മദ്ധ്യവേനല്‍ മറവികള്‍
നീണ്ട പത്തുമാസം കുട്ടികളെല്ലാവരും കാത്തുകാത്തിരുന്ന മധ്യവേനലവധി. കളികളും യാത്രകളും ടിവിയും ഗെയിമുകളുമായി വെക്കേഷന്തകര്ക്കുന്നു.ഇതിനിടയില് അറിയാതെ സംഭവിക്കുന്ന ഒന്നാണ് മധ്യവേനല്മറവികള്!(summer learning loss)
?അതെന്തുമറവിയാണെന്നല്ലേ?പറയാം
ഓരോ മധ്യവേനലവധിക്കു ശേഷവും കുട്ടികള് കഴിഞ്ഞ അധ്യയനവര്ഷം പഠിച്ച കാര്യങ്ങള് ഗണ്യമായ തോതില് തന്നെ മറന്നു പോകുന്നു എന്നാണ് പുറംനാടുകളിലെ പഠനങ്ങള് തെളിയിക്കുന്നത്.ഇത് സംബന്ധിച്ച ഇന്ത്യന്വിവരങ്ങള് അധികം ലഭ്യമല്ലെങ്കിലും ഒരു പരിധി വരെ ഇത് ശരിയാണെന്ന് അനുഭവസ്ഥരായ അധ്യാപകരും അച്ഛനമ്മമാരും പറയും.കൂടുതലായും സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്ക്കുന് കുട്ടികളെയാണ് ഇതു ബാധിക്കുന്നത്.കണക്കുമായി ബന്ധപ്പെട്ട പഠനനിപുണതകളാണ് അധികപങ്കും നഷ്ടമാകുന്നത്. അവധി കഴിയുമ്പോഴേക്കും പോയ വര്ഷം രണ്ടര മാസക്കാലത്തോളമെടുത്ത് പഠിച്ചെടുത്ത ഗണിതപാഠങ്ങളാണ് കൈവിട്ടുപോകുക.
എഴുതാനും വായിക്കാനുമുള്ള കഴിവുകളില് കൈവരിച്ച പുരോഗതിയാണ് കൈമോശം വരുന്ന അടുത്ത ഇനം. പലപ്പോഴും പുതിയ അധ്യയനവര്ഷത്തിലെ ആറാഴ്ചയോളം ഇങ്ങനെ മറന്നുപോയ കാര്യങ്ങള് വീണ്ടും പഠിച്ചെടുക്കാനുപയോഗിച്ചു നഷ്ടപ്പെടുന്നു. ചെറിയ ക്ലാസ്സുകള് തൊട്ടു വ്യക്തമാകുന്ന ഈ പ്രതിഭാസം കുട്ടികള് അപ്പര് പ്രൈമറി ക്ലാസ്സുകളിലെത്തുമ്പോഴേക്കും, അവധിക്കാലം വായനയ്ക്കു കൂടി ഉപയോഗിക്കുന്ന മറ്റുകുട്ടികളെ അപേക്ഷിച്ച് രണ്ടു വര്ഷക്കാലത്തോളം വരെ പഠനനിപുണതകളിലവര് പുറകിലാകാന്കാരണമാകുന്നു.ഇതിന്റെ അനുരണനങ്ങള് അവരെ ജീവിതകാലം മുഴുവന്പിന്തുടരുകയും ചെയ്യും.
പുറംരാജ്യങ്ങളില് സമ്മര് ലേണിംഗ് പ്രോഗാമുകള് നടത്തിയാണ് ഈ പ്രതിഭാസത്തെ ചെറുക്കുന്നത്. അവധിക്കാലം മുഴുവന് അടിച്ചു പൊളിച്ചാലുണ്ടാവുന്ന ഈ വലിയ നഷ്ടമൊഴിവാക്കാന് നമ്മുടെ നാട്ടില് എന്തു ചെയ്യാനാകും?
? വായിച്ചില്ലെങ്കില് വളയും ?
വായന!!
വായനയാണു പ്രധാനപരിഹാരമാര്ഗ്ഗം.
പുസ്തകങ്ങളിലൂടെ കുട്ടികളെ പഠനനിപുണതകളിലേക്ക് ചേര്ത്തു പിടിക്കുക. ആഴ്ചയില് 2 മുതല് 3 മണിക്കൂര് വരെ പുസ്തകങ്ങള് വായിക്കുന്നത് മധ്യവേനല്മറവിയെ തടയാന് സഹായിക്കും.
