· 5 മിനിറ്റ് വായന

വടിയെടുക്കും മുൻപേ…

Current AffairsToxicologyആരോഗ്യ അവബോധംസുരക്ഷ

”ചത്ത പാമ്പ്” കടിച്ച് ആൾ മരിക്കുമോ?

പാടത്ത് പണി കഴിഞ്ഞു വരും വഴി മുന്നിൽ നെടുങ്ങനെ ഒരു പാമ്പ്. താമസം വിനാ കയ്യിലിരുന്ന കൈക്കോട്ട് സർവ്വ ശക്തിയിൽ ആഞ്ഞു പതിച്ചു.

പാമ്പിന്റെ തല ഭാഗവും ഉടലും 2 തുണ്ടം, കുറച്ച് നേരം പിടച്ചതിന് ശേഷം നിർജ്ജീവമായ പാമ്പിനെ, പാമ്പിൻ കഷ്ണങ്ങളെ ഓരത്തേക്ക് നീക്കിയിട്ടിട്ട് ധൃതിയിൽ വീട്ടിലേക്ക് നടന്നു അയാൾ.

ഏകദേശം അര മണിക്കൂറിന് ശേഷം അതുവഴി വന്ന മറ്റൊരു കൃഷിക്കാരനെ പാമ്പു കടിച്ചു എന്ന് കേട്ട് ഓടിക്കൂടിയവർ നോക്കുമ്പോൾ 2 ഭാഗങ്ങളായി കിടക്കുന്ന ചത്ത പാമ്പല്ലാതെ മറ്റൊന്നും പരിസരത്തില്ല ! ആളെ ദ്രുതഗതിയിൽ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും പോവും വഴി തന്നെ ആൾ മരണപ്പെട്ടു.

ഇതെങ്ങനെ സംഭവ്യമാവും? ഇതിന് ശാസ്ത്രീയ വിശദീകരണമുണ്ടോ അതോ വെറും കെട്ടുകഥയോ?

കുറിപ്പിനൊടുക്കം അത് വിശദീകരിക്കാം. അതിന് മുൻപ് പാമ്പ് കടി എങ്ങനെ ഒഴിവാക്കാം എന്നത് പ്രതിപാദിക്കാം.

*ഇനി പറയാൻ പോവുന്ന കാര്യങ്ങൾ കുട്ടികളെക്കൂടി പറഞ്ഞ് മനസ്സിലാക്കി, അവബോധമുള്ളവരാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

1) പാമ്പ് കടി ഒഴിവാക്കാൻ വീടും പരിസരവും സൂക്ഷിക്കേണ്ടതെങ്ങനെ?

പാമ്പുകൾ ഭക്ഷണലഭ്യതയ്ക്കും, അവയുടെ വാസത്തിനുതകുന്ന സൗകര്യങ്ങൾക്കുമനുസരിച്ചായിരിക്കും ഒരു സ്ഥലത്ത് തങ്ങുക. അത് കൊണ്ട് തന്നെ പാമ്പുകളെ ആകർഷിക്കുന്ന രീതിയിൽ വീടും പരിസരവും നില നിർത്താതിരിക്കുക എന്നതാണ് പാമ്പ് കടിയേൽക്കാതിരിക്കാൻ ഒരു പ്രതിരോധ മാർഗ്ഗം.

A, ഇതിനായി വീടിന്റെ പരിസര പ്രദേശങ്ങളിൽ ശ്രദ്ധിക്കേണ്ടവ !

a, ഭക്ഷണ സാധനങ്ങളും മറ്റു അവശിഷ്ടങ്ങളും, ശരിയായി നിർമ്മാർജ്ജനം ചെയ്യുക. വീടിനടുത്ത് അവ കുന്നുകൂടി ഇടാതിരിക്കുക. ഇവ ഭക്ഷിക്കാനെത്തുന്ന എലികളെയും ചെറു ജീവികളെയും തേടി പാമ്പുകളും എത്തും.

b, ചകിരി, പലക, വിറക്, കല്ല്‌ എന്നിവ വീടിന് ചുറ്റും കുന്നുകൂടാന്‍ അനുവദിക്കരുത്, ഇവ പാമ്പിന്റെ ഇഷ്ട വാസസ്ഥലങ്ങള്‍ ആണ്. പുതിയ വീട് പണി കഴിഞ്ഞാല്‍ rubbles, waste തുടങ്ങിയവ ഉടന്‍ തന്നെ നീക്കം ചെയ്യുക.

c, പരിസരം സ്ഥിരമായി വൃത്തിയാക്കുക, പുല്ലുകള്‍, കുറ്റിച്ചെടികള്‍ എന്നിവ അധികം വളരാതെ നോക്കുക.

