· 8 മിനിറ്റ് വായന

മരിക്കാൻ മറന്ന കോശങ്ങൾ : ക്യാൻസർ ശരിയറിവുകളും പ്രതിരോധവും

Life StyleOncologyPalliative MedicinePathologyPreventive Medicineആരോഗ്യ പരിപാലനംപൊതുജനാരോഗ്യം

എന്താണ് കാൻസർ ?

ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാനകാലം മുതൽ ആളുകളെ ഏറ്റവും ഭയപ്പെടുത്തുന്ന വാക്കായി കാൻസർ മാറിയിട്ടുണ്ട് . വൈദ്യശാസ്ത്രത്തിന്‍റെ പിതാവായ ഹിപ്പോക്രാറ്റസ് തന്നെയാണ് വളരുന്ന മുഴകൾക്കു കാർസിനോസ്-ഞണ്ട് എന്ന് അർഥം വരുന്ന പേരു നല്കിയത് . വളരുന്ന മുഴകളിലെ വിരലുകൾ പോലെയുള്ള വളര്ച്ചകള്‍ക്ക് ഞണ്ടുകളുടെ കൈകളോടുള്ള സാമ്യംകൊണ്ടാണ് ഈ പേര് ലഭിച്ചത് .സെൽസസ് എന്ന ഇറ്റാലിയൻ ഡോക്ടറാണ് അവരുടെ ഭാഷയിലെ ഞണ്ടിന് തുല്യമായ കാൻസർ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് .

ശരിക്കും എന്താണ് ഈ കാൻസർ ?

കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയാണ് നിയോപ്ലാസം . ഈ വളർച്ചക്ക് കാരണമായ ഘടകം ഇല്ലാതായാലും ഈ വളർച്ച തുടരും എന്നതാണ് ഇതിനെ രോഗാവസ്ഥയാക്കുന്ന ഒരു പ്രധാന പ്രത്യേകത.

ഈ വളർച്ച രണ്ടുതരം ഉണ്ട്.

    1.Benign നിയോപ്ലാസം :

ഇതിൽ വളർച്ച അനിയന്ത്രിതമാണെങ്കിലും , ശരീരത്തിന്‍റെ മറ്റുഭാഗങ്ങളിലേക്കു പടരാനുള്ള കഴിവില്ല , മാരകവുമല്ല . ഇവയുടെ വലിപ്പം കൊണ്ടുള്ള ബുദ്ധിമുട്ടുകളാണ് പ്രധാനം . ഉദാഹരണം – തൊലിപ്പുറത്തു ഉണ്ടാകുന്ന കൊഴുപ്പിന്‍റെ മുഴ -lipoma, സ്തനങ്ങളിൽ ഉണ്ടാവുന്ന fibroadenoma, അസ്ഥിയിൽ ഉണ്ടാകുന്ന ഓസ്റ്റിയോമ , ഗർഭാശയത്തിൽ ഉണ്ടാകുന്ന ഫൈബ്രോയിഡ് എന്നിവ . ഇവയിൽ ചിലതിനു വർഷങ്ങൾ കഴിയുമ്പോൾ malignant ആയി മാറാൻ കഴിയും . അതുകൊണ്ടു ഇവക്കും പലപ്പോഴും നമ്മൾ നേരത്തെ തന്നെ ചികിത്സ നൽകാറുണ്ട് .

  1. Malignant നിയോപ്ലാസം :

വളരെ വേഗത്തിൽ വളരാനുള്ള കഴിവും , മറ്റു ശരീര ഭാഗങ്ങളിലേക്ക് പടരാനുള്ള ശേഷിയും , ഇവയെ ഗുരുതരമായ അസുഖമാക്കുന്നു . ഇത്തരത്തിൽ ഉള്ള നിയോപ്ലാസത്തിനു പൊതുവിൽ വിളിക്കുന്ന പേരാണ് കാൻസർ .

കാൻസർ എവിടെയൊക്കെ ഉണ്ടാകാം ?

