· 3 മിനിറ്റ് വായന

തൊട്ടറിയുന്ന കാഴ്ചകൾ

Ophthalmologyഅംഗപരിമിതർആരോഗ്യ ദിനാചരണങ്ങള്‍നേത്രരോഗങ്ങള്‍

“ഒക്ടോബർ 15 -വൈറ്റ് കെയ്ൻ ഡേ”

കണ്ണു കാണാത്തവരുടെ സംഗമത്തിനെത്തിയ രണ്ടു പേർ പിരിയാൻ നേരത്തു വീണ്ടും കാണാം എന്ന് പറയുന്നത് കേട്ടപ്പോൾ വിഷമം തോന്നി.

പണ്ട് വായിച്ചൊരു പുസ്തകത്തിന്റെ തുടക്കമാണ്.

കാഴ്ചയില്ലാത്തവർക്ക് എന്താണ് കാണുന്നതായി തോന്നുക..

ഒന്നും കാണുന്നില്ലെന്ന് പറയുന്നവരുണ്ട്….

”നിങ്ങൾ കാഴ്ചയുള്ളവർക്ക് അത് എങ്ങനെ പറഞ്ഞു തരും, നിങ്ങൾ മുന്നോട്ട് നോക്കൂ. തലയുടെ പുറകുവശം ,കഴുത്തിന് മുകളിലായ് കണ്ടറിയാൻ മനസിൽ ശ്രമിക്കൂ.. എന്ത് തോന്നുന്നു ” എന്ന് തിരിച്ച് ചോദിക്കുന്നവരുണ്ട്.

വെളിച്ചത്തിന്റെ കണ്ണിരമ്പമാണ് അനുഭവത്തിലെ അന്ധത എന്ന് പറയുന്നവരുണ്ട്. (Visual tinnitus എന്നത് എങ്ങനെ വിവർത്തനം ചെയ്യാൻ) .

ഇരുട്ടാണെന്നോ കറുപ്പാണെന്നോ പക്ഷേ മറുപടിയായി അന്ധർ പറയുന്നത് കേൾക്കുകയോ വായിക്കുകയോ ചെയ്തിട്ടില്ല.

കോട്ടക്കലിൽ നിന്നു പെരിന്തൽമണ്ണയ്ക്കു ബസ് യാത്