ഒരു മഹാമാരിയുടെ രൂപരേഖ
തുടക്കം…
1918 മാർച്ചിലെ പ്രഭാതം-
കൻസാസിലെ ക്യാമ്പ് ഫൺസ്റ്റണിൽ ആൽബർട്ട് ഗിച്ചൽ എന്ന ഒരു മെസ് പാചകക്കാരൻ തൊണ്ടവേദന, പനി, തലവേദന എന്നിവയുമായി കാമ്പിലെ ആശുപത്രിയിൽ റിപ്പോർട്ട് ചെയ്തോടെയാണ് സ്പാനിഷ് ഫ്ളുവിൻ്റെ കഥ ഔദ്യോഗികമായി ആരംഭിക്കുന്നത് . സ്പാനിഷ്’ ഫ്ലൂ പിടിപെട്ട ആദ്യ വ്യക്തി ഗിറ്റ്ചെൽ ആയിരിക്കില്ല.. പുള്ളിയാണ് രേഖകൾ പ്രകാരം ആദ്യം ചികിൽസ തേടിയത്. ഉച്ചഭക്ഷണസമയമാകുമ്പോഴേക്കും ഇതു പോലുള്ള നൂറിലധികം കേസുകൾ ആ ചികിൽസാ കേന്ദ്രം കൈകാര്യംചെയ്തു കഴിഞ്ഞിരുന്നു. തുടർന്നുള്ള ആഴ്ചകളിൽ വീണ്ടും അനേകം രോഗികൾ.
ഫ്ലൂ – രോഗവ്യാപനം
1917 ഏപ്രിൽ
അമേരിക്ക ഒന്നാം ലോകമഹായുദ്ധത്തിൽ പ്രവേശിച്ച ശരത്കാലത്തിലാണ് രാജ്യത്തിന്റെ, പ്രധാനമായും ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള ചെറുപ്പക്കാർ സൈനിക ക്യാമ്പുകളിൽ കൂട്ടം കൂടാൻ തുടങ്ങിയത്. അമേരിക്കൻ പര്യവേഷണ സേനയിലേക്ക് റിക്രൂട്ട് ചെയ്യാനും പരിശീലനം നൽകാനും ജനറൽ സ്ഥാപിച്ച പല ക്യാമ്പുകളൊന്നായിരുന്നു ക്യാമ്പ് ഫൺസ്റ്റൺ. സൈനികരെ മറ്റ് അമേരിക്കൻ ക്യാമ്പുകളിലേക്കും നേരിട്ട് ഫ്രാൻസിലേക്കും അവിടുന്ന് അയച്ചിരുന്നു.
1918 ഏപ്രിൽ ,
അമേരിക്കൻ മിഡ്‌വെസ്റ്റിലും, സൈനികർ തമ്പടിച്ച കിഴക്കൻ കടൽത്തീര നഗരങ്ങളിലും, അവർ വന്നിറങ്ങിയ ഫ്രഞ്ച് തുറമുഖങ്ങളിലും ഈ പനി പകർച്ചവ്യാധിപോലെ വ്യാപകമായിരുന്നു. പൊടുന്നെനെ ജർമനി , ബ്രിട്ടൻ, ഇറ്റലി, സ്പെയിൻ എന്നിവിടങ്ങളിലേക്ക് അത് വ്യാപിച്ചു.
