· 6 മിനിറ്റ് വായന

പാമ്പു കടിയും വിഷവൈദ്യവും

Toxicologyആരോഗ്യ അവബോധംകിംവദന്തികൾപൊതുജനാരോഗ്യം

പാമ്പ് കടിച്ചു കുട്ടികൾ ഉൾപ്പെടെ ആളുകൾ മരിക്കുന്ന വാർത്തകൾ നിരന്തരം കണ്ടുകൊണ്ടിരിക്കുന്നു. പലതും ആദ്യം നാട്ടു വൈദ്യന്മാരുടെ അടുത്തു പോയി സമയം വൈകിച്ചു ബോധം കെട്ട ശേഷം ആശുപത്രിയിൽ എത്തിയവ.. വളരെ സങ്കടകരമാണ് കാര്യം.. കൃത്യ സമയത്തു ശരിയായ ചികിത്സ തേടിയാൽ മിക്കവാറും കേസുകൾ എല്ലാം തന്നെ രക്ഷപ്പെടുത്താൻ കഴിയും. യാതൊരു ആരോഗ്യപ്രശ്‌നവും ഇല്ലാത്ത ഒരാൾ ശരിയായ ചികിത്സ കിട്ടാത്ത ഒറ്റ കാരണത്താൽ മരണപ്പെടുന്നത് എന്തൊരു കഷ്ടമാണ്.. എത്ര തന്നെ ബോധവൽക്കരിക്കാൻ ശ്രമിച്ചാലും ഇതൊക്കെ തുടർന്ന് കൊണ്ടേയിരിക്കും.. മരിച്ചു കഴിഞ്ഞ ആളുകളെ നാട്ടു വൈദ്യന്മാർ പറപ്പിച്ച കഥകൾ വീണ്ടും വീണ്ടും കേട്ടു കൊണ്ടേയിരിക്കും.. കേട്ടിട്ടില്ലേ രോഗിയുമായി ചെല്ലുമ്പോൾ എന്താ എത്താൻ വൈകി എന്നു ചോദിച്ചു മരുന്നുമായി വീട്ടിൽ കാത്തു നിൽക്കുന്ന വൈദ്യന്റെ കഥകൾ…! വൈദ്യൻ ഒരു കല്ലെടുത്ത് മുറിവിൽ വച്ചപ്പോൾ കല്ല് നീല നിറമായ നിറം പിടിപ്പിച്ച കഥകൾ!!

പാമ്പ് കടിയെ കുറിച്ചു ശാസ്ത്രീയമായി പഠിക്കുകയും കടിയേറ്റ നിരവധി ആളുകളെ ചികില്സിക്കുകയും ചെയ്ത ഒരാൾ എന്ന നിലക്ക് ചില വസ്തുതകൾ പങ്കുവെക്കാം..

