· 11 മിനിറ്റ് വായന
Human Sexual Response Cycle- മനുഷ്യ ലൈംഗിക പ്രതികരണ ചക്രം
ഏറ്റവും കൂടുതൽ ആളുകൾക്ക് ശരിയായ ചികിത്സ ലഭിക്കാത്തതും, അതുപോലെ പലവിധത്തിലുള്ള തട്ടിപ്പു ചികിത്സകൾക്ക് ഇരയാവുന്നതും ലൈംഗിക രോഗാവസ്ഥകൾ ഉണ്ടാകുമ്പോഴാണ്. പല പത്രങ്ങളിലെയും ക്ലാസിഫൈഡ്‌സ് പേജുകളിൽ ഇന്നും പലതരത്തിലുള്ള ലൈംഗിക രോഗങ്ങൾക്കുള്ള പൊടികളുടെയും, എണ്ണയുടെയും പരസ്യങ്ങൾ കാണാം. പലരും ഈ അശാസ്ത്രീയ ചികിത്സകൾ പരീക്ഷിച്ചു നോക്കുകയും, കൂടുതൽ പ്രശ്നങ്ങളിൽ എത്തുകയും ചെയ്യാറുണ്ട്.
മനുഷ്യൻ്റെ സ്വാഭാവിക ലൈംഗികതയെ കുറിച്ചും, ലൈംഗിക രോഗങ്ങളെ കുറിച്ചും ശരിയാ അറിവില്ലാത്തതും, ലൈംഗിക രോഗാവസ്ഥകളെ കുറിച്ചുള്ള തെറ്റിദ്ധാരണകളും, ഈ രോഗാവസ്ഥകളുള്ളവർ നേരിടുന്ന വേർതിരിവുകളും കളിയാക്കലും ഒക്കെയാണ് ഈ പ്രശ്‌നത്തെ കുറിച്ച് തുറന്നു പറയാനുള്ള മടിക്കും, അതുവഴി ശരിയായ പരിചരണം കിട്ടാതെ വരുന്നതിനും കാരണം. ഈ രോഗാവസ്ഥകൾക്ക് കൃത്യമായ സഹായം ലഭിക്കാത്തത് മൂലം, വ്യക്തി ജീവിതത്തെയും, ലൈംഗിക ജീവിതത്തെയും, വ്യക്തി ബന്ധങ്ങളെയും, മാനസിക ആരോഗ്യത്തെയും ബാധിച്ച വ്യക്തികൾ നമ്മൾക്ക് ഇടയിലുണ്ട്.
ലൈംഗികത എന്നത് ഇന്നും നമ്മൾ പരസ്പരം തുറന്ന് സംസാരിക്കാൻ ഇഷ്ടപെടാത്ത ഒരു വിഷയമാണ്. മനുഷ്യ ലൈംഗികതയെ കുറിച്ച് ശരിയായ അറിവ് ലഭിക്കുന്നതിലൂടെ മാത്രമേ ഈ അവസ്ഥകളെ തിരിച്ചറിയാനും, അതിനു സഹായം തേടാനും ആളുകൾക്ക് കഴിയു. ഇതിനായി കുട്ടികളായിരിക്കുന്ന സമയം തൊട്ടു ശാസ്ത്രീയമായ, സമഗ്രമായ ലൈംഗിക വിദ്യാഭ്യാസം നൽകേണ്ടതുണ്ട്. ഈ വിഷയത്തെ കുറിച്ച് മുൻപ് ഇൻഫോക്ലിനിക്കിൽ എഴുതിയിരുന്നു. (അത് കമൻ്റ് ആയി ചേർക്കാം) മനുഷ്യരിൽ ലൈംഗിക പ്രവർത്തികളുടെ സമയത്തുണ്ടാകുന്ന ശാരീരിക – മാനസിക മാറ്റങ്ങളെ കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്.
ലൈംഗിക പ്രക്രിയകൾ നടക്കുന്ന സമയത്ത് നമ്മുടെ മാനസിക നിലയിലും, ശരീരത്തിലും നിരവധി മാറ്റങ്ങൾ ഉണ്ടാകുന്നത് നിങ്ങൾക്കും അറിയമാല്ലോ. സ്ത്രീകളിലും പുരുഷന്മാരിലും ഈ മാറ്റങ്ങൾ വ്യത്യസ്തമായിരിക്കും. ഒരേ വ്യക്തിയിൽ തന്നെ വിവിധ സാഹചര്യങ്ങളിൽ ഇതിൽ വ്യത്യാസമുണ്ടാകാം. ഇത്തരത്തിൽ ലൈംഗിക പ്രവർത്തികളുടെ സമയത്ത് നമ്മുടെ ശരീരത്തിലും, അതുപോലെ മാനസിക നിലയിലും ഉണ്ടാകുന്ന മാറ്റങ്ങളെ “മനുഷ്യ ലൈംഗിക പ്രതികരണ ചക്രം – Human Sexual Response Cycle” എന്നാണ് പറയുക. ഈ മാറ്റങ്ങളും അവയുടെ പ്രത്യേകതകളും എന്തൊക്കെയാണെന്ന് നമ്മൾക്ക് നോക്കാം.
