· 6 മിനിറ്റ് വായന

ഹാമെലിനിലെ കുഴലൂത്തുകാര്

Psychiatryആരോഗ്യ അവബോധംശിശുപരിപാലനം

റോബര്ട്ട് ബ്രൌണിങ്ങിന്റെ പൈഡ് പൈപ്പറിനെ ഓര്മ്മയുണ്ടോ? എലികളെത്തുരത്താന് ഹാമെലിന് നഗരസഭ നിയോഗിച്ച വിചിത്രവേഷധാരി! കുഴലൂത്തുകാരന്റെ പുറകെ എലികളെല്ലാം പോയതുകണ്ട കുബുദ്ധിയായ മേയറും കൂട്ടരും വാക്കുമാറുകയും പാരിതോഷികം നല്കാതിരിക്കുകയും ചെയ്തപ്പോള് തന്റെ മാന്ത്രിക സംഗീതത്താല് നഗരത്തിലെ കുട്ടികളെയും കൊണ്ടു കോപെല്ബെര്ഗ് മലയിടുക്കില് മറഞ്ഞ മായാവി! എഴുനൂറ്റി ഇരുപത്തഞ്ച് വര്ഷങ്ങള്ക്കിപ്പുറം ഇപ്പോഴും തങ്ങളുടെ കുഞ്ഞുങ്ങള്ക്കെന്തു പറ്റി എന്നു ഹാമെലിന് നഗരം വേവലാതിപ്പെടുന്നുണ്ട്.

കുഞ്ഞുങ്ങള് നഷ്ടപ്പെട്ട ഒരു നാട്!

എത്ര വേദനാജനകമായിരിക്കുമെന്ന് ഒന്നോര്ത്തുനോക്കൂ. അച്ഛനമ്മമാരുടെയും കുടുംബത്തിന്റെയും മാത്രമല്ല, ഒരു സമൂഹത്തിന്റെ മുഴുവന്സന്തോഷത്തിന്റെയും പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും കേന്ദ്രബിന്ദുക്കളാണ് കുഞ്ഞുങ്ങള്. ബ്രൌണിംഗിന്റെ കവിതയില്നി ന്നിറങ്ങി പുതുകാല പൈഡ് പൈപര്മാര് ഇപ്പോഴും കുഴലൂതി നടക്കുന്നുണ്ട്; ലോകമെമ്പാടും! പക്ഷേ, വാക്കുപാലിക്കാത്ത മേയറോടുള്ള പകയല്ല ഈ അഭിനവകുഴലൂത്തുകാരുടെ ലക്ഷ്യം, മറിച്ച് കുഞ്ഞുങ്ങളുടെ മൃദുമേനിയും പ്രതികരിക്കാനറിയാത്ത നിഷ്കളങ്കതയുമാണ്.

പീഡോഫിലിയ എന്ന ലൈംഗികവൈകൃതത്തെക്കുറിച്ചും അതിന്റെ ശാസ്ത്രീയവശങ്ങളെക്കുറിച്ചുമാണ് നാമിവിടെയറിയാന് ശ്രമിക്കുന്നത്. മുന്വിധികള്മാറ്റി വച്ചുകൊണ്ട് ഈയൊരവസ്ഥയ്ക്കു നേരെ നമുക്കൊരു നിലക്കണ്ണാടി വച്ചുനോക്കാം

കണ്ണാടിയിലൂടെ നോക്കുമ്പോള്….

ജൈവലോകത്തെ ഏതു വിഭാഗത്തെയെടുത്താലും ഏറ്റവും കൌതുകമുണര്ത്തുന്നവരും ഓമനത്തമുള്ളവരും കുഞ്ഞുങ്ങളാണ്. സ്വയം സംരക്ഷിക്കാന് കഴിവില്ലാത്ത കുരുന്നുകള്ക്ക്‌ പ്രകൃതി അറിഞ്ഞുനല്കിയ വരമാണീ ഓമനത്തം! മറ്റുള്ളവരുടെ ശ്രദ്ധയും വാത്സല്യവും പരിചരണവും അതവര്ക്കുറപ്പുനല്കുന്നു. എന്നാലിതിന്റെ ഇരുണ്ട മറുവശമാണ് ലോകമെമ്പാടുമുള്ള ശിശുപീഡകരിലൂടെ നാം കണ്ടുകൊണ്ടിരിക്കുന്നത്. അസ്വസ്ഥതാജനകമാം വിധം വര്ദ്ധിച്ചുകൊണ്ടിരിക്കുന്ന ബാലലൈംഗികത്തൊഴിലാളികളും കുട്ടികളെ ഉള്പ്പെടുത്തിയുള്ള അശ്ലീലദൃശ്യപ്രചാരണങ്ങളും മനുഷ്യക്കടത്തലുകളുമെല്ലാം വിരല് ചൂണ്ടുന്നതും ഈ പ്രശ്നത്തിലേക്കു തന്നെയാണ്.

