· 4 മിനിറ്റ് വായന

ഒരു ഉയിർത്തെഴുന്നേൽപ്പ്‌ കഥ

അനുഭവങ്ങൾ

മൂന്നു വർഷങ്ങൾക്കു മുൻപൊരു ഹൗസ്സർജൻസിക്കാലം.പോണ്ടിച്ചേരിയിലെ അരിയൂർ എന്ന ഉൾനാടൻ ഗ്രാമത്തിലെ ഒരു ഹെൽത്ത് സെന്ററിലാണ് കമ്മ്യൂണിറ്റി മെഡിസിൻ പോസ്റ്റിങ്ങ്.പത്ത് മണി കഴിഞ്ഞാൽ ഒപിയിൽ നല്ല തിരക്കാണ്.പച്ച കർട്ടനിട്ട ഒപി മുറിയുടെ ചെറിയ വാതിലും കടന്ന്,രോഗികളുടെ നിര മുറ്റം വരെ നീളും.വടി കുത്തി വളഞ്ഞു നടക്കുന്ന വൃദ്ധന്മാരായിരിക്കും വരിയിൽ കൂടുതലും.

“ഇടുപ്പ് വലി ഡോക്ടറെ…”

“മുട്ടി വലി”,

“ഒടമ്പു വലി”..

‘വലി’യായിരിക്കും അധികം പേരുടെയും പ്രശനം.വേദനയ്ക്ക് തമിഴിൽ’വലി’എന്നാണു പറയുന്നത്.പരിശോധനയ്ക്കു വരുമ്പോൾ ഒരു നിബന്ധനയാണ്.”ഊസി പോടണം”-വേദനക്കാർക്കു ഗുളിക വേണ്ട, ഇൻജെക്ഷൻ മതിയെന്ന്!!

കൈകളിൽ നിറയെ പച്ചയും,ചുവപ്പും വളകളിട്ട തമിഴത്തിപ്പെണ്ണുങ്ങൾ വരിയിൽ നിന്ന് ഉറക്കെ സംസാരിക്കുന്നുണ്ടാകും. എത്ര പറഞ്ഞാലും,ശബ്ദം കുറച്ചു സംസാരിക്കാൻ അവർക്കു പറ്റില്ല. ശബ്ദം കുറക്കാൻ പറയുന്നത് നിർത്തി,സ്വന്തം ശബ്ദം ഉയർത്തൽ മാത്രമാണ് പരിഹാര മാർഗമെന്ന് ഞങ്ങൾ ഡോക്ടർമാരും,മറ്റു ജോലിക്കാരും മനസ്സിലാക്കിയിരിക്കുന്നു. ഷുഗർ ടെസ്റ്റ് ചെയ്യാനും,മുറിവുകെട്ടാനും ഒക്കെ വരുന്നവർ ,പ്ലാസ്റ്റിക് കൂടയിൽ ഭക്ഷണപ്പൊതികളുമായാണ് വരിക. വരിയൊപ്പിച്ചു,നിന്നിടത്ത് തന്നെ കുത്തിയിരുന്ന്,സാമ്പാറിൽ മുക്കി ഇഡ്ഡലി തിന്നുന്നതും,തൈര് സാദം കുഴയ്ക്കുന്നതും കാണാം.ആശുപത്രിക്കെട്ടിടത്തിന്റെ മൂലകളിലൊക്കെ വെന്ത പരിപ്പിന്റെയും,കായത്തിന്റെയും മണം നിറയും. ഇറക്കം കൂടിയ,മുഷിഞ്ഞ ഷർട്ടും ട്രൗസറും ഇട്ട കുട്ടികൾ കയ്യിലെ പ്ലാസ്റ്റിക് പന്ത് എറിഞ്ഞുകൊണ്ടോ, വായിലൊരു കരിമ്പിൻ കഷ്ണം ചവച്ചു കൊണ്ടോ തലങ്ങും,വിലങ്ങും ഓടുന്നത് കാണാം. ആകെ ബഹളമയം.ഉച്ച തിരിഞ്ഞു മാത്രമേ അൽപ്പം നിശബ്ദത കടന്നു വരികയുള്ളൂ.