സമൂഹത്തിലെ പാമ്പ് കടികളുടെ മൊത്തത്തിൽ ഉള്ള കണക്കെടുത്താൽ മുക്കാൽ ഭാഗത്തിലേറെയും വിഷമില്ലാത്ത പാമ്പുകളുടെ കടിയായിരിക്കും.. കാരണം വിഷമില്ലാത്ത പാമ്പുകളാണ് എണ്ണത്തിൽ കൂടുതൽ. കരയിൽ കാണുന്ന പാമ്പുകളിൽ 3 ഇനം അണലികൾ, മൂർഖൻ, രാജവെമ്പാല, വെള്ളിക്കട്ടൻ എന്നിവയാണ് സാധാരണ നമ്മുടെ നാട്ടിൽ കാണപ്പെടുന്ന, മനുഷ്യരുടെ മരണങ്ങൾക്ക് കാരണമായ വിഷപാമ്പുകൾ. വിഷമുണ്ടെങ്കിലും ഇതു വരെ രാജ വെമ്പാലയുടെ കടിയേറ്റു മനുഷ്യർ മരിച്ചതായി കേരളത്തിൽ നിന്നും റിപ്പോർട്ടുകൾ ഇല്ല. നാട്ടിൻപുറങ്ങളിൽ രാജവെമ്പാല മറ്റു പാമ്പുകളെ പോലെ സജീവ സാന്നിധ്യമല്ലാത്തത് കൊണ്ടാണത്. ഇനി വിഷപാമ്പുകളുടെ കടി തന്നെ എല്ലായ്പ്പോഴും വിഷം ശരീരത്തിൽ പ്രവേശിപ്പിക്കാറുമില്ല. പാമ്പ് തൊട്ടുമുന്നേ വിഷം മറ്റേതെങ്കിലും ജീവിയിൽ പ്രയോഗിച്ചിട്ടുണ്ടെങ്കിലോ കട്ടി കൂടിയ ഡ്രെസ്സിനു മുകളിലൂടെയോ ചെരിപ്പു/ഷൂസ് ന് മുകളിലൂടെ കടിച്ചാലോ വിഷം ശരീരത്തിൽ പ്രവേശിക്കണമെന്നില്ല. വിഷപാമ്പുകളുടെ ഇത്തരം കടികളും എണ്ണത്തിൽ കൂടുതലുള്ള വിഷമില്ലാത്ത പാമ്പുകളുടെ കടിയും ചേർത്താൽ ഏതൊരു ആശുപത്രിയിൽ വരുന്ന കേസുകൾ നോക്കിയാലും 50-60%മുകളിൽ വിഷം ഇല്ലാത്ത/എൽക്കാത്ത കടികൾ ആയിരിക്കും. ചുരുക്കി പറഞ്ഞാൽ പാമ്പ് കടിയേറ്റ 100 പേർ ഒരു ചികിത്സയും ചെയ്യാതെ സ്വന്തം വീട്ടിൽ ഇരുന്നാൽ പോലും അതിൽ 50-60% രക്ഷപ്പെടും.. ഇതേ 50-60% വിഷ വൈദ്യന്റെ അടുത്തു പോയാലും രക്ഷപ്പെടും..?

ഇനി വിഷമുള്ള കടികളിലേക്കു വരാം. ഭൂപ്രദേശം മാറുന്നതനുസരിച്ചു കടി വിവര കണക്കുകളിൽ ചില മാറ്റങ്ങൾ ഉണ്ടാകാം.. നാട്ടിൽ ജോലി ചെയ്തപ്പോൾ കണ്ടിരുന്ന ഒരു രീതി വച്ചു വിഷം ഏൽക്കുന്ന കടികളിൽ അധികവും Russell’s viper എന്ന അണലിയുടേതായിരുന്നു. ഞാൻ ഏറ്റവും ഭയന്നിരുന്ന ആളാണ് ഈ അണലി. തൊട്ടു പിന്നിൽ humped nose pit viper എന്ന മറ്റൊരു അണലി. ഇവൻ സാധാരണ വലിയ പ്രശ്നം ഉണ്ടാക്കാറില്ലെങ്കിലും ചിലപ്പോളൊക്കെ മരണത്തിനു കാരണമായേക്കാം.. പിന്നെ മൂർഖൻ കടികളും അവസാനം വരുന്നത് വെള്ളിക്കട്ടനും.