EPOR MODEL
മനുഷ്യനിലെ ലൈംഗിക പ്രവർത്തിയുടെ സമയത്ത് ഉണ്ടാകുന്ന മാറ്റങ്ങളെ ആദ്യമായി വിശദമായി പഠിക്കുകയും, അതിനെ ഓരോ ഘട്ടമായി തരം തിരിക്കുകയും ചെയ്തത് വില്യം മാസ്‌റ്റേഴ്‌സ്, വിർജീനിയ ജോൺസൺ എന്നീ രണ്ടു സെക്സോളജിസ്റ്റുകളാണ്. ഏകദേശം 11 വർഷത്തോളം 300ൽ അധികം സ്ത്രീകളുടെയും, പുരുഷൻമാരുടെയും, ഏകദേശം 10000 ത്തോളം ലൈംഗിക പ്രവർത്തികൾ നിരീക്ഷിച്ചും, വിശകലനം ചെയ്തുമാണ് അവർ ഇത്തരം ഒരു മാതൃക നിർദ്ദേശിച്ചത്. ഒന്നിന് പിറകെ മറ്റൊന്നായി ഉണ്ടാകുന്ന നാല് ഘട്ടങ്ങളാണ് ഇവരുടെ മോഡലിൽ (EPOR MODEL) ഉള്ളത്. ഇവ ഏതൊക്കെയാണെന്ന് നമ്മൾക്ക് ഒന്ന് നോക്കാം.
Excitement/Arousal Phase/ E phase/ ഉത്തേജന ഘട്ടം
ഇതാണ് മാറ്റങ്ങളുടെ ആദ്യ ഘട്ടം. ഈ ഘട്ടം ഏതാനും മിനിറ്റുകൾ മുതൽ മണിക്കൂർ വരെ നീണ്ടു നിൽക്കാം. ഈ ദൈർഘ്യം പല ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്.
രണ്ടു രീതിയിൽ നമ്മൾക്ക് ലൈംഗിക ഉത്തേജനവും, തുടർന്നുള്ള മാറ്റങ്ങളും ഉണ്ടാകാം.
പുറമെ നിന്നുള്ള പ്രേരകങ്ങൾ കൊണ്ട്/ External/ reflex stimuli
സ്പര്ശനം, കാഴ്‌ച, ശബ്ദങ്ങൾ തുടങ്ങിയ സംവേദങ്ങൾ വഴി നമ്മൾക്ക് ലൈംഗിക ഉത്തേജനം ഉണ്ടാവുകയും തുടർന്നുള്ള മാറ്റങ്ങൾ വരികയും ചെയ്യാം. പുറമെ നിന്നുള്ള സംവേദങ്ങൾ നാഡികൾ വഴി തലച്ചോറിലെ ലൈംഗിക പ്രക്രിയകളെ നിയന്ത്രിക്കുന്ന ഭാഗങ്ങളെ ഉദ്ധീപിപ്പിക്കുകയും, അവിടെ നിന്നും ലൈംഗിക അവയവങ്ങളിലേക്ക് നിർദ്ദേശങ്ങൾ എത്തുകയും ചെയ്യുമ്പോഴാണ് ഈ മാറ്റങ്ങൾ തുടങ്ങുക.
മനസിലുണ്ടാക്കുന്ന പ്രേരകങ്ങൾ കൊണ്ട്/ Psychogenic stimuli.
പുറമെ നിന്നുള്ള ഉദ്ധീപനം ഇല്ലെങ്കിലും, ലൈംഗിക കാര്യങ്ങളെ കുറിച്ച് നമ്മുടെ മനസ്സിൽ ഉണ്ടാകുന്ന ഓർമ്മകൾ, ചിന്തകൾ, ഇവക്കും ഈ മാറ്റങ്ങൾക്ക് തുടക്കമിടാൻ പറ്റും. ഈ രീതി ഉള്ളതുകൊണ്ടാണ് സുഷുമ്‌നാ നാഡിക്ക് പരിക്കേറ്റവരിൽ പോലും ലൈംഗിക ഉത്തേജനം ചിലപ്പോൾ സാധ്യമാകുന്നത്.