പതിമൂന്നുവയസ്സോ അതിനു താഴെയോ പ്രായമുള്ള കുട്ടികളോട് ആവര്ത്തിച്ചനുഭവപ്പെടുന്ന തീവ്രമായ ലൈംഗികാകര്ഷണം, അനുബന്ധതാല്പര്യങ്ങള്, മനോരാജ്യങ്ങള് എന്നിവയും ഇത്തരം ത്വരകള് മൂലം കുട്ടികള്ക്കുനേരെ നടത്തുന്ന അനുചിത ചേഷ്ടകളുമെല്ലാം പീഡോഫീലിയയുടെ മുഖമുദ്രകളാണ്. ഈ താല്പര്യത്തിന്റെ തീവ്രത പലപ്പോഴും ഒരു മുതിര്ന്ന വ്യക്തിക്ക് പ്രായപൂര്ത്തിയായ എതിര്ലിംഗക്കാരോട് തോന്നുന്നതിനു തുല്യമോ അതിലും കൂടുതലോ ആയിരിക്കാം. ഈ ലക്ഷണങ്ങള് വ്യക്തിപരവും സാമൂഹികവുമായുമുള്ള അസ്വസ്ഥതകളും ക്ലേശങ്ങളുമെല്ലാം ഉളവാക്കുമ്പോളാണ് ഈയവസ്ഥയ്ക്ക് ഒരു മാനസീകക്രമക്കേടിന്റെ പദവി കൈവരുന്നത്. അതായത് പീഡോഫീലിയ ഒരസുഖമെന്ന നിലയില് (Paedophilic disorder) കണക്കാക്കപ്പെടണമെങ്കില് തങ്ങളുടെ വികലമായ ലൈംഗിക താല്പര്യങ്ങള്ഇക്കൂട്ടര്ക്ക് മാനസീകസംഘര്ഷങ്ങള് സൃഷ്ടിക്കാന് തുടങ്ങണം.

പതിനാറു വയസ്സില് കൂടുതല് പ്രായമുള്ളവരിലാണ് സാധാരണ ഈ രോഗം പരിഗണിക്കാറുള്ളത്. എന്നാല് തങ്ങളേക്കാള് അഞ്ചു വയസ്സെങ്കിലും കുറവുള്ള കുട്ടികളോടു ലൈംഗികതല്പരത കാണിക്കുന്ന കൌമാരക്കാരുടേയും പ്രശ്നം പീഡോഫീലിയ തന്നെയാകാം.

യാതൊരു വിധ കുറ്റബോധമോ നാണക്കേടോ ഉത്കണ്ഠയോ ഇതു മൂലം അനുഭവപ്പെടാത്തവരെയും, ഇത്തരം ത്വരകളുടെ പ്രഭാവത്തില് ഒരിക്കല് പോലും കുറ്റകൃത്യങ്ങളിലേര്പ്പെടാത്തവരെയും, പ്രശ്നങ്ങളിലൊന്നും ചെന്നുചാടാതെ സ്വന്തം പ്രവര്ത്തനമേഖലയില് സുഗമമായി മുന്നോട്ടു പോകാനാകുന്നവരുമായവരെയും പീഡോഫിലിയ രോഗികളായല്ല മറിച്ചു പീഡോഫിലിക് വാഞ്ഞ്ഛയുള്ള വ്യക്തിത്വങ്ങളായാണു വൈദ്യശാസ്ത്രം കണക്കാക്കാറുള്ളത്.

ഈ പറഞ്ഞ ഇരുകൂട്ടരിലും ആണ്കുട്ടികളോടു മാത്രമോ പെണ്കുട്ടികളോടു മാത്രമോ താല്പര്യം കാണിക്കുന്നവരും, കുട്ടികളോടും മുതിര്ന്നവരോടും തുല്യ ആസക്തിയുള്ളവരുമുണ്ടാകാം. കുടുംബാംഗങ്ങളായ കുട്ടികളോടു മാത്രം ലൈംഗികതാല്പര്യം കാണിക്കുന്ന ഒരു വിഭാഗവുമുണ്ട്. ചിലര് തങ്ങളുടെ ഈ സമാന്തരതാല്പര്യങ്ങളെ തുറന്നു സമ്മതിക്കുമെങ്കില് മറ്റുചിലര് തെളിവോടെ പറഞ്ഞു മനസ്സിലാക്കിയാല് പോലും കാര്യം നിഷേധിക്കുന്നവരാകാം.

