· 4 മിനിറ്റ് വായന

കാലത്തിന്റെ തിമിരകാഴ്ച്ചകൾ

Ophthalmologyനേത്രരോഗങ്ങള്‍പൊതുജനാരോഗ്യം

ഗവ:യു.പി.സ്കൂള്‍,പൈനാവ്,ഇടുക്കി നാലാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. അധ്യയനവര്‍ഷംആരംഭിച്ച് കുറച്ച്‌നാളുകള്‍ക്ക് ശേഷം ക്ലാസ്സിലേക്ക് പതിയെ തപ്പിതടഞ്ഞ് ഒരു തടിച്ച സോഡാഗ്ലാസ്‌ കണ്ണടയും വച്ചുകൊണ്ട്, ഷര്‍ട്ടിലെ കോളറിനിടയിലൂടെ തോളെല്ല് ഉന്തി നല്ല പൊക്കമുള്ള ഒരു പയ്യന്‍ കടന്നു വന്നു. ക്ലാസ്സ്‌ടീച്ചര്‍ അവനെ കൈപിടിച്ച് മുന്‍ബെഞ്ചില്‍ എന്‍റെയടുത്ത് ഇരുത്തി. എനിക്ക് ആദ്യം മനസിലായില്ല എന്തിനാണ് ഇത്രേം ഉയരമുള്ള ഇവനെ എന്‍റെയടുത്ത് പിടിച്ചിരുത്തിയതെന്ന്!. എന്നെ നോക്കിയ ആദ്യ നോട്ടത്തില്‍ തന്നെ കട്ടികണ്ണടയിലൂടെ അവന്‍റെ കണ്ണുകള്‍ വലുതായ് കാണപെട്ടു. അത് എന്നെ ഭയപെടുത്തി. ഒരു ഞെട്ടലിന്‍റെ ആഘാതത്തില്‍ നിന്ന എന്നെ ഉന്തിയ മഞ്ഞപല്ലുകള്‍ കാട്ടി ചിരിച്ചു.

ക്ലാസ്സില്‍ ടീച്ചര്‍ നോട്ട് പറയുമ്പോള്‍ അവന്‍ അടുത്ത ബുക്കില്‍ നോക്കി അക്ഷരങ്ങള്‍ പെറുക്കി എഴുതാന്‍ ശ്രമിച്ചിരുന്നത് കാണുന്നത് തന്നെ  ഒരു കൗതുകം ആയിരുന്നു. അന്നത്തെ എട്ട് രൂപാ ബുക്കിന്‍റെ ഒരു താള്‍ അവന്‍റെ അഞ്ചു വരികള്‍ക്ക് ഉള്ളില്‍ അവസാനിക്കുമായിരുന്നു. അവന്‍റെ അഭിപ്രായങ്ങള്‍ക് ആരും ഒരു വിലയും കല്പിച്ചിരുന്നില്ല. ക്ലാസ്സില്‍ അവന്‍ എന്തെങ്ങിലും സംസാരിച്ച്‌ തുടങ്ങുമ്പോള്‍ തന്നെ എല്ലാവരും അവനെ നോക്കി ഒരു കോമാളിയെ കാണുന്ന പോലെ ആക്കി ചിരിക്കുമായിരുന്നു.

അങ്ങിനെ കൊല്ലപരീക്ഷ കഴിഞ്ഞു. എല്ലാവരും അഞ്ചാം ക്ലാസ്സിലേക്ക് ജയിച്ചു.അവനൊഴികെ. അതോടുകൂടിഅവനോടുള്ള ചങ്ങാത്തം അവസാനിച്ചു. കൂടെ അവന്‍റെ ഓര്‍മ്മകളും.

