· 6 മിനിറ്റ് വായന

സ്നേക്പീഡിയ

മറ്റുള്ളവ
കേരളത്തിൽ കാണപ്പെടുന്ന പാമ്പുകളെക്കുറിച്ചുള്ള ആധികാരിക വിവരങ്ങൾ മലയാളത്തിൽ പ്രദാനം ചെയ്യുന്ന ഒരു പുതിയ മൊബൈൽ ആപ്ലിക്കേഷൻ പൊതു സമക്ഷം എത്തുകയാണ്. ഒരു കൂട്ടം സുമനസ്സുകളുടെ പ്രയത്നഫലമായിട്ട് പുറത്തിറങ്ങുന്ന “സ്നേക്പീഡിയ” എന്ന ഈ ആൻഡ്രോയ്ഡ് ആപ്പിനെ പരിചയപ്പെടുത്തുകയാണ് ഇവിടെ. ഈ സംരംഭത്തിൽ ഇൻഫോ ക്ലിനിക്ക് അംഗങ്ങൾ കൂടി ഭാഗഭാക്കായിരുന്നു എന്ന് ചാരിതാർത്ഥ്യത്തോടെ പറഞ്ഞു കൊള്ളട്ടെ.
കോടിക്കണക്കിന് വർഷങ്ങളായി ഭൂമിയിൽ അധിവസിക്കുന്ന ജീവികളാണ് പാമ്പുകൾ. ഒരുപക്ഷേ മനുഷ്യർ ഏറ്റവും ഭയപ്പെടുന്ന ജീവിയും ഇതുതന്നെയായിരിക്കും. നമ്മുടെ പുരാണങ്ങളിലും മിത്തുകളിലും പോലും പാമ്പ് ഒരു വില്ലനായിരുന്നു. ഏദൻ തോട്ടത്തിൽ നിന്നു മനുഷ്യനെ പുറത്താക്കിയ, പരീക്ഷിത്തിനെ ദംശിച്ചുകൊന്ന ഭീകരൻ. ജീവനെടുക്കാൻ കെൽപ്പുള്ള സർപ്പത്തിനെ നമ്മുടെ നാട്ടിൽ ഭയത്തോടെ ആരാധിക്കുകയും ചെയ്തുപോന്നു. പാമ്പുകടിയേറ്റുള്ള മരണത്തിന്റെ അനിശ്ചിതാവസ്ഥയെ മാനസികമായി നേരിടാൻ വിഷഹാരികളും മന്ത്രങ്ങളും മറ്റുമുണ്ടായി.
എന്നാൽ ഇന്നു നമ്മെ സംബന്ധിച്ചിടത്തോളം ഉരഗവർഗ്ഗത്തിൽ പെട്ട ഒരു ജീവി മാത്രമാണ് പാമ്പ്. അവയിൽത്തന്നെ വിഷമുള്ളവയും ഇല്ലാത്തവയുമുണ്ട്. പാമ്പുവിഷബാധയ്ക്ക് ചികിത്സയുമുണ്ട്. ഈ നേട്ടങ്ങളെല്ലാം നമുക്കു കിട്ടിയത് പാമ്പുകളെപ്പറ്റിയുള്ള ശാസ്ത്രീയമായ പഠനങ്ങളിൽ നിന്നാണ്.
പാമ്പുകളെപ്പറ്റിയുള്ള ശാസ്ത്രീയമായ വിജ്ഞാനം നേടുക എന്നത് ഏറെ പ്രധാനമാണ്. പലപ്പോഴും ഈ അറിവിന് ജീവന്റെ വിലതന്നെയുണ്ടാകും.
l. എന്തു കൊണ്ട് സ്നേക്പീഡിയ എന്ന ഈ മൊബൈൽ ആപ്ലിക്കേഷൻ ?
