· 8 മിനിറ്റ് വായന

അതിരു കടക്കുന്ന സാമൂഹ്യ വിരുദ്ധരും, അതിരറിയാത്ത ആരോഗ്യ വകുപ്പും

Current AffairsImmunisationInfectious DiseasesPhilosophyPreventive MedicinePrimary Careആരോഗ്യമേഖലനൈതികതപൊതുജനാരോഗ്യം

ബഹുമാനപ്പെട്ട ആരോഗ്യവകുപ്പ് മന്ത്രി വായിച്ചറിയാൻ MR വാക്സിനേഷന്ക്യാംബെയിനിന്റെ ഭാഗമായിരുന്ന ഒരു കൂട്ടം ഡോക്‌ടർമാർ എഴുതുന്ന തുറന്ന കത്ത്…

?കേരളത്തിൽ ഒക്‌ടോബർ 3 മുതൽ ഒരു മാസത്തേക്ക്‌ നിശ്‌ചയിച്ച മീസിൽസ്‌ റുബല്ല ക്യാംപെയിൻ നീട്ടി വെക്കാനുണ്ടായ സാഹചര്യം താങ്കൾക്ക്‌ വ്യക്‌തമാണ്‌. ബഹുജനങ്ങളില് ഭീതിയും ആശയക്കുഴപ്പവും ഉണ്ടാക്കിയ ഇത്തരമൊരു സാഹചര്യം ഉടലെടുക്കുന്നതില് സോഷ്യല് മീഡിയയിലൂടെ ആവിര്ഭവിച്ച വാക്‌സിൻവിരുദ്ധതയും അത് പടര്ത്താന് ശ്രമിച്ച ചിലരുടെ പങ്കും സുവ്യക്‌തമാണ്‌.

എങ്കില് പോലും ഇത്തരുണത്തിലും അത്തരം ഉറവിടങ്ങളെ പ്രതിരോധിക്കാന്ഫലപ്രദമായ നടപടികള് ഉണ്ടായിട്ടില്ല എന്നത് നിരാശാജനകമാണ്. ആരോഗ്യപ്രവര്ത്തകരുടെ കഠിന പ്രയത്നത്തെ നിഷ്പ്രഭമാക്കുക മാത്രമല്ല, ഏറ്റവും ഒടുവില് ആരോഗ്യപ്രവര്ത്തകര് ആക്രമിക്കപ്പെടുന്ന അവസ്ഥ വരെയെത്തി.

പോലീസ് സംരക്ഷണയില് വാക്സിനേഷന് പ്രക്രിയ നടത്തേണ്ടി വരുക എന്നത് ആരോഗ്യ കേരളത്തിനു ഒട്ടും ഭൂഷണമല്ല എന്നു മാത്രമല്ല ആശാസ്യകരവുമല്ല, ജനങ്ങളെ അപരവല്ക്കരിക്കുന്ന തരത്തില് ഉള്ള സാമൂഹിക പ്രത്യാഘാതങ്ങള്പോലും അതില് നിന്നും ഉടലെടുക്കാം എന്നും കരുതുന്നു.

നിഷ്കളങ്കരായ ജനങ്ങളുടെ ഇടയില് പടര്ത്തിയ വാക്സിന് & ശാസ്ത്ര വിരുദ്ധത ഈ ക്യാമ്പയിനുമപ്പുറത്തേക്ക് നീണ്ട് വരുംകാലങ്ങളില് പ്രതിസന്ധികള്ഉണ്ടാക്കുമെന്നത് നിശ്ചയമായതിനാല് ഇത് പരിഹരിക്കാന് അടിയന്തിരമായി നടപടികള് എടുക്കണം എന്ന് ഞങ്ങള് അപേക്ഷിക്കുന്നു. ഫലപ്രദമായ നടപടികള് എടുക്കാത്തത് വാക്സിന് വിരുദ്ധ പ്രവര്ത്തകര്ക്ക് വര്ദ്ധിതവീര്യത്തോടെ ഈ പ്രവര്ത്തനങ്ങള് നിര്ബാധം തുടരാന് ഇപ്പോഴും കാരണം ആവുന്നുണ്ട്‌. ആയതിനാല് പൊതുജനതാല്പ്പര്യാര്ത്ഥം ചില ആവശ്യങ്ങള് അക്കമിട്ടു സമര്പ്പിക്കുന്നു.

അതിലേക്കു വരും മുന്നേ ആമുഖമായി ചിലത് പറഞ്ഞു കൊള്ളട്ടെ,

?A, എം ആര് വാക്സിനേഷന് ഫലപ്രാപ്തിയില് എത്തിയോ…?!

———————————————————————-

എം ആര് വാക്സിനേഷന് ക്യാമ്പയിന് സ്റ്റേറ്റ് തലത്തില് 95% എങ്കിലും എത്താതെ ഉദ്ദേശിച്ച ലക്ഷ്യപ്രാപ്തിയില് എത്തില്ല എന്നും മറിച്ചുള്ള പ്രചരണം വസ്തുതാപരം അല്ലെന്നും അങ്ങേയ്ക്കും അറിവുള്ളതാണല്ലോ?

