· 7 മിനിറ്റ് വായന

ശാസ്ത്രീയത: ഇന്നലെ, ഇന്ന്, നാളെ

ആരോഗ്യ അവബോധംഗവേഷണം

ഒരു ചികിത്സ ഫലപ്രദമാണോ, അല്ലെങ്കില് പല തരം ചികിത്സരീതികളില്ഏതാണ് കൂടുതല് ഫലപ്രദം എന്ന് എങ്ങനെ അറിയാം

? അത് അറിയുന്നതിനുള്ള മാര്ഗമാണ് Clinical trial. വൈദ്യശാസ്ത്രചരിത്രത്തിലെ ഏറ്റവും മഹത്തായ മുന്നേറ്റം എന്ന് പോലും പല വിദഗ്ദരും അഭിപ്രായപ്പെടുന്ന രീതി ആണ് Randomised control trial. വാക്സിനുകള്, ആന്റിബയോട്ടിക്കുകള്, അനസ്തേഷ്യ തുടങ്ങി കോടികണക്കിന് ജീവനുകള് രക്ഷിച്ച കണ്ടെത്തലുകളെ പിന്തള്ളിയാണ് ഈ അഭിപ്രായം എന്ന് ഓര്ക്കുക! അത്ര പ്രാധാന്യം വൈദ്യശാസ്ത്രത്തില് ക്ലിനിക്കല് ട്രയലുകള്ക്ക് ഉണ്ട്.

എന്താണ് ക്ലിനിക്കല് ട്രയല്, ഏതെല്ലാം രീതിയില് ക്ലിനിക്കല് ട്രയലുകള് ഉണ്ട്, എങ്ങനെ ആണ് ക്ലിനിക്കല് ട്രയലുകള് നടത്തുന്നത് തുടങ്ങി വളരെ പ്രധാനമായ, പക്ഷെ നല്ല ബോര് ആയ കുറെ സാങ്കേതികതകള് ഈ വിഷയത്തില്അറിയേണ്ടതുണ്ട്.

? ആ സാഹസത്തിലേക്ക് പോകുന്നതിന് മുന്നേ ക്ലിനിക്കല് ട്രയല് ആയി ബന്ധപ്പെട്ട രസകരമായ ഒരു കഥ. “The story is funny and interesting, because it is true”-Sheldon Cooper

✴️ കഥ തുടങ്ങാം, ഓക്കെ…

പണ്ട് പണ്ട്.. എന്ന് വെച്ചാല് വളരെ പണ്ട്…

1497-ൽ 160 നാവികരുമായി യൂറോപ്പിൽ നിന്ന് ഇന്ത്യയിലേക്ക് കപ്പൽ കയറിയ വ്യക്തിയാണ് വാസ്കോ ഡാ ഗാമ. യാത്രയുടെ അവസാനം ഇന്ത്യയിൽ, നമ്മുടെ കാപ്പാട് എത്തുമ്പോൾ ഗാമയുടെ കപ്പലില് വെറും അമ്പതോളം നാവികർ മാത്രമാണ് അവശേഷിച്ചിരുന്നത്. ബാക്കി എല്ലാവരും യാത്രാമധ്യേ മരിച്ചു. ശരീരം മുഴുവൻ നീരുവെച്ച്, മോണകൾ വീർത്തുപൊട്ടി, രക്തസ്രാവം വന്നു മരിക്കുന്ന ഒരു രോഗം ആയിരുന്നു ഗാമയുടെ നാവികരെ കീഴടക്കിയത്.

“Many of our men fell ill here, their feet and hands swelling, and their gums growing over their teeth so that they could not eat.” – Vasco da Gama

ഗാമയുടെ മാത്രമല്ല, നാവികചരിത്രത്തിന്റെ ആദ്യകാലങ്ങളിലെ ഏറ്റവും വലിയ വില്ലൻ ആയിരുന്നു മേൽപ്പറഞ്ഞ രോഗം. രോഗകാരണമോ, രോഗചികിത്സയോ, പ്രതിവിധിയോ ഒന്നും ആർക്കും വ്യക്തമായിരുന്നില്ല. സ്കർവി (Scurvy) എന്നാണ് ഈ രോഗത്തെ നാവികർ വിളിച്ചിരുന്നത്.