എന്തൊക്കെ മാറ്റങ്ങളാണ് E phase ൽ ഉണ്ടാകുന്നതെന്ന് നോക്കാം
സ്ത്രീകളിൽ:
ലൈംഗിക ഉത്തേജനവും, അതോടു അനുബന്ധിച്ചുണ്ടാകുന്ന വൈകാരിക മാറ്റങ്ങളും ഉണ്ടാവുകയും, ശക്തി കൂടി വരികയും ചെയ്യും.
ഹൃദയമിടിപ്പ്, ശ്വാസഗതി ഇവ വേഗത്തിലാകും. രക്ത സമ്മർദ്ദം ഉയരും.
ഇതോടൊപ്പം തൊലിപ്പുറത്തുള്ള മാറ്റങ്ങൾ ഉണ്ടാവുകയും, സ്തനങ്ങളുടെ വലുപ്പം കൂടുകയും, നിപ്പിളുകൾ ഉദ്ധീപിക്കപ്പെടുകയും, കട്ടിയാവുകയും ചെയ്യും.
യോനിയിലേക്കുള്ള രക്തയോട്ടം കൂടുകയും, പർപ്പിൾ നിറമാവുകയും, യോനിയുടെ നീളം കൂടുകയും, സ്രവങ്ങൾ ഉണ്ടാവുകയും ചെയ്യും.
ഗർഭാശയം മുകളിലേക്ക് ഉയരുകയും, വലിഞ്ഞു മുറുകുന്നത് പോലെ അനുഭവപ്പെടുകയും ചെയ്യാം. ഇതോടൊപ്പം സ്ത്രീകളുടെ ലേബിയ ഭാഗത്തും രക്തയോട്ടം കൂടുകയും, കട്ടിയാവുകയും ചെയ്യും.
കൃസരിയുടെ വലുപ്പം കൂടുകയും സംവേദനക്ഷമത വർദ്ധിക്കുകയും ചെയ്യാം. ശരീരത്തിലെ മസിലുകൾ വലിഞ്ഞു മുറുകുന്നതും സ്വാഭാവികമാണ്.
പുരുഷന്മാരിൽ:
ഹൃദയമിടിപ്പ്, ശ്വാസഗതി ഇവ വേഗത്തിലാകും. രക്ത സമ്മർദ്ദം ഉയരും.
ലിംഗോദ്ധാരണമുണ്ടാവുകയും, അതിൻ്റെ ബലവും, നീളവും കൂടുകയും ചെയ്യും. ഈ ഘട്ടത്തിൽ ചിലരിൽ പല തവണ ലിംഗം ഉദ്ധീപിക്കപ്പെടുകയും വീണ്ടും ചെറുതാവുകയും ചെയ്യാം. ലിംഗത്തിൽ നിന്ന് ചിലപ്പോൾ ചില സ്രവങ്ങൾ ഉണ്ടാകാം.
വൃഷണവും, വൃഷണ സഞ്ചിയും മുകളിലേക്ക് ഉയരും, വലുപ്പം കൂടും.
മസിലുകൾ വലിഞ്ഞു മുറുകാം. സ്തനങ്ങളും, നിപ്പിളും ഉദ്ധീപിക്കപെടും.
ഈ ഘട്ടത്തിൽ നമ്മുടെ ലൈംഗിക അവയവങ്ങളിലേക്കുള്ള സിമ്പതെറ്റിക് നാഡീ വ്യൂഹത്തിൻ്റെ പ്രവർത്തനം കുറയുകയും, പാരസിമ്പതെറ്റിക് നാഡീകളുടെ പ്രവർത്തനം കൂടുകയും ചെയ്യും. അതുവഴി ലിംഗത്തിലേക്കും, അതുപോലെ കൃസരി, യോനി തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള രക്തയോട്ടം കൂടും. ഉദ്ധാരണം സംഭവിക്കാനുള്ള കാരണം ഈ മാറ്റങ്ങളാണ്. ഈ മാറ്റങ്ങളുടെ പ്രധാന നിയന്ത്രണം നമ്മുടെ തലച്ചോറിനാണ്. ലൈംഗിക പ്രക്രിയയിൽ തലച്ചോറിനുള്ള പ്രാധാന്യം കണക്കിലെടുത്താണ്, മനുഷ്യരിലെ ഏറ്റവും പ്രധാന ലൈംഗിക അവയവം നമ്മുടെ തലച്ചോറാണെന്ന് പറയുന്നത്.
