ജീവൻ്റെ കടിഞ്ഞാൺ
പരീക്ഷാചൂട് മാറി മധ്യവേനലും അടുത്തടത്ത് അവധിദിനങ്ങളും വരുമ്പോള്‍ വണ്ടിയെടുത്ത് കുടുംബവുമായോ കൂട്ടുകാരുമായോ ഒന്നു കറങ്ങാനാഗ്രഹിക്കാത്തവര്‍ കുറയും.
അന്നേരം, സിനിമക്കിടയിലെ ശ്വാസകോശപരസ്യം പോലെ ക്ളീഷേയായി മനസ്സിലേക്ക് ചോദിക്കാതെ തന്നെ കയറിവരുന്നു, സീറ്റ് ബെല്‍റ്റ് നിബന്ധനകള്‍. സാമൂഹികനിയന്ത്രണങ്ങളുടെ ആധിക്യം നിലനില്‍ക്കുന്ന നമ്മുടെ നാട്ടില്‍ ഒന്നു ലംഘിച്ചാല്‍ പോലീസിനൊരു പെറ്റിയല്ലാതെ പുലിവാലൊന്നും പിടിക്കില്ല എന്നുറപ്പിക്കാവുന്ന ഒന്നാണല്ലോ സീറ്റ് ബെല്‍റ്റ് ലംഘനം. നമ്മുടെ വണ്ടി, വീടിനടുത്തൊരു ട്രിപ്പ്, 80 ല്‍ കൂടാത്ത വേഗം, ഡ്രൈവിങ്ങ് സ്കില്‍ ആണെങ്കില്‍ പിന്നെ പറയണ്ട. പിന്നെന്തിന് ഈ മൂക്കുകയര്‍?
അതേ, ലോകത്ത് യുവാക്കളുടെ മരണത്തിനും സ്ഥായിയായ ശേഷീപരിമിതിക്കും ഏറ്റവും വലിയ കാരണങ്ങളിലൊന്നായ റോഡപകടം ആധുനികകാല പകര്‍ച്ച വ്യാധി എന്നു വരെ വിശേഷിപ്പിക്കപ്പെടുന്നുണ്ട്. 80 ശതമാനം റോഡപകടങ്ങളും അപകടത്തിനിരയായ വ്യക്തിയുടെ വീടിന്‍റെ 30 കിലോമീറ്റര്‍ ചുറ്റളവിലാണ് നടക്കുന്നത്. ശരാശരി വേഗം മണിക്കൂറില്‍ 80 കിലോമീറ്ററില്‍ താഴെയും. മണിക്കൂറില്‍ 20 കിലോമീറ്റര്‍ വേഗതയില്‍ പോകുന്ന ലൈറ്റ് മോട്ടോര്‍ വാഹനം അപകടത്തില്‍ പെട്ടാല്‍ പോലും കെട്ടിടത്തിന്‍റെ ഒന്നാം നിലയില്‍ നിന്നും വീണ ആഘാതമാണെന്നോര്‍ക്കുക. നാമെത്ര ഡ്രൈവിംഗ് ഭീഷ്മാചാര്യനായാലും അപ്പുറത്തെ വണ്ടിയും സാഹചര്യവും കാലാവസ്ഥയും റോഡുമൊക്കെ ശരശയ്യയുമായി മുന്നിലുണ്ടെന്നും ഓര്‍ക്കുക. ഇങ്ങനെ സാധാരണതയിലൊളിച്ചിരിക്കുന്ന അസാധാരണ അപകടങ്ങളിലാണ് സീറ്റ് ബെല്‍റ്റ് ജീവന്‍റെ കടിഞ്ഞാണായി മാറുന്നത്.
