· 3 മിനിറ്റ് വായന

ഫിറ്റ്സ് വന്നാൽ എന്തെല്ലാം ചെയ്യണം

Uncategorized
പത്തിൽ ഒരാൾക്ക് അയാളുടെ ജീവിതകാലത്ത് ഒരു തവണയെങ്കിലും അപസ്മാരം അല്ലെങ്കിൽ ഫിറ്റ്സ് (seizure) ഉണ്ടായേക്കാം എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. നമ്മുടെ ശരീരത്തിന്റെ എല്ലാ ചലനങ്ങളും ചിന്തകളും ബോധവും എല്ലാം നിയന്ത്രിക്കുന്നത് മസ്‌തിഷ്കമാണല്ലോ. മാസ്‌തിഷ്കത്തിനകത്തുള്ള നൃറോണുകളിൽക്കുള്ളിലും അവിടെ നിന്നും പുറത്തേക്കുമുള്ള ആശയവിനിമയം നടക്കുന്നത് നേരിയ തോതിലുള്ള വൈദ്യുത തരംഗങ്ങളിലൂടെയാണ്. ഇതിനു പകരം മസ്തിഷ്കത്തിൽ ഉണ്ടാകുന്ന ഒരു അസാധാരണമായ വൈദ്യുത തരംഗമാണ് യഥാർത്ഥത്തിൽ അപസ്മാരം (seizure). ഈ വൈദ്യുത തരംഗങ്ങൾ ഒരാളെ ബോധ രഹിതനാക്കാം. അയാളുടെ ശരീരത്തിൽ അസ്വാഭാവികമായ ചലനങ്ങൾ ഉണ്ടാക്കാം. ചിലർ വളരെ അസാധാരണമായി പെരുമാറാം. ചിലർക്ക് അവരുടെ ഇന്ദ്രിയങ്ങളിലൂടെ അസാധാരണമായ സംവേദനാനുഭവങ്ങൾ അനുഭവപ്പെടാം.
തുടർച്ചയായി അപസ്മാരം (ഫിറ്റ്സ് ) ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയെയാണ് എപിലെപ്സി എന്നു വിളിക്കുന്നത്. ഇത് മിക്കവാറും കുട്ടിക്കാലത്തു തന്നെ പ്രത്യക്ഷപ്പെട്ടു തുടങ്ങും. എന്നാൽ എല്ലാ അപസ്മാരങ്ങളും എപിലെപ്സി അല്ല എന്നോർക്കണം. ഉദാഹരണത്തിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമതീതമായി കുറഞ്ഞാൽ (hypoglycemia), രക്തത്തിൽ സോഡിയത്തിന്റെ അളവ് കുറഞ്ഞാൽ (hyponatremia), മസ്‌തിഷ്കത്തിൽ അണുബാധ ഉണ്ടായാൽ (encephalitis) എന്നിവയിൽ എല്ലാം ഒരു ലക്ഷണം അപസ്മാരം ആവാം. ഇതൊന്നും ഇല്ലാതെ ചില മാനസിക പ്രശ്നങ്ങളുടെ ഭാഗമായും ശരീരത്തിൽ അപ്സമാരത്തിനു സമാനമായ ചലനങ്ങൾ ചിലരിൽ കാണാറുണ്ട്. ഇവരിൽ നേരത്തെ പറഞ്ഞ മസ്തിഷ്കത്തിലെ അസാധാരണമായ വൈദ്യുത തരംഗങ്ങൾ ഉണ്ടാവില്ല. ദൈർഘ്യം, ശരീര നേത്ര ചലനങ്ങളുടെ പ്രത്യേകതകൾ, അപ്സമാരത്തിന്റെ കൂടെ അറിയാതെ വിസർജനം സംഭവിക്കൽ, നാവിലും മറ്റും കടിയേറ്റ് മുറിവ് സംഭവിക്കൽ തുടങ്ങിയ ലക്ഷണങ്ങൾ ആദ്യം പറഞ്ഞ അപസ്മാരത്തെ മാനസിക കാരണങ്ങൾ കൊണ്ടുള്ള ശരീരചലനത്തിൽ നിന്നും തിരിച്ചറിയാൻ സഹായിക്കാറുണ്ട്.
