· 7 മിനിറ്റ് വായന

പഞ്ചാര കള്ളങ്ങൾ

EndocrinologyHoaxLife Styleകിംവദന്തികൾപൊതുജനാരോഗ്യം

പ്രമേഹരോഗത്തെപ്പറ്റിയും അതിന്‍റെ ചികിത്സയെ പറ്റിയും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുന്നുണ്ടല്ലോ. അര്‍ദ്ധസത്യങ്ങള്‍ സമര്‍ത്ഥമായി ഉപയോഗിച്ച് നിര്‍മ്മിച്ച ആ കുറിപ്പ് ഏതെങ്കിലും പ്രമേഹ രോഗിയുടെ ജീവനു ഭീഷണി ആയേക്കാം.

നമ്മുടെ ശരീരത്തിനു വളരെ ആവശ്യമുള്ള വസ്തുവാണ് ഗ്ലൂക്കോസ്. നാം കഴിക്കുന്ന ഭക്ഷണം പ്രധാനമായും ഗ്ലൂക്കോസ് ആയി മാറിയാണ് ശരീരത്തിന്‍റെ ഊര്‍ജ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നത്. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഈ ഗ്ലൂക്കോസിന് നമ്മുടെ ശരീരത്തിലെ കോശങ്ങളില്‍ കയറിക്കൂടാന്‍ സാധിക്കാതെ വരാം. തുടര്‍ന്ന് കോശങ്ങള്‍ക്ക് ഗ്ലൂക്കോസ് ലഭിക്കാതെ അവ പട്ടിണി ആകും. ശരീരം നിര്‍മിച്ച ഗ്ലൂക്കോസ് ആകട്ടെ, ഗതി കിട്ടാതെ രക്തത്തില്‍ കറങ്ങി നടക്കുകയും ചെയ്യും. ഇതാണ് പ്രമേഹം.

രക്തത്തില്‍ വളരെ ഉയര്‍ന്ന അളവില്‍ ഗ്ലൂക്കോസ് ഉണ്ടായാലോ ? പഞ്ചസാര കൂടുതല്‍ കലക്കിയ വെള്ളം പോലെ രക്തത്തിന് കട്ടി കൂടും. ഇത് അപകടമായതുകൊണ്ട് വൃക്കകള്‍ ഈ ഗ്ലൂക്കോസിനെ മൂത്രത്തില്‍ പുറം കൂടി തള്ളുകയും ചെയ്യും. അതുകൊണ്ടാണ് പ്രമേഹ രോഗിയുടെ മൂത്രത്തില്‍ പഞ്ചസാര കാണപ്പെടുന്നത്. പ്രമേഹമെന്നത് (ഡയബറ്റിസ് മെലിറ്റസ്) ഒരൊറ്റ രോഗമല്ല. ശരീരത്തിലെ ഒരു പ്രധാന പ്രവർത്തനമായ ഗ്ലൂക്കോസ്‌ വിന്യാസം കൃത്യമായി നടക്കാതെ വരികയും അതേ തുടർന്ന്‌ വിവിധ അവയവങ്ങളുടെ സ്വാഭാവികധർമ്മങ്ങൾ അപര്യാപ്‌തവുമാകുന്ന അവസ്‌ഥയാണ്‌ പ്രമേഹം.

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പ്രധാനമായും നിയന്ത്രിക്കുന്നത് ഇൻസുലിൻ, ഗ്ലൂക്കഗോൺ തുടങ്ങിയ ആഗ്നേയഗ്രന്ഥിയിൽ ഉത്പാദിപ്പിക്കുന്ന ഹോർമോണുകളുടെ പ്രവർത്തനത്തിലുള്ള ബാലൻസിങ്ങ് വഴിയാണ്. ഇൻസുലിന്റെ ഉത്പാദനത്തിലും പ്രവർത്തനത്തിലും വ്യതിയാനം വരുന്നത് ഗ്ലൂക്കോസ് അളവിൽ ഏറ്റക്കുറച്ചിലുണ്ടാക്കും. ഇൻസുലിന്റെ ഉത്പാദനത്തിലെ കുറവ്, ഇൻസുലിൻ റെസിസ്റ്റൻസ് തുടങ്ങി പല കാരണങ്ങൾ മൂലം പ്രമേഹമുണ്ടാകാം.

