· 5 മിനിറ്റ് വായന

ഇതൊരു ചെറിയ കളിയല്ല: ഫുട്ബോളും പരിക്കും

OrthopedicsSports Medicine

മനുഷ്യന്റെ യുദ്ധാസക്തിയുടെ സൃഷ്ടിയാണ് ഇന്നത്തെ മിക്കവാറും മൽസരകളികളും. സ്പോർട്സും ചികിൽസാശാസ്ത്രവും ആദ്യമായി ഒന്നിക്കുന്നത് ഒരു പക്ഷെ ഗാലൻ (Galen) 100 AD യിൽ റോമാ സാമ്രാജ്യത്തിലെ കോളീസിയത്തിൽ ഗ്ളാഡിയേറ്ററുകളുടെ സർജനായി ചുമതല എടുത്തപ്പോഴായിരിക്കും.

സിംഹവും കടുവയുമായിട്ടുള്ള മനുഷ്യന്റെ മൽപ്പിടുത്തങ്ങളായിരുന്നു കൊളീസിയത്തിൽ നടന്നിരുന്നത്. ഗാലൻ തന്റെ പഠനങ്ങളൂടെ അടിസ്ഥാനത്തിൽ നിർദ്ദേശിച്ച ചികിൽസാരീതിയാണ് അടുത്ത ഒരു ആയിരം വർഷം പാശ്ചാത്യലോകം തുടർന്നത്.

നമ്മുടെ നാട്ടിലും ഇതു പോലെ തന്നെ യുദ്ധവുമായി ബന്ധപ്പെട്ടായിരുന്നു സ്പോർട്സും സ്പോർട്സ് മെഡിസിനും ആരംഭിച്ചത്. മിക്കവാറും ആയോധന കലകൾക്ക് അവരുടെതായ ചികിൽസാ ശാസ്ത്രം ഉണ്ടായിരുന്നു. കേരളത്തിലെ കളരിയാശാന്മാർ മികച്ച യോദ്ധാക്കൾ മാത്രമായിരിന്നില്ല, ചികിൽസകരുമായിരുന്നുവല്ലോ.

ഇന്ന് സ്പോർട്സ് മെഡിസിൻ ഒരുപാട് മുന്നേറി. കേരളത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പി.എം.ആർ ഡിപ്പാർട്ട്മെൻറിനോടനുബന്ധമായി സ്റ്റേറ്റ് ഇന്റസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് മെഡിസിൻ പ്രവർത്തിക്കുന്നുണ്ട്. കളിക്കാരന്റെ പ്രകടനം മെച്ചപ്പെടുത്താൻ വേണ്ട ശാസ്ത്രശാഖകളെയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടു വരാൻ സ്പോർട്സ് മെഡിസിൻ ലക്ഷ്യമിടുന്നു. സപോർട്സ് മെഡിസിൻ വിദഗ്ദരെ കൂടാതെ ചലനപരമായ പ്രയാസങ്ങൾ നോക്കുന്ന കൈനേസിയോളൊജിസ്റ്റ്, അസ്ഥിരോഗവിദഗ്ദ്ധൻ, ഫിസിയാട്രിസ്റ്റ്,സൈക്യാട്രിസ്റ്റ്, സ്പോർട്സ് ഫിസിയോതെറാപിസ്റ്റ്, സൈക്കാളജിസ്റ്റ്, ഡെന്റിസ്റ്റ്‌ തുടങ്ങി ഒരു ടീമിന്റെ ചിട്ടയായ സേവനമാണ് പ്രൊഫഷണൽ കേളീരംഗത്തെ ആരോഗ്യത്തിന്റെ കാവൽഭടൻമാരായി നിലകൊള്ളുന്നത്.