ഇരുപത് വർഷത്തെ നാവികജീവിതത്തിനിടയിൽ തന്റെ കമാന്റിൽ ഉണ്ടായിരുന്ന പതിനായിരം നാവികരെ എങ്കിലും ഈ രോഗം അപഹരിച്ചിട്ടുണ്ടെന്നു 1600-കളിലെ ബ്രിട്ടീഷ് ക്യാപ്റ്റൻ സർ റിച്ചാർഡ് ഹോക്കിൻസ് രേഖപ്പെടുത്തിയിട്ടുണ്ട്. “കടലിൽ പടരുന്ന പ്ളേഗ്” എന്നാണ് ഇതിനെ അദ്ദേഹം വിശേഷിപ്പിച്ചത്. പായ്ക്കപ്പലുകളുടെ കാലത്ത് രണ്ട് ദശലക്ഷം നാവികരുടെ എങ്കിലും ജീവൻ അപഹരിച്ച രോഗമാണ് സ്കർവി.

1740-ല് ആയിരത്തി എണ്ണൂറോളം നാവികരും എട്ട് കപ്പലുകളും ആയി ദക്ഷിണദ്രുവത്തിലേക്ക് യാത്ര ചെയ്ത കോമോഡോർ ജോർജ് അൻസൺ നാല് വർഷത്തിന് ശേഷം തിരിച്ചെത്തിയത് വെറും ഒരു കപ്പലും 188 നാവികരുമായാണ്. മഹാഭൂരിപക്ഷവും രോഗബാധ മൂലം മരണമടഞ്ഞു.

1780കളിലെ അമേരിക്കൻ സ്വാതന്ത്ര്യസമരകാലത്തെ രസകരമായ ഒരു സ്ഥിതിവിവരകണക്ക് ബ്രിട്ടീഷ് നേവിയിലെ ഡോക്ടർ ആയിരുന്ന സർ ഗിൽബർട് ബ്ലൈൻ രേഖപ്പെടുത്തിയിരുന്നു. അക്കാലത്തു ബ്രിട്ടന്റെ ഇരുപതോളം യുദ്ധക്കപ്പലുകൾ വെസ്റ്റ് ഇന്ത്യൻ കടലുകളിൽ മറ്റു യൂറോപ്യൻ നാവികസേനകളുമായി യുദ്ധത്തിലായിരുന്നു. ആ യുദ്ധസമയത്ത് ബ്രിട്ടീഷ് നാവികസേനയ്ക്ക് നഷ്ടമായ 1600-ഓളം നാവികരിൽ വെറും 60 പേർ മാത്രമാണ് ശത്രുവിനാൽ കൊല്ലപ്പെട്ടത്. ബാക്കി 1500-ഓളം പേരും ഈ രോഗം മൂലമാണ് മരിച്ചത്.

വിഫലമായ പല ആന്റി-സ്കർവി നടപടികളും ലോകമെമ്പാടും നാവികർ കൈക്കൊണ്ടു. ഏതാണ് ഫലപ്രദം, എങ്ങനെയാണ് ഫലപ്രദം എന്നതിനെപ്പറ്റി യാതൊരു ധാരണയും അവർക്കാർക്കും ഇല്ലായിരുന്നു. കടലിലെ ദൂഷിതമായ കടൽക്കാറ്റാണ് കാരണം എന്നായിരുന്നു പൊതുവായി അംഗീകരിച്ച ധാരണ. കടൽക്കാറ്റു കാരണം ശരീരം അശുദ്ധമാവുന്നു എന്നായിരുന്നു സിദ്ധാന്തം (Vital force theory നിലനിന്നിരുന്ന കാലമായിരുന്നു). ശരീരത്തെ ശുദ്ധീകരിക്കുന്ന പലതരം വഴികൾ അവർ പരീക്ഷിച്ചിരുന്നു. യാതൊരു അടിസ്ഥാനവും ഇല്ലാത്ത അനവധി സിദ്ധാന്തങ്ങളിൽ ഒന്നായി, അമ്ലസ്വഭാവം ഉള്ള ഭക്ഷണം കഴിച്ചാൽ ശരീരധാതുക്കളെ ശുദ്ധീകരിക്കാം എന്നൊരു ധാരണ അന്ന് നിലനിന്നിരുന്നു. ആ ധാരണയുടെ അടിസ്ഥാനത്തിൽ ഓറഞ്ച് കഴിക്കുക എന്നതും ഒരു പ്രതിവിധി എന്ന നിലയിൽ പലരും പരീക്ഷിച്ചു. 1600-കളിൽ തന്നെ ബ്രിട്ടീഷ് ഡോക്ടർ ആയിരുന്ന ജോൺ വുഡാൽ ഓറഞ്ച് നിർദ്ദേശിച്ചിരുന്നു. എന്നിരുന്നാലും മറ്റ് പല നിർദ്ദേശങ്ങളും പോലെ തന്നെ എന്തെങ്കിലും അടിസ്ഥാനമോ തെളിവോ ഒന്നും അതിനില്ലായിരുന്നു. ഇത്തരത്തിൽ പലതരം വഴികൾ പരീക്ഷിച്ചു നാവികർ യാത്ര തുടർന്നു. ഏതൊക്കെയോ ചിലത് ഫലിക്കാനും തുടങ്ങി. സ്കർവി മരണങ്ങൾ കുറഞ്ഞു വന്നു.

