· 3 മിനിറ്റ് വായന

പ്രതീക്ഷയുടെ മഴവിൽ വിരിയുമ്പോൾ

History

IPC 377 എന്ന പ്രാഥമിക മാനുഷിക അവകാശങ്ങളെ ഹനിക്കുന്ന വകുപ്പ് ഇല്ലാതാകുമ്പോൾ എനിക്കും ചില പ്രതീക്ഷകളുണ്ട്. ഈ വിഷയങ്ങളെ പറ്റി പഠിക്കാൻ ശ്രമിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ തന്റെ മനസിന്റെ തോന്നൽ അനുസരിച്ചുള്ള പങ്കാളികളെ തിരഞ്ഞെടുക്കുന്ന ചിലരെങ്കിലും പരിചയമുണ്ടെങ്കിലും ഒരു ചികിത്സകൻ എന്ന നിലയിൽ ഇത്തരം വിഷയത്തെ നേരിടുന്നത് രണ്ട് ആഴ്ച മുൻപ് മാത്രമാണ്.

തനിക്കു ഇഷ്ടമുള്ള, കഴിഞ്ഞ രണ്ടു വർഷമായി സ്നേഹത്തിൽ ആയിരുന്ന ഒരു സ്ത്രീയോടൊപ്പം ജീവിക്കാൻ ആഗ്രഹിച്ചു അവരോടൊപ്പം പോകാൻ ശ്രമിച്ച 23 വയസ്സുള്ള ഒരു പെൺകുട്ടിയെ പോലീസ് സഹായത്തോടെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചു. PG കഴിഞ്ഞ ആ കുട്ടിയെ ചികിൽസിച്ചും, കൗൺസിലിംഗ് നൽകിയും നേരേയാക്കണം എന്നതാണ് വീട്ടുകാരുടെ ആവശ്യം.

ഏതായാലും കുട്ടിയെ കിടത്തി, മരുന്നുകൾ തുടങ്ങേണ്ട പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. അടുത്ത ദിവസങ്ങളിൽ കുട്ടിയോട് ദീർഘനേരം സംസാരിക്കാൻ അവസരം ലഭിച്ചു.

കഴിഞ്ഞ 3 വർഷമായി തന്റെ ലൈംഗികതല്പരത homosexual ആണെന്നും, അതിൽ അവൾ സംതൃപ്തയാണ് എന്നും എന്നോട് പറഞ്ഞു. ഇത്തരത്തിൽ പൊതു സമൂഹത്തിന്റെ കാഴ്ചപ്പാടിന് വിരുദ്ധമായി പൊരുതുമ്പോൾ, മാനസിക സംഘർഷങ്ങളും, വിഷാദംപോലത്തെ അവസ്ഥയും, ആത്മഹത്യാപ്രവണതയും ഒക്കെ കൂടുതലായി കാണാറുള്ളതിനാൽ അത്തരം പരിശോധനകൾ നടത്തി ഇല്ലാ എന്ന് ഉറപ്പു വരുത്തി.

ലൈംഗിക തല്പരതയുടെ അടിസ്ഥാന ശാസ്ത്രവും ഇത് തികച്ചും സാധാരണമായ അവസ്ഥയാണ് എന്നും അവളെ ബോധ്യപ്പെടുത്തി. സ്വീകരിക്കേണ്ട കരുതലുകൾ പറഞ്ഞു നൽകി, മാതാപിതാക്കളെ കാര്യം പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അവളുടെ പങ്കാളിയെ കണ്ടു സംസാരിച്ചു. നിയമപരമായി ചെയ്യാവുന്ന കാര്യങ്ങളെ കുറിച്ചും ഇവരെ സഹായിക്കാൻ കഴിയുന്ന ആളുകളെ കുറിച്ചും സംസാരിച്ചു. പോലീസ് ഇവരെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മജിസ്ട്രേറ്റ് പറഞ്ഞത് ഒരുമിച്ചു താമസിക്കുന്നതില്‍ നിന്നും ഇവരെ തടയാന്‍ പറ്റില്ല എന്നാണ് എന്ന് അവരുടെ പങ്കാളി പറഞ്ഞു. അവരുടെ ജീവിതത്തിനു തടസമായി നിന്ന ഈ നിയമം ഇല്ലാതാകുന്നതോടെ ഒരുമിച്ചുള്ള ഒരു ജീവിതം അവര്‍ക്ക് സാധ്യമാകും എന്ന് പ്രതീക്ഷിക്കാം. അതുപോലെ ഒരുമിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്ന നിരവധി ആളുകള്‍ക്കും പ്രതീക്ഷകള്‍ നല്‍കുന്ന കോടതി വിധിയെ സ്വാഗതം ചെയ്യുന്നു.