ജീവനുള്ള ഏതു കോശങ്ങളിൽ നിന്നും കാൻസർ ഉണ്ടാകാം . ഏതു കോശങ്ങളിൽ നിന്നാണോ ഇവ ഉത്ഭവിക്കുന്നത് അതനുസരിച്ചു കാൻസറുകളുടെ പേരിലും വ്യത്യാസമുണ്ട് .ഉദാഹരണത്തിന്

കാർസിനോമ :ശരീരത്തിന്റെ അകവും പുറവുമൊക്കെ പൊതിഞ്ഞിരിക്കുന്ന കോശങ്ങളിൽ നിന്ന് ഉണ്ടാകുന്ന കാൻസറുകൾ

സാർക്കോമ : മസിൽ , അസ്ഥി തുടങ്ങിയവയിൽ നിന്ന് വളരുന്നവ .

ലുക്കീമിയ : രക്ത കോശങ്ങളിൽ നിന്ന് ഉണ്ടാവുന്ന കാൻസറുകൾ

ലിംഫോമ : രോഗപ്രതിരോധ വ്യവസ്ഥയിൽ ഉള്ള കഴലകളില്‍ നിന്ന് ഉണ്ടാകുന്നവ

ഇങ്ങനെയാണ് പലതരത്തിലുള്ള പേരുകൾ ഉണ്ടാവുന്നത് .

കാൻസർ എങ്ങനെയാണു ഉണ്ടാവുന്നത് ?

ഇത് മനസ്സിലാക്കണമെങ്കിൽ എങ്ങനെയാണു നമ്മുടെ ശരീരത്തിൽ സാധാരണ കോശങ്ങൾ വളരുന്നത് എന്ന് അറിഞ്ഞിരിക്കണം . രക്ത കോശങ്ങൾ ഉദാഹരണമായി എടുക്കാം . ഓരോ കോശത്തിനും ഒരു നിശ്ചിത ആയുസുണ്ട് . രക്തകോശങ്ങൾ ഉണ്ടാവുന്നത് മജ്ജയിലെ മൂലകോശങ്ങളിൽ നിന്നാണ് . അവിടെ നിന്നും രക്തത്തിൽ എത്തി അവയുടെ കർത്തവ്യങ്ങൾ നിർവഹിക്കുന്നു , തങ്ങളുടെ ആയുസു പൂർത്തിയാക്കി കഴിയുമ്പോൾ ഇവ പ്ലീഹയിലും മറ്റുമായി നശിപ്പിക്കപ്പെടുന്നു .

നശിക്കുന്നതിന്‍റെ തോതും പുതുതയായി ഉണ്ടാകുന്നതിന്‍റെ വേഗതയും ഒക്കെ പ്രത്യേക സാഹിചര്യങ്ങളിൽ ഒഴിച്ച് ഒരുപോലെ ആയിരിക്കും . ഉണ്ടാകുന്നതിന്‍റെയും , വളരുന്നതിന്‍റെയും , നശിക്കുന്നതിന്‍റെയും ഒക്കെ വേഗതയും നിരക്കും നിശ്ചയിക്കുന്നത് DNA യും അതിലെ ജീനുകളുമാണ് . ഈ ഓരോ ജോലികൾക്കും പ്രത്യേക ജീനുകൾ ഉണ്ട് . സാധരണ സാഹചര്യങ്ങളിൽ ഒരു ക്രൂയിസ് കൺട്രോൾ ഉള്ള കാറുപോലെ ഈ പ്രക്രിയ ഒരേ വേഗതയിലും താളത്തിലും ഇങ്ങനെ നടന്നുകൊണ്ടേ ഇരിക്കും .

ഇങ്ങനെ പോകുന്ന കാറിന്‍റെ ആക്സിലറേറ്റർ ഒന്ന് അമർത്തി ചവിട്ടിയാൽ എന്ത് സംഭവിക്കും ? കാർ ഒറ്റനിമിഷം കൊണ്ട് പറക്കാൻ തുടങ്ങും . കാൻസർ ഉണ്ടാവുന്നതും ഇങ്ങനെയാണ് . ഈ സാധരണ താളവും വേഗതയും നഷ്ടപ്പെടും . ഇത് നിയന്ത്രിക്കുന്ന ജീനുകളിലാണ് പ്രശ്നം തുടങ്ങുന്നത് . അവ പ്രശ്നത്തിലാകുന്നതോടെ വളർച്ചയുടെ താളം തെറ്റും , പുതിയ കോശങ്ങൾ ഉണ്ടാകുന്നതിന്‍റെയും വളരുന്നതിന്‍റെയും , വേഗത കൂടും , നശിക്കുന്നതിന്‍റെ വേഗത കുറയും , അങ്ങനെ കോശങ്ങളുടെ എണ്ണം വളരെ വേഗം കൂടും . ഇപ്രകാരം കോശങ്ങളുടെ വളർച്ചയും നാശവും ഒക്കെ നിയന്ത്രിക്കുന്ന ബ്രേക്ക് ആയ DNA യിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളാണ് ക്യാൻസറിന് കാരണമാകുന്നത് .