എന്നാൽ എന്താണ് യഥാർത്ഥ കാരണം? എന്താണ് പ്രതിവിധി? – എന്നത് വ്യക്തമായിരുന്നില്ല.

ഇവിടെയാണ് നമ്മുടെ കഥാനായകന് – 1740കളിൽ ബ്രിട്ടീഷ് നേവിയിലെ ഡോക്ടർ ആയിരുന്ന ഡോ.ജെയിംസ് ലിൻഡിന്റെ (James Lind) രംഗപ്രവേശം. ‘സ്കര്വിക്ക് കാരണമായ ശാരീരികഅശുദ്ധി പരിഹരിക്കാന് ഏറ്റവും മികച്ച ആഹാരം’ ഏതെന്നു കണ്ടെത്തുക ആയിരുന്നു ലിൻഡിന്റെ ലക്ഷ്യം. അന്ന് ലിന്ഡ് നടത്തിയ പരീക്ഷണം ആണ് വൈദ്യശാസ്ത്ര ചരിത്രത്തിലെ രേഖപ്പെടുത്തിയ ആദ്യ ക്ലിനിക്കൽ ട്രയൽ.

1747ൽ, സ്കർവി ബാധിച്ച 12 രോഗികളെ ഈരണ്ടു പേർ അടങ്ങുന്ന ആറു ഗ്രൂപ്പുകൾ ആയി ലിൻഡ് തിരിച്ചു. മറ്റെല്ലാ രീതിയിലും ഒരു പോലെ പരിഗണിക്കപ്പെട്ട ഈ ഗ്രൂപ്പുകളില് ഓരോ ഗ്രൂപ്പിനും വ്യതസ്തമായ ഓരോ തരം ഭക്ഷണം മാത്രം അധികം കൊടുത്തു. ആദ്യ ഗ്രൂപ്പിന് ഇരുപത്തഞ്ച് തുള്ളി സൾഫ്യൂരിക്ക് ആസിഡ് (പേര് കേട്ട് പേടിക്കേണ്ട, അല്പം പുളി വരുന്നതിനു അക്കാലത്തു ഭക്ഷണത്തിൽ ചേർത്തിരുന്ന വസ്തു ആയിരുന്നു നേർപ്പിച്ച സൾഫ്യൂരിക്ക് ആസിഡ്). അടുത്ത ഗ്രൂപ്പിന് ആപ്പിൾ ജ്യൂസ്, മറ്റൊന്നിന് രണ്ടു തുള്ളി വിനാഗിരി, അടുത്തതിന് ബാർലി വെള്ളം, അഞ്ചാമത്തെ ഗ്രൂപ്പിന് കടൽ വെള്ളം, ആറാമത്തെ ഗ്രൂപ്പിന് ഓറഞ്ചും നാരങ്ങയും.