എല്ലാ ശിശുപ്രേമികളും കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാറില്ല എന്നതൊരു അതിശയോക്തിയായി തോന്നിയേക്കാം. അതായത്, ശിശുപ്രേമികളില്ശിശുപീഡകരും അങ്ങിനെയല്ലാത്തവരുമുണ്ട്.പൊതുവെ നാമറിയുന്നത് ആദ്യവിഭാഗക്കാരെപ്പറ്റി മാത്രമാണ്. എന്നാല് ശാസ്ത്രം പറയുന്നു, രണ്ടാമത്തെ വിഭാഗവും പരോക്ഷമായ രീതിയില് കുഞ്ഞുജീവിതങ്ങളെ താറുമാറാക്കിക്കൊണ്ടിരിക്കുകയാണെന്ന്!കുഞ്ഞുങ്ങളെ നേരിട്ടുപയോഗിക്കാത്ത ഇവരില് വലിയൊരു ശതമാനമാണ് ചൈല്ഡ് പോര്ണോഗ്രാഫിയുടെ സജീവപ്രേക്ഷകര്. കുഞ്ഞുങ്ങളുടെ അശ്ലീലദൃശ്യങ്ങളോടുള്ള തീവ്രമായ അടിമത്തം ഇവരുടെ പ്രത്യേകതയാണ്. അശ്ലീലഛായാഗ്രഹണത്തിന്റെയും തദ്വാരാ ലൈംഗികത്തൊഴിലിന്റെയും ലോകത്തേക്ക് ഏതൊക്കെയോ കുഞ്ഞുങ്ങളെ പരോക്ഷമായി വലിച്ചിഴക്കുകയാണ് ഇത്തരം ‘ഉപഭോക്താക്കള്’!കുഞ്ഞുങ്ങളെ ചിത്രീകരിക്കുന്ന ലക്ഷോപലക്ഷം അശ്ലീലസൈറ്റുകളും അവയുടെ ഇരുപതിനായിരം കോടിയില്പരം വരുന്ന ആസ്തിയും കൈചൂണ്ടുന്നത് പീഡോഫീലിയ എന്ന സമസ്യയുടെ ഇത്തരം വിഷമവശങ്ങളിലേക്ക് തന്നെയാണ്. അംഗീകരിക്കാന് വിഷമം തോന്നുമെങ്കിലും,പുറംലോകമറിയാതെ ഒരുപാടുപേര് നമുക്കുചുറ്റും ഈ പ്രശ്നവുമായി നടപ്പുണ്ട് എന്നത് തന്നെയാണ് വസ്തുത!

തെളിച്ചമുള്ള ചില കണ്ണാടിക്കാഴ്ച്ചകള്….

ഗവേഷണഫലങ്ങളരക്കിട്ടുറപ്പിച്ച ചില വസ്തുതകളറിയാം.

★പീഡോഫീലിയ ഒരു ആജീവനാന്ത അവസ്ഥയാണ്.

★അതിന്റെ ലക്ഷണങ്ങള്ക്ക് ജീവിതത്തിന്റെ വിവിധഘട്ടങ്ങളില് ഏറ്റക്കുറച്ചില്വരാം.

★പ്രായമേറും തോറും ഇത്തരം ലൈംഗികതാല്പര്യങ്ങള് കുറഞ്ഞുവരുന്നതായാണ് പൊതുവെ കാണുന്നത്.

★വലിയൊരു ശതമാനത്തിനും ഒപ്പം മറ്റേതെങ്കിലും മാനസീകരോഗങ്ങള് കൂടി കാണാം.

★ആന്റിസോഷ്യല് പേഴ്സണാലിറ്റി ഡിസോര്ഡര് പോലുള്ള വ്യക്തിത്വവൈകല്യങ്ങളും ഇത്തരക്കാരില് ചിലര്ക്കെങ്കിലുമുണ്ടാകാം

★ബാല്യത്തില് ലൈംഗികപീഡനത്തിനിരയായവരില് ഈയവസ്ഥ കൂടുതലായി കണ്ടുവരുന്നുണ്ട്.

★ഗര്ഭാവസ്ഥയില് നേരിടേണ്ടി വന്നിട്ടുള്ള വിവിധ രോഗങ്ങള് പീഡോഫീലിയയ്ക്കു വഴി തെളിക്കാം

★അമിതമായ ലൈംഗികത്വര, തീവ്രമായ കുറ്റബോധം എന്നിങ്ങനെ ഇത്തരക്കാരില് കണ്ടുവരുന്ന ചില പ്രശ്നങ്ങള് ചിലപ്പോള്മനശ്ശാസ്ത്രചികിത്സയിലൂടെ മെച്ചപ്പെട്ടേക്കാം