d, ചെറുകുളങ്ങൾ ആകർഷണീയമാണെങ്കിലും അവയിലെ മീനുകളും, കുടിയേറുന്ന തവളകളും, ഒച്ചുകളും പാമ്പുകളെ ആകർഷിക്കാറുണ്ട്.

e, പറമ്പിലും മറ്റുമുള്ള മാളങ്ങള്‍ മണ്ണിട്ട്‌ മൂടുക.

f, വളർത്ത് മൃഗങ്ങൾക്ക് തീറ്റി കൊടുത്തു കഴിഞ്ഞാൽ ബാക്കിയുള്ളവ നീക്കം ചെയ്യുക. കോഴിക്കൂടും മറ്റും നെറ്റ് കൊണ്ട് കവർ ചെയ്യുക.

g, എലികളെ ഒഴിവാക്കാനുള്ള മാർഗ്ഗങ്ങൾ ഉപയോഗിച്ചാല്‍ പാമ്പുകളുടെ സാന്നിധ്യവും കുറയ്ക്കാം.

h, മരത്തിന്‍റെ ശാഖകള്‍ വളഞ്ഞു വീട്ടിലേക്കു ചേർന്നു നില്‍ക്കുന്നതും, ചെടികള്‍, പച്ചക്കറികള്‍ തുടങ്ങിയവ കയറുവഴി വീടിന്റെ ഭിത്തിയിലേക്കും ടെറസ്സിലേക്കും കടത്തിവിടുന്നതും നന്നല്ല, ഇതുവഴി പാമ്പ് വീടിനുള്ളില്‍ കടക്കാൻ സാധ്യത ഉണ്ട്.

i, വീട്ടു മുറ്റത്തും പരിസരപ്രദേശങ്ങളിലും കരിയില കൂടി കിടക്കുന്നത് ഒഴിവാക്കുക. അതിനിടയിൽ പാമ്പുകൾ കിടന്നാൽ തിരിച്ചറിയാൻ സാധ്യത കുറവാണ്.

B, പാമ്പ് വീടിനുള്ളിലേക്ക് പ്രവേശിക്കാതിരിക്കാൻ വീടിന്റെ നിർമ്മിതിയിൽ ശ്രദ്ധിക്കേണ്ടവ.

i, വീടിന്റെ വിവിധഭാഗങ്ങളിൽ (ഭിത്തിയിലും അസ്ഥിവാരത്തിലുമൊക്കെ) വിള്ളലുകളുണ്ടോ എന്ന് പരിശോധിക്കുക. കണ്ടെത്തിയാൽ അവ പാമ്പ് കടക്കാത്ത വിധം അടയ്ക്കുക.
ഉദാ:
• വീടിന്റെ വെളിയിലേക്ക് പോകുന്ന ഡ്രയിനേജ് പൈപ്പിന്റെ അറ്റത്ത്‌ ലോഹ വല ഇട്ടാൽ ഇത് വഴി പാമ്പു വീട്ടിലെത്തുന്നത് തടയാന്‍ കഴിയും.
• മുറ്റത്ത്‌ ടൈൽസിന്‍റെ ഇടയില്‍ ഗാപ്‌ ഇല്ല എന്ന് ഉറപ്പുവരുത്തുക.
• വീടുകളില്‍ വാതിലിനും കട്ടിളയ്ക്കും ഇടയില്‍ വിടവ് ഇല്ല എന്ന് ഉറപ്പാക്കുക. വിടവ് ഉണ്ടെങ്കില്‍ റബ്ബർ ലൈനിംഗ് ചെയ്യേണ്ടതാണ്.
• തുറന്ന് കിടക്കുന്ന ചെറു ജനാലകളിലും മറ്റും നെറ്റ് ഇടുന്നത് ഉചിതമാവും.

ii, ഇന്ത്യയിലെ പല വീടുകളിലും കക്കൂസ് / കുളിമുറിയിൽ നിന്ന് വെള്ളം പലപ്പോഴും അടുത്ത പറമ്പിലേക്കോ വീടിനു വെളിയിലേക്കോ പൈപ്പ് വഴി കളയുന്ന ഒരു ശീലം ഉണ്ട്. ഇത് വഴി പാമ്പ് മുറിക്കുള്ളിൽ കടക്കാനിടയുണ്ട്. ഇങ്ങനെയുള്ള വെള്ളം അതിനായി പ്രത്യേകമായി ഉണ്ടാക്കിയ ടാങ്ക്/സെപ്റ്റിക്ക് ടാങ്കിലേക്ക് കളയാൻ സൗകര്യം ഉണ്ടാക്കണം.

