പാമ്പ് കടിയേറ്റാൽ: ചെയ്യേണ്ടതും ചെയ്യരുതാത്തതും
രാവിരുട്ടുമ്പോഴും ചാറ്റൽ മഴ കഴിഞ്ഞ് ഈയാംപാറ്റകൾ പൊടിഞ്ഞ് തുടങ്ങുമ്പോഴും പഴമക്കാർ ഇഴജന്തുക്കളെ സൂക്ഷിക്കണമെന്ന് പറയും. “പാമ്പ്” എന്ന വാക്കുപയോഗിക്കാൻ പോലും ഭയമാണ് മിക്കവർക്കും. അപസർപ്പക കഥകളുംം പ്രേതസിനിമകളും ഭയപ്പെടുത്തി വെച്ചിരിക്കുന്നത് പുറമേ. എന്തിനാണ് പാമ്പുകളെ ഭയപ്പെടുന്നത്, എന്താണ് ഈ ജീവിയുടെ പ്രത്യേകത എന്നെല്ലാം പഠിക്കാൻ ശ്രമിച്ചാൽ മനസ്സിലാകും നമ്മുടെ അകാരണമായ ഭീതിയുടെ അർത്‌ഥമില്ലായ്‌മ.
ഉരഗ വർഗത്തിൽപ്പെട്ട കൈകാലുകളില്ലാത്ത ജീവികളാണ് പാമ്പുകൾ. പാമ്പുകളെ ഭീതിസ്വപ്‌നമാക്കുന്ന വിഷം പ്രധാനമായും അവയ്‌ക്ക് ഇരയെ പിടിക്കാൻ വേണ്ടിയുള്ളതാണ്. മനുഷ്യൻ ഉൾപ്പെടെയുള്ള ശത്രുക്കൾക്കെതിരെ ഗതികെട്ടാലല്ലാതെ പാമ്പുകൾ വിഷം പ്രയോഗിക്കാറില്ല.
വിഷം വിവിധതരം രാസവസ്‌തുക്കളുടെ ഒരു സങ്കീർണമിശ്രിതമാണ്. രക്‌തത്തെ ബാധിക്കുന്ന വിഷം (Haemotoxin), നാഡീവ്യൂഹത്തെ ബാധിക്കുന്ന വിഷം (Neurotoxin) എന്നിവയാണ് പ്രധാന തരം വിഷങ്ങൾ. പേശികളെ ബാധിക്കുന്ന വിഷം (Myotoxin), ഹൃദയത്തെ ബാധിക്കുന്ന വിഷം (Cardiotoxin) തുടങ്ങിയ ഇനം വിഷങ്ങളുമുണ്ട്. മിക്ക പാമ്പുകളിലും ഇവയില്‍ ഒന്നിലേറെ തരം വിഷങ്ങള്‍ ഒന്നിച്ചു കാണാറുണ്ട്. വിഷം ശരീരത്തില്‍ കടന്നു കഴിഞ്ഞാല്‍ ചെറുതല്ലാത്ത ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെന്നതില്‍ സംശയമേതും ഇല്ല.
എന്നാല്‍ ഇന്ത്യയില്‍ കാണപ്പെടുന്ന നൂറുകണക്കിന് പാമ്പുകളില്‍ വിരലില്‍ എണ്ണാവുന്നവക്ക് മാത്രമേ വിഷമുള്ളൂ എന്നതാണ് സത്യം. മൂർഖൻ (Spectacled Cobra), വെള്ളിക്കെട്ടൻ (Common Indian Krait) , അണലി (Russell’s Viper), ചുരുട്ട മണ്ഡലി (Saw-scaled Viper) എന്നീ നാല് തരം വിഷപ്പാമ്പുകളുടെ കടിമൂലമാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണങ്ങൾ നടക്കുന്നത്. എന്നാല്‍ കണ്ടാല്‍ ഇവയെപ്പോലെ തന്നെ തോന്നിക്കുന്ന ചില പാമ്പുകള്‍ ഉണ്ട്. ഒറ്റ നോട്ടത്തില്‍ ഇവയെ തിരിച്ചറിയാന്‍ അല്‍പ്പമെങ്കിലും പഠിക്കാതെ സാധിക്കില്ല എന്നതാണു സത്യം. അത് കൊണ്ട് തന്നെ എല്ലാ പാമ്പുകടിയും വിഷം തീണ്ടിയുള്ള മരണം എന്നതിനോട് ചേര്‍ത്ത് വായിക്കപ്പെടേണ്ടതല്ല. അഥവാ വിഷമുള്ള പാമ്പാണ് എങ്കില്‍ പോലും, ഇര പിടിച്ച ഉടനെയാണ് പാമ്പ് ഒരാളെ കടിക്കുന്നതെങ്കില്‍, പാമ്പിന്റെ വിഷസഞ്ചിയില്‍ വിഷമുണ്ടാകണം എന്നില്ല. ‘Dry bite’ എന്നറിയപ്പെടുന്ന ഇത്തരം പാമ്പുകടികള്‍ അപകടരഹിതമാണ്.