ഒരു വശത്ത് ഒരാനയും മറുവശത്ത് നാലഞ്ചു മല്ലന്മാരും നിന്ന് വടം വലി മത്സരം നടത്തുന്ന ഒരു വിനോദം കണ്ടു കാണുമല്ലോ. ഒരു വശത്ത് ഇൻസുലിൻ എന്ന ആനയും മറുവശത്ത് ഗ്ലൂക്കഗോൺ, അഡ്രിനാലിൻ, നോർ-അഡ്രിനാലിൻ തുടങ്ങിയ മല്ലന്മാരും എന്നു വെക്കുക. ഗ്ലൂക്കോസ് അടക്കമുള്ള ഊർജ്ജസ്രോതസ്സുകളുടെ യുക്തമായ ഉപയോഗത്തിലൂടെയും കോശങ്ങളിൽ ശേഖരിച്ചു വെക്കുന്നതിലൂടെയും ഷുഗറിന്റെ രക്തത്തിലെ അളവ് കുറക്കുവാൻ ആന ഒരു വശത്തേക്ക് വടം വലിക്കുന്നു. മറുവശത്ത് നിൽക്കുന്നവർ ശേഖരിച്ചു വെച്ചതിൽ നിന്ന് രക്തത്തിലേക്ക് ഗ്ലൂക്കോസ് എത്തിച്ച് ഷുഗറിന്റെ അളവ് കൂട്ടുന്നു. ഈ വടംവലിയിൽ ആരും ജയിക്കുന്നില്ല. ശരീരത്തിന്റെ ആവശ്യം അനുസരിച്ച് ആനയും മല്ലന്മാരും മേൽക്കൈ നേടും. സകലം സ്വസ്ഥം, ഭദ്രം.

എന്നാൽ പ്രമേഹത്തിൽ ഈ അവസ്ഥ അട്ടിമറിക്കപ്പെടുന്നു. പാൻക്രിയാസ് എന്ന ചെറുകുടലിന്റെ വളവിലുള്ള ഗ്രന്ഥിയിലെ ബീറ്റാ കോശങ്ങളാണ് ഇൻസുലിൻ ഉത്പാദിപ്പിക്കുന്നത്. ബീറ്റാ കോശങ്ങളിൽ നിന്നും ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിക്കപ്പെടാത്തതും (Type 1) ഉത്പാദിക്കപ്പെടുന്ന ഇൻസുലിനോട് കോശങ്ങൾ പ്രതികരിക്കാത്തതും (ഇൻസുലിൻ നിസ്സംഗത – Insulin Resistance- Type II) പ്രമേഹത്തിന് വഴി തെളിക്കുന്നു.

അടുത്തകാലത്ത് പ്രമേഹത്തെ കുറിച്ച് പ്രചരിപ്പിക്കപ്പെടുന്ന വ്യാജസന്ദേശത്തിലെ ചോദ്യങ്ങളുടെ ഉത്തരങ്ങളായാണ് ഈ പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.

  1. കൂടുതല്‍ വെള്ളം കുടിച്ച് മൂത്രത്തില്‍ പഞ്ചസാര ഒഴുക്കിക്കളഞ്ഞാല്‍ പ്രമേഹം മാറുമോ ?

ഈ യുക്തി തന്നെ തെറ്റാണ്. ശരീരത്തിന് താങ്ങാനാവാത്ത അളവിൽ രക്തത്തിൽ പഞ്ചസാര ഉണ്ടെങ്കിൽ നമ്മൾ ഒന്നും ചെയ്യാതെ തന്നെ ശരീരം അത് മൂത്രത്തിൽ പുറംതള്ളും. ദാഹം മൂലം നാം കൂടുതൽ വെള്ളം കുട്ടിക്കുകയും ചെയ്യും. എന്നാൽ ഇതുകൊണ്ട് പ്രമേഹരോഗം പരിഹരിക്കപ്പെടുകയില്ല. ശരീരത്തിന് വളരെ ആവശ്യമുള്ള ഇന്ധനമായ പഞ്ചസാരയാണ് മൂത്രത്തിൽ നഷ്ടപ്പെടുന്നത്. ഇതുമൂലം ശരീരം മെലിയുകയും പൊതുവായ ആരോഗ്യം മോശമാകുകയും വൃക്കകളുടെ പ്രവർത്തനഭാരം വർദ്ധിക്കുകയും ചെയ്യും. ശരീരത്തിന് ആവശ്യമുള്ള ജലാംശവും ലവണങ്ങളും മൂത്രത്തിൽ കൂടി നഷ്ടപ്പെടുകയും ചെയ്യും. ഇത്രയൊക്കെ സംഭവിച്ചാൽപ്പോലും രക്തത്തിലെ പഞ്ചസാര സാധാരണ നിലയിൽ എത്തിക്കാൻ വൃക്കകൾക്ക് സാധിക്കുകയുമില്ല. ചുരുക്കിപ്പറഞ്ഞാൽ മൂത്രത്തിലെ പഞ്ചസാര ശരീരത്തിന്റെ നിവൃത്തികേടിനെയാണ് സൂചിപ്പിക്കുന്നത്.

