· 9 മിനിറ്റ് വായന

ലൈംഗിക വിദ്യാഭ്യാസം

Uncategorized
സമഗ്ര ലൈംഗിക വിദ്യാഭ്യാസം – സുരക്ഷിതവും അല്ലാത്തതുമായ സ്പർശനങ്ങൾ
കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ നമ്മൾക്ക് ചുറ്റും സംഭവിക്കാറുണ്ട്. ഇതിൽ വളരെ ചെറിയൊരു ഭാഗം മാത്രമേ തിരിച്ചറിയപ്പെടുകയും, റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്യാറുള്ളു. അത്തരം ഒരു കേസിൽ ഒരു 9 വയസുകാരൻ കുറ്റാരോപിതനായ വ്യക്തിക്കെതിരെ നൽകിയ മൊഴിയെ കുറിച്ചുള്ള വാർത്ത നിങ്ങളിൽ പലരും ശ്രദ്ധിച്ചുകാണും. സ്‌കൂളിൽ ‘ഗുഡ്/ ബാഡ് ടച്ചിനെ’ കുറിച്ച് പഠിപ്പിച്ചിരുന്നു എന്നും, പ്രസ്തുത വ്യക്തി ‘ബാഡ് ടച്ച്’ ആണ് ചെയ്തത് എന്നുമാണ് കുട്ടി കോടതിയിൽ പറഞ്ഞത്. കോടതി കുറ്റാരോപിതനെ ശിക്ഷിക്കുകയും ചെയ്തു. പരാതി നൽകാനും, അതുപോലെ അന്വേഷണത്തിലും, കോടതി നടപടികളിലും സഹകരിക്കാനും മനസ്സ് കാണിച്ച രക്ഷിതാക്കളോടും, ധൈര്യപൂർവം തനിക്ക് നേരിട്ട ബുദ്ധിമുട്ടുകൾ തുറന്നു പറഞ്ഞ ആ കുട്ടിയോടും വലിയ ബഹുമാനം തോന്നി.
ഈ വാർത്ത വന്ന സമയം മുതൽ പലരും സ്‌കൂളിൽ ലൈംഗിക വിദ്യാഭ്യാസം എന്തുകൊണ്ട് വേണം എന്നതിന് ഉദാഹരണമായി ഈ സംഭവത്തെ ചൂണ്ടി കാണിക്കുകയുണ്ടായി. കുട്ടിക്ക് സ്‌കൂളിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട ലഭിച്ച അറിവ് ജീവിതത്തിൽ എങ്ങനെ പ്രയോജനം ചെയ്യുന്നു എന്നതിന് ഒരു ഉദാഹരണമായി ഈ സംഭവത്തെ കാണാവുന്നതാണ്. സമഗ്ര ലൈംഗിക വിദ്യാഭ്യാസം ( Comprehensive Sexuality Education) വഴി കുട്ടികൾക്ക് തങ്ങളുടെ ശരീരത്തെ കുറിച്ചും, സ്വകാര്യതയെ കുറിച്ചും, ലൈംഗിക അതിക്രമങ്ങളെ കുറിച്ചും, അവ എങ്ങനെ തിരിച്ചറിയാമെന്നും , തടയാമെന്നതിനെ കുറിച്ചും അങ്ങനെ ഉണ്ടായാൽ എന്ത് ചെയ്യണം എന്നതിനെ കുറിച്ചും എല്ലാം പറഞ്ഞു കൊടുക്കുന്നത് , ലൈംഗിക അതിക്രമങ്ങൾ തിരിച്ചറിയാനും, തടയാനും, നിയമ നടപടികൾ സ്വീകരിക്കാനും കുട്ടികളെ പ്രാപ്തരാക്കും എന്നത് മുന്നേ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
ഈ അവസരത്തിൽ കുട്ടികളോട് വിവിധ തരത്തിലുള്ള സ്പർശനങ്ങളെ കുറിച്ച് എങ്ങനെ സംസാരിക്കാം എന്ന് ചർച്ചചെയ്യുന്നത് നല്ലതായിരിക്കും എന്ന് തോന്നുന്നു.
❓കുട്ടികളോട് സ്പർശനങ്ങളെ കുറിച്ച് എപ്പോ മുതൽ സംസാരിച്ചു തുടങ്ങാം ?