Plateau Phase/ P phase/പ്ലാറ്റോ ഘട്ടം
ഉത്തേജനഘട്ടത്തിൻ്റെ ഏറ്റവും അവസാനസമയത്ത്, നമ്മുടെ ശാരീരിക, മാനസിക മാറ്റങ്ങൾ ഏറ്റവും കൂടി നിൽക്കുന്ന അവസ്ഥയെയാണ് പ്ലാറ്റോ ഘട്ടം എന്ന് പറയുക. മുൻപ് വിവരിച്ച മാറ്റങ്ങൾ ഏറ്റവും മൂർദ്ധന്യാവസഥയിലായിരിക്കും ഈ ഘട്ടത്തിൽ. നമ്മൾ അറിയാതെ തന്നെ പല ശബ്ദങ്ങൾ ഉണ്ടാക്കുന്നതും ഈ ഘട്ടത്തിലാണ്. പങ്കാളികൾ തമ്മിലുള്ള പെനെട്രേറ്റിവ് സെക്സ് ഏറ്റവും കൂടുതലായി നടക്കുന്നതും ഈ സമയത്താണ്. ഈ ഘട്ടത്തെ പ്രത്യേകമായി നിർവചിക്കാൻ ബുദ്ധിമുട്ടായതു കൊണ്ട്തന്നെ ഉത്തേജനഘട്ടത്തിൻ്റെ ഏറ്റവും അവസാന ഭാഗമെന്ന നിലയിലാണ് നിലവിൽ ഇതിനെ കരുതുക.
Orgasm/O phase/രതിമൂർച്ഛ ഘട്ടം:
പ്ലാറ്റോ ഘട്ടം അവസാനിക്കുന്നത് രതിമൂർച്ഛയിലൂടെയാണ്. ഏതാനും സെക്കൻഡുകൾ മാത്രാമാണ് ഈ ഘട്ടത്തിൻ്റെ ദൈർഘ്യം.
പുരുഷന്മാരിൽ വൃഷ്ണ സഞ്ചിക്കു ചുറ്റുമുള്ള പേശികൾ വലിഞ്ഞു മുറുകുകയും, ഒപ്പം ലിംഗത്തിലെ പേശികൾ സങ്കോചിക്കാനും വികസിക്കാനും തുടങ്ങുകയും ചെയ്യും.
ലൈംഗിക സുഖവും, വൈകാരിക അനുഭവങ്ങളും ഏറ്റവും കൂടിയ അവസ്ഥയിലെത്തും. ഹൃദയമിടിപ്പും, രക്ത സമ്മർദ്ദവും ഏറ്റവും ഉയർന്ന നിലയിലെത്തും.
പുരുഷന്മാരിൽ ഈ ഘട്ടം 5-60 സെക്കൻഡ് വരെ നീണ്ടു നിൽക്കാം. ലൈംഗിക ഉദ്ധീപനം, ഏർപ്പെടുന്ന ലൈംഗിക പ്രവർത്തി, രോഗാവസ്ഥകൾ, പ്രായം ഇവയൊക്കെ ഈ സമയം നിർണ്ണയിക്കുന്നതിൽ ഘടകങ്ങളാണ്.
രണ്ടു പ്രക്രിയയാണ് ഈ ഘട്ടത്തിൽ പുരുഷൻമാരിൽ നടക്കുക.
എമിഷൻ:
ബീജം സൂക്ഷിച്ചിരിക്കുന്ന വാസ് ഡെഫേറൺസ്, സ്രവങ്ങൾ ഉണ്ടാക്കുന്ന സെമിനൽ വെസിക്കിൾ, പ്രോസ്റ്റേറ്റ് ഗ്രന്ഥി ഇവയിൽ നിന്നുള്ള സ്രവങ്ങൾ പേശികളുടെ സങ്കോച വികാസത്തിൻ്റെ ഫലമായി യൂറിത്രയിൽ എത്തുന്നതാണ് എമിഷൻ. ഇതേ സമയത്ത് തന്നെ ബീജം ഉൾപ്പെടുന്ന ഈ സീമൻ തിരികെ മൂത്രാശയത്തിൽ കയറാതെയിരിക്കാൻ മൂത്രാശയത്തിൻ്റെ താഴെ ഭാഗത്തുള്ള പേശികൾ ചുരുങ്ങും. എമിഷൻ സംഭവിച്ചു കഴിഞ്ഞാൽ പിന്നെ പുരുഷന്മാർക്ക് സ്ഖലനം നിയന്ത്രിക്കാൻ സാധിക്കില്ല(ejaculatory inevitability).