  1. മൂത്രത്തില്‍ പഞ്ചസാരയുണ്ടാകും എന്നതിന് രക്തം പരിശോധിക്കുന്നത് എന്തിനാണ് ?

പ്രമേഹം ഉണ്ടോ എന്നറിയാന്‍ മാത്രമല്ല നാം ഒരാളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്നത്. പ്രമേഹം മൂലം രക്തക്കുഴലുകള്‍, വൃക്കകൾ, കണ്ണുകള്‍, ഹൃദയം, നാഡികള്‍, തലച്ചോര്‍ എന്നീ അവയവങ്ങള്‍ക്കൊക്കെ തകരാറുകള്‍ സംഭവിക്കാം. ഈ തകരാറുകളാണ് ഒരു പ്രമേഹ രോഗിയുടെ ജീവിതം ദുഷ്കരമാക്കുന്നത്. ജീവിത ശൈലിയിലെ മാറ്റവും കൃത്യമായ തോതില്‍ മരുന്നുകളും ഉപയോഗിച്ച് രക്തത്തിലെ പഞ്ചസാരയെ പരിധിക്കുള്ളിൽ നിര്‍ത്തിയില്ലെങ്കില്‍ അത് ആന്തരാവയവങ്ങളെ തകരാറിലാക്കും. പ്രമേഹത്തിന്റെ നില എത്രയെന്നറിയാനും കൂടിയാണ് പരിശോധനകൾ ചെയ്യുന്നത്.

കൂടുതൽ കൃത്യതയും വ്യക്തതയുമുള്ള ടെസ്റ്റുകൾ വരുമ്പോൾ പഴമയിലേക്ക് പോകേണ്ട കാര്യമില്ലല്ലോ. മൂത്ര പരിശോധനയിലെ നിറവ്യത്യാസം നോക്കി ശരീരത്തിലെ പഞ്ചസാരയെ കുറിച്ചേകദേശ ധാരണ ഉണ്ടാക്കുവാൻ മാത്രമേ പണ്ട് സാധിച്ചിരുന്നുള്ളൂ. എന്നാൽ ശാസ്ത്രത്തിന്റെ വളർച്ചകൊണ്ട് കൂടുതൽ കൃത്യമായി രക്തത്തിലെ ഗ്ലൂക്കോസ് നിർണ്ണയിക്കാനാവുന്നു. അതിൽ ഗൂഢാലോചനാ സിദ്ധാന്തത്തിന് പ്രസക്തിയില്ല.

  1. രക്തത്തില്‍ ഏത് അളവില്‍ പഞ്ചരാസ ഉണ്ടെങ്കിലാണ് പ്രമേഹം എന്ന് പറയുന്നത് ?

ഭക്ഷണം കഴിക്കാതെ രാവിലെ രക്തം പരിശോധിച്ചാല്‍ പഞ്ചസാര 126 നു മുകളില്‍ ഉണ്ടെങ്കിലാണ് പ്രമേഹം എന്നു പറയുന്നത്. ഭക്ഷണം കഴിച്ച ശേഷം 200 നു മുകളില്‍ ഉണ്ടെങ്കിലും പ്രമേഹം ഉണ്ടെന്നു മനസ്സിലാക്കാം. ആരോഗ്യവാനായ ഒരാള്‍ക്ക് ഭക്ഷണത്തിനു മുന്‍പ് 110 നു താഴെ ആയിരിക്കണം പഞ്ചസാരയുടെ അളവ്. 110നും 126 നും ഇടയില്‍ ഉള്ളവര്‍ ഭാവിയില്‍ പ്രമേഹരോഗി ആകാന്‍ സാധ്യത ഏറെയാണ്‌. ഇത്തരക്കാര്‍ ജീവിത ശൈലിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കണം.

തലേന്ന് ഭക്ഷണം കഴിക്കാതെ ഡോക്ടറെ പറ്റിക്കാൻ നടക്കുന്ന അപ്പച്ചന്മാർക്കും അമ്മച്ചിമാർക്കുമായിട്ട് മറ്റൊരു ടെസ്റ്റ് കൂടെ ഉണ്ട്. മൂന്ന് മാസത്തെ ഏകദേശ ഷുഗർ നിയന്ത്രണത്തെക്കുറിച്ച് അറിയാൻ; HbA1C.

  1. ഈ അളവ് കുറച്ചു കുറച്ചു കൊണ്ടുവരുന്നു എന്ന് പറയുന്നുണ്ടല്ലോ ? ഇത് മരുന്നുകമ്പനികളെ സഹായിക്കാനല്ലേ ?