റഷ്യയുടെ പുതിയ സർക്കാർ മാർച്ചിൽ ഉടമ്പടിയിൽ ഒപ്പുവെച്ചതിനുശേഷം, ജർമ്മനി തങ്ങളുടെ റഷ്യൻ യുദ്ധത്തടവുകാരെ മോചിപ്പിക്കാൻ തുടങ്ങി. റഷ്യയിലേക്ക് ഫ്ലൂ കൊണ്ടുവന്നത് അവരാവാം. റഷ്യയിൽ, വടക്കേ ആഫ്രിക്കയിൽ , ബോംബെയിൽ ഒക്കെ ഫ്ളൂ എത്തി. ഇന്ത്യയിൽ നിന്ന് അത് കിഴക്കോട്ട് സഞ്ചരിച്ചു. ചൈനയിൽ, ജപ്പാനിൽ എല്ലാം ഫ്ലൂ പുറപ്പെടുന്നതായി വാർത്തകൾ വന്നു . ജൂലൈ മാസത്തോടെ അത് ഓസ്ട്രേലിയയിലെത്തിക്കഴിഞ്ഞ അത് ശേഷം ഫ്ലൂ പതിയെ പിൻവാങ്ങി
പാൻഡെമിക്കിന്റെ ആദ്യ തരംഗമായിരുന്നു അത് . താരതമ്യേനെ സൗമ്യമായിരുന്നു അത് എന്നതാണ് സത്യം. സാധാരണ ജീവിതത്തേക്കാൾ പ്രധാനമായും യൂറോപ്യന് യുദ്ധ വേദിയിൽ ആണത് നാശം സൃഷ്ടിച്ചത്. യുദ്ധനീക്കങ്ങളും മുന്നേറ്റങ്ങളും തളർന്നു. യുദ്ധമുന്നണികളിൽ ആരോഗ്യത്തോടെ പോരാടാൻ ആളില്ലാത്ത അവസ്ഥയുണ്ടായി…
രണ്ടാം വരവ് – 1918 ഓഗസ്റ്റ്
ഓഗസ്റ്റിൽ ഇൻഫ്ലുവൻസ പാൻഡെമിക്കിന്റെ രണ്ടാമത്തെതും ഏറ്റവും മാരകമായതുമായ തരംഗമായി ഫ്ലൂ വീണ്ടും എത്തി . സിയറ ലിയോണിലെ അറ്റ്ലാന്റിക്-ഫ്രീടൌൺ, അമേരിക്കയിലെ ബോസ്റ്റൺ, ഫ്രാൻസിലെ ബ്രെസ്റ്റ് എന്നിവിടങ്ങളിൽ മൂന്ന് പോയിന്റുകളിലാണ് അത് പൊട്ടിപ്പുറപ്പെട്ടത് എന്നാണ് ഏറെക്കുറെ കരുതുന്നത്. ഒരു ബ്രിട്ടീഷ് നാവിക കപ്പൽ ഫ്രീടൗണിലേക്ക് കൊണ്ടു വന്നു, യൂറോപ്പിൽ നിന്ന് ഒരു കപ്പൽ അത് ബോസ്റ്റണിലേക്ക് കൊണ്ടുവന്നിരിക്കാം എന്നൊക്കെ കരുതപ്പെടുന്നു.
1918 മാർച്ച് ൽ രേഖപ്പെടുത്തിയ ആദ്യ കേസിനും 1920 മാർച്ചിൽ അവസാനമായി രേഖപ്പെടുത്തിയ കേസ് വരെ, അമ്പതു മുതൽ 100 ദശലക്ഷം ആളുകൾ വരെ , അല്ലെങ്കിൽ ആഗോള ജനസംഖ്യയുടെ 2.5 മുതൽ 5 ശതമാനം വരെ ആളുകൾ ഇതിൽ കൊല്ലപ്പെട്ടു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഏറ്റവും ജീവഹാനി ഉണ്ടാക്കുന്ന ഒറ്റ സംഭവങ്ങളുടെ കാര്യത്തിൽ, അത് ഒന്നാം ലോകമഹായുദ്ധത്തെ (17 ദശലക്ഷം പേർ മരിച്ചു) മറികടന്നു. കണക്കുകളെ കുറിച്ചും പഠനങ്ങളുടെ ആധികാരികതയെ കുറിച്ചും സംശയങ്ങളുണ്ടെങ്കിലും സ്പാനിഷ് ഫ്ലൂവിൻ്റെ മാരകമായ മൃത്യുവേലിയേറ്റത്തെ കുറിച്ച് തർക്കമില്ല.