മൂർഖന്റെയും വെള്ളിക്കട്ടന്റെയും വിഷം നാഡീ വ്യൂഹത്തെയാണ് ബാധിക്കുന്നത്.. ജീവികൾ ശ്വസിക്കാൻ ഉപയോഗിക്കുന്ന പേശികൾ തളർന്നു പോയി ശ്വാസം മുട്ടിയാണ് മരണം സംഭവിക്കുക. ഇവയുടെ വിഷം താരതമ്യേനെ വളരെ വേഗത്തിൽ പ്രവർത്തിക്കും. നല്ല അളവിൽ വിഷം കയറുകയും കടി കിട്ടിയ ആൾ വല്ലാതെ പേടിക്കുകയും ചെയ്താൽ അതിവേഗം വിഷം ശരീരം മുഴുവൻ വ്യാപിക്കുകയും ശ്വാസം നിലച്ചു മണിക്കൂറുകൾ കൊണ്ടോ മിനിറ്റുകൾ കൊണ്ടോ മരണം സംഭവിക്കുകയും ചെയ്യാം… ഇത്തരം ആളുകളെ അതിവേഗം മികച്ച സൗകര്യങ്ങൾ ഉള്ള ആശുപത്രിയിൽ എത്തിച്ചാൽ ജീവൻ രക്ഷിക്കാം.. വിഷത്തിനു എതിരെ ഉപയോഗിക്കുന്ന ആന്റി വെനം മരുന്നു പ്രവർത്തിക്കാൻ വേണ്ട സമയം പോലും കിട്ടാതെ ശ്വാസം നിലച്ചു പോകും എന്ന അവസ്ഥയാണെങ്കിൽ കുറച്ചു നേരത്തേക്ക് ventilator വേണ്ടി വന്നേക്കാം.

അണലി കടിച്ചാൽ വിഷത്തിന്റെ വ്യാപനം മുകളിൽ പറഞ്ഞ പോലെ തന്നെ നടക്കുമെങ്കിലും വിഷത്തിന്റെ പ്രവർത്തന രീതി വ്യത്യസ്തമാണ്. രക്തക്കുഴലുകളെയും രക്തം കട്ട പിടിക്കാനുള്ള കഴിവിനെയുമാണ് പ്രധാനമായും വിഷം ബാധിക്കുന്നത്. കൂടാതെ കിഡ്നി, ഹൃദയം തുടങ്ങിയ അവയവങ്ങളെയും ബാധിക്കാം.. എന്നാൽ മേൽ പറഞ്ഞ പ്രശ്നങ്ങൾ പുറമെ അറിയാൻ അൽപ്പം സമയമെടുക്കും.. മരണം സംഭവിക്കാൻ മണിക്കൂറുകളോ ദിവസങ്ങളോ എടുക്കും. ആന്റി വെനം ചികിത്സയ്ക്ക് പുറമെ ചിലപ്പോൾ ഡയാലിസിസ്, രക്തം കട്ടയാവാനുള്ള മറ്റു സപ്പോർട്ടീവ് ചികിത്സകളും വേണ്ടി വന്നേക്കാം. മൂർഖൻ/വെള്ളിക്കട്ടൻ കടികളെ അപേക്ഷിച്ചു രോഗിക്കും ഡോക്ടർക്കും കൂടുതൽ സമയം ലഭിക്കുമെങ്കിലും മറ്റൊരു പ്രധാന പ്രശ്നം അണലി കടിയിൽ നില നിൽക്കുന്നു.. മേൽ പറഞ്ഞ എല്ലാ ചികിത്സകളും കൊടുത്താൽ പോലും കടി കിട്ടിയ ആൾ മരണപ്പെടാനുള്ള ഒരു സാധ്യതയുണ്ട്. പാമ്പ് കടിച്ചു കൊണ്ടു വന്ന സമയത്ത് ഒരു കുഴപ്പവും ഉണ്ടായില്ല, 2-3 ദിവസത്തെ ചികിത്സ കൊണ്ടു രോഗി മരിച്ചു എന്ന ഒരു ആരോപണം ചികിൽസിച്ച ഡോക്ടർ നേരിടേണ്ടതായും വരും. ഈ സാധ്യതകൾ മുൻകൂട്ടി പറഞ്ഞു കൊടുത്താൽ, ഗ്യാരണ്ടി ഇല്ലെങ്കിൽ ഞങ്ങൾ വേറെ ആശുപത്രിയിൽ കൊണ്ടു പോവാം, ഇന്ന ആശുപത്രിയിൽ ഇതിന്റെ ഒരു വിദഗ്ദ്ധൻ ഉണ്ട് തുടങ്ങിയ ക്ളീഷേ ഡയലോഗുകൾ പിന്നാലെ വരും..