കേരളത്തിലുള്ള വിവിധതരം പാമ്പുകളേയും, അവയെ കാണാൻ സാദ്ധ്യതയുള്ള ചുറ്റുപാടുകളേയും, അവയുടെ സ്വഭാവത്തേയുമൊക്കെ അറിയാൻ നമ്മളെ സഹായിക്കുന്ന ഒരു മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചെടുക്കുന്നതിലൂടെ,
വിജ്ഞാനം ഏവർക്കും വിരൽത്തുമ്പരികെ എത്തിക്കുക എന്ന ഉദ്ദേശമാണ് ലക്ഷ്യത്തിലെത്തുന്നത്. സ്നേക്പീഡിയ എന്ന ഈ ആപ്പ് പാമ്പുകളെ സംബന്ധിച്ച സമഗ്ര ശാസ്ത്രീയ വിജ്ഞാനം സ്മാർട്ട് ഫോൺ പോലുള്ള ഉപകരണങ്ങൾ മുഖേന ഏവർക്കും എളുപ്പം പ്രാപ്യമാക്കുന്നു.
കേരളത്തിലെ ആശുപത്രികളിൽ അത്യാഹിത വിഭാഗങ്ങളിൽ ജോലിചെയ്യുന്ന ഡോക്ടർമാരെ പാമ്പുകളെ തിരിച്ചറിയുന്നതിന് സഹായിക്കാനായി അവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വാട്സാപ്പ് ഗ്രൂപ്പുകൾ ഇൻഫോക്ലിനിക്കിന്റെയും പാമ്പുകളിൽ ഗവേഷണം നടത്തുന്നവരുടെയും ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്നുണ്ട്. കടിയേറ്റ രോഗിയോടൊപ്പം കടിച്ച പാമ്പുകളെ കൂടി ആശുപത്രിയിൽ കൊണ്ടു വരുന്ന ശീലം നമുക്കിടയിലുണ്ട്. അത്യാവശ്യമുള്ള കാര്യമല്ല എങ്കിൽ പോലും, കടിച്ച പാമ്പിനെ തിരിച്ചറിഞ്ഞാൽ, ചികിത്സിക്കുന്ന ഡോക്ടർക്ക് അതൊരു ഉപകാരമാണ്.
പാമ്പുകളെ തിരിച്ചറിയുക എന്നതിലുപരി അക്കാദമിക തലത്തിലുള്ള പല ചർച്ചകളും പ്രസ്തുത ഗ്രൂപ്പുകളിൽ നടക്കുന്നുണ്ട്. പാമ്പിനെ തിരിച്ചറിയുന്ന വിഷയത്തിൽ പൊതുസമൂഹത്തിന് കൂടി പ്രയോജനകരമായ ഒരു വഴി എങ്ങനെ കണ്ടുപിടിക്കാം എന്ന ചോദ്യത്തിന് ഫലമാണ് Snakepedia എന്ന ഈ ആൻഡ്രോയ്ഡ് മൊബൈൽ അപ്ലിക്കേഷൻ. ഈ ആപ്പിൽ ഒരു കൂട്ടം ശാസ്ത്രകുതുകികളോടും പ്രകൃതിസ്നേഹികളോടുമൊപ്പം ഇൻഫോ ക്ലിനിക് കൂടി പങ്കാളികളാവുകയാണ്.
ലോകത്തിലാകെ മൂവായിരത്തി അറുനൂറോളം ഇനം പാമ്പുകളുണ്ട്. അതിൽ മുന്നൂറിലധികം ഇനങ്ങൾ ഇന്ത്യയിലുണ്ട്. കേരളത്തിലാകട്ടെ പന്ത്രണ്ട് കുടുംബങ്ങളിലായി നൂറിലധികം ഇനം പാമ്പുകളാണുള്ളത്. കൈകാലുകളില്ലാത്ത, കുഴൽ പോലെ നീണ്ട, ശൽക്കാവൃതമായ ശരീരമുള്ള പാമ്പുകൾ കൈകാലുകളുള്ള പല്ലിവർഗ്ഗ ജീവികൾക്ക് പരിണാമം സംഭവിച്ച് രൂപപ്പെട്ടുവന്ന ഒരു പ്രത്യേക ജീവിവർഗ്ഗമാണ്. ആ ജീവിവർഗ്ഗത്തെ വിശദമായും കഴിയുന്നത്ര കൃത്യമായും പരിചയപ്പെടുത്തുകയാണ് സ്നേക്പീഡിയ. കൂടെ പാമ്പുകളെ സംബന്ധിച്ച അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും അവസാനമുണ്ടാക്കാൻ ശ്രമിക്കുകയും.