കണ്ണാടിയിലെ കരയുന്ന കുഞ്ഞുമുഖങ്ങള്

കുട്ടിയെ അശ്ലീലദൃശ്യങ്ങള് കാണിക്കുന്നതും കുട്ടിയുടെ അശ്ലീലചിത്രങ്ങളും വീഡിയോകളുമെടുക്കുന്നതും സമ്മതമില്ലാതെ ശരീരത്തില് സ്പര്ശിക്കുന്നതും മുതല്ലൈംഗികവേഴ്ച വരെയുള്ള എന്തു പ്രവൃത്തിയും പീഡനത്തിലുള്പ്പെടുന്നു. എങ്ങനെയാണീ ശിശുപീഡകര് കുട്ടികളെ വേട്ടയാടുന്നത്?യഥാര്ത്ഥ ജീവിതത്തിലായാലും,സൈബര് ലോകത്തായാലും ‘child grooming’ എന്നറിയപ്പെടുന്ന ശ്രമമേറിയ നീണ്ട മുന്നൊരുക്കനാടകത്തിന്റെ പരിസമാപ്തി മാത്രമായിരിക്കും പലപ്പോഴും ലോകമറിയുന്നത്. അധികപങ്ക് പീഡോഫിലിയ ബാധിതരും സൂക്ഷ്മമായി ആസൂത്രണം ചെയ്താണ് തങ്ങളുടെ ഇരകളെ തിരഞ്ഞെടുത്തു വശത്താക്കുന്നത്. കുട്ടികളെ തന്ത്രപൂര്വ്വം പരിചയപ്പെടുകയും അവരുമായി സൗഹൃദം വളര്ത്തുകയും,അവരുടെ കുടുംബാംഗങ്ങളുടെ വരെ വിശ്വാസമാര്ജ്ജിക്കുകയും ഇത്തരക്കാര് ചെയ്യുന്നു. മിക്കപ്പോഴും കുട്ടിയോട് അധികാരത്തോടെ പെരുമാറാവുന്ന പരിചയക്കാരോ ബന്ധുക്കളോ തന്നെയായിരിക്കാം പീഡകര്. കുട്ടി പരാതി പറഞ്ഞാല് പോലും അതുവിശ്വസിക്കാന് മുതിര്ന്നവര് മടിക്കുന്നത്ര വിദഗ്ദ്ധമായായിരിക്കും പലപ്പോഴും ഇവരുടെ മുന്നൊരുക്കങ്ങള്.വേണ്ടത്ര പരിഗണനയോ വാത്സല്യമോ കിട്ടാത്ത, പ്രശ്നങ്ങള് നിറഞ്ഞ കുടുംബങ്ങളില് നിന്നുള്ളവരോ ശാന്തസ്വഭാവികളോ നല്ല അനുസരണ ശീലമുള്ളവരോ ആയ കുട്ടികളെയാണ് പലപ്പോഴും ഇക്കൂട്ടര് ഉന്നം വയ്ക്കാറുള്ളത്. സാഹചര്യങ്ങള് ഒത്തുവരുമ്പോള് പ്രലോഭനമോ ഭീഷണിയോ ബ്ലാക്ക് മെയിലിംഗോ വഴി കുട്ടിയെ ഉപയോഗപ്പെടുത്തുന്നു; ചെറുത്തു നില്ക്കാനാകാത്ത വിധം കുട്ടി വലയില്കുരുങ്ങാനും അതുകൊണ്ടു തന്നെ പീഡനങ്ങള്ആവര്ത്തിച്ചുകൊണ്ടിരിക്കാനും ഇടവരികയും ചെയ്യുന്നു. പലപ്പോഴും ഒന്നിലധികം തവണ പീഡനം നടന്ന ശേഷമാകാം വിവരങ്ങള് പുറത്തറിയുന്നതുതന്നെ.

പീഡനവിധേയരായവരെ എങ്ങനെ തിരിച്ചറിയാം?

★പ്രായത്തിനുമപ്പുറത്തുള്ള ലൈംഗികപരിജ്ഞാനം

★സംസാരത്തിലും പെരുമാറ്റത്തിലും വരയ്ക്കുന്ന ചിത്രങ്ങളിലുമെല്ലാം സെക്സിനെക്കുറിച്ചുള്ള സൂചനകള്

★കളിപ്പാട്ടങ്ങളും മറ്റും കൊണ്ടു ജനനേന്ദ്രിയങ്ങള് കൈകാര്യം ചെയ്യാനുള്ള ശ്രമങ്ങള്

★മറ്റുകുട്ടികള്ക്കു നേരെ നടത്തുന്ന ലൈംഗികചേഷ്ടകളും അനുബന്ധപ്രവൃത്തികളും.

★പൊതുഇടങ്ങളില് സ്വയംഭോഗത്തിനു മുതിരുക

★ലൈംഗികാവയവങ്ങളില് വേദന, ചൊറിച്ചില്, നിറം മാറ്റം, രക്തസ്രാവം തുടങ്ങിയവ.

★വിശപ്പില്ലായ്മ, ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, സ്വയം മുറിവുകളേല്പ്പിക്കാനും അംഗഭംഗപ്പെടുത്താനുമുള്ള പ്രവണത

★അപ്രതീക്ഷിത ഭാവമാറ്റങ്ങള് ഉദാ: ഭയവും പെട്ടെന്നുള്ള ദേഷ്യവും അനിയന്ത്രിതമായകരച്ചിലും, അക്രമസ്വഭാവവും, ഉള്വലിയലും.