മനുഷ്യ ശരീരം ഒരു യന്ത്രവുമായി താരതമ്യം ചെയ്യാൻ കഴിയില്ല. യന്ത്രങ്ങൾക്കു കൊടുക്കുന്ന പോലെ ഗ്യാരണ്ടി നൽകാൻ പറ്റില്ല. നിലവിലുള്ള എല്ലാ ചികിത്സയും നൽകാൻ സൗകര്യം ഉണ്ടെന്നല്ലാതെ രോഗി മരിക്കില്ല എന്ന ഗ്യാരണ്ടി ഒരിക്കലും നൽകാൻ കഴിയില്ല. ചികിൽസിക്കുന്ന ഡോക്ടർക്കു പോലും അടുത്ത ദിവസം താൻ ജീവിച്ചിരിക്കും എന്നു യാതൊരു ഗാരണ്ടിയുമില്ല. എന്നിട്ടല്ലേ ഗുരുതരാവസ്ഥയിൽ ഉള്ള രോഗി ! വിഷ ചികിത്സ ലോകത്തു എല്ലായിടത്തും ഒരു പോലെയാണ്. ഒരു പ്രത്യേക ആസ്പത്രിയിലോ ഒരു പ്രത്യേക ഡോക്ടറുടെ എടുത്തോ ഒരു മാന്ത്രിക ചികിത്സയും നിലവിലില്ല.

എന്തുകൊണ്ട് വിഷ വൈദ്യന്മാർ??
കുറച്ചു വർഷങ്ങൾക്കു മുന്നേ വിഷവൈദ്യന്മാരെ കുറിച്ചു കേൾക്കാറുള്ളത് പോലെ ഇന്ന് കേൾക്കുന്നില്ല എന്നത് സത്യമാണെങ്കിലും അത്തരം വൈദ്യന്മാർ ഇപ്പോഴും ആളുകളെ നിർബാധം മരണത്തിലേക്ക് തള്ളി വിടുന്നുണ്ടെന്നത് ഒരു വസ്തുതയാണ്. പച്ചില കൊണ്ടും കല്ലു കൊണ്ടും മറ്റും വിഷം ഇറക്കുന്നവർ.. കാലങ്ങളായി കൈമാറി പോരുന്ന നിറം പിടിപ്പിച്ച കഥകൾ തന്നെയാണ് ഇത്തരം ആളുകളുടെ നിലനിൽപ്പിനു അടിസ്ഥാനം.. രോഗിയെ കാത്തു മുറ്റത്തു മരുന്നുമായി കാത്തു നിൽക്കുന്ന വൈദ്യൻ, കല്ലു മുറിവിൽ വച്ചപ്പോൾ വിഷം ആഗിരണം ചെയ്യപ്പെട്ടു കല്ലു നീലയായ കഥകൾ…