?തൻ്റെ ശരീരത്തിലെ വിവിധ അവയവങ്ങളുടെ പേര്, സ്വകാര്യ ഭാഗങ്ങളെ കുറിച്ചുള്ള അറിവ്, ഇവയുള്ള കുട്ടികളോട് സ്പർശനങ്ങളെ കുറിച്ച് സംസാരിക്കാവുന്നതാണ്. അവയവങ്ങളെ കുറിച്ച് കുട്ടികളോട് സംസാരിക്കുമ്പോൾ, നാടൻ പേരുകൾ/വിളിപ്പേരുകൾ ഉപയോഗിക്കുന്നതിന് പകരം അവയുടെ കൃത്യമായ പേരുകൾ തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
❓ഏതൊക്കെയാണ് വിവിധ തരത്തിലുള്ള സ്പർശനങ്ങൾ?
?പൊതുവിൽ നമ്മൾ “ഗുഡ്- ബാഡ് ടച്ച്” എന്ന് പറയാറുണ്ടെങ്കിലും, കുറച്ചു കൂടി ശരിയായ പ്രയോഗം “സുരക്ഷിതവും- സുരക്ഷിതമല്ലാത്തതുമായ (safe and unsafe touch ) സ്പർശനം” എന്നതാണ്. ഏറ്റവും മികച്ച ലൈംഗിക വിദ്യാഭ്യാസ പരിപാടികളിൽ എല്ലാം തന്നെ ഈ പ്രയോഗമാണ് ഉപയോഗിച്ചു വരുന്നത് .
?‘ഗുഡ്- ബാഡ്’ എന്ന വേർതിരിവ് പലപ്പോഴും ശരീരത്തിൽ എവിടെ സ്പർശിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് നിർവചിക്കപ്പെടുന്നത്. കുട്ടികളുടെ ചിന്തകൾക്കോ, വികാരങ്ങൾക്കോ അവിടെ പ്രാധാന്യം ലഭിക്കാറില്ല. അതെ സമയം കുട്ടിക്ക് ആ സമയത്ത് എന്ത് തോന്നുന്നു, എന്ത് ഫീൽ ചെയ്യുന്നു എന്നതിന് കൂടി പ്രാധാന്യം നൽകുന്നതാണ് സുരക്ഷിതവും- സുരക്ഷിതമല്ലാത്തതുമായ സ്പർശനം എന്ന പ്രയോഗം. ഒരാൾ എവിടെ സ്പർശിക്കുന്നു എന്നതിലുപരിയായി, കുട്ടിക്ക് ആ അവസരത്തിൽ എന്ത് ഫീൽ ചെയ്യുന്നു എന്നതിനാണ് പ്രാധാന്യം. മോശം ഉദ്ദേശ്യത്തോടെ ആളുകൾക്ക് സ്വകാര്യ ഭാഗങ്ങളിൽ മാത്രമല്ല സ്പർശിക്കാൻ സാധിക്കുക എന്നത് അറിയാമല്ലോ!
?നമ്മുടെ ലൈംഗിക അവയവങ്ങളുടെ പ്രത്യേകത മൂലം, അവിടെയുള്ള സ്പർശനം കുട്ടികൾക്ക് സുഖകരമായി (may feel good) തോന്നാനും, അങ്ങനെ അത്തരം സ്പർശനങ്ങളെ തെറ്റിദ്ധരിക്കാനും(as good touch) ആശയകുഴപ്പത്തിലാകാനുള്ള സാധ്യതയുമുണ്ട്.
?സുരക്ഷിതവും- അല്ലാത്തതുമായ സ്പർശനങ്ങളെ കുറിച്ച് കുട്ടികളോട് സംവദിക്കാനും കൂടുതൽ എളുപ്പമാണ്.
അതുകൊണ്ടാണ് സുരക്ഷിതവും- സുരക്ഷിതമല്ലാത്തതുമായ സ്പർശനം എന്ന പ്രയോഗമാണ് അനുയോജ്യം എന്ന് പറയുന്നത്.
❓സുരക്ഷിതമായ സ്പർശനം എങ്ങനെയാണെന്ന് കുട്ടികളോട് എങ്ങനെ പറഞ്ഞു കൊടുക്കും?