സമയം ഉച്ച പന്ത്രണ്ടു മണിയോടടുത്ത് കാണും. തിളയ്ക്കുന്ന ഉച്ചവെയിൽ.പുറത്തൊരു ‘ഷെയർ ഓട്ടോ’യിൽ താങ്ങിപ്പിടിച്ചു കൊണ്ട് വന്ന രോഗിയെ സ്ട്രച്ചറിൽ കിടത്തി അകത്തെത്തിച്ചു. രോഗി അനങ്ങുന്നില്ല.പുറകെ അലമുറയിട്ടു കൊണ്ട് ഒരു സംഘവുമുണ്ട്. കൂട്ടത്തിൽ ഉയരമുള്ള സാരിയുടുത്ത ഒരു സ്ത്രീ “എൻ പുരുഷൻ…”എന്ന് നിലവിളിച്ചു കൊണ്ട് നെഞ്ചത്തടിച്ചു മുടിയഴിച്ചിട്ടു അലമുറയിടുന്നുണ്ട്.സ്ത്രീയുടെ സാരിത്തുമ്പിൽ, പരിഭ്രാന്തിയോടെ രണ്ടു കുഞ്ഞുങ്ങളും. പാവാടയിട്ട ഏഴു എട്ടു വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടിയും,അതിനു തൊട്ടു താഴെ പ്രായമുള്ള ട്രൗസർ മാത്രം ഇട്ട ഒരു ചുരുള്മുടിക്കാരൻ ആൺകുട്ടിയും. നിമിഷ നേരം കൊണ്ട് ഒപിക്കു മുന്നിലെ വരിയെല്ലാം ചിതറി എനിക്ക് വഴിയൊരുക്കി തന്നു. ഞാൻ സ്റ്റെതസ്കോപ്പ് എടുത്ത് സ്ട്രച്ചറിന് നേർക്ക് നടന്നു. രോഗി കണ്ണടച്ച് കിടക്കുകയാണ്,അനക്കമില്ല. സൂക്ഷിച്ചു നോക്കിയപ്പോൾ വായയുടെ അരികിൽ നിന്നും നുര വന്നത് കണ്ടു. കൂടെ വന്ന അകമ്പടി സംഘം രോഗി മരിച്ചെന്നു കരുതി നിലവിളിയാണ്. രോഗിയുടെ പൾസ് നോക്കി,ഷുഗർ നോക്കുന്ന ‘ജി ആർ ബി എസ്’ മെഷീൻ എടുക്കാൻ വേണ്ടി സിസ്റ്ററെ ഓടിച്ചു വിട്ടു .സൂചി കൊണ്ട് വിരലിൽ കുത്തി,ഒരു തുള്ളി രക്തം മെഷീനിനു കുടിക്കാൻ കൊടുത്തു.രക്തം ഒപ്പിയെടുത്ത ഉടനെ തന്നെ മെഷീൻ കമ്മി (low)കാണിച്ചു ഒച്ച വയ്ക്കാൻ തുടങ്ങി. രക്തക്കുഴൽ കണ്ടു പിടിച്,രണ്ടു കുപ്പി ഗ്ളൂക്കോസ് കയറ്റിയപ്പോഴേക്ക് അനങ്ങാതെ കിടന്നിരുന്ന ആൾ ചാടി എണീറ്റ് ഉഷാറായി.

‘നീങ്ക കടവുൾ താൻ അമ്മാ…”എന്നും പറഞ്ഞു, രോഗിയുടെ അകമ്പടി സംഘം നിലത്ത് എന്റെ കാലിനരികിലേക്ക് ഒറ്റ വീഴ്ച. കട്ടിലിൽ പിടിച്ചു നിന്നത് കൊണ്ട് പുറകിലേക്ക് മറിഞ്ഞു വീണില്ല. അഡ്‌മി‌ഷൻ കേസ് ഷീറ്റ് എഴുതി വച്ചു,ഞാൻ ഒപിയിലേക്ക് രക്ഷപ്പെട്ടു.ഒപി തീർന്നിട്ടും,ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിംഗ് വിദ്യാർത്ഥികൾ അവിടെ ചുറ്റിപ്പറ്റി നിൽക്കുന്നുണ്ടായിരുന്നു.