കല്ലു നീലയാവുന്ന ഭാവന എങ്ങനെ വന്നു എന്ന് ഊഹിക്കാൻ കഴിയും.. പാമ്പ് വിഷം നീലയാണെന്നാണ് പലരും മനസ്സിലാക്കിയിരിക്കുന്നത്. എന്നാൽ പാമ്പ് വിഷത്തിനു പ്രത്യേകിച്ചു നിറം ഒന്നുമില്ല. ഇന്റർനെറ്റിൽ പരതി നോക്കിയാൽ കാണാം.. National geography channel ൽ രാജ വെമ്പാല വിഷം ചീറ്റുന്നത് കണ്ടിട്ടില്ലേ? പച്ച വെള്ളം പോലിരിക്കും…പിന്നെ ഈ നീല എവിടെ നിന്നു കയറി വന്നു? മൂർഖൻ/വെള്ളിക്കട്ടൻ കടിച്ചു മരിച്ച ആളുകളുടെ ശരീരം നീല നിറം ആവുന്നത് കാണാം. അതു കണ്ടിട്ടാവണം വിഷം നീല എന്ന ഒരു ചിന്ത ആളുകളിൽ ഉടലെടുത്തത്. ഒരാളുടെ ശരീരം മുഴുവൻ നീല പെയിന്റ് അടിക്കാൻ മാത്രം വിഷം ഒന്നും പാമ്പിന്റെ കുഞ്ഞ് വിഷ സഞ്ചിയിൽ ഇല്ല. ശ്വസന പേശികൾ തളർന്നു ശ്വാസം മുട്ടി മരിക്കുമ്പോൾ രക്തത്തിലെ oxygen ന്റെ അളവ് വല്ലാതെ കുറഞ്ഞു പോകും. രക്തത്തിലെ hemoglobin ൽ വേണ്ടത്ര oxygen ഇല്ലാതിരുന്നാൽ സാധാരണ ചുവപ്പു നിറമുള്ള ഹെമോഗ്ലോബിന് പകരം reduced ഹീമോഗ്ലോബിൻ കൂടുതലായി കാണപ്പെടും. ഇതാണ് രക്തത്തിനു നീല നിറം നൽകുന്നത്. വിഷത്തിനു നീല നിറം എന്ന തെറ്റിദ്ധാരണ ഇങ്ങനെ ഉണ്ടായതാണ്.

ഇനി വിഷം വലിച്ചെടുക്കുന്ന ഒരു കല്ലു ഉണ്ടാകാൻ സാധ്യത ഉണ്ടോ എന്ന് നോക്കാം. രക്തത്തിലേക്ക് ഒരു വസ്തു കലർത്തി വിടുന്നത് ഏതാണ്ട് കൈ വിട്ട ആയുധം പോലെയാണ്. തിരിച്ചു വലിച്ചെടുക്കാൻ കഴിയില്ല. നിങ്ങൾ ഒരു ഇൻജക്ഷൻ എടുത്ത് ആ മരുന്നു രക്തത്തിൽ പ്രവേശിച്ച ശേഷം ഇൻജക്ഷൻ വച്ചിടത്ത് നിന്നു ഒരു മെഷീൻ വച്ചു വലിച്ചു രക്തത്തിൽ കലർന്ന മരുന്നിനെ മുഴുവൻ തിരികെ കൊണ്ടു വരുന്ന ഒരു സംവിധാനം ആലോചിച്ചു നോക്കൂ.. എത്രത്തോളം അസംഭവ്യമാണോ അതു പോലെ തന്നെയാണ് വിഷം വലിച്ചെടുക്കുന്ന കല്ല്.

പാമ്പ് വിഷം രക്തത്തിൽ കലർന്ന പ്രോട്ടീനാണ്. അതു നിർവീര്യമാക്കാൻ മരുന്നു അരച്ചു പുരട്ടുകയോ കല്ലു വെക്കുകയോ ചെയ്തിട്ടു കാര്യമില്ല. നേരിട്ടു രക്തത്തിലേക്ക് വിഷം നിർവീര്യമാക്കാൻ കഴിയുന്ന മരുന്നു കൊടുക്കുക തന്നെ വേണം.. പാമ്പ് വിഷത്തെ നിർവീര്യമാക്കാൻ കഴിയുന്ന ഒരു പച്ചില മരുന്നു കണ്ടു പിടിച്ചു എന്നു ഒരു വാദത്തിനു വേണ്ടി അംഗീകരിച്ചാൽ തന്നെ അതു കഴിച്ചു ദഹിച്ചു കുടൽ വഴി ശരീരത്തിൽ എത്തി പ്രവർത്തനം തുടങ്ങുമ്പോഴേക്കും വിഷം അതിന്റെ പാട്ടിനു പോകും. കൂടെ കടിയേറ്റയാളെയും കൊണ്ട് പോകും എന്ന് മാത്രം..