iii, ഇന്ത്യയിലെ പല വീടുകളിലും കക്കൂസുകള്‍ വീടിനു വെളിയില്‍ ആണ്. ഇതില്‍ പലതിലും ലൈറ്റിന്റെ സ്വിച്ച് ഉള്ളില്‍ ആയിരിക്കും. ഉപയോഗിക്കേണ്ടവര്‍ അകത്തു കയറിയതിനു ശേഷം മാത്രമേ ലൈറ്റിടാന്‍ പറ്റൂ. ഇങ്ങനെയുള്ള അവസരങ്ങളില്‍ പാമ്പ് കടിയേല്‍ക്കുവാന്‍ സാധ്യതയുണ്ട്. സ്വിച്ച് വെളിയില്‍ ആയിരിക്കണം, സ്വിച്ച് ഇട്ട് അകത്തു ഒന്നും ഇല്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ അകത്തു കടക്കാവൂ.

iv, ഷൂവിനുള്ളിൽ പാമ്പ് കയറിയിരിക്കാനുള്ള സാധ്യതയുള്ളതിനാൽ ഷൂ വീടിനു വെളിയില്‍ വയ്ക്കുന്നത് ഒഴിവാക്കുന്നതാണ് നന്ന്.

2) പാമ്പ് കടി പ്രതിരോധിക്കാനുള്ള വ്യക്തിഗത മാർഗ്ഗങ്ങൾ !

a, നമ്മുടെ ദൃഷ്ടി എത്താത്തയിടങ്ങളിൽ കയ്യോ കാലോ കടത്താതെയിരിക്കുക.
മരത്തിന്റെ പൊത്തിലും, മാളങ്ങളിലും, പൊന്തക്കാട്ടിലും, കല്ലുകൾക്കിടയിലുമൊക്കെ പാമ്പുകൾ പതിയിരിക്കാനിടയുണ്ട്. കളിക്കുന്നതിനിടയിൽ കുട്ടികൾ പന്ത് അന്വേഷിച്ചും മറ്റും ഇത്തരം പ്രവർത്തി ചെയ്യാനിടയുണ്ട്. അവരെ പറഞ്ഞ് മനസ്സിലാക്കി വിലക്കുക.

b, രാത്രി ആയാലും പകലായാലും നിലത്ത് വഴി ശ്രദ്ധിച്ച് മാത്രം നടക്കുക. രാത്രി നടക്കുമ്പോള്‍ വെളിച്ചമുള്ളയിടം തിരഞ്ഞെടുക്കുക അല്ലെങ്കിൽ ടോര്‍ച്ച് അവശ്യം ഉപയോഗിക്കുക.

c, രാത്രികാലങ്ങളില്‍ വെളിയില്‍ സഞ്ചരിക്കുമ്പോള്‍ ലെതർ പോലെ കട്ടിയുള്ള വസ്തുക്കൾ കൊണ്ടുള്ള ഷൂ ധരിക്കുക, പ്രത്യേകിച്ചും പാമ്പുകളുടെ സാന്നിധ്യം കൂടുതലുള്ള സ്ഥലങ്ങളില്‍.

d, ഇറുകിയ വസ്ത്രത്തെക്കാൾ നീളമുള്ള അയഞ്ഞ പാന്റുകള്‍ ധരിക്കാൻ ശ്രദ്ധിക്കുക, ഇവ പാമ്പിന്റെ കടി ത്വക്കിൽ ഏൽക്കാനുള്ള സാധ്യത താരതമ്യേന കുറയ്ക്കുന്നു.

e, പുല്ലും കുറ്റിചെടികളും ഉള്ള വഴികളില്‍ ഒരു വടി മുന്നില്‍ കുത്തി നടക്കുന്നത് നന്നാവും, ഇത് മൂലം ഭൂമിയിലുണ്ടാവുന്ന വൈബ്രേഷൻ പാമ്പുകളെ അകന്നുപോകാൻ പ്രേരിപ്പിക്കും. രാത്രിയില്‍ നടക്കുമ്പോള്‍ കഴിവതും ചെറു ചുവടുകൾ എടുത്തു നടക്കുക.

f, പുല്ല് വെട്ടിത്തെളിക്കൽ പോലുള്ള പരിസര ശുചീകരണം നടത്തുന്നവർ പാമ്പ് കടി പ്രതിരോധിക്കാനുതകുന്ന വേഷവിധാനങ്ങൾ ധരിക്കണം. മുട്ടു വരെ പൊക്കമുള്ള ബൂട്ട്സ്, റബർ കയ്യുറകൾ etc.