ഇജാക്കുലേഷൻ/സ്ഖലനം:
എമിഷൻ വഴി യൂറിത്രയിൽ എത്തിയ സീമൻ ലിംഗത്തിലെ മസിലുകളുടെ സങ്കോച- വികാസം മൂലം മുന്നോട്ടു തള്ളപ്പെട്ടു പുറത്തു എത്തുന്ന പ്രക്രിയയായാണ് സ്ഖലനം. ഇജാക്കുലേഷൻ ഉണ്ടായി കഴിഞ്ഞാൽ അതുവരെ ഉണ്ടായിരുന്ന ശാരീരിക മാറ്റങ്ങൾ കുറയുകയും, സുഖകരമായ അനുഭൂതി കുറയുകയും ചെയ്യും.
സ്ത്രീകളിൽ രതിമൂർച്ഛ സമയത്ത് ഗർഭപാത്രവും, യോനിയുടെ ഭിത്തിയിലും, ലേബിയയിലും ഉള്ള പേശികളും ക്രമമായി സങ്കോചിക്കുകയും വികസിക്കുകയും, വൈകാരികമായ മാറ്റങ്ങൾ മൂർദ്ധന്യാവ്‌സഥയിൽ എത്തുകയും ചെയ്യും.
ഹൃദയമിടിപ്പും, രക്ത സമ്മർദ്ദവും ഏറ്റവും ഉയർന്ന അവസ്ഥയിൽ എത്തുകയും, യോനിയിൽ ഉണ്ടാകുന്ന സ്രവങ്ങളുടെ അളവ് കൂടുകയും ചെയ്യും.
രതിമൂർച്ഛ അവസാനിക്കുന്നതോടെ ഈ മാറ്റങ്ങൾ കുറയുകയും വളരെ ശാന്തമായ അവസ്ഥയിൽ എത്തുകയും ചെയ്യും.
സ്ത്രീകളും പുരുഷന്മാരിലും രതിമൂർച്ഛയിൽ പല വ്യത്യാസങ്ങളുണ്ട്.
ഏകദേശം 90% പുരുഷന്മാർക്കും സ്വയംഭോഗം വഴിയോ, പങ്കാളിയോട് ഒപ്പമുള്ള ലൈംഗികബന്ധം വഴിയോ രതിമൂർച്ഛയിൽ എത്താൻ സാധിക്കും.
എന്നാൽ സ്ത്രീകളിൽ 50% ത്തിൽ താഴെ ആളുകൾക്ക് മാത്രമേ വജൈനൽ സെക്സിലൂടെ രതിമൂർച്ഛ ഉണ്ടാകുന്നുള്ളൂ എന്ന് പഠനങ്ങളിൽ പറയുന്നു.
വജൈനൽ സെക്സിനൊപ്പം, കൃസരിയെ ഉദ്ധീപിപ്പിക്കുക, മറ്റു ലൈംഗിക പ്രവർത്തികളിൽ ഏർപ്പെടുക, ശാരീര ഭാഗങ്ങളെ ഉദ്ധീപിപ്പിക്കുക ഇവയും ഉണ്ടെങ്കിൽ മാത്രമേ സ്ത്രീകൾക്ക് പലപ്പോഴും രതിമൂർച്ഛയിൽ എത്താൻ സാധിക്കു.
എന്നാൽ നമ്മുടെ സാമൂഹിക- ലൈംഗിക കാഴ്ചപ്പാടുകൾ കൂടുതലും പുരുഷ കേന്ദ്രീകൃതമായതുകൊണ്ടും, സ്ത്രീയുടെ ലൈംഗിക പ്രത്യേകതകളെ കുറിച്ചുള്ള ശരിയായ അറിവ് ഇല്ലാത്തതും, സ്ത്രീകളുടെ ലൈംഗിക സുഖത്തിനു പ്രാധാന്യം നൽകാത്തതും ഒക്കെ സ്ത്രീകൾക്ക് രതിമൂർച്ഛയിൽ എത്തുന്നതിനുള്ള തടസങ്ങളാണ്.
Resolution Phase/R phase
ഈ അവസാനത്തെ ഘട്ടത്തിൽ ഇതുവരെ ഉണ്ടായ മാറ്റങ്ങൾ കുറയുകയും, പഴയ അവസ്ഥയിലേക്ക് ശരീരവും മനസും തിരികെ എത്തുകയും ചെയ്യും.