ഇവിടെ വര്‍ത്തമാനത്തില്‍ നിന്നൊരു തിരിഞ്ഞു നോട്ടം അനിവാര്യമാകുമ്പോള്‍ തോന്നുന്ന വികാരം ഇതാണ്. ‘സാരമായ കാഴ്ച കുറവനുഭവിക്കുന്ന കുട്ടികൾക്ക് ഒരു സാധാരണ സ്കൂളില്‍ മറ്റ് കുട്ടികളോടൊപ്പം ഇരുന്ന് പഠിക്കേണ്ടി വരുമ്പോൾ നേരിടേണ്ടിവരുന്ന അവഗണന, ഒറ്റപെടുത്തല്‍ ; സഹപാഠികളില്‍ നിന്നും, അധ്യാപകരില്‍ നിന്നും, സമൂഹത്തില്‍ നിന്നും എന്തിന്‌ സ്വന്തം വീട്ടില്‍ നിന്നു പോലും’.

അന്നത്തെ പ്രായം ഈ വകതിരിവുകളെ ഉള്‍കൊള്ളാനുള്ള പ്രാപ്തി കൈവരിച്ചിരുന്നില്ല. അവനെ പോലുള്ള കോടികണക്കിന് കുട്ടികള്‍ ഈ സമൂഹത്തില്‍ ഉണ്ടെന്ന് മനസിലാക്കുമ്പോള്‍ ( ലോകജനതയുടെ 285 മില്യണ്‍ കാഴ്ചവൈകല്യം ഉള്ളവരില്‍ 19 മില്യണ്‍ കുട്ടികള്‍ ആണ്) , സമൂഹത്തില്‍ അവർ നേരിടുന്ന അവഗണന, ഒറ്റപെടുത്തല്‍ ഇവ ആലോചികുമ്പോള്‍ മാത്രമാണ് ഈ വിഷയം പ്രസക്തമാകുന്നത്.

 

വിവിധ സാമുദായിക, സഹോദര സംഘടനകളുടെയും മറ്റും ആഭിമുഖ്യത്തില്‍ ഇന്നാട്ടില്‍ നേത്രപരിശോധന ക്യാമ്പും സൗജന്യ തിമിരശസ്ത്രക്രിയകളും നടക്കാറുണ്ട്. എന്നാല്‍ ഒരൊറ്റ സംഘടനകളും “LOW VISION” എന്ന ഈ ഗണത്തില്‍പെട്ടവർക്ക് വേണ്ടി കാര്യമായി ഒന്നും തന്നെ ചെയ്യാത്തൊരു പ്രവണതയാണ് കണ്ടുവരുന്നത്. ഈക്കൂട്ടരുടെ തുടര്‍വിദ്യാഭ്യാസം, പുനരധിവാസം,ജോലിസാധ്യതകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഒട്ടുമിക്ക സംഘടനകളും മുന്‍കൈ എടുക്കാത്തതിനു കാരണം  അത്യന്തം ശ്രമകരവും ക്ഷമയേറിയതും കാലതാമസമേറിയതുമായ പരിപാടി ആണ് ഇവരുടെ ദൈനംദിന ക്രിയകളുടെ പരിശീലനം എന്നത്.

ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരിക്കലും ഒരു ഉടനടി  പ്രതിഫലം; അത് രോഗിയുടെ രോഗം മാറുമ്പോള്‍ ഒരു ഡോക്ടറിനു ഉണ്ടാകുന്ന പുഞ്ചിരി നിറച്ച വികാരമോ, സാമ്പത്തികപരമായ ലാഭമോ ; ഉണ്ടാകാത്ത ഒരു മേഖല കൂടിയാണിത്.

പ്രധാനമായും ജനിതകപരമായ വൈകല്യങ്ങൾ, പോഷകാഹാരക്കുറവ്, കുട്ടികളിലെ തിമിരം, കുട്ടികളിലെ ഗ്ലോക്കോമ, കണ്ണിലേറ്റ ആഴമുള്ള മുറിവുകൾ എന്നിവയാണ് കുട്ടികളിലെ കാഴ്ച വൈകല്യത്തിന് കാരണം. ഇതിന്റെ ചികിത്സ എന്നുപറയുന്നത് കാരണമനുസരിസിച്ചാണ്.

തക്ക സമയത്തുള്ള ചികിത്സ ലഭിക്കാത്തതുകൊണ്ടോ ചികിൽസിച്ചു ഭേദമാക്കാൻ പറ്റാത്തതോ ആയ കാരണങ്ങൾ കൊണ്ട് നല്ലൊരു ശതമാനം ഇന്നും ‘ലോ വിഷൻ ‘ എന്ന വേർതിരിവിൽ തന്നെ തുടരുന്നു.

