാണ്,
?പഠനത്തിന്റെ ഭാഷയെ ലഘൂകരിക്കണം, ഇല്ലെങ്കിൽ ആർക്കും ഒന്നും മനസിലാവില്ല.
?പഠനം സാധാരണ ജീവിതത്തെ എങ്ങനെ ബാധിക്കും എന്നു പറയണം. വളരെ സാങ്കേതികമായ വിവരണം കൊണ്ട് പൊതു സമൂഹം തൃപ്തരാവില്ല.
അങ്ങനെ ഒരു ലാബിനുള്ളിൽ, ചില പ്രത്യേക സാഹചര്യങ്ങളിൽ കണ്ട ഒരു ചെറിയ പ്രതിഭാസത്തെ നേർപ്പിച്ച് എല്ലാവർക്കുമായി നീട്ടി എഴുതി മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുമ്പോൾ കാര്യങ്ങൾ കൈവിട്ടു പോകുന്നത് പലപ്പോഴും കാണാം.
സാങ്കൽപ്പികമായ ഒരു ഉദാഹരണം എടുത്താൽ : മഞ്ഞളിലെ ഒരു രാസഘടകം ക്യാൻസർ മാറ്റിയിട്ടില്ല, ലാബിനുള്ളിൽ ചില കാൻസർ കോശങ്ങളെ കൊല്ലുക മാത്രമാണ് ചെയ്തത്. അതൊരു മരുന്നായി മാറാൻ ഇനിയും പല കാതങ്ങൾ പോകണം. തീർച്ചയായും ആ ശാസ്ത്രജ്ഞർ അതിനു പരിശ്രമിക്കുന്നുണ്ടാവും.
പക്ഷെ മാധ്യമങ്ങൾ തലക്കെട്ടുകൾ ശ്രദ്ധേയമാക്കാൻ അൽപ്പം പൊലിപ്പിക്കുമ്പോൾ ഈ റിപ്പോർട്ട് ” കാൻസറിന് പ്രതിവിധി മഞ്ഞൾ, ഇനി കീമോ വേണ്ടാ..” എന്ന നിലയ്ക്കാവുന്നത് കാണാം.
ഇത്തരം തെറ്റുകൾക്ക് മാധ്യമപ്രവർത്തകരെ മാത്രം കുറ്റപ്പെടുത്തുന്നതു ശരിയല്ല. ഇന്നത്തെ വാണിജ്യസാഹചര്യങ്ങളിൽ വാർത്തകൾ വെറും വാർത്ത മാത്രം ആയാൽ പോരാ, ”ക്ലിക്കാകർഷണ” വാർത്തകൾ കൂടി ആവണമത്രേ! കേരളത്തിലെ മാധ്യമങ്ങളിൽ ഒരു സയൻസ് വാർത്തയുടെ ഉറവിടം തേടിപ്പിടിച്ചു, അതിനെ വായിച്ചു മനസിലാക്കി സാധാരണ ജനങ്ങൾക്കു മനസ്സിലാകും വിധം അവതരിപ്പിക്കാനുള്ള സാങ്കേതിക പരിജ്ഞാനമുള്ള ആന്തരികസംവിധാനമോ, പ്രത്യേകം നിയോഗിക്കപ്പെട്ട വ്യക്തികളോ ഉണ്ടാവാറില്ല എന്ന് പലപ്പോഴും തോന്നിപ്പോവാറുണ്ട്. നിലവിൽ മാറ്റങ്ങൾ വരുന്നുണ്ട് എങ്കിലും ഈ വിഷയത്തിൽ വേണ്ടത്ര പ്രാധാന്യമോ ജാഗ്രതയോ നിലവിലും പല മാദ്ധ്യമങ്ങളും കാണിക്കുന്നില്ല എന്ന് തന്നെ പറയേണ്ടി വരും.
സിനിമ കാണാതെ നിരൂപണം ചെയ്യാൻ പാടില്ല എന്നതുപോലെ, പ്രസിദ്ധീകരിച്ച പഠന പ്രബന്ധം വായിക്കാതെ സയൻസും എഴുതാൻ പാടില്ല.