എന്തുകൊണ്ടാണ് ചിലർക്ക് മാത്രം കാൻസർ ഉണ്ടാവുന്നത് ?

മുകളിൽ പറഞ്ഞപോലെയുള്ള ക്രൂയിസ് കൺട്രോൾ എല്ലാ കോശങ്ങളിലും ഉണ്ട് . ചിലരിൽ ഈ കൺട്രോൾ തകരാറിലാകും . അതോടെ കോശങ്ങളുടെ വളർച്ച തോന്നിയപോലെയാവും .

എങ്ങനെയൊക്കെയാണ് ഈ ബ്രേക്കിംഗ് സിസ്റ്റം തകരാറിലാവുക ?

അതിനു ജീനുകളിലെ ഘടനയിൽ മാറ്റമുണ്ടാവണം , ഇത്തരത്തിൽ ഉണ്ടാകുന്ന മാറ്റത്തിനാണ് മ്യൂട്ടേഷൻ എന്ന് പറയുന്നത് .എങ്ങനെയാണു ഈ മ്യൂട്ടേഷൻ ഉണ്ടാവുന്നത് ? അതിനു പല കാരണങ്ങളുണ്ട് , അവയേതൊക്കെയാണ് എന്നൊന്ന് നോക്കാം .

  1. ജനിതകപരമായ പ്രത്യേകതകൾ / പാരമ്പര്യം :

ചിലരിൽ ജനിതകപരമായോ /പാരമ്പര്യം കൊണ്ടോ ജനിതക ഘടനയിൽ മാറ്റങ്ങൾ ഉണ്ടാവാം . അടുത്ത ബന്ധുക്കളിലോ ഒരു കുടുംബത്തിൽ തന്നെയോ പലർക്കും കാൻസറുകൾ ഉണ്ടാവാൻ കാരണം ഇതാണ് . ഈ ജനിതക മാറ്റങ്ങള്‍ കുടുംബത്തില്‍ കൈമാറ്റം ചെയ്യപ്പെടും .പഠനങ്ങൾ അനുസരിച്ച് ചെറിയ ശതമാനം ആളുകൾക്കേ ഇത്തരത്തില്‍ കാന്‍സര്‍ ഉണ്ടാകു.

  1. നമ്മൾ എങ്ങനെ ജീവിക്കുന്നു :

നമ്മുടെ ജീവിതചര്യകൾ എങ്ങനെയെന്നതിനെ ആശ്രയിച്ചാണ് നല്ലൊരു ശതമാനം ആളുകളിലും കാൻസർ വരാനുള്ള സാധ്യത .

ഭക്ഷണക്രമവും , പുകവലിയുമാണ് ഏറ്റവും പ്രധാനപ്പെട്ട രണ്ടു കാര്യങ്ങൾ .മദ്യപാനം , അമിത വണ്ണം , വ്യായാമം ഇല്ലായ്മ, രോഗ പ്രതിരോധം കുറഞ്ഞിരിക്കുന്ന അവസ്ഥ ഇവയൊക്കെ കാൻസർ വരാനുള്ള സാധ്യത കൂട്ടുന്നു .

  1. പരിസ്ഥിതി സാഹചര്യങ്ങൾ :

പാസ്സീവ് സ്‌മോക്കിങ് , ചില വൈറസ് അണുബാധകൾ , വ്യവസായങ്ങളില്‍ ഉപയോഗിക്കുന്ന ചില രാസവസ്തുക്കൾ , റേഡിയേഷൻ എന്നിവയും കാൻസർ സാധ്യത കൂട്ടുന്നവയാണ് .