ലോകത്തിന്റെ ഏത് കോണില് ആരൊക്കെ തമ്മില് നടന്നാലും ഫുട്ബോൾ നമുക്ക് നാട്ടിൻപുറത്തെ കളിയാണ്. ഒരു പക്ഷേ, കേരളത്തിലെ ചെറുപ്പക്കാർ ഏറ്റവും കൂടുതൽ കളിക്കുന്ന കളി. കായികശേഷിയും ടീം വർക്കും മനോഹരമായി സമ്മേളിച്ച വേറെയെത്ര കളികളുണ്ട്! ബൂട്ട് പോലും ആഡംബരമായ മൈതാനക്കളിയിൽ വള്ളിവെക്കലും തലകൊണ്ടിടിക്കലും ജഴ്സിവലിക്കലും ഒക്കെ വീറും വാശിയുമേറ്റിയ കാഴ്ചകളാണല്ലോ. റഫറിയുടെ പ്രധാന പണിയും ഫൗൾ നോക്കലാണല്ലോ.

കളിക്കാർക്കും കാണികൾക്കും ആരാധകർക്കുമാക്കെ പല പരുക്കും എൽക്കാവുന്ന കളിയാണ് ഫുട്ബോൾ. പരിക്കുകളില്ലാതൊരു ജീവിതമുണ്ടോ?

ഏതാണ്ട് 80 ശതമാനം ഫുട്ബോൾ പരിക്കുകളും മൃദുകലകൾക്ക്‌ (softtissue) ഏൽക്കുന്ന ക്ഷതങ്ങളാണ്. സ്പോർട്സ് പരിക്കുകളെ പൊതുവെ രണ്ടായി തരം തിരിക്കാം.

1) നൈരന്തര്യ-അമിതോപയോഗ പരിക്കുകൾ:- പേശികൾ, സന്ധികൾ, മൃദുകലകൾ എന്നിവയ്ക്ക് പരിശീലനങ്ങളും മത്സരങ്ങളും കാരണം നിരന്തരസമ്മർദ്ദം ഏൽക്കുന്നതുകൊണ്ടുണ്ടാകുന്ന പരിക്കുകളാണിവ. ഈ പരിക്കുകളുടെ തുടക്കത്തിൽ പുറമേ വലിയ ലക്ഷണങ്ങളൊന്നും കാണണമെന്നില്ല. ചെറുവേദനയോ പിടിത്തമോ ഒക്കെ ആയാണ് അനുഭവപ്പെടുക. വേണ്ട പരിചരണത്തോടെ തുടക്കത്തിലേ ഭേദമാക്കാൻ ശ്രമിച്ചില്ലെങ്കിൽ ഇവ വലിയ പരിക്കായി മാറും.

2) ആകസ്മിക പരിക്കുകൾ:- പരിശീലനത്തിനും മത്സരങ്ങൾക്കുമിടയിൽ (ബലപ്രയോഗം, കൂട്ടിയിടികൾ തുടങ്ങിയ കാരണങ്ങളാൽ) പെട്ടെന്ന് വന്നുചേരുന്ന പരിക്കുകൾ.

ഫുട്ബോൾ പരിക്കുകളിൽ 50-80%. മുട്ടിനുതാഴെ കാലിനേയും പാദത്തേയും ബാധിക്കുന്നതാണ്. കാൽക്കുഴയുടെ ഉളുക്കും (Ankle Sprain) പാദവേദന(footpain) ആണ് ഏറ്റവും സാധാരണ പരിക്കുകൾ. ഫുട്ബോൾ കളിക്കിടെ സംഭവിക്കാവുന്ന പ്രധാന പരിക്കുകൾ ഇവയാണ്.

1)Ankle Sprain-കാൽകുഴയുടെ ഉളുക്ക്

2)John’s fracture-ജോൺസ് ഒടിവ്-ഈ വിഷയത്തിൽ ഇൻഫോക്ളിനിക്കിന്റെ മുൻലേഖനം വായിക്കുക.