വിഷപാമ്പിന്‍റെ കണ്ണിനു പിറകിലായാണ് തുപ്പല്‍ ഗ്രന്ഥിക്ക് വ്യതിയാനം സംഭവിച്ച വിഷഗ്രന്ധി സ്ഥിതി ചെയ്യുന്നത്. വിഷമില്ലാത്ത പാമ്പിന്റെ കടി, വിഷമില്ലാത്ത വിഷസഞ്ചിയുള്ള വിഷപ്പാമ്പിന്റെ കടി, പാമ്പ് കടിച്ചെന്ന തെറ്റിദ്ധാരണ തോന്നിക്കുന്ന മുറിവ് തുടങ്ങിയ സാഹചര്യങ്ങളാണ് പാമ്പ് വിഷത്തിനു ചികിത്സിക്കുന്നു എന്ന് പറയുന്നവരുടെ പൊതുവായ പിടിവള്ളി. അവരുടെ അടുത്ത് പോയി കളയുന്ന മണിക്കൂറുകള്‍ പലപ്പോഴും രോഗിയുടെ ജീവന്‍ നഷ്ടപ്പെടാന്‍ പോലും കാരണമാകാം.
ഈ പാമ്പുകളുടെ വിഷം കുതിരയിൽ കുത്തിവച്ച് കുതിരയുടെ ശരീരത്തിൽ ഈ വിഷത്തിനെതിരെയുണ്ടാവുന്ന ആന്റിബോഡികൾ രക്തത്തിൽ നിന്നും വേർതിരിച്ചെടുത്ത് ശുദ്ധീകരിച്ചാണ് ASV (Anti Snake Venom) നിർമ്മിക്കുന്നത്. നാല് പാമ്പുകളുടെ വിഷത്തിനെതിരെ പ്രവർത്തിക്കുമെന്നതിനാൽ പോളിവലന്റ് ആന്റി സ്നേക്ക് വെനം എന്നാണ് ഈ മരുന്നിനെ വിളിക്കുന്നത്.
അലർജി ഉണ്ടാവാൻ സാധ്യത ഉണ്ട് എന്നതാണ് ഈ മരുന്നിന്റെ പ്രധാന ന്യൂനത. അതിനാൽ അലർജി ഉണ്ടായാൽ ചികിത്സിക്കാനുള്ള സൗകര്യങ്ങൾ കൂടി ആശുപത്രികളിലുണ്ടാവണം. അലർജി ഉണ്ടാവാൻ സാധ്യത ഉണ്ടെങ്കിലും ആവശ്യമുള്ള രോഗികൾക്ക് മരുന്ന് നൽകുക തന്നെ വേണം. സ്വീകരിക്കേണ്ട ചികിത്സാ സൗകര്യങ്ങൾ വേണമെന്ന് മാത്രം. കേരളത്തിലെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും പ്രധാന സർക്കാർ-സ്വകാര്യ ആശുപത്രികളിലും ഈ മരുന്ന് ലഭ്യമാണ്.
പാമ്പുകടിച്ചാല്‍ ഉടന്‍ പാമ്പിനെ തിരിച്ചറിയാന്‍ വേണ്ടി നെട്ടോട്ടം ഓടേണ്ട കാര്യമില്ല. ഇതിനു വിവിധ കാരണങ്ങള്‍ ഉണ്ട്.