ജനിതകഘടനയിൽ മാറ്റമുണ്ടാക്കിയാണ് ഇത്തരം സാഹചര്യങ്ങൾ കാൻസർ ഉണ്ടാക്കുന്നത് .ഈ ഘടകങ്ങൾ ഒക്കെ കോശങ്ങളിലെ സംരക്ഷക ജീനുകളായ പ്രോട്ടോ ഓങ്കോജീനുകളിൽ മാറ്റം വരുത്തി അവയെ കാൻസർ ജീനുകളായ ഓങ്കോജീനുകൾ ആക്കി മാറ്റും .

കാൻസറും പാരമ്പര്യവും

ചില കാൻസറുകൾ ഒരേ കുടുംബത്തിൽ പലർക്കും വരുന്നത് ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ . ഹോളിവുഡ് നടി ആഞ്‌ജലീന ജോളി അവരുടെ രണ്ട് സ്തനങ്ങളും ശസ്‌ത്രക്രിയ ചെയ്തു മാറ്റിയത് വാർത്തയായത് കുറച്ചു വർഷങ്ങൾക്കു മുമ്പാണല്ലോ .എന്തുകൊണ്ട് അവർ അങ്ങനെ ചെയ്തു ? അവരുടെ കുടുംബത്തിൽ പലർക്കും സ്തനാർബുദം ഉണ്ടായിരുന്നു . പരിശോധനയിൽ ഇവർക്കും ആ ജീനുകൾ ഉണ്ടെന്നു കണ്ടെത്തി . അതുകൊണ്ടാണ് അവർ ഇങ്ങനെ ചെയ്തത് .ചില കാൻസർ ജീനുകൾ ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്കു കൈമാറ്റം ചെയ്യപ്പെടുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് . ബ്രസ്‌റ്റ്‌ കാൻസർ , കുടലുകളിലെ അർബുദം , വൃക്കയുടെ ചില കാൻസറുകൾ , രക്താർബുദം തുടങ്ങിയവ ഇങ്ങനെ കുടുംബത്തിൽ പലർക്കും വരുന്നവയാണ് . അടുത്ത ബന്ധം , ബന്ധത്തിലുള്ള കുറെ ആളുകൾക്കു കാൻസർ ഉണ്ടായിരിക്കുക എന്നിവയൊക്കെ ഈ റിസ്ക് കൂട്ടും . നിലവിലെ കണക്ക് അനുസരിച്ചു ചെറിയ ശതമാനം കാൻസറുകൾ പാരമ്പര്യം കൊണ്ട് ഉണ്ടാവാം .ഇത്തരത്തിൽ അർബുദത്തിന് കാരണമാകുന്ന ജീനുകൾ മുൻകൂട്ടി കണ്ടെത്താൻ ഇപ്പോൾ കഴിയും ( BRCA ജീൻ – സ്തനാര്ബുദത്തിനു കാരണം , APC ജീൻ – കുടലിലെ കാൻസർ ). കാലേകൂട്ടി മുൻകരുതലുകൾ സ്വീകരിക്കാനും , അസുഖം ഉണ്ടായാൽ ആദ്യമേ തന്നെ കണ്ടെത്തി ചികിൽസിക്കാനും ഈ പരിശോധനവഴി സാധിക്കും .

കാൻസറും ലിംഗവും പ്രായവും

ചില കാൻസറുകൾ സ്ത്രീകളിൽ മാത്രമോ ( ഗർഭാശയ കാൻസർ , vaginal and cervical cancer) , പുരുഷൻമാരിൽ മാത്രമോ ( വൃഷണങ്ങളിലെ കാൻസർ ,prostate കാൻസർ ) കാണുന്നവയാണ്. ചിലത് ആണുങ്ങളിലോ പെണ്ണുങ്ങളിലോ കൂടുതലായി കാണാറുണ്ട് . പ്രായം കൂടുന്നത് അനുസരിച്ചു കാൻസർ സാധ്യതയും കൂടും . കണ്ടുപിടിക്കപെടുന്ന കാൻസറുകളിൽ 75% ത്തിൽ അധികം 55 വയസു കഴിഞ്ഞവരിലാണ് .

കാൻസറുകൾ പടരുന്നത് എങ്ങനെ ?