3)ACL Tear-കാൽമുട്ടിലെ മുൻകുരിശുവള്ളി പൊട്ടൽ

4)Meniscal tear-കാൽമുട്ടിലെ തരുണാസ്ഥിക്കേൽക്കുന്ന പരുക്ക്

5)Adductor Strain-ഉൾതുടയിലെ പേശിവലിവ്

6)Hamstring Strain-പിൻതുടയിലെ പേശിവലിവ്

ഗൗരവമുളള വേറെയും പരിക്കുകള് ഫുട്ബോളു കളിക്കാര്ക്ക് സംഭവിക്കാറുണ്ട്.

വലിയ ഫൗളുകളിലോ കൂട്ടിയിടിയിലോ പെട്ടവർക്ക് കാലിലെ ടിബിയ അസ്ഥിക്കോ കാൽക്കുഴഭാഗത്തോ ഏല്ക്കുന്ന പൊട്ടല്

തലക്കേല്ക്കുന്ന പരിക്കുകള്: ഫുട്ബോൾ കളിയിലെ ഏതാണ്ട് 20ശതമാനം പരിക്കുകൾ തലക്കേൽക്കുന്നവയാണ്. അതിൽ പത്തിലൊന്ന് പരിക്കുകൾ concussion അഥവാ ബോധം കെടുത്തുന്ന തരത്തിൽ പെട്ടതാണ്. ഗ്രൗണ്ടിലോ ഗോൾപോസ്റ്റിലോ മറ്റുതാരങ്ങളുടെ മേലോ തലയിടിച്ചോ ശക്തിയായി തലയിൽ പന്തുകൊണ്ടാലോ ഒക്കെ തലക്ക് ഗുരുതരമായ പരിക്കുപറ്റാം. കേരളത്തിലെ പഴയകാല ഫുട്ബോൾ താരങ്ങളിൽ ചിലർക്കുണ്ടായിരുന്ന പാർക്കിൻസൺ രോഗത്തിനു പിന്നിൽ ഈ പരുക്കുകൾക്കും പങ്കുണ്ടാകാം.

തോളിനേല്ക്കുന്ന പരിക്കുകള്ഃ വീഴ്ചയിൽ നിന്നും കൂട്ടിയിടിയിൽ നിന്നുമാണ് തോളിന് പരിക്കു പറ്റാറ്. ഗോളികൾക്ക് ഇതിന് കൂടുതൽ സാധ്യതയുണ്ട്.

ചാട്ടുളി പരിക്കുകള്: തലയിടിച്ചോ, ഗ്രൗണ്ടിൽ ഓടിക്കൊണ്ടിരിക്കെ വീഴുമ്പോഴോ ഒക്കെ കഴുത്തിലെ പേശികൾക്ക് നേരിട്ടല്ലാതെ ഏൽക്കുന്ന പരിക്കുകളാണ് whiplash (ചാട്ടുളി) പരിക്കുകള്.

ഇവ കൂടാതെ ഇടുപ്പിലും തുടഭാഗത്തും മുട്ടിലും മുട്ടിനുതാഴെ കാലിലും പാദത്തിലുമായി മുദുകലകളെ ബാധിക്കുന്ന പലതരം പരിക്കുകളുണ്ട്. ശരിയായ പരിശീലനം കൊണ്ടും അനുവദനീയമായ സംരക്ഷണ ഉപകരണങ്ങൾ കൊണ്ടും വലിയ ഒരളവോളം ഇവയെ പ്രതിരോധിക്കാനും നേരത്തേ എടുക്കുന്ന ചികിത്സകൊണ്ട് പൂർണമായും മാറ്റാവുന്നതുമാണ് മിക്ക പരുക്കുകളും.

? എങ്ങനെ പ്രഥമ ശുശ്രൂഷ നൽകണം?

കളിക്കിടയിലെ അസ്ഥിപേശീ പ്രയാസങ്ങള്ക്കുള്ള പ്രഥമശുശ്രൂഷയ്ക്ക്അഞ്ച്അടിസ്ഥാനങ്ങളുണ്ട്.