ഈ അളവ് കുറച്ചു കൊണ്ടുവരുന്നു എന്നു പറയുന്നത് ഏതാണ്ട് ശരിയാണ്. 126 എന്നത് 109 ആയും 200 എന്നത് 180 ആയും കുറയ്ക്കാനുള്ള നിര്‍ദേശങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇത് പലയിടങ്ങളിലും നടപ്പാക്കാന്‍ ആരംഭിച്ചിട്ടുമുണ്ട്. മരുന്നു കമ്പനികളെ സഹായിക്കാനല്ല ഈ മാറ്റം. മറിച്ച് , പ്രമേഹത്തെ കുറിച്ച് പുതിയ വിശദമായ പഠനങ്ങള്‍ നടന്നതിന്‍റെ ഫലമായി നമുക്ക് ആ രോഗത്തെ പറ്റി കൂടുതല്‍ മനസിലായിവരുന്നു എന്നതിനെ തുടര്‍ന്നാണ്‌ ഇത്തരം മാറ്റങ്ങള്‍ നാം വരുത്തുന്നത്. 126-ൽ താഴെ പഞ്ചസാരയുള്ള നിശ്ചിത ശതമാനം ആളുകളിലും ആന്തരാവയവങ്ങളെ പ്രമേഹം ബാധിക്കുന്നതിന്‍റെ ലക്ഷണങ്ങള്‍ കണ്ടുപിടിക്കാന്‍ പുതിയ, കൂടുതല്‍ കൃത്യമായ പരീക്ഷണങ്ങള്‍ക്ക് സാധിച്ചു. ഇങ്ങനെ നിരവധി ഗവേഷണങ്ങളും പഠനങ്ങളും ആധാരമാക്കി ലോകാരോഗ്യ സംഘടനയും അമേരിക്കൻ ഡയബറ്റിക് അസോസിയേഷനും പ്രമേഹരോഗനിർണയത്തിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്താറുണ്ട്.

മരുന്ന് നേരത്തേ തുടങ്ങിയാല്‍ രോഗിക്ക് അതു ഗുണമാണോ ദോഷമാണോ ചെയ്യുക എന്നുകൂടി വിശദമായി പഠിച്ച ശേഷമാണ് ഇത്തരത്തില്‍ ഒരു മാറ്റത്തിന് പ്രമേഹ ഗവേഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംഘടനകള്‍ ശുപാര്‍ശ ചെയ്യുന്നത്. ഇതില്‍ മരുന്നുകമ്പനികള്‍ക്ക് കയ്യില്ല.

  1. പ്രമേഹത്തിന് മരുന്ന് കഴിക്കുന്നത്‌ കൊണ്ടല്ലേ വൃക്കയും മറ്റും തകരാറിലാകുന്നത് ?

അല്ല. പ്രമേഹ രോഗം രക്തക്കുഴലുകളെ ബാധിക്കാന്‍ സാധ്യതയുണ്ട്. രക്തത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന പഞ്ചസാര മറ്റു കോശങ്ങളെയും മോശമായി ബാധിക്കും. പ്രമേഹ രോഗത്തില്‍ പട്ടിണി ആയ കോശങ്ങള്‍ രക്ഷപ്പെടാന്‍ പല വഴികളും തേടും. ഇതും ശരീരത്തിന്‍റെ ഉപാപചയ പ്രക്രിയയെ താളം തെറ്റിക്കും. ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമാണ് പ്രമേഹത്തിന് നിങ്ങളുടെ ഡോക്ടര്‍ കുറിക്കുന്ന മരുന്നുകള്‍. അവ നിങ്ങളുടെ വൃക്കകളെയും ആന്തരാവയവങ്ങളെയും സംരക്ഷിക്കുകയാണ് ചെയ്യുക.

വൃക്കരോഗം മാത്രമല്ല, പ്രമേഹം നിയന്ത്രിച്ചില്ലെങ്കിൽ കണ്ണ്, നാഡികൾ തുടങ്ങിയവക്കും കേടുപാടുകൾ സംഭവിക്കും. രക്തത്തിലെ ഉയർന്ന അളവിലുള്ള ഗ്ലൂക്കോസ് ചുവന്ന രക്താണുക്കളിലും മാറ്റങ്ങൾ സൃഷ്ടിക്കും. മുറിവുകൾ ഉണങ്ങാൻ കാലതാമസം നേരിടുക, ഹൃദ്രോഗത്തിനുള്ള ഉയർന്ന സാദ്ധ്യത, സ്ട്രോക്ക് പോലെയുള്ള അസുഖങ്ങൾക്ക് ഉയർന്ന സാദ്ധ്യത തുടങ്ങി ലൈംഗിക ശേഷിയിലെ വ്യതിയാനം വരെ നീണ്ട ഒരു ലിസ്റ്റുണ്ട്. ഇനി അത് പറഞ്ഞ് പേടിപ്പിച്ചെന്ന് പറഞ്ഞാലും ഒരു പ്രശ്നവുമില്ല. അങ്ങനെയെങ്കിലും ശ്രദ്ധ കാണിച്ചാൽ മതി.