❤️നമ്മൾക്ക് സുരക്ഷിതത്വവും, പിന്തുണയും, സന്തോഷവും നൽകുന്ന സ്പർശനങ്ങളെ സുരക്ഷിതമായ സ്പർശനം എന്ന് പറയാം.
ഉദാഹരണങ്ങൾ;
?മാതാപിതാക്കൾ സ്നേഹം പ്രകടിപ്പിക്കാൻ കെട്ടിപിടിക്കുന്നത്, ഉമ്മ നൽകുന്നത്. അതുപോലെ മാതാപിതാക്കളെ നമ്മൾ കെട്ടിപ്പിടിക്കുന്നത്.
?സഹോദരങ്ങൾ കെട്ടിപ്പിടിക്കുന്നത്, മുത്തച്ഛനും മുത്തശ്ശിയും കസിൻസും ഒക്കെ നീണ്ട കാലത്തിനു ശേഷം കാണുമ്പോൾ കെട്ടിപിടിക്കുന്നത്.
?സുഹൃത്തുക്കൾ കൈ കൊടുക്കുന്നത്, കെട്ടി പിടിക്കുന്നത്.
?രോഗമോ അപകടമോ മറ്റോ ഉണ്ടാകുമ്പോൾ ഡോക്ടറുമാരോ, നേഴ്‌സുമാരോ മറ്റും മാതാപിതാക്കളുടെ സാന്നിധ്യത്തിൽ, അവരുടെ അനുവാദം വാങ്ങിയതിന് ശേഷം പരിശോധിക്കുന്നത്.
(രക്ഷിതാക്കൾ, സഹോദരങ്ങൾ, അടുത്ത ബന്ധുക്കൾ ഇവരുടെ സ്പർശനങ്ങൾ സുരക്ഷിതമാണ് എന്ന് പൊതുവെ പറഞ്ഞു എങ്കിലും, ചില അവസരങ്ങളിൽ അങ്ങനെ ആവണമെന്നില്ല എന്നുള്ളതും നമ്മൾ ഓർക്കണം. വേണ്ടി വന്നാൽ ആ കാര്യവും കുട്ടികൾക്ക് മനസ്സിലാകുന്ന രീതിയിൽ ഉൾപ്പെടുത്താം.)
❤️ഈ സാഹചര്യങ്ങളിൽ ആണെങ്കിൽ കൂടി കുട്ടിക്കാലം മുതൽ കുട്ടികളുടെ ശരീരത്തിൽ സ്പർശിക്കുന്നതിന് മുൻപ്, മാതാപിതാക്കൾ അടക്കം അവരോടു അനുവാദം ചോദിക്കുന്നത്, കുട്ടികൾക്ക് കൂടുതൽ ആത്മവിശ്വാസവും, അതുപോലെ തൻ്റെ ശരീരത്തിൻ്റെ നിയന്ത്രണം തനിക്കാണ് (body autonomy) എന്ന ബോധ്യവും വളരാൻ സഹായിക്കും. Consent എന്നതിൻ്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാകാനും ഇത് സഹായിക്കും.
?അതുപോലെ തന്നെ സഹോദരങ്ങൾ, കസിൻസ്, കൂട്ടുകാർ എന്നിവരോട് സ്നേഹം പ്രകടിപ്പിക്കാൻ കെട്ടിപിടിക്കുകയോ, സ്പർശിക്കുകയോ ചെയ്യുന്നതിന് മുൻപ് അവരോടു അനുവാദം ചോദിക്കുന്ന ശീലം കുട്ടികളിൽ വളർത്തിയെടുക്കുന്നതും നല്ലതാണ്.
?ഓർക്കുക, ആര് സ്പർശിക്കുന്നു, എവിടെ സ്പർശിക്കുന്നു എന്നതിലുപരി, കുട്ടിക്ക് എന്ത് തോന്നുന്നു എന്നതിനാണ് പ്രാധാന്യം. നമ്മൾ സംസാരിക്കുമ്പോൾ ഈ ആശയത്തിന് വേണം പ്രാധാന്യം കൊടുക്കാൻ.
❓എന്തൊക്കെയാണ് സുരക്ഷിതമല്ലാത്ത സ്പർശനങ്ങൾ?