കേരളത്തിലെ ഒരു സാധാരണക്കാരന് നേച്ചറും സയൻസും അടങ്ങുന്ന അക്കാദമിക്ക് ജേർണലുകൾ വായിക്കാൻ പറ്റിയെന്നു വരില്ല. ഈ വാർത്തകൾ / പഠനങ്ങൾ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുക എന്ന സേവനമാണ് നമ്മുടെ മാധ്യമങ്ങൾക്കു ചെയ്യാവുന്നത്.
അങ്ങനെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ശാസ്ത്രസംബന്ധിയായ വാർത്തകൾക്ക് താഴെ പറയുന്ന ഏതെങ്കിലും സ്വഭാവ സവിശേഷത ഉണ്ടോ എന്ന് നോക്കണം. ഉണ്ടെങ്കിൽ ആ ലേഖനം നൽകുന്ന അറിവുകളെ സംശയിക്കണം.
?ഏതെങ്കിലും കമ്പനിയുടെയോ സ്ഥാപനത്തിൻ്റെയോ പ്രസ് റിലീസ് അല്ലെങ്കിൽ പ്രോഡക്റ്റ് ഇൻഫർമേഷൻ എന്ന് തോന്നിപ്പിക്കുന്ന വാർത്തകൾ. ഉദാ: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ മഞ്ഞളിൽ നിന്നും കാൻസറിന് മരുന്നു കണ്ടെത്തിയെന്ന് പത്രക്കുറിപ്പിൽ അറിയിച്ചു എന്ന വാർത്ത. അത് സത്യമല്ല.
? പരീക്ഷണരീതികളോ, സാങ്കേതിക പദങ്ങളോ ഇല്ലാത്ത റിപ്പോർട്ടിങ്ങ്. എഴുതിയ ആൾ കാര്യങ്ങൾ ശരിയായി ഗ്രഹിച്ചിട്ടുണ്ടാവില്ല. ഉദാ: മഞ്ഞളിലെ മരുന്നായി ഉപയോഗിക്കാവുന്ന ഘടകം എങ്ങനെയാണ് കാൻസർ കോശങ്ങളിലെത്തിച്ചത്, എത്രത്തോളം ഫലപ്രദമായിരുന്നു ആ പരീക്ഷണം etc.
? പരീക്ഷണത്തിന്റെ കുറവുകളെപ്പറ്റിയോ കൺക്ലൂഷൻനെ പറ്റിയോ പ്രതിപാദിക്കുന്നില്ല. ഉദാ: മഞ്ഞൾ മരുന്ന് കാൻസർ ഭേദമാക്കുമെന്നേ വാർത്തയിൽ അവർ പറയൂ. പക്ഷെ അത് ലാബുകളിൽ ഏതാനും കോശങ്ങളിൽ നടത്തിയ പരീക്ഷണമാണെന്ന് മിണ്ടില്ല. മനുഷ്യനിൽ പരീക്ഷിച്ചിട്ടില്ലാന്നും. അതു പറഞ്ഞാൽ വായനക്കാർ ഞെട്ടില്ലല്ലോ.
? സയൻസിനെയും സ്യൂഡോ സയൻസിനെയും ഒരേ തട്ടിൽ വച്ച് അളക്കുന്ന രീതിയിലുള്ള വാർത്തകൾ. ഉദാ: കാൻസർ കീമോതെറാപ്പിയോടൊപ്പം ലക്ഷ്മീ തരുവിൻ്റെയോ ചക്കയുടെയോ കാര്യവും, ഡയബറ്റിസിന് ഇൻസുലിനൊപ്പം ഈ മരുന്നുകൂടി കഴിച്ചാൽ അതിൻ്റെ സൈഡ് എഫക്റ്റുണ്ടാവില്ലെന്നും ഒക്കെയുള്ള പത്രവാർത്തകൾ.
?അതിശയോക്തി കലർത്തിയ വാർത്തകൾ. ഉദാ: ഇതാ ഒരു മരുന്ന് കണ്ടെത്തിയിട്ടുണ്ട്, ഇനി ഈ രോഗത്തിന് മറ്റു ചികിത്സകളൊന്നും തന്നെ വേണ്ടാ എന്ന രീതിയിലുള്ള വാർത്തകൾ എല്ലാം തന്നെ അവാസ്തവങ്ങളായിരിക്കും. ഒരു ലബോറട്ടറിയും വളരെ വലിയ കണ്ടുപിടുത്തങ്ങൾ നടത്താറില്ല, എല്ലാ പരീക്ഷണങ്ങളും നേരത്തെ ഉള്ളതിൽ നിന്നും ചെറിയ, വളരെ ചെറിയ പുരോഗമനം മാത്രമേ ശാസ്ത്രരംഗത്തുണ്ടാക്കാറുള്ളൂ എന്നതാണ് സാമാന്യ ശാസ്ത്ര സത്യം.