കാൻസർ കരളിലേക്കും തലച്ചോറിലും അസ്ഥിയിലും ഒക്കെ വ്യാപിച്ചു എന്ന് പറഞ്ഞുകേട്ടിട്ടില്ല . എങ്ങനെയാണു കാൻസർ ഇങ്ങനെ പടരുന്നത് ? സാധാരണയായി കോശങ്ങൾ ഓരോന്നും പരസ്പരം ചേർന്ന് ഒട്ടിയാണിരിക്കുക . അവയവങ്ങളുടെ രൂപം നിലനിർത്താനും , കോശങ്ങൾ തമ്മിൽ വിവരങ്ങൾ കൈമാറാനും ഒക്കെ സഹായിക്കുന്നത് ഈ ഒട്ടലാണ് . ഇതിനു സഹായിക്കുന്ന ചില ഇടനിലക്കാരുണ്ട് , cell adhesion molecule അഥവാ CAM എന്നാണ് ഇവരറിയപ്പെടുക . കാൻസർ ബാധിച്ച കോശങ്ങളിൽ ഈ ഇടനിലക്കാരുടെ പ്രവർത്തനം കുറവാണ് . അതുകൊണ്ടു തന്നെ കോശങ്ങൾ ഒട്ടിച്ചേർന്നു ഇരിക്കില്ല , പകരം ലൂസായി ഇരിക്കും . മറ്റുഭാഗങ്ങളിലേക്കു പടരാൻ സഹായിക്കുന്നത് കാൻസർ കോശങ്ങളുടെ ഈ സവിശേഷ സ്വഭാവമാണ് . ഇത്തരത്തിൽ അസുഖം പകരുന്നതിനെ മെറ്റസ്റ്റേസിസ് എന്നാണ് പറയുക .പ്രധാനമായും 3 രീതിയിലാണ് ഇങ്ങനെ കാൻസർ പടരുക

നേരിട്ട് അടുത്തുള്ള ഭാഗത്തേക്ക് : കാൻസർ ബാധിച്ച അവയവത്തിൽ നിന്നോ , ഭാഗത്തുനിന്നോ കോശങ്ങൾ അടർന്നു തൊട്ടടുത്തുള്ള ഭാഗത്തേക്ക് പടരും . ഉദാഹരണത്തിന് ഗർഭാശയ കാൻസറുകൾ വളർന്നു തൊട്ടടുത്തുള്ള മൂത്രനാളിയിലേക്കോ , അണ്ഡാശയങ്ങളിലോ എത്താം . മൂത്രനാളിയിൽ ഇങ്ങനെ എത്തിയാൽ മൂത്രതടസ്സം ഉണ്ടാവും .

രക്തത്തിലൂടെ : ഈ ലൂസായ കാൻസർ കോശങ്ങൾ സിരകളിലൂടെ അടുത്തും ,അകലയുമുള്ള സ്ഥലങ്ങളിൽ എത്താം .രക്തത്തിലൂടെ ഈ കോശങ്ങൾ ഒഴുകി , രക്തക്കുഴലുകൾ പോകുന്ന മറ്റു അവയവങ്ങളിൽ എത്തും . ഉദാഹരണത്തിന് ആണുങ്ങളിൽ prostate ഗ്രന്ഥിയിൽ ഉണ്ടാകുന്ന കാൻസർ അസ്ഥികളിലേക്കു പടരുന്നത് ഇങ്ങനെയാണ് .

ലിംഫ് വ്യവസ്ഥയിലൂടെ : സാധാരണയായി കോശങ്ങൾക്ക് ഇടയിലൂടെ ഒരു നേർത്ത ദ്രാവകം ഒഴുകുന്നുണ്ട് . Tissue ഫ്ലൂയിഡ് അഥവാ ലിംഫ് എന്നാണ് ഇതിനെ വിളിക്കുക . രക്തത്തിൽനിന്നാണ് ലിംഫ് ഉണ്ടാകുന്നതു, രോഗാണുക്കളെയും മറ്റും നിർവീര്യമാക്കുകയാണ് പ്രധാന ജോലി . ഈ ഫ്ലൂയിഡ് ലിംഫ് കുഴലുകളിലൂടെ ഒഴുകി രക്തത്തിൽ എത്തും , ഇതിന്‍റെ ഇടക്ക് ചില പിറ്റ് സ്റ്റോപ്പുകൾ ഉണ്ട് . അവിടെയാണ് രോഗാണുക്കളെയും മറ്റും കൊല്ലുന്നത് .ഈ പിറ്റ് സ്റ്റോപ്പുകളെയാണ് നമ്മൾ കഴലകൾ അല്ലെങ്കിൽ lymph nodes എന്ന് വിളിക്കുക . കാൻസർ കോശങ്ങൾ ലിംഫിലൂടെ ഒഴുകി കഴലകളിലും അതുമായി ബന്ധപെട്ടു കിടക്കുന്ന അവയവങ്ങളിലും എത്തും . വായിൽ കാൻസർ ഉള്ളയാൾക്കു കഴുത്തിലിലെ കഴലകളിലേക്കു അസുഖം പടരാം