  1. Protection (സംരക്ഷണം)
  2. Rest ( വിശ്രമം)
  3. Ice (ഐസ്) പാക്ക് വെക്കൽ
  4. Compressive Bandage (ലഘുമർദ്ദത്തിൽ ബാൻഡേജ് ചുറ്റൽ)
  5. Elevation (പരിക്കുപറ്റിയ ഭാഗം ഉയർത്തി വയ്ക്കൽ)

? PRICE പ്രോട്ടോക്കോൾ എന്നാണ് ഇത് അറിയപ്പെടുന്നത്.

? പരിക്കേറ്റ ഭാഗത്തെ തുടർപരിക്കുകളിൽ നിന്നും സുരക്ഷിതമാക്കുകയാണ് പ്രഥമശ്രുശൂഷയുടെ ആദ്യപാഠം.

? പരിക്കുപറ്റിയ ഭാഗത്തിന് ചലനമോ വ്യായാമമുറകളോ കാരണം വേദന വരാതെ നോക്കുക എന്നതാണ് ‘വിശ്രമം’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പരിക്കുപറ്റിആദ്യ 48-72 മണിക്കൂർ ‘വിശ്രമം’ ആവശ്യമാണ്. വേദനസംഹാരികളും മസിൽറിലാക്സന്റുകളും ഡോക്ടറുടെ നിർദേശാനുസരണം ഉപയോഗിക്കാവുന്നതാണ്.

? ‘ഐസാണോ ചൂടാണോ പിടിക്കേണ്ടത് ഡോക്ടറേ’ പല കുട്ടിപ്പരിക്കുകാരും സ്ഥിരം ചോദിക്കുന്ന ചോദ്യമാണ്: മുറിവു പറ്റി ആദ്യത്തെ 48-72 മണിക്കൂർ സമയം പരിക്കിന്റെ വ്യാപ്തി കുറക്കാനുള്ള സമയമാണ്. ആ സമയം ഐസ് പായ്ക്കായിട്ടോ അതില്ലെങ്കിൽ പൊടിച്ച് അൽപം കട്ടിയുള്ള തുണിയിൽ പൊതിഞ്ഞോ പിടിക്കുക. മീൻ ഐസിട്ട പോലെ, ഐസ് നേരിട്ട് ബോഡിയിൽ വെക്കരുത്.15-20 മിനുട്ട് തുടർച്ചയായോ ഇടവിട്ടോ ഓരോ 2-3മണിക്കൂറിലും വയ്ക്കുന്ന രീതിയാണ് പൊതുവെ അവലംബിക്കാറുള്ളത്.

? പരിക്കുപറ്റിയ ആദ്യ 48-72 മണിക്കൂറിൽ HARM -Heat (ചൂട്), Alcohol(മദ്യം), Running (ഓട്ടം അഥവാ വ്യായാമം), Massage (ഉഴിച്ചിൽ)- ഒഴിവാക്കുക.

? പരിക്കുപറ്റിയിടത്ത് മസ്സാജ് ചെയ്യരുത്.അത് ബ്ലീഡിങ്ങ് കൂട്ടാനും സന്ധികൾക്ക് പുറത്ത് അസ്ഥിവളരുന്ന ‘മയോസൈറ്റിസ് ഓസിഫിക്കൻസ്‌’ എന്ന രോഗാവസ്ഥക്കും കാരണമാകും.

? 48-72 മണിക്കൂറിനുശേഷം 20 മിനുട്ട് വീതം ദിവസം രണ്ടോ മൂന്നോ തവണ ചൂട് പിടിക്കുന്നത് ഗുണം ചെയ്യും.

? ബാന്റേജുകൾ ടേപ്പിങ്ങ് സ്ലാബുകൾ ഓർത്തോസിസുകൾ തുടങ്ങിയവ പരിക്കുപറ്റിയ ഭാഗത്തെ സംരക്ഷിക്കുവാനും വേദനകുറക്കാനും വിദഗ്ദരുടെ നിർദ്ദേശാനുസരണം ഉപയോഗിക്കാവുന്നതാണ്. പരിക്ക് പെട്ടെന്ന് ഭേദമാകുന്നതിനും പേശീബലവും ചലനാത്മകതയും വീണ്ടെടുക്കുന്നതിനും ശരിയായ ചികിത്സയും തുടർവ്യായാമങ്ങളും ആവശ്യമാണ്.