II. സ്നേക്പീഡിയ എന്ന ആപ്പ് പ്രദാനം ചെയ്യുന്ന വിവിധങ്ങളായ അറിവുകളും സംവിധാനങ്ങളും എന്തൊക്കെ?
പാമ്പുകളെ സംബന്ധിച്ച സാധാരണ മൊബൈൽ ആപ്ലിക്കേഷനുകളില്ലാത്ത പല പുതിയ സൗകര്യങ്ങൾ ഉൾപ്പെടെ സമഗ്രമായ വിവരങ്ങൾ ഈ ആപ്പിൽ ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. അവ എന്തൊക്കെയെന്ന് ചുരുക്കി പറയാം.
A. പാമ്പുകളെക്കുറിച്ചുള്ള ശാസ്ത്രീയ അറിവുകൾ –
വിവിധ തരം പാമ്പുകളെ സംബന്ധിച്ച പ്രത്യേകതകൾ, ഇവയെ പരസ്പരം തിരിച്ചറിയാൻ ഉതകുന്ന വിവരങ്ങൾ, പാമ്പു കടിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടവ, പാമ്പുകടിച്ചാൽ ചെയ്യേണ്ടതും ചെയ്യരുതാത്തതും , പാമ്പ് കടിയുടെ ചികിത്സ, പാമ്പു വിഷബാധ സംബന്ധിച്ച തെറ്റിദ്ധാരണകൾ എന്നിങ്ങനെ വിവിധ വിഷയങ്ങളിലുള്ള ആധികാരിക ശാസ്ത്രീയ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാവും വിധം ഈ ആപ്പിൽ അടക്കം ചെയ്തിരിക്കുന്നു.
ശബ്ദരേഖകൾ (Podcast)
വിവരങ്ങൾ കുറിപ്പുകളായി വായിക്കാം എന്ന് മാത്രമല്ല, വിവരണങ്ങൾ ഓഡിയോ ഫയലുകൾ പ്ലേ ചെയ്ത് കേൾക്കുകയും ചെയ്യാം.
B. പാമ്പ് രക്ഷകരുടെ (Snake Rescuers) വിവരങ്ങൾ:
ചുറ്റുപാടുകളിൽ പാമ്പുകളുടെ സാന്നിദ്ധ്യം അറിഞ്ഞാൽ, അവയെ തേടി കണ്ടെത്തി സുരക്ഷിതമായി നീക്കം ചെയ്യാൻ പരിശീലനം നേടിയവരുടെ വിവരങ്ങൾ (ജില്ലാ അടിസ്ഥാനത്തിൽ തരം തിരിച്ച്) .
C. പാമ്പു കടിയ്ക്കുള്ള ശാസ്ത്രീയ ചികിത്സ ലഭ്യമാവുന്ന ചികിത്സാ കേന്ദ്രങ്ങളുടെ ലിസ്റ്റ്.
III. സ്നേക്ക്പീഡിയ ആപ്പ് നിങ്ങൾക്ക് പ്രദാനം ചെയ്യുന്ന സൗകര്യങ്ങൾ ഏങ്ങനെ ഉപയോഗയുക്തമാക്കാം ?
a . തിരയാൻ (Search)
പാമ്പുകളെ അവയുടെ ഇംഗ്ളീഷ് പേരിന്റേയോ, മലയാളം പേരിന്റേയോ, ശാസ്ത്രനാമത്തിന്റേയോ ആദ്യത്തെ അക്ഷരങ്ങൾ ഉപയോഗിച്ച് ലളിതമായി കണ്ടുപിടിക്കാം. ഓരോ ഇനം പാമ്പിനെയും സംബന്ധിച്ച സമഗ്രമായ വിവരങ്ങൾ ചിത്രങ്ങളുടെ സഹായത്തോടെ വിവരിക്കുന്ന താളുകളിൽ എത്തിച്ചേരാം. ഒരു പാമ്പിൽ നിന്നും തൊട്ടടുത്തതിലേക്ക് പോകാൻ ഇടതുവശത്തേക്കോ വലതുവശത്തേക്കോ ഒന്ന് സ്വൈപ്പ് ചെയ്താൽ മാത്രം മതിയാകും. വിവരണങ്ങളുടെ ഇംഗ്ലീഷ് – മലയാളം ശബ്ദ രേഖകളും ഇവിടെ കേൾക്കാം.