“അല്ല ഡോക്ടറേ,ഈ ഹൈപോഗ്ലൈസെമിയ (hypoglycemia)…”

“അതെ..നേരത്തെ വന്ന കേസ് അല്ലെ?മുരുകൻ എന്ന് പേരുള്ള,ബോധമില്ലാതെ വന്ന പേഷ്യന്റ്.ഹൈപോഗ്ലൈസെമിയ തന്നെ.രക്തത്തിൽ ഗ്ലുക്കോസിന്റെ അളവ് വല്ലാതെ കുറഞ്ഞു പോയി.അതിന്റെ ഭാഗമായാണ് അപസ്മാരവും,വായിൽ നിന്ന് നുരയും പതയും,ബോധക്ഷയവും ഒക്കെ ഉണ്ടായത്.മുരുകനെ പോലെയുള്ള മദ്യപാനികളിൽ ഷുഗർ കുറയാനുള്ള സാധ്യതയും അപകടവും കൂടുതലാണ്.”

ഒപിയിലെ ചർച്ച അങ്ങനെ hypoglycemia യിലേക്ക് നീണ്ടു പോയി. ഹൈപോഗ്ലൈസെമിയ എന്നാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞു പോവുന്ന അവസ്ഥ എന്ന് ലളിതവല്‍ക്കരിച്ച് വേണേല്‍ പറയാം.

പ്രമേഹരോഗികളിൽ (പ്രത്യേകിച്ച് ഇൻസുലിനും,സൾഫോനൈൽ യൂറിയ,മെറ്റഫോമിൻ തുടങ്ങിയ പ്രമേഹ ഗുളികകളും ഉപയോഗിക്കുന്നവരിൽ) ആണ് ഹൈപോഗ്ലൈസെമിയ കൂടുതലായും കണ്ടു വരുന്നത്.മരുന്ന ഉപയോഗിക്കുന്ന രീതിയിലെയും അളവിലെയും അപാകതകളാണ് പലപ്പോഴും വില്ലനായി എത്തുന്നത്.

പ്രമേഹ രോഗികളല്ലാത്തവർക്കും ഹൈപോഗ്ലൈസെമിയ സംഭവിക്കാം.ഇതിനെ’spontaneous hypoglycemia(സ്പോൻടെനിയസ് ഹൈപോഗ്ലൈസെമിയ) എന്ന് വിളിക്കുന്നു.

മദ്യപാനികളിൽ ഇതുണ്ടാവാം, എന്നാല്‍ ആരോഗ്യവാന്മാരായ കുഞ്ഞുങ്ങളില്‍ പോലും കുറെ നേരത്തേക്ക് ഭക്ഷണം കഴിക്കാതിരുന്നാൽ കൂടെ ഹൈപോഗ്ലൈസെമിയ ഉണ്ടാകാം.

ദഹനവ്യവസ്ഥയെ ബാധിക്കുന്ന അസുഖമുള്ളവർ(ഉദാ:സീലിയക്ഡിസീസ്/coeliac disease),അന്ധസ്രാവീ ഗ്രന്ഥിക്ക് അസുഖം ബാധിച്ചവർ(ഉദാ:അഡിസൺസ് ഡിസീസ് /addisons disease), മുലയൂട്ടുന്നതിലൂടെ പ്രമേഹ രോഗമുള്ള അമ്മമാരില്‍ ,വൃക്ക രോഗങ്ങൾ,കരൾ രോഗങ്ങൾ,കടുത്ത അണുബാധ ,തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിലെ അപാകതകൾ എന്നിവയാണ് ഹൈപോഗ്ലൈസെമിയ വരാനുള്ള മറ്റു കാരണങ്ങൾ.