2012-13-14 വർഷങ്ങളിൽ കേരളത്തിലെ മീസിൽസ് വാക്സിൻ കവറേജ് 90% നു മുകളിലാണെന്നും കാണാം. (അതായത് യാതൊരു വിധ നിർബന്ധങ്ങളും ബോധവൽക്കരണങ്ങളുമില്ലാതെ, അല്ലെങ്കിൽ സാധാരണയുള്ള മിതമായ നിരക്കിലെ ബോധവൽക്കരണങ്ങളാൽ വാക്സിനേഷൻ സ്വീകരിച്ചിരുന്നവരുടെ എണ്ണമാണത്.)

ഇങ്ങനെ ഇരിക്കെയാണ് ആദ്യ വട്ടം പ്രഖ്യാപിത തിയതി കഴിഞ്ഞപ്പോൾ കിട്ടിയ 66.8%. അതുകഴിഞ്ഞ് മൂന്ന് തവണ നീട്ടി, ദാ ഇപ്പൊ മലപ്പുറത്ത് നാലാം തവണയും നീട്ടിയിരിക്കുന്നു. എന്നിട്ടും നമ്മളെത്തിനിൽക്കുന്നത് ഡിറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസിന്റെ കണക്ക് പ്രകാരം 61,44,861 കുട്ടികളുമായി 83% നടുത്താണ്. അതായത് സാധാരണ പ്രശ്നമൊന്നുമുണ്ടാകാതെ എത്തുന്ന സംഖ്യയിലെത്താൻ നമുക്ക് ഭഗീരഥപ്രയത്നവും ആരോഗ്യപ്രവർത്തകർക്ക് ഭീഷണികളും അവസാനം തല്ലും വരെ കൊള്ളേണ്ടിവന്നു.

?B,വാക്സിന് വിരുദ്ധ പ്രവര്ത്തങ്ങളുടെ നേര്ക്കാഴ്ചകള്!!

———————————————————————–

കേരളത്തിലെ വാക്‌സിൻ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഏകീകൃത സ്വഭാവം ഉണ്ടായത് അടുത്ത നാളുകളിലാണ്. കുത്തിവെപ്പുകൾക്കു എതിരെ വളരെ വലിയ ഭീതിയും എതിർപ്പും സാധാരണക്കാരുടെ ഇടയിൽ വളർത്താനായി എന്നു നമ്മൾ മനസിലാക്കിയത് ഡിഫ്തീരിയ പോലെയുള്ള രോഗങ്ങൾ കഴിഞ്ഞ വർഷങ്ങളില്മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പൊട്ടിപ്പുറപ്പെട്ടപ്പോഴാണ്. കുത്തിവെപ്പ് കൊണ്ട് രക്ഷിക്കാൻ സാധിക്കുമായിരുന്ന ഒരുപിടി കുട്ടികളാണ് ഇങ്ങനെ മരിച്ചതെന്നു അങ്ങേയ്ക്കും ഓര്മ്മയുണ്ടാവുമല്ലോ, തുടര്ന്ന് സർക്കാർ ഇത്തരം ജില്ലകൾ കേന്ദ്രികരിച്ചു ഊര്ജ്ജിത പ്രവര്ത്തനവും ഇന്ദ്രധനുസ് പോലുള്ള പദ്ധതികളും നടപ്പാക്കിയെങ്കിലും, വാക്‌സിൻ വിരുദ്ധത അതിലും ആഴത്തിൽ ഈ സമൂഹത്തിൽ വേരു പിടിച്ചിരുന്നു.

സാമൂഹിക മാധ്യമങ്ങളുടെ വളർച്ച വാക്‌സിൻ വിരുദ്ധ സന്ദേശങ്ങൾ പടരാൻ സഹായിക്കുന്നുണ്ട്. വാക്‌സിൻ വിരുദ്ധ പ്രചാരകരുടെ പ്രധാന ആയുധം വാട്‌സ്ആപ്പും ഫേസ്ബുക്കും തന്നെയാണ്. ഇതില് അഗ്രഗണ്യര് ആയ എൻ.പി.പ്രസാദും സംഘടനയും, ജേക്കബ്‌ വടക്കഞ്ചേരി, മോഹനനൻ വൈദ്യർ, ഹരി.പി.ജി തുടങ്ങി എണ്ണമറ്റവർ വാക്‌സിൻവിരുദ്ധത ഇപ്പോഴും പ്രചരിപ്പിച്ചു കഴിയുന്നു. ഇവരുടെ ചെയ്തികളെ പ്രതിപാദിച്ചു ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഉള്ള പോലീസ്/ആരോഗ്യ വകുപ്പ് അധികാരികള്ക്ക് എണ്ണമറ്റ വീഡിയോകളും എഴുത്തുകളും ഉള്പ്പെടെയുള്ള തെളിവുകള് സഹിതം പല പരാതികളും നാളിതുവരെ സമര്പ്പിക്കപ്പെട്ടിട്ടുള്ള കാര്യം അങ്ങേയ്ക്കും കൂടി അറിവുണ്ടല്ലോ.