തിരിഞ്ഞു നോക്കുമ്പോൾ…
സ്പാനിഷ് ഫ്ലൂ ആരംഭിച്ചത് സ്പെയിനിൽ നിന്നല്ല. ബ്രിട്ടൺ ,അമേരിക്ക ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ വ്യാപിച്ചതിനു ശേഷമാണ് സ്പെയിനിൽ രോഗമെത്തുന്നത്. യുദ്ധാന്തരീക്ഷരത്തിലെ സെന്സര്ഷിപ് കാരണം ഇവിടെയൊന്നും പത്രങ്ങൾ ഇത് പുറത്തുവിട്ടില്ല. യുദ്ധത്തിൽ നിഷ്പക്ഷത പുലർത്തിയ സ്പെയിനിൽ സെന്സര്ഷിപ് ഇല്ലാത്തതു കൊണ്ട് വ്യാപകമായി പത്രങ്ങൾ ഇത് റിപ്പോർട്ട് ചെയ്തു . സ്പാനിഷ് ഫ്ലൂ എന്ന പേര് ചരിത്രപരമായ ഒരു തെറ്റായിട്ടു കൂടി ആഖ്യാനങ്ങളിൽ ഉറച്ചു പോയി .
ഇരുപതാം നൂറ്റാണ്ടിന്റെ ചുരുൾ അഴിക്കുമ്പോൾ നാം കാണുന്ന പ്രധാന കാഴ്ചകൾ രണ്ട് ലോകമഹായുദ്ധങ്ങൾ, കമ്മ്യൂണിസത്തിന്റെ ഉയർച്ചയും തകർച്ചയും, ഒരുപക്ഷേ കോളനി വാഴ്ചയുടെ അന്ത്യത്തിൻ്റെയും അതിശയകരമായ ഏടുകളുമാണ്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമെന്താണെന്ന് ചോദിക്കുമ്പോൾ , ആരും തന്നെ സ്പാനിഷ് ഫ്ലൂ എന്ന് ഉത്തരം നൽകാറില്ല എന്നത് വിചിത്രമാണ് .
ചരിത്രം രേഖപ്പെടുത്തിയ ഓരോ പാൻഡെമിക്കിലും രോഗമുണ്ടാക്കുന്ന സൂക്ഷ്മാണുവും മനുഷ്യനും തമ്മിലുള്ള ഏറ്റുമുട്ടലുണ്ട്. എന്നാൽ ആ ഏറ്റുമുട്ടൽ കഥയുടെ ആഖ്യാനത്തിന് മുകളിൽ, അതിലേക്ക് നയിക്കുന്ന സംഭവങ്ങളും അതിൽ നിന്ന് ഉരുത്തിരിയുന്ന സംഭവങ്ങളും ഇഴചേരുന്ന കാഴ്ച ചരിത്രത്തിൽ ആവർത്തിക്കുന്നു . കാലാവസ്ഥ, അന്നന്നത്തെ അന്നത്തിൻ്റെ വില, അണുക്കളെക്കുറിച്ചുള്ള ആശയങ്ങൾ , മനുഷ്യ സ്വാതന്ത്ര്യം , അധികാരം തുടങ്ങി അനേകം ഉപകഥകൾ അതിൽ ഉണ്ട് .സ്പാനിഷ് ഫ്ലൂ വെറും ഒരു മഹാമാരിയായിരുന്നില്ല . മനുഷ്യ ജീവിതവും ചരിത്രവും മാറ്റിയെഴുതിയ ചാലക ശക്തി കൂടിയാണ്.
അൽപ്പം പൂർവ്വ ചരിത്രം
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ശാസ്ത്രം സാംക്രമിക രോഗങ്ങളെ തുടച്ച് നീക്കുമെന്ന വിശ്വാസം സത്യത്തിൽ ഇന്നത്തേക്കാൾ പടിഞ്ഞാറൻ നാടുകളിൽ എങ്കിലും പ്രബലമായിരുന്നു . അവരുടെ ശുഭാപ്തിവിശ്വാസത്തിന്റെ പ്രധാന കാരണം അണു സിദ്ധാന്തത്തിൻ്റെ ആവിർഭാവമായിരുന്നു.
രോഗാണുക്കൾ രോഗത്തിന് കാരണമാകുമെന്ന ഉൾക്കാഴ്ച. ജർമ്മനിയിലെ റോബർട്ട് കോച്ചും ഫ്രാൻസിലെ ലൂയി പാസ്ചറും ആണ് ഈ ദർശനം ലോകത്തിന് നൽകിയത്. കാൽപ്പനിക കൃതികളിൽ നിറഞ്ഞു നിന്നുരുന്ന ക്ഷയം പാരമ്പര്യ രോഗമാണെന്നും നിർജീവ വസ്തുക്കളിൽ നിന്നും ജീവൻ ഉണ്ടാക്കാമെന്നും ഉള്ള ആശയങ്ങൾ എല്ലാം പിഴുതെറിയപ്പെട്ടു.