★പ്രത്യക്ഷകാരണങ്ങളൊന്നും കൂടാതെ ചില ആളുകളെയോ സ്ഥലങ്ങളെയോ പ്രവര്ത്തികളെയോ ഒഴിവാക്കുവാനോ അകറ്റിനിര്ത്താനോ ശ്രമിക്കുന്നത്

★പതിവില്ലാതെ തന്നെക്കാള് പ്രായം കുറഞ്ഞ കുട്ടികളെപ്പോലെ പെരുമാറുന്നത്.

★കുട്ടിയുടെ കൈവശം എവിടുന്നെന്നു വ്യക്തമാകാത്ത വിധം പണം കാണപ്പെടുന്നത്.

ഭാവിയിലവര്ക്കെന്തു സംഭവിക്കാം?

ലൈംഗികപീഡനത്തിനിരകളാകുന്ന കുട്ടികളിലധികവും ചിരസ്ഥായിയായ വൈകാരികപ്രശ്നങ്ങള് പ്രകടിപ്പിക്കുന്നതായാണ് പഠനങ്ങള് കാണിക്കുന്നത്. ക്രിമിനല് ചായ് വുകളും അനുചിതലൈംഗിക താല്പര്യങ്ങളും അക്രമസ്വഭാവങ്ങളും പ്രായോചിതമാല്ലാത്ത പെരുമാറ്റരിതികളും അവരില് കണ്ടു വരുന്നു. ആത്മനിന്ദ, ആത്മവിശ്വാസക്കുറവ്, ആത്മഹത്യാപ്രവണത, വിഷാദം, ഉത്കണ്ഠ, ലഹരിയുപയോഗം, നിദ്രാരോഗങ്ങള്, ഭക്ഷണശീലപ്രശ്നങ്ങള്, മനക്ലേശം മൂലമുളവാകുന്ന വ്യക്തമായ രോഗകാരണം കണ്ടെത്താനാവാത്ത ശാരീരികാസ്വാസ്ഥ്യങ്ങള് (psychosomatic disorders), പഠനത്തില് പുറകോട്ടു പോകല് എന്നിങ്ങനെ കുട്ടികള്ക്കുണ്ടാകാനിടയുള്ള പ്രശ്നങ്ങളേറെയാണ്

മുതിര്ന്നു കഴിഞ്ഞാലാകട്ടെ ലൈംഗിക അസ്വാസ്ഥ്യങ്ങളും ദാമ്പത്യതകര്ച്ചയും പങ്കാളിയെ ശാരീരികവും മാനസീകവുമായി പീഡിപ്പിക്കാനുള്ള പ്രവണതയും ദൃഡബന്ധങ്ങള് നിലനിര്ത്താനും നല്ലൊരു രക്ഷാകര്ത്താവായിരിക്കാനുമുള്ള കഴിവില്ലായ്മയുമെല്ലാം ഇവരില് പ്രത്യക്ഷമാകാം.ചിലരെങ്കിലും വീണ്ടും ഇത്തരം പീഡനാനുഭവങ്ങള്ക്കുള്ള വിധേയത്വമനോഭാവവും പ്രകടിപ്പിക്കാം. കുട്ടിയായിരിക്കുമ്പോള് ലൈംഗികപീഡനത്തിനിരയായവര്ക്ക് മാനസീകരോഗങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. യൂനിസെഫ് പറയുന്നത്, ഇത്തരമനുഭവങ്ങളുടെ അനുരണനങ്ങളായിരിക്കും കൌമാരക്കാര്ക്കിടയില്വര്ദ്ധിച്ചു വരുന്ന ആത്മഹത്യാ പ്രവണതയുടെ നല്ലൊരു ശതമാനവുമെന്നാണ്.

മാതാപിതാക്കള്ക്കെടുക്കാവുന്ന മുന്കരുതലുകള്….

★ശരീരാവയവങ്ങളുടെ പേര് പറയാന് പഠിപ്പിക്കുമ്പോള് തന്നെ ജനനേന്ദ്രിയങ്ങളുടെ യഥാര്ത്ഥ പേരുകള് ഒഴിവാക്കാതിരിക്കുക. ഇത് അവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള് മടികൂടാതെ തുറന്നു പറയാനാവാന്ഒരുപരിധി വരെ സഹായിക്കും.

★ശരീരഭാഗങ്ങളുടെ സ്വകാര്യതയെ കുറിച്ചും സമ്മതമില്ലാതെ തങ്ങളെ സ്പര്ശിക്കാനാര്ക്കും അവകാശമില്ല എന്നതിനെക്കുറിച്ചും ചെറുപ്രായത്തിലേ കുട്ടികളെ പഠിപ്പിക്കുക.

★അച്ഛനമ്മമാര്ക്കും കുട്ടികള്ക്കുമിടയില് രഹസ്യങ്ങളില്ലെന്നു കുഞ്ഞിലേ പറഞ്ഞുമനസ്സിലാക്കുക. ഇത് പ്രശ്നങ്ങള് ചര്ച്ച ചെയ്യാനവര്ക്കു താല്പര്യമുണ്ടാക്കും.