ലിൻഡിന്റെ ട്രയലിന് ഒരാഴ്ച്ച കൊണ്ട് തന്നെ റിസൾട്ട് കിട്ടി. നാരങ്ങയും ഓറഞ്ചും കഴിച്ച ഗ്രൂപ്പിലെ വ്യക്തികൾ സുഖം പ്രാപിക്കാൻ തുടങ്ങി. ആറു ദിവസം കൊണ്ട് അതില് ഒരാൾ പൂർണമായി സുഖം പ്രാപിക്കുകയും ചെയ്തു. അമ്ലസ്വഭാവത്തിനല്ല, മറിച്ച് നാരങ്ങയ്ക്കാണ് പ്രാധാന്യം എന്ന് അതോടെ മനസിലായി. അല്ലെങ്കില് സള്ഫ്യൂരിക് ആസിഡ്, വിനാഗിരി കഴിച്ച ഗ്രൂപ്പിനും മാറ്റങ്ങള് കാണേണ്ടതാണല്ലോ.

വൈകാതെ നേവിയിൽ നിന്ന് വിരമിച്ച ലിൻഡ് തന്റെ കണ്ടെത്തലുകൾ 1753-ൽ ‘A treatise of the scurvy’ എന്ന പുസ്തകത്തിൽ വിവരിച്ചു. നാരങ്ങ കഴിച്ചാൽ സ്കർവി മാറ്റാം എന്നത് പക്ഷെ, അന്ന് അധികം അംഗീകരിക്കപ്പെട്ടില്ല. രോഗത്തിന് വിചിത്രമായ ശുദ്ധ-അശുദ്ധികൾ കാരണവും പരിഹാരവും ആയി വിധിക്കപ്പെട്ടിരുന്ന കാലം ആയിരുന്നല്ലോ അത്. എങ്കിലും നാവികലോകം അനുഭവത്തിലൂടെ ഇത് ശരിവെച്ചു. ഭക്ഷണത്തിൽ നാരങ്ങയും ഓറഞ്ചും ചേർത്താൽ സ്കർവിയെ പ്രതിരോധിക്കാം എന്നവർക്കു മനസ്സിലായി.

നാവികചരിത്രത്തിലെയും, വൈദ്യ ചരിത്രത്തിലെയും വഴിത്തിരിവായ ഒരു ‘മഹാത്ഭുതം’ നടന്നത് 1770-കളിൽ ആണ്. 1772 തൊട്ട് 1775 വരെ ദക്ഷിണദ്രുവത്തിൽ പര്യടനം നടത്തിയ ക്യാപ്റ്റൻ ജെയിംസ് കുക്കിന് തന്റെ നാവികരിൽ ഒരാളെപ്പോലും സ്കർവി കാരണം നഷ്ടപ്പെടില്ല. ക്യാപ്റ്റന് കുക്കിന്റെ കപ്പലില് ഭക്ഷണത്തോടൊപ്പം നാരങ്ങയും ഓറഞ്ചും ലഭ്യമായിരുന്നതാണ് കാരണം. മൂന്ന് വർഷം കടല്യാത്ര ചെയ്തിട്ടും ഒരു സ്കർവി രോഗി പോലും ഉണ്ടായില്ല എന്നത് അന്ന് വരെയുള്ള ചരിത്രത്തിൽ അത്ഭുതം ആയിരുന്നു. 1794-ല് ബ്രിട്ടനില് നിന്ന് ഇന്ത്യയിലേക്ക് പര്യടനം നടത്തിയ അഡ്മിറല് അലന്ഗാര്ഡ്നറുടെ കപ്പലിലും ഒരു സ്കര്വി കേസ് പോലും ഉണ്ടായില്ല. 1790കളോടെ ബ്രിട്ടീഷ് നാവികപ്പടയുടെ അഡ്മിറൽ നേതൃത്വം കപ്പല്യാത്രയിൽ ഭക്ഷണത്തോടൊപ്പം നാരങ്ങ ജ്യൂസും ഓറഞ്ചും നൽകുന്നത് നിർബന്ധമാക്കി. അക്കാലത്തെ ബ്രിട്ടീഷ് നാവികരെ അമേരിക്കക്കാർ കളിയാക്കി വിളിച്ചിരുന്നത് ‘Limeys’ എന്നായിരുന്നു!