കാരണങ്ങൾ എന്തു തന്നെയായാലും ഒരാൾക്ക് ഫിറ്റ്സ് വരുന്നത് ശ്രദ്ധയിൽ പെട്ടാൽ ആളുകൾ അടിയന്തിരമായി ചെയ്യേണ്ട ചില കാര്യങ്ങൾ അറിഞ്ഞിരിക്കുക എന്നത് പ്രധാനമാണ്. ഇന്നും ഫിറ്റ്‌സ് വന്നാൽ കയ്യിൽ നിർബന്ധമായി താക്കോൽ തിരുപിടിപ്പിക്കുന്നത് പോലെയുള്ള മുറകൾ കാണുന്നു എന്നത് വിചിത്രമാണ്.
*ഒരാൾക്ക് ഫിറ്റ്സ് വന്നാൽ ചുറ്റുമുള്ളവർ എന്തെല്ലാം ചെയ്യണം.*
കണ്ടു നിൽക്കുന്നവർക്ക് ഭയം ഉണ്ടാവുന്ന ഒന്നാണ് ഫിറ്റ്സ്. മിക്കവാറും അപസ്‌മാരങ്ങൾ മിനിറ്റുകൾക്കുള്ളിൽ തനിയെ അവസാനിക്കും.പരമാവധി കുറച്ചു കാര്യങ്ങൾ ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം. പരിഭ്രാന്തരായി ബഹളം വെക്കുക, താക്കോലിനു ഓടുക തുടങ്ങിയ കാര്യങ്ങൾ ചെയ്യാതെ, ചുറ്റും തിക്കി കൂടിനിൽക്കാതെ നിരീക്ഷിക്കുക.
*അപകടങ്ങൾ ഒഴിവാക്കുക*
തിരക്കേറിയ റോഡിന് സമീപമോ തീയ്ക്ക് സമീപമോ ചൂടുള്ള കുക്കറിന് സമീപമോ, ഉയരത്തിലോ, വെള്ളത്തിനു സമീപമോ പോലെ അപകടം സംഭവിക്കാൻ സാധ്യതയുള്ള പ്രദേശത്താണെങ്കിൽ മാത്രം അവരെ നീക്കുക. അല്ലാത്ത പക്ഷം ബലം പ്രയോഗിച്ചു നീക്കാതിരിക്കുക ( വെള്ളത്തിൽ വെച്ചും വീൽചെയറിൽ ഇരിക്കുമ്പോൾ ഉണ്ടാവുന്നതും ആയ ഫിറ്റ്സിനെ കുറിച്ചും ഗർഭാവസ്ഥയിൽ ഉണ്ടാവുന്ന ഫിറ്റ്സിനെ കുറിച്ചും പിന്നീട് ഒരിക്കൽ പറയാം )
അപകടമുണ്ടാക്കാവുന്ന വസ്തുക്കൾ സമീപം ഉണ്ടെങ്കിൽ അവ നീക്കം ചെയ്യുക .
ആള് നിലത്താണെങ്കിൽ കഴിയുമെങ്കിൽ അവരുടെ തലയുടെ താഴെ കുഷ്യൻ വെക്കുക.
ശ്വാസോച്ഛ്വാസം സഹായിക്കുന്നതിന് കഴുത്തിന് ചുറ്റുമുള്ള ഏതെങ്കിലും ഇറുകിയ വസ്ത്രങ്ങൾ അഴിക്കുക
ഒരു വശത്തേക്ക് ചെരിച്ചു താടിയൽപ്പം ഉയർത്തി കിടത്തുക. പൂർണമായും സ്വബോധത്തിൽ അല്ലാതെ,എന്നാൽ ശ്വസിക്കുന്ന ഒരാളെ, സ്പൈനൽ injury പോലുള്ള ഗുരുതര അവസ്ഥകൾ ഇല്ലെങ്കിൽ കിടത്താവുന്ന സുരക്ഷിതമായ ഒരു രീതിയാണ് ഇത് .വായിൽ ഉണ്ടാകുന്ന ഉമിനീര്, സ്രവങ്ങൾ, നാവ് കടിച്ചുണ്ടാകാൻ സാധ്യതയുള്ള രക്തം തുടങ്ങിയവ ശ്വാസകോശത്തിലേക്ക് ഇറങ്ങി പോകാതിരിക്കാൻ ഇത് സഹായിക്കും. (ശ്വാസനാളം തുറന്ന നിലയിൽ സൂക്ഷിക്കാൻ സഹായിക്കുന്ന ഈ recovery position എങ്ങനെ ചെയ്യാമെന്ന് ധാരാളം വീഡിയോകൾ ഉണ്ട്. ഒരു പ്രയാസവും ഇല്ലാതെ ചെയ്യാവുന്ന ഇത്തരം കാര്യങ്ങളെ കുറിച്ച് അവബോധമുണ്ടാക്കാൻ സ്കൂൾ തലം മുതൽ ശ്രദ്ധ ചെലുത്തുന്നത് നന്നായിരിക്കും.)