ഇനി സുരക്ഷിതമല്ലാത്ത സ്പർശനങ്ങൾ എന്തൊക്കെയാണ് എന്ന് കുട്ടികളോട് എങ്ങനെ പറയും എന്ന് നോക്കാം .
?നമ്മൾക്ക് സുരക്ഷിതത്വവും, സന്തോഷവും തോന്നിക്കാത്ത, നമ്മളെ അസ്വസ്ഥരാക്കുന്ന,അല്ലെങ്കിൽ വേദന ഉളവാക്കുന്ന സ്പർശനങ്ങളെയാണ് സുരക്ഷിതമല്ലാത്ത സ്പർശനങ്ങൾ എന്ന് പറയുക. അത് സ്വകാര്യ ഭാഗങ്ങളിൽ ഉള്ള സ്പർശനങ്ങൾ മാത്രമല്ല, എവിടെ വേണമെങ്കിലും ആകാം.മുൻപ് പറഞ്ഞത് പോലെ കുട്ടിക്ക് എങ്ങനെ അത് അനുഭവപ്പെടുന്നു എന്നതിനാണ് പ്രാധാന്യം.
?ഇവിടെ ഒരു വിശദീകരണം കുട്ടികൾക്ക് കൊടുക്കേണ്ടത് ആരോഗ്യ സേവനങ്ങൾ തേടുമ്പോൾ ഉള്ള സ്പർശനങ്ങളെ കുറിച്ചാണ്. രോഗങ്ങൾ ഉണ്ടാകുമ്പോഴോ, പരുക്കുകൾ പറ്റുമ്പോഴോ , ആരോഗ്യ പ്രവർത്തകർ മാതാപിതാക്കളുടെയും കുട്ടിയുടെയും അനുവാദം വാങ്ങി, അവരുടെ സാന്നിധ്യത്തിൽ ചെയ്യുന്ന പരിശോധനകളൂം, ചികിൽസകളും ചിലപ്പോൾ വേദന ഉണ്ടാക്കുന്നതും, അസ്വസ്ഥ ഉണ്ടാക്കുന്നതും ആകാമെങ്കിലും, അവ സുരക്ഷിതമാണ് എന്ന് കുട്ടികളോട് പറയണം.
?ആരോഗ്യ പ്രവർത്തകർ ശ്രദ്ധിക്കേണ്ട ഒരു പ്രധാനകാര്യം കുട്ടികളെ പരിശോധിക്കുമ്പോൾ, രക്ഷിതാക്കളുടെ സാന്നിധ്യം ഉറപ്പാക്കുക, സമ്മതം തേടുക എന്നതും, സമ്മതം നല്കാൻ നിയമപരമായ പ്രായം ആയില്ലെങ്കിൽ കൂടി, കുട്ടിയോട് എന്താണ് ചെയ്യാൻ പോകുന്നത് എന്ന് പറഞ്ഞു കൊടുത്തതിനു ശേഷം, അവരോടു അനുവാദം ചോദിക്കുന്ന ശീലം വളർത്തുക എന്നതുമാണ്. ഇത് കുട്ടികൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകും.
❓സുരക്ഷിതമല്ലാത്ത സ്പർശനങ്ങൾക്ക് ചില ഉദാഹരണങ്ങൾ കൂടി കുട്ടികൾക്ക് പറഞ്ഞു കൊടുക്കാം .
?മുകളിൽ പറഞ്ഞ, ചികിത്സയുമായി ബന്ധപ്പെട്ട സ്പർശനങ്ങൾ അല്ലാതെ വേദന ഉണ്ടാക്കുന്ന സ്പർശനങ്ങൾ.
?ആരെങ്കിലും ശരീരത്തിൽ സ്പർശിച്ചതിന് ശേഷം, അതിനെപറ്റി ആരോടും പറയരുത്, രഹസ്യമായി വെക്കണം എന്ന് പറഞ്ഞാൽ.
?നമ്മുടെ സ്വകാര്യ ഭാഗങ്ങളിലോ, അല്ലെങ്കിൽ നമ്മൾക്ക് മറ്റുള്ളവർ തൊടുന്നത് ഇഷ്ടമല്ലാത്ത ഭാഗങ്ങളിലോ സ്പർശിക്കുന്നത്.