നാവികരുടെ ദുസ്വപ്നം ആയിരുന്ന സ്കർവിക്കു നിസ്സാരമായ പ്രതിവിധി കണ്ടെത്തിയെങ്കിലും സ്കർവിയുടെ കാരണമോ, നാരങ്ങ എന്ത് ചെയ്യുന്നു എന്നോ അന്നും അറിയില്ലായിരുന്നു. നാരങ്ങയിലെ ഏതോ ശക്തി/രസം ശരീരത്തിലെ ഏതോ ദോഷത്തെ ശുദ്ധീകരിക്കുന്നു എന്നത് തന്നെ ആയിരുന്നു വിശദീകരണം. പിന്നെയും നൂറ് വർഷങ്ങൾക്ക് ശേഷം 1830-കളിൽ ജോൺ എല്ലിയോസ്റ്റേണും 1842-ൽ ജോർജ് ബഡ്ഡും ശരീരത്തിന് ആവശ്യമായ ഒരു പ്രത്യേക രാസവസ്തുവിന്റെ അഭാവമാണ് സ്കർവി എന്നും നാരങ്ങയിലൂടെ ആ വസ്തു ശരീരത്തിന് ലഭിക്കുന്നു എന്നും അഭിപ്രായപ്പെട്ടു. വൈദ്യശാസ്ത്രം കഥകളിൽ നിന്ന് നിരീക്ഷണ-പരീക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രീയവീക്ഷണം പിൻപറ്റി തുടങ്ങിയ കാലഘട്ടം ആയിരുന്നു അത്. പ്രോട്ടീനുകളും, കാർബോഹൈഡ്രേറ്റുകളും, കൊഴുപ്പും കൂടാതെ മറ്റനവധി അവശ്യവസ്തുക്കൾ ചെറിയ തോതിൽ ശരീരത്തിന് ആവശ്യം ആണെന്ന് പിന്നീട് പലരും കണ്ടെത്തി. ശരീരത്തിലെ ഘടനാപരമായ പ്രോട്ടീനുകള് നിര്മിക്കുന്നതിന് ആവശ്യമായ ഒരു വസ്തു – വിറ്റാമിന് സി – യുടെ അഭാവം ആണ് സ്കര്വി എന്നും, നാരങ്ങ, ഓറഞ്ച് പോലുള്ള സിട്രസ് വര്ഗങ്ങളില് വിറ്റാമിൻ സി ഉണ്ടെന്നും 1908-ൽ Axel Holst, Theodore Frolic എന്നിവർ കണ്ടെത്തി. പിന്നീട് 1930കളിലാണ് വിറ്റാമിന് സി യുടെ രാസഘടന കണ്ടെത്തിയത്. കണ്ടെത്തി. മൂന്നു നോബൽ സമ്മാനങ്ങൾക്കു കാരണമായ കണ്ടെത്തലുകള് വിറ്റാമിൻ സി യിൽ നടന്നിട്ടുണ്ട്.

? അങ്ങനെ കഥ കഴിഞ്ഞു.

ഈ കഥയില് നിന്ന് എന്ത് മനസിലായി?

✴️ ഡോ.ജെയിംസ്‌ ലിന്ഡ്ന്റെ പരീക്ഷണത്തെ കുറച്ച് താത്വികമായി അവലോകനം ചെയ്യാം.

എന്താണ് ലിന്ഡ് ചെയ്തത്?

✔️ സ്കര്വി ചികിത്സ എന്ന പേരില് അന്നത്തെ കാലത്ത് നിലനിന്നിരുന്ന പലതരം രീതികളെ താരതമ്യം ചെയ്യുകയാണ് ഈ ട്രയലിലൂടെ ചെയ്തത്. നാരങ്ങ, ബാര്ലി വെള്ളം, സള്ഫ്യൂരിക് ആസിഡ് തുടങ്ങി പലതരം മരുന്നുകളെ ഈ രീതിയില് തരം തിരിച്ച് പരീക്ഷിച്ചാല് മാത്രമേ ഏതാണ് ഫലപ്രദം എന്ന് അറിയാന് സാധിക്കൂ. സാധരണ നാവികര് അന്ന് കപ്പലിലെ അടുക്കളയില്കിട്ടുന്ന എല്ലാം കഴിച്ചിട്ടുണ്ടാവും. നാരങ്ങയും, ഓറഞ്ചും, വിനാഗിരിയും, ബാര്ലി വെള്ളവും, ബാറിലെ വെള്ളവും എല്ലാം. അതില് കുറെ പേർ മരിക്കുന്നു. കുറെ പേർ രക്ഷപ്പെടുന്നു. എന്താ ഏതാ ന്ന് കണ്ടെത്താന് ഇത് മാത്രമാണ് വഴി.