i. അപകടകാരികളായ പാമ്പുകൾ (Dangerous)
നമ്മുടെ ആരോഗ്യത്തിന് ഭീഷണിയായേക്കാവുന്ന വിധത്തിൽ വിഷവീര്യമുള്ള പാമ്പുകളെ പരിചയപ്പെടുത്തുന്നു. ഈ ലിസ്റ്റ് ഇത്ര ചെറുതാണെന്നത് നിങ്ങളെ തീർച്ചയായും അത്ഭുതപ്പെടുത്തും.
ii. അപകടകാരികളല്ലാത്ത പാമ്പുകൾ (Harmless)
മനുഷ്യർക്ക് അപകടകരമല്ലാത്ത പാമ്പുകളെ ഇവിടെ പരിചയപ്പെടാം. തീരെ വിഷമില്ലാത്തവർ മുതൽ, മനുഷ്യരുടെ ആരോഗ്യത്തിന് ഒരു തരത്തിലും ഭീഷണിയാവാത്ത വിധത്തിൽ, വളരെ നേരിയ തോതിൽ മാത്രം വിഷമുള്ളവർ വരെ ഈ കൂട്ടത്തിലുണ്ട്.
iii. അപരന്മാർ (Lookalike)
ആകൃതി കൊണ്ടും അടയാളം കൊണ്ടുമൊക്കെ, വിഷമുള്ള പാമ്പുകളെ അനുകരിക്കുന്ന വിഷമില്ലാത്ത ധാരാളം പാമ്പുകൾ നമ്മുടെ നാട്ടിലുണ്ട്. വിഷപ്പാമ്പുകൾ ആണ് എന്ന തെറ്റിദ്ധാരണ മൂലം ഇവർ കൊല്ലപ്പെടുന്നു. അവരുടെ ജീവരക്ഷയ്ക്ക് വേണ്ടിയാണ് ഈ അനുകരണങ്ങൾ എങ്കിൽ പോലും ഇത് കാരണം നമ്മളിവയെ പെട്ടെന്ന് തെറ്റിദ്ധരിക്കുകയും ഭയപ്പെടുകയും ചെയ്യും. നേരെ തിരിച്ച്, ഇവയെപ്പോലെ തോന്നിക്കുന്ന വിഷപ്പാമ്പുകൾ കടിച്ചാലും, കടിച്ചത് വിഷമില്ലാത്ത അപരനാണെന്നു കരുതി അറിയാതെ കുഴപ്പങ്ങളിൽ ചെന്നു ചാടുകയും ചെയ്യും. ഇതുരണ്ടും നല്ലതല്ലാത്തത് കൊണ്ട് നമുക്കിവയെ കൃത്യമായി തിരിച്ചറിയേണ്ടത് വളരെ അത്യാവശ്യമാണ്. അതുകൊണ്ട് ഇവയെ പ്രത്യേകം ഒരു ഗ്രൂപ്പ് ആക്കുകയും അവയെ കൃത്യമായി തിരിച്ചറിയുന്നത് എങ്ങനെയാണെന്നുള്ള സചിത്രോദാഹരണങ്ങളും മറ്റുവിവരങ്ങളും വ്യക്തതയോടെയും കൃത്യതയോടെയും നൽകിയിരിക്കുന്നു. കൂടുതൽ വ്യക്തമായും കൃത്യമായും സൂം ചെയ്ത് കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
b. എളുപ്പത്തിൽ തിരിച്ചറിയാൻ (ID Tips)