ഏതെങ്കിലും ഒരു അവയവത്തെ മാത്രം ബാധിക്കുന്ന ഒരു രോഗമല്ല പ്രമേഹം എന്നുപറഞ്ഞല്ലോ. മിക്കവരിലും പ്രമേഹരോഗം കണ്ടുപിടിക്കുന്നത് രോഗം ആരംഭിച്ച് വർഷങ്ങൾക്ക് ശേഷമായിരിക്കും. അപ്പോഴേക്ക് മറ്റ് അവയവങ്ങളെ ബാധിക്കാൻ തുടങ്ങിയിട്ടുണ്ടാകും. പുതുതായി രോഗം കണ്ടുപിടിക്കപ്പെട്ടവരിൽ 35% ആളുകൾക്കും എന്തെങ്കിലും ഒരു തരത്തിലുള്ള കോമ്പ്ലിക്കേഷനുകൾ ഉണ്ടായിരിക്കുമെന്നാണ് കണക്ക്. സ്വഭാവികമായും നമ്മുടെ നാട്ടുനടപ്പനുസരിച്ച് ഈ 35% മരുന്നിന്റെ തലയിലേക്ക് വച്ചുകൊടുക്കപ്പെടും.

  1. പ്രമേഹ രോഗി ആയ വ്യക്തി എന്നും രോഗി ആയി തുടരണം എന്ന ആസുത്രിതം ആയ ലക്ഷ്യത്തോടെയല്ലേ രാസവസ്തുക്കളായ മരുന്നുകൾ ആജീവനാന്തകാലം കഴിക്കണം എന്നുപറയുന്നത് ?

ആദ്യം രാസ വിഷത്തെക്കുറിച്ച്. പീരിയോഡിക് ടേബിളിലെ മൂലകങ്ങൾ ചേർത്തുണ്ടാക്കിയ രാസ സംയുക്തങ്ങൾ അല്ലാതെ മറ്റെന്തെങ്കിലും നമുക്ക് ഭക്ഷിക്കാനാകുമോ ?

ഹോർമോണുകളിലെ വ്യതിയാനം കൊണ്ടാണ് രക്തത്തിലെ പഞ്ചസാരയുടെ അളവിലെ നിയന്ത്രണം നഷ്ടമാകുന്നതെന്ന് പറഞ്ഞുവല്ലോ. ആഗ്നേയഗ്രന്ഥിയിലെ ബീറ്റാ കോശങ്ങൾ ആണ് ഇൻസുലിൻ ഉത്പാദിപ്പിക്കുന്നത്. ടൈപ് 1 പ്രമേഹത്തിൽ ഈ കോശങ്ങൾ 70% വരെ നശിച്ചു കഴിയുമ്പോളാണ് ലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങുന്നത്. ടൈപ് 2 ൽ ആദ്യം ബീറ്റാ സെല്ലുകൾ ഇൻസുലിന്റെ ഉത്പാദനം കൂട്ടി ഇൻസുലിൻ റെസിസ്റ്റൻസിനെ മറികടക്കാൻ ശ്രമിക്കുമെങ്കിലും പരിധി വിടുന്നതോടെ അത് കഴിയാതെ വരുന്നു. ഒടുവിൽ അവയും നശിക്കുന്നതിലേക്ക് നീങ്ങുന്നു.15 വർഷം തരണം ചെയ്യുന്ന 33% ആളുകൾക്കും ഇൻസുലിനെ ആശ്രയിക്കേണ്ടിവരാം.

ഇൻസുലിന്റെ പ്രവർത്തനം കൂട്ടുന്നത് മുതൽ വൃക്കകളിലെ ഗ്ലൂക്കോസിന്റെ ആഗിരണം തടയുന്നത് വരെയുള്ള വ്യത്യസ്ത പ്രവർത്തന രീതികളുള്ള മരുന്നുകളുണ്ട്. ലോകത്തുള്ള ഏതിനും; 24 മണിക്കൂറും ശ്വസിക്കുന്ന ഓക്സിജൻ ഉൾപ്പടെ – അമിതമായാൽ ദോഷ വശങ്ങളുള്ളതുപോലെ മരുന്നുകൾക്കും ഉണ്ട്. പക്ഷേ രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കണം.