★മാതാപിതാക്കള്ക്കു പ്രവേശനമുള്ള ഡേ കെയര് സെന്ററുകളും നഴ്സറികളും തിരഞ്ഞെടുക്കുക.

★കുട്ടികള്ക്ക് കൂടെക്കൂടെ സമ്മാനങ്ങളും മറ്റും നല്കുന്നവരും അവരെ തനിയെ പുറത്തു കൊണ്ടുപോകാന് താല്പര്യപ്പെടുന്നവരുമായ മുതിര്ന്നവരെ ശ്രദ്ധയോടെ നിരീക്ഷിക്കുക

★കുട്ടിയുടെ ചിത്രങ്ങളെടുക്കാന് അന്യരെ അനുവദിക്കാതിരിക്കുക

★കുട്ടിയെ മുതിര്ന്നവരുടെ സാന്നിധ്യത്തില് മാത്രം കമ്പ്യൂട്ടറുപയോഗിക്കാന്അനുവദിക്കുക

★വീട്ടിലെ അന്തരീക്ഷം മുതിര്ന്ന കുട്ടികള്ക്ക് ലൈംഗികതയെക്കുറിച്ചുള്ള അറിവുകള് പങ്കു വയ്ക്കാനും തെറ്റായ ധാരണകളെ തിരുത്താനുമുതകുന്നതാകണം.

★പീഡനങ്ങളെപ്പറ്റിയുള്ള പത്രവാര്ത്തകള് ഇത്തരം ചര്ച്ചകള്ക്കുള്ള ഒരുപാധിയായെടുത്ത് കാര്യങ്ങള് തുറന്നു പറയേണ്ടതിന്റെ പ്രാധാന്യം അവരെ ബോദ്ധ്യപ്പെടുത്തുക.

പീഡനമുണ്ടായാല്

പീഡനമുണ്ടായതായി കുട്ടികള് വെളിപ്പെടുത്തിയാല് സമചിത്തതയോടെ അവര്ക്കു പറയാനുള്ളത് കേള്ക്കുകയും അവരെ വൈകാരികമായി പിന്തുണയ്ക്കുകയും വൈകാതെ വൈദ്യപരിശോധനയ്ക്കു വിധേയരാക്കുകയും ചെയ്യണം. കുഞ്ഞിനെ കുറ്റപ്പെടുത്താതിരിക്കാനും, ധൈര്യം പകരാനും സംഭവിച്ചതിന്റെ ഉത്തരവാദിത്തം ഇത്തിരിപോലും അവരുടേതല്ലെന്നും ഇങ്ങനെയൊക്കെപ്പറ്റിയത് അവരുടെ പിഴവുകൊണ്ടല്ലെന്നും ബോധ്യപ്പെടുത്താനും ശ്രദ്ധിക്കണം. ആവശ്യമെങ്കില് മടികൂടാതെ മാനസികാരോഗ്യപ്രവര്ത്തകരുടെ സഹായം സ്വീകരിക്കുക. സംഭവം പോലിൾീസിലറിയിക്കുന്നതിനും നിയമനടപടികള് സ്വീകരിക്കുന്നതിനും അലംഭാവം കാണിക്കരുത്. ആ നിമിഷത്തെ അഭിമാന സംരക്ഷണത്തിനു വേണ്ടി പീഡനം നടന്നില്ലെന്നു നടിക്കുന്നതും കുട്ടിയുടെ വാക്കുകളെ മുഖവിലയ്ക്കെടുക്കാതിരിക്കുന്നതും ഒന്നും സംഭവിക്കാത്ത മട്ടില് പരിചയക്കാരായ പീഡകരോട് പെരുമാറുന്നതുമെല്ലാം ദോഷഫലങ്ങളേ ഉളവാക്കൂ. കുട്ടിക്ക് രക്ഷാകര്ത്താവിനോടും സമൂഹത്തോടുമുള്ള വിശ്വാസ്യത നഷ്ടപ്പെടാനും പീഡനങ്ങള് ആവര്ത്തിക്കപ്പെടാനും അങ്ങനെ സംഭവിച്ചാല് അവഗണന മുന്കണ്ട് കുഞ്ഞത് മറച്ചുവയ്ക്കാനും മാത്രമേ ഇത്തരം മനോഭാവങ്ങള് വഴിയൊരുക്കൂ.

കണ്ണാടിക്കാഴ്ചകളുടെ കാരണം തേടുമ്പോള്…..