- ഇന്ത്യയില്‍ ലഭ്യമായ പാമ്പിന്‍ വിഷത്തിനു എതിരായ ചികിത്സ (ASV) പ്രധാനപ്പെട്ട നാല് പാമ്പുകളുടെ വിഷത്തിനു എതിരായി പ്രവര്‍ത്തിക്കുന്നതാണ് (Polyvalent). അത് കൊണ്ട് തന്നെ വിഷബാധ ഏറ്റെന്ന് ഉറപ്പുണ്ടെങ്കില്‍, പാമ്പിനെ തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും ചികിത്സ കൃത്യമായിരിക്കും.
- പാമ്പിനെ തിരിച്ചറിയുന്നതിലുപരി, കടിയേറ്റ ആളുടെ ശാരീരികലക്ഷണങ്ങള്‍ നോക്കിയാണ് ഡോക്ടര്‍ ചികിത്സ നിര്‍ണയിക്കുന്നത്. ASV ഡോസ് നിശ്ചയിക്കപ്പെടുന്നതും ഇങ്ങനെയാണ്. ഈ ഡോസ് ആളുടെ പ്രായത്തിനെയോ പാമ്പ് കടിച്ച മുറിവിന്റെ വലിപ്പത്തിനെയോ മറ്റേതെങ്കിലും പൊതുവായ കാരണത്തിനോ അനുസരിച്ച് മാറുന്നതല്ല. മറിച്ച്, രോഗിയുടെ ശാരീരിക ലക്ഷണങ്ങള്‍ നോക്കിയാണ് വിഷത്തിന് എതിരെയുള്ള മരുന്ന് നല്‍കേണ്ട അളവ് തീരുമാനിക്കുന്നതും മറ്റു ശാരീരിക വിവശതകള്‍ പരിഹരിക്കുകയും ചെയ്യുന്നത്.
- പാമ്പിനെ തിരഞ്ഞു സമയം കളയുന്നത് രോഗിയുടെ നില വഷളാക്കാം.
- പിടിച്ചു കൊണ്ട് വരുന്നത് കടിച്ച പാമ്പിനെ തന്നെ ആകണമെന്നില്ല. പാമ്പുകള്‍ മിക്കതും പൊതുവായ വാസസ്ഥലങ്ങള്‍ ഉള്ളവയാണ്. ഒരു പരിസരത്ത് ഒന്നിലേറെ പാമ്പുകള്‍ ഉണ്ടാകാം. ചിലപ്പോള്‍ രോഗിയെ വിഷമില്ലാത്ത പമ്പ് കടിക്കുകയും പാമ്പിനെ തിരയുന്ന ആളെ വിഷപ്പാമ്പ് കടിക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യാം. വിഷമുള്ള ജീവിയെ കൈകാര്യം ചെയ്യാന്‍ വേണ്ടത് ധൈര്യമല്ല, വൈദഗ്ധ്യമാണ്. വിവേകത്തോടെ പ്രവര്‍ത്തിക്കുക.
*പാമ്പ് കടിയേറ്റാല്‍ ഉടന്‍ ചെയ്യേണ്ടത്*
പാമ്പ് കടിച്ചാല്‍ തിരിച്ചു കടിച്ചാല്‍ വിഷമിറങ്ങും എന്നൊക്കെ കേട്ടിട്ടുണ്ട്. ഇതൊരു തമാശയായി മാത്രമേ കരുതാനാവൂ. തിരിച്ചു കടിക്കാന്‍ പാമ്പിനെ തിരഞ്ഞു പോയാല്‍ രണ്ടാമതൊരു കടി കൂടി വാങ്ങിക്കാം എന്നതില്‍ കവിഞ്ഞു യാതൊരു പ്രയോജനവും ഉണ്ടാകാന്‍ സാധ്യതയില്ല.ഇത്തരം സാഹസങ്ങള്‍ക്ക് മുതിരാതിരിക്കുക.