കേവലം ശാസ്ത്ര/വാക്സിന് വിരുദ്ധതയ്ക്കും അപ്പുറം സാമൂഹികമായ ഒരു മാനവും വാക്‌സിൻ വിരുദ്ധക്കുണ്ടായി എന്നതും അടുത്തുണ്ടായ പ്രത്യേകതയാണ്. കുത്തിവെപ്പുകൾ വന്ധ്യത ഉണ്ടാക്കുമെന്നും, അതു ജനസംഖ്യാനിയന്ത്രണത്തിനായി സാമ്രാജ്യത്വശക്തികൾ നടത്തുന്ന പരിപാടിയാണ് എന്നുമുള്ള കുപ്രചാരണം ഉണ്ടായി. പ്രത്യേക മതവിഭാഗത്തെ മാത്രം ലക്ഷ്യം വെച്ച്‌ അവരുടെ തലമുറയെ ഇല്ലാതാക്കാനുള്ള വഴിയാണ് കുത്തിവെപ്പ് എന്നുള്ള പ്രചാരണം ഉണ്ടായത് മുസ്ലിം ഭൂരിപക്ഷ മേഖലയിൽ സാധാരണ ആളുകളെ വളരെ അധികം തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്.

?C, പ്രധാന വാക്സിന് വിരുദ്ധ അപ്പൊസ്തലന്മാരേക്കുറിച്ചും, അവരുടെ ദുഷ്ചെയ്തികളുടെ ചെറിയ ചരിത്രവും (ചില്ലറ ഉദാ: സഹിതം) അങ്ങയുടെ ഓര്മ്മയിലേക്ക് വേണ്ടി ചുരുക്കി പ്രതിപാദിക്കാം-

———————————————————————–

✪1, കേരളത്തിലെ വാക്സിൻ വിരുദ്ധ പ്രവര്ത്തങ്ങള്ക്ക് ഉതകുന്ന തെറ്റിധാരണജനകമായ സന്ദേശങ്ങളുടെ പ്രധാന ഉറവിടം. എൻ.പി.പ്രസാദ്, സബാസ്റ്റ്യന് പുഴക്കര എന്നിവര് നേതൃത്വം നൽകുന്ന International Human Rights Association ( IHRA) എന്ന സംഘടനയാണ്. ബ്ലോഗ്‌, ഫേസ് ബുക്ക്‌ പേജുകള്, യൂ ട്യൂബ് ചാനല് എന്നിവയിലൂടെയും വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെയും ആണ് ഇവ പ്രചരിപ്പിക്കുന്നത്.

ആധികാരികത ഉണ്ടാക്കി ജനങ്ങളില് തെറ്റിധാരണ പടര്ത്താന് ഇവര്സ്വീകരിച്ചിരിക്കുന്ന ചില തന്ത്രങ്ങള് അങ്ങയുടെ സമക്ഷം വെയ്ക്കട്ടെ,

a, അന്താരാഷ്ട്രതലത്തില് പ്രവര്ത്തിക്കുന്ന മറ്റൊരു ഹ്യൂമൻ റൈറ്റ്സ് സംഘടനയുടെ പേര് സ്വീകരിച്ചിരിക്കുന്നത് തന്നെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്ആണ്. പാലാ കേന്ദ്രീകരിച്ചു ഓഫീസ് ഉള്ള ഈ സംഘടനയ്ക്ക് അന്താരാഷ്‌ട്ര തലത്തില് ബന്ധമോ പ്രവര്ത്തനമോ ഇല്ലാ എന്നാണു മനസ്സിലാക്കാന്കഴിയുന്നത്‌.

ഒറിജിനല് അന്തര്ദേശീയ സംഘടനയുടെ ലിങ്ക് : http://ihra.in/# http://ihra.co.in/upload/

b, പാലായിലെ സംഘടനയുടെ തലപ്പത്തുള്ള എന്‍ പി പ്രസാദ്‌ എന്നയാള്‍ ഒളിക്യാമറ വില്‍പ്പന നടത്തുന്ന ആളാണ്‌ എന്നാല്‍ ഇയാള്‍ പ്രസ്തുത ബ്ലോഗില്‍ പ്രതിപാദിച്ചിരിക്കുന്നത് ഇയാള്‍ അന്താരാഷ്ട്ര സംഘടന ആയ United Nations ല്‍ ആണ് പ്രവര്‍ത്തിക്കുന്നത് എന്നാണ്.

http://vaccinationkerala.blogspot.in/…/kerala-after-vaccina…

c, ഇവരുടെ ഫേസ്ബുക്ക്‌ പേജില് ചില പോസ്റ്റുകള് ജെനീവയില് നിന്നും പോസ്റ്റ്‌ ചെയ്തിരിക്കുന്നതായും മറ്റും കാണിച്ചിരിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാന്വേണ്ടി മാത്രമാണെന്ന് വേണം കരുതാന്.

