· 5 മിനിറ്റ് വായന

അകക്കണ്ണിൻ്റെ വെളിച്ചം

Ophthalmology

ഗവ: യു. പി. സ്കൂള്‍, പൈനാവ്, ഇടുക്കി നാലാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. അധ്യയനവര്‍ഷം ആരംഭിച്ച് കുറച്ച്‌നാളുകള്‍ക്ക് ശേഷം ക്ലാസ്സിലേക്ക് പതിയെ തപ്പിതടഞ്ഞ് തടിച്ച ഒരു സോഡാഗ്ലാസ്‌ കണ്ണടയും വച്ചുകൊണ്ട്, ഷര്‍ട്ടിലെ കോളറിനിടയിലൂടെ തോളെല്ല് ഉന്തി നല്ല പൊക്കമുള്ള ഒരു പയ്യന്‍ കടന്നു വന്നു. ക്ലാസ്സ്‌ടീച്ചര്‍ അവനെ കൈപിടിച്ച് മുന്‍ബെഞ്ചില്‍ എന്‍റെയടുത്ത് ഇരുത്തി. എനിക്ക് ആദ്യം മനസിലായില്ല എന്തിനാണ് ഇത്രേം ഉയരമുള്ള ഇവനെ എന്‍റെയടുത്ത് പിടിച്ചിരുത്തിയതെന്ന്! എന്നെ നോക്കിയ ആദ്യ നോട്ടത്തില്‍ തന്നെ കട്ടികണ്ണടയിലൂടെ അവന്‍റെ കണ്ണുകള്‍ വലുതായ് കാണപെട്ടു. അത് എന്നെ ഭയപെടുത്തി. ഒരു ഞെട്ടലിന്‍റെ ആഘാതത്തില്‍ നിന്ന എന്നെ മഞ്ഞപല്ലുകള്‍ കാട്ടി അവൻ ചിരിച്ചു.

ക്ലാസ്സില്‍ ടീച്ചര്‍ നോട്ട് പറയുമ്പോള്‍ അവന്‍ അടുത്ത ബുക്കില്‍ നോക്കി അക്ഷരങ്ങള്‍ പെറുക്കി എഴുതാന്‍ ശ്രമിച്ചിരുന്നത് കാണുന്നത് തന്നെ ഒരു കൗതുകം ആയിരുന്നു. അന്നത്തെ എട്ട് രൂപാ ബുക്കിന്‍റെ ഒരു താള്‍ അവന്‍റെ അഞ്ചു വരികള്‍ക്ക് ഉള്ളില്‍ അവസാനിക്കുമായിരുന്നു. അവന്‍റെ അഭിപ്രായങ്ങള്‍ക്ക് ആരും ഒരു വിലയും കല്പിച്ചിരുന്നില്ല. ക്ലാസ്സില്‍ അവന്‍ എന്തെങ്കിലും സംസാരിച്ച്‌ തുടങ്ങുമ്പോള്‍ തന്നെ എല്ലാവരും അവനെ നോക്കി ഒരു കോമാളിയെ കാണുന്ന പോലെ ചിരിക്കുമായിരുന്നു. അങ്ങനെ കൊല്ലപരീക്ഷ കഴിഞ്ഞു. എല്ലാവരും അഞ്ചാം ക്ലാസ്സിലേക്ക് ജയിച്ചു. അവനൊഴികെ….!

അതോടുകൂടി അവനോടുള്ള ‘ചങ്ങാത്തം’ അവസാനിച്ചു. കൂടെ അവന്‍റെ ഓര്‍മ്മകളും.