രതിമൂർച്ഛ ഉണ്ടാകുന്നവരിൽ ഈ തിരിച്ചു പോക്ക് വളരെ വേഗത്തിലായിരിക്കും. എന്നാൽ ഓർഗാസം ഉണ്ടാകുന്നില്ല എങ്കിൽ ഈ മാറ്റങ്ങൾ വളരെ സാവധാനം മാത്രമേ കുറഞ്ഞു വരികയുള്ളു.
പുരുഷന്മാരിൽ രതിമൂർച്ഛക്കും, സ്ഖലനത്തിനും ശേഷമുള്ള സമയത്ത് വീണ്ടും ലൈംഗികപരമായ ഒരു ഉത്തേജനം സാധ്യമല്ല. “റിഫ്രാക്ടറി പീരീഡ്” എന്നാണ് ഈ ഘട്ടം അറിയപ്പെടുന്നത്. ഇത് മിനിറ്റുകൾ തൊട്ടു, മണിക്കൂറുകൾ വരെയോ, ചിലപ്പോൾ ഒരു ദിവസം വരെയോ നീളാം. എത്ര നേരം ഒരു വ്യക്തി റിഫ്രാക്ടറി പീരീഡിൽ ആയിരിക്കുമെന്നത് പ്രായം, രോഗാവസ്ഥകൾ, മാനസിക നില, ശാരീരിക ആരോഗ്യം, ലൈംഗിക ഉത്തേജനത്തിൻ്റെ ശക്തി തുടങ്ങി പല ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്.
എന്നാൽ സ്ത്രീകളിൽ റിഫ്രാക്ടറി പീരീഡ് ഇല്ല. അതുകൊണ്ട് തന്നെ ഒരു രതിമൂർച്ഛക്ക് ശേഷം ഉടൻ തന്നെ വീണ്ടും ഉത്തേജിപ്പിക്കപ്പെടാനും, ലൈംഗിക പ്രവർത്തിയിൽ ഏർപ്പെടാനും, ഓർഗാസത്തിൽ എത്താനും സ്ത്രീകൾക്ക് കഴിയും.
മാസ്‌റ്റേഴ്സും ജോൺസണും മുൻപോട്ട് വെച്ച ഈ മോഡൽ അറിയപ്പെടുന്നത് “EPOR മോഡൽ” എന്ന പേരിലാണ്. നാല് ഘട്ടങ്ങളുടെ ആദ്യാക്ഷരം ഉപയോഗിച്ചാണ് ഈ പേര് നൽകിയത്. ഇതിനു ആധാരമായ പഠനങ്ങൾ ലബോറട്ടറി സാഹചര്യങ്ങളിൽ നടന്നതാണെന്നും, ശാരീരിക മാറ്റങ്ങൾക്ക് മാത്രമാണ് പ്രാധാന്യം നൽകുന്നത് എന്നും, ഈ മോഡൽ സ്ത്രീകളെക്കാൾ പുരുഷന്മാരുടെ ലൈംഗിക ചക്രത്തിന് പ്രാധാന്യം നൽകുന്നവയാണെന്നുമുള്ള നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നു.
പിന്നീട് നടന്ന പഠനങ്ങളിൽ ഈ മോഡലിന് ചില മാറ്റങ്ങൾ നിർദ്ദേശിക്കപ്പെട്ടൂ. പ്ലാറ്റോഘട്ടം എന്നത് ഒരു പ്രത്യേക ഘട്ടമല്ലന്നും, ഉത്തേജന ഘട്ടത്തിൻ്റെ അവസാന ഭാഗം മാത്രമാണ് എന്നതുമായിരുന്നു ഒരു പ്രധാന കണ്ടെത്തൽ. അതുകൊണ്ടു P ഫേസ് ഈ മോഡലിൽ നിന്നും മാറ്റപ്പെട്ടു.
DEOR മോഡൽ
ഹെലൻ കപ്ലാൻ എന്ന സെക്സോളജിസ്റ്റ് EPOR മോഡലിനെ കുറിച്ച് കൂടുതൽ വിശദമായി പഠിക്കുകയും, യദാർത്ഥ ജീവിത സാഹചര്യങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കൂടുതൽ വിശകലനം ചെയ്യുകയും ചെയ്തതിനു ശേഷം ചില മാറ്റങ്ങൾ നിർദേശിച്ചു.