d, എം ആര് വാക്സിനേഷന് ക്യാമ്പയിന് തുടങ്ങിയ സമയത്ത് പാലയിലെ ഒരു സ്കൂളില് വാക്സിനേഷനെ തുടര്ന്ന് ഏഴു വിദ്യാര്ഥികള് കുഴഞ്ഞു വീണു ആശുപത്രിയിലാക്കി എന്ന വ്യാജ വാര്ത്ത പ്രസിദ്ധീകരിച്ചത് ഇവരുടെ പേജിലാണ്. ഇതിനെ തുടര്ന്ന് സ്കൂള് അധികാരികള് നടപടികള്ക്കായി രേഖാമൂലം പോലീസില് പരാതി നല്കിയിട്ടുള്ളതാണ്.

e, കേരളത്തിൽ വാക്സിൻ മൂലം നിരവധി കുട്ടികൾ മരിച്ചുവെന്നും, നിരവധി ആളുകൾക്ക് പാർശ്വഫലങ്ങൾ ഉണ്ടായി എന്നും, വാക്സിൻ മൂലം ഓട്ടിസം ഉണ്ടാകുമെന്നും ഒക്കെ തന്റെ വാട്‌സ്ആപ്പ് ഓഡിയോ സന്ദേശങ്ങൾ വഴി എന് പി പ്രസാദാണ് പ്രചരിപ്പിച്ചത്.

f, കുത്തിവെപ്പ് എടുക്കുന്നതിനു മുന്നേ ആരോഗ്യ പ്രവർത്തകരുടെ കയ്യിൽ നിന്നും ഒരു പ്രത്യേകത ഫോം പൂരിപ്പിച്ചു വാങ്ങണം എന്നു പറഞ്ഞ്‌ ഒരു രേഖയും ഇവര്നിര്മ്മിച്ച്‌ വ്യാപകമായി പ്രചരിപ്പിച്ചു. ആധികാരിക രേഖ ആണെന്ന് തെറ്റിധരിപ്പിക്കുക വഴി വ്യാപകമായി തെറ്റിധാരണ പടര്ത്താന് ഇതിനായി.

g, തങ്ങളുടെ വാദങ്ങൾ സാധൂകരിക്കുവാൻ ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ വിധി വരെ തെറ്റായി വ്യാഖ്യാനം നടത്തി ഉപയോഗിച്ചു.

h, ഏറ്റവും ഒടുവിലായി പേജിലൂടെ മറ്റൊന്ന് തെറ്റായി പ്രചരിപ്പിക്കുന്നത് കാണാം. ബഹു:രാഷ്ട്രപതിക്ക് ഇക്കൂട്ടര് സമര്പ്പിച്ച ഒരു ഹര്ജി ആ ഓഫീസില്കൈപ്പറ്റിയതിന്റെ രസീത് കാണിച്ചു കൊണ്ട് വാക്സിനേഷനും ആയി ബന്ധപ്പെട്ട് രാഷ്ട്രപതി അന്വേഷണം ആവശ്യപ്പെട്ടു എന്ന തെറ്റായ വാര്ത്ത പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ് നിലവില്.

✪2, വാക്‌സിൻ ഉണ്ടാക്കുന്നത് ഭ്രൂണങ്ങളിൽ നിന്നാണ്. ഐ. എം. എ. യുടെ ആശുപത്രി മാലിന്യ നിര്മ്മാര്ജ്ജന പദ്ധതി വാക്സിന് നിര്മ്മാണത്തിന് ഉള്ള ഭ്രൂണം ശേഖരിക്കുകയാണ് ചെയ്യുന്നത് എന്നൊക്കെയുള്ള അസംബന്ധങ്ങള്സമൂഹത്തിനു മുന്നില് വിളിച്ചു പറഞ്ഞ ഒരു വ്യക്തിയുണ്ട്‌ ജേക്കബ് വടക്കുംചേരി. ഈ പരിപാടി ഇന്ത്യ സര്ക്കാര് ഡീ പോപ്പുലേഷന് (അഥവാ ജനസംഖ്യാ നിയന്ത്രണം / ജനങ്ങളെ ഉന്മൂലനം) നടത്താന് ഉള്ള ഗൂഡ പദ്ധതി ആണെന്നും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം.