?നമ്മൾക്ക് അസ്വസ്ഥ ഉണ്ടാക്കുന്ന രീതിയിലുള്ള സ്പർശനങ്ങൾ, നമ്മൾക്ക് പേടി തോന്നിക്കുന്ന സ്പർശനങ്ങൾ.
?ഒരു വ്യക്തി അയാളുടെ ശരീരത്തിൽ നമ്മളെ കൊണ്ട് ടച്ച് ചെയിപ്പിക്കുന്നത്.
?നമ്മുടെ ശരീരത്തിൽ സ്പർശിച്ചതിന് ശേഷം, അല്ലെങ്കിൽ നമ്മളെകൊണ്ട് അവരുടെ ശരീരത്തിൽ തൊടീപ്പിച്ചതിന് ശേഷം , ആരോടേലും ഇതിനെ കുറിച്ച് പറഞ്ഞാൽ നിന്നെ ഉപദ്രവിക്കും/ വേദനിപ്പിക്കും എന്ന് അവർ പറഞ്ഞാൽ.
?ഇത്തരത്തിലുള്ള സ്പർശനങ്ങൾ എല്ലാം തന്നെ സുരക്ഷിതമല്ലാത്ത സ്പർശനങ്ങളാണ്.
❓ഇത്തരം ഒരു സാഹചര്യത്തിൽ പെട്ടാൽ എന്തൊക്കെ ചെയ്യാൻ പറ്റും എന്ന് കുട്ടികൾക്ക് പറഞ്ഞു നൽകണം.
?പലപ്പോഴും താൻ എന്തേലും മോശമായി ചെയ്തത് കൊണ്ടോ, അല്ലെങ്കിൽ താൻ ഒരു മോശം വ്യക്തിയായതുകൊണ്ടോ ആണ് തനിക്ക് ഇങ്ങനെ സംഭവിച്ചത് എന്ന് കുട്ടികൾ കരുതാറുണ്ട്. എന്നാൽ അത് അങ്ങനെ അല്ലെന്നും, കുട്ടി തെറ്റായി ഒന്നും ചെയ്തട്ടില്ല എന്നും, നമ്മളോട് മോശമായി പെരുമാറുന്ന വ്യക്തികളാണ് യതാർത്ഥത്തിൽ തെറ്റായ കാര്യം ചെയ്യുന്നത് എന്നും കുട്ടികളോട് പറയണം.
?അവരെ ഒരിക്കലും കുറ്റപ്പെടുത്തുന്ന രീതിയിലുള്ള സംസാരം ഉണ്ടാകാൻ പാടില്ല. അവർക്ക് ആവശ്യമായ പിന്തുണയും സ്നേഹവും ഉറപ്പാക്കാൻ ശ്രമിക്കണം.
?ഇതിനൊപ്പം കുട്ടികൾക്ക് അവരുടെ പ്രശ്നങ്ങൾ വീട്ടിൽ വന്നു പറയാൻ സാധിക്കുന്ന ഒരു സുരക്ഷിത അന്തരീക്ഷം വീടുകളിൽ സൃഷ്ടിക്കുന്നതും വളരെ പ്രധാനമാണ്.
?നമ്മുടെ ശരീരം എന്നത് നമ്മുടെതാണെന്നും, അതിൻ്റെ പൂർണ്ണമായ അധികാരവും, നിയന്ത്രണവും കുട്ടികൾക്കു തന്നെയാണെന്നും നമ്മൾ അവർക്ക് പറഞ്ഞു നൽകണം.
?നമ്മൾക്ക് ഇഷ്ടമല്ലാത്ത രീതിയിൽ ആര് നമ്മുടെ ശരീരത്തിൽ സ്പർശിച്ചാലും, അത് അടുത്ത കുടുംബാംഗങ്ങൾ ആണെങ്കിൽ കൂടി ‘വേണ്ട’ എന്ന് പറയാനുള്ള അവകാശവും അധികാരവും ഉണ്ടെന്നുള്ള കാര്യം കുട്ടികളോട് പറയണം. ‘എൻ്റെ ശരീരത്തിൽ അനുവാദമില്ലാതെ തൊടുന്നത് എനിക്ക് ഇഷ്ടമല്ല, ‘ അങ്ങനെ ചെയ്താൽ രക്ഷിതാക്കളോട് പറയും എന്ന് കുട്ടികൾക്ക് അവരോട് പറയാവുന്നതാണ്.