  1. ആധുനിക വൈദ്യശാസ്ത്രം മുന്നോട്ട് വെക്കുന്ന മരുന്നുകൾക്ക് എന്തൊക്കെ പാർശ്വഫലങ്ങളാണുള്ളതെന്ന് നേരത്തെ തന്നെ മനസിലാക്കപ്പെട്ടിട്ടുള്ളവയാണ്. പക്ഷേ ഒറ്റമൂലിയെന്ന പേരിൽ തരുന്നത് എന്താണെന്നോ അതിന്റെ ഫലം കിട്ടുന്നത് എങ്ങനെയാണെന്നോ പാർശ്വഫലം എന്താണെന്നോ ചോദിച്ചിട്ടുണ്ടോ ? ഇല്ലെങ്കിൽ ഇനി ചോദിക്കണം.
  2. മിക്ക മരുന്നുകളും ചികിൽസിക്കാൻ തരുന്നതിലും വളരെ കൂടിയ അളവിൽ കഴിച്ചാലേ ദോഷ ഫലങ്ങൾ ഉണ്ടാകൂ. രോഗം മൂലം ഉണ്ടാകുന്ന ദോഷങ്ങളും മരുന്ന് ഉണ്ടാക്കിയേക്കാവുന്ന പ്രശ്നങ്ങളും തട്ടിച്ച് നോക്കിയാണ് മരുന്ന് ഉപയോഗിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കപ്പെടുന്നത്.

പാൻക്രിയാസ് ശസ്ത്രക്രിയയിലൂടെ എടുത്ത് മാറ്റപ്പെട്ടതുകൊണ്ട് ഹോർമോൺ ബാലൻസ് നഷ്ടമായ ആൾക്കും ശരീരത്തിലെ ഇമ്യൂൺ സിസ്റ്റത്തിന്റെ ആക്രമണത്തിൽ ബീറ്റാ കോശങ്ങൾ നശിച്ചയാൾക്കും അമിത വണ്ണം ഇൻസുലിൻ റെസിസ്റ്റൻസ് ഉണ്ടാക്കിയ ആൾക്കും – മൂന്ന് വ്യത്യസ്ത കാരണങ്ങൾ – ഒരേ ഒറ്റമൂലി എങ്ങനെ സൗഖ്യം നൽകുമെന്ന് ഇന്നേവരെ മനസിലായിട്ടില്ല. ഇല്ലാത്ത പാൻ ക്രിയാസ് മുളച്ച് വരുമോന്നറിയില്ല. അതായത് ചില അവസരങ്ങളിൽ കുറുക്കുവഴികൾ ഉണ്ടാകാറില്ല. പനി ചികിൽസിച്ച് മാറ്റുന്നതുപോലെ പ്രമേഹം ചികിൽസിച്ച് മാറ്റാൻ സാധിക്കണമെന്നില്ല. പക്ഷേ ചിട്ടയായ ജീവിതശൈലിയുടെയും കൃത്യമായ ചികിൽസയുടെയും സഹായത്തോടെ സാധാരണ ജീവിതം നയിക്കുന്ന ഒട്ടനേകം പേരുണ്ട്. അതിൽ കായികതാരങ്ങളും ഡോക്ടർമാരും രാഷ്ട്രീയക്കാരും വിദ്യാർഥികളും ഒക്കെയുണ്ട്. ആകെ വേണ്ടത് ഒരു ടൈം ടേബിൾ മാത്രമാണ്.

  1. മെഡിസിന്‍ പഠിച്ചിറങ്ങുന്ന ഡോക്ടര്‍മാരാരും സ്വന്തമായി ഗവേഷണം നടത്തിയിട്ടല്ല ബിരുദം നേടി ഇറങ്ങുന്നത് ?