ക്ഷീണം,വിറയൽ,തലവേദന,ഹൃദയമിടിപ്പ് കൂടൽ,വിയർപ്പ്,ബലക്കുറവ് എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ.കുറേക്കൂടെ ഗുരുതരാവസ്ഥയിൽ അപസ്മാരം,ബോധക്ഷയം തുടങ്ങിയവ ഉണ്ടാകുന്നു.അത് ചിലപ്പോൾ രോഗിയെ മരണത്തിലേക്ക നയിച്ചേക്കാം.

ഹൈപോഗ്ലൈസെമിയയുടെ പ്രധാന പ്രശനം അതിന്റെ ലക്ഷണങ്ങൾ തിരിച്ചറിയപ്പെടാതെ പോകുന്നു എന്നുള്ളതാണ്.ഈ സമയനഷ്ടം കൊണ്ട്,തലച്ചോറിന്റെ പ്രവർത്തനത്തിന് ആവശ്യമായ ഗ്ലുക്കോസിന്റെ അളവിൽ കുറവ് വരുന്നു.ഈ ഘട്ടത്തിലാണ് വിഭ്രാന്തി,മയക്കം,സംസാരിക്കാനുള്ള ബുദ്ധിമുട്ട്,ചെയ്യുന്ന പ്രവർത്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുക,വസ്തുതകൾ കൂട്ടിച്ചേർക്കാൻ കഴിയാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങൾ രോഗി കാണിക്കുന്നത്.

നാഡീവ്യവസ്ഥ,ഹൃദയം,കണ്ണ്-ഇവയാണ് ഹൈപോഗ്ലൈസെമിയ കാരണം ഏറ്റവും കൂടുതൽ പ്രശ്നബാധിതരാവുന്നവ.

പഞ്ചസാരയുടെയും,അന്നജത്തിന്റെ അംശം കൂടുതലുള്ള ഭക്ഷണം ഉപയോഗിച്ചു ഹൈപോഗ്ലൈസെമിയ താതത്സമയം ഒരളവു വരെ പരിഹരിക്കാം.ഹൈപോഗ്ലൈസെമിയ സംഭവിക്കുന്നത്‌ ആശുപത്രിയില്‍ വെച്ച് അല്ലാത്തപ്പോള്‍ ഉടനടി ചെയ്യാൻ പറ്റുന്ന കാര്യം പഞ്ചസാരയുടെയും,അന്നജത്തിന്റെയും അംശം കൂടുതൽ ഉള്ള ഭക്ഷണം നൽകുക എന്നുള്ളതാണ്.10-20 ഗ്രാം അന്നജം കൊണ്ട്,രക്തത്തിലെ പഞ്ചസാരയുടെ അളവ്വ് പൂർവ്വ സ്ഥിതിയിലേക്ക് കൊണ്ടുവരാൻ സാധിക്കും. 4-5 ഔൺസ് 100-120മില്ലി)പഴച്ചാറ്കൊണ്ട് ഈ അളവിലുള്ള ഗ്ളൂക്കോസ് ശരീരത്തിന് ലഭിക്കും. ‘അമേരിക്കൻ ഡയബെറ്റ്‌ അസോസിയേഷൻ ‘ പറയുന്നത്,ഹൈപോഗ്ലൈസെമിയ കേസുകളിൽ 15 ഗ്രാം അന്നജം നൽകി,15 മിനുറ്റ് കാത്തിരിക്കുക എന്നാണ്.ഇതിനവർ വിളിക്കുന്ന പേര് ‘റൂൾ ഓഫ് ഫിഫ്റ്റീൻ ‘(rule of fifteen) എന്നാണ്.

അബോധാവസ്ഥയിൽ ഉള്ള രോഗികളിൽ വായിലൂടെയുള്ള ചികിത്സ സാധ്യമല്ല.അവർക്കു ശരീരത്തിൽ ഗ്ളൂക്കോസ് കുത്തിവയ്‌ക്കേണ്ടി വരും.രോഗിയുടെ പ്രായത്തിനും,രക്തത്തിലെ ഗ്ലുക്കോസിന്റെ അളവിനും അനുസരിച്ച് ,വിവിധ അനുപാതത്തിലുള്ള ഡെക്സ്ട്രോസ് (dextrose)ദ്രാവകമാണ് സാധാരണയായി നൽകാറുള്ളത്.കൂടാതെ ചില സന്ദർഭങ്ങളിൽ മസിൽ വഴിയുള്ള ഗ്ളൂക്കഗോൺ (glucagon)ഇഞ്ചക്ഷനുകളും നൽകാറുണ്ട്.

ഒപി പൂട്ടി ഞങ്ങളിറങ്ങി ക്വർട്ടേഴ്സിന് നേർക്ക് നടന്നു…

ഹൈപോഗ്ലൈസെമിയയെക്കുറിച്ചു ഓർത്തു കിടന്നതിനാലാവണം ഉറക്കിലും,സ്വപ്നങ്ങളിലും ജെയിംസ് കോളിപ്പും,ഫ്രഡറിക് ബാന്റിങ്ങും വന്നെത്തി നോക്കി കഥ പറഞ്ഞു പോയി.ഇൻസുലിൻ ഉപയോഗിച്ചു മുയലുകളിൽ പരീക്ഷണം നടത്തവേയാണ് അവർ രണ്ടു പേരും ഹൈപോഗ്ലൈസെമിയ കണ്ടെത്തിയത്.അധികഡോസ് ഇന്സുലിൻ കുത്തിവയ്ക്കപ്പെട്ട എലികൾ തലകറങ്ങി വീഴുകയും,മരിക്കുകയും ചെയ്തതാണ് ഹൈപോഗ്ലൈസെമിയിലേക്ക് അവരെ കൊണ്ടെത്തിച്ചത്.

പിറ്റേന്നു രാവിലെ ക്വാർട്ടേർസിെൻ്റ വാതിൽ തുറന്നപ്പോൾ ആദ്യം കണ്ടത് വലിയൊരു കെട്ട് കരിമ്പും, അതിനു പുറകിലായ് വരിവരിയായ് കൂടകളിൽ പേരക്കയും,മാങ്ങയും,വാഴക്കൂമ്പും ഒക്കെയായിരുന്നു.

‘മരിച്ച ആളെ ജീവിപ്പിച്ച ഡോകടർ ദൈവത്തെ കാണാൻ രാവിലെ തന്നെ ആരാധകരാണല്ലോ‘. എന്നു പറഞ്ഞ് ചിരിച്ചു കൊണ്ട് സഹമുറിയന്മാർ വരാന്തയിലേക്ക് വന്നു. തലേ ദിവസത്തെ രോഗിയുടെ ബന്ധുക്കളായിരുന്നു മുറ്റം നിറയെ. മുതുകു വളച്ച്, കൈകൂപ്പി നിൽക്കുന്ന പാവങ്ങളെ കണ്ടപ്പോ അകത്ത് കയറി ഒളിക്കാനാണ് തോന്നിയത്. രകതത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണെന്നും, അത് ഗ്ലൂക്കോസ് കൊടുത്തപ്പോൾ ശരിയായതാണെന്നും പലവട്ടം ആവർത്തിച്ച് പറഞ്ഞിട്ടും, അവരുടെ കണ്ണുകളിലെ തിളക്കത്തിനും അത്ഭുതത്തിനും കുറവുണ്ടായിരുന്നില്ല. ആശ്വാസങ്ങളെല്ലാം അവർക്ക് ദൈവത്തിെൻ്റ അംശങ്ങളായിരുന്നു. അത് ഡോക്ടറായാലും, മരുന്നായാലും, ഭക്ഷണമായാലും, കള്ളായാലും, തീയായാലും.

ലേഖകർ
Dr Sabna . S, graduated from sri venkateswara medical college, Pondicherry. Now working as medical officer in vayomithram project under kerala social security mission . Intersted in medical science and literature. Published 5 books (poems, stories and novel) in malayalam . Got awards (Abudabi sakthi award, ankanam award, bhaasha puraskaaram, velicham award, srishti puraskaaram etc) for poems and short stories. Writing health related columns, stories and poems in newspapers and magazines. Did programmes in akashavani, other radio and television channels .
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