കാൻസർ എങ്ങനെ കണ്ടത്താം ?

കാൻസർ രോഗമാണെന്ന് ഉറപ്പിക്കണമെങ്കിൽ ആ ഭാഗത്തെ കോശങ്ങളെടുത്ത് മൈക്രോസ്കോപ്പിലൂടെ നോക്കി ഉറപ്പാക്കണം . ഇതിനാണ് ബയോപ്‌സി എന്ന് നമ്മൾ പറയുന്നത് . ചിലപ്പോൾ സൂചികൊണ്ട് കുത്തിയോ (FNAC) ,കഴലകളോ , കലകളോ കുറച്ചു ഭാഗം എടുത്തോ ( excision biopsy) അതും സാധ്യമല്ലെങ്കിൽ ശസ്ത്രക്രിയ സമയത്തു കോശങ്ങൾ ശേഖരിച്ചോ രോഗം സ്ഥിരീകരിക്കണം . കീമോ /റേഡിയേഷൻ ചികിത്സ തുടങ്ങുന്നതിനു മുന്നേ ഏതുതരം കോശങ്ങളിൽ നിന്നാണ് കാൻസർ ഉണ്ടായിരിക്കുന്നത് എന്ന് ഉറപ്പാക്കണം . തലച്ചോറിലെ കാൻസർ പോലെയുള്ള ചില പ്രത്യേക സാഹചര്യത്തിൽ ഇത്തരത്തിൽ കോശങ്ങൾ പരിശോധിച്ചു ഉറപ്പാക്കൽ സാധിച്ചെന്നിരിക്കില്ല . അത്തരം സാഹചര്യങ്ങളിൽ സ്കാനിംഗ് , മറ്റു പരിശോധനകൾ എന്നിവയെ ആശ്രയിച്ചായിരിക്കും ചികിത്സ നിശ്ചയിക്കുക .

കാൻസർ സ്റ്റേജിങ് എന്താണ് ?

അയാൾക്ക്‌ കാൻസർ അവസാന സ്റ്റേജാണ് , രക്ഷയില്ല എന്നൊക്കെ പറയുന്നത്‌ നമ്മൾ കേൾക്കാറുണ്ടല്ലോ . എന്താണ് ഈ സ്റ്റേജ് , എങ്ങനെയാണു കാൻസർ ഏതു സ്റ്റേജാണ് എന്ന് കണ്ടെത്തുക ?

നമുക്ക് ഒരു ഉദാഹരണം എടുത്തു ഇതൊന്നു പരിശോധിക്കാം .തൊലി /skin ന്‍റെ ഘടന ഒന്ന് നോക്കു , ഏറ്റവും പുറമെ എപ്പിഡെർമിസ് , താഴെ ഡെർമിസ് (തൊലിയുടെ താഴെ വെളുത്തിരിക്കുന്ന ഭാഗം ) , അതിനു ശേഷം മസിലുകൾ , അതിനു താഴെ അസ്ഥി . സ്കിൻ കാൻസർ ആരംഭിക്കുന്നത് എപ്പിഡെർമിസിലാണ് . കാൻസർ കോശങ്ങൾ എപിഡെർമിസിലും ഡെർമിസിലും മാത്രമാണെങ്കിൽ stage 1 ആണ് . താഴെയുള്ള മസിലുകളിലേക്ക് രോഗം എത്തുമ്പോൾ രണ്ടാം സ്റ്റേജാകും . മൂന്നാം സ്റ്റേജിൽ അസുഖം ആരംഭിച്ച ഭാഗത്തുള്ളതും അതിനു ചുറ്റുമുള്ള കഴലകളിലേക്കു വ്യാപിക്കുന്നത് . തൊലിയിൽ നിന്ന് അസുഖം അകലെയുള്ള അവയവങ്ങളിലേക്കു എത്തുന്നതാണ് നാലാം സ്റ്റേജ് . ഓരോ തരത്തിലെ കാൻസറിനും സ്റ്റേജിങ് വ്യത്യസ്തമായാണ്‌ . രോഗത്തിന്റെ തീവ്രത , ചികിത്സ എപ്രകാരം , പ്രോഗ്നോസിസ് (രോഗിയുടെ അതിജീവന സാധ്യതയും സുഖമാകാനുള്ള സാധ്യതയും) എങ്ങനെ എന്നൊക്കെ തീരുമാനിക്കുക സ്റ്റേജുകളെ അടിസ്ഥാനമാക്കിയാണ് .ആദ്യ സ്റ്റേജുകളിലെ അസുഖം ഗുരുതരമല്ലാത്തതും , മിക്കപ്പോഴും പൂർണ്ണമായി ചികിൽസിച്ചു ഭേദമാക്കാവുന്നതുമാണ് . സ്റ്റേജ് കൂടുന്നത് അനുസരിച്ചു അസുഖത്തിന്‍റെ തീവ്രതയും കൂടും . ലോകത്തു മുഴുവനും കാൻസർ ചികിത്സയിൽ ഒരേ സ്റ്റേജിങ് ആണ് ഉപയോഗിക്കുക .

ചികിത്സ എങ്ങനെ ?

ഏതു തരത്തിലുള്ള കാൻസർ ആണ് , ഏതു സ്റ്റേജാണ് , ഒപ്പം പ്രായം , ആരോഗ്യാവസ്ഥ എന്നിവയനുസരിച്ചാണ് ചികിത്സ നിശ്ചയിക്കുക . പ്രധാനമായും മൂന്നു തരത്തിലുള്ള ചികിത്സാരീതികളാണ് ഉപയോഗിക്കുക .

  1. ശസ്ത്രക്രിയ : കാൻസർ ബാധിച്ച ഭാഗം മുഴുവനായി എടുത്തുകളയുകയാണ് ലക്ഷ്യം . ആദ്യ സ്റ്റേജുകളിൽ പൂർണ്ണമായ ശസ്ത്രക്രിയ മാത്രംകൊണ്ടു ചിലപ്പോൾ അസുഖം ഭേദമാകും .
  2. റേഡിയേഷൻ ചികിത്സ : പ്രത്യേക തരത്തിലുള്ള റേഡിയേഷനുകൾ ഉപയോഗിച്ച് കാൻസർ കോശങ്ങളെ കൊല്ലുന്നു .
  3. കീമോ ചികിത്സ : ഇവിടെ കാൻസർ കോശങ്ങളെ നശിപ്പിക്കാൻ പ്രത്യേക മരുന്നുകൾ ഉപയോഗിക്കും . നിരവധി തരത്തിലുള്ള മരുന്നുകൾ ഇന്ന് ലഭ്യമാണ് .രോഗത്തിന്‍റെ പ്രത്യേകതകൾ അനുസരിച്ചു ഈ രീതികൾ ഒരുമിച്ചോ , തനിയെയോ ചികിത്സയിൽ ഉപയോഗിക്കാം .

പ്രതിരോധം എങ്ങനെ ?

കാൻസർ വരുന്നത് തടയാൻ പറ്റുമോ ? തീർച്ചയായും പറ്റും . മുകളിൽ പറഞ്ഞതുപോലെ നല്ലൊരു ശതമാനം കാൻസറുകളും നമ്മുടെ ജീവിതരീതികളോട് ബന്ധമുള്ളവയാണ് . അതുകൊണ്ടു തന്നെ ചില ജീവിത ചര്യകൾ ശീലമാക്കുന്നത് കാൻസർ ഉണ്ടാവാതെ സംരക്ഷിക്കും . മയോക്ലിനിക്‌ നിർദ്ദേശിച്ചിരിക്കുന്ന പ്രതിരോധ മാർഗ്ഗങ്ങൾ ഇവയാണ് .

1.പുകവലിയും പുകയില ഉൽപന്നങ്ങളും നിർത്തുക –

കാൻസർ പ്രതിരോധത്തിലെ ഏറ്റവും പ്രധാന സ്റ്റെപ് ഇതാണ് . പുകവലി കാൻസർ സാധ്യതകളെ പലമടങ്ങു വർദ്ധിപ്പിക്കും . വായിൽ , ശ്വാസകോശത്തിൽ , അന്നനാളത്തിൽ , പാൻക്രിയാസിൽ ഒക്കെ കാൻസർ ഉണ്ടാവാനുള്ള സാധ്യത കുറയും

  1. ആരോഗ്യകരവും സുരക്ഷിതവുമായ ഭക്ഷണ രീതി
  2. കൃത്യമായ തൂക്കം നിലനിർത്തുക, സ്ഥിരമായി വ്യായാമങ്ങൾ ചെയ്യുക .
  3. നേരിട്ടുള്ള സൂര്യപ്രകാശം പരമാവധി കുറയ്ക്കുക , അർബുദകാരകമായ കെമിക്കലുകൾ , റേഡിയേഷനുകൾ എന്നിവയോടുള്ള സമ്പർക്കം ഒഴിവാക്കുക
  4. പ്രതിരോധ കുത്തിവെപ്പുകൾ എടുക്കുക . ഹെപ്പറ്റൈറ്റിസ് B കുത്തിവെപ്പ് , പാപ്പിലോമാ വൈറസ് (HPV) കുത്തിവെപ്പ് എന്നിവ നല്ലൊരു ശതമാനം ഗർഭാശയ കാൻസർ, കരൾ കാൻസർ എന്നിവ തടയും . കൂടുതൽ പഠനങ്ങൾ കാൻസർ പ്രതിരോധ വാക്സിനുകളെ പറ്റി നടക്കുന്നുണ്ട്.(ക്യാന്‍സറിനെ നശിപ്പിക്കുക, വളര്‍ച്ച മെല്ലെയാക്കുക, ട്യൂമറിന്റെ സൈസ് കുറച്ച് സര്‍ജറി എളുപ്പമാക്കുക, ക്യാന്‍സര്‍ വീണ്ടും വരാതെ നോക്കുക എന്നിങ്ങനെയുള്ള ചികിൽസാർത്ഥം ഉപയോഗിക്കാവുന്ന തെറാപ്യൂട്ടിക് വാക്സിനുകൾ മറ്റൊരു പ്രതീക്ഷ തരുന്ന മേഖലയാണ്. കാൻസർ കോശങ്ങൾ നമമുടെ പ്രതിരോധ വ്യവസ്ഥിതിയിൽ നിന്നു നടത്തുന്ന ഒളിച്ചുകളിയും തടി തപ്പലും പൂർണമായും മനസ്സിലാക്കാനുളള ശ്രമം വിജയിക്കുമ്പോൾ അവ യാഥാർത്ഥ്യമാകും. )
  5. സുരക്ഷിതമായ ലൈംഗികത ശീലമാക്കുക : HIV , HEPATITIS B എന്നിവ നിരവധി കാൻസറുകൾക്കു കാരണമാണ് .
  6. LAST BUT NOT THE LEAST: സംശയങ്ങൾ ഉള്ളപ്പോൾ ഡോക്ടർമാരെ കാണാൻ മടികാണിക്കരുത് . ചികിത്സ കൃത്യമായും പൂർണ്ണമായും എടുക്കുക . തുടർ പരിശോധനകൾ മുടക്കാതിരിക്കുക

നേരത്തേയുള്ള രോഗ നിർണയമാണ് കാൻസർ ചികിത്സയിൽ ഏറ്റവും നിർണായകം. ശാസ്ത്രീയമായ ചികിത്സാ രീതികൾ അവലംബിക്കുക എന്നത് പരമപ്രധാനവും. അതിനെ കുറിച്ച് പറയാതെ ഈ ലേഖനം പൂർണമാവില്ല. പ്രതിരോധ മാർഗ്ഗങ്ങളും പ്രധാനമാണ്

അതിനെക്കുറിച്ച് കൂടുതൽ പിന്നീടൊരിക്കലാകാം.

ലേഖകർ
Medical doctor,psychiatry resident interested in public health. Areas of interest are public health, neuropsychiatry, addiction medicine and human evolution gender psychiatry and LGBTQ issues
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