?നമ്മൾക്ക് ഇഷ്ടമില്ലാത്ത രീതിയിൽ ആരെങ്കിലും ശരീരത്തിൽ സ്പർശിച്ചാൽ, ഉറക്കെ ‘ വേണ്ട ‘ അല്ലെങ്കിൽ ‘നോ’ എന്ന് പറയുകയും, ഉച്ചത്തിൽ ശബ്ദമുണ്ടാക്കുകയും ചെയ്യാം എന്ന് പറഞ്ഞുകൊടുക്കാം.
?ഇതോടൊപ്പം അവരോട്, എന്നെ തൊടുന്നത് എനിക്ക് ഇഷ്ടമില്ല, എന്നെ തൊടരുത് എന്നും ഉറക്കെ പറയാം.
?ആരെങ്കിലും സുരക്ഷിതമല്ലാത്ത രീതിയിൽ നമ്മളെ സ്പർശിക്കാൻ ശ്രമിച്ചാൽ, അവിടെ നിന്നും വേഗം ഓടി രക്ഷപ്പെടാൻ ശ്രമിക്കാനും, അടുത്തുള്ള സുരക്ഷിത സ്ഥലങ്ങളിൽ പോകാനും പറയാം. (മാതാപിതാക്കൾ, ടീച്ചർമാർ, തുടങ്ങിയവരുടെ അടുത്ത്, അല്ലെങ്കിൽ പൊതുവിടങ്ങളിൽ )
?അത്തരം സാഹചര്യങ്ങളിൽ പെട്ടുപോയാൽ, മറ്റുള്ളവരെ സഹായത്തിന് വിളിക്കാനും മടി കാണിക്കരുത് എന്ന് പറഞ്ഞ് നൽകണം.
?നമ്മൾക്ക് ഇഷ്ടമല്ലാത്ത രീതിയിൽ ആരെങ്കിലും നമ്മളെ സ്പർശിച്ചാൽ, അതിനെ കുറിച്ച് നമ്മൾക്ക് വിശ്വാസമുള്ള ആരോടെങ്കിലും പറയാൻ മടി കാണിക്കരുത്. ഇങ്ങനെ പറയുന്ന വ്യക്തി, 18 വയസ് കഴിഞ്ഞ ഒരു മുതിർന്ന വ്യക്തിയും, നമ്മളെ സഹായിക്കാൻ കഴിയുന്ന ആളും ആകുന്നതാണ് ഉചിതം. (ഉദാഹരണം – മാതാപിതാക്കൾ, മുതിർന്ന സഹോദരങ്ങൾ, അധ്യാപകർ, സ്‌കൂൾ കൗൺസിലർ/ നേഴ്സ് )
?മുൻപ് പറഞ്ഞത് പോലെ നമ്മളെ സ്പർശിച്ചതിനു ശേഷം വീട്ടിൽ പറയരുത് എന്ന് പറയുന്ന ആളുകളെ കുറിച്ച് ഉറപ്പായും മുതിർന്നവരോട് പറയണം എന്ന് കുട്ടികളെ ഓർമിപ്പിക്കണം.
?ചിലർ ഇത്തരം സംഭവങ്ങൾ അച്ഛനമ്മമാരുടെ അടുത്ത് പറയരുത് എന്നും പറഞ്ഞാൽ അവരെ ഉപദ്രവിക്കും എന്നൊക്കെ പറയാറുണ്ട്. എന്നാൽ അങ്ങനെയൊന്നും അവർക്ക് ചെയ്യാൻ സാധിക്കില്ല എന്നും, ഭയക്കാതെ നമ്മുടെ വേണ്ടപ്പെട്ടവരുടെ അടുത്ത് പറയണം എന്നും കൂടി പറഞ്ഞു കൊടുക്കണം.
?ആരുടെ അടുത്തുനിന്നെങ്കിലും ഇത്തരത്തിലുള്ള മോശം അനുഭവം ഉണ്ടായാൽ, അത് രഹസ്യമായി വെക്കാൻ ശ്രമിക്കാതെ, നമ്മൾക്ക് വിശ്വാസമുള്ള മുതിർന്ന ആളുകളോട് പറയണം എന്ന് കുട്ടികളോട് പറയാം. അവർ അനുഭവിക്കുന്ന സങ്കടവും വിഷമങ്ങളും മനസിലാക്കാനും, അവരെ സഹായിക്കാനും മുതിർന്നവർക്ക് സാധിക്കും എന്നും പറയണം.