EPOR മോഡൽ ഒരു വ്യക്തിയുടെ ലൈംഗിക താല്പര്യത്തിനു (DESIRE) പ്രാധന്യം നൽകിയില്ല എന്നതാണ് ഇവരുടെ പ്രധാന വിമർശനം. മനുഷ്യൻ്റെ സ്വാഭാവിക ലൈംഗിക പ്രക്രിയയിൽ ഉത്തേജനം തുടങ്ങുന്നതിനു മുൻപ് തന്നെ ലൈംഗിക ആഗ്രഹം ഉണ്ടാകുക എന്നത് വളരെ പ്രധാനമാണ് എന്ന് കപ്ലാൻ പറഞ്ഞു.
അതുകൊണ്ടുതന്നെ ഉത്തേജന ഘട്ടത്തിന് മുൻപ് മനുഷ്യരിൽ ലൈംഗിക താല്പര്യം ഉണ്ടാകുന്ന ഒരു ഘട്ടം വേണമെന്ന് നിർദ്ദേശിക്കുകയും ആ ഘട്ടത്തിന് DESIRE സ്റ്റേജ് എന്ന് പേര് നൽകുകയും ചെയ്തു. അങ്ങനെ അവർ EPOR മോഡലിന് പകരം “DEOR മോഡൽ” നിർദ്ദേശിച്ചു.
ആദ്യം മനസ്സിൽ ലൈംഗിക താൽപര്യം അഥവാ DESIRE ഉണ്ടാകുന്നു, അതെ തുടർന്ന് ഉത്തേജന ഘട്ടം (Excitement), പിന്നെ രതി മൂർച്ഛ ഘട്ടം ( ORGASM), അതെ തുടർന്ന് പൂർവ സ്ഥിതിയിലേക്ക് എത്തുന്ന Resolution ഘട്ടം ഇവയാണ് DEOR മോഡലിലെ ഘട്ടങ്ങൾ.
അമേരിക്കയിലും ഡെന്മാർക്കിലും നടന്ന ചില പഠനങ്ങളിൽ വ്യക്തികളിൽ എപ്പോഴും ഉത്തേജനത്തിനു മുൻപേ ലൈംഗിക ആഗ്രഹം ഉണ്ടാകണമെന്നില്ല എന്ന് കണ്ടു. ചിലരിൽ ഉത്തേജനം ഉണ്ടായതിനു ശേഷമായിരിക്കും ലൈംഗിക താല്പര്യം ഉണ്ടാകുക. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ DESIRE ഘട്ടത്തെ വീണ്ടും രണ്ടായി തിരിച്ചു.
D1 സ്റ്റേജ്/ Proceptive desire: ലൈംഗിക ഉത്തേജനത്തിനു മുൻപ് ഉണ്ടാകുന്ന ലൈംഗിക താല്പര്യ ഘട്ടം.
D2 സ്റ്റേജ്/ Receptive desire: ഉത്തേജനം ആരംഭിച്ചതിനു ശേഷം മാത്രമുണ്ടാകുന്ന ലൈംഗിക താല്പര്യം.
മനുഷ്യരിലും മൃഗങ്ങളിലും ലൈംഗിക താല്പര്യത്തിനും, ഉത്തേജനത്തിനും മുൻപോ, ഈ ഘട്ടങ്ങളിൽ തന്നെയോ കാണുന്ന മറ്റു ചില പെരുമാറ്റ രീതികളുണ്ട്. തനിക്ക് ലൈംഗിക പ്രവർത്തികളിൽ താല്പര്യമുണ്ടെന്ന് മറ്റു വ്യക്തികളെ അറിയിക്കാനാണ് ഈ പെരുമാറ്റ രീതികൾ ഉപയോഗിക്കുക. flirting/courtship behaviours എന്നാണ് ഇത് അറിയപ്പെടുക. നോട്ടം, വാക്കുകൾ, ആംഗ്യങ്ങൾ, തുടങ്ങി വിവിധ മാർഗങ്ങൾ ഇതിനായി ഉപയോഗിക്കാറുണ്ട്. ഓരോ സംസ്കാരത്തിലും ഈ പെരുമാറ്റ രീതികളിൽ മാറ്റമുണ്ടാകാം. ഇതും മനുഷ്യൻ്റെ സ്വാഭാവിക ലൈംഗിക പ്രക്രിയയുടെ ഭാഗം തന്നെയാണ്.