വര്‍ത്തമാനകാലത്തില്‍ നിന്നൊന്ന് തിരിഞ്ഞു നോക്കുമ്പോൾ തോന്നുന്ന വികാരം ഇതാണ്. സാരമായ കാഴ്ച കുറവനുഭവിക്കുന്ന കുട്ടികൾക്ക് ഒരു സാധാരണ സ്കൂളില്‍ മറ്റ് കുട്ടികളോടൊപ്പം ഇരുന്ന് പഠിക്കേണ്ടി വരുമ്പോൾ പലപ്പോഴും നേരിടേണ്ടിവരുന്ന അവഗണനയും ഒറ്റപെടുത്തലും ദുസ്സഹമാണ്; സഹപാഠികളില്‍ നിന്നും, അധ്യാപകരില്‍ നിന്നും, സമൂഹത്തില്‍ നിന്നും, പലപ്പോഴും സ്വന്തം വീട്ടില്‍ നിന്നു പോലും.

അന്നത്തെ പ്രായം ഈ വകതിരിവുകളെ ഉള്‍കൊള്ളാനുള്ള പ്രാപ്തി കൈവരിച്ചിരുന്നില്ല. അവനെ പോലുള്ള കോടികണക്കിന് കുട്ടികള്‍ ഈ സമൂഹത്തില്‍ ഉണ്ടെന്നെതാണ് സത്യം.

ലോകജനതയെടുത്താൽ 285 മില്യണ്‍ കാഴ്ചവൈകല്യം ഉള്ളവരില്‍ 19 മില്യണ്‍ കുട്ടികള്‍ ആണ്, ജന്മനാ ഉള്ള കാഴ്ച്ച വൈകല്യങ്ങള്‍, ക്ഷതം മൂലമുള്ള കാഴ്ച നഷ്ടപെടല്‍, ആല്‍ബിനിസം, കാഴ്ച ഞരമ്പ് സംബന്ധമായ രോഗങ്ങള്‍ മുതലായ പലതരം കാരണങ്ങൾ ഇതിനുണ്ട്‌.

വിവിധ സാമുദായിക, സാമൂഹിക സംഘടനകളുടെയും മറ്റും ആഭിമുഖ്യത്തില്‍ ഇന്നാട്ടില്‍ നേത്രപരിശോധന ക്യാമ്പും സൗജന്യ തിമിരശസ്ത്രക്രിയകളും നടക്കാറുണ്ട്. എന്നാല്‍ മിക്ക സംഘടനകളും “LOW VISION” എന്ന ഈ ഗണത്തില്‍പെട്ടവർക്ക് വേണ്ടി കാര്യമായി ഒന്നും തന്നെ ചെയ്യാത്തൊരു പ്രവണതയാണ് കണ്ടുവരുന്നത്. ഈക്കൂട്ടരുടെ തുടര്‍വിദ്യാഭ്യാസം, പുനരധിവാസം, ജോലിസാധ്യതകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഒട്ടുമിക്ക സംഘടനകളും മുന്‍കൈ എടുക്കാത്തതിനു കാരണം അത്യന്തം ശ്രമകരവും ക്ഷമയേറിയതും കാലതാമസമേറിയതുമായ പരിപാടി ആണ് ഇവരുടെ ദൈനംദിന ക്രിയകളുടെ പരിശീലനം എന്നതാവണം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരിക്കലും ഒരു ഉടനടി പ്രതിഫലം; അത് രോഗിയുടെ രോഗം മാറുമ്പോള്‍ ഒരു ഡോക്ടറിനു ഉണ്ടാകുന്ന പുഞ്ചിരി നിറച്ച വികാരമോ, സാമ്പത്തികപരമായ ലാഭമോ; ഉണ്ടാകാത്ത ഒരു മേഖല കൂടിയാണിത്.

പ്രധാനമായും ജനിതകപരമായ വൈകല്യങ്ങൾ, പോഷകാഹാരക്കുറവ്, കുട്ടികളിലെ തിമിരം, കുട്ടികളിലെ ഗ്ലോക്കോമ, കണ്ണിലേറ്റ ആഴമുള്ള മുറിവുകൾ എന്നിവയാണ് കുട്ടികളിലെ കാഴ്ച വൈകല്യത്തിന് കാരണം. ഇതിന്റെ ചികിത്സ എന്നുപറയുന്നത് കാരണമനുസരിസിച്ചാണ്.

