· 2 മിനിറ്റ് വായന

കൺകുരു

Ophthalmologyആരോഗ്യ പരിപാലനം

വായുവിലെ പൊടിപടലങ്ങളിൽ നിന്നും നേത്രഗോളത്തെ സംരക്ഷിക്കാനായി ഒരു കർട്ടൻ പോലെ രൂപകല്പ്പന ചെയ്തിട്ടുള്ളവയാണ് നമ്മുടെ കൺപോളകൾ ! ഇതിനുള്ളിൽ തന്നെ നൂറോളം ചെറുഗ്രന്ഥികളും സ്ഥിതി ചെയ്യുന്നു. നേത്രഗോളത്തെ പൊതിഞ്ഞു സൂക്ഷിച്ചിരിക്കുന്ന കണ്ണുനീർ പാളിയുടെ നനവ് നഷ്ടപെടാതെ സൂക്ഷിക്കുകയും അതിനാവശ്യമുള്ള ധാതുലവണങ്ങളും രോഗാണുനാശകമായ പദാർത്ഥങ്ങളും നൽകുന്നത് ഇതേ ഗ്രന്ഥികളിൽ നിന്നൊഴുകുന്ന സ്രവങ്ങളാണ് ! ഇടയ്ക്കിടെയുള്ള കണ്ണ് ചിമ്മലിലൂടെയാണ് കണ്ണിന്റെ സ്ഥായിയായ ഈ നനവ് നിലനിന്നു പോകുന്നത്. ചിലപ്പോൾ അണുബാധ മൂലമോ നീർകെട്ടുമൂലമോ ചെറുകുഴലുകളിലൂടെയുള്ള ഈ സ്രവങ്ങളുടെ ഒഴുക്ക് തടസ്സപ്പെടുകയും തുടർന്ന് നല്ല വേദനയോടുകൂടി ഒരു തടിപ്പുണ്ടാവുകയും ചെയ്യും. അതാണ് കൺകുരു !

സാധാരണയായി കൺപോളയിൽ കൺപീലിയോട് ചേർന്നുള്ള ഭാഗങ്ങളിൽ നിന്നുള്ള വേദനയോട് കൂടിയ കുരുക്കളും കൺപീലിയിൽ നിന്നും അകന്ന് കാണുന്ന വേദനരഹിതമായ കുരുക്കളുമാണ് കാണാറുള്ളത്. ഇവ രണ്ടും നേത്രഗോളത്തിനു ക്ഷതമേൽപ്പിക്കത്തക്ക അപകടകരമല്ലാത്തവയാണ്.

ഇടയ്ക്കിടെ കണ്ണ് ചൊറിയുമ്പോൾ കൈയിൽ നിന്നും അണുബാധ ഉള്ളിലേക്ക് പടരാം. ഇതോടൊപ്പം എപ്പോഴും താരൻ, പ്രമേഹ രോഗികൾ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവരിലും ഇടയ്ക്കിടെ കൺകുരു കാണാറുണ്ട്. കണ്ണിന്റെ പവർ കൃത്യമല്ലാത്തവരിൽ ഇടയ്ക്കിടെ കണ്ണ് തിരുമുന്നത് മൂലവും കൺകുരു ഉണ്ടാവാറുണ്ട്. കൺപോളയിൽ നിന്നും സൂചികുത്ത് പോലത്തെ വേദനയും ഭാരവും തട്ടലുമായിട്ടായിരിക്കും ഇത് തുടങ്ങുന്നത്.

 ചികിത്സ

✖️ യാതൊരു കാരണവശാലും കുരു ഞെക്കി പൊട്ടിക്കാൻ പാടുള്ളതല്ല. അതിനെ തന്നെത്താൻ പൊട്ടിയൊലിക്കാൻ അനുവദിക്കുക.

✔️ ചൂട് വയ്ക്കുക. ചൂട് വെള്ളത്തിൽ മുക്കി പിഴിഞ്ഞ തുണി കൊണ്ട് കൺകുരുവിന് മുകളിൽ പത്ത് മിനിറ്റോളം പതിയെ വയ്ക്കുക. ദിവസവും 4 തവണയെങ്കിലും ഇങ്ങനെ ചെയ്യണം.

✔️ ഇതോടൊപ്പം ആന്റിബയോട്ടിക്ക് തുള്ളിമരുന്നുകൾ ഒഴിക്കേണ്ടതായും ആന്റിബയോട്ടിക്ക് ഓയിന്റ്മെന്റുകൾ പുരട്ടേണ്ടതായും വരും.

സാധാരണഗതിയിൽ കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഇത് മാറും.

✔️ നല്ല വേദനയുണ്ടെങ്കിൽ നീർക്കെട്ടിനും വേദനക്കും എതിരെ പ്രവർത്തിക്കുന്ന ഗുളികകളും കഴിക്കാം.

✔️ എന്നാൽ ചിലപ്പോൾ കുരു വലുതാവുകയും ചുവപ്പ് നിറത്തോട് കൂടി കണ്ണ് വേദനിക്കുകയും കണ്ണിനുള്ളിൽ ഇടയ്ക്കിടെയുള്ള തട്ട് കൂടുതലായി അനുഭവപ്പെടുകയും ചെയ്താൽ ചെറുതായി കീറി പഴുപ്പ് പുറത്തേക്ക് ഒഴുക്കേണ്ടി വരാം. അത്‌ വളരെ ലളിതമായി ഒ.പി ചികിത്സയായി ചെയ്യാറുള്ളതാണ്.

✔️ പ്രായമായതും രോഗപ്രതിരോധാവസ്ഥ കുറഞ്ഞവരിലെയും ദീർഘകാലമായുള്ള കൺകുരുവിന് ഉടൻ തുടർപരിശോധനയും ചികിത്സയും നൽകേണ്ടതാണ്.

 കൺകുരു എങ്ങനെ തടയാം ?

ℹ️ ഇടയ്ക്കിടെ കൺകുരു വരാറുള്ളവർ
പ്രമേഹത്തിനുള്ള രക്തപരിശോധന, കാഴ്ചപരിശോധന എന്നിവ നടത്തേണ്ടതാണ്.

ℹ️ വിട്ടു മാറാത്ത താരൻ മൂലം ഇടയ്ക്കിടെ കൺകുരു വരുന്നവർ കൺപോളകളുടെ കാര്യത്തിൽ ശുചിത്വം പാലിക്കുക. അതായത് ബേബി ഷാംപൂ പതപ്പിച്ച് അതിൽ മുക്കിയ ബഡ്‌സ് ഉപയോഗിച്ച് ദിവസവും കൺപീലിയുടെ മാർജിൻ വൃത്തിയാക്കുക.

ℹ️ കൺകുരുവിന്റെ തുടക്കമായി ഫീൽ ചെയ്യുന്നത് കൺപോളയിൽ നിന്നുള്ള സൂചിമുന വേദനയാണ്. അപ്പോൾ മുതൽക്കേ ചൂട് വയ്ക്കുന്നത് കുരുവിന്റെ പിന്നീടുള്ള വളർച്ചയ്ക്ക് തടയിടുകയും ചെയ്യും.

ലേഖകർ
Dr. Navajeevan.N.A, Obtained MBBS from kochin medical college and MS in Ophthalmology from karakonam medical college and fellowship from Regional institute of ophthalmology trivandrum. Now working at Primary Health Center Amboori as Medical Officer in charge.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