കുറച്ചു നാൾ മുന്നേ A & E (Accident &Emergency) യിൽ ജോലി ചെയ്യുന്ന ഒരു സുഹൃത്ത് പറഞ്ഞതാണ്. “ഒരേ ദിവസം രണ്ടു ആക്സിഡന്റ് കേസ് വന്നിരുന്നു. ഒന്നിൽ അറുപത് മൈൽ സ്പീഡിൽ പോയ കാർ ഹെഡ് ഓണ്‍ ആയി ഒരു മതിലിൽ ഇടിച്ചു. ഫ്രണ്ടിൽ ഡ്രൈവറും പാസഞ്ചറും ഒരു പോറൽ പോലും എൽക്കാതെ രക്ഷപ്പെട്ടു. എയർ ബാഗ് രണ്ടും ഡിപ്ലോയ് ചെയ്തു, രണ്ടിനും സീറ്റ് ബെൽറ്റും ഉണ്ടായിരുന്നു. പുറകിൽ ഉണ്ടായിരുന്ന ഒരുത്തൻ ബെൽറ്റ് ഇട്ടിട്ടില്ലാരുന്നു. ഹെഡ് ഇഞ്ചുറി, നട്ടെല്ലിന് ഫ്രാക്ച്ചർ, അരക്കെട്ട് തകർന്നു, രണ്ടു തുടയെല്ലും ഒടിഞ്ഞു. എല്ലാരും അടിച്ചു ഫിറ്റായിരുന്നു.”
രണ്ടാമത്തെ കേസിൽ കാർ വേറൊരു വണ്ടിയുമായി ഇടിച്ചതാണ്. “മുന്നിലിരുന്നവർ ബെൽറ്റ് ഇട്ടിരുന്നു. ബാക്കിൽ ഇരുന്ന പയ്യൻ ബെൽറ്റ് ഇട്ടിരുന്നില്ല. അവൻ പോയി ഫ്രെണ്ടിൽ ഇരുന്നയാളുടെ തലയിൽ ഇടിച്ച് (എങ്ങനെയാണെന്ന് പിടിയില്ല, വണ്ടിക്ക് ഹെഡ് റസ്റ്റ് ഒക്കെയുള്ളതാണ്) രണ്ടുപേർക്കും ഹെഡ് ഇഞ്ചുറി, കൂടാതെ പുറകിൽ ഇരുന്നയാളുടെ ഒരു കിഡ്നിയും തകർന്നു കുറെ രക്തവും പോയി, എങ്ങനെയോ മരിക്കാതെ രക്ഷപ്പെട്ട് ഐ സി യുവിൽ കിടക്കുന്നു.”
നമ്മുടെ നാട്ടിൽ പുറകിലെ സീറ്റിൽ ഇരിക്കുന്നവർ ബെൽറ്റ് ഇടണം എന്ന് സർക്കാർ നിയമം ഉണ്ടാക്കിയിട്ടില്ലല്ലോ, പിന്നെന്തിനാ ഇടുന്നതെന്ന് ചോദിക്കുന്നവര്‍ക്ക് അവനവന് മരിക്കണ്ടാ / കൂടെയിരിക്കുന്നവരെ കൊല്ലണ്ട എന്നുണ്ടെങ്കിൽ മാത്രം ഇട്ടോളൂ എന്ന് കടുപ്പത്തിലൊരുത്തരം കൊടുക്കാന്‍ പര്യാപ്തമാണ് മുകളിലെഴുതിയ അനുഭവങ്ങള്‍.
കേരളത്തിൽ ഓരോ വർഷവും മുപ്പത്തിയെട്ടായിരത്തിലധികം റോഡപകടങ്ങൾ ഉണ്ടാകുന്നുണ്ട്. നാലായിരത്തിലധികം പേർ മരണമടയുന്നു. നാല്പത്തിരണ്ടായിരത്തിലധികം പേർക്ക് പരിക്ക് പറ്റുകയും പറ്റുന്നു. അതിൽ പതിനായിരത്തോളം കാർ/ജീപ്പ് അപകടങ്ങളാണ്. ഇവയില്‍ തൊള്ളായിരത്തിലധികം പേരാണ് പ്രതിവർഷം മരണമടയുന്നത്. ഈ കാർ/ജീപ്പ് അപകടങ്ങളിൽ പതിമൂവായിരത്തിലധികം പേർക്ക് പരിക്കുകൾ പറ്റുന്നു. അതില്‍ എണ്ണായിരത്തിലധികം പേർക്കും ഗുരുതരമായ (ഗ്രീവസ്) പരിക്കുകളാണ്. ഈ അപകടങ്ങളിൽ കുറെയെങ്കിലും സീറ്റ്ബെൽറ്റ് ഉപയോഗിച്ചാൽ ഒഴിവാക്കാവുന്നതാണ്.