ഓരോയിനം പാമ്പുകളേയും കൃത്യമായി തിരിച്ചറിയാനുള്ള അടയാളങ്ങളും സവിശേഷതകളുമൊക്കെ ഇൻഫോഗ്രാഫിക്സിന്റെ സഹായത്തോടെ ചിത്രീകരിച്ചിരിക്കുന്നു. അമിത സാങ്കേതിക വർണ്ണനകളും, ശൽക്ക വർണ്ണനകളും സാധിക്കുന്നടത്തോളം ഒഴിവാക്കി ആർക്കും മനസ്സിലാകുന്ന രീതിയിൽ ലളിതമായി ചിത്രങ്ങളുടെ സഹായത്തോടെ അവതരിപ്പിച്ചിരിക്കുന്ന ഭാഗമാണിത്. കൂടുതൽ വ്യക്തമായും കൃത്യമായും സൂം ചെയ്ത് കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
c. വിദഗ്ദ്ധരോട് ചോദിക്കാം (Ask expert)
നിങ്ങൾ കാണുന്ന പാമ്പിനെ തിരിച്ചറിയാൻ സാധിച്ചില്ലെങ്കിൽ പാമ്പുകളെപ്പറ്റി വിശദമായി അറിയാവുന്ന വിദഗ്ദരോട് നേരിട്ടു ചോദിക്കാം. മൂന്ന് ഫോട്ടോകൾ വരെ അയക്കാനുള്ള സൗകര്യമുപയോഗിച്ച്, സുരക്ഷിതമായ അകലത്തിൽ നിന്നു പാമ്പിനെ തിരിച്ചറിയാം. അയക്കുന്ന ചിത്രങ്ങൾ സ്നേക്പീഡിയ എക്സ്പേർട്ട് പാനൽ പരിശോധിക്കും. മൊബൈൽ ആപ്പിലെ ഈ മെനുവിലും നിങ്ങൾ തന്നിരിക്കുന്ന ഇമെയിൽ അഡ്രസ്സിലും മറുപടി ലഭിക്കും.
ഒരു കാര്യം പ്രത്യേകം ഓർക്കുക…
പാമ്പുകടിയേറ്റാൽ മറുപടിക്ക് കാത്തു നിൽക്കാതെ, എത്രയും പെട്ടെന്ന് സൗകര്യങ്ങളുള്ള ആശുപത്രിയിൽ തന്നെ ചികിത്സ തേടണം.
d. പ്രഥമശുശ്രൂഷ (First Aid)
പാമ്പുകടിയേറ്റാൽ ഭയപ്പെടാതിരിക്കാം. കടിയേറ്റവർക്കുള്ള പ്രഥമശുശ്രൂഷ ഇവിടെ വിവരിക്കുന്നു. ഇൻഫോ ക്ലിനിക് ടീമിലെ ഡോക്ടർമാർ തയ്യാറാക്കിയ ലേഖനം. പ്രഥമ ശുശ്രൂഷയുടെ പ്രാഥമിക പാഠങ്ങൾ നിങ്ങൾക്കും പഠിക്കാം. നൂറ് ശതമാനം ഉറപ്പോടെ പ്രഥമ ശുശ്രൂഷ പരിശീലിക്കാം.
e. വിഷചികിത്സാസൗകര്യമുള്ള ആശുപത്രികൾ (Hospitals)
പ്രഥമശുശ്രൂഷ കഴിഞ്ഞാൽ ഉടൻ ചെയ്യേണ്ട കാര്യം കടിയേറ്റ ആളിനെ, എത്രയും വേഗം ഏറ്റവും അടുത്ത ആധുനിക സൗകര്യങ്ങളുള്ള ആശുപത്രിയിൽ എത്തിക്കുക എന്നുള്ളതാണ്. പ്രതിവിഷ (ASV) ചികിത്സാ സൗകര്യങ്ങൾ ഉള്ള ആശുപത്രികളുടെ ലിസ്റ്റ് ജില്ലാ അടിസ്ഥാനത്തിൽ തരം തിരിച്ചിരിക്കുന്നു. നിങ്ങളുടെ ഏറ്റവും അടുത്തുള്ള ആശുപത്രികളുടെ ലിസ്റ്റും അങ്ങോട്ടുള്ള ഗൂഗിൾ മാപ്പ് റൂട്ടും ഇവിടെ ലഭ്യമാണ്. യാത്ര ആരംഭിക്കുന്നതിന് മുൻപ് ആശുപത്രിയിലെ ഫോൺ നമ്പറിൽ വിളിച്ച് അറിയിച്ചാൽ ഗുണകരമായിരിക്കും.