എന്തായിരിക്കാം ഈ ശിശുപ്രേമികളുടെ തലച്ചോറിനകത്ത് നടക്കുന്നത്? വൈദ്യശാസ്ത്രത്തിനിനിയും പൂര്ണവ്യക്തത കൈവന്നിട്ടില്ലാത്ത ഒരു മേഖലയാണത്. മാഗ്നെറ്റിക് റെസോണന്സ് ഇമേജിംഗ്(MRI) പഠനങ്ങള്വ്യക്തമാക്കുന്നത് സാമൂഹ്യചോദനകളെ നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗങ്ങള്മറ്റുള്ളവരുടേതില് നിന്നും വ്യത്യസ്ഥമാണിവരിലെന്നാണ്. പ്രായ, ലിംഗ, സ്ഥാനവ്യത്യാസങ്ങളനുസരിച്ച് മറ്റുള്ളവരോടു പെരുമാറാനുള്ള ശേഷി നമുക്കു നല്കുന്ന നാഡീശൃംഖലകളുടെ വിനിമയശേഷിയിലുണ്ടാകുന്ന പ്രശ്നങ്ങളും ഈ അവസ്ഥക്കുപുറകിലുണ്ട്. കഷ്ടപ്പെടുന്നവരെ കാണുമ്പോള് അനുകമ്പയും, ദുഷ്ടരെ കാണുമ്പോള് വെറുപ്പും ദേഷ്യവും, ഇണയെ കാണുമ്പോള് കാമവും സ്ഥലകാലബോധത്തോടെ മനസ്സിലുണരുന്നത് ഈ നാഡീശൃംഖലകളുടെ താളനിബദ്ധമായ പ്രവര്ത്തനങ്ങള് മൂലമാണ്.അവയിലുണ്ടാകുന്ന തകരാറുകളാണ് കുഞ്ഞുങ്ങളെ കാണുമ്പോള് സാധാരണക്കാരിലുണരുന്ന സ്നേഹവാത്സല്യങ്ങള്ക്കു പകരം പീഡോഫീലിയാബാധിതര്ക്ക് ലൈംഗിക ഉണര്വ് അനുഭവപ്പെടുത്തുന്നത്.

കണ്ണാടിക്കാഴ്ച്ചകള്ക്കുമപ്പുറത്ത്….

ശാസ്ത്രമെന്തൊക്കെ പറഞ്ഞാലും സമൂഹമിതിനെ ഇപ്പോഴും ഒരസുഖമായി അംഗീകരിക്കുന്നില്ല. അധികമാളുകള്ക്കും പീഡോഫീലിയ എന്നു കേള്ക്കുന്നതേ അറപ്പും വെറുപ്പും വിദ്വേഷവും ഉണ്ടാക്കുമെങ്കിലും ഈയവസ്ഥയുടെ മറുപുറത്തെക്കുറിച്ചും നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ഇവരില് തങ്ങളുടെ അവസ്ഥയെക്കുറിച്ച് ഉള്ക്കാഴ്ചയുള്ള, കുറ്റകൃത്യങ്ങളിലേര്പ്പെടാത്ത വ്യക്തികള്ക്കുപോലും നല്കാന് ശാശ്വതമായ ഒരു പരിഹാരവും ഇപ്പോള്വൈദ്യശാസ്ത്രത്തിന്റെ പക്കലില്ല. സമൂഹത്തില് നിന്നും തിരസ്കൃതരാകുമെന്ന ഭയം മൂലം സ്വന്തമവസ്ഥ മറച്ചു പിടിച്ചു നടക്കേണ്ടിവരികയും,തല്ഫലമായ കടുത്ത വൈകാരികപ്രശ്നങ്ങള്ക്കുപോലും മനശ്ശാസ്ത്രചികിത്സകളൊന്നും സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നതും അവരെ അപകടത്തിലാക്കാം. പാര്ശ്വവത്കരിക്കുന്നതും തരംതാഴ്ത്തിക്കാണിക്കുന്നതും അവരെ കൂടുതല്അപകടകാരികളാക്കുകയേ ഉള്ളൂ.ശിശുപ്രേമികളെ ശിശുപീഡകരാകുന്നതില്നിന്നും സംരക്ഷിക്കുന്നത്തിനുള്ള മാര്ഗ്ഗങ്ങള് കൂടി ഉള്പ്പെടുത്തിയാല് മാത്രമേ കുഞ്ഞുങ്ങളെ കാത്തുരക്ഷിക്കാനുള്ള നമ്മുടെ ശ്രമങ്ങള് അര്ത്ഥപൂര്ണമാകൂ.