അംഗപരിമിതരോട് , അത് ചലനത്തിനുള്ള പരിമിതിയാകട്ടെ , കാഴ്ച ആവട്ടെ കേൾവിയാകട്ടെ സമൂഹത്തിനു ചില ബാധ്യതകൾ ഉണ്ട് . സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈ പിടിച്ചു ഒപ്പം നടക്കാൻ അവരെ പ്രാപ്തരാക്കാനുള്ള ബാധ്യത . ഇതൊരു ദയാ ദാക്ഷിണ്യം അല്ല .നമ്മുടെയെല്ലാം കടമയാണ്. അവരുടെ അവകാശവും .

അവര്‍ക്കും മറ്റുള്ളവരെപോലെ വായിക്കാനും (തീരെ അന്ധര്‍ക്ക് ബ്രയ്ല്‍ലിപി ഉപയോഗിച്ചുള്ള വായനാരീതി) വിവിധ കോഴ്സുകളില്‍ ചേരാനും, ജോലി സമ്പാദിക്കാനും തീരെ അന്ധര്‍ക്ക് കരകൌശലവസ്തു നിര്‍മ്മാണം, ടെലിഫോണ്‍ ബൂത്ത്‌, പുസ്തകനിര്‍മ്മാനം,കലാപരവും കായികപരവുമായ മേഖലകളില്‍ ഉള്ളര്‍ക്ക് ആ മേഖലയില്‍ ഉള്ള തൊഴില്‍ തുടങ്ങിയ സാധ്യതകള്‍ ഉണ്ടെന്നും അത് വഴി ധന സമ്പാദനവും ; കൂടാതെ വിവാഹവും കുടുംബവും കുട്ടികളും അവര്‍ക്കും സാധ്യമാകുമെന്നും  അവരെ ധരിപ്പിക്കണം. അന്ധരായി ജനിച്ച് ജീവിച്ച്‌ കാഴ്ച്ചയുള്ളവരെക്കാള്‍ ഈ ലോകത്തിന്‍റെ ഉള്‍കാഴ്ച കണ്ട് ജയിച്ച വ്യക്തികളുടെ ജീവിതം ഇക്കൂട്ടര്‍ക്ക് ഒരു പ്രചോദനം ആകും. ഉദാ;ഹെല്ലെന്‍ കെല്ലെര്‍, ലൂയിസ് ബ്രയ്ന്‍, ജോൺ ബ്രാംമിൽട്ടൻ.

ജന്മനാ ഉള്ള കാഴ്ച്ച വൈകല്യങ്ങള്‍, ക്ഷതം മൂലമുള്ള കാഴ്ച നഷ്ടപെടല്‍, ആല്‍ബിനിസം, കാഴ്ച ഞരമ്പ് സംബന്ധമായ രോഗങ്ങള്‍ മുതലായവ മേല്‍പറഞ്ഞ 19 മില്യണ്‍ കുട്ടികളോടൊപ്പം ഈ ഭൂമുഖത്ത് നിന്നും നാമാവശേഷമാകും  എന്നും ഞാന്‍ വിശ്വസികുന്നില്ല.

