കൂർക്കം വലിയും സ്ലീപ്പ് അപ്നിയയും
മനുഷ്യൻ ഉണ്ടായ കാലം മുതലേ ഉണ്ടായതാവണം കൂർക്കം വലിയും. കൂർക്കംവലി കൊണ്ടെന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്ന് ചോദിച്ചാൽ എല്ലാ കൂർക്കംവലിയും പ്രശ്നമല്ല, പക്ഷെ ചിലപ്പോഴൊക്കെ പ്രശ്നമാകാറുമുണ്ട്. കൂടെ കിടന്നുറങ്ങുന്നവരുടെ കളിയാക്കലിനും പങ്കാളിയുടെ അരിശത്തിനുമപ്പുറം ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം. ഇങ്ങനെ പ്രശ്നകാരിയായ കൂർക്കംവലിക്ക് പറയുന്ന പേരാണ് ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ (obstructive sleep apnoea).
അതിഭീകര കൂർക്കം വലിക്കാരുടെ കൂടെ ഒരു മുറിയിൽ കിടന്നുറങ്ങാനുള്ള ഭാഗ്യം സിദ്ധിച്ചവർ, ഉറക്കം എന്തായാലും പോയി, ഇനിയിപ്പോ ഇതിന്റെ ഒരു പാറ്റേൺ ശ്രദ്ധിച്ചു കളയാം എന്ന് തീരുമാനിച്ചാൽ മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. മിക്കവാറും പേരിൽ ഈ കൂർക്കം വലി വളരെ താളാത്മകമായി, ചെറിയ പിച്ചിൽ തുടങ്ങി പതിയെപ്പതിയെ ഉച്ചസ്ഥായിയിലെത്തി, പിന്നെ പഴയ ഫർഗോ ലോറി ചുരം കയറുന്ന ലെവലിൽ ഭീകര ശബ്ദത്തോടെ, പക്ഷെ ശ്വാസം സമയമെടുത്ത് വലിച്ചു വലിച്ചു, അവസാനം പെട്ടെന്നങ്ങ് നിൽക്കും. ഒരു മുപ്പതു സെക്കൻഡോ മറ്റോ നിൽക്കുമ്പോൾ നമ്മൾ കരുതും രക്ഷപ്പെട്ടു, ഇനിയൊന്നുറങ്ങാമല്ലോന്ന്….അപ്പോഴായിരിക്കും കക്ഷി ഒന്ന് മുരടനക്കി, പതിയെ അങ്ങോട്ടോ ഇങ്ങോട്ടോ ഒന്ന് തിരിഞ്ഞു, ഒരു രണ്ടു മിനിറ്റ് കഴിയുമ്പോ വീണ്ടും ചെറിയ പിച്ചിൽ നേരത്തെ പറഞ്ഞ അതേ പരിപാടിയുടെ അടുത്ത സൈക്കിൾ തുടങ്ങുന്നത്. ഇത് രാത്രി മുഴുവൻ ആവർത്തിക്കും, നമ്മൾ അവസാനം ഇതിന് പൊരുത്തപ്പെട്ട്, ക്ഷീണിച്ച് എപ്പോഴോ ഉറങ്ങിപ്പോയിരിക്കും. രാവിലെ എണീറ്റ് മറ്റവനെ തെറി പറയും..നിന്നെക്കാരണം ഞാനിന്നലെ ഉറങ്ങിയില്ല, നീ നല്ല കൂർക്കം വലിച്ചുറങ്ങിയല്ലോ എന്നൊക്കെ.
പക്ഷെ സത്യത്തിൽ എന്താണ് ഇവിടെ സംഭവിക്കുന്നത്? കൂർക്കം വലി ഉണ്ടാകുന്നത് തന്നെ ഉച്ഛ്വാസ വായു കടന്നു പോകുന്ന, തൊണ്ടയുടെ മുകൾഭാഗത്തുള്ള തടസ്സം കാരണമാണ്. ഇവിടെയുള്ള ദശകളുടെ അമിതമായ വളർച്ച, എന്തെങ്കിലും അസുഖങ്ങൾ മൂലം ഇവിടെ ഉള്ള മസിലുകൾക്ക് തകരാർ ഉണ്ടാവുക (ഇത്തരക്കാർക്ക് ഉറങ്ങുമ്പോൾ മാത്രമല്ല, ഉണർന്നിരിക്കുമ്പോഴും ആഹാരം വിഴുങ്ങാൻ ശ്രമിക്കുമ്പോഴും ഒക്കെ പ്രശ്നങ്ങൾ കാണാം) തുടങ്ങിയവയൊക്കെയാണ് കാരണം. മിക്കവാറും പൊണ്ണത്തടി ഉള്ളവരിലാണ് അമിതമായ കൂർക്കം വലിയും അതിനോടനുബന്ധിച്ചുള്ള ഈ പ്രശ്നവും ഉണ്ടാകുന്നത്. പുറമെയുള്ള പൊണ്ണത്തടി പോലെ തന്നെ ശ്വാസനാളത്തിന്റെ തുടക്കത്തിലുള്ള ഭാഗത്തുള്ള ദശയും ഒക്കെ കൊഴുത്തു