തക്ക സമയത്തുള്ള ചികിത്സ ലഭിക്കാത്തതുകൊണ്ടോ ചികിൽസിച്ചു ഭേദമാക്കാൻ പറ്റാത്തതോ ആയ കാരണങ്ങൾ കൊണ്ട് നല്ലൊരു ശതമാനം ഇന്നും ‘ലോ വിഷൻ ‘ എന്ന വേർതിരിവിൽ തന്നെ തുടരുന്നു.

പരാശ്രയം കൂടാതെ കാഴ്ചശേഷി കുറഞ്ഞവർക്ക് നടക്കുവാനുള്ള പ്രധാന ഉപാധിയായി വൈറ്റ് കെയ്ൻ ഉപയോഗിക്കപ്പെട്ട് വരുന്നു .തടസ്സങ്ങൾ തിരിച്ചറിയാനും തട്ടി നോക്കി തടസ്സത്തിന്റെ കനമറിഞ്ഞു നീങ്ങാനും ഉപയോഗിക്കുന്ന വൈറ്റ് കെയ്ൻ, കാഴ്ച കുറവാണെന്ന് മറ്റുള്ളവർക്ക് തിരിച്ചറിയാൻ കൂടി ഉതകുന്നു.

മുട്ടിന്റെ ഉയരം മുതൽ അര പൊക്കം വരെ ഉയരത്തിലുള്ള വസ്തുക്കൾ, തള്ളിനിൽക്കുന്ന ഫർണീച്ചറുകൾ, മരത്തിന്റെ ശാഖകൾ, എയർ കണ്ടീഷണറുകൾ ഇവയെല്ലാം കെയ്ന് ഉപയോഗിച്ചുള്ള പ്രയാണത്തിൽ വലിയ തടസ്സങ്ങളാണ്. അൾട്രാസൗണ്ട് പുറപ്പെടുവിക്കുകയും അതിന്റെ പ്രതിധ്വനി ഉപയോഗിച്ച് കെയിനിൽ ഇടത്തോട്ടോ വലത്തോട്ടോ തിരിയാൻ ഉള്ള വൈബ്രേഷനുകൾ നൽകുന്ന സ്മാർട്ട് കെയ്നുകൾ ഒക്കെ ഇന്നിറങ്ങുന്നു. പ്രകൃതിയിൽ വവ്വാലുകളും തിമിംഗലങ്ങളും ഈ രീതിയിലാണ് പ്രയാണം നടത്തുന്നത്.

സെൻസറുകളും സ്കാനറുകളും ഉപയോഗിക്കുന്ന കാണുന്ന കെയ്നുകൾക്കപ്പുറം കണ്ണടകളും ഹെഡ്ഗിയറുകളും സന്നാഹങ്ങളും ഇന്നത്തെ ടെക്നോളജി വെച്ച് ലഭ്യമാണ്‌. ഇതിൽ പലതും ചെലവേറിയവയാണ്.

അന്ധത വായനക്കും പഠനത്തിനും പഴയത് പോലെ തടസം സൃഷ്ടിക്കാത്തതിന് രണ്ട് വ്യക്തികളോടാണ് അന്ധർ പ്രധാനമായും കടപ്പെട്ടിരിക്കുന്നത്. കുട്ടിക്കാലത്ത് ഉളി കൊണ്ട് കാഴ്ച നഷ്ടപ്പെട്ട ബ്രെയിൽ ഉളി ഉപയോഗിച്ച് അക്ഷരങ്ങൾ അടർത്തിയും ഉയർത്തിയും ഒരു വലിയ ജനതയ്ക്ക് വായനയുടെ ലോകം തുറന്നു. പ്രതലത്തിൽ ഉയർന്നു നിൽക്കുന്ന ബിന്ദുക്കൾ തൊട്ടനുഭവിച്ച് അക്ഷരം തിരിച്ചറിയുന്ന ബ്രെയിൽ, കാലത്തെ അതിജീവിക്കുക മാത്രമല്ല കാലാനുസൃതം പുരോഗമിക്കുകയും ചെയ്ത് ഡിജിറ്റൽ സ്ക്രീനിൽ ഉപയോഗിക്കാവുന്ന റെഫ്രഷിബിൾ ബ്രെയിലിൽ ഒക്കെ എത്തി നിൽക്കുന്നു.

