· 4 മിനിറ്റ് വായന

നെയ്മറിനെ വീഴ്ത്തിയ ജോൺസ് ഒടിവ്

Orthopedicsമറ്റുള്ളവ

ബ്രസീൽ ഫുട്ബോള് സൂപ്പര്താരം നെയ്മറിന് കാല്പാദത്തിലേറ്റ ഒടിവുകാരണം ഏകദേശം രണ്ടു മാസത്തോളം നഷ്ടപ്പെടും എന്ന വാര്ത്ത കഴിഞ്ഞ ദിവസമാണ് ശ്രദ്ധിച്ചത്. അദ്ദേഹത്തിന് ഉണ്ടായതു “ജോണ്സ് ഒടിവാണെന്നും” അറിയാന്കഴിഞ്ഞു. കോളേജില് പഠിക്കുന്ന കാലത്ത് ഇതേ പരിക്കേറ്റ് ഒരു മാസം നഷ്ടപെട്ട അനുഭവം ഉണ്ട്.

കോട്ടയത്ത്‌ മെഡിക്കല് കോളേജില് നാലാം വര്ഷം പഠിക്കുമ്പോളാണ് സംഭവം. എന്നും വൈകുന്നേരം ICH മൈതാനത്ത് കളിയുണ്ട്. കോളേജിലെ ഒട്ടുമിക്ക താരങ്ങളും ഗ്രൗണ്ടില് ഉണ്ടാകും. നമ്മള്ക്ക് അത്ര വേഗതയൊന്നും ഇല്ലാത്തതുകൊണ്ട് മിക്കവാറും വലതുവശത്ത് പ്രതിരോധ നിരയില് ആയിരുന്നു സ്ഥാനം. എതിർ ടീമില് ഒരു PG ഉണ്ട്, ഭയങ്കര വേഗതയാണ്, ഫൗളിങ്ങിന്റെ ഉസ്താദും, അങ്ങേരുടെ പിറകെ ഓടി ഓടി ഞാന് മടുത്തു, ഒന്ന് നിന്ന് ശ്വാസം ഒക്കെ എടുത്തു നിവരുമ്പോള് ഇതേ അങ്ങേരു വീണ്ടും വരുന്നു. ഞാന് എതിര്ദിശയില് അങ്ങോട്ട്‌ ഓടി, അങ്ങേരുടെ കാലില് നിന്ന് ബോള് കുറച്ചു മുന്നോട്ടു വന്നു, ഞാന് പന്ത് തടഞ്ഞു, ദൂരേക്ക് അടിക്കാന് കാലുവീശി, എന്റെ കാല് പന്തില്കൊള്ളുന്നതിനു മുന്നേ ആളുടെ തൊഴി എന്റെ ബൂട്ടിന്റെ അടിയില് വന്നു കൊണ്ടു.

കാലൊന്നു തിരിഞ്ഞതുപോലെ തോന്നി, ചെറിയൊരു ശബ്ദവും കേട്ടു, നിലത്തോട്ട് കാലു കുത്തിയപ്പോള് വേദനകൊണ്ട് പുളഞ്ഞു. ബൂട്ട് ഊരി നോക്കിയപ്പോള്കാലിന്റെ ചെറുവിരലിന്റെ തുടര്ച്ചയായുള്ള പാദത്തിന്റെ ഭാഗത്ത്‌ ചെറിയൊരു മുഴ. തൊട്ടപ്പോള് നല്ല വേദന. അപ്പോള് തന്നെ അത്യാഹിത വിഭാഗത്തില് ചെന്നു, അസ്ഥിരോഗ വിഭാഗത്തിലെ പിജിയെ കാണിച്ചു, അങ്ങേരു കാലു നോക്കുന്നതിനു പകരം, നിനക്ക് അറിയാവുന്ന പണിക്കു വല്ലതും പോയാല് പോരേടാ ചെക്കാ എന്നും പറഞ്ഞു എന്നെ ചൊറിയുന്നു. ഏതായാലും ആദ്യമായി വീല്ചെയറില്ഒക്കെയിരുന്നു പോയി X-ray ഒക്കെ എടുത്തു, പൊട്ടല് ഉണ്ട് എന്ന് ഉറപ്പിച്ചു. അന്ന് ഓര്ത്തോ പി ജി പറയുമ്പോളാണ് ആദ്യമായി ഞാന് “ജോണ്സ്‌ ഒടിവിനെ” കുറിച്ച് കേള്ക്കുന്നത്. പ്ലാസ്റ്റര് ഇട്ടു ഒരു മാസം വിശ്രമവും പറഞ്ഞു വിട്ടു. കൂട്ടുകാര്നേരെ വീട്ടില് കൊണ്ടുചെന്നു വിട്ടു. കാല് കുത്താന് പറ്റാതെ ആ ഒരുമാസം അനുഭവിച്ച കഷ്ടപ്പാട് ഓര്ക്കുമ്പോള് ഇപ്പോളും വിഷമം വരും. കാലിന്റെ വിലയൊക്കെ ശരിക്കും മനസിലാക്കി തന്ന ജോണ്സ് അച്ചായനെ അങ്ങനെ മറക്കാന് പറ്റില്ലല്ലോ.