എന്നാല്‍ കേവലം കോടതി വിധി കൊണ്ട് മാത്രം ഈ വിഷയങ്ങള്‍ പരിഹരിക്കപെടില്ല. ഒരു സമൂഹത്തിലെ നിയമ വ്യവസ്ഥ ആ സമൂഹത്തിന്റെ പൊതു ബോധത്തില്‍ നിന്നും ഉയര്‍ന്നു വരുന്നതാണ് എന്നാണ് ഞാന്‍ കരുതുന്നത്. അതുകൊണ്ട് തന്നെ നിയമം മാറിയത് കൊണ്ട് മാത്രം സമൂഹത്തിന്റെ കാഴ്ചപ്പാട് അപ്പടി മാറണം എന്നില്ല. അതിനു വീണ്ടും സമയമെടുക്കും. മിശ്ര വിവാഹിതരെയും, വിവാഹ മോചനം നേടിയവരെയും പോലും അംഗീകരിക്കാന്‍ ഇപ്പോളും മടിയുള്ള സമൂഹമാണ്‌ നമ്മുടേത്‌. അതുകൊണ്ട് തന്നെ സ്വവര്‍ഗ ലൈംഗികതക്ക് എതിരെയുള്ള പൊതുബോധം മാറാന്‍ ഒത്തിരി കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.

സ്കൂള്‍ തലത്തില്‍ തൊട്ടു തന്നെ gender sensitization തുടങ്ങണം. ലൈംഗികതയെ കുറിച്ചും, sexual orientation നെ കുറിച്ചും പഠിപ്പിക്കണം. അടിസ്ഥാന ലൈംഗിക വിദ്യാഭ്യാസം പോലും നല്കാന്‍ മടിക്കുന്ന നമ്മുടെ നാട്ടില്‍ ഇതെത്രത്തോളം സാധ്യമെന്ന് എനിക്ക് അറിയില്ല. അതുപോലെ മാറ്റങ്ങള്‍ വരണ്ട മേഖലയാണ് വൈദ്യശാസ്ത്രം. MBBS കാലഘട്ടത്തില്‍ തന്നെ ലൈംഗിക തല്പരതയുടെയും, gender identity യുടെയും അടിസ്ഥാന തത്വങ്ങള്‍ പഠിക്കണം.

മാനസികാരോഗ്യ വിഭാഗമാണു ഇത്തരക്കാരെ കൂടുതലായി കൈകാര്യം ചെയ്യേണ്ടി വരുന്ന വിഭാഗം. മാനസിക രോഗങ്ങളുടെ പട്ടികയില്‍ നിന്നും സ്വവര്‍ഗാനുരാഗം പുറത്തു പോയിട്ട് 45 വര്‍ഷങ്ങള്‍ കഴിഞ്ഞു.

LGBT ആളുകളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനെ കുറിച്ച് അമേരിക്കന്‍ സൈക്യാട്രി ആസോസിയേഷന്‍ അടക്കം മാര്‍ഗരേഖകള്‍ നല്‍കിയിട്ടുണ്ട്. ശാസ്ത്രം വളരാത്ത കാലഘട്ടങ്ങളില്‍ പലവിധ ചികിത്സ ചൂഷണങ്ങള്‍ക്കും ഇത്തരക്കാര്‍ ഇരയായിട്ടുണ്ട്. എന്നാല്‍ ഈ പുതിയ ലോകത്ത് അങ്ങനെ ചെയ്യുന്ന മാനസികാരോഗ്യ വിദഗ്ദ്ധര്‍ ഉണ്ടെങ്കില്‍ അവര്‍ ചെയ്യുന്നത് നിയമപരമായും ധാര്‍മികമായും തെറ്റാണു എന്നാണ് എന്‍റെ പക്ഷം. അത്തരക്കാരെ നിയമപരമായി തന്നെ നേരിടണം.കാരണം , ഇല്ലാത്ത ഒരു രോഗത്തെയാണ് അവര്‍ ചികിത്സിക്കാന്‍ ശ്രമിക്കുന്നത്. അതു നിയമവിരുദ്ധം തന്നെയാണ്.