?ശാസ്ത്രത്തെയും, ഗവൺമെൻ്റുകളുടെ പോളിസിയെയും വേർതിരിച്ചു കാണാതിരിക്കൽ: യുനാനി, സിദ്ധ, ഹോമിയോ എന്ന് തുടങ്ങി അനേകം ഇതര വൈദ്യങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നത് ഗവൺമെന്റിന്റെ പോളിസിയാണ്, എന്നാലത് തെളിവധിഷ്ഠിത സയൻസ് അല്ല.
?ആരും കേട്ടിട്ടില്ലാത്ത ജേർണലിലൊക്കെയാവും വാർത്തയിൽ പ്രതിപാദിച്ചിരിക്കുന്ന വിവരങ്ങളുള്ളത്.. ജേണലിൻ്റെ വിശ്വസ്തതയും നിലവാരവും വാർത്തയുടെ വിശ്വസ്തതയെയും ബാധിക്കും.
?ശാസ്ത്ര പഠനങ്ങൾ സംബന്ധിച്ച ഫേസ്ബുക്ക്, WhatsApp ഫോർവേഡുകൾ ഒട്ടു മിക്കതും വിശ്വസനീയം അല്ല. ഇവയൊന്നും ഒറിജിനൽ കണ്ടന്റ് ഉണ്ടാക്കുന്നവരല്ല. ഉറവിടം പറഞ്ഞിട്ടില്ലങ്കിൽ ഒരിക്കലും വിശ്വസിക്കരുത്.
മാധ്യമപ്രവർത്തകരും ശാസ്ത്രജ്ഞരും തമ്മിൽ സാമ്യമുണ്ട് എന്ന് പറയാറുണ്ട്. ഇരുവരും സത്യം അന്വേഷിക്കുകയും അത് ലോകത്തെ അറിയിക്കുകയും ചെയ്യുന്നു.
വഴിതെറ്റിക്കപ്പെടാതിരിക്കാൻ ഇരുവരും ഗണ്യമായ ഊർജ്ജം ചെലവഴിക്കുന്നു. വിവരങ്ങൾ പരിശോധിക്കുന്നതിനുള്ള ഒരു അച്ചടക്കം ഇരുവരും വെച്ചു പുലർത്തുന്നു. തെളിവുകൾ ഏങ്ങോട്ട് നയിക്കുന്നുവോ മുൻവിധികൾ മാറ്റി വെച്ച് അങ്ങോട്ടേയ്ക്ക് അന്വേഷണം വ്യാപിപ്പിക്കുന്നു. ഇതൊക്കെയാണ് മാതൃകാപരമായ രീതി.
തെറ്റിദ്ധരിപ്പിക്കുന്ന പക്ഷപാതങ്ങൾ (ബയസുകൾ) കണ്ടെത്തുന്നതിനും ഒഴിവാക്കുന്നതിനുമുള്ള വിശദമായ നടപടിക്രമങ്ങൾ നല്ല ശാസ്ത്രീയ പഠനങ്ങളുടെയും മാദ്ധ്യമ റിപ്പോർട്ടിങ്ങിന്റെയും അടിസ്ഥാനമാണ്.
മാധ്യമ പ്രവർത്തകർ ശാസ്ത്രലേഖനത്തിനോ അല്ലെങ്കിൽ വാർത്തയ്ക്കോ ഉള്ള ഉറവിടങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ ഒരു പരിധി വരെ റിപ്പോർട്ടിങ്ങിലെ അബദ്ധങ്ങൾ ഒഴിവാക്കാം.
A) നിങ്ങളുടെ വിദഗ്ദ്ധന് അവരുടെ മേഖലയിൽ പ്രസക്തമായ ഒരു ശാസ്ത്രീയ പശ്ചാത്തലം ഉണ്ടോ?