അല്പം നാള് മുന്നേ അങ്ങയുടെ മുന്നിലിരുന്ന്‌ ചാനൽ ചർച്ചയിൽ “ഡോക്ടര്” എന്ന പദവി താന് ആളുകളെ ചികിത്സിക്കുന്നത് കൊണ്ട് സ്വയം ചേര്ത്തിരിക്കുന്നതാണ് എന്നു വെല്ലുവിളി രൂപേണ പ്രസ്താവിച്ച ഇദ്ദേഹം ഇന്നും നിര്ബാധം സ്വന്തം പ്രവര്ത്തികള് തുടരുന്നു. മെഡിക്കല് രെജിസ്ട്രേഷന് /പ്രാക്ടീസ് ചെയ്യാന്ലൈസന്സ് ഇല്ലാത്ത ഒരാള്ക്ക്‌ ഡോക്ടര് എന്ന പദവി മുന്നില് വെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു ചികിത്സാലയങ്ങള് നടത്താന് കഴിയുന്നത്‌ കേരളം പോലൊരിടത്താണ് എന്നത് അവിശ്വസനീയം ആണ്.

കാലങ്ങളായി ഇദ്ദേഹത്തിന്റെ പ്രസംഗങ്ങൾ, എഴുത്തുകൾ, ഫേസ്‌ബുക്ക്‌ ലൈവ്‌ വീഡിയോകൾ ദേശീയ ആരോഗ്യ പദ്ധതികള്ക്ക് എതിരെ ജനങ്ങളെ തിരിക്കുന്നതില് വലിയ പങ്കു വഹിച്ചിട്ടുണ്ട്‌.

✪3, ഇദ്ദേഹത്തോട് ഒപ്പം ചേർന്നു പ്രവർത്തിക്കുന്ന ഒരു വ്യാജ വൈദ്യനാണ് മോഹനൻ. ഒരു ചികിത്സ മേഖലയിലും പ്രാവീണ്യം നേടിയിട്ടില്ലാത്ത ഇയാൾ നിരവധി തട്ടിപ്പു ചികിത്സകൾ ആണ് രോഗികളിൽ പരീക്ഷിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ വാക്സിൻ വിരുദ്ധ സന്ദേശങ്ങൾ ഇയാൾ നിരന്തരം പ്രചരിപ്പിച്ചു.

✪4, വാക്‌സിൻ വിരുദ്ധതയുടെ അടുത്ത മുഖമാണ് പി ജി ഹരി. പൊതുജനാരോഗ്യ പ്രവർത്തകൻ എന്നും സ്വയം വിശേഷിപ്പിക്കുന്ന ആള് അവസാനമായി നടത്തിയ കുപ്രചരണം കോഴിക്കോട് മെഡിക്കൽ കോളേജിൽ മറ്റൊരു രോഗം മൂലം അഡ്മിറ്റ് ആയ കുട്ടിക്ക് വാക്സിൻ എടുത്തത് മൂലമാണ് പ്രശ്നങ്ങള് ഉണ്ടായത് എന്നതാണ്.

?D, ഞങ്ങള് സംസ്ഥാന സര്ക്കാരിനു മുന്നില് വെക്കുന്ന ആവശ്യങ്ങള്.

———————————————————————–

‎സോഷ്യൽ മീഡിയ പ്രചാരണങ്ങള് തെറ്റെങ്കിൽ അത്‌ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി എടുക്കാത്തത്‌ എന്ത് കൊണ്ടാണ്‌?? എന്നാണ്‌ രക്ഷിതാക്കളുടെ ചോദ്യം. ഇതിനു തടയിടാത്തത് സര്ക്കാരിന് എന്തോ മറച്ചു വെക്കാനുള്ളത് കൊണ്ടാണ് എന്ന് വരെ പറയുന്ന രക്ഷിതാക്കളുണ്ട്‌…!! ആരോഗ്യപ്രവര്ത്തകര് എന്ത് മറുപടി കൊടുക്കും അവർക്ക്‌…??!

ആയതിനാല് ആ ചോദ്യത്തിന് ഉത്തരം തരാന് കേരളത്തിലെ ജനങ്ങളോടും കുട്ടികളോടും ആരോഗ്യപ്രവര്ത്തകരോടും ബാധ്യതയുള്ള ജനകീയ സര്ക്കാരിനു കടമ ഉണ്ടെന്നു ഞങ്ങള് കരുതുന്നു. സര്ക്കാര് അവശ്യം എടുക്കേണ്ട നടപടികള്എന്ന് കരുതുന്നവ ഞങ്ങള് സവിനയം അങ്ങയുടെ മുന്നില് സമര്പ്പിക്കുന്നു.

1, 2016 ല് ബഹുമാനപ്പെട്ട സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്സര്ക്കാരിനോട് നിര്ദ്ദേശിച്ച കാര്യങ്ങള് ഉടനടി നടപ്പാക്കാന് അപേക്ഷ.