തടിച്ചിരിക്കും. നമ്മളെല്ലാവരും ഉറങ്ങുമ്പോൾ മസിലുകൾ റിലാക്സ് ചെയ്യും. അതുപോലെ ഇത്തരക്കാരിൽ ഈ ദശകൾ/മസിലുകൾ റിലാക്സ് ചെയ്യുമ്പോൾ ഇവ ശ്വാസനാളത്തെ മൂടുന്നത് മൂലമാണ് കൂർക്കംവലി ഉണ്ടാകുന്നത്. ഉറക്കത്തിന്റെ ആദ്യ സ്റ്റേജിൽ ചെറുതായി റിലാക്സ് ചെയ്യുന്ന ഇവ കൂടുതൽ ഗാഢ ഉറക്കത്തിലേക്ക് ആൾ വീഴുമ്പോൾ കൂടുതൽ കൂടുതൽ റിലാക്സ് ആവുകയും അങ്ങനെ ശ്വാസനാളം കൂടുതൽ കൂടുതൽ അടയുകയും ചെയ്യുന്നത് മൂലമാണ് കൂർക്കംവലിയുടെ ശബ്ദം കൂടുന്നത്. ഏറ്റവും ഒടുവിൽ ശ്വാസനാളം പൂർണ്ണമായും അടയുമ്പോഴാണ് കൂർക്കംവലി നിൽക്കുന്നതും നമ്മൾ ആശ്വാസം കൊള്ളുന്നതും.
എന്ത് കൊണ്ടാണ് ഇതിങ്ങനെ ഒരു സൈക്കിൾ ആയി റിപ്പീറ്റ് ചെയ്യപ്പെടുന്നത്?
ശ്വാസനാളം പൂർണ്ണമായും അടഞ്ഞു, ആൾ ശ്വാസം വലിക്കാതെ ഇരിക്കുന്ന അവസ്ഥയിൽ രക്തത്തിലെ ഓക്സിജൻ അളവ് കുറയുകയും കാർബൺഡയോക്സൈഡിന്റെ അളവ് കൂടുകയും ചെയ്യും. രക്തത്തിലെ ഓക്സിജന്റെ കുറവ്, തലച്ചോറിന്റെ താഴ്ഭാഗത്തുള്ള chemoreceptor tigger zone (CTZ) എന്ന, രക്തത്തിലെ കെമിക്കൽസിനെ മോണിറ്റർ ചെയ്യുന്ന ഒരു ഭാഗത്തെ ഉത്തേജിപ്പിക്കും. ഇവിടെ നിന്നും തരംഗങ്ങൾ പാഞ്ഞു ചെല്ലും, റെസ്പിറേറ്ററി സെന്ററിലേക്ക് (RC). ഇവ കൂർക്കംവലിക്കാരന്റെ respiratory മസിലുകളിലേക്ക് ശക്തമായ മെസേജ് കൊടുക്കും, ആഞ്ഞു വലിക്കാൻ. അപ്പോഴാണ് കൂർക്കംവലിക്കാരൻ ഉറക്കത്തിൽ നിന്ന് ഒന്നുണരുന്നതും പിന്നെയും ശ്വാസം എടുക്കുന്നതും. ഈ സൈക്കിൾ ഉറക്കസമയം മൊത്തം റിപ്പീറ്റ് ചെയ്യും.
ഇങ്ങനത്തെ കൂർക്കംവലി കാരണം ആളിനെന്തെങ്കിലും പ്രശ്നമുണ്ടോ? ഉണ്ട്.
സാധാരണ മനുഷ്യർക്ക് ദിവസത്തിൽ ഏഴെട്ടു മണിക്കൂർ ഉറക്കം ആവശ്യമാണ്. ഇല്ലെങ്കിൽ നമ്മുടെ തലച്ചോറിന് ശരിയായി പ്രവർത്തിക്കാനാവില്ല. ഈ കടുത്ത കൂർക്കംവലിക്കാരിൽ പലർക്കും ഓരോ അഞ്ചു മിനിട്ടിലും ഉറക്കം മുറിയുന്നുണ്ട്. അടുത്ത ഗാഢനിദ്രയിലേക്ക് പോയി മുപ്പതു സെക്കന്റിലോ മറ്റോ പിന്നെയും ഞെട്ടിയുണരും. ഇവർ പലപ്പോഴും പാതി ഉറക്കത്തിലായത് കാരണം ഇതേപ്പറ്റി ബോധവാന്മാരായിരിക്കില്ല. ഫലത്തിൽ, ഇവർക്കൊരിക്കലും നല്ലൊരു നിദ്രാനുഭവം കിട്ടുന്നില്ല. അതിന്റെ ഫലമായി പകൽ മുഴുവൻ ക്ഷീണം, ഇപ്പോഴും ഉറക്കം തൂങ്ങൽ, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം ഒക്കെ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വളരെയേറെ നാൾ ഈ പ്രശ്നം ഉള്ളവർക്ക് പ്രായമെത്തുന്നതിനു മുന്നേ തന്നെ മറവി പ്രശ്നങ്ങളും മറ്റും ഉണ്ടാകാറുണ്ടെന്നും പഠനങ്ങൾ ഉണ്ട്. ഡ്രൈവിംഗ് ഒക്കെ ചെയ്യുന്നവരിൽ ഈ ഉറക്കംതൂങ്ങൽ പലപ്പോഴും അപകടങ്ങളിലേക്കും മറ്റും നയിക്കാറുമുണ്ട്.