?കാൽക്കുഴ ഉളുക്ക് (Ankle Sprain)- എല്ലാ ഉളുക്കും പ്രശ്നരഹിതമല്ല. അസ്ഥിനീർക്കെട്ട്, നേരിയ പൊട്ടലുകൾ (Hairline fractures), കാൽക്കുഴ അസ്ഥികളുടെ സ്ഥാനഭംഗം (Dislocation) തുടങ്ങിയവക്കും സമാന ലക്ഷണങ്ങളാണ് ഉള്ളത്. അതുകൊണ്ടുതന്നെ വിദഗ്ദഡോക്ടറുടെ കൃത്യമായ രോഗനിർണ്ണയവും യഥാസമയത്തുള്ള ചികിത്സയും ആവശ്യമാണ്.

?കാൽമുട്ടിലെ ലിഗമെന്റുകളിൽ പ്രധാനികളാണ് ഗുണിതരൂപത്തിൽ മുന്നിലും പിന്നിലുമായി കിടക്കുന്ന മുൻ/പിൻ കുരിശുവള്ളികൾ (Anterior/Posterior Cruciate Ligaments). മധ്യമ/വശ തരുണാസ്ഥികൾ (medial and lateral menisci) അതുപോലെ പ്രാധാന്യമുള്ളവയാണ്.

മുൻകുരിശുവള്ളി (ACL) പൊട്ടുമ്പോൾ പലപ്പോഴും വലിയ വേദനയൊന്നും ഉണ്ടാകില്ല. അന്നേരം മുട്ടിൽ നിന്നും ‘പ്ലൊപ്പ്’ എന്നൊരുശബ്ദം പലരും കേൾക്കാറുണ്ട്. ആ സീസൺ പിന്നെ കളിക്കാൻ പറ്റില്ല എന്നതാണ് ഈ പരിക്കിന്റെ ഒന്നാമത്തെ ദുര്യോഗം.

നിന്നിടത്തുനിന്ന് ശക്തിയായി തിരിയുമ്പോഴോ ചാടിഉയർന്ന് ലാന്റ് ചെയ്യുമ്പോൾ കാൽ-ശരീരത്തെ അപേക്ഷിച്ച് തിരിഞ്ഞുപോയാലോ തരുണാസ്ഥികൾക്ക് പരിക്കേൽക്കാം.

ഫുട്ബോൾ കളിക്കുന്ന വനിതകളിൽ മുട്ടിനുപരിക്കേൽക്കാനുള്ള സാധ്യത പുരുഷൻമാരെ അപേക്ഷിച്ച് കൂടുതലാണ് എന്ന് കാണുന്നു. ജനിതക ബയോമെക്കാനിക്കൽ കാരണങ്ങൾ ആകാം കാരണം.

?വിദഗ്ദ ഡോക്ടറുടെ ക്ളിനിക്കൽ പരിശോധനയിലൂടെ ഇത്തരം പരിക്കുകൾ മനസ്സിലാക്കാന് സാധിക്കും. MRI സ്കാന് ആണ് രോഗനിർണ്ണയത്തിന് അവലംബിക്കുന്നത്. ആർത്രോസ്കോപ്പിയിലൂടെ രോഗനിര്ണ്ണയത്തിനും ശസ്ത്രക്രിയ നടത്തുവാനും സാധിക്കും. ശരിയായ സമയത്ത് നടത്തുന്ന ശസ്ത്രക്രിയയും തുടര്ന്നുള്ള സ്പോര്ട്സ് റീഹാബിലിറ്റേഷന് വ്യായാമങ്ങളും കളിക്കാരനെ വീണ്ടും കളത്തിലിറങ്ങാന് പ്രാപ്തനാക്കുന്നു.