തങ്ങളുടെ പ്രശ്നങ്ങള് പുറത്തുപറയാന് തയ്യാറാവുന്ന പീഡോഫീലിയ ബാധിതരധികവും വെളിപ്പെടുത്താറുള്ളത് ഇത്തരം താല്പര്യങ്ങള് തങ്ങളില്കൌമാരത്തില്ത്തന്നെ തലപൊക്കിയിരുന്നു എന്നാണ്. മുതിര്ന്നു കഴിയുമ്പോള്കുട്ടികളോടുള്ള തങ്ങളുടെ താല്പര്യം വിട്ടകലുന്നില്ലല്ലോ എന്നത് പലര്ക്കും വേദനാജനകമായ തിരിച്ചറിവായിത്തീരുന്നു. കൌമാരത്തില്ത്തന്നെ ഇത്തരം താല്പര്യങ്ങള് കണ്ടെത്താനോ മാനസിക സംഘര്ഷങ്ങളും കുറ്റവാസനകളും ഒഴിവാക്കാനുതകുന്ന നടപടികളെടുകാനോ ഉള്ള അവസരങ്ങള് നമ്മുടെ നാട്ടില്ഇല്ല എന്നുതന്നെ വേണം പറയാന്. മറ്റു പെരുമാറ്റവൈകല്യങ്ങളൊന്നും പ്രകടിപ്പിക്കാത്ത കുട്ടികളെ ആരെങ്കിലും ഈയൊരു വിഷയത്തില്സംശയികാനുള്ള സാധ്യത കുറവാണ്. ഇത്തരം താല്പര്യങ്ങള് നല്ല നിരീക്ഷണശേഷിയുള്ള മാതാപിതാക്കള്ക്കും അധ്യാപകര്ക്കുമേ കണ്ടെത്താനായേക്കൂ. വിഷയത്തെക്കുറിച്ചു ശാസ്ത്രീയാവബോധമുള്ള, സമചിത്തതയോടെ ഇവരെ സമീപിക്കാനും കാര്യങ്ങള് ചോദിച്ചറിയാനും പാടവമുള്ള വിദഗ്ദ്ധര്ക്കേ ഇത്തരം കൗമാരക്കാരെ മാനസികമായിത്തളര്ത്താതെ ഈ വിഷയം ചര്ച്ച ചെയ്യാനും അവരുടെ താല്പര്യങ്ങളില് കുറച്ചു താല്ക്കാലിക മാറ്റങ്ങളെങ്കിലും വരുത്താനും സാധിക്കൂ. ഇത്തരം വിദഗ്ദ്ധരുടെ ലഭ്യതക്കുറവും, ശിശുപ്രേമത്തെയും സര്വോപരി ലൈംഗികതയെയും ചുറ്റിപ്പറ്റിയുള്ള നമ്മുടെ സങ്കുചിത മനസ്ഥിതിയും സാമൂഹ്യനിലപാടുകളുമെല്ലാം ഇത്തരക്കാര്ക്കു സഹായകമായി വല്ലതും ചെയ്യുന്നതിന് നമ്മുടെ സമൂഹത്തിന് വിലങ്ങുതടിയാവുന്നുണ്ട്.

ജര്മ്മനിയിലെ ‘പ്രിവെന്ഷന് പ്രൊജക്റ്റ്‌ ഡങ്കല്ഫീല്ഡ്’ ശിശുപ്രേമികളെ പീഡകരാകുന്നതില് നിന്നും സംരക്ഷിക്കാനുള്ള ശ്രമങ്ങള് നടത്തുന്ന ഒരു സംരംഭമാണ്.സ്വന്തം വൈകല്യാവസ്ഥയെക്കുറിച്ചു മനസ്സിലാക്കി അതിന്റെ അസുഖകരമായ പരിണിതഫലങ്ങള് തടയണമെന്നാഗ്രഹിക്കുന്ന ശിശുപ്രേമികള്ക്ക് സ്വകാര്യത ഉറപ്പുവരുത്തിക്കൊണ്ടുള്ള സൗജന്യസ്വാന്തനചികിത്സ അവിടെ ലഭിക്കുന്നു.പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്ന ”വെര്ച്വസ് പീഡോഫില്” എന്ന ഓണ്ലൈന് കൂട്ടായ്മയും സ്വകാര്യത സംരക്ഷിച്ചുകൊണ്ട് ഇക്കൂട്ടരെ സമൂഹവും ജീവിതവുമായി പൊരുത്തപ്പെടാന്സഹായിക്കുന്നു. Minor- attracted persons എന്നുസ്വയം വിശേഷിപ്പിക്കുന്ന, കുറ്റകൃത്യങ്ങളിലേര്പ്പെടാത്ത ശിശുപ്രേമികളുടെ കൂട്ടായ്മകളും പാശ്ചാത്യരാജ്യങ്ങളിലുണ്ടെങ്കിലും ഇന്ത്യന് സമൂഹം ഇപ്പോഴും തിരിച്ചറിവില്ലായ്മയുടെ ആഴങ്ങളില് പുതഞ്ഞു കിടക്കുക തന്നെയാണ്. ഈ വൈകൃതാവസ്ഥയെ മനസ്സിലാക്കാനുള്ള മനസ്സോ സാഹചര്യമോ ഇല്ലാതെ ചെളിവാരിയെറിഞ്ഞും സദാചാരപ്രഘോഷണം നടത്തിയും ഞെളിയുമ്പോള്നമ്മളറിയുന്നില്ല അതുവഴി നമ്മുടെ കുഞ്ഞുങ്ങളോട് നാം ചെയ്യുന്ന ക്രൂരതയെക്കുറിച്ച്!!

ലേഖകർ
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