ഓരോ ജില്ലയിലും ജോലി ചെയ്യുന്ന ഡോക്ടർമാർ തയ്യാറാക്കിയ ലിസ്റ്റ് ആണിത്. ഓരോ ജില്ലയുടെയും ലിസ്റ്റ് തയ്യാറാക്കിയ ഡോക്ടർമാരുടെ പേരും ഇതിനൊപ്പം തന്നെ കാണാം.
f. വിഷചികിത്സ (Treatment)
ശാസ്ത്രീയമായ വിഷ ചികിത്സാരീതികളെ കുറിച്ചും അതിന്റെ ഒഴിവാക്കാനാവാത്ത ആവശ്യകതയെക്കുറിച്ചും വളരെ വിശദമായി പ്രതിപാദിക്കുന്ന, ശാസ്ത്രീയ ലേഖനങ്ങളാണ് ഈ വിഭാഗത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
g. ഇൻഫോ (Info)
പാമ്പുകളെക്കുറിച്ച് ശാസ്ത്രീയമായ ഒരു ചെറുവിവരണം, പാമ്പുകടി തടയാനുള്ള വിവിധ മാർഗങ്ങൾ, പാമ്പുകളെ തിരിച്ചറിയാനുള്ള മാർഗങ്ങൾ എന്നീ ലേഖനങ്ങൾ ഇവിടെ വായിക്കാം. വിദ്യാർഥികൾക്കും മുതിർന്നവർക്കും പഠന – പാഠ്യേതര വിഷയങ്ങളിൽ ഉപകാരപ്പെടുന്ന രീതിയിൽ ലളിമായ ഭാഷയിൽ വിവരിച്ചിരിക്കുന്ന ലേഖനങ്ങളാണ്.
h. കെട്ടുകഥകളും അന്ധവിശ്വാസങ്ങളും (Myths & Hoaxes)
സയൻസ് ഇത്ര വളർച്ച പ്രാപിച്ച ഈ കാലത്ത് പോലും, നാട്ടിൽ പ്രബലമായ ഈ അന്ധവിശ്വാസങ്ങളും കെട്ടുകഥകളും നല്ലൊരു ശതമാനം ആളുകളെക്കൊണ്ട് അർത്ഥശൂന്യമായ ആചാരങ്ങളും അബദ്ധജഡിലമായ അശാസ്ത്രീയ വിഷചികിത്സാരീതികളും അനുവർത്തിക്കാൻ പ്രേരിപ്പിക്കുന്നു. ജീവന്റെ വിലയുള്ള അത്തരം അശാസ്ത്രീയ ചികിത്സാരീതികളുടേയും അന്ധവിശ്വാസങ്ങളുടേയും പൊള്ളത്തരം തുറന്നു കാണിക്കുകയാണ് ഈ വിഭാഗത്തിൽ.
i. പാമ്പുരക്ഷകർ (Rescuers)
പാമ്പുകളെ രക്ഷപ്പെടുത്താൻ, വനം വന്യജീവി വകുപ്പ് നൽകിയ ശാസ്ത്രീയമായ പരിശീലനവും ലൈസൻസും ലഭിച്ച എണ്ണൂറിലധികം പേരുടെ ജില്ല തിരിച്ചുള്ള, ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങൾ ഇവിടെ നൽകിയിരിക്കുന്നു. നിങ്ങളുടെ പരിസരത്ത് പാമ്പുകളെ കണ്ടാൽ അവരുടെ സഹായം സ്വീകരിക്കാം. ശാസ്ത്രീയമായ പരിശീലനവും ലൈസൻസുമുള്ള ആൾക്കാർ മാത്രം കൈകാര്യം ചെയ്യേണ്ട ഒരു വിഷയമാണ് പാമ്പുകളെ രക്ഷിക്കൽ. അങ്ങനെയല്ലാത്തവർ അത് ചെയ്യുന്നത് നിയമവിരുദ്ധവും ശിക്ഷാർഹവുമാണ്.