അപ്പോള് എന്താണ് ഈ ജോണ്സ് ഒടിവ് (Jone’s fracture)?

നമ്മുടെ കാലിലെ വിരലുകളില് ചെറിയ അസ്ഥികള് ഉള്ള കാര്യം അറിയാമല്ലോ. അവയെ phalanges എന്നാണ് വിളിക്കുക. ഈ അസ്ഥിയോടു ചേര്ന്ന് കാല്പാദത്തിലേക്ക് നീളുന്ന കുറച്ചു നീളമുള്ള 5 അസ്ഥികള് ഉണ്ട്, മെറ്റാടാര്സല്എന്നാണ് അവയെ വിളിക്കുക. വിരലുകളെ കണംകാലുമായി ബന്ധിപ്പിക്കുന്നത് ഈ അസ്തികളാണ്. ഇതില് ചെറു വിരലിന്റെ തുടര്ച്ചയായ, അഞ്ചാം മെറ്റാടാര്സല് അസ്ഥിയുടെ മുകള് ഭാഗത്ത്‌ ഒരു തടിപ്പുണ്ട്, ആ ഭാഗത്ത്‌ ഉണ്ടാകുന്ന ഒടിവുകളെയാണ് ജോണ്സ് ഒടിവുകള് എന്ന് വിളിക്കുന്നത്‌. സാധാരണയായി അസ്ഥിയുടെ മുകളിലെ അറ്റത്തുനിന്നും 1.5 cm കഴിഞ്ഞുള്ള ഭാഗത്താണ് ഒടിവ് ഉണ്ടാകുക. (ഫോട്ടോ ശ്രദ്ധിക്കുക) എന്നാൽ അസ്ഥിയുടെ ഏറ്റവും അറ്റത്തു tendon വന്നു ചേരുന്നു ഭാഗത്തു ഉണ്ടാകുന്ന ഓടിവിനെയും, അതുപോലെ കാൽ അമർത്തി ചവിട്ടി നടക്കുന്നത് മൂലം ഉണ്ടാകുന്ന സ്ട്രെസ് ഓടിവുകളെയും പലപ്പോഴും ജോൺസ്‌ ഓടിവന്ന് പറഞ്ഞാണ് ചികില്സിക്കുന്നത്.

അല്ല അപ്പോള് ആരാണ് ഈ ജോണ്സ് അച്ചായന് ?

അത് ശെരിക്കും ന്യായമായ ചോദ്യമാണ്. സ്വന്തം പേരില് ഒടിവുള്ള ആളാകുമ്പോള് നമ്മള് അറിയണമല്ലോ. ബ്രിട്ടീഷുകാരനായ ഒരു അസ്ഥിരോഗ വിധഗ്തന് ആയിരുന്നു സര്. റോബര്ട്ട്‌ ജോണ്സ് (ROBERT JONES). ബ്രിട്ടനില് അസ്ഥിരോഗ ചികിത്സാ മേഖലയെ ശക്തിപ്പെടുത്തിയ വ്യക്തി, X-ray യുടെ ഉപയോഗം മനസിലാക്കി അത് പ്രചരിപ്പിക്കാനും അദ്ദേഹം ശ്രമിച്ചു. 1902 ല് അദ്ദേഹം പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില് ഇത്തരത്തില് അഞ്ചാം, മെറ്റാടര്സല് അസ്ഥിക്ക് പരിക്കേറ്റ 6 ആളുകളുടെ കഥകള് ഉണ്ടായിരുന്നു. ഈ 6 പേരില് ഒരാള് ഡോക്ടര് ജോണ്സ് തന്നെയായിരുന്നു. ഏതാനും മാസങ്ങള്ക്ക് മുന്പ് ഒരു പരിപാടിയില് പങ്കെടുക്കുമ്പോള് ഡാന്സ് ചെയ്യുമ്പോളാണ് അദ്ദേഹത്തിന് ഒടിവുണ്ടായത്. ആദ്യമായി ഇത്തരം ഒരു ഒടിവിനെ കണ്ടെത്തുകയും പഠിക്കുകയും ചെയ്ത വ്യക്തി എന്ന നിലയിലാണ് ഈ ഒടിവുകള്ക്ക് അദ്ദേഹത്തിന്റെ പേര് ലഭിച്ചത്.