ഒരാൾ ഒരു മനുഷ്യായുസ്സ് മുഴുവൻ ശ്വാസം വിടാതെ ഇരുന്ന് പഠിച്ചാൽ തീരാവുന്നതല്ല ഈ ആറടിയിൽ ഉള്ളത്. വർഷങ്ങൾ മുൻപ് തൊട്ട് ജനിച്ച് ജീവിച്ച് പഠിച്ചവരുടെ പഠനങ്ങളും അനേകം ആളുകളുടെ ഗവേഷണങ്ങളുമൊക്കെ വഴിയാണ് ഇന്ന് കാണുന്ന ശാസ്ത്രത്തിന്റെ എല്ലാ കണ്ടുപിടിത്തങ്ങളും ഉണ്ടായിട്ടുള്ളത്. എഡിസൺ കണ്ടുപിടിച്ച ബൾബ് അത്ര പോരാ; ഇനി പഠിച്ചിറങ്ങുന്ന എഞ്ചിനീയർമാർ സ്വന്തമായി ഗവേഷണം നടത്തി ബൾബ് കണ്ടുപിടിച്ചിട്ട് വെട്ടം കണ്ടാൽ മതി. അതു വരെ മെഴുകുതിരി വച്ച് അഡ്ജസ്റ്റ് ചെയ്യാം എന്ന ചിന്താഗതിയാണോ സമൂഹത്തിന് ? അല്ലല്ലോ, അപ്പൊ വിശ്വാസ യോഗ്യമായ റിസേർച്ചുകൾ, സ്റ്റാൻഡാർഡ് ടെക്സ്റ്റുകൾ, പിന്നെ ക്ലിനിക്കിൽ നിന്ന് കിട്ടുന്ന അറിവുകൾ ശേഖരിച്ച് അപഗ്രഥിച്ച് കൂടുതൽ ശാസ്ത്രീയമായ ചികിത്സ നേടാനുള്ള സാഹചര്യം ഉണ്ടാക്കിക്കൊണ്ടേയിരിക്കണം. അല്ലാതെ നൂറ്റാണ്ടുകൾ പുറകോട്ട് സഞ്ചരിക്കുകയല്ല വേണ്ടത്.

  1. ജനങ്ങളെ കൊണ്ടു രാസ മരുന്നു തീറ്റിച്ചു തുടങ്ങിയ 1987 നു ശേഷം അറ്റാക്ക്‌ 200 ഇരട്ടിയിൽ അധികം വർദ്ധിച്ചു ?

മരുന്നിനാണോ പ്രശനം ? മാറിയ ജീവിത രീതി അല്ലേ ശരിയായ പ്രശനം ? ശാരീരികാധ്വാനം ഇല്ലാതെ, സമീകൃസ്തമല്ലാതെ ആഹാരം കഴിച്ച്, ടി.വിയുടെയും കമ്പ്യൂട്ടറിന്റെയും മൊബൈലിന്റെയും മുന്നിൽ കൂടുതൽ സമയം ചിലവഴിച്ച്, കാറിൽ ഓഫീസിൽ ചെന്നിറങ്ങി ലിഫ്റ്റിൽ കയറി കസേരയിലിരുന്ന് വൈകിട്ട് വരെ വർക്ക് ചെയ്ത് തിരിച്ച് ലിഫ്റ്റിലിറങ്ങി കാറിൽ കയറി വീട്ടിലെത്തുന്ന രീതി; എവിടെയൊക്കെയാണ് പ്രശനം. അതെല്ലാം മരുന്നിന്റെ തലയിൽ കെട്ടിവെക്കുന്നതെന്തിന് ?

മോശം ഭക്ഷണം കഴിക്കല്ലേ കഴിക്കല്ലേ എന്ന് പറഞ്ഞപ്പൊ കേട്ടില്ല. എക്സർസൈസ് ചെയ്യാൻ പറഞ്ഞപ്പൊ അനുസരിച്ചില്ല. 1980 കഴിഞ്ഞ് 2000 എത്തുന്നതിനിടെ അമിതവണ്ണം ഉള്ളവരുടെ എണ്ണം ഇരട്ടിയിലധികമായി. ഡയബറ്റിസിന്റെ റിസ്ക് ഫാക്റ്റേഴ്സ് സ്വയം വരുത്തി വച്ചിട്ട് മരുന്നിനെ കുറ്റം പറഞ്ഞിട്ടെന്താ കാര്യം ?

  1. 2000 മരുന്നുകൾ കഴിഞ്ഞ മാസം മാത്രം നിരോധിച്ചു. ബാക്കിയുള്ളവ ദയാവധം കാത്ത് കിടക്കുന്നു. ഇവ കഴിച്ചവരെ നിരോധിക്കുമോ?