? പേരുള്ളതും ഇല്ലാത്തതുമായ വിവിധതരം പേശീ-മൃദുകലാ പ്രശ്നങ്ങളും ഫുട്ബോൾ കളിക്കാർക്ക് നേരിടേണ്ടി വരാറുണ്ട്.

ഉൾതുടയിലെ പേശിവലിവ്, പിൻതുടയിലെ പേശിവലിവ്, കാൽമുട്ടിലോ അതിന് തൊട്ടുതാഴെയോ ആയി പുറംവശത്തേക്ക് വേദന വരുന്ന ലക്ഷണമുള്ള ‘ഇലിയോ ടിബിയൽ ബാന്റ് സിൻഡ്രോം’, കാൽമുട്ടിലെ ചിരട്ടക്കടിയിലും വശങ്ങളിലും വേദന വരുന്ന ലക്ഷണമുള്ള ‘പാറ്റല്ലോ ഫിമറെൽ പെയ്ൻ സിൻഡ്രോം, നന്നായി കളിച്ച് 24 – 48 മണിക്കൂർ കഴിഞ്ഞാൽ പേശിവേദനയും എടങ്ങേറും ആയി വരുന്ന ‘ഡിലെയ്ഡ് ഓൺസെറ്റ് മസിൽ സോർനെസ്’, മുട്ടിനുതാഴെ കാലിന്റെ മുൻഭാഗത്തെ ‘ഷിൻസ്പ്ലിന്റ് ‘ വേദന,പിൻഭാഗത്തെ കാഫ്മസിലിനെ ലവന്റെ വള്ളി (Achilles Tendon) താഴോട്ട് പിടിച്ചുവലിച്ചതിനാല് വരുന്ന ‘പുൾഡ് കാഫ്മസിൽ’ (Pulled calfmuscle), പാദങ്ങളെ ബാധിക്കുന്ന മോർട്ടൻസ് മെറ്റാടാർസാൾജിയ, കണങ്കാലിലെ പ്ളാന്റാർ ഫാഷൈറ്റിസ്,

മൂക്കിനോ ചെവിക്കോ മറ്റവയങ്ങൾക്കോ ഏൽക്കാവുന്ന പരിക്കുകൾ, കൗമാരക്കാരുടെ കണങ്കാലുവേദനയായ സിവേഴ്സ് (Severs disease), അതേ പ്രായത്തില് മുട്ടിലെ ചിരട്ടയുടെ താഴ്ഭാഗത്ത് വേദന വരുത്തുന്ന സിന്ഡിങ്ങ് ലാസന് ജൊഹാന്സന് രോഗം, മുട്ടിനു താഴെ ടിബിയ അസ്ഥിയില് വേദന വരുത്തുന്ന ഒാസ്ഗുഡ് അസുഖം എന്നിവ അവയിൽ പ്രധാനമാണ്.

?ക്ലിനിക്കൽ ആയും അൾട്രാസൗണ്ട്, എം ആർ ഐ എന്നിവയുടെ സഹായത്തോടെയും നേരത്തേ രോഗനിർണ്ണയം നടത്തുക.

ശരിയായ വിശ്രമവും വേദന കുറക്കാൻ മരുന്നും ഐസും, ടേപ്പിങ്ങും, കൂടാതെ അൾട്രാസൗണ്ട് തെറാപ്പി, ഷോർട്ട് വേവ്, ടെൻസ് തുടങ്ങിയ ഫിസിക്കൽ മൊഡാലിറ്റികൾ ഉപയോഗിക്കുക.

മാറാതെ വരുമ്പോൾ ഇഞ്ചക്ഷനുകളും ലഘുസർജറികളും വേണ്ടി വന്നേക്കാം. അവക്കൊപ്പം തന്നെ നിർദ്ദിഷ്ട വ്യായാമങ്ങളിലൂടെ ഫിറ്റ്നെസ് വീണ്ടെടുക്കാനും ഫുട്ബോൾ പ്ലെയർ ശ്രമിക്കേണ്ടതുണ്ട്.

