· 5 മിനിറ്റ് വായന

ഉപ്പിലിട്ട ഹൃദയം

Primary Careമറ്റുള്ളവ

രക്താതിമർദ്ദത്തെ പറ്റി ഞാനാദ്യം കേൾക്കുന്നത് ഒരു ശവസംസ്കാര ചടങ്ങിൽ വച്ചാണ്. മധ്യവയസ്ക്കനും രണ്ടു കുട്ടികളുടെ പിതാവും സർവ്വോപരി ആരോഗ്യവാനും ആയിരുന്ന ഒരാളായിരുന്നു മിസ്റ്റർ കുമാരൻ. പൊടുന്നനെയാണ് അദ്ദേഹം മരിച്ചത്. ശവസംസ്കാരച്ചടങ്ങിൽ ആളുകളുടെ സംസാരം മരണകാരണത്തെ കുറിച്ചായിരുന്നു. ആരോഗ്യവാനായ ഒരാളുടെ പൊടുന്നനെയുള്ള മരണം ആരെയും നടുക്കുമല്ലോ. ബീപ്പീ കൂടിയിട്ടാണു കുമാരൻ മരിച്ചത് എന്നാണ് ഒരാൾ പറഞ്ഞത്. 200നു മുകളിൽ ആയിരുന്നത്രെ രക്തസമ്മർദ്ദം. കുമാരൻ അതിനു ചികിത്സ സ്വീകരിച്ചിരുന്നില്ല. തുടർന്ന് തലച്ചോറിലെ രക്തക്കുഴൽ പൊട്ടി മരണപ്പെടുകയായിരുന്നു. അന്നു രണ്ടാം ക്ലാസ്സിൽ പഠിക്കുകയായിരുന്ന എനിക്ക് 200 വലിയ ഒരു സംഖ്യയായിരുന്നു. എന്നാൽ പഠനസമയത്തും പ്രാക്ടീസ് ചെയ്യുമ്പോഴും ഇത്രയും ഉയർന്ന രക്തസമ്മർദ്ദമുള്ള പലരെയും കണ്ടു. കൃത്യമായി മരുന്നു കഴിക്കാത്തവർ, സമാന്തര ചികിത്സയും മറ്റും സ്വീകരിച്ചു മരുന്നു നിർത്തിയവർ, പലരും ആശുപത്രിയിലെത്തിയത് ഹൃദയാഘാതമോ സ്ട്രോക്കോ വന്നതിനുശേഷം. അമിത രക്തസമ്മർദ്ദത്തെ കുറിച്ചുള്ള ശാസ്ത്രീയമായ അറിവ് ഭാവിയിൽ ഇത്തരം അപകടങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