അവധിക്കാലം തുടങ്ങുമ്പോള് തന്നെ വായിക്കാനുള്ള പുസ്തകങ്ങളുടെ ഒരു ലിസ്റ്റ് തയാറാക്കാന് കുട്ടികളെ സഹായിക്കാന് മാതാപിതാക്കളോ അധ്യാപകരോ സഹായിക്കണം. പലപ്പോഴും സ്കൂളുകള് തന്നെ ഇത്തരം ഒരു ലിസ്റ്റ് കുട്ടികള്ക്കു നല്കാറുണ്ടെങ്കിലും അവധിയുടെ അവസാനദിവസം തിരക്കുപിടിച്ച് വായിച്ചവസാനിപ്പിക്കാന് ശ്രമിക്കുന്നതായിക്കാണാം.ഇത് ഉപകാരമൊന്നും ചെയ്യില്ല.ഇത്തരം സാഹചര്യങ്ങള് ഒഴിവാക്കാന് മുതിര്ന്നവര് മേല്നോട്ടം വഹിക്കേണ്ടിയിരിക്കുന്നു. കുട്ടികളുടെ പ്രായത്തിനനുസരിച്ച് അവയ്ക്ക് ആസ്വാദനക്കുറിപ്പുകളോ തര്ജ്ജമകളോ തയ്യാറാക്കട്ടെ.അനുയോജ്യമായ പുസ്തകങ്ങള് അവര്ക്കു വായിക്കാന് സാഹചര്യങ്ങള് നല്കുക. സമീപപ്രദേശത്തുള്ള ലൈബ്രറികളും മറ്റും സന്ദര്ശിക്കാനവരെ പ്രോത്സാഹിപ്പിക്കുക. കൈകാര്യം ചെയ്യാവുന്ന ഭാഷകളിലുള്ള പുസ്തകങ്ങളെല്ലാം വായിക്കാന് കുട്ടികളെ പ്രോത്സാഹിപ്പിക്കണം. കൂട്ടുകാരുമൊത്ത് ബുക്ക് ക്ലബുകളും കയ്യെഴുത്തു മാസികകളുമുണ്ടാക്കാനും പുസ്തകങ്ങള് കൈമാറാനും അവരെ പ്രേരിപ്പിക്കണം.വായനയിലുള്ള താല്പര്യം കൂടും തോറും പഠനനിപുണതകള്നഷ്ടപ്പെടുന്നത് കുറഞ്ഞുവരും.
?പാചകവും പഠനവും?
ഗവേഷണങ്ങള് കാണിക്കുന്നത് പാചകം ചെയ്യാന് പരിശീലിക്കുന്നത് കണക്കിലുള്ള കഴിവുകള് വളര്ത്തുമെന്നാണ്.പാചകം ചെയ്യുമ്പോള് അറിയാതെ തന്നെ എണ്ണുന്നതിനും അളക്കുന്നതിനും നിര്ദ്ദേശങ്ങള് പിന്തുടരുന്നതിനുമെല്ലാം അവര് ശീലിക്കും. ചപാത്തിയുണ്ടാക്കുമ്പോഴും ബ്രെഡും പച്ചക്കറികളും മറ്റും മുറിക്കുമ്പോഴും ജ്യാമിതീയ രൂപങ്ങളെയും മനസ്സിലുറപ്പിക്കാം. ഗണിതപാഠങ്ങളിലെ അടിസ്ഥാനാശയങ്ങളെല്ലാം പാചകത്തിലൂടെ പരിചയപ്പെടാം.വെക്കേഷന് പാചകം കുട്ടികളുടെ തലച്ചോറിനെ ഉത്തേജിപ്പിക്കും.
?ബോര്ഡ് ഗെയിമുകള് ?