g, കഴിവതും നിലത്തു കിടന്ന് ഉറങ്ങാതിരിക്കുക.

h, ഷൂ ധരിക്കുന്നതിനു മുന്‍പ് അതിനുള്ളില്‍ ഒന്നും ഇല്ല എന്ന് ഉറപ്പു വരുത്തുക. ഉള്ളിൽ കൈയിട്ട് പരിശോധിക്കുന്നത് ഉചിതമാവില്ല എന്ന് പ്രത്യേകം പറയണ്ടതില്ലല്ലോ!

g, വെള്ളപ്പൊക്കത്തിന് ശേഷം വീട്ടിൽ തിരിച്ചു പ്രവേശിക്കുമ്പോൾ അതീവ ജാഗ്രത വേണം. വീടിനുള്ളിൽ പലയിടങ്ങളിലും പാമ്പ് അഭയം തേടിയിരിക്കാൻ സാധ്യതയുണ്ട്.

3, പാമ്പിനെ അരികിൽ കണ്ടാൽ എന്തൊക്കെ വേണം കരുതൽ?

i, പ്രത്യേക പരിശീലനമില്ലാത്ത ഒരാൾ ഒരു കാരണവശാലും പാമ്പിനെ കൈകാര്യം ചെയ്യരുത്.

“ചത്ത പാമ്പിനെ ” കൈകാര്യം ചെയ്യുമ്പോഴും അതീവ ജാഗ്രത വേണം!!

കാരണം
a, ചിലപ്പോൾ പാമ്പ് ചത്തതാവണമെന്നില്ല.

b, കൂടാതെ തല അറുത്ത് മാറ്റപ്പെട്ട രണ്ട് കഷ്ണമായി ഒരു പക്ഷേ അനങ്ങാതെ പോലും കിടക്കുന്ന പാമ്പിന് പോലും ഏകദേശം ഒരു മണിക്കൂറോളം വരെ കടിക്കുവാനും വിഷ ബാധയേൽപ്പിക്കാനും ഉള്ള കഴിവുണ്ട്. തല മാത്രം വേർപ്പെട്ടു കിടക്കുന്ന പാമ്പിനും കടിക്കാൻ സാധിക്കും. ജീവനുള്ള പാമ്പ് കടിക്കുന്നതിനേക്കാൾ ഗുരുതരം ആകാനുള്ള സാധ്യത പോലും ഉണ്ട്.

c, ഇങ്ങനെയുള്ള പാമ്പിന്റെ കടിയേൽക്കാനും അവ മാരകമാവാനും സാധ്യതയുണ്ട്. ശരീര ഭാഗം മുറിഞ്ഞ് മാറിയ പാമ്പ് ആ വേദനയിലും മറ്റും അതി ശക്തിയായി വിഷം ശരീരത്തിൽ പ്രയോഗിക്കാൻ സാധ്യതയുണ്ട് എന്നതാണ് കാരണം.

ii, പാമ്പിനെ വെച്ചു കൊണ്ടുള്ള പ്രകടനങ്ങൾ ഒഴിവാക്കണം.

നമ്മുടെ നാട്ടിലെ പാമ്പുകൾ പൊതുവിൽ മനുഷ്യരിൽ നിന്ന് അകന്ന് കഴിയാൻ ശ്രമിക്കുന്ന ജീവികളാണ്. ചവിട്ടുമ്പോഴോ, ഉപദ്രവിക്കുമ്പോഴോ, ഇരയാണെന്ന് തെറ്റിദ്ധരിക്കുമ്പോഴോ ഒക്കെയാണ് സാധാരണ ഗതിയിൽ പാമ്പ് കടിക്കുക.

പാമ്പുകളെ മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെയും അശാസ്ത്രീയമായും പിടിക്കുന്നതും, കയ്യിലെടുത്ത് പ്രദർശനം നടത്തുന്നതും അവയോട് ചെയ്യുന്ന ദ്രോഹമാണെന്ന് മാത്രമല്ല, ചെയ്യുന്നയാളെയും ചുറ്റിനുള്ള വരെയും പാമ്പ് കടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

വിഷമില്ലാത്ത പാമ്പെന്ന് തെറ്റിദ്ധരിച്ച് പ്രകടനപരത കാണിച്ചവരെ പാമ്പ് കടിച്ച് മരിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