രക്തചംക്രമണത്തിന്റെ അടിസ്ഥാനതത്ത്വങ്ങൾ അറിയാത്തവരായി ആരുമിന്നുണ്ടാകില്ല. സാധാരണ പ്ലമ്പിങിന്റെ തത്വങ്ങൾ തന്നെ. ശരീരത്തിലെ എല്ലാ അവയവങ്ങൾക്കും ഓക്സിജനും മറ്റു പോഷകങ്ങളും ആവശ്യമുണ്ട്. ഇതു രക്തത്തിലൂടെയാണല്ലോ അവിടെ ചെല്ലുന്നത്. അതിനായി രക്തം എല്ലാ കലകളിലും ആവശ്യമായ അളവിൽ എത്തിച്ചേരേണ്ടതുണ്ട്. ഇതിനുവേണ്ടി രക്തത്തെ പമ്പു ചെയ്തു നീക്കുന്ന ഒരു അവയവമാണ് ഹൃദയം. പമ്പിന് ആവശ്യത്തിനു മർദ്ദം ചെലുത്താൻ കഴിവില്ലെങ്കിൽ സ്വാഭാവികമായും ആവശ്യമുള്ളത്ര രക്തം അവയവങ്ങളിൽ എത്തില്ലല്ലോ. തലച്ചോറിൽ രക്തം എത്താത്തതു മൂലം തലചുറ്റലും മറ്റുമടക്കമുള്ള പ്രശ്നങ്ങളായിരിക്കും രക്തസമ്മർദ്ദം കുറവുള്ള ആളുകൾ അനുഭവിക്കുക. എന്നാൽ രക്തസമ്മർദ്ദം കൂടിയാലോ ? അതു പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞു എന്നു വരില്ല. പത്തോ പതിനഞ്ചോ വർഷം കഴിഞ്ഞ് കണ്ണോ കിഡ്നിയോ തകരാറിലാകുമ്പോഴാകും പലരും രക്തസമ്മർദ്ദം കൂടുതലായിരുന്നു എന്നു തിരിച്ചറിയുക. മുപ്പതു വയസ്സു കഴിഞ്ഞാൽ ഇടയ്ക്കൊക്കെ ഒന്ന് ഡോക്ടറെകണ്ട് രക്തസമ്മർദ്ദം പരിശോധിച്ചാൽ ഈ തകരാറു നേരത്തെ കണ്ടുപിടിക്കാനും നിയന്ത്രിക്കാനും അതുകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ തടയാനും സാധിക്കും. രക്താതിമർദ്ദത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നമുക്ക് പരിശോധിക്കാം.

1 . എന്താണ് രക്താതിമർദ്ദം ?

ഹൃദയം ഒരു പമ്പ് പോലെയാണ് പ്രവർത്തിക്കുന്നത് എന്നു പറഞ്ഞല്ലോ. ഹൃദയത്തിന്റെ പമ്പിങിന് ശക്തി എത്ര കൂടുന്നോ അത്രയും ശക്തിയിലായിരിക്കും രക്തം പുറത്തേക്കു തള്ളപ്പെടുന്നത് എന്നൂഹിക്കാമല്ലോ. ഈ തള്ളപ്പെടുന്ന രക്തം രക്തക്കുഴലുകളിലൂടെ പോകുമ്പോൾ തള്ളിന്റെ ശക്തി രക്തക്കുഴലുകളിൽ ആണല്ലോ അനുഭവപ്പെടുന്നത്. ഈ തള്ളിന്റെ ശക്തി അഥവാ മർദ്ദമാണ് രക്തസമ്മർദ്ദം എന്നറിയപ്പെടുന്നത് . ഹൃദയം രക്തം പുറത്തേക്ക് തള്ളുന്ന സമയത്ത് രക്തക്കുഴലുകളിൽ കൂടുതൽ മർദ്ദം അനുഭവപ്പെടുന്നു. ഇതിനെ സിസ്റ്റോളിക് രക്തസമ്മർദ്ദം എന്നുവിളിക്കുന്നു. ഇങ്ങനെ രക്തം പുറത്തേക്കു തള്ളിയ ശേഷം അല്പനേരം ഹൃദയം വിശ്രമിക്കുന്നു. ഈ സമയത്ത് രക്തക്കുഴലുകളിൽ അനുഭവപ്പെടുന്ന മർദ്ദമാണ് ഡയസ്റ്റോളിക് രക്തസമ്മർദം. വിശ്രമിക്കുമ്പോഴും വ്യായാമം ചെയ്തുകൊണ്ടിരിക്കുമ്പോഴും ഇരിക്കുമ്പോഴും കിടക്കുമ്പോഴും പോലും സിസ്റ്റോളിക് രക്തസമ്മർദ്ദത്തിനും ഡയസ്റ്റോളിക് രക്തസമ്മർദ്ദത്തിനും മാറ്റങ്ങളുണ്ടാകും. സാധാരണഗതിയിൽ അഞ്ചുനിമിഷം കസേരയിൽ വിശ്രമിച്ച ശേഷമാണ് രക്തസമ്മർദ്ദം പരിശോധിക്കുക.