റിപ്പോര്ട്ട്‌ :- സി. ആർ. എം. പി. No. 5655/10/LA2/2015/KeSC PCR

———————————————————————–

മലപ്പുറം ജില്ലയില് ഡിഫ്തീരിയ പടര്ന്നു പിടിച്ച സാഹചര്യത്തില് കുഞ്ഞുങ്ങള്ക്ക്‌ വാക്സിന് നല്കാതിരിക്കുന്നത് അവരുടെ അവകാശങ്ങളുടെ കടുത്ത ലംഘനം ആണെന്ന് നിരീക്ഷിച്ച കമ്മീഷന് നല്കിയ നിര്ദ്ദേശങ്ങള് ഇവ ആയിരുന്നു,

a, കുട്ടികളുടെ ആരോഗ്യത്തിനുള്ള അവകാശം സംരക്ഷിക്കപ്പെടാന് വാക്സിനേഷന്സംബന്ധിച്ച പ്രത്യേക നിയമം.

b, ദേശീയ പ്രതിരോധയജ്ഞത്തിനു എതിരെ ഉള്ള പ്രോപ്പഗണ്ട പ്രചാരണങ്ങള്ജാമ്യമില്ലാ ക്രിമിനല് കുറ്റമാക്കി നിര്വ്വചിക്കുന്ന പ്രത്യേക നിയമം നിര്മ്മിക്കുക.

http://www.thenewsminute.com/…/diphtheria-rise-kerala-child…

2, വാക്സിനേഷന് നയം രൂപീകരിക്കുക – വാക്സിനേഷന് കുഞ്ഞുങ്ങളുടെ ജന്മാവകാശമായി കേന്ദ്ര സംസ്ഥാന സര്ക്കാരുകള് പ്രഖ്യാപിച്ചിരിക്കുന്ന നിലയില് ഈ അവകാശം സംരക്ഷിക്കുന്ന തരത്തില് നിഷ്കര്ഷകളും നിയമങ്ങളും ചട്ടങ്ങളും നിര്മ്മിച്ച്‌ നടപ്പാക്കുക.

അനേകം രാജ്യങ്ങളില് ഉള്ളത് പോലെ സ്കൂള് പ്രവേശനത്തിന് ദേശീയ പ്രതിരോധ പദ്ധതി പ്രകാരമുള്ള വാക്സിനുകള് എടുത്ത രേഖ നിര്ബന്ധിതമാക്കുന്നത് പോലുള്ള നിർദ്ദേശത്തെ സ്വാഗതം ചെയ്യേണ്ടത് അഭ്യസ്തവിദ്യരുടെ നാടായ സാക്ഷരതയുടെ നാടായ കേരളത്തിന്റെ കടമയാണ്.

ഞങ്ങൾ ആവശ്യപ്പെടുന്നത്‌ ഭാവി തലമുറയുടെ ആരോഗ്യമാണ്‌. അവർക്ക്‌ അതിനുള്ള പരിപൂർണമായ അവകാശം സംരക്ഷിക്കാന് സ്റ്റേറ്റ് കടമപ്പെട്ടിരിക്കുന്നു എന്നതിന് ഉപോല്ബലകമായി ചിലത് ഉദ്ധരിക്കുന്നു.

✯i, ശാസ്ത്ര അവബോധവും മാനവികതയും വളർത്തുക എന്നുള്ളത് ഏതൊരു ഇന്ത്യൻ പൗരന്റെയും കടമയാണ് എന്ന് ഭരണഘടന ആര്ട്ടിക്കിള് 51A(h) in The Constitution Of India 1949 to develop the scientific temper, humanism and the spirit of inquiry and reform; പ്രതിപാദിക്കുന്നത് നാം വിസ്മരിക്കാന് പാടില്ല.

✯ii, ഭരണഘടന Article 39 (f) പ്രകാരം – കുട്ടികൾക്ക് ആരോഗ്യകരമായ രീതിയിലും, സ്വാതന്ത്ര്യവും അന്തസ്സും ഉള്ള പരിതഃസ്ഥിതികളിലും വളരുവാൻ തുല്യഅവസരങ്ങളും സൗകര്യങ്ങളും ലഭിക്കാനുള്ള അവകാശവും, കുട്ടികളേയും യുവജനങ്ങളേയും ചൂഷണത്തിൽ നിന്നും, സാൻമാർഗികതയും സുഖസൗകര്യവും നഷ്ടപ്പെടുന്നതിൽ നിന്നും സംരക്ഷണവും ഉറപ്പാക്കേണ്ടതുമാണ്.

ഭരണഘടന Article 15 (3) കുട്ടികള്ക്ക് വേണ്ടി പ്രത്യേക പ്രോവിഷന്സ് ഉണ്ടാക്കുന്നതിനുള്ള അധികാരം സ്റ്റേറ്റ്നു നല്കുന്നു.