✔️ മരുന്നാണോ എന്ന് സംശയിക്കുന്ന വസ്തുക്കളുടെ ലിസ്റ്റ് തയാറാക്കുക. എത്ര വസ്തുകള് ഉണ്ടോ അത്രയും ഗ്രൂപ്പുകള് ആക്കി രോഗികളെ തിരിക്കുക. ഓരോ ഗ്രൂപ്പിനേയും ബാക്കി എല്ലാ വിഷയങ്ങളിലും ഒരേ പോലെ പരിഗണിക്കുക. മരുന്നാണോ അല്ലയോ എന്ന് സംശയം ഉള്ള ഐറ്റംസ് മാത്രം ഓരോ ഗ്രൂപ്പിനും ഓരോന്ന് മാത്രം കൊടുക്കുക. അത് കഴിഞ്ഞു ഗ്രൂപ്പ് തിരിച്ച് പരിശോദിച്ച് കണക്ക് എടുത്താല് സംഭവം അറിയാന് പറ്റും. അങ്ങനെയേ അറിയാന് പറ്റൂ. ഈ സംഭവം ആണ് സിമ്പിള് ആയി പറഞ്ഞാല് ക്ലിനിക്കല് ട്രയല്. വിവിധതരം മരുന്നുകളെ താരതമ്യം ചെയ്യുന്നത് ഇങ്ങനെ ആണ്. ഇതിനെ comparative trials എന്ന് പറയാം. (നാരങ്ങ, ബാര്ലി വെള്ളം, വിനാഗിരി തുടങ്ങിയവയുടെ എഫെക്റ്റ് താരതമ്യം ചെയ്ത ട്രയല്.)

✔️ മറ്റൊന്ന്, നിങ്ങളുടെ സിദ്ധാന്തമോ, ലോകവീക്ഷണമോ ഒന്നും ഇവിടെ ഒരു വിഷയം അല്ല. തെറ്റായ സിദ്ധാന്തം ആണെങ്കില് പോലും കൊടുക്കുന്ന ചികിത്സ ഫലപ്രദം ആണോ അല്ലയോ എന്നത് മാത്രമാണ് ഇവിടെ വിഷയം. സിദ്ധാന്തം, പ്രവർത്തനരീതി ഒക്കെ അറിഞ്ഞില്ലെങ്കിലും കുഴപ്പം ഇല്ല. നാരങ്ങ സ്കര്വി-ചികിത്സയ്ക്ക് ഉപയോഗിക്കാം എന്നതാണ് തെളിയുന്ന പോയിന്റ്. നാരങ്ങയില്ജീവശക്തി ഉണ്ടെന്ന് വിശ്വസിച്ചാലും, നാരങ്ങയില് കുട്ടിച്ചാത്തന് ഉള്ളതാണ് കാരണം എന്ന് വിശ്വസിച്ചാലും, നാരങ്ങയില് വിറ്റാമിന് സി യാണ് ഉള്ളതെന്ന് മനസിലാക്കിയാലും അത് നമ്മുടെ അറിവിന്റെ പരിമിതിയോ, സാധ്യതയോ ആണ്. ഫലപ്രദം ആണെന്ന് കണ്ടെത്തിയാൽ ബാക്കി പിന്നെ കണ്ടുപിടിക്കാം. ക്ലിനിക്കല് ട്രയലുകള് ഈ അര്ത്ഥത്തില് വളരെ നിഷ്പക്ഷർ ആണ്.

✴️ എല്ലാ ചികിത്സാ വിഭാഗങ്ങളോടും പറയാനുള്ളതും അതാണ്‌. ‘ചികിത്സ’ പാസാവേണ്ടത് ക്ലിനിക്കല് ട്രയലുകളുടെ ടെസ്റ്റ്‌ ആണ്.