B) അവർ ഗവേഷകരെന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ടോ? സജീവമായ ഒരു ഗവേഷണ കരിയർ ഉള്ളവരാണോ?
C) വിദഗ്ദ്ധന്റെ വീക്ഷണങ്ങളെ അനാവശ്യമായി സ്വാധീനിച്ചേക്കാവുന്ന ഏതെങ്കിലും താൽപ്പര്യ വൈരുദ്ധ്യങ്ങളോ ബാഹ്യ ഓർഗനൈസേഷനുമായുള്ള ബന്ധമോ നിങ്ങൾക്ക് കണ്ടെത്താനാകുമോ?
അശാസ്ത്രീയ പ്രചരണങ്ങൾക്കും, കപട ശാസ്ത്രങ്ങൾക്കും വലിയ തോതിൽ പ്രചരണം കിട്ടുന്നതിലൂടെ വലിയ സാമൂഹിക പ്രത്യാഘാതങ്ങൾ വരെ ഉണ്ടാവുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.
ആയതിനാൽ മേൽപ്പറഞ്ഞ പോലുള്ള വസ്തുതകൾ ഓരോ ശാസ്ത്ര റിപ്പോർട്ടിങ്ങിലും പാലിക്കപ്പെട്ടിട്ടുണ്ടോ എന്നതിൽ ജാഗ്രത പുലർത്താൻ മാധ്യമ സ്ഥാപനങ്ങൾക്കും മാധ്യമപ്രവർത്തകർക്കും വായനക്കാർക്കും കഴിയട്ടെ.
ഈ പശ്ചാത്തലത്തിൽ ചരിത്രത്തിലേക്ക് ഒരു അനിവാര്യമായ തിരിഞ്ഞുനോട്ടം –
രണ്ടു ദശകങ്ങള്ക്ക് മുന്പ് ഇംഗ്ലണ്ടിൽ ആന്ഡ്രൂ വേക്ക്ഫീല്ഡ് എന്ന ഡോക്ടര് പുറത്തുവിട്ട ഒരു പഠനമായിരുന്നു എം എം ആര് എന്ന വാക്സിന് ഓട്ടിസം ഉണ്ടാക്കിയേക്കും എന്നൊരു സൂചന മുന്നോട്ടു വെച്ചത്. ലാൻസെറ്റെന്ന പ്രമുഖ ശാസ്ത്ര ജേർണലിൽ ഈ പഠനം പ്രസിദ്ധീകരിക്കുകയും ചെയ്തു.
ഇതേത്തുടര്ന്ന് വിദേശത്തുള്ള സകല വിധ വാക്സിന് വിരുദ്ധ പ്രചാരകരും ഇത് ഏറ്റു എടുത്തു പ്രചരിപ്പിച്ചിരുന്നു.
ഇങ്ങനെയിരിക്കെ ലോകമെമ്പാടുമുള്ള അനേകം ശാസ്ത്രജ്ഞർ വേക്ക് ഫീൽഡിൻ്റെ കണ്ടു പിടുത്തമായ MMR മൂലം ഓട്ടിസം എന്ന സിദ്ധാന്തം പഠന വിധേയമാക്കി. പക്ഷെ അവർക്കാർക്കും സമാന റിസൾട്ട് കിട്ടിയില്ല.
എന്നാല് പിന്നീട് നടന്ന അന്വേഷണത്തില് വെളിപ്പെട്ടത് പ്രസ്തുത ഡോക്ടര് സ്വന്തമായി ഒരു മീസില്സ് വാക്സിന് കണ്ടെത്തി അത് പ്രചരിപ്പിക്കാന് ശ്രമിക്കുന്നതിന്റെ ഭാഗമായി വ്യാജമായി നിര്മ്മിച്ചതാണ് ഈ പഠനം എന്നതായിരുന്നു. തുടര്ന്ന് ഈ പഠനം പ്രസിദ്ധീകരണത്തില് നിന്നും പിന്വലിക്കുകയും അധാര്മ്മിക പ്രവര്ത്തികള്ക്ക് ശിക്ഷയായി അദ്ദേഹത്തിന്റെ രെജിസ്ട്രേഷന് തന്നെ പിന്വലിക്കുകയും ചെയ്തിരുന്നു.