വാഹനാപകടങ്ങളില്‍ പെടുന്ന സീറ്റിലിരിക്കുന്ന ഏതൊരാള്‍ക്കും പ്രാഥമികതട (Primary Restraint) ആയി പ്രവര്‍ത്തിക്കുകയാണ് സുരക്ഷാബെല്‍റ്റ് (safety belt) എന്നു കൂടി വിളിപ്പേരുള്ള സീറ്റ് ബെല്‍റ്റിന്‍റെ ധര്‍മം. ജോര്‍ജ് കേലി എന്ന ഇംഗ്ളണ്ടുകാരന്‍ പത്തൊംബതാം നൂറ്റാണ്ടിന്‍റെ മധ്യത്തിൽ കണ്ടെത്തിയെങ്കിലും ഇന്നു കാണുന്ന ത്രീപോയന്‍റ് സുരക്ഷാബെല്‍റ്റുകള്‍ 1955-ലാണ് നിലവില്‍ വന്നത്.1970-ല്‍ ആസ്ത്രേലിയയിലെ വിക്ടോറിയയിലാണ് ഗതാഗതനിയമത്തില്‍ ആദ്യമായി സീറ്റ്ബെല്‍റ്റ് ഉപയോഗം നിര്‍ബന്ധമാക്കിയത്.
എങ്ങനെയാണ് സീറ്റ്ബെൽറ്റ് അപകടം കുറയ്ക്കുന്നത്?
നമ്മൾ മണിക്കൂറിൽ 100 കിമി സ്പീഡിൽ പോകുന്ന ഒരു വാഹനത്തിൽ സഞ്ചരിക്കുകയാണെന്നിരിക്കട്ടെ. നമ്മളും അതെ സ്പീഡിലായിരിക്കണമല്ലോ സഞ്ചരിക്കുന്നത്. ഈ വാഹനം പെട്ടെന്ന് നിൽക്കുകയാണെങ്കിൽ (ഉദാഹരണത്തിന് എവിടെയെങ്കിലും ഇടിക്കുകയാണെങ്കിൽ) വാഹനത്തിന്റെ സ്പീഡ് നൂറിൽ നിന്ന് പൂജ്യത്തിലേക്ക് പൊടുന്നനെ കുറയും. എന്നാൽ വാഹനത്തിലുള്ള നമ്മുടെ സ്പീഡ് അതേ വേഗതയിൽ തന്നെ പൂജ്യത്തിലെത്തില്ല. അത് കൊണ്ടുതന്നെ നമ്മൾ ഇരിപ്പിടത്തിൽ നിന്ന് മുന്നിലേക്ക് എടുത്തെറിയപ്പെടും, ഈ നൂറു കിലോമീറ്റർ സ്പീഡിൽ തന്നെ. ഈ സ്പീഡിൽ എവിടെയെങ്കിലും ചെന്നിടിച്ചാൽ ശരീരത്തിലെ പല അവയവങ്ങൾക്കും അത് താങ്ങാനാകില്ല. ഇങ്ങനെയുള്ള അവസരങ്ങളിൽ സീറ്റ്ബെൽറ്റ് മുറുകുന്നത് മൂലം നമ്മൾ സീറ്റിൽ തന്നെ ഉറച്ചിരിക്കുകയും എടുത്തെറിയപ്പെടുന്നത് മൂലമുള്ള അപകടം ഒഴിവാകുകയും ചെയ്യുന്നു. സീറ്റ് ബെല്‍റ്റ് ഇടാത്തയാള്‍ വാഹനാപകടങ്ങളില്‍ പുറത്തേക്ക് തെറിച്ചു വീഴാനുള്ള സാധ്യത 30 ഇരട്ടിയാണെന്നും പുറത്തേക്ക് തെറിച്ചുവീണവരിലെ മരണസാധ്യത അഞ്ചിരട്ടിയാണെന്നും ഓര്‍ക്കുക.
പഠനങ്ങൾ കാണിക്കുന്നത് സീറ്റ്ബെൽറ്റ് ഉപയോഗം മൂലം ഡ്രൈവർ/ഫ്രണ്ട് സീറ്റ് പാസഞ്ചർ എന്നിവരിൽ മരണത്തിന്റെ റിസ്ക് 45 ശതമാനവും ഗുരുതര പരിക്കിന്റെ റിസ്ക് 50 ശതമാനവും കുറയ്ക്കാൻ സാധിക്കുന്നുവെന്നാണ്. എയർബാഗ്, ക്രമ്പിൾ സോൺ എന്നിവയൊക്കെയുള്ള ആധുനിക വാഹനങ്ങളിൽ സീറ്റ്ബെൽറ്റ് ഉപയോഗം മൂലം ഈ റിസ്ക് പിന്നെയും കുറയുന്നു.