പാമ്പ് കടിയേറ്റ് ആശുപത്രികളിൽ ആളുകൾ മരിക്കുന്നുണ്ടല്ലോ… പിന്നെ വൈദ്യന്റെ അടുത്തു മരിക്കുന്നത് നിങ്ങൾക്കെങ്ങനെ കുറ്റം പറയാൻ പറ്റും? സ്ഥിരമായി കേൾക്കാറുള്ള ചോദ്യം..

എന്നാൽ കേട്ടോളൂ.. വൈദ്യരുടെ അടുത്തു പോയാലും പോയില്ലെങ്കിലും രക്ഷപ്പെടുന്ന 50-60 ശതമാനത്തെ കുറിച്ചല്ല ഞാൻ പറഞ്ഞു വരുന്നത്. വൈദ്യരുടെ ചികിത്സ കൊണ്ടു മരിക്കുന്ന (ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ട്.. വൈദ്യരുടെ അടുത്തു ആരും മരിക്കാറില്ല.. അവസാന ശ്വാസം പോവുന്ന മുന്നേ കൈയ്യൊഴിയും .. അവിടെ ആരും ചോദ്യം ചെയ്യാനോ കയ്യേറ്റം ചെയ്യാനോ കാണില്ല.. നേരെ ആശുപത്രിയിൽ വരും, മരിക്കും) ഭൂരിഭാഗം ആളുകളെയും കൃത്യ സമയത്തു ആശുപത്രിയിൽ എത്തിച്ചാൽ രക്ഷപെടുത്താൻ കഴിയും.. കഴിയുന്നതും നേരത്തെ മരുന്നു നൽകി വിഷം ശരീരത്തിൽ വ്യാപിക്കുന്നത് തടയുക എന്നതാണ് ചികിത്സയുടെ കാതൽ.. പാമ്പിനെ പിടിക്കാൻ ശ്രമിച്ചും വൈദ്യരുടെ അടുത്തേക്ക് ഓടിയും മറ്റു കാരണങ്ങൾ കൊണ്ടുമുണ്ടാകുന്ന കാലതാമസത്തിന്റെ വില ചിലപ്പോൾ ജീവൻ തന്നെയാകാം.

എന്തുകൊണ്ട് ആശുപത്രികളിൽ പാമ്പ് കടിയേറ്റവർ മരണപ്പെടുന്നു?

ആധുനിക വൈദ്യശാസ്ത്രത്തിൽ വിഷ ചികിത്സയുടെ ഇന്നത്തെ പരിമിതികൾ തന്നെയാണ് അതിന്റെ ഉത്തരം. വിഷ ചികിത്സയുടെ പ്രധാന ഘടകമായ ആന്റിവെനം രക്തത്തിൽ ഒഴുകി നടക്കുന്ന വിഷത്തെ മാത്രമേ നിർവീര്യമാക്കൂ.. വിവിധ അവയങ്ങളിലും രക്തക്കുഴലുകളിലും നാഡീ കോശങ്ങളിലും കയറിപ്പിടിച്ച വിഷം തിരിച്ചു ഇറക്കി കൊണ്ടുവരാൻ ആന്റിവെനത്തിന് കഴിയില്ല. നേരം കളയാതെ എത്രയും പെട്ടന്ന് ചികിത്സ തേടേണ്ടതിന്റെ പ്രധാന്യം അവിടെയാണ്. വിഷ വ്യാപനം നടന്നു പല അവയവങ്ങളെ ബാധിച്ചാൽ പോലും ചിത്സയിലൂടെ പലരെയും മരണത്തിൽ നിന്നും രക്ഷപെടുത്താൻ കഴിയുമെങ്കിലും DIC, capillary leak തുടങ്ങിയ ഏറ്റവും അപകടകരമായ അവസ്‌ഥയിലേക്ക് നീങ്ങിയാൽ ചികിത്സ ഫലപ്രദമാവണമെന്നില്ല. ഇത്തരം അവസ്ഥകളുടെ ചികിത്സക്ക് ഭാവിയിൽ കൂടുതൽ ഫലപ്രദമായ രീതികൾ രംഗത്തു വരികയാണെങ്കിൽ പാമ്പ് കടി മൂലമുള്ള മരണങ്ങൾ ഗണ്യമായി കുറയ്ക്കാൻ കഴിയും. നിരന്തരം ഗവേഷണങ്ങൾ നടക്കുന്ന വൈദ്യശാസ്ത്ര രംഗം ഇക്കാര്യത്തിലും മുന്നേറുമെന്നു പ്രതീക്ഷിക്കാം.