പുതിയ തലമുറയിലെ ഒരു മാനസികാരോഗ്യ വിദഗ്ധനും സ്വവര്‍ഗാനുരാഗം ഒരു രോഗമാണ് എന്ന് കരുതുന്നില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം. അവരുടെ മത വിശ്വാസം കൊണ്ട് എതിർക്കുന്നവർ ഉണ്ടാകാം. അവരും ഈ മാറ്റങ്ങൾ കാണണം, മനസ്സിലാക്കണം. കേരളത്തില്‍ സ്വവര്‍ഗാനുരാഗം ചികിത്സിക്കും എന്ന് പറഞ്ഞു നടക്കുന്ന പലരും ഡോക്ടരുമാര്‍ പോലുമല്ലാത്ത തട്ടിപ്പുകാര്‍ മാത്രമാണ്.

ഇന്ന് വരെയുള്ള വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്, ലൈംഗിക ന്യൂനപക്ഷമായ ആളുകളില്‍ ചില മാനസിക ബുദ്ധിമുട്ടുകളും ആത്മഹത്യ പ്രവണതയും പൊതു സമൂഹത്തിനെ അപേക്ഷിച്ച് കൂടുതലാണ് എന്നാണ്. അതിനു പ്രധാന കാരണം കുടുംബത്തിലും സമൂഹത്തിലും അവര്‍ നേരിടേണ്ടി വരുന്ന പീഡനങ്ങളും ഒറ്റപ്പെടുത്തലുകളും തന്നെയാണ്. അതോടൊപ്പം എന്റെ ഈ രീതി ഒരു രോഗമാണോ, ശരിയാണോ , ഇത് പാപമാണോ തുടങ്ങിയ ചിന്തകളും മാനസിക സംഘര്‍ഷങ്ങള്‍ കൂട്ടാറുണ്ട്. അതുകൊണ്ട് തന്നെ മാനസികാരോഗ്യ വിദഗ്ധര്‍ക്ക് ഇവര്‍ക്കായി ഒത്തിരി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും.

കൃത്യസമയത്തു ഈ പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതും, ഈ ഒരു സാഹചര്യത്തെ കൃത്യമായി തരണം ചെയ്തു മുന്നോട്ടു പോകാന്‍ സഹായിക്കുന്നതിനും ഇവര്‍ക്ക് സാധിക്കും. ഒപ്പം വൈദ്യ സമൂഹത്തില്‍ തന്നെ ഈ വിഷയത്തെ സംബന്ധിച്ച ചിന്താഗതികളില്‍ മാറ്റം ഉണ്ടാക്കാനും സാധിക്കുക മാനസികാരോഗ്യ ഡോക്ടർമാര്‍ക്കാണ്. മാനസികാരോഗ്യ ഡോക്ടർമാരുടെ ദേശീയ സംസ്ഥാന സംഘടനകള്‍ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി തുടങ്ങിയിട്ടുണ്ട്.

ഇപ്രകാരം സമൂഹത്തില്‍ കൃത്യമായുള്ള ഇടപെടലുകളിലൂടെ പൊതു സമൂഹത്തിന്റെ ഭാഗമായി തന്നെ ഇവരെ കരുതാനും, ലൈംഗിക തല്‍പരതയുടെ പേരിലുള്ള വേര്‍തിരിവുകള്‍ ഇല്ലാതാക്കാനും വേണ്ട മാറ്റങ്ങള്‍ക്കു തുടക്കം കുറിക്കുന്ന ഒരു വിധിയായി ഇന്നത്തെ സുപ്രീംകോടതി നിര്‍ദേശം മാറും എന്ന് വിശ്വസിക്കുന്നു.

ലേഖകർ
Medical doctor,psychiatry resident interested in public health. Areas of interest are public health, neuropsychiatry, addiction medicine and human evolution gender psychiatry and LGBTQ issues
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