എന്താണിതിന് ചികിത്സ? ഏറ്റവും ഫലപ്രദം പൊണ്ണത്തടി കുറയ്ക്കൽ തന്നെ. പക്ഷെ ഇത് പറയാനെളുപ്പവും പ്രായോഗികമാക്കാൻ ബുദ്ധിമുട്ടും ആണല്ലോ. പിന്നെ ശ്രമിച്ചു നോക്കാവുന്നത് വായിൽ വെച്ചുറങ്ങാവുന്ന ചില ഡിവൈസുകളാണ്. പക്ഷെ പലരും ഇത് റ്റോളറേറ്റ് ചെയ്യാറില്ല. വളരെ കടുത്ത അവസ്ഥയിലുള്ള ആളുകളെ ഒരു സ്ലീപ് സ്റ്റഡി (ഒരു പ്രോബ് വിരലിൽ ഘടിപ്പിച്ചു രക്തത്തിലെ ഓക്സിജന്റെ അളവ് വ്യത്യാസങ്ങൾ രേഖപ്പെടുത്തുകയും അതോടൊപ്പം തന്നെ ആളിന്റെ ഉറക്കത്തിന്റെ ഒരു കണ്ടിന്യുവസ് വീഡിയോ റെക്കോർഡിങ് എടുക്കുകയും അതിൽ രോഗി ഉണരുന്ന സമയവും രക്തത്തിലെ ഓക്സിജന്റെ അളവും താരതമ്യം ചെയ്യുകയും ചെയ്യും- ലളിതമായി പറഞ്ഞതാണ്, മറ്റു പല പരിശോധനകളും ഇതോടൊപ്പം ചെയ്യാം) നടത്തി, അതിനു ശേഷം അവർക്ക് ആവശ്യമെങ്കിൽ C-PAP (continuous positive airway pressure) എന്നൊരു മെഷീൻ ഘടിപ്പിച്ചു കൂർക്കം വലി ഇല്ലാതെയാക്കി, ഉറക്കം സുഖമാക്കാം. വായും മൂക്കും മൂടുന്ന ഒരു എയർ ടൈറ്റ് മാസ്ക് (മൂക്ക് മാത്രം മൂടുന്ന മാസ്കും ഉണ്ട്) വെച്ച ശേഷം ഹൈപ്രഷറിൽ ഒരു മെഷീനിൽ കൂടെ വായു കടത്തി വിടുന്നത് മൂലം ശ്വാസനാളികൾ അടയാനുള്ള അവസരം ഇല്ലാതാക്കുന്നു എന്നതാണ് ഈ മെഷീൻ ചെയ്യുന്നത്. ഇതുപയോഗിക്കുന്ന രോഗികൾ പറയുന്നത് ഉപയോഗിച്ചു തുടങ്ങിയ ശേഷം ജീവിതം തന്നെ മാറിപ്പോയെന്നാണ്. പകൽ ഉറക്കം തൂങ്ങലില്ല, ജോലിയിൽ കൂടുതൽ ശ്രദ്ധ, തകർച്ചയുടെ വക്കിലായിരുന്ന വിവാഹബന്ധങ്ങൾ ശരിയായി അങ്ങനെ പലതും. ഈ മെഷീൻ കൊണ്ടും ശരിയാകാത്തവർക്ക് സർജറി ചെയ്തു തൊണ്ടയിലെ ദശകളുടെ കട്ടി കുറയ്ക്കുക എന്നത് മാത്രമേ കരണീയമായിട്ടുള്ളൂ.
സ്ലീപ് സ്റ്റഡിക്ക് വരുന്ന രോഗികളെ നോക്കിയാലറിയാം, 99% പേരും കടുത്ത പൊണ്ണത്തടിയും, തടിച്ചു കുറുകിയ കഴുത്തും ഒക്കെ ഉള്ളവരായിരിക്കും. കഴുത്തിന്റെ പുറത്തുള്ള കൊഴുപ്പ് പോലെ തന്നെ അകത്തും ഉണ്ടാവും.
കടുത്ത കൂർക്കം വലി മൂലം ബുദ്ധിമുട്ടുന്ന ആളാണ് നിങ്ങളെങ്കിൽ, അതോടൊപ്പം പകൽ ഉറക്കം തൂങ്ങൽ, മന്ദത, ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാതെ വരുന്ന അവസ്ഥ ഇതൊക്കെ ഉണ്ടെങ്കിൽ ഉടനെ തന്നെ ഒരു വിദഗ്ധ ഡോക്ടറെ കണ്ടു ആവശ്യമായ പരിശോധനകൾ ചെയ്യുക.