ഇനിയും പാമ്പു കടിച്ചാൽ വൈദ്യരുടെ അടുത്തു തന്നെ പോവണമെന്നു നിർബന്ധമുള്ളവർ ചുരുങ്ങിയ പക്ഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

കടിച്ച ഭാഗത്തു വീക്കവും വേദനയും കൂടി വരിക, വയറു വേദന, ഛർദി , തല കറക്കം, കാഴ്ച മങ്ങൽ, രണ്ടെണ്ണമായി കാണൽ, വിഴുങ്ങാനും ശ്വസിക്കാനും പ്രയാസം, തൊലിപ്പുറത്തും മോണയിലൂടെയും മൂത്രത്തിലൂടെയും രക്തം വരിക, മൂത്രത്തിന്റെ അളവ് കുറയുക തുടങ്ങിയവയെല്ലാം വിഷം ഗുരുതരമായ രീതിയിൽ ശരീരത്തിൽ വ്യാപിക്കുന്നതിന്റെ ലക്ഷണങ്ങളാണ്. വൈദ്യൻ കയ്യൊഴിയാൻ കാത്തു നിൽക്കാതെ രോഗിയെയും കൊണ്ടു ഓടാനുള്ള സമയമാണത്..

ആന്റിവെനം ചികിത്സാ ഒട്ടു മിക്ക ആശുപത്രികളിലും ലഭ്യമാണ്. ചികിത്സയിൽ ഗ്യാരണ്ടിയും മറ്റും ചോദിച്ചു ചെറിയ ആശുപത്രികളിലെ ഡോക്ടർമാരെ സമ്മർദ്ധത്തിലാക്കാതിരുന്നാൽ ഏറ്റവും പ്രധാനപ്പെട്ട ഈ ചികിത്സ കിട്ടാൻ വലിയ ആശുപത്രികൾ തിരഞ്ഞു ഓടി സമയം കളയേണ്ടി വരില്ല. ചികിൽസിക്കുന്ന ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ സ്വന്തം ഇഷ്ടപ്രകാരം രോഗിയെ മറ്റു ആശുപത്രികളിലേക്ക് മാറ്റാൻ തീരുമാനമെടുക്കുന്നവർ ചുരുങ്ങിയ പക്ഷം ആന്റിവെനം മരുന്നു സ്വീകരിച്ച ശേഷം മാത്രം പോവുക.. ജീവൻ നഷ്ടപ്പെടാനുള്ള സാധ്യത അതു ഗണ്യമായി കുറക്കും..

ലേഖകർ
Dr Jamal TM, completed his mbbs from thrissur govt medical college and MD in internal medicine from calicut medical college. Worked as physician at valluvanad hospital ottapalam for 6 yrs and then migrated to oman. Currently working as specialist physician at Aster -oman al khair hospital , IBRI ,Oman. Special interest in Photography and travel. Blogs at "My clicks and thoughts " www.jamal-photos.blogspot.in
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