മറഞ്ഞിരുന്ന ശത്രു-
എന്നിരുന്നാലും, വൈറസുകൾ വീണ്ടുമേറെ കാലത്തേക്ക് ഒരു നിഗൂഢതയായിരുന്നു. ലാറ്റിൻ ഭാഷയിൽ വൈറസ് എന്ന വാക്കിന്റെ അർത്ഥം വിഷം അല്ലെങ്കിൽ ശക്തിയേറിയ സ്രവം എന്നാണ്.
വൈറസുകൾ വിഷവസ്തുക്കളോ ജീവികളോ ആയിരുന്നോ? ദ്രാവകമോ ഖരമോ?
ജീവനുള്ളതോ അചേതനമോ? പിടി കൊടുക്കാതെ അവ വഴുക്കി മാറി.
1892 ൽ റഷ്യൻ സസ്യശാസ്ത്രജ്ഞനായ ദിമിത്രി ഇവാനോവ്സ്കി പുകയില ചെടികളിലെ ഒരു രോഗത്തിന് ഇവ കാരണമായതായി ചൂണ്ടികാട്ടിയിരുന്നു. ബാക്റ്റീരയയേക്കാളും വളരെ വളരെ ചെറുതും ലഭ്യമായ സങ്കേതങ്ങൾ ഒന്നും ഉപയോഗിച്ച് കാണാൻ കഴിയാത്തതുമായ ഒരു രോഗകാരിയെന്ന വിശേഷണത്തിനപ്പുറം അവയെ കാണാൻ ഇലക്ട്രോൺ മൈക്രോസ്കോപ്പ് പോലുള്ള സങ്കേതങ്ങൾ ലഭ്യമായിട്ടില്ല.
സാമൂഹിക പ്രതിഫലന ങ്ങൾ
സാമൂഹിക പുരോഗതിയുടെ ‘ കാര്യത്തിലും കാലം തീർത്തും വിഭിന്നമായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ.ടെലിഫോണുകൾ അപൂർവമായിരുന്നു. ദീർഘദൂര ആശയവിനിമയം പ്രധാനമായും ടെലിഗ്രാഫ് വഴിയായിരുന്നു.
നന്നായി വികസിപ്പിച്ച റെയിൽ ശൃംഖല ചില രാജ്യങ്ങളിലേ ഉണ്ടായിരുന്നുള്ളൂ. വാണിജ്യ വിമാനങ്ങളില്ല, പക്ഷേ അന്തർവാഹിനികളുണ്ടായിരുന്നു, നീരാവി കപ്പലുകൾ സമുദ്രങ്ങളിൽ ശരാശരി പന്ത്രണ്ട് നോട്ടിൽ (മണിക്കൂറിൽ ഇരുപത് കിലോമീറ്റർ) താഴെ വേഗതയിൽ യാത്ര ചെയ്തു.
കാറുകൾ അമേരിക്കയിൽ പോലും ആഡംബരമായിരുന്നു. കോവർകഴുതയായിരുന്നു ഏറ്റവും സാധാരണമായ ഗതാഗത മാർഗം.
വ്യാവസായിക ലോകത്ത് പോലും, അനാരോഗ്യത്തിന്റെ പ്രധാന കാരണം പകർച്ചവ്യാധികളായിരുന്നു . യൂറോപ്പിലും അമേരിക്കയിലും ജനിക്കുന്നവരുടെ ആയുർദൈർഘ്യം കഷ്ടി അമ്പതായിരുന്നു. ഇന്ത്യക്കാരും പേർഷ്യക്കാരും അവരുടെ മുപ്പതാം ജന്മദിനം ആഘോഷിക്കുന്നത് ഭാഗ്യമായി കണ്ടു . കൊടുങ്കാറ്റ് പോലെ വേഗത്തിൽ ആക്രമിക്കുന്ന ഏത് അപകടകരമായ രോഗവും ‘പ്ലേഗ്’ എന്ന് പരാമർശിക്കപ്പെട്ടു പോന്നു.