ഭയമുണ്ടാകുക സ്വാഭാവികം മാത്രമാണ്. പക്ഷെ, പരിഭ്രമവും ഓടി രക്ഷപ്പെടാനുള്ള ശ്രമവും ശരീരത്തിലെ രക്തചംക്രമണം വേഗത്തിലാക്കുകയും ഹൃദയം, വൃക്ക, തലച്ചോര്‍ എന്നിവിടങ്ങളില്‍ വിഷം പെട്ടെന്ന് എത്തിക്കുകയും ചെയ്യും. ഒറ്റക്കാണെങ്കില്‍, കടിയേറ്റ ഭാഗം ഹൃദയത്തിനെക്കാള്‍ താഴെ ആയിരിക്കാന്‍ ശ്രദ്ധിക്കുക. വിഷം പ്രധാന അവയവങ്ങളില്‍ എത്തുന്നത് വൈകിക്കാന്‍ ഇത് വഴി സാധിക്കും. കഴിയുന്നത്ര വേഗം ഫോണിലൂടെയോ മറ്റോ സഹായം അഭ്യര്‍ത്ഥിക്കുക. കടിയേറ്റ ഭാഗം അനക്കാതിരിക്കുന്നതിന് ജീവന്റെ വിലയുള്ള സമയമാണെന്ന് മനസിലാക്കുക.
തുണി കൊണ്ട് മുറുക്കി കെട്ടുന്നത് പൊതുവെ കാണപ്പെടുന്ന രീതി ആണെങ്കിലും പ്രത്യേകിച്ചു ഗുണമൊന്നും ഉള്ളതല്ല. മാത്രമല്ല, ഈ കെട്ട് അമിതമായി മുറുകുന്നത് വഴി കടിയേറ്റ ഭാഗത്തേക്കുള്ള രക്തയോട്ടം തടയപ്പെടുകയും ആ ഭാഗം ഉപയോഗശൂന്യമായി മാറുകയും ചെയ്യാനുള്ള സാധ്യതയുണ്ട്. ഇനി അഥവാ കെട്ടുന്നുവെങ്കില്‍, ഒരു വിരല്‍ കയറാനുള്ള അയവ് ഉണ്ടായിരിക്കണം. കൈകാലുകളിൽ ആണ് കടി ഏറ്റതെങ്കിൽ അണിഞ്ഞിരിക്കുന്ന വാച്ച്, ആഭരണങ്ങൾ തുടങ്ങിയവ ഊരിമാറ്റുക. പിന്നീട് നീർവീക്കം വന്നാൽ ഇവ ഇറുകി ബുദ്ധിമുട്ടുണ്ടാവാൻ സാധ്യതയുണ്ട്.
മുറിവില്‍ നിന്നുമുള്ള രക്തപ്രവാഹമുണ്ടെകില്‍ മുറിവ് വൃത്തിയുള്ള തുണി കൊണ്ട് കെട്ടാം.
പാമ്പിനെ പിടിക്കാനോ പാമ്പിന്റെ ഫോട്ടോ പിടിക്കാനോ ശ്രമിച്ചു സമയം കളയേണ്ടതില്ല . മുന്‍പ് സൂചിപ്പിച്ചത് പോലെ പാമ്പിനെ തിരിച്ചറിയുന്നതും ചികിത്സയും തമ്മില്‍ വലിയ ബന്ധമില്ല. രോഗിക്ക് ആവശ്യമായ ചികിത്സ എത്രയും പെട്ടെന്ന് കൊടുക്കുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനം. സുരക്ഷിതമായ അകലത്തില്‍ നിന്ന് മൊബൈലില്‍ ചിത്രമെടുക്കാന്‍ സാധിക്കുമെങ്കില്‍, പാമ്പ് വിഷമുള്ളതാണോ അല്ലയോ എന്നറിയാന്‍ ചികിത്സിക്കുന്ന ഡോക്ടറെ സഹായിച്ചേക്കും. ഇതിനു സാധിച്ചില്ലെങ്കിലും വിരോധമില്ല.
പാമ്പ്കടിയേറ്റ വ്യക്തിയെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്ന ചിലതുണ്ട്. അതിനെ താഴെ കാണുന്ന ഇംഗ്ലീഷ് വാക്യത്തില്‍ ചുരുക്കാം.