എങ്ങനെയൊക്കെ ഈ ഒടിവ് ഉണ്ടാകാം ?

⛸️ പ്രധാനമായും നിരന്തരമായി കാലുകള് ആഞ്ഞു ചവിട്ടി നടക്കുന്ന ആളുകളില്(പട്ടാളക്കാര്, നര്ത്തകര്, സ്പോര്ട്സ് താരങ്ങള്) എന്നിവരിലാണ് ഈ ഒടിവുണ്ടാകുക. അസ്ഥിയില് തുടര്ച്ചയായി ഉണ്ടാകുന്ന ക്ഷതം കൊണ്ടാണ് ഇത്തരക്കാരില് ഒടിവുണ്ടാകുക.

⛸️ അതുപോലെ തന്നെ പെട്ടെന്ന് കാല് പാദം അകത്തേക്ക് തിരിയുമ്പോള്ഉണ്ടാകുന്ന വലിവ് കൊണ്ടും ഒടിവുണ്ടാകാം. എനിക്കും നെയ്മറിനും ഒക്കെ സംഭവിച്ചത് അങ്ങനെയാണ്.

എന്തൊക്കെയാണ് ഒടിവിന്റെ ലക്ഷണങ്ങള് ?

⛸️ കാലുകള് നിലത്തു കുത്തുമ്പോള് ഉള്ള വേദന

⛸️ കാല് പാദത്തിന്റെ വശത്ത് മുകളിലായി നീരും ചുവപ്പ് നിറവും

⛸️ തൊടുമ്പോള് ആ പ്രത്യേക ഭാഗത്ത്‌ കടുത്ത വേദന

എങ്ങനെയാണു ഓടിവുണ്ടോ എന്ന് ഉറപ്പികുക ?

ഇത് വളരെ പ്രധാനമാണ്, കാരണം പലപ്പോഴും ഈ ഒടിവിനെ ഉളുക്കായി തെറ്റിദ്ധരിക്കാറുണ്ട്. അങ്ങനെ ചെയ്യുന്നത് വഴി കൃത്യമായ ചികിത്സ ലഭിക്കാതിരിക്കുകയും പരിക്ക് മോശമാവുകയും ചെയ്യും. ഒരു അസ്ഥിരോഗ വിദഗ്ധനു ലക്ഷണങ്ങള് നോക്കിയും, കാലുകള് പരിശോധിക്കുന്നത് വഴിയും ഒടിവുണ്ടോ എന്ന് പറയാന് സാധിക്കും. ഉറപ്പിക്കാന് കാലുകളുടെ X-ray എടുക്കാം. അതില് ഒടിവ് കൃത്യമായി എവിടെയാണ് എന്നും, എത്രത്തോളം പൊട്ടല് ഉണ്ട് എന്നും, ഒടിഞ്ഞു മാറിയ അസ്ഥികള് തമ്മിലുള്ള അകലവും ഒക്കെ അറിയാന്സാധിക്കും. ഒപ്പം ഒടിവ് അടുത്തുള്ള കണം കാലിലെ സന്ധികളിലേക്ക് നീണ്ടിട്ടുണ്ടോ എന്നും അറിയാം. ഏതു തരത്തിലുള്ള ചികിത്സയാണ് നല്കേണ്ടത് എന്നത് തീരുമാനിക്കാന് ഇത് വളരെ പ്രധാനമാണ്.

എന്താണ് ചികിത്സ മാര്ഗ്ഗങ്ങള് ?

പ്രധാനമായും രണ്ടു തരത്തിലുള്ള ചികിത്സയുണ്ട്, പ്ലാസ്റ്റര് ഇട്ടു വിശ്രമിക്കുന്നതാണ് ഒന്നാമത്തേത്. ശസ്ത്രക്രിയ ആണ് രണ്ടാമത്തെ വഴി.