ഫിറ്റ്സ് പൂർണമായും നിൽക്കുന്നത് വരെ അവരോടൊപ്പം ഉണ്ടാവുക.ഫിറ്റ്സ് മാറിയ ശേഷം സുരക്ഷിതമായ സ്ഥലത്ത് ഇരിക്കാൻ വ്യക്തിയെ സഹായിക്കുക. അവരോട് ശാന്തമായി സംസാരിക്കുകയും എന്തു സംഭവിച്ചു എന്ന് പറയുകയും ചെയ്യുക.
*ചെയ്യാൻ പാടില്ലാത്ത പ്രധാന കാര്യങ്ങൾ പ്രധാനമാണ്*
കൈകാലിട്ടടിക്കുന്നതു തടയാനും ചലനങ്ങൾ നിർത്തുവാനും ബലം പ്രയോഗിക്കരുത്‌. ഇതു കൊണ്ട്‌ ഗുണമില്ലെന്ന് മാത്രമല്ല,ശാരീരികമായ ക്ഷതങ്ങളേൽക്കുവാൻ സാധ്യത കൂടുകയും ചെയ്യും.
ഫിറ്റ്സ് ഉള്ളപ്പോൾ ബലം പ്രയോഗിച്ചു നീക്കാൻ ശ്രമിക്കാതിരിക്കുക
ഫിറ്റ്സ് ഉള്ളപ്പോൾ ബലം പ്രയോഗിച്ചു വായിൽ ഒന്നും തിരുകി കയറ്റാതിരിക്കുക. നാക്കു കടിച്ചു പോകും, നാക്കു വിഴുങ്ങും തുടങ്ങിയ ഭയങ്ങൾ കൊണ്ടാണ് പലപ്പോഴും ഇതു ചെയ്യുന്നത്.
*ഫിറ്റ്‌സ് വന്നാൽ ആശുപത്രിയിൽ കൊണ്ടു പോകണോ*
താഴെ പറയുന്ന അവസ്ഥകളിൽ ആശുപത്രിയിൽ കൊണ്ടുപോകുന്നതാണ് നല്ലത്.
ആ വ്യക്തിക്ക് മുമ്പ് ഒരു അപസ്മാരം ഉണ്ടായിട്ടില്ലെങ്കിൽ.ആദ്യമായി ഉണ്ടാവുന്ന അപസ്മാരം വൈദ്യശ്രദ്ധയിൽ പെടുത്തുന്നതാണ് ഉചിതം
ഫിറ്റ്സ് മൂന്നു മുതൽ അഞ്ചു മിനിറ്റിൽ കൂടുതൽ നീണ്ടുനിൽക്കുന്നുണ്ടെങ്കിൽ.
ഫിറ്റ്‌സിനു ശേഷം വ്യക്തിക്ക് ശ്വസിക്കാനോ ഉണരാനോ ബുദ്ധിമുട്ടുണ്ടെങ്കിൽ
തുടരെ തുടരെ ഫിറ്റ്സ് വരുന്നുണ്ടെങ്കിൽ
ഫിറ്റ്സ് ഉണ്ടാകുമ്പോൾ വ്യക്തിക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെങ്കിൽ.