“Do it RIGHT”
R – Reassure the Victim/ പാമ്പ് കടിയേറ്റയാളെ സമാശ്വസിപ്പിക്കുക
I – Immobilize the bitten part without tight bandages/കടിയേറ്റ ഭാഗം അനക്കാതിരിക്കുക. യാതൊരു കാരണവശാലും മുറുക്കമുള്ള കെട്ടിട്ട് ആ ഭാഗത്തെ രക്തസഞ്ചാരം ഇല്ലാതാക്കരുത്.
G H – Get the patient to Hospital as soon as possible. Anti-venom is the only cure for a venomous snakebite/ കഴിയുന്നത്ര വേഗം ആശുപത്രിയില്‍ എത്തിക്കുക. വിഷപ്പാമ്പിന്റെ കടിക്കുള്ള ചികിത്സ ASV മാത്രമാണ്.
T – Tell the doctor of any signs or symptoms that happen on the way to the hospital/ കടിയേറ്റത് മുതല്‍ ആശുപത്രിയില്‍ എത്തും വരെ രോഗിയില്‍ കാണുന്ന പ്രത്യേക ലക്ഷണങ്ങള്‍ വ്യക്തമായി ഡോക്ടറോട് പറയുക
*ചെയ്യരുതാത്ത കാര്യങ്ങള്‍ *
അശാസ്ത്രീയമായ ചികിത്സകള്‍ക്കായി കളയുന്ന വിലയേറിയ മണിക്കൂറുകള്‍ രോഗിയെ ദുരിതത്തില്‍ നിന്ന് ദുരന്തത്തിലേക്ക് തള്ളിയിട്ടേക്കാം. വിഷക്കല്ല് വെക്കുക, പച്ചമരുന്നു കഴിച്ചു നേരം കളയുക തുടങ്ങിയവയൊന്നും തന്നെ വിഷം രക്തത്തില്‍ കലര്‍ന്ന അവസ്ഥയില്‍ ഗുണം ചെയ്യില്ല. രോഗിയെ രക്ഷിക്കാനുള്ള വിലപ്പെട്ട സമയം ഈ വഴിക്ക് നഷ്ടപ്പെടുകയും ചെയ്യും.
മദ്യപിക്കുകയോ, പുക വലിക്കുകയോ ആഹാരം കഴിക്കുകയോ ചെയ്യാൻ പാടില്ല. മദ്യവും പുകയിലയിലെ നിക്കോട്ടിന്‍ എന്ന വസ്തുവും രക്തക്കുഴലുകളെ വികസിപ്പിച്ചു വിഷം വളരെ പെട്ടെന്ന് രക്തത്തില്‍ കലരാന്‍ കാരണമാകും. ചില ഭക്ഷ്യവസ്തുക്കളിലെ ഘടകങ്ങള്‍ ( ഉദാഹരണത്തിന് ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന കഫീന്‍) ഇതേ പോലെ പ്രവര്‍ത്തിക്കും. ഓര്‍ക്കുക, പാമ്പുകടിയേറ്റ പിരിമുറുക്കം കുറക്കാന്‍ ഉപയോഗിക്കേണ്ട വസ്തുക്കളല്ല ഇവയൊന്നും. നേരം കളയാതെ ചികിത്സ നേടുക എന്നതാണ് ഏറ്റവും അത്യാവശ്യം.
ഏതെങ്കിലും തരത്തിലുള്ള മരുന്നുകളോ ഇലകളോ വച്ചുകെട്ടാനോ കഴിക്കാനോ പാടില്ല. മുറിവ് എത്രയും പെട്ടെന്ന് വൈദ്യശ്രദ്ധയില്‍ പെടാനുള്ള വഴി നോക്കുകയാണു വേണ്ടത്. വിഷം തീണ്ടിയ മുറിവില്‍ അണുബാധക്കുള്ള സാധ്യത കൂടിയുണ്ടാക്കുന്ന സ്ഥിതി ഉണ്ടാകരുത്. മാത്രമല്ല, കടിയേറ്റ ഭാഗത്ത് മുറിവുണ്ടാക്കി രക്തം ഒഴുക്കിക്കളയാൻ ശ്രമിക്കരുത്. രക്തത്തെ ബാധിക്കുന്ന വിഷമുള്ള പാമ്പുകടി എൽക്കുന്നത് രക്തം കട്ട പിടിക്കാനുള്ള ശേഷി നഷ്ടപ്പെടുത്തും. ഭീമമായ രക്തനഷ്ടമായിരിക്കും ഫലം.