✔️ ഒരു രോഗമുള്ള രോഗികളെ രണ്ട് ഗ്രൂപ്പാക്കി ഒരു ഗ്രൂപിനെ പ്ലാസിബോ കൊണ്ടും, മറ്റേ ഗ്രൂപ്പിന് ‘ചികിത്സ’ കൊടുത്തും ചികിത്സിച്ച് താരതമ്യം ചെയ്യുമ്പോള്പ്ലാസിബോ ഗ്രൂപിനേക്കാള് കൂടുതല് മെച്ചമുണ്ട് എന്ന് സ്റ്റാറ്റിസ്റ്റിക്കല് പഠനം തെളിയിച്ചാല് മാത്രമേ ആ ‘ചികിത്സ’ ഫലപ്രദമായതായി തെളിയിക്കാനാവൂ. അങ്ങനെ ഭൂഖണ്ഡങ്ങളുടെ സ്കെയിലില് വന് ട്രയല് സ്റ്റഡികള് നടത്തിയിട്ടും ഒന്നില് പോലും എന്തെങ്കിലും മെച്ചം ഉണ്ടെന്ന് കണ്ടെത്താന് കഴിഞ്ഞിട്ടില്ല എങ്കിൽ അവയെ ചികിത്സാ വിഭാഗങ്ങൾ ആയി കണക്കാക്കാനാവില്ല.

⚕️ചുരുക്കത്തില് ചികിത്സയും, കപടചികിത്സയും തമ്മില് തിരിച്ചറിയുന്നതിനും, ചികിത്സകളെ തന്നെ താരതമ്യം ചെയ്യുന്നതിനും, മെച്ചപ്പെട്ട ചികിത്സയെ കണ്ടെത്തുന്നതിനും, മെച്ചപ്പെട്ട മരുന്ന് കണ്ടെത്തുന്നതിനും ഒഴിച്ചുകൂടാന്ആവാത്ത ടെസ്റ്റ്‌ ആണ് ക്ലിനിക്കല് ട്രയലുകള്. ആധുനികവൈദ്യശാസ്ത്രം ആയി ബന്ധപെട്ട എല്ലാറ്റിനും ട്രയലുകള് വളരെ പ്രധാനമാണ്. “ഒരുപക്ഷെ വൈദ്യശാസ്ത്രചരിത്രത്തിലെ ഏറ്റവും മഹത്തായ മുന്നേറ്റം ആണ് Randomised control trial” എന്ന അഭിപ്രായത്തിന്റെ സാധുത ഇതാണ്.

⚕️Evidence based medicine (തെളിവുകളുടെ അടിസ്ഥാനത്തില് ഉള്ള ചികിത്സ) പിന്തുടരുന്ന ആധുനികവൈദ്യശാസ്ത്രത്തില് ക്ലിനിക്കല് ട്രയലുകള്ക്ക് വലിയ പ്രാധാന്യം ആണുള്ളത്. രോഗിക്കും, ഡോക്ടര്ക്കും ഉണ്ടാവാന് സാധ്യത ഉള്ള ബയസുകള്, നിരീക്ഷിക്കുന്ന/പരീക്ഷിക്കുന്ന മരുന്ന്/ രോഗത്തെ ബാധിക്കുന്ന മറ്റ് ഘടകങ്ങള് ആയ confounding factors, randomisation, statistical factors, ഏത് ചികിത്സയിലും പ്രധാനമായ പ്ലാസിബോ പ്രഭാവം, മരുന്ന് പരീക്ഷണങ്ങളില്അവശ്യം പാലിച്ചിരിക്കേണ്ട എത്തിക്കല് നിര്ദ്ദേശങ്ങള്, ട്രയല് റിവ്യൂ, പ്രായം, ലിംഗം, ശാരീരിക അവസ്ഥകള് തുടങ്ങി പലതരം ഗ്രൂപുകളില് പല തരം മരുന്നുകളുടെ ഫലം … എന്നിങ്ങനെ ക്ലിനിക്കല് ട്രയലുകളില് പ്രധാനമായ സാങ്കേതിക വിഷയങ്ങള് കുറേ ഉണ്ട്. ആവശ്യത്തിലധികം സങ്കീര്ണവും, അതിലുപരി വായിക്കാന് നല്ല ബോറും ആണെന്നത് കൊണ്ട് അത്തരം സാങ്കേതികതകള് തല്ക്കാലം ഒഴിവാക്കുന്നു.

ലേഖകർ

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