സീറ്റ്ബെൽറ്റ് ശരിയായ രീതിയിൽ വേണം ഉപയോഗിക്കാൻ. ശരീരത്തിന് കുറുകെ വരുന്ന ഭാഗം തോളിൽ നിന്ന് മറുവശത്തെ ഇടുപ്പിലേക്ക് തന്നെയാകണം. അപകടസമയത്ത് സീറ്റ്ബെൽറ്റ് ശരീരത്തിലുണ്ടാക്കുന്ന മർദ്ദം താങ്ങാൻ ഈ ഭാഗങ്ങൾക്ക് കൂടുതൽ കഴിവുള്ളത് മൂലം ആന്തരാവയവങ്ങൾക്ക് ക്ഷതമേൽക്കാതിരിക്കാൻ വേണ്ടിയാണിത്. യാതൊരു കാരണവശാലും സീറ്റ്ബെൽറ്റ് കഴുത്തിന്റെ വശത്ത് കൂടിയാകാതിരിക്കാൻ ശ്രദ്ധിക്കണം. ബെൽറ്റ് കഴുത്തിന്റെ വശത്ത് മുറുകിയാൽ തലച്ചോറിലേക്കുള്ള പ്രധാന രക്തക്കുഴലുകൾക്ക് ക്ഷതം സംഭവിക്കാൻ സാദ്ധ്യതയുണ്ട്.
135 സെന്റിമീറ്ററിൽ താഴെ ഉയരമുള്ള കുട്ടികൾക്ക് ബൂസ്റ്റർ സീറ്റ് വെച്ച് സീറ്റ്ബെൽറ്റിന്റെ പൊസിഷൻ കറക്ട് ആക്കാവുന്നതാണ്.
തീരെ ചെറിയ കുട്ടികൾക്കും സീറ്റ് ബെല്‍റ്റ് ഉള്ള ചൈൽഡ് സീറ്റ്/ബേബി സീറ്റ് എന്നിവയുണ്ട്. പുതിയ വാഹനങ്ങളിൽ പിൻസീറ്റിൽ ഈ ബേബി സീറ്റ് ഉറപ്പിക്കാനുള്ള isofix സംവിധാനമുണ്ടാകും. അപകടസമയത്ത് ചൈൽഡ് സീറ്റ് കാർ സീറ്റിൽ നിന്നും നീങ്ങിപ്പോകാതെ ഉറച്ചിരിക്കാൻ ഇത് സഹായിക്കുന്നു.
ഗര്‍ഭിണികളും സീറ്റ് ബെല്‍റ്റ് ധരിച്ച് കൂടുതല്‍ സുരക്ഷ ഉറപ്പാക്കണം. കാറുകളിൽ മാത്രമല്ല ബസ്സുകളിലും സീറ്റ്ബെൽ്റ്റ് ഉള്ളതും ഉപയോഗിക്കുന്നതും യാത്രക്കാര്‍ക്ക് ഗുണകരമാണ്.
അതുപോലെതന്നെ ഒട്ടുമിക്ക ആധുനിക കാറുകളിലും എയർബാഗ് ഉണ്ടല്ലോ, അവ ശരിയായ രീതിയിൽ സുരക്ഷിതത്വം നൽകണമെങ്കിൽ സീറ്റ്ബെൽറ്റ് ഇട്ടിരിക്കണം.
നിയമങ്ങള്‍ക്കും മീതെ സുരക്ഷയെ മാനിക്കുന്ന കിനാശ്ശേരി ഇവിടെ യാഥാര്‍ത്ഥ്യമാകുമോ?
അപ്പോള്‍ സ്കൂളവധി തുടങ്ങിയ സ്ഥിതിക്ക്, എവരിബഡീസ് ഗോ ടു യുവര്‍സീറ്റ്സ് ആന്‍റ് വെയര്‍ ദ സീറ്റ് ബെല്‍റ്റ്സ്. ഹാപ്പി വെക്കേഷന്‍…
കവർ ചിത്രം, കടപ്പാട്: വിക്കിപീഡിയ