ആശയ വിനിമയവും വിവര സാങ്കേതിക വിദ്യയും അന്ന് ..
1918-ൽ പൊതുജനങ്ങളുമായി ആശയവിനിമയം നടത്താനുള്ള പ്രധാന മാർഗ്ഗം പത്രങ്ങളായിരുന്നു, യുദ്ധകാല സെൻസർഷിപ്പിന് വിധേയമല്ലാത്ത രാജ്യങ്ങളിൽ പോലും, യഥാർത്ഥ സ്കെയിൽ സംബന്ധിച്ച വിവരങ്ങൾ അവർ കൈമാറിയത് അപൂർവമായിരുന്നു. വാർത്തകളുടെ സെന്സര്ഷിപ് ബ്രസീൽ പോലുള്ള രാജ്യങ്ങളിൽ വ്യാപനം ഉണ്ടായ രാജ്യങ്ങളിൽ നിന്ന് കപ്പൽ വരുന്നത് പോലുള്ള നിർണായകമായ വിവരങ്ങൾ അറിയുന്നതിന് സാരമായി ബാധിച്ചു. രോഗം വ്യാപിക്കാനും കനത്ത ആൾ നാശമുണ്ടാക്കുവാനും ഇതിടയാക്കി.
ട്രെയിനുകൾക്കും വിമാനങ്ങൾക്കും മുമ്പുള്ള കാലത്ത് മിക്ക ദൂരയാത്രകളും കടൽ വഴി പൂർത്തിയായപ്പോൾ, തുറമുഖങ്ങൾ രോഗത്തിനുള്ള സാധാരണ പ്രവേശന കേന്ദ്രങ്ങളായിരുന്നു, കൂടാതെ ‘ലാസറെറ്റോസ്’ അല്ലെങ്കിൽ കപ്പൽ വിലക്ക് കേന്ദ്രങ്ങൾ നിർമ്മിക്കപ്പെട്ടു . അവ പലപ്പോഴും വാസ്തുവിദ്യയിലും അവരുടെ ‘അന്തേവാസികളോട്’ പെരുമാറിയ രീതിയിലും ജയിലുകളോട് സാമ്യമുള്ളവരായിരുന്നു, ഇന്നവയിൽ പലതും റെസ്റ്റോറന്റുകൾ, കാസിനോകൾ ഒക്കെയായി മാറിയിരിക്കുന്നു
കാലം കടന്നതോടെ രോഗവ്യാപനം തടയുന്നത് കൂടുതൽ സങ്കീർണ്ണമായി. കടലിലൂടെ മാത്രമല്ല അവ കടന്നു വരുന്നത് എന്ന അവസ്ഥ വന്നു. ഏറ്റവും വലിയ നഗരങ്ങളിലെ ജനസംഖ്യ ദശലക്ഷക്കണക്കായി . അവരുടെ നിവാസികൾ അവരുടെ പരിമിതമായ സോഷ്യൽ നെറ്റ്‌വർക്കുകൾക്കപ്പുറത്ത് പരസ്പരം അറിയില്ലെന്ന് മാത്രമല്ല, അവർ ഒരേ സാമൂഹിക തട്ടിലുള്ളവരോ ഒരേ വിശ്വാസങ്ങൾ പങ്കിടുകയോഒരേ ഭാഷ സംസാരിക്കുകയോ ചെയ്യുന്നവരോ പോലും അല്ല എന്ന സ്ഥിതി വന്നു. ഈ ആധുനിക നഗരങ്ങളിൽ, ഒരു കേന്ദ്ര അതോറിറ്റി മുകളിൽ നിന്ന് താഴേക്ക് രോഗബാധ വിരുദ്ധ നടപടികൾ ഏർപ്പെടുത്തേണ്ട അവസ്ഥ വന്നു .
അന്നു ഇന്നും മൂന്ന് ഘടകങ്ങൾ ഇതിൽ പ്രധാനമാണ്.
1 .സമയബന്ധിതമായി കേസുകൾ തിരിച്ചറിഞ്ഞു അണുബാധയുടെ യാത്രാ ദിശ നിർണ്ണയിക്കുവാൻ കഴിയുക.