അശാസ്ത്രീയമായ ഫിക്സഡ് ഡോസ് കോമ്പിനേഷനുകൾ ആണ് നിരോധിക്കപ്പെട്ടത്. അതിലടങ്ങിയ പല മരുന്നുകളും ഇപ്പൊഴും വിപണിയിലുണ്ട്. മാത്രമല്ല, താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പെന്ന് വാശിയില്ല ശാസ്ത്രത്തിന്. കൂടുതൽ മികച്ച കണ്ടുപിടുത്തങ്ങൾ ഉണ്ടാകുമ്പോൾ അതിനുമുമ്പുണ്ടായിരുന്നവ മാറിനിൽക്കും. മരുന്നുകളുടെ കാര്യത്തിലും അതുതന്നെയാണ് സംഭവിക്കുക. ആദ്യം പറഞ്ഞ ബൾബുകളുടെ കാര്യം തന്നെയെടുക്കാം. എഡിസൺ കണ്ടുപിടിച്ച ബുൾബുകളിൽ നിന്നും നമ്മൾ ഇപ്പോൾ എവിടെ എത്തിനിൽക്കുന്നു, ട്യൂബ്, എൽഇഡി ഒക്കെ വന്നില്ലേ ? അതുപോട്ടേ, ചാൾസ് ബാബേജ് കണ്ടുപിടിച്ച തരം കമ്പ്യൂട്ടറിലാണോ നിങ്ങൾ ഇത് വായിക്കുന്നത് ?

  1. “നമ്മുടെ ആരോഗ്യം നമ്മുടെ മാത്രം ഉത്തരവാദിത്തം Share to our brothers and sisters. You are doing a social help”

ഇതിൽ ആദ്യത്തെ വാചകത്തോട് യോജിക്കുന്നു. അവനവന്റെ ആരോഗ്യം അവനവന്റെ ഉത്തരവാദിത്തമാണ്. സർക്കാരിനും ഡോക്ടർമാർക്കും സഹായിക്കാൻ മാത്രമേ സാധിക്കൂ.

രണ്ടും മൂന്നും വാചകത്തോട് ഒട്ടും യോജിപ്പില്ല. കാരണം; സ്വയം നശിച്ചോ. ഒരാൾ നശിക്കാൻ തുനിഞ്ഞിറങ്ങിയാൽ പിന്നെ തിരിച്ച് കൊണ്ടുവരാൻ ശ്രമിച്ച് നോക്കാമെന്നല്ലാതെ തിരിച്ച് വരാൻ അയാൾ കൂടെ തീരുമാനിക്കണം. പക്ഷേ വാക്സിനുകളെ എതിർത്തും അന്ധമായ മോഡേൺ മെഡിസിൻ വിരോധം വച്ചുപുലർത്തി കുപ്രചരണങ്ങൾ നടത്തിയും ഒരു സമൂഹത്തെ വഴി തെറ്റിക്കാൻ നോക്കുന്നവർ ചെയ്യുന്നത് സോഷ്യൽ സർവീസ് അല്ല.

ഒരിക്കൽ കൂടി പറയട്ടേ;

ഏതെങ്കിലും കപട വൈദ്യന്‍റെ മണ്ടന്‍ തോന്നലുകള്‍ക്ക് ചെവി കൊടുക്കാതിരിക്കുക. ശരിയായ രീതിയിൽ വ്യായാമം ചെയ്യുക. അശാസ്ത്രീയമായ വാട്ട്സ്ആപ്പ് സന്ദേശങ്ങൾക്ക് തലവെക്കാതിരിക്കുക, യോഗ്യതയുള്ള ഡോക്ടറെ നേരിൽ കണ്ട് ചികിത്സ തേടുക. ആവശ്യമെങ്കിൽ പ്രമേഹ മരുന്നുകള്‍ മുടങ്ങാതെ കഴിക്കുക. ദീര്‍ഘകാലം സുഖമായി ജീവിക്കുക.

ലേഖകർ
Mohamed Abdullatheef T K. Did MBBS from govt medical college, Thrissur, MS general surgery from Calicut medical college and DNB surgical gastroenterology from Amrita Institute of medical Sciences. Also holds MRCS from Royal College of surgeons of England. Have worked in Govt TD medical college, alleppey, Calicut medical college, MES medical college and KIMS Hospital Trivandrum. Now working as Consultant in surgical gastroenterology at Amala Institute of medical Sciences, Thrissur. Interested in Health awarness and spreading of scientific temper.
Dr. Anjit.U. MBBS from Academy of Medical Sciences 2000, MD Pathology from Government Medical College, Thiruvananthapuram in 2007. Worked in various private Medical colleges before joining Govt.Medical College Manjeri in 2014 under Medical education Department . Specially interested in public health, propelling scientific culture. Member of editorial board of Kerala wing of Indian Medical Association health magazine 'Nammude Arogyam'.
Dr. Jinesh P.S. Completed MBBS and MD in Forensic Medicine from Govt Medical College, Kottayam. He has worked in Dept. of Forensic at Govt Medical College, Kottayam as Lecturer and at Community Health Center Kumarakom and Edayazham as Medical Officer. He is interested in spreading of scientific temper, health awareness.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