j. കേരളത്തിലെ പാമ്പുകളുടെ ലിസ്റ്റ് (Checklist)
2021 ജനുവരി മാസം വരെ, കേരളത്തിലെ വിവിധ ആവാസവ്യവസ്ഥകളിൽ കണ്ടിട്ടുള്ള പാമ്പുകൾ ഉൾപ്പെട്ട ചെക്ക്ലിസ്റ്റ്. ഓരോ പുതിയ ഇനം പാമ്പുകളെ കണ്ടെത്തുമ്പോഴും, പഴയതിന്റെ ശാസ്ത്രീയനാമം പോലുള്ളവയിൽ പുതിയ പഠനങ്ങൾക്കനുസരിച്ച് മാറ്റമുണ്ടാകുമ്പോഴും അത്തരം വിവരങ്ങൾ പുതുക്കി നൽകുന്നതായിരിക്കും.
k. ആവാസസ്ഥലം (Habitat)
പാമ്പുകളെ ആവാസവ്യവസ്ഥയുടെ അടിസ്ഥാനത്തിൽ തരംതിരിച്ചിരിക്കുന്നു. നിങ്ങൾക്ക് പരിചയമുള്ള ആവാസ വ്യവസ്ഥയിൽ ഏതൊക്കെ പാമ്പുകൾ കാണാൻ സാധ്യതയുണ്ട് എന്ന് നോക്കാം.
I. ശബ്ദരേഖ (Podcast)
പാമ്പുകളെ സംബന്ധിച്ചുള്ള എല്ലാ വിവരണങ്ങളും മലയാളത്തിലും ഇംഗ്ലീഷിലും കേൾക്കാം. മറ്റു ജോലികൾക്കിടയിലും വായന സാധ്യമല്ലാത്ത അവസരങ്ങളിലും ഉപകാരപ്പെടും. കാഴ്ച പരിമിതിയുള്ളവർക്കും സഹായകരമാകുന്ന രീതിയിലാണ് ഇതിന്റെ സജ്ജീകരണം.
m. കൂട്ടായ്മ (ടീം)
ഈ ആപ്പിന്റെ പിന്നിലുള്ള പ്രവർത്തകരെ ഓരോരുത്തരേയും പരിചയപ്പെടാം. അവരുടെ സോഷ്യൽ മീഡിയ പേജുകളിലേക്കുള്ള ലിങ്കുകൾ അവരുടെ ഫോട്ടോയോടൊപ്പം നൽകിയിട്ടുണ്ട്.
n. പങ്കുവെക്കുക (Share)
ഈ ആപ്പ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കാൻ ഈ മെനു സഹായിക്കും.
വളരെ വിശദവും ആധികാരികവും അതേസമയം ലളിതവുമായ ഈ ആപ്പ് നിങ്ങളുടെ സുഹൃത്തുക്കൾക്ക് നിർദ്ദേശിക്കാം. ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ ഒരു ജീവൻ രക്ഷാ മാർഗ്ഗമായി ഉപകാരപ്പെട്ടേക്കാവുന്ന ഒരു ആപ്പാണിത്. നമ്മുടേയും പ്രകൃതിയുടേയും നിലനിൽപ്പിനായി ശരിയായ അറിവുകൾ കൂടുതൽ ആൾക്കാരിൽ എത്തിക്കാൻ നമുക്ക് പരിശ്രമിക്കാം.
ശാസ്ത്രീയമായ ചികിത്സയുടെ പ്രാധാന്യവും അശാസ്ത്രീയമായ പ്രവൃത്തികളുടെ പരിണിത ഫലങ്ങളും ഏവരിലും എത്തിക്കുവാനും പാമ്പുകളെ കുറിച്ചുള്ള ശരിയായ അറിവുകൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാനും വേണ്ടി ഈ മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിക്കുകയും മറ്റുള്ളവർക്ക് നിർദ്ദേശിക്കുകയും വേണം എന്ന് അഭ്യർത്ഥിക്കുന്നു.
ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ: https://play.google.com/store/apps/details?id=app.snakes
ലേഖകർ
Dr. Deepu Sadasivan. Obtained a medical degree from Kottayam Medical College. Currently working in Kerala State health services department. Articles related to Medical science have been published in periodicals and newspapers.
Dr. Jinesh P.S. Completed MBBS and MD in Forensic Medicine from Govt Medical College, Kottayam. He has worked in Dept. of Forensic at Govt Medical College, Kottayam as Lecturer and at Community Health Center Kumarakom and Edayazham as Medical Officer. He is interested in spreading of scientific temper, health awareness.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