മുറിവിൽ നിന്നും രക്തം വായ കൊണ്ട് വലിച്ചെടുത്ത് തുപ്പിക്കളയാൻ ശ്രമിക്കരുത്. വിഷം വലിച്ചെടുക്കുന്ന വ്യക്തിക്ക് വിഷബാധ ഏല്‍ക്കാം.
മുറിവിൽ ഐസ് ഉപയോഗിക്കാൻ പാടില്ല/ തീ കൊണ്ട് പൊള്ളലേല്‍പ്പിക്കാന്‍ പാടില്ല. ഇവയൊന്നും തന്നെ വിഷബാധയെ തടയില്ല. ദോഷഫലം മാത്രമേ ഉണ്ടാക്കുകയുള്ളൂ.
*ചികിത്സ *
പാമ്പ്കടിയുടെ ചികിത്സ പ്രധാനമായും ASV തന്നെയാണ്. വിഷാംശം ശരീരത്തില്‍ ഉണ്ടോ എന്നുറപ്പ് വരുത്താനും ASV ഉപയോഗിക്കേണ്ടതുണ്ടോ എന്നറിയുന്നതിനുമായി ചികിത്സക്ക് മുന്നോടിയായി ചില പരിശോധനകള്‍ നടത്തും. ശരീരത്തില്‍ നിന്ന് പുറത്തെടുത്ത 10 മില്ലിലിറ്റര്‍ രക്തം ഒരു ഗ്ലാസ് ടെസ്റ്റ് ട്യൂബില്‍ വെച്ച് അത് കട്ട പിടിക്കുന്നത് നിരീക്ഷിക്കുന്നത് വളരെ പ്രധാനപ്പെട്ട ഒരു പരിശോധനയാണ്. രക്തം കട്ട പിടിക്കാനുള്ള ശേഷി നഷ്ടപ്പെടുന്നത് അപകടകരമാണ്. കൂടാതെ മൂത്രത്തില്‍ രക്തത്തിന്റെ അംശം, വൃക്കയുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന RFT തുടങ്ങി രോഗിയുടെ ലക്ഷണങ്ങള്‍ അനുസരിച്ച് വ്യത്യസ്ത പരിശോധനകള്‍ ചെയ്യും. കണ്‍പോള ഭാരം തൂങ്ങി അടഞ്ഞു പോകുക (Ptosis) തുടങ്ങിയവ കടിച്ച പാമ്പിനെ തിരിച്ചറിയാന്‍ പോലും ഉതകുന്ന ലക്ഷണമാണ്. അണലി വിഷബാധയ്ക്ക് ചിലപ്പോള്‍ ഡയാലിസിസ് വേണ്ടി വന്നേക്കാം. കൃത്യസമയത്ത് ചികിത്സ നേടുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനം.
*പാമ്പുകടി – അന്ധവിശ്വാസങ്ങള്‍ *
- പാമ്പുകടിച്ചാല്‍ ഉറങ്ങാന്‍ പാടില്ല – യാതൊരു ശാസ്ത്രീയ അടിസ്ഥാനവും ഇതിനില്ല. പാമ്പുകടിയേറ്റ കുഞ്ഞിനെ ഉറങ്ങാന്‍ അനുവദിക്കാതെ വഴക്ക് പറഞ്ഞും ഭീതിപ്പെടുത്തിയും കരയിച്ചും കൊണ്ട് വരുന്നത് വിപരീതഫലം ചെയ്യും.