ചെസ്സ്, ലുഡോ തുടങ്ങിയ ബോര്ഡ് ഗെയിമുകള് എന്നറിയപ്പെടുന്ന കളികള്ചിന്തിക്കുന്നതിനും മനക്കണക്കുകള് കൂട്ടുന്നതിനും അല്ഗോരിതങ്ങള്മനസ്സിലാക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്നു.ഇത്തരം കളികള് അക്കങ്ങളും രൂപങ്ങളുമായുള്ള പരിചയം ഉറപ്പിക്കുന്നതിനും സഹായകമാണ്.അവധിക്കാലത്തും ബൌദ്ധികശേഷിയെ വളര്ത്താന് ഇവയും സഹായകമാണ്
?മറവിയകറ്റാന് മറ്റു ചില മാര്ഗ്ഗങ്ങള്
?ഓര്ക്കണമെന്ന് ആഗ്രഹിക്കുവിന്:
വായിച്ച കാര്യങ്ങള് മറക്കരുതെന്നും ഓര്മ്മ വയ്ക്കണമെന്നും ഉള്ള തീരുമാനമെടുത്താല് മാത്രമേ ഓര്മ്മ നിലനില്ക്കാനുള്ള മാര്ഗ്ഗങ്ങള്കൈക്കൊള്ളാന് നമുക്കാവൂ. ഇടയ്ക്കെപ്പോഴെങ്കിലും ആഗ്രഹിച്ചാല് പോര മറിച്ച് അതായിരിക്കണം നമ്മുടെ പ്രധാനലക്ഷ്യം.വായിക്കുന്ന കാര്യങ്ങള് മറന്നു പോകാതിരിക്കണം എന്ന തീരുമാനത്തിനു എന്തെങ്കിലും പ്രചോദനങ്ങള്ഉണ്ടെങ്കില് കൂടുതല് ഓര്മ്മ നിലനിര്ത്താനാകും. ഉദാഹരണത്തിന് അടുത്ത പരീക്ഷയില് നല്ല മാര്ക്കുവാങ്ങേണ്ടത്,ക്ലാസ്സില് സെമിനാര് നന്നായി അവതരിപ്പിച്ച് അഭിനന്ദനം നേടേണ്ടത് തുടങ്ങി ചെറിയ കാര്യങ്ങള് മുതല്ആഗ്രഹിച്ച കോഴ്സിനു ചേരുക തുടങ്ങിയ ദീര്ഘകാലാടിസ്ഥാനത്തിലുള്ള ലക്ഷ്യങ്ങള് വരെ മറവിയെ തടയാനുള്ള മോട്ടിവേഷനാകാം.അതുപോലെ അവധിക്കാലത്തും വായന തുടരുന്നതിനും വായിച്ച കാര്യങ്ങള് മറക്കുന്നത് തടയുന്നതിനും വേണ്ട പ്രചോദകങ്ങളെ കണ്ടെത്താന് ശ്രമിക്കണം.
?ഇഷ്ടമില്ലെങ്കിലും ചേര്ത്തുവയ്ക്കാം:
ഒരു വിഷയത്തോട് ഒട്ടും താല്പര്യമില്ല എങ്കില് വായിച്ച കാര്യങ്ങള് മറന്നു പോകാനുള്ള സാധ്യത കൂടുതലാണ്.താല്പര്യമില്ലാത്ത വിഷയങ്ങളാണ് എങ്കില്വായിക്കാനുള്ള ഭാഗം മുഴുവനായൊന്ന് ഓടിച്ചു നോക്കിയ ശേഷം (preview) ചെറിയ ഭാഗങ്ങളായി വായിക്കുന്നത് ഗുണം ചെയ്യും. വിഷയത്തെക്കുറിച്ച് എന്തറിയാം എന്നു സ്വയം അവലോകനം ചെയ്യുകയും അതിനനുസരിച്ച് ചോദ്യങ്ങള് രൂപപ്പെടുത്തുകയും ചെയ്യാം.ഈ ചോദ്യങ്ങള്ക്ക് ഉത്തരം കണ്ടുപിടിക്കാനായി വായിക്കുന്നത് വസ്തുതകള് ഓര്മ്മയില് നില്ക്കാന് കൂടുതല്സഹായകമാകും അറിയുന്ന കാര്യങ്ങളോട് ചേര്ത്ത് ഓര്മ്മിച്ചെടുക്കാന്ശ്രമിച്ചാലും ഫലപ്രദമായിരിക്കും.
?അടുക്കിയൊതുക്കി ഓര്ക്കുക:
വായിച്ച കാര്യങ്ങളെ ചിട്ടയായി ക്രമീകരിച്ചാല് മറന്നുപോകാനുള്ള സാധ്യത താരതമ്യേന കുറവാണ്.പുതിയ കാര്യങ്ങള് വായിക്കുമ്പോള് അതിലെ ഏറ്റവും രസകരമെന്നു തോന്നുന്ന വസ്തുതകളെ ചുറ്റിപ്പറ്റി മറ്റുള്ള വിശദാംശങ്ങളെ ഓര്ത്തുവയ്ക്കാന് ശ്രമിച്ചാല് മറന്നു പോകുന്നതിനെ ചെറുത്തുനില്ക്കാം.ഒരു കഥപോലെ ഓര്ത്തെടുക്കാന് ശ്രമിക്കുന്നതും ഗുണം ചെയ്യും. അക്ഷരമാലാക്രമത്തിലോ നെമോണിക്സ് (ഉദാ:VIBGYOR) ഉപയോഗിച്ചോ വസ്തുതകളെ ക്രമീകരിക്കാവുന്നതാണ്. കുഞ്ഞുനോട്ടുകള് ഉണ്ടാക്കുന്നതും നല്ലതാണ്. ഓര്മ്മസൂത്രങ്ങളെ പഠനത്തിനുള്ള ഉത്തോലകങ്ങളായി മാത്രമേ കരുതാവൂ.കാര്യങ്ങള് മനസ്സിലാക്കി പഠിക്കുന്നതിനു പകരമായി ഉപയോഗിക്കരുത്.