ജലത്തിൽ സംഭവിക്കുന്ന ഫിറ്റ്സ്
വ്യക്തിക്ക് പ്രമേഹം, ഹൃദ്രോഗം, അല്ലെങ്കിൽ ഗർഭിണിയായിരിക്കുക തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ അടിയന്തിര വൈദ്യ സഹായം തേടുന്നതാണ് ഉചിതം.
നേരത്തെ അപ്സമാരരോഗം ഉള്ളവർ ആണെങ്കിൽ അടിയന്തിര ചികിത്സ ഒന്നും ഇല്ലാതെ തന്നെ ഫിറ്റ്സ് മാറാൻ ആണു സാധ്യത.
*കയ്യിൽ താക്കോൽ തിരുകിയാൽ അപസ്മാരം നിലയ്ക്കുന്നത് എങ്ങനെയാണ്.?*
കുറെ നാൾ മുൻപ് ഒരു സുഹൃത്തിന്റെ വീട്ടിൽ വെച്ച് പുള്ളിയുടെ ഒരു ബന്ധുവിന് ഫിറ്റ്സ് വന്നപ്പോൾ കീ എടുക്ക് എന്ന് അലർച്ച കേട്ട് ആശുപത്രിയിൽ കൊണ്ടു പോകാൻ ആവും എന്ന് കരുതി കാറിന്റെ കീ എടുത്ത്,പോകാം എന്ന് പറഞ്ഞ ഒരു അനുഭവം ഉണ്ടായിരുന്നു. ഡോക്ടർ ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല എന്ന് പറഞ്ഞു പുള്ളി വേഗം പോയി ഒരു വലിയ താക്കോൽ കൂട്ടം അയാളുടെ കയ്യിൽ പിടിപ്പിച്ചു. താമസിയാതെ ഫിറ്റ്സ് നിലച്ചു. ഇപ്പോൾ എങ്ങനെയുണ്ട് എന്ന മട്ടിൽ പുള്ളി നോക്കി.എങ്ങനെയാണ്‌ താക്കോൽ അപസ്മാരം മാറ്റിയത്?
വൈറൽ പനി ആന്റിബയോട്ടിക്ക് കഴിച്ചാൽ മാറാൻ ഒരാഴ്ചയെ എടുക്കൂ . ഇല്ലെങ്കിൽ ഏഴു ദിവസം എടുക്കും എന്ന് പഴയ ഒരു ഫലിതം ഉണ്ട്. അതെ റോൾ ആണ് താക്കോലിനും ഉള്ളത്. ഒരാൾ ഓടി പോയി താക്കോൽ കണ്ടെത്തി അത് തിരുകുമ്പോഴേക്കും ഏതാനും മിനിറ്റുകൾ കഴിഞ്ഞിട്ടുണ്ടാകും
ആ സമയം കൊണ്ട് ഒട്ടു മിക്ക ഫിറ്റ്സുകളും ഒടുങ്ങാറായി കാണും. ചില സമൂഹങ്ങളിൽ താക്കോലിന് പകരം ഉള്ളി തിരുകലും കെട്ട ഉള്ളി മണപ്പിക്കലും ആണ് എന്നും കേട്ടിട്ടുണ്ട്. ഇത്തരം വിചിത്രമായ ആചാരങ്ങൾ തുടരുന്നതിനു പകരം ശാസ്ത്രീയ അവബോധത്തോടെ പെരുമാറാൻ സമൂഹത്തിനു കഴിയട്ടെ
ലേഖകർ
Shameer V K completed MBBS from Pariyaram Medical College and MD General Medicine from Govt Medical College, Thrissur. He has worked at Malabar Medical College, KMCT Med College, and Thrissur Medical College. Presently Assistant Professor, Kozhikode Medical College. Special interest - Infectious Diseases, Diabetes and Geriatrics.
Dr. Anjit.U. MBBS from Academy of Medical Sciences 2000, MD Pathology from Government Medical College, Thiruvananthapuram in 2007. Worked in various private Medical colleges before joining Govt.Medical College Manjeri in 2014 under Medical education Department . Specially interested in public health, propelling scientific culture. Member of editorial board of Kerala wing of Indian Medical Association health magazine 'Nammude Arogyam'.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