4, മറ്റ് പ്രത്യേക സാഹചര്യങ്ങൾ

a, ബൈക്കിലോ കാറിലോ യാത്ര ചെയ്യുമ്പോള്‍ റോഡില്‍ കാണുന്ന പാമ്പിന്റെ ശരീരത്തിലേയ്ക്ക് വാഹനം കയറ്റുക എന്നത് ചിലരുടെയെങ്കിലും ശീലമാണ്. ഇത് ഒരു കാരണവശാലും ചെയ്യാന്‍ പാടില്ല. കാരണം മുറിവേറ്റ പാമ്പ് ഉടന്‍ ചാകണമെന്നില്ല. അത് മറ്റ് വഴിയാത്രക്കാരെ കടിക്കാന്‍ സാധ്യത ഉണ്ട്. മാത്രമല്ല ചിലപ്പോള്‍ ടയറിന്‍റെ ഇടയിലോ റിമ്മിലോ ഇരിക്കാനും വാഹനം ഓടിച്ച ആളെ കടിക്കാനും സാധ്യതയുണ്ട്. ഇങ്ങനെയുള്ള കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്.

b, ട്രെക്കിങ്ങിനും മറ്റും പോകുന്നവർ മേൽപ്പറഞ്ഞ കാര്യങ്ങൾ പാലിക്കുകയും സുരക്ഷിത പാതയിലൂടെ സഞ്ചരിക്കുകയും വേണം. ടെന്റ് കെട്ടി താമസിക്കുന്നവര്‍ സാധാരണയായി ടെന്റിന്‍റെ ചുറ്റിലും വെള്ളം ഒഴിക്കാറുണ്ട്. ഇത് ചെറിയ ജീവികളെ വിളിച്ചു വരുത്താനിടയുണ്ട് അവയെ പിൻതുടർന്ന് പാമ്പുകളും. താഴ്ന്ന് നിൽക്കുന്ന മരച്ചില്ലകളിലും ഉരഗങ്ങളുണ്ടാവാൻ സാദ്ധ്യതയുണ്ടെന്നത് ഓർമ്മയുണ്ടാവണം.

c, തെളിച്ചമില്ലാത്ത വെള്ളത്തിൽ നീന്തുന്നത് ഒഴിവാക്കുന്നത് നന്നാവും.

ആദ്യം പറഞ്ഞ “കഥയിലേക്ക്” വരാം, അത്തരം സംഭവങ്ങൾ കൽപ്പിത കഥയല്ല ലോകത്തിന്റെ പല ഭാഗങ്ങളിൽ പുനരാവർത്തിച്ചിട്ടുള്ള സംഭവ കഥകളാണ്. സമാന സംഭവങ്ങൾ പ്രതിപാദിക്കുന്ന ശാസ്ത്രലേഖനത്തിന്റെ ലിങ്ക് കമന്റിലിടാം.

രണ്ട് കഷ്ണമാക്കപ്പെട്ടാലും ഒരു മണിക്കൂറോളം ജീവിച്ചിരിക്കുന്നതെങ്ങനെ സാധ്യമായെന്ന് ലളിതമായി വിശദീകരിക്കാൻ ശ്രമിക്കാം. സസ്തനികളെപ്പോലുള്ള ഉഷ്ണരക്ത ജീവികളിൽ നിന്ന് വിഭിന്നമായി ശീതരക്തമുള്ള പാമ്പിന് ശരീരോഷ്മാവ് നിലനിർത്തുന്നതിനായി അധികം ഊർജ്ജം വേണ്ടി വരുന്നില്ല എന്നതിനാലും ഉരഗങ്ങളിലെ ഉപാപചയ നിരക്ക് താരതമ്യേന കുറവാണ് എന്നതിനാലും കുറച്ച് സമയം കൂടി അവയിൽ ജീവൻ നില നിന്നേക്കാം.

പാമ്പുകളിൽ നിന്ന് സുരക്ഷ തേടുന്നതോടൊപ്പം ഭൂമിയുടെ അവകാശികളായ അവരെയും സ്വൈരമായി ജീവിക്കാനനുവദിക്കുക.

പാമ്പിനെ വീട്ടിലോ പരിസരത്തോ കണ്ടാൽ അവയെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യാൻ സർക്കാർ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുകയാണ് ഉചിത നടപടി.

വനം വകുപ്പിന്റെ ടോൾ ഫ്രീ നമ്പരായ 1800 425 4733 ൽ വിളിക്കുക. പാമ്പ് കടിയേറ്റാൽ അതിന്റെ ചികിത്സാ സംബന്ധമായി വനം വകുപ്പ് നഷ്ടപരിഹാരം നൽകുകയും ചെയ്യും എന്നാണറിവ്.

ലേഖകർ
Dr. Deepu Sadasivan. Obtained a medical degree from Kottayam Medical College. Currently working in Kerala State health services department. Articles related to Medical science have been published in periodicals and newspapers.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