2 . രോഗം എങ്ങനെ പടരുന്നു എന്നതിനെക്കുറിച്ചുള്ള ഒരു ധാരണയുണ്ടാവുകയും (വെള്ളം, വായു, പ്രാണികളിലൂടെ?)
തടയാൻ സാധ്യതയുള്ള നടപടികളും സ്വീകരിക്കുക
3 . ആ നടപടികളുമായി ജനം പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുക എന്ന മൂന്ന് കാര്യങ്ങൾ
(ഇതിൽ അവസാനത്തേത് കോളനി വൽക്കരണത്തിന്റെ കാലത്തു ഇന്ത്യയിൽ പ്ലേഗ് പോലുള്ള രോഗങ്ങൾ പടരുന്നത് തടയുവാൻ നിഷ്ടുരവും മനുഷ്യരഹിതവുമായ മുറകൾ സ്വീകരിക്കുന്നതിന് ഇട നൽകി. മനുഷ്യജീവനേക്കാൾ അവർ വില കൊടുത്തത് രോഗവ്യാപനം തടയുന്നതിനാണെന്നു ചരിത്ര രേഖകളുണ്ട് . രോഗികളെ പാർപ്പിച്ച ‘ആശുപത്രികളിൽ ‘ . പലപ്പോഴും ക്രൂരത നടമാടി
പൂനെ പ്ലേഗ് കമ്മിറ്റി തലവൻ വാൾട്ടർ ചാൾസ് റാൻഡിനെ ഒടുവിൽ സഹോദരന്മാരായ ചാപേക്കർമാർ കൊലപ്പെടുത്തിയ സംഭവം ഒക്കെ ഈ പശ്ചാത്തലത്തിലാണ്.
എന്തായിരുന്നു അന്നത്തെ ചികിത്സ ??
യൂറോപ്പിലോ അമേരിക്കയിലോ ആളുകൾ ചികിൽസക്കായി ഒന്നുകിൽ ഒരു സാധാരണ’ ഡോക്ടറുടെ അടുത്തേക്ക് പോകുമായിരുന്നു , അല്ലെങ്കിൽ ഒരു ഹോമിയോപ്പതി, പ്രകൃതിചികിത്സകൻ, ഓസ്റ്റിയോപത്ത് , വിശ്വാസ രോഗശാന്തി എന്ന അഞ്ച് മാർഗങ്ങളിൽ ഒന്നിലേക്കോ .
ഒന്ന് മുഖ്യധാര ചികിൽസയും മറ്റുള്ളവ ബദൽ എന്ന ചിന്തയുംഅന്ന് പ്രബലമായിട്ടില്ല .
ഡോക്ടർമാർ എന്താണ് അന്ന് വാഗ്ദാനം ചെയ്തത്?
ഫലപ്രദമായ വാക്സിൻ തീർച്ചയായും ഇല്ല, ആൻറിവൈറൽ മരുന്നുകളൊന്നുമില്ല – (വാക്സിൻ 1960 വരെ എത്തിയിട്ടില്ല ) – വൈറൽ രോഗ പശ്ചാത്തലത്തിൽ വരുന്ന സെക്കൻ്ററി ബാക്ടീരിയ അണുബാധകളുടെ ചികിത്സയ്ക്കായി ആൻറിബയോട്ടിക്കുകളും ഇല്ല. ക്ലിനിക്കൽ മരുന്ന് വികസനവും പരീക്ഷണങ്ങളും അതിന്റെ ശൈശവാവസ്ഥയിലായിരുന്നു.
ശ്വസന തടസ്സമുള്ള , മുഖം നീലിച്ച മരണാസന്നരായ രോഗികളെ അഭിമുഖീകരിക്കേണ്ടി വരുമ്പോഴെങ്കിലും തങ്ങൾ എന്തെങ്കിലും ചെയ്യണമെന്ന് അവർക്ക് തോന്നി. ഷെല്ഫിൽ ഉള്ള സകല മരുന്നുകളും അവർ പരീക്ഷിച്ചു. ആസ്പിരിൻ ആയിരുന്നു അവയിൽ പ്രധാനം. ആസ്പിരിന്റെ അമിതോപയോഗം തന്നെ രോഗം മൂർച്ഛിക്കാൻ ഇടയാക്കി എന്ന് വരെ കരുതുന്നവരുണ്ട് . അത് തീർത്തും തള്ളികളയാനുമാകില്ല.