✯iii, കേന്ദ്രസര്ക്കാരിന്റെ പ്രധാന പദ്ധതിയായ മിഷന് ഇന്ദ്രധനുഷിനെ വിവരിക്കുന്നിടത് ആദ്യം പ്രസ്താവിക്കുന്നത് “Full immunization against preventable childhood diseases is the right of every child. “ എന്നാണ്.

http://www.missionindradhanush.in/about.html

✯iv, UN Convention on the rights of the Child, 1989, ഇന്ത്യന് ഭരണഘടന, കുട്ടികള്ക്ക് വേണ്ടിയുള്ള ദേശീയ നയം 2013 എന്നിവയെ ആസ്പദമാക്കി

കേരള സംസ്ഥാന സര്ക്കാര് സാമൂഹികക്ഷേമവകുപ്പ് പുറത്തിറക്കിയ State Policy for Child 2016

( G.O (MS) No. 8/2016/SJD Thiruvananthapuram, Dated, 23.01.2016 )യില്ആദ്യം പ്രതിപാദിക്കുന്ന അതിജീവനത്തിനും, ആരോഗ്യത്തിനും അടിസ്ഥാന ആവശ്യങ്ങള്ക്കും ഉള്ള അവകാശം (Right to Survival, Health and Basic Needs )

Table 3 യില് പ്രതിപാദിക്കുന്ന Rightto protection from Abuse, Exploitation, and Neglect

എന്നീ ഭാഗങ്ങളില് വ്യക്തമായി പ്രതിപാദിക്കുന്ന തത്വങ്ങള് പ്രാവര്ത്തികമാക്കാന്പറ്റുന്ന തരത്തില് പ്രത്യേക നിയമം നിര്മ്മിക്കാന് അപേക്ഷ.

കുട്ടികൾ രാജ്യത്തിന്റെ പൊതു സമ്പത്താണ്. വാക്സിനേഷൻ വേണ്ടെന്ന് വെച്ച് ആ അവകാശം നിഷേധിക്കുവാനുള്ള അവകാശം ഒട്ടു മിക്ക പരിഷ്കൃത സമൂഹങ്ങളും മാതാപിതാക്കൾക്ക് പോലും നൽകുന്നില്ല . രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവം ഈ വിഷയത്തിൽ വളരെയേറെ ഭാരിച്ചതാവും എന്നത് ഉള്ക്കൊള്ളണം എന്ന് അപേക്ഷിക്കുന്നു.

3, ബാലാവകാശ സംരക്ഷണ കമ്മീഷന്റെ രണ്ടാമത്തെ സുപ്രധാന നിര്ദ്ദേശം നടപ്പാക്കുക.

ഇന്റെര്നെറ്റ്, സോഷ്യല് മീഡിയ, ഫോണ് എന്നിവ വഴി ദേശീയ നയങ്ങള്ക്കും പൊതുജനനന്മയ്ക്കും വിഘാതമായി സന്ദേശങ്ങള് നിലവിലും അഭംഗുരം പടച്ചു വിടുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വ്യക്തികള്ക്കും അവര് നടത്തു സംഘടനകള്ക്കും പേജുകള്ക്കും എതിരെ സൈബര് നിയമം ഉള്പ്പെടെ ഉള്ള നിയമങ്ങള് ചുമത്തി കേസ് എടുത്തു അവരെ ശക്തമായ നടപടിക്കു വിധേയമാക്കുക. അവര് ഉന്നയിക്കുന്ന ഡീ പോപ്പുലേഷന് അജണ്ട പോലുള്ള ആരോപണങ്ങള് കോടതിയുടെ മുന്നിലും പൊതു സമൂഹത്തിനു മുന്നിലും തെളിയിക്കാന് അവരെ ബാധ്യസ്ഥരാക്കുക.

കൃത്യമായി ചിലത് പറഞ്ഞാല്,

a,KGMOA വ്യാജ സന്ദേശ പ്രചാരകര്ക്ക് എതിരെ സമര്പ്പിച്ച പരാതിയില്ദ്രുതഗതിയില് നടപടികള് എടുക്കുക.

b, ഇന്റര്നാഷണല് ഹ്യൂമന് റൈറ്റ്‌സ് അസോസിയേഷന് പാല എന്ന സംഘടനയ്ക്ക് എതിരെ നിലവില് വ്യാജ സന്ദേശം പ്രചരിപ്പിച്ചതിന്റെ പേരില്മേലുകാവ് പോലീസ് എടുത്ത കേസില് സൈബര് നിയമ വകുപ്പുകള് ഉള്പ്പെടെ ശക്തമായ വകുപ്പുകള് ചുമത്തി കേസ് ചാര്ജ് ചെയ്തു കോടതി നടപടികള്ക്ക് വിധേയമാക്കുക.

c,ഈ നിഗൂഡതകള് ഉള്ള സംഘടനയെക്കുറിച്ച് വിപുലമായ അന്വേഷണം സര്ക്കാര് ഏജന്സികള് മുഖേന നടത്തുക. പ്രധാന പ്രവര്ത്തകനായ എന് പി പ്രസാദ്‌ ജെനീവയില് UN എന്ന അന്താരാഷ്ട്ര സംഘടനയില് ആണ് പ്രവര്ത്തിക്കുന്നത് എന്ന് സ്വന്തം ബ്ലോഗിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. ഇത് വാസ്തവം അല്ലെങ്കില് ഇയാള്ക്ക് എതിരെ തട്ടിപ്പിന് കേസ് എടുക്കണം. ഈ സംഘടനയുടെ പിന്നില് ആരൊക്കെ?എന്താണ് ഇവരുടെ ബൈലോ പ്രകാരം ഉള്ള ലക്ഷ്യങ്ങള്? അത് പ്രകാരമാണോ പ്രവര്ത്തങ്ങള്? പ്രവര്ത്തനങ്ങള് നിയമ വിരുദ്ധമാണോ? സുപ്രീം കോടതിയില് ഒക്കെ വ്യവഹാരം നടത്തുന്ന ഇവരുടെ ഫണ്ട്‌ എവിടെ നിന്നാണ്? വാക്സിന് വിരുദ്ധതയ്ക്ക് ഫണ്ടുകള് ഇവര്ശേഖരിക്കുന്നുണ്ടോ? ഈ സംഘടനയുടെ പ്രവര്ത്തനങ്ങള് സര്ക്കാര്നിയമങ്ങള്ക്ക് വിധേയമായാണോ?