?കൗമാരത്തിലും കരിയറിന്റെ ആദ്യഘട്ടത്തിലും പല മിടുക്കന്മാരുടെയും ജീവന് അപഹരിച്ച രോഗമാണ് HOCM-(Hypertrophic Obstructive Cardio Myopathy). കായികാധ്വാനം മൂലമുള്ള ഹൃദയത്തിലെ അതിസമ്മര്ദ്ദം മരണത്തിന് കാരണമാകുന്ന തരം അസുഖമാണിത്. കളത്തിലിറങ്ങുന്നതിനു മുന്പ് ആരോഗ്യസ്ക്രീനിങ്ങ് നടത്തണം എന്ന വിദഗ്ദ നിര്ദ്ദേശം ഇത്തരം അസുഖമുള്ളവരുടെ രക്ഷയെ കരുതിക്കൂടിയാണ്.

? ആധുനികവൈദ്യശാസ്ത്രം ഓരോ പ്രയാസങ്ങള്ക്കും മരുന്നും വ്യായാമവുമുള്പ്പെടെ ചികിത്സാ പദ്ധതികൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. അതെ, പരിക്കുകണ്ട് ആവേശം കെടുന്ന/കെടേണ്ട മത്സരമല്ല ഫുട്ബോൾ.

? അന്താരാഷ്ട്ര ഫുട്ബോള് ഫെഡറേഷനായ ഫിഫ(FIFA) സ്പോർട്സ് പരിക്കുകളെ വളരെ ഗൗരവത്തോടെയും സമഗ്രമായും ആണ് സമീപിച്ചിരിക്കുന്നത്.

ശരിയായ വാം-അപ്പ് വ്യായാമ പരിശീലനത്തിലൂടെ നൈരന്തര്യം കൊണ്ടുള്ളതും ആകസ്മികമായതുമായ പരിക്കുകളെ വലിയതോതില് തടയാൻ സാധിക്കും. അതിനായി ’11 Plus’ എന്ന ശാസ്ത്രീയ വ്യായാമപദ്ധതി FIFA ആവിഷ്കരിച്ചിട്ടുണ്ട്.

FIFA മാനദണ്ഡപ്രകാരം കളിക്കാരന്റെ അടിസ്ഥാന ഉപകരണങ്ങളില് ഷിന്ഗാര്ഡ് (കാലില് അണിയാന്), ബൂട്ട് എന്നിവമാത്രമാണ് നിർബന്ധമായും ധരിക്കേണ്ട സുരക്ഷാകവചങ്ങൾ. എങ്കിലും ലഘുഭാരമുള്ള ആധുനികസുരക്ഷാ കവചങ്ങളായ ഹെഡ്ഗിയര്, ഫെയ്സ്മാസ്ക്, മുട്ടിലും കൈതണ്ടിലും ഉപയോഗിക്കുന്ന പാഡുകള്, സ്പോര്ട്സ് കണ്ണടകള് എന്നിവ ഉപയോഗിക്കാനും കളിക്കാര്ക്ക് ഫിഫ അനുമതിയുണ്ട്. കൂടാതെ ഫിഫയിൽ രജിസ്റ്റര് ചെയ്ത കളിക്കാര്ക്ക് ഇന്ഷുറൻസ് കവറേജും ഉണ്ട്.

കളത്തിനു പുറത്തെ ഫാന്ഫെെറ്റും ആത്മഹത്യകളും കൊലപാതകങ്ങളുമൊന്നും ഫുട്ബോളിന്റെ ആവേശത്തിന് ഒട്ടും പോറലേല്പ്പിച്ചിട്ടില്ല, കളത്തിനകത്തെ പരിക്കുകളും.

എന്തെന്നാല് ഇത് ചെറിയ കളിയല്ല, ജീവിതം തന്നെയാണ്.

ലേഖകർ
Dr Viswanathan K. Trained at trivandrum Medical College. Finished MS Ortho in 2000 and have been working in private hospitals.Presently at Trivandrum Medical Centre. Area of interest is sports medicine surgery and Arthroplasty surgery. Interests are fitness and reading.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