- മുറിവിനു മീതെ മുറുകെ കെട്ടിയാല്‍ രക്തം ശരീരത്തില്‍ കലരില്ല – കൈയിലോ കാലിലോ ആണ് കടിയേറ്റതെങ്കില്‍, ആ ഭാഗത്തേക്കുള്ള രക്തയോട്ടം നിലച്ചു ആ ഭാഗം ഉപയോഗശൂന്യമാകാന്‍ പോലും സാധ്യത.
- കടിച്ച പാമ്പിനെ കൊണ്ട് രണ്ടാമത് കടിച്ചാല്‍ വിഷമിറങ്ങും – കുറച്ചു കൂടി വിഷം ശരീരത്തില്‍ കയറിയേക്കാം, ചികിത്സ വൈകാം. അപകടകരമായ പ്രവര്‍ത്തി.
- പാമ്പിനെ നോവിച്ചു വിട്ടാല്‍ പാമ്പ് തിരിച്ചു വന്നു കടിക്കും – പാമ്പിനു ഇത്തരം ഒരു പ്രത്യേകതയുമില്ല. ഓര്‍മ്മശക്തിയോ ദിവ്യശക്തിയോ ഇല്ല. അതിന്റെ ജീവനെ അപായപ്പെടുത്തും/ ഇരയാണ് എന്ന് തെറ്റിദ്ധാരണ തോന്നുക എന്നീ അവസരങ്ങളില്‍ അല്ലാതെ പാമ്പ് കടിക്കുക പോലുമില്ല.
- നീര്‍ക്കോലി കടിച്ചാല്‍ അത്താഴം മുടക്കണം – വിഷമില്ലാത്ത പാമ്പാണ് നീര്‍ക്കോലി. നീര്‍ക്കോലി കടിക്കുന്നതിന് ഭക്ഷണം ഒഴിവാക്കുന്നതിന് യാതൊരു അടിസ്ഥാനവുമില്ല.
ഡോക്ടര്‍മാരുടെ ശ്രദ്ധക്ക്: പലപ്പോഴും അത്യാഹിത വിഭാഗത്തിലേക്ക് രോഗികളെ കൊണ്ടുവരുന്നതിനൊപ്പം കടിച്ച പാമ്പിനെ ജീവനോടെയോ അല്ലാതെയോ കൊണ്ടുവരാറുണ്ട്. പാമ്പുകളെ തിരിച്ചറിയുന്നതും ചികിത്സയുമായും ബന്ധമൊന്നുമില്ലെങ്കിലും അവയെ വിഷമുള്ളതാണോ ഇല്ലാത്തതാണോ എന്ന് തിരിച്ചറിഞ്ഞാൽ ഉപകാരപ്രദമായിരിക്കും, ഡോക്ടർക്കും കൂടെ വന്നവർക്കും. ഇതിനായി പാമ്പുകളെ തിരിച്ചറിയുന്നതിൽ വിദഗ്ദ്ധരായ പത്ത് പേരുൾപ്പെട്ട ഒരു വാട്ട്സാപ്പ് ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്യുന്ന ഡോക്ടർമാരെ മാത്രമേ പ്രസ്തുത ഗ്രൂപ്പിൽ ഉൾപ്പെടുത്തുകയുള്ളൂ . പ്രസ്തുത ഗ്രൂപ്പിൽ അംഗമാവാനാഗ്രഹിക്കുന്ന ഡോക്ടർമാർ ഈ പോസ്റ്റിൽ കമന്റ് ചെയ്യുകയോ 9446092314 എന്ന നമ്പരിലേക്ക് വാട്ട്സാപ്പ് സന്ദേശം അയക്കുകയോ ചെയ്യുക. Dr. Purushothaman K. K, ഡോ. ജോബി പോൾ, ഡോ. ജിനേഷ് പി എസ്, ഡോ. ദീപു സദാശിവൻ എന്നിവരോടൊപ്പം ശ്രീ. Sandeep Das, ശ്രീ. David Raju, ശ്രീ. ഉമേഷ് പാവുക്കണ്ടി, ശ്രീ. Jose Louies, ശ്രീ. Rajkumar KP തുടങ്ങിയവർ ചേർന്നാണ് ഗ്രൂപ്പ് നിയന്ത്രിക്കുന്നത്.