d, രാജ്യത്തെ പൊതു ഖജനാവില് നിന്ന് തുക മുടക്കി നടത്തുന്ന രോഗപ്രതിരോധ പദ്ധതിക്ക് എതിരെ വ്യാജ സന്ദേശങ്ങള് പ്രചരിപ്പിക്കുകയും തദ്വാര രാജ്യത്തെ പൊതു ജനാരോഗ്യത്തെ തകര്ക്കുന്ന വിധം പ്രവര്ത്തിക്കുന്ന ഇവരുമായി ബന്ധപ്പെട്ടുള്ള Vaccination For Depopulation Agenda , International Human Rights Association എന്നീ പേജുകള്, ബ്ലോഗ്‌, യൂ ട്യൂബ് ചാനല് എന്നിവ നീക്കം ചെയ്യാന് ഫേസ് ബുക്ക്‌/ ഗൂഗിള് അധികാരികളോട് സര്ക്കാര് രേഖാമൂലം ആവശ്യപ്പെടാന് അപേക്ഷിക്കുന്നു.

4. അശാസ്ത്രീയത പടര്ത്തുന്നതില് ചുരുക്കം ചില മാധ്യമങ്ങൾ വഹിച്ച പങ്കും ചെറുതല്ല. ഇതര വൈദ്യ മേഖലയിൽ പ്രവർത്തിക്കുന്ന നല്ലൊരു വിഭാഗം കുത്തിവെപ്പിനെ അനുകൂലിക്കുമ്പോൾ ചിലരെങ്കിലും എതിരെ പ്രവർത്തിച്ചിട്ടുണ്ട്. ഇത്തരക്കാര്ക്ക് ഉള്പ്പെടെ മുൻപോട്ട് വാക്സിനേഷൻ ബോധവൽക്കരണയജ്ഞങ്ങൾ കൂടുതൽ ഊർജിതമാക്കണം.

5. വാക്സിനേഷൻ നിരക്ക് കുറയാനിടയായ സാഹചര്യങ്ങളെക്കുറിച്ച് പഠനം നടത്തുകയും തുടർ നടപടികൾ എത്രയും വേഗം സ്വീകരിക്കുകയും ചെയ്യണം.

സമൂഹത്തിന്റെ പൊതുനന്മയ്ക്ക് ഉതകുന്ന രീതിയില് കാലാനുസൃതമായി നിയമങ്ങള്നിര്മ്മിക്കുക എന്നത് നിയമ നിര്മ്മാണ സഭയുടെ പ്രധാന ചുമതലയാണ്, ആ കടമ ചെയ്യാന് ഓരോ ജനപ്രതിനിധിയും പ്രേരിതര് ആവുന്നതും അതിനായി ഒരു സര്ക്കാര് തുനിയുന്നതും ബഹുജനങ്ങള് അതിനായി ശക്തമായി മുന്നോട്ടു വരുമ്പോഴാണ്.

ഇത്തരം ചില നിര്ദ്ദേശങ്ങള് മുന്നോട്ടു വെക്കാന് മാത്രമേ ഇന്ഫോ ക്ലിനിക് പോലൊരു ചെറിയ സംരംഭത്തിനു കഴിയുകയുള്ളൂ. ഇതിനോട് അനുകൂലിക്കുന്ന ഇവിടുത്തെ പ്രബുദ്ധരായ സമൂഹം ഞങ്ങളെക്കാള് ഏറെ ഉച്ചത്തില് ഈ ആവശ്യം മുന്നോട്ടു വെച്ചാല് മാത്രമേ ഇതൊക്കെ നടപ്പാക്കാന് സാധിക്കുകയുമുള്ളൂ. ആയതിനാല് ഈ ആവശ്യങ്ങള് പോളിസി നിര്മ്മിക്കുന്നവരില് എത്തിക്കാന് ഇത്‌ വായിക്കുന്ന ഓരോരുത്തരുടേയും നിര്ലോഭമായ പിന്തുണയും ഞങ്ങള്ആഗ്രഹിക്കുന്നു.

വിശ്വസ്‌തതയോടെ,

ടീം ഇൻഫോക്ലിനിക്ക്.

ലേഖകർ
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