2 . എങ്ങനെയാണ് രക്തസമ്മർദ്ദം പരിശോധിക്കുന്നത് ? എന്ത് ഉപകരണം ആണ് ഇതിനുപയോഗിക്കുന്നത് ?

രക്തസമ്മർദ്ദം പരിശോധിക്കുന്ന ഉപകരണം കാണാത്തവർ ആരുമുണ്ടാകില്ല. സ്ഫിഗ്മോ മാനോമീറ്റർ എന്നറിയപ്പെടുന്ന വളരെ ലളിതമായ ഒരു ഉപകരണമാണ് ഈ ആവശ്യത്തിന് ഉപയോഗിക്കുന്നത്. കയ്യിൽ ചുറ്റുന്ന ഒരു കഫ്‌ഫും വായുപമ്പു ചെയ്യാനുള്ള ഒരു റബ്ബർ പന്തും മെർക്കുറി കയറിയിറങ്ങുന്ന ഒരു ഗ്ളാസ് ട്യൂബും ആണ് ഈ ഉപകരണത്തിന്റെ ഭാഗങ്ങൾ. ഈ ഉപകരണം കയ്യിൽ കെട്ടിയശേഷം കാറ്റടിച്ച് കയ്യിൽ കെട്ടിയ കഫിന്റെ മർദ്ദത്തിൽ വ്യത്യാസം വരുത്തുമ്പോൾ സ്റ്റതസ്കോപ്പ് ഉപയോഗിച്ച് ഡോക്ടർക്ക് രോഗിയുടെ രക്തസമ്മർദ്ദം മനസ്സിലാക്കാൻ സാധിക്കും. നേരത്തെ പറഞ്ഞ സിസ്റ്റോളിക് രക്തസമ്മർദ്ദവും ഡയസ്റ്റോളിക് രക്തസമ്മർദ്ദവും വേറെ വേറെ അറിയാം. ഇവ രണ്ടും ചേർത്തുകൊണ്ടാണ് “120|80 മി.മീ മെർക്കുറി” എന്ന രൂപത്തില് ഡോക്ടര്മാര് എഴുതുന്നത് . അതായത് ആദ്യം എഴുതുന്നത് സിസ്റ്റോളിക് രക്തസമ്മർദ്ദവും രണ്ടാമത് എഴുതുന്നത് ഡയസ്റ്റോളിക് രക്തസമ്മർദ്ദവും.

3 . രക്തസമ്മർദ്ദത്തിന്റെ നോർമലായ അളവ് എത്രയാണ് ? എങ്ങനെയാണ് ഈ നോർമൽ തീരുമാനിക്കുന്നത് ?

സിസ്റ്റോളിക് രക്തസമ്മർദ്ദത്തിനും ഡയസ്റ്റോളിക് രക്തസമ്മർദ്ദത്തിനും നോർമലായ ഒരു പരിധി നമ്മൾ നിശ്ചയിച്ചിട്ടുണ്ട്. മുതിർന്ന ആളുകളിൽ സിസ്റ്റോളിക് രക്തസമ്മർദ്ദത്തിന്റെ പരിധി 100 മുതൽ 130 മില്ലിമീറ്റർ മെർക്കുറി വരെയാണെങ്കിൽ ഡയസ്റ്റോളിക് 60 മുതൽ 80 വരെ യാണ് നിജപ്പെടുത്തിയിരിക്കുന്നത്.

ഏറ്റവും പുതിയ നിർദ്ദേശങ്ങൾ പ്രകാരം സിസ്റ്റോളിക് രക്തസമ്മർദം 130 കൂടിയാലും ഡയസ്റ്റോളിക് രക്തസമ്മർദ്ദം 80 കൂടിയാലും അമിത രക്തസമ്മർദ്ദം ആയി കണക്കാക്കാവുന്നതാണ്. രക്തസമ്മർദ്ദം സ്വാഭാവികമായിത്തന്നെ വലിയതോതിൽ വ്യതിയാനം വരുന്ന ഒരു പ്രതിഭാസമായതിനാൽ ഒരൊറ്റ റീഡിങ് കൊണ്ട് നമുക്ക് ഒരു തീരുമാനത്തിൽ എത്താൻ സാധിക്കില്ല. ഉയർന്ന രക്തസമ്മർദ്ദം കണ്ടുകഴിഞ്ഞാൽ മൂന്ന് തവണയെങ്കിലും പൂർണമായി വിശ്രമാവസ്ഥയിൽ രക്തസമ്മർദ്ദം പരിശോധിച്ച് അത് ഉയർന്ന തോതിൽ ആണോ എന്ന് ഉറപ്പുവരുത്തിയ ശേഷമേ കൂടുതൽ എന്തെങ്കിലും നടപടി സ്വീകരിക്കണോ എന്ന കാര്യം നാം തീരുമാനിക്കൂ. 24 മണിക്കൂർ തുടർച്ചയായി രക്തസമ്മർദ്ദം നിരീക്ഷിക്കുന്ന Ambulatory blood pressure monitoring എന്ന സംവിധാനം ലഭ്യമായ സ്ഥലങ്ങളിൽ അതു കൂടുതൽ കൃത്യമായ ഫലങ്ങൾ നൽകും. കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മർദ്ദത്തിന്റെ നോർമൽ അളവ് വ്യത്യസ്തമായിരിക്കും.

സമൂഹത്തിൽ സാധാരണ കാണുന്ന നിരക്ക് വലിയ പഠനങ്ങളുടെ ഭാഗമായി നിരന്തരം നിരീക്ഷിച്ച ശേഷമാണ് രക്തസമ്മർദ്ദത്തിന്റെ ശരാശരി നിരക്കുകളിൽ നാം എത്തിച്ചേർന്നത്. പ്രായം കൂടുന്തോറും രക്തക്കുഴലുകളുടെ ഇലാസ്തിക സ്വഭാവം നഷ്ടപ്പെടുന്നതിനാൽ സിസ്റ്റോളിക് രക്തസമ്മർദ്ദം ഉയരുകയും ഡയസ്റ്റോളിക് രക്തസമ്മർദ്ദം കുറയുകയോ മാറ്റമില്ലാതെ നിൽക്കുകയോ ചെയ്യുന്നതായും‌ കണ്ടുവരുന്നു.

4 . അമിതമായ രക്തസമ്മർദ്ദം അഥവാ ഹൈപ്പർടെൻഷൻ എന്തൊക്കെ കുഴപ്പങ്ങൾക്കാണു കാരണമാകുന്നത് ?

അമിതമായ രക്ത സമ്മർദ്ദം ശരീരത്തിനാകമാനമാണ് തകരാറുണ്ടാക്കുന്നത്. ഉയർന്ന പ്രഷറിൽ രക്തം പമ്പ് ചെയ്യാൻ കഷ്ടപ്പെടുന്ന ഹൃദയം പെട്ടെന്നു തളർന്നു പോകുന്നു. ഉയർന്ന രക്തസമ്മർദ്ദം താങ്ങേണ്ടി വരുന്നതു മൂലം രക്തക്കുഴലുകൾക്കും തകരാറു സംഭവിക്കുന്നു. കൂടാതെ ഈ രക്തക്കുഴലുകൾ ചെന്നു ചേരുന്ന വൃക്ക, കണ്ണുകൾ, തലച്ചോർ എന്നിവയ്ക്കൊക്കെ തകരാറുകൾ സംഭവിക്കാം. ഹൃദയാഘാതം, മസ്തിഷ്കാഘാതം, രക്തക്കുഴലുകളുടെ ഇലാസ്തികത നഷ്ടപ്പെടൽ, വൃക്കരോഗം എന്നിവയ്ക്കൊക്കെ കാലാകാലങ്ങളായി ചികിത്സിയ്ക്കപ്പെടാതെ നീണ്ടുനിൽക്കുന്ന അമിതരക്തസമ്മർദ്ദം കാരണമാകാം.

5 . എന്തൊക്കെയാണ് അമിത രക്ത സമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ ?

ഈ രോഗത്തിന്റെ ഏറ്റവും വലിയ അപകടം ഇതിനു കൃത്യമായ ലക്ഷണങ്ങൾ ഒന്നുമില്ല എന്നതുതന്നെയാണ്. വല്ലപ്പോഴും തലയുടെ പുറകുഭാഗത്ത് വേദന വരാം എന്നതൊഴിച്ചാൽ ഈ രോഗത്തിൻറെ തുടക്കത്തിൽ മറ്റു ലക്ഷണങ്ങളൊന്നും ഉണ്ടാകാറില്ല. ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്ന കാലമാകുമ്പോഴേക്കും ആന്തരിക അവയവങ്ങൾക്ക് തകരാറ് സംഭവിച്ചിരിക്കും. അതുകൊണ്ട് രക്തസമ്മർദ്ദം കൃത്യമായ കാലയളവുകളിൽ പരിശോധിക്കുന്നതാണു നല്ലത്.

അടുത്ത ബന്ധുക്കൾക്ക് ആർക്കെങ്കിലും രക്താതിമർദ്ദം ഉണ്ടെങ്കിൽ മുപ്പതു വയസ്സാകുന്നതിനു മുൻപേതന്നെ ഒരു ഡോക്ടറെ കണ്ട് രക്തസമ്മർദ്ദം പരിശോധിപ്പിക്കുന്നത് നല്ലതാണ്. 35-40 വയസ്സിനിടയ്ക്ക് എന്തായാലും രക്തസമ്മർദ്ദം പരിശോധിച്ചിരിക്കണം. രക്തസമ്മർദ്ദം ഉയർന്ന നിലയിലാണെങ്കിൽ ചികിത്സ തേടുക യോ ജീവിതശൈലി മാറ്റങ്ങൾ സ്വീകരിക്കുകയും വേണം . രക്തസമ്മർദ്ദം നോർമലാണെങ്കിൽ രണ്ടോ മൂന്നോ വർഷത്തിലൊരിക്കലെങ്കിലും വീണ്ടും പരിശോധിക്കണം.

6 . രക്താതിമർദ്ദത്തിന് ഫലപ്രദമായ ചികിത്സയുണ്ടോ ? ഈ രോഗം ചികിത്സിച്ചു മാറ്റാൻ കഴിയുന്നതാണോ ?

ചിട്ടയായ വ്യായാമം, സോഡിയം അടങ്ങിയ ഭക്ഷണ സാധനങ്ങളുടെ കർശനമായ നിയന്ത്രണം, തിരക്കും സമ്മർദ്ദങ്ങളും ഒഴിഞ്ഞ ദിനങ്ങൾ, ആവശ്യത്തിന് ഉറക്കവും വിശ്രമവും എന്നിവയൊക്കെ ജീവിതത്തിന്റെ ഭാഗമാക്കുക വഴി വഴി രക്തസമ്മർദ്ദം നിയന്ത്രിക്കാൻ തുടക്കത്തിൽ ശ്രമിച്ചു നോക്കാം. ഇതു ഡോക്ടറുടെ നിർദ്ദേശപ്രകാരം സ്വീകരിക്കേണ്ട ഒരു ജീവിതശൈലിയാണ്. ഈ ജീവിതശൈലീ മാറ്റങ്ങൾ ഫലപ്രദമാകുന്നുണ്ടോ എന്നു ഡോക്ടറെകണ്ട് ഉറപ്പുവരുത്തേണ്ടതുണ്ട്. ജീവിതശൈലി കൊണ്ടു രക്താതിമർദ്ദം നിയന്ത്രിക്കാൻ സാധിക്കുന്നില്ലെങ്കിൽ മരുന്നു കഴിക്കേണ്ടിവരും. പിന്നീട് സമ്മർദ്ദങ്ങളില് നിന്ന് ഒഴിഞ്ഞ ജീവിതവും (ഉദാ: ജോലിയില് നിന്ന് വിരമിക്കൽ) സ്ഥിരമായ വ്യായാമവും ആരോഗ്യകരമായ ഭക്ഷണവും (സോഡിയം അടങ്ങിയ ഉപ്പ്, അപ്പക്കാരം പോലെയുള്ള പദാര്ഥങ്ങളുടെ നിയന്ത്രണം) വഴി മരുന്നിന്റെ ഡോസ് ക്രമേണ കുറച്ചു കൊണ്ടുവരാനും ചിലപ്പോൾ നിർത്താൻ തന്നെയും സാധിക്കുന്നതാണ്. എന്നാല് ഡോക്ടറുടെ നിർദേശം ലഭിക്കാതെ മരുന്നിൽ ഒരു മാറ്റവും വരുത്താൻ പാടില്ല.

7 . എന്താണു രക്താതിമർദ്ദത്തിന് കാരണം ?

ഭൂരിഭാഗം അവസരങ്ങളിലും മറ്റു ശാരീരിക രോഗങ്ങൾ ഒന്നുമില്ലാതെയാണ് രക്താതിമർദ്ദം പ്രത്യക്ഷപ്പെടുന്നത്. ഇതിന് എസ്സെൻഷ്യൽ ഹൈപർടെൻഷൻ എന്നു പറയുന്നു. ഭക്ഷണം, വ്യായാമക്കുറവ് സാമൂഹിക-ജനിതകഘടകങ്ങൾ, ഹോർമോൺ വ്യതിയാനങ്ങൾ എന്നിവയാണ് ഇതിനു കരുതുന്ന കാരണങ്ങൾ. ഉപ്പിന്റെ അമിതമായ ഉപയോഗമാണ് ആധുനിക മനുഷ്യന് അമിത രക്തസമ്മർദ്ദം സാധാരണമാകാനുള്ള പ്രധാന കാരണം എന്നും അഭിപ്രായമുണ്ട്. പുരുഷന്മാർക്ക് സ്ത്രീകളെക്കാൾ രക്താതിമർദ്ദം ഉണ്ടാകാം. സ്ത്രീകൾക്ക് മാസമുറ നിലച്ചതിനു ശേഷം രക്താതിമർദ്ദം കൂടുതലായി കണ്ടുവരുന്നുമുണ്ട്. പുകവലി, മദ്യപാനം തുടങ്ങിയ ദുശീലങ്ങളും രക്താതിമർദ്ദം ഉണ്ടാക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നു. എഴുപതുശതമാനം രക്താതിമർദ്ദരോഗികൾക്കും ഇതേ രോഗം അനുഭവിക്കുന്ന ബന്ധു ഉണ്ടാകും എന്നതിൽ നിന്ന് ഈ അവസ്ഥയ്ക്ക് ശക്തമായ ജനിതക കാരണം ഉണ്ടെന്നും മനസ്സിലാക്കാം. അൻപതോളം വ്യത്യസ്ത ജീനുകൾ രക്താതിമർദ്ദത്തിന് കാരണമാകുന്നതായി ഇതിനകം മനസ്സിലാക്കിയിട്ടുണ്ട്.

അപൂർവമായി രക്തക്കുഴൽ രോഗങ്ങൾ, വൃക്ക രോഗങ്ങൾ, ഹോർമോൺ വ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങൾ, ഗർഭധാരണം, ചില മരുന്നുകൾ എന്നിവയും രക്താതിമർദ്ദത്തിന് കാരണമാകുന്നു. ഇത്തരത്തിൽ മറ്റു കാരണങ്ങളാൽ ഉണ്ടാകുന്ന രക്താതിമർദ്ദത്തിന് സെക്കൻഡറി ഹൈപ്പർടെൻഷൻ എന്നുപറയുന്നു.

രക്തസമ്മർദ്ദം ഉയർന്ന അളവിൽ തുടർന്നാൽ രക്തക്കുഴലുകൾ, ഹൃദയം, വൃക്കകൾ, തലച്ചോറ്, കണ്ണുകൾ എന്നിവയെയൊക്കെ ബാധിക്കുന്ന സങ്കീർണതകൾക്കു കാരണമാകും. അതിനാല് 35-40 വയസിനു ശേഷമെങ്കിലും രക്തസമ്മർദ്ദം കൃത്യമായ ഇടവേളകളില് പരിശോധിക്കേണ്ടതും ശരിയായി ചികിത്സിക്കേണ്ടതും അത്യാവശ്യമാണ്. ജീവിതശൈലീനിയന്ത്രണം കൊണ്ടു രക്താതിമർദത്തെ വരുതിയിലാക്കാൻ പറ്റുന്നില്ല എങ്കിൽ മരുന്നുകൾ കഴിക്കേണ്ടതുണ്ട്. രക്തക്കുഴലുകൾക്കും ഹൃദയത്തിനും വിശ്രമം നല്കുന്ന വിവിധ തരം എ.ആർ.ബീ മരുന്നുകൾ, എ സീ ഈ ഇൻഹിബിറ്റർ മരുന്നുകൾ, തയസൈഡ് മരുന്നുകൾ, കാൽസ്യം ചാനൽ ബ്ലോക്കറുകൾ, ബീറ്റാ ബ്ലോക്കറുകൾ തുടങ്ങി വിവിധ തരം മരുന്നുകൾ രോഗിയുടെ പ്രായത്തിനും രക്താതിമർദ്ദത്തിന്റെ രൂക്ഷതയ്ക്കും അനുസൃതമായി ഒറ്റക്കോ കൂട്ടായോ നൽകാൻ ഡോക്റ്റർ തീരുമാനിക്കുന്നു. ഈ മരുന്നുകളെല്ലാം താരതമ്യേന കുറഞ്ഞ വിലയിൽ ലഭ്യമാണ് (പലതും സർക്കാർ ആശുപത്രികളിൽ സൗജന്യമായി ലഭ്യമാണ്). ഇവയൊന്നും ഡോക്ടറുടെ നിർദ്ദേശമില്ലാതെ പെട്ടെന്നു നിർത്താൻ പാടുള്ളതല്ല. അല്ലെങ്കിൽ മരുന്നുകളുമായി താദാത്മ്യം പ്രാപിച്ച ശരീരം മരുന്നുകൾ പെട്ടെന്നു കുറയുന്ന അവസ്ഥയിൽ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ പാടുപെടുകയും ഇത് സങ്കീർണ്ണതകളിലേക്കു നയിക്കുകയും ചെയ്യാം.

സമൂഹത്തിലെ മൂന്നിലൊന്ന് ആളുകളെയും ബാധിച്ചിരിക്കുന്ന ജീവിതശൈലീരോഗമാണു രക്താതിമർദ്ദം.

രക്തസമ്മർദ്ദം പരിശോധിക്കാൻ എല്ലാ സബ് സെന്ററുകളിലേയും ആരോഗ്യപ്രവർത്തകർക്ക് സർക്കാർ പരിശീലനവും ഉപകരണങ്ങളും നൽകിയിട്ടുണ്ട്. സൗജന്യമായി ഇവിടങ്ങളിൽ നിന്ന് നിങ്ങളുടെ രക്തസമ്മർദം പരിശോധിച്ച് ഉറപ്പുവരുത്തുക .

വീട്ടിൽ മാതാപിതാക്കൾക്കോ സഹോദരങ്ങൾക്കോ ഈ അസുഖം ഉണ്ടെങ്കിൽ നിങ്ങളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ വയ്ക്കുക. കൃത്യമായ ചികിത്സ സ്വീകരിക്കുക.

നിശബ്ദനായ കൊലയാളിയാണ് രക്താതിമർദ്ദം എന്നു മറക്കാതിരിക്കുക.

ലേഖകർ
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