· 2 മിനിറ്റ് വായന
വോട്ടെണ്ണും നേരത്തു #stayhome
നാളെ വോട്ടെണ്ണൽ ദിനമാണ്.
വളരെയധികം നിർണായകമായ വരുന്ന അഞ്ചു വർഷക്കാലത്തേക്ക് നമ്മെ ആരാണ് ഭരിക്കാൻ പോകുന്നത് എന്ന് നാം അറിയുന്ന ദിവസം. മാസങ്ങൾ നീണ്ട പ്രചരണത്തിന് ശേഷം, പ്രകടനപത്രികയും വാഗ്ദാനങ്ങളും അവലോകനം ചെയ്ത്, നമ്മെ ആര് ഭരിക്കണമെന്ന് തീരുമാനിച്ച്, വോട്ട് രേഖപ്പെടുത്തിയതിന്റെ ഫലം അറിയുന്ന ദിവസം.
ആകാംക്ഷയും പ്രതീക്ഷകളും ഫലമറിയുമ്പൊഴുളള ആവേശവുമൊക്കെ സ്വഭാവികമാണ്. കണക്കുകൾ വിധി നിർണയിക്കുന്ന ആ തിരഞ്ഞെടുപ്പ് ദിനത്തിൽ ഫലം കാത്തിരിക്കുമ്പൊൾ മറ്റ് ചില കണക്കുകളിലേക്കു കൂടി ശ്രദ്ധയെ ക്ഷണിക്കുകയാണ്.
കോവിഡ് ആഞ്ഞടിച്ചു കൊണ്ടിരിക്കുകയാണ് ചുറ്റിലും. പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം 38,000 ഉം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനവും.
കഴിഞ്ഞ ഒരു വർഷമായി നമ്മോടൊപ്പം ഉണ്ടായിരുന്ന കോവിഡ് കഴിഞ്ഞമാസം അവസാനത്തോടെ കുറഞ്ഞ് പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകൾ 2500 വരെയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5% വരെയും താഴ്ന്നതായിരുന്നു.
പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിൽ നമ്മളുടെ ഭാഗത്തുണ്ടായ അലംഭാവവും വ്യാപന ശേഷി കൂടുതലുള്ള മ്യൂട്ടന്റ് സ്ട്രെയ്നുകളുടെ സാന്നിധ്യവും ഇന്ന് ഗുരുതരമായ ഒരു അവസ്ഥയിലാണ് നമ്മൾ എത്തിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചരണപരിപാടികൾക്കിടയിൽ കോവിഡ് പ്രതിരോധം വാക്കുകളിലും എഴുത്തുകളിലും മാത്രമായി ഒതുങ്ങി പോയതും ഒരു പ്രധാന കാരണം ആവണം.
സുവ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകളും നിലപാടുകളും കക്ഷി രാഷ്ട്രീയവും നമുക്ക് ഓരോരുത്തർക്കും ഉണ്ടായിരിക്കാം. ഓരോ വ്യക്തികളും അനുകൂലിക്കുന്നവർ വിജയിക്കണമെന്ന ആഗ്രഹവുമുണ്ടാവാം. വിജയിക്കുന്നവരുടെ ആഹ്ലാദ പ്രകടനവും ചർച്ചകളും പരാജയപ്പെടുന്നവരുടെ ഒത്തുചേരലും വിലയിരുത്തലുകളും ഒക്കെ സാധാരണ സംഭവിക്കുന്ന ദിവസമാണ് വോട്ടെണ്ണൽ ദിനം.
പക്ഷേ ഇത്തവണ അതിനൊക്കെ മൂക്കുകയറിട്ടേ മതിയാവൂ. മുൻപ് കടലാസിൽ എഴുതിയത് മറന്നത് പോലെ ചെയ്യാൻ സാധിക്കുന്ന അവസ്ഥയല്ലിന്ന്. അതിൻറെ ഗൗരവം മനസ്സിലാക്കാത്തവർ ഉണ്ടെന്നു തോന്നുന്നില്ല. ഡൽഹിയിലും ഉത്തർപ്രദേശിലും ഒക്കെ ഉണ്ടായ ദൗർഭാഗ്യകരമായ സംഭവങ്ങൾ നമുക്ക് പാഠമാവണം. പക്ഷേ ഇപ്പോഴും കൃത്യമായി മാസ്ക് ധരിക്കാത്തവരും ശരീരിക അകലം പാലിക്കാത്തവരും പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കാത്തവരും നമുക്കിടയിലുണ്ട്. ഇക്കാരണത്താൽ ആയിരക്കണക്കിന് പേർക്കെതിരെ പ്രതിദിനം കേസെടുക്കുന്ന അവസ്ഥ കേരളത്തിൽ ഉണ്ട്.
മുൻപ് നോക്കി കണ്ടിരുന്നത് പോലെ യൂറോപ്പിലും അമേരിക്കയിലും മാത്രം മരണങ്ങൾ കൊയ്തെടുത്ത മഹാമാരി അല്ല കോവിഡ് ഇപ്പോൾ… ഇന്ത്യയിൽ പ്രതിദിനം 3000 മരണങ്ങൾ സൃഷ്ടിക്കുന്ന മഹാമാരി ആണത്.
അതുകൊണ്ട് നമുക്ക് ഒരു തീരുമാനമെടുക്കാം. ഇത്തവണ ഫലം എന്തുതന്നെയായാലും കൊവിഡ് മാനദണ്ഡങ്ങളാവണം വിജയിക്കേണ്ടത്.
നിയന്ത്രണങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് ഒത്തുചേരാനും ആഘോഷിക്കുവാനും എളുപ്പമാണ്. പോലീസ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടില്ലെങ്കിൽ നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാനും സാധിച്ചേക്കും. പക്ഷേ, കോവിഡ് എന്ന മഹാമാരിയെ അതുപോലെ കബളിപ്പിക്കാൻ സാധിക്കില്ല.
ചർച്ചകൾക്കും കൂടിച്ചേരലുകൾക്കും ആഹ്ലാദപ്രകടനങ്ങൾക്കും ഓൺലൈനിൽ ആവശ്യത്തിലധികം അവസരമുണ്ടല്ലോ. വോട്ടെണ്ണൽ ചർച്ചകളും ആഘോഷങ്ങളും വിലയിരുത്തലുകളും ഓൺലൈനിൽ മാത്രമാക്കാം.
ഒരു ദിവസത്തെ അശ്രദ്ധ ഒരായുസിൻ്റെ ആഹ്ലാദം കെടുത്താതിരിക്കാൻ പരിശ്രമിക്കേണ്ട കടമ നമുക്കോരോരുത്തർക്കുമുണ്ട്. വികാരം വിവേകത്തെ കീഴ്പ്പെടുത്തരുത്.