?ഇത്തരത്തിൽ നമ്മൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ പെരുമാറുന്ന ആളുകളെ കണ്ടാൽ, അവരിൽ നിന്ന് അകന്നു നിൽക്കണം എന്നും കുട്ടികളോട് പറയാം.
സ്പർശനം മാത്രമല്ല, ചില പെരുമാറ്റങ്ങളും ചിലപ്പോൾ സുരക്ഷിതമാകണമെന്നില്ല( unsafe behaviours) ഉദാഹരണം.
? ഒരാൾ നമ്മുടെ മുൻപിൽ വെച്ച് വസ്ത്രങ്ങൾ മാറുന്നു, അയാളുടെ സ്വകാര്യ ഭാഗങ്ങൾ കാണിക്കുന്നു.
?നമ്മുടെ അനുവാദം കൂടാതെ നമ്മുടെ ചിത്രങ്ങൾ പകർത്തുന്നത്.
?മറ്റൊരാളുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളോ, വീഡിയോയോ നമ്മളെ കാണിക്കുന്നത്.
? നമ്മുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങൾ എടുക്കുന്നത്.
സുരക്ഷിതമല്ലാത്ത സ്പർശനങ്ങൾക്ക് ഒപ്പം, ഇത്തരം പെരുമാറ്റങ്ങളെകുറിച്ചും നമ്മൾ കുട്ടികളോട് സംസാരിക്കണം.
?ഇത്തരം ഒരു അവസ്ഥയിലൂടെ കടന്ന് പോയാൽ സ്വീകരിക്കേണ്ട നിയമനടപടികൾ അടക്കമുള്ള വശങ്ങളെ കുറിച്ച് മാതാപിതാക്കളും അറിഞ്ഞിരിക്കണം. ചിലപ്പോൾ കുട്ടികൾക്ക് ആരോഗ്യ വിദഗ്‌ധരുടെ സേവനം ആവശ്യമായി വന്നേക്കാം. അതും ഉറപ്പാക്കണം.
❤️നമ്മളുടെ കുട്ടികളുടെ ശാരീരികവും, ബൗദ്ധികവുമായ വളർച്ചയിൽ ശ്രദ്ധവെക്കുന്നതിന് ഒപ്പംതന്നെ നമ്മൾ പ്രാധാന്യം നൽകേണ്ടതാണ് അവരുടെ മാനസികവും വൈകാരികവുമായ വളർച്ചയും. തൻ്റെ ശരീരത്തെ കുറിച്ച് കൂടുതൽ അറിയുകയും, തൻ്റെ ശരീരത്തിൻ്റെ നിയന്ത്രണം തനിക്കാണെന്ന് മനസിലാക്കുകയും, അതുവഴി കുട്ടികൾ കൂടുതൽ സ്വതന്ത്രരാവുകയും ചെയ്യേണ്ടതുണ്ട്. അതിന് അവരെ സഹായിക്കുന്ന പ്രധാന പാഠമാണ് സമഗ്ര ലൈംഗിക വിദ്യാഭ്യാസത്തിൻ്റെ ഭാഗമായ സുരക്ഷിതവും അല്ലാത്തതുമായ സ്പർശനങ്ങളെ കുറിച്ചുള്ള ഭാഗം. ഈ അറിവുകൾ നമ്മുടെ എല്ലാ കുട്ടികൾക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. അതിന് സർക്കാർ സംവിധാനങ്ങൾ മുൻകൈ എടുക്കേണ്ടതുണ്ട്‌.
സമഗ്ര ലൈംഗിക വിദ്യാഭ്യാസത്തിൻ്റെ ആദ്യ പാഠങ്ങൾ നമ്മൾക്ക് വീടുകളിൽ തുടങ്ങാം, സ്കൂളുകളിൽ തുടരാം.
ലേഖകർ
Medical doctor,psychiatry resident interested in public health. Areas of interest are public health, neuropsychiatry, addiction medicine and human evolution gender psychiatry and LGBTQ issues
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