റേ കുർസ്വീൽ (Ray Kurzweil) കണ്ടെത്തിയ റീഡിങ്ങ് മെഷീനുകൾ പുസ്തകത്തിൽ എഴുതി വെച്ച വാക്ക് കേൾക്കാവുന്ന ശബ്ദമാക്കി മാറ്റുന്ന വിപ്ലവമുണ്ടാക്കി. പുസ്തകത്തിലെ വാക്കിനെ വിരലിലെ മർദത്തിലൂടെ കാണാത്തവർക്കായി വിവർത്തനം ചെയ്യുന്ന text to tactile ൽ നിന്ന് ഒരു കുതിച്ച് ചാട്ടമായിരുന്നു ഒപ്റ്റിക്കൽ കാരക്ടർ റെക്കഗ്നൈസേഷൻ (OCR ) എന്ന text to voice. കാഴ്ചശേഷി കുറഞ്ഞവനെ സംബന്ധിച്ച്, എഴുതി വെച്ച വാക്കിനെ ശബ്ദമാക്കുന്ന ശാസ്ത്രത്തേക്കാളും വലിയ കല മറ്റൊന്നില്ല

ആദ്യകാലത്ത് നിർമമവും യാന്ത്രികവുമായിരുന്നു അച്ചടിച്ച വാക്കുകളുടെ സിന്തെറ്റിക് ശബ്ദ പാരായണമെങ്കിൽ ഇന്ന് അതിന് ഒരു പാട് മാറ്റം വന്നു. ഒട്ടു മിക്ക രാജ്യങ്ങളിലും പല കാലങ്ങളിലായ് അന്ധൻമാർക്ക് വായിക്കാനുതകുന്ന ഫോർമാറ്റിലേക്ക് പുസ്തകം രൂപാന്തരപ്പെടുത്തുന്നതിൽ കോപ്പിറൈറ്റ് നിയമങ്ങളിൽ അയവു വരുത്തിയതും അവരുടെ വായനയ്ക്ക് നേട്ടമായി.

IIT ടോപ്പറായും Android developer ആയും ഒക്കെ കാഴ്ച ശേഷി കുറവുള്ളവർ ശോഭിക്കുന്നുണ്ട്. പക്ഷേ ആ മാറ്റത്തിന്റെ മാറ്റ് കേരളത്തിലേക്കെത്തുന്നുണ്ടോ എന്ന് സംശയമാണ്. നല്ലൊരു ശതമാനവും അഭ്യസ്തവിദ്യർ അധ്യാപകരായി ജോലി ചെയ്യുമ്പോൾ, മറ്റുളളവർ അഭിഭാഷക വൃത്തി, ഗായകൻ എന്ന രംഗങ്ങളിൽ ജോലി ചെയ്യുന്നു. കുറെയേറെ പേർ കരകൌശലവസ്തു നിര്‍മ്മാണം, ടെലിഫോണ്‍ ബൂത്ത്‌, പുസ്തകനിര്‍മ്മാണം പോലുള്ള കൈതൊഴിലുകൾ ചെയ്ത് ജീവിക്കുന്നു. ബാക്കി മിക്ക മേഖലകളിലും അവരുടെ സാന്നിധ്യം ശുഷ്കമാണ്.

അന്ധരായി ജനിച്ച് ജീവിച്ച്‌ കാഴ്ച്ചയുള്ളവരെക്കാള്‍ ഈ ലോകത്തിന്‍റെ ഉള്‍കാഴ്ച കണ്ട് ജയിച്ച വ്യക്തികളുടെ ജീവിതം ഇക്കൂട്ടര്‍ക്ക് ഒരു പ്രചോദനം ആകും.

ഉജ്ജ്വലമായ അതിജീവനത്തിന്റെ ചില ഉദാഹരണങ്ങൾ എടുത്ത് പറയാം..

ഹെലൻ കെല്ലർ:- ആദ്യമായി ഒരു ബാച്ച്ലർ ഡിഗ്രിയെടുത്ത അന്ധയും ബധിരയുമായ വ്യക്തിയായിരുന്നു ഹെലൻ കെലെർ. ജനിച്ച് 19മാസം പ്രായമുള്ളപ്പോൾ തന്നെ തലച്ചോർ സംബന്ധമായ പനിബാധിച്ച് കാഴ്ച, കേൾവി എന്നിവ നഷ്ടപെട്ടു. തുടർന്ന് ആനി സള്ളിവൻ എന്നൊരു ടീച്ചറുടെ സഹായത്തോടെ പ്രകൃതിയെയും നിത്യോപയോഗ സാധനങ്ങളെയും തൊട്ടറിഞ്ഞും ഗന്ധം മനസ്സിലാക്കിയും പഠിച്ചു. കാലക്രമേണ അമേരിക്കൻ എഴുത്തുകാരി, സാമൂഹ്യപ്രവർത്തക എന്നീ നിലകളിൽ ലോകശ്രദ്ധ നേടി.ആത്മകഥ:- The story of my life -Helen keler.

ജോൺ ബ്രാംബ്ലിറ്റ്:- ഇദ്ദേഹത്തിന് 30 വയസ്സായിരിക്കുമ്പോൾ തന്നെ തലച്ചോർ സംബന്ധമായ രോഗം പിടിപെട്ട് രണ്ട് കണ്ണിന്റെയും കാഴ്ച നഷ്ട്ടപെട്ടു. തുടർന്ന് ഒരു വൻ വിഷാദരോഗത്തിലേക്ക് പോയ അദ്ദേഹം തന്റെയുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന ചിത്രകാരനെ പുറത്തെടുത്തു. ഓരോ നിറങ്ങളുടെയും കട്ടി വിരലുകൾ കൊണ്ട് തൊട്ടറിഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം വരച്ചത്.

മാർള റുണ്യൻ:- അമേരിക്കൻ അത്‌ലറ്റ്. ഒൻപതാം വയസ്സിൽ കാഴ്ചഞരമ്പിന്റെ ജനിതകപരമായ കാരണങ്ങളാൽ കാഴ്ച നഷ്ട്ടപെട്ടു. 1992 ലെ പാരാളിബിക്സിൽ 4 ഗോൾഡ് മെഡൽ നേടി. 2000 ലെ സിഡ്നി ഒളിംപിക്സിൽ 1500 മീറ്റർ ഓട്ടത്തിൽ എട്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.

ഡേവിഡ് ബ്ലങ്കറ്റ്:- ടോണി ബ്ലെയറിന്റെ കാബിനറ്റിൽ ബ്രിട്ടന്റെ മുൻ ആഭ്യന്തരസെക്രട്ടറി. ഷെഫീൽഡിലെ വളരെ ദരിദ്രകുടുംബത്തിൽ പിറന്ന അദ്ദേഹം ജന്മനാ അന്ധനായിരുന്നു. പന്ത്രണ്ട് വയസായപ്പോൾ കുടുംബത്തെ കൊടും ദാരിദ്യത്തിലാക്കി അച്ഛൻ അപകടത്തിൽ മരണപ്പെട്ടു. സ്വപ്രയത്നവും കഠിനാധ്വാനവും കൊണ്ട് അന്ധത മറികടന്നായിരുന്നു അദ്ദേഹത്തിന്റെ ഉയർച്ച .മൂന്ന് ദശകത്തോളം ഷെഫിൽഡിനെ പ്രതിനിധികരിച്ച് പാർലമെൻറ് അംഗമായിരുന്ന അദ്ദേഹം കാബിനറ്റ് മന്ത്രിയായി സേവനമനുഷ്ഠിച്ചു.

പ്രഞ്ജാൽ പാട്ടീൽ:- നമ്മുടെ രാജ്യത്തിനു അഭിമാനിക്കാൻ ഒരാൾ കൂടി. പ്രഞ്ജാൽ പാട്ടീൽ… ആറാം വയസ്സിൽ ഒരാപകടം മൂലം കാഴ്ച നഷ്ടപ്പെട്ട പാട്ടീൽ തുടർ വിദ്യാഭാസം മുഴുവൻ ബ്രയിൽ ഉപയോഗിച്ചുകൊണ്ടായിരുന്നു. തുടർന്ന് പൊളിറ്റിക്കൽ സയൻസിൽ ഗ്രാജുവേറ്റും ആർട്സിൽ മാസ്റ്റർ ഡിഗ്രിയെടുക്കുകയും ചെയ്തു. ഇടയിലെപ്പോഴോ IAS നോട് തോന്നിയ മോഹവും കഠിനാദ്ധ്വാനവും വെറുതെയായില്ല. ആദ്യ ശ്രമത്തിൽ തന്നെ UPSC പരീക്ഷയെഴുതി അഖിലേന്ത്യ പരീക്ഷയിൽ 773 സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.

ഇയ്യിടെ പഴയ ഓർമകൾ നോവിപ്പിച്ചപ്പോൾ, ഏതാനും ഫോൺ കോളുകളുടെ ചിലവില്‍ എനിക്ക് അറിയാന്‍ സാധിച്ചു എന്‍റെ ആ പഴയ സുഹൃത്ത് ഇടുക്കി പൈനാവ് കലക്ട്രേറ്റില്‍ ജോലി ചെയ്യുന്നെന്ന്. സന്തോഷം തോന്നി. അത് അവന്‍റെ നിശ്ചയദാർഢ്യത്തിന്റെ വിജയം. അവന്‍റെ മാത്രം വിജയം.

അംഗപരിമിതരോട്, അത് ചലനത്തിനുള്ള പരിമിതിയാകട്ടെ, കാഴ്ച ആവട്ടെ കേൾവിയാകട്ടെ സമൂഹത്തിനു ചില കടമകൾ ഉണ്ട്. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈ പിടിച്ചു ഒപ്പം നടക്കാൻ അവരെ പ്രാപ്തരാക്കാനുള്ള കടമ. ഇതൊരു ദയാ ദാക്ഷിണ്യം അല്ല. നമ്മുടെയെല്ലാം കടമയാണ്. അവരുടെ അവകാശവും. ദീർഘകാലാടിസ്ഥാനത്തിനുള്ള പ്രായോഗിക ക്ഷേമ പദ്ധതികൾ നടപ്പിൽ വരണം. മെഡിക്കൽ ബോർഡിൽ നിന്നും സർട്ടിഫിക്കറ്റ് ലഭ്യമായാൽ വെറും ക്ഷേമപെൻഷനിൽ മാത്രം ഒതുങ്ങരുത് അവരുടെ ജീവിതം.

ഇന്ന് ഒക്ടോബർ 15, വൈറ്റ് കെയ്ൻ ഡേ …

എല്ലാ വെല്ലുവിളികളും അവരും ഏറ്റെടുക്കട്ടെ. ജ്വലിക്കുന്ന വിജയങ്ങൾ അവർ നേടട്ടെ.

ലേഖകർ
Dr. Navajeevan.N.A, Obtained MBBS from kochin medical college and MS in Ophthalmology from karakonam medical college and fellowship from Regional institute of ophthalmology trivandrum. Now working at Primary Health Center Amboori as Medical Officer in charge.
Dr. Anjit.U. MBBS from Academy of Medical Sciences 2000, MD Pathology from Government Medical College, Thiruvananthapuram in 2007. Worked in various private Medical colleges before joining Govt.Medical College Manjeri in 2014 under Medical education Department . Specially interested in public health, propelling scientific culture. Member of editorial board of Kerala wing of Indian Medical Association health magazine 'Nammude Arogyam'.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