പക്ഷെ ഇപ്പോൾ കേട്ട് വരുന്ന വൈക്കം വിജയലക്ഷ്മിയുടെ കാര്യത്തെ ഒന്നവലോകനം ചെയ്യുമ്പോൾ ജന്മനാ അന്ധയായ ഒരാൾക്ക് ഈ യൗവനത്തിൽ ചികിത്സ ചെയ്ത് കാഴ്ചതിരികെ കിട്ടി എന്ന് പറയുന്ന വാർത്ത ശരിയാകാൻ സാധ്യത ഇല്ല. കാരണം നമ്മുടെ കണ്ണിലെ കാഴ്ചഞരമ്പിന്റെ ജനിതകപരമായ തകരാറാണെങ്കിൽ അതിന് ശാശ്വതമായ പരിഹാരം കുറവായിരിക്കും. കാരണം കാഴ്ചഞരമ്പിന്റെ നല്ലൊരു ശതമാനം വളർച്ചയും ഭ്രൂണാവസ്ഥയിലും ജനിച്ച ആഴ്ചകൾക്കുള്ളിലും നടന്നിരിക്കും. ഇനി കാഴ്ച ഞരമ്പിനു മുന്നിലുള്ള ലെൻസ്, നേത്രപടലം എന്നിവയുടെ തകരാറാണെങ്കിൽ വളരെ ചെറുപ്പത്തിൽ തന്നെ ചികിൽസിക്കണം. ശസ്ത്രക്രിയകളും വേണ്ടി വന്നേക്കാം.മാത്രമല്ല നന്നേ ചെറുപ്പത്തിൽ തന്നെ കുട്ടി വസ്തുക്കളെ നോക്കി പരിശീലിച്ചില്ല എങ്കിൽ കാഴ്ചഞരമ്പുകൾ മന്ദീഭവിച്ച് ‘അംബ്‌ലോപ്യ ‘(Amblyopia) എന്ന അവസ്ഥ വന്നുചേരും.

മേൽ പറഞ്ഞിരിക്കുന്ന രണ്ടിൽ ഏതെങ്കിലും ഒന്ന് വൈക്കം വിജയലക്ഷിയുടെ കാര്യത്തിൽ നടന്നിട്ടുണ്ടായിരിക്കണം എന്ന കാര്യം അല്പം വ്യസനത്തോട് കൂടി പറയട്ടെ. പിന്നെ വെട്ടം കാണാൻ പറ്റുന്നു എന്നൊക്കെ പറയുന്നത് പ്രീതീക്ഷകളെല്ലാം നഷ്‌ടമായൊരവസരത്തിൽ നൂറു ശതമാനം ഉറപ്പോടെ പച്ചവെള്ളം കുടിച്ചാൽ പോലും അതിന് നമ്മളിൽ പ്രവർത്തിക്കാൻ കഴിഞ്ഞു കഴിയും എന്നൊരു വിശ്വാസം ഇല്ലേ. ‘പ്ലാസിബോ എഫക്ട്’ എന്നൊക്കെ വേണേൽ പറയാം. ആ വിശ്വാസത്തിന്റെ തിരുശേഷിപ്പാണെന്നേ പറയാനാകൂ. ഇനി ശാസ്ത്രത്തിനും മുകളിൽ, ശാസ്ത്രത്തിന്റെ നിർവചനാതീതമായ കണ്ടുപിടിത്തങ്ങളുടെ ഭാഗമാണ് ഈ വാർത്തയെങ്കിൽ അതിനെയും സ്വാഗതം ചെയ്യുന്നു. കാലം തെളിയിക്കട്ടെ !

ഏഴ് ഫോണ്‍ കോളുകളുടെ ചിലവില്‍ എനിക്ക് അറിയാന്‍ സാധിച്ചു എന്‍റെ ആ പഴയ സുഹൃത്ത് ഇടുക്കി പൈനാവ് കലക്ട്രേറ്റില്‍ ജോലി ചെയ്യുന്നെന്ന്. അത് അവന്‍റെ നിശ്ചയദാർഢ്യത്തിന്റെ   വിജയം. അവന്‍റെ മാത്രം വിജയം.

ഹെലൻ കെല്ലർ

ആദ്യമായി ഒരു ബാച്ച്ലർ ഡിഗ്രിയെടുത്ത അന്ധയും ബധിരയുമായ വ്യക്തിയായിരുന്നു ഹെലൻ കെലെർ. ജനിച്ച് 19മാസം പ്രായമുള്ളപ്പോൾ തന്നെ തലച്ചോർ സംബന്ധമായ പനിബാധിച്ച് കാഴ്ച, കേൾവി എന്നിവ നഷ്ടപെട്ടു. തുടർന്ന് ആനി സള്ളിവൻ എന്നൊരു ടീച്ചറുടെ സഹായത്തോടെ പ്രകൃതിയെയും നിത്യോപയോഗ സാധനങ്ങളെയും തൊട്ടറിഞ്ഞും ഗന്ധം മനസ്സിലാക്കിയും പഠിച്ചു. കാലക്രമേണ അമേരിക്കൻ എഴുത്തുകാരി, സാമൂഹ്യപ്രവർത്തക എന്നീ നിലകളിൽ ലോകശ്രദ്ധ നേടി.ആത്മകഥ:- The story of my life -Helen keler.