നിലവിൽ മനുഷ്യൻ്റെ ലൈംഗിക പ്രതികരണ ചക്രത്തിൽ കാണുന്ന ഘട്ടങ്ങൾ ഇവയാണ്
Flirting/courtship behaviour: ലൈംഗിക ബന്ധത്തിന് താല്പര്യമുണ്ട് എന്ന് അറിയിക്കാനായി നമ്മൾ നടത്തുന്ന സവിശേഷ പെരുമാറ്റ രീതികൾ.
Desire phase/ലൈംഗിക താല്പര്യ ഘട്ടം: ഇത് മുൻപ് പറഞ്ഞത് പോലെ D1, D2 എന്നിങ്ങനെ ആവാം.
Excitement phase/ഉത്തേജന ഘട്ടം: ലൈംഗിക അവയവങ്ങൾ, മറ്റു ശരീര ഭാഗങ്ങൾ, മാനസിക നില ഇവയിൽ കാര്യമായ മാറ്റങ്ങൾ ഈ ഘട്ടത്തിലാണ് ഉണ്ടാകുക.
Orgasm phase/ രതിമൂർച്ഛ ഘട്ടം: ലൈംഗിക ഉത്തേജനം അതിൻ്റെ മൂർദ്ധന്യത്തിൽ എത്തി രതിമൂർച്ഛ അനുഭവപ്പെടുന്നത് ഈ ഘട്ടത്തിലാണ്.
Resolution phase: ലൈംഗിക ഉത്തേജനം വഴി ഉണ്ടായ ശാരീരിക മാനസിക മാറ്റങ്ങൾ കുറഞ്ഞു വന്നു പൂർവ സ്ഥിതിയിലെത്തുന്നു
ഇതിനെ തുടർന്ന് പുരുഷന്മാരിൽ റിഫ്രാക്ടറി പീരീഡ് ഉണ്ടാകും. ഈ സമയത്ത് സാധാരണ നിലയിൽ വീണ്ടും ഒരു ലൈംഗിക ഉത്തേജനം പുരുഷന്മാരിൽ സാധ്യമല്ല.
മനുഷ്യ ലൈംഗികത എന്നത് വളരെ വിശാലവും സ്വതന്ത്രവുമാണെന്ന് മനസിലാക്കി വേണം നമ്മൾ ഈ ഘട്ടങ്ങളെ നോക്കി കാണാൻ. എല്ലാവരിലും ഈ മാറ്റങ്ങൾ ഒരേ രീതിയിലോ ഓരോ തീവ്രതയിലോ ഉണ്ടാകണമെന്നില്ല. മാത്രവുമല്ല ട്രാൻസ്‌ജെൻഡർ/ജൻഡർ നോൺ കൺഫെർമിങ് വ്യക്തികൾ, നോൺ ഹെട്രോ സെക്ഷ്‌വൽ ഓറിയന്റെഷൻ ഉള്ള വ്യക്തികൾ, ഇവരിലെ ലൈംഗിക പ്രതികരണത്തെ കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾ കുറവാണ്. അതുകൊണ്ടു തന്നെ ഈ മോഡൽ എല്ലാവർക്കും ഒരു പോലെ ബാധകമാകണമെന്നില്ല.
പല ലൈംഗിക രോഗാവസ്ഥകളിലും മുകളിൽ വിവരിച്ച പ്രവർത്തങ്ങളിലാണ് പ്രശ്നങ്ങൾ ഉണ്ടാവുക. ഉദാഹരണത്തിന് പുരുഷന്മാർ നേരിടുന്ന പ്രധനാ ലൈംഗിക പ്രശ്നമാണ് ശീക്ര സ്ഖലനം അഥവാ Premature ejaculation. ഈ അവസ്ഥയിൽ ഉത്തേജന ഘട്ടത്തിൻ്റെ ദൈര്ഘ്യം നന്നേ കുറവായിരിക്കും. അതുപോലെ ലൈംഗിക ചക്രത്തിൻ്റെ ആകെ ദൈര്ഘ്യവും കുറയും.
നമ്മുടെ സ്വാഭാവിക ലൈംഗിക പ്രവർത്തനങ്ങളെ കുറിച്ചുള്ള ശരിയായ അറിവ് സമ്പാദിക്കുന്നത്, ലൈംഗിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും, ലൈംഗിക രോഗങ്ങൾ തിരിച്ചറിയുന്നതിനും, തടയുന്നതിനും, ലൈംഗിക ജീവിതം കൂടുതൽ ആസ്വാദ്യകരമാക്കുന്നതിനും സഹായിക്കും. അതിനു നമ്മളെ സഹായിക്കാൻ ഈ ലേഖനത്തിലെ വിവരങ്ങൾക്ക് സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു.