· 4 മിനിറ്റ് വായന

ഒഴുകിനടക്കുന്ന തലയോട്ടികൾ

Forensic Medicineഅനുഭവങ്ങൾആരോഗ്യ അവബോധം

സെപ്റ്റംബർ 29, 1935; സ്കോട്ട്ലണ്ടിലെ ഒരു ഗ്രാമ പ്രദേശത്ത് കൂടി സായാഹ്ന സവാരിക്കിറങ്ങിയതായിരുന്നു സൂസൻ ജോൺസൺ. പാറകളിൽ തട്ടി കളകളാരവം മുഴക്കി ഒഴുകിക്കൊണ്ടിരിക്കുന്ന അരുവിയിൽ ഒരു കെട്ട് ശ്രദ്ധയിൽപ്പെട്ടു. കെട്ടിൽ പുറത്ത് കാണത്തക്കവിധം നീണ്ട് കാണുന്ന ഒരു മനുഷ്യന്റെ കയ്യും. വിവരം പൊലീസിൽ അറിയിച്ചു.

നദിയിൽ നിന്നും രണ്ട് തലയോട്ടികളും 4 പൊതി കെട്ടുകളും ലഭിച്ചു. ബെഡ് ഷീറ്റിലും പത്രക്കടലാസിലും പൊതിഞ്ഞതായിരുന്നു ശരീരഭാഗങ്ങൾ. ഓഗസ്റ്റ് 6 ലെയും 31 ലെയും ഡെയിലി ഹെറാൾഡ്, സെപ്റ്റംബർ 15 ആം തീയതിയിലെ സൺഡേ ഗ്രാഫിക്, തീയതി വായിക്കാൻ സാധിക്കാത്ത സൺഡേ ക്രോണിക്കിൾ എന്നിവയായിരുന്നു പത്രങ്ങൾ.

ശരീര ഭാഗങ്ങൾ എഡിൻബർഗ് സർവ്വകലാശാലയിലെ അനാട്ടമി വിഭാഗത്തിലേക്ക് അയച്ചു. 70 പീസുകൾ ഉള്ള ഒരു ജിഗ്സോ പസിൽ, ജീർണ്ണിച്ച മനുഷ്യശരീരഭാഗങ്ങൾ.

ഫോറൻസിക് വിദഗ്ധനായ പ്രഫ. ജോൺ ഗ്ലൈസ്റ്റർ, ഡോ. ഗിൽബർട്ട് മില്ലർ എന്നിവരാണ് വിശദമായ പരിശോധന നടത്തിയത്. പ്രാഥമിക പോസ്റ്റ്മോർട്ടം പരിശോധന നടത്തിയത് ജെയിംസ് കൂപ്പറും സിഡ്‌നി സ്മിത്തും.

രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങൾ ആണിതെന്ന് പരിശോധനയിലൂടെ കണ്ടെത്തി. രണ്ടുപേരും തമ്മിൽ ആറ് ഇഞ്ചിന്റെ ഉയരവ്യത്യാസം ഉണ്ടെന്നും കണ്ടെത്തി. ശരീരഭാഗങ്ങൾ മുറിച്ച രീതിയിൽ നിന്നു തന്നെ കൊലയാളി ഒരു അനാട്ടമി വിദഗ്ധൻ ആയിരിക്കും എന്ന അനുമാനത്തിൽ എത്തി, മിക്കവാറും ഒരു ഡോക്ടർ. തിരിച്ചറിയാതിരിക്കാനായി മുഖത്തെ ത്വക്ക്, കണ്ണുകൾ, ചെവി എന്നിവ മുറിച്ചു മാറ്റിയിരിക്കുന്നു, വിരലടയാളം ലഭിക്കാതിരിക്കാനായി വിരലുകളുടെ അറ്റം മുറിച്ചു മാറ്റിയിരിക്കുന്നു, പല്ലുകൾ പരിശോധിച്ച് കണ്ടെത്താതിരിക്കാനായി പല്ലുകൾ പറിച്ചെടുത്തിരിക്കുന്നു. എങ്കിലും തലയിൽ നിന്നും കുറച്ച് തലമുടി ലഭിക്കുകയുണ്ടായി.

നദിയുടെ മറ്റുഭാഗങ്ങളിൽ നിന്നും മുറിച്ചു മാറ്റപ്പെട്ട വിരലുകളുടെ അഗ്രഭാഗം ലഭിച്ചു. കുറച്ച് കഷ്ടപ്പെട്ടിട്ടാണെങ്കിലും അതിൽനിന്നും വിരലടയാളം കണ്ടുപിടിക്കാൻ ഗ്ലൈസ്റ്റർക്കായി.

തലയോട്ടിയിലെ സ്യൂച്ചർ പരിശോധനയിൽ നിന്നും, കയ്യിലേയും കാലുകളിലേക്കും നീളമുള്ള എല്ലുകളുടെ പരിശോധനയിൽ നിന്നും പല്ലിന്റെ റൂട്ട് പരിശോധനയിൽ നിന്നും മരിച്ചവരുടെ പ്രായം കണക്കാക്കാനായി. ഇവയിൽ പലതിന്റെയും എക്സ് റേ പരിശോധന പ്രായം കണക്കാക്കുന്നതിന് വളരെ സഹായകരമായി. ഈ പരിശോധനകളിൽ നിന്നും മരിച്ചവരിൽ ഒരാൾ 20 വയസ്സുള്ള യുവതിയാണെന്നും രണ്ടാമത്തെയാൾ ഒരു മധ്യവയസ്കയാണ് എന്നും കണ്ടെത്തി.

മരണ കാരണം കണ്ടുപിടിക്കാൻ ഒട്ടും ബുദ്ധിമുട്ടുണ്ടായില്ല. ഒരാളുടെ ശരീരത്തിൽ വാരിയെല്ലുകൾക്കു ഒടിവും നെഞ്ചിൽ കുത്തേറ്റ മുറിവും ഉണ്ടായിരുന്നു, കൂടെ ശരീരത്തിന്റെ പലഭാഗത്തും ചതവുകളും, കഴുത്തിൽ ഗുരുതരമായ പരിക്കുകളും. രണ്ടാമത്തെ ആളുടെ ശരീരത്തിൽ ചതവുകളും മറ്റും ധാരാളം കാണപ്പെട്ടു.

ശരീരഭാഗങ്ങൾ പൊതിഞ്ഞിരുന്ന സൺഡേ ഗ്രാഫിക് പത്രം ഒരു സ്പെഷൽ എഡിഷൻ ആയിരുന്നു എന്ന് പൊലീസ് കണ്ടെത്തി, ലങ്കാസ്റ്റർ ഭാഗത്ത് മാത്രം വിതരണം ചെയ്തിരുന്ന ഒന്ന്. ആ ഭാഗത്തുണ്ടായിരുന്ന ഒരു പാഴ്സി ഡോക്ടറിൽ സംശയം തോന്നി, ഡോ. ബുക്ദ്യാർ റംസ്തംജി ഹക്കീം. ഡോ. ബക് റക്സ്റ്റൺ എന്ന ചുരുക്കപ്പേരിലാണ് ആൾ അറിയപ്പെട്ടിരുന്നത്. 1899, മാർച്ച് 21 ന് മുംബൈയിലാണ് ഡോ ജനിച്ചത്.

ശരീരഭാഗങ്ങൾ ലഭിക്കുന്നതിന് 5 ദിവസം മുമ്പ് ഡോക്ടറുടെ ഒരു പരാതി ലങ്കാസ്റ്റർ പൊലീസിന് ലഭിച്ചിരുന്നു. തന്റെ ഭാര്യയെയും വീട്ടുജോലിക്കാരിയെയും കാണാനില്ല എന്നായിരുന്നു പരാതി. വീട്ടുജോലിക്കാരി തുണി അലക്കുകാരനാൽ ഗർഭിണിയാക്കപ്പെട്ടു എന്നും അബോർഷനായി അവർ രണ്ടുപേരും പണം മോഷ്ടിച്ചു കടന്നു എന്നുമായിരുന്നു ആരോപണം. ശരീരഭാഗത്തോടൊപ്പം കിട്ടിയ ബ്ലൗസ് വീട്ടുജോലിക്കാരിയുടെ ബന്ധുക്കളെ കാണിച്ചപ്പോൾ അവർ തിരിച്ചറിഞ്ഞു.

ഡോക്ടറുടെ വീട് വൃത്തിയാക്കുന്ന ആളെ പോലീസ് ചോദ്യംചെയ്തു. സെപ്റ്റംബർ 15-ന് ജോലിക്ക് വരണ്ട എന്ന് ഡോക്ടർ അവരോട് പറഞ്ഞിരുന്നതായി മൊഴി രേഖപെടുത്തി. പതിനാറാം തീയതി ജോലിക്കെത്തിയപ്പോൾ ഡോക്ടറുടെ വീട് ആകെ അലങ്കോലപ്പെട്ട് കാണപ്പെട്ടിരുന്നു എന്നും ബാത്ത്റൂമിൽ മഞ്ഞ കറ പിടിച്ചിരുന്നു എന്നും മുറ്റത്ത് എന്തോ കത്തിച്ച ഒരു കൂന കാണപ്പെട്ടു എന്നും അവർ പറഞ്ഞു. അയൽക്കാരിൽ ഒരാളും ഡോക്ടർക്ക് എതിരായി മൊഴി കൊടുത്തു.

ഒക്ടോബർ 12-ന് ഡോ. ബക് റക്സ്റ്റൺ അറസ്റ്റ് ചെയ്യപ്പെട്ടു. റക്സ്റ്റണ് സംശയരോഗമായിരുന്നു. അദ്ദേഹത്തിന് ഭാര്യയെ വിശ്വാസമില്ലായിരുന്നു. ഭാര്യയും വീട്ടുജോലിക്കാരിയും കൂടി രണ്ടാഴ്ചമുമ്പ് കൂട്ടുകാരെ കാണാൻ പോയിരുന്നു. ഇതിന്റെ പേരിൽ അവർ തമ്മിൽ വഴക്കുണ്ടായിരുന്നു. ഇതിനൊടുവിൽ കഴുത്ത് ഞെരിച്ചും നെഞ്ചിൽ കത്തി കൊണ്ട് കുത്തിയും ഭാര്യയെ കൊലപ്പെടുത്തി. ഇത് കണ്ടു കൊണ്ടുവന്ന വീട്ടുജോലിക്കാരിയും മർദ്ദിച്ച് കൊലപ്പെടുത്തി. കൊലക്ക് ശേഷം ശരീരം പല ഭാഗങ്ങളായി മുറിച്ച്, മൈലുകൾ അകലെയുള്ള നദിയിലൊഴുക്കി.

കണ്ടെത്തിയ ശരീരഭാഗങ്ങൾ ഭാര്യയുടെയും വീട്ടുജോലിക്കാരിയുടേതുമല്ല എന്നായിരുന്നു ഡോ റക്സ്റ്റൺ വാദിച്ചത്. എന്നാൽ ഫോറൻസിക് മെഡിസിൻ വിദഗ്ധരുടെ മൊഴികൾ അദ്ദേഹത്തിനെതിരായിരുന്നു. പ്രൊഫ. ഗ്ലൈസ്റ്റർ, ഡോ. സിഡ്‌നി സ്മിത്ത്, ഡോ. മില്ലർ എന്നിവർ ശരീരഭാഗങ്ങൾ ആരുടേതാണെന്ന് ശാസ്ത്രീയമായി തെളിയിച്ചിരുന്നു. കോടതി റക്സ്റ്റണ് വധശിക്ഷ വിധിച്ചു. 1936 മെയ് 12-ന് റക്സ്റ്റൺ തൂക്കിലേറ്റപ്പെട്ടു.

കുറ്റാന്വേഷണ ചരിത്രത്തിൽ വളരെ പ്രാധാന്യമുള്ള ഒരു കേസാണിത്. സൂപ്പർ ഇമ്പോസിഷൻ ടെക്നിക്ക് ചരിത്രത്തിൽ ആദ്യമായി ഉപയോഗിച്ചത് ഈ കേസിലാണ്.

യഥാർത്ഥ വലിപ്പമുള്ള തലയോട്ടിയുടെ ചിത്രവും മരണപ്പെട്ട വ്യക്തിയുടെ ജീവനുള്ളപ്പോൾ എടുത്ത യഥാർത്ഥ വലിപ്പത്തിലുള്ള മുഖത്തിന്റെ ചിത്രവും തമ്മിൽ താരതമ്യം ചെയ്യുന്നു. സുതാര്യമായ ചിത്രങ്ങൾ മെർജ് ചെയ്യുകയാണ് ചെയ്യുക. External auditory meatus, orbits, anterior nasal spine, chin point, angle of mandible, zygomatic processes, upper alveolar margin, upper orbital margins തുടങ്ങിയവ അനലൈസ് ചെയ്യുന്നു. അതായത് കണ്ണുകൾ ഓർബിറ്റിന്റെ ഉള്ളിൽ തന്നെ വരണം, പുരികങ്ങൾ ഓർബറ്റിന്റെ മാർജിന് മുകളിൽ തന്നെയായിരിക്കണം … അങ്ങനെ ഓരോന്നും താരതമ്യം ചെയ്യുന്നു. ജീവനുള്ളപ്പോൾ എടുത്ത ഫോട്ടോ വലുതാക്കുമ്പോൾ ഉണ്ടാകുന്ന എററും ഫോട്ടോഗ്രാഫുകൾ തമ്മിൽ ഉണ്ടാകുന്ന അലൈൻമെന്റ് എററും സ്കൾ ഫോട്ടോ സൂപ്പർ ഇമ്പോസിഷനിൽ സാധാരണ ഉണ്ടാകുന്ന പ്രശ്നങ്ങളാണ്.

വീഡിയോ സൂപ്പർ ഇമ്പോസിഷൻ കൊണ്ട് ഈ പ്രശ്നങ്ങൾ ഒരു പരിധി വരെ പരിഹരിക്കാം. തലയോട്ടിയുടെ വീഡിയോയും മരണത്തിനു മുൻപുള്ള ഫോട്ടോഗ്രാഫിന്റെ വീഡിയോയും തമ്മിൽ സൂപ്പർ ഇംപോസ് ചെയ്യുന്നു. ഇതുകൂടാതെ കമ്പ്യൂട്ടർ സഹായത്തോടെയുള്ള സൂപ്പർ ഇമ്പോസിഷൻ ടെക്നിക്കും നിലവിലുണ്ട്.

എന്നാലിന്ന് ഈ രണ്ട് ടെക്നിക്കുകളും അപ്രസക്തമാണ് എന്ന് തന്നെ പറയാം. ഡി. എൻ. എ ഫിംഗർപ്രിന്റിങ്ങിലൂടെ 100% ഉറപ്പിച്ച് ഐഡിന്റിറ്റി കണ്ടുപിടിക്കാൻ വളരെ എളുപ്പമാണിന്ന്. ഐഡന്റിക്കൽ ട്വിൻസ് ആണെങ്കിൽ മാത്രമേ 100% ഉറപ്പില്ലാതാവുകയുള്ളൂ. ഇതിനായി വേണ്ടത് മരിച്ചയാളുടെ ശരീരഭാഗങ്ങളിൽ നിന്നും ശേഖരിക്കുന്ന ഡി എൻ എയും സംശയിക്കുന്ന ആളുകളുടെ ബന്ധുക്കളുടെ രക്തവും മാത്രം. ഇതിനായി കുറച്ച് മില്ലീലിറ്റർ രക്തം മാത്രമേ ആവശ്യം വരൂ, ഇഡിറ്റിഎ ആണ് പ്രിസർവേറ്റിവായി ഉപയോഗിക്കേണ്ടത്.

അവിടെനിന്നും ശാസ്ത്രം വീണ്ടും വികസിച്ചിരിക്കുന്നു. താരതമ്യം ചെയ്യാൻ സംശയിക്കേണ്ട ആളില്ലെങ്കിൽ പോലും തലയോട്ടിയിൽ നിന്നും മുഖത്തിന്റെ രൂപം മെനഞ്ഞെടുക്കുന്ന സാങ്കേതികവിദ്യ. Sculptural reconstruction, computerized facial reconstruction തുടങ്ങിയവയാണ് സാങ്കേതികവിദ്യകൾ. മുഖത്തിന്റെ ത്രിമാന ചിത്രങ്ങൾ കമ്പ്യൂട്ടർ സഹായത്തോടെ സൃഷ്ടിക്കാൻ സാധിക്കുന്ന ഫേസ് റാപ്പിങ് സോഫ്റ്റ്‌വെയറുകൾ വരെ നിലവിലുണ്ട്. തലയോട്ടിയുടെ മുൻവശത്ത് മാംസപേശികൾ പ്രൊജക്ട് ചെയ്ത് മുഖത്തിന്റെ ഏകദേശരൂപം പുനസൃഷ്ടിക്കുന്നു. സയൻസിന്റെ വളർച്ചയോടൊപ്പം കുറ്റാന്വേഷണത്തിലെ ഈ വിഭാഗവും വളർന്നുകൊണ്ടിരിക്കുകയാണ്.

ലേഖകർ
Dr. Jinesh P.S. Completed MBBS and MD in Forensic Medicine from Govt Medical College, Kottayam. He has worked in Dept. of Forensic at Govt Medical College, Kottayam as Lecturer and at Community Health Center Kumarakom and Edayazham as Medical Officer. He is interested in spreading of scientific temper, health awareness.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