ലൂയിസ് ബ്രയിൽ

അന്ധരുടെ വായനാ ലിപിയായ ‘ബ്രയിൽ ലിപി’യുടെ ഉപജ്ഞാതാവ്. കുട്ടിക്കാലത്തു ഒരപകടം സംഭവിച്ചതിനെ തുടർന്ന് രണ്ട് കണ്ണിലെയും കാഴ്ച നഷ്ട്ടപെട്ടു. തുടർന്ന് മനസ്സിലെ ആശയങ്ങളെ രേഖപ്പെടുത്താനും അത് മറ്റ് അന്ധരായവർക്ക് തൊട്ട് മനസിലാക്കാനുമായി ഒരു ലിപി ആവിഷ്ക്കരിച്ചു. ബ്രയിൽ. ഇന്ന് ലോകത്തിലെ എല്ലാ അന്ധർക്കും എഴുതാനും വായിക്കുവാനും പറ്റുന്നത് ഇതുകൊണ്ടാണ്.

ജോൺ ബ്രാംബ്ലിറ്റ്

ഇദ്ദേഹത്തിന് 30 വയസ്സായിരിക്കുമ്പോൾ തന്നെ തലച്ചോർ സംബന്ധമായ രോഗം പിടിപെട്ട് രണ്ട് കണ്ണിന്റെയും കാഴ്ച നഷ്ട്ടപെട്ടു. തുടർന്ന് ഒരു വൻ വിഷാദരോഗത്തിലേക്ക് പോയ അദ്ദേഹം തന്റെയുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന ചിത്രകാരനെ പുറത്തെടുത്തു. ഓരോ നിറങ്ങളുടെയും കട്ടി വിരലുകൾ കൊണ്ട് തൊട്ടറിഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം വരച്ചത്.

മർല റുണ്യൻ

അമേരിക്കൻ അത്‌ലറ്റ്. ഒൻപതാം വയസ്സിൽ കാഴ്ചഞരമ്പിന്റെ ജനിതകപരമായ കാരണങ്ങളാൽ കാഴ്ച നഷ്ട്ടപെട്ടു. 1992 ലെ പാരാളിബിക്സിൽ 4 ഗോൾഡ് മെഡൽ നേടി. 2000 ലെ സിഡ്നി ഒളിംപിക്സിൽ 1500 മീറ്റർ ഓട്ടത്തിൽ എട്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.

പ്രഞ്ജാൽ പാട്ടീൽ

നമ്മുടെ രാജ്യത്തിനു അഭിമാനിക്കാൻ ഒരാൾ കൂടി. പ്രഞ്ജാൽ പാട്ടീൽ. ആറാം വയസ്സിൽ ഒരാപകടം മൂലം  കാഴ്ച നഷ്ടപ്പെട്ട പാട്ടീൽ തുടർ വിദ്യാഭാസം മുഴുവൻ ബ്രയിൽ ഉപയോഗിച്ചുകൊണ്ടായിരുന്നു. തുടർന്ന് പൊളിറ്റിക്കൽ സയൻസിൽ ഗ്രാജുവേറ്റും ആർട്സിൽ മാസ്റ്റർ ഡിഗ്രിയെടുക്കുകയും ചെയ്തു. ഇടയിലെപ്പോഴോ IAS നോട് തോന്നിയ മോഹവും കഠിനാദ്ധ്വാനവും വെറുതെയായില്ല. ആദ്യ ശ്രമത്തിൽ തന്നെ UPSC പരീക്ഷയെഴുതി അഖിലേന്ത്യ പരീക്ഷയിൽ 773 സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.

 

ലേഖകർ
Dr. Navajeevan.N.A, Obtained MBBS from kochin medical college and MS in Ophthalmology from karakonam medical college and fellowship from Regional institute of ophthalmology trivandrum. Now working at Primary Health Center Amboori as Medical Officer in charge.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