?കാണാപാഠം വേണ്ടേ വേണ്ട:
അര്ത്ഥമറിയാതെ വായിക്കുന്നതിനെ എല്ലാവരും വിമര്ശിക്കാറുണ്ട്. അതേസമയം അതു ചെയ്യേണ്ട സാഹചര്യങ്ങളുണ്ടാക്കുന്നവയാണ് പലപ്പോഴും നമ്മുടെ പരീക്ഷകളും പ്രോജെക്ടുകളുമെല്ലാം.കാണാതെ പഠിക്കുന്ന കാര്യങ്ങള്പലപ്പോഴും ഏതാനും നിമിഷങ്ങളെ ഓര്ത്തുവയ്ക്കാനാവൂ.വര്ക്കിംഗ് മെമ്മറി എന്നറിയപ്പെടുന്ന അത്തരം ഓര്മ്മകള്ക്കു പരിധിയുള്ളതിനാല്അര്ത്ഥമറിയാതെയുള്ള വായന ഓര്ത്തുവയ്ക്കലിനു തടസ്സമാകുന്നു.
?ഓര്മ്മകളെ അടുക്കിയൊതുക്കി:
പെട്ടെന്ന് ഓര്ത്തെടുക്കാന് പാകത്തില് അഞ്ചു മുതല് ഒന്പത് കാര്യങ്ങള് വരെയേ തലച്ചോറിനു സൂക്ഷിക്കാനാവൂ.ശരാശരി വ്യക്തിയില് അതു അഞ്ചിനും ഏഴിനും ഇടയിലായിരിക്കും.അധികനേരം ഈ ഓര്മ്മകള് നിലനില്ക്കുകയുമില്ല. പരീക്ഷയ്ക്കു തൊട്ടു മുന്പും മറ്റും ഒരുപാടു കാര്യങ്ങള് ഒരുമിച്ച് ഓര്ത്തുവയ്ക്കാന്ശ്രമിച്ച് എല്ലാം മറന്നു പോകുന്നത് പലരുടെയും അനുഭവമായിരിക്കുമല്ലോ? വര്ക്കിംഗ് മെമ്മറിയെ മെച്ചപ്പെടുത്തുവാന് ഓര്ക്കുവാനുള്ള കാര്യങ്ങളെ സാദൃശ്യമുള്ള ചെറിയ ഗ്രൂപ്പുകളാക്കുക.ഉദാഹരണത്തിന് ഏതാനും നോബല്സമ്മാന ജേതാക്കളെ ഓര്ത്തുവയ്ക്കണമെങ്കില് ഒരേ അക്ഷരം കൊണ്ടു തുടങ്ങുന്ന പേരുള്ളവര് ഒരേ നാട്ടില് ജനിച്ചവര് തുടങ്ങിയവയുടെ അടിസ്ഥാനത്തില്ഓര്ത്തുവച്ചാല് പെട്ടെന്നു മറക്കുകയില്ല.ഫോണ് നമ്പര് 8547927701 എന്ന് ഒറ്റയടിക്കു പറയുന്നതിന് പകരം 85-47-92-77-01 എന്നു ഗ്രൂപ്പുകളാക്കി പറഞ്ഞാല്ഓര്മ്മ നില്ക്കാനുള്ള സാധ്യത കൂടുതലാണ്.
?പിന്നെയും പിന്നെയും:
എത്ര തവണ ആവര്ത്തിക്കുന്നുവോ അത്രയും നന്നായി വായിച്ച കാര്യങ്ങള്ഓര്ത്തെടുക്കാനാകും.ആവര്ത്തിച്ചു വായിക്കുമ്പോള് തലച്ചോറിലെ നാഡീവ്യൂഹങ്ങളില് നടക്കുന്ന ചില മാറ്റങ്ങള് ഓര്മ്മകളെ ദീര്ഘകാലത്തേക്കു സൂക്ഷിച്ചുവയ്ക്കുവാന് സഹായിക്കുന്നു.കുറെയധികം കാലം വായനയില് നിന്നും പുസ്തകങ്ങളില് നിന്നും വിട്ടുനിന്നാല് പഠിച്ചകാര്യങ്ങള് ഓര്ത്തെടുക്കുവാന്ബുദ്ധിമുട്ടനുഭവപ്പെടും. അതുകൊണ്ടു തന്നെ ദീര്ഘകാലം വായനയില് നിന്നും വിട്ടുനില്ക്കുന്നത് ഒട്ടും അഭികാമ്യമല്ല