നാളിതുവരെ വളരെ വിപുലമായ ആധികാരിക പഠനങ്ങള് ഈ വിഷയത്തില് നടത്തപ്പെടുക ഉണ്ടായിട്ടുണ്ട്, എന്തിനു വാക്സിന് വിരുദ്ധ ഗ്രൂപ്പുകള് തന്നെ വളരെയധികം തുക ചിലവാക്കി ഇത് കണ്ടെത്താന് പഠനം നടത്തിയിരുന്നു. എല്ലാ പഠനഫലങ്ങളും സൂചിപ്പിക്കുന്നത് വാക്സിനുകളും ഓട്ടിസവും ആയി യാതൊരു ബന്ധവും ഇല്ലെന്നു തന്നെ ആണ്. ഇങ്ങനെ ആണ് കാര്യങ്ങള് എന്നിരിക്കെ നിലവിലും നമ്മുടെ നാട്ടില് വാക്സിന് മൂലം ഓട്ടിസം ഉണ്ടാകുന്നു എന്നൊക്കെ ഉള്ള വ്യാജ സന്ദേശങ്ങള് നിലവിൽ പല കുബുദ്ധികളും പ്രചരിപ്പിക്കുന്നത് കാണാം.
അവിടെയാണ് ശാസ്ത്രത്തിൻ്റെ രീതിയുടെ പ്രസക്തി. പുതിയൊരു ദിശയിലേയ്ക്ക് നയിക്കുന്ന കണ്ടുപിടുത്തങ്ങളുണ്ടായാൽ, ലോകത്തിൻ്റെ വിവിധയിടങ്ങളിലെ ശാസ്ത്രജ്ഞർ സമാന ഗവേഷണങ്ങൾ/ അതിൻ്റെ വിവിധ വശങ്ങൾ എന്നിവ വീണ്ടും വിപുലമായി പരീക്ഷണ നിരീക്ഷണങ്ങൾക്ക് വിധേയമാക്കുക എന്നതാണത്.
ഇതിലൂടെ ആദ്യത്തെ പഠനത്തെ സാധൂകരിക്കുകയോ, വിപുലീകരിക്കുകയോ കൂടുതൽ വിശദീകരിക്കുകയോ, മെച്ചപ്പെടുത്തുകയോ സ്ഥിരീകരിക്കുകയോ നിരാകരിക്കുകയോ ഒക്കെ ആവാം. പുനർ ആവിഷ്കരണ സാധ്യതയും, തെറ്റാണെന്ന് തെളിയിക്കാനുള്ള സാധ്യതയുമൊക്കെയാണ് ശാസ്ത്രീയ പഠനങ്ങളുടെ മുഖമുദ്ര.
ശാസ്ത്രീയ പഠനങ്ങളെ അവധാനത്തോടെ സമീപിക്കണമെന്നും അവ ഏത് പ്രസിദ്ധീകരണത്തിലാണ് പ്രസിദ്ധീകരിച്ചതെന്നതിന് വലിയ പ്രാധാന്യമുണ്ടെന്നും എത്ര വലിയ പ്രസിദ്ധീകരണമാണെങ്കിലും ഏതു നിമിഷവും വ്യക്തമായ പഠനത്തിൻ്റെ അടിസ്ഥാനത്തിൽ തിരുത്തപ്പെടാമെന്നും ചരിത്രം നമ്മെ ഓർമ്മിപ്പിക്കുന്നു.
പ്രിയ മാധ്യമങ്ങളോട് ഒരുവാക്ക്, ശാസ്ത്രത്തിൻ്റെ വഴിയിൽ കൗതുകങ്ങൾ ധാരാളമുണ്ടാവും. അവയെ കൗതുകവാർത്തകളായി തന്നെ റിപ്പോർട്ട് ചെയ്യണം. നിങ്ങളാ കൗതുകങ്ങളിൽ മാത്രം ശ്രദ്ധിച്ച്, ഒരു ശാസ്ത്ര ലേഖനം എഴുതുമ്പോൾ അതിലെ യഥാർത്ഥ ശാസ്ത്രകാര്യം അതിൻ്റെ വഴിക്കുപോകും. ആ രീതിയിലുള്ള റിപ്പോർട്ടിംഗ് സമൂഹത്തിന് പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടാക്കില്ല.