ക്വിനൈൻ വ്യാപകമായി ഉപയോഗപ്പെടുത്തി. മലേറിയയ്ക്കും മറ്റ് ‘ബിലിയസ് പനി’ കൾക്കും അറിയപ്പെടുന്ന ചികിത്സയായിരുന്നു ഇത്. ഇത് ഇൻഫ്ലുവൻസയിൽ ഫലപ്രദമായിരുന്നു എന്നതിന് തെളിവുകളൊന്നുമില്ല, എന്നിട്ടും ഇത് വലിയ അളവിൽ നിർദ്ദേശിക്കപ്പെട്ടു. ‘ചെവിയിൽ മൂളക്കം , വെർട്ടിഗോ, കേൾവിശക്തി കുറയുക, രക്തരൂക്ഷിതമായ മൂത്രം, ഛർദ്ദി,’ അപൂർവമാണെങ്കിലും, നിറങ്ങൾ സംവദിക്കുന്നതിൽ പ്രയാസം തുടങ്ങി ധാരാളം പാർശ്വഫലങ്ങൾ ഇതിനുണ്ടായി.
തലമുറകളായി ഇത്തരം രോഗങ്ങൾക്ക് പ്രതിവിധിയായി പറയുന്ന ആർസെനിക്ക് ( ഒരു മാറ്റവും ഇല്ലല്ലേ , എന്നല്ലേ?), കർപ്പൂരം, മദ്യം മുതൽ മെർക്കുറി വരെ പലതും ഇതിന് ചികിത്സയായി പരീക്ഷിക്കപ്പെട്ടു. ദുഷിപ്പുകൾ ഒഴിവാക്കാനായി രക്ത സ്രാവം ഉണ്ടാക്കുന്ന പോലുള്ള വിചിത്ര രീതികളും.
സ്പാനിഷ് ഫ്ലൂ എന്ന പാൻഡെമിക് ഇന്നത്തെ മനുഷ്യർക്ക് ഒരു പുതിയ അറിവാണ്. മെഡിക്കൽ ഫീൽഡിൽ ഉള്ളവർക്ക് പോലും ചിലപ്പോളതിൻ്റെ ചരിത്രവും എത്ര വലിയ വിനാശമാണത് സമ്മാനിച്ചതെന്നും വലിയ അറിവില്ലായിരിക്കും. ഇന്നിപ്പോൾ കൊവിഡിൻ്റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ നൂറ്റാണ്ടിലെ ആ മഹാമാരിയെ പറ്റി നമ്മൾ ഓർക്കുന്നതും പലരും അതിൻറെ ചരിത്രം ചികഞ്ഞെടുക്കുന്നതും.
അതേസമയം ഉരുത്തിരിഞ്ഞു വന്ന ഒരു ചോദ്യമാണ്, ഇതാ അതുപോലൊരു വൈറസ് വീണ്ടും മനുഷ്യരാശിയെ ആക്രമിക്കുന്നു, അതേ ലക്ഷണങ്ങൾ, അതേ ദയനീയതയോടെ മനുഷ്യർ മരിക്കുന്നു. ശാസ്ത്രം ഇത്ര പുരോഗമിച്ചിട്ടും നമ്മൾ ഒരു നൂറ്റാണ്ട് പിറകിൽ തന്നെയാണോ ഇപ്പോഴും? ഒരു വൈറസിനെ പിടിച്ചുകെട്ടാൻ അന്നു ചെയ്തതൊക്കെ തന്നെയല്ലേ ഇപ്പൊഴും ചെയ്യുന്നുള്ളൂ..?
ഇതിൻ്റെ ഉത്തരം : “അല്ല ” എന്ന് തന്നെയാണ്. എന്തുകൊണ്ടല്ലാ എന്നറിയാൻ ഈ ലേഖനത്തിൻ്റെ രണ്ടാം ഭാഗം ഇൻഫോ ക്ലിനിക്ക് നാളെ പ്രസിദ്ധീകരിക്കും..