പെട്ടന്ന് ഉണ്ടാകുന്ന ഒടിവുകള്, അസ്ഥികള് തമ്മില് ചേര്ന്ന് ഇരിക്കുന്ന ഒടിവുകള്, ഇവക്കു പ്ലാസ്റ്റര് മതിയാകും. കാല് മുട്ടിനു താഴേക്ക്‌ പാദം മുഴുവന് എത്തുന്ന പ്ലാസ്റ്ററിനുള്ളില് 4 തൊട്ടു 6 ആഴ്ച വരെ കാലുകള് നിലത്തു ചവിട്ടി നടക്കാതെ വിശ്രമിക്കണം.

ഒടിവുകള് തമ്മില് വളരെ അകന്നിരിക്കുക, കഷ്ണങ്ങളായി ഒടിയുക, ഒടിഞ്ഞ ഭാഗങ്ങള് യോജിക്കാതെ ഇരിക്കുക, സന്ധിയിലേക്ക് ഒടിവുകള് നീളുക എന്നീ സാഹിചര്യങ്ങളില് ശസ്ത്രക്രിയ വേണ്ടി വരും. അതുപോലെ കാലപ്പഴക്കം ഉള്ള ഓടിവുകൾക്കും ശസ്‌ത്രക്രിയ ആണ് നല്ലത്.

ഈ ഒടിവുകള് ഭാവിയില് എന്തേലും പ്രശ്നം ഉണ്ടാക്കുമോ ?

ഉണ്ടാക്കാം. അസ്ഥികള് തമ്മില് ചേരാതെ വരുന്ന അവസ്ഥയാണ് (നോണ്യുണിയന്) ഈ ഒടിവിന്റെ ഒരു ഗുരുതരാവസ്ഥ. അസ്ഥിയിലെക്കുള്ള രക്തയോട്ടം തടസപ്പെടുക, ആദ്യമേ തന്നെ കൃത്യമായ ചികിത്സ ലഭിക്കാതെ ഇരിക്കുക, കൃത്യമായി വിശ്രമിക്കാതെ ഇരിക്കുക, അസ്ഥി പല കഷ്ണങ്ങളായി ഒടിയുക എന്നീ അവസരങ്ങളില് ഈ അവസ്ഥ ഉണ്ടാകാം. പലപ്പോഴും കൃത്യമായി വിശ്രമം ഇല്ലാതെ ഇത്തരത്തിൽ വേഗത്തിൽ കളിക്കളത്തിലേക്കു പോകുന്നത് മൂലം ചില കായികതാരങ്ങൾക്ക് ഓടിവ് കൃത്യമായി യോജിക്കാതെ വരാം. ഇതു മൂലം കാലില് സ്ഥിരമായി വേദനയും നീരും വന്നു നടക്കാന് ബുദ്ധിമുട്ട് ഉണ്ടാകാം. ഇത്തരംഅവസരത്തില് ശാസ്തക്രിയയാണ് ചികിത്സ .

പ്രധാനപെട്ട പല കളികളും ബാക്കിയുണ്ടായിട്ടും എന്തുകൊണ്ട് ഇത്തരം ഒരു ചെറിയ പരിക്കിനു നെയ്മറിന് വിശ്രമം അനുവദിച്ചു എന്ന് ചിന്തിക്കുന്നവര്ഉണ്ടാകാം. കളിക്കാര്ക്ക്‌ പരിക്കുകള് കൃത്യമായി കുറഞ്ഞില്ല എങ്കില് ഭാവിയില്നിരവധി പ്രശ്നങ്ങള് ഉണ്ടാകും. അതുകൊണ്ടാണ് ഉടനെ തന്നെ ചികിത്സയും, പരിക്ക് ഭേദമാവാന്‍‍ വിശ്രമവും അനുവദിക്കുന്നത്. നെയ്മറുടെ അനുഭവം നമുക്ക് സമയത്ത് തന്നെ ചികിത്സയെടുക്കാന് ഒരു പ്രേരണയാകും എന്ന് കരുതുന്നു. പരിക്ക് വേഗം ഭേദമായി അദ്ദേഹം കളിക്കളത്തില് എത്തട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു.

ലേഖകർ
Medical doctor,psychiatry resident interested in public health. Areas of interest are public health, neuropsychiatry, addiction medicine and human evolution gender psychiatry and LGBTQ issues
Dr Viswanathan K. Trained at trivandrum Medical College. Finished MS Ortho in 2000 and have been working in private hospitals.Presently at Trivandrum Medical Centre. Area of interest is sports medicine surgery and Arthroplasty surgery. Interests are fitness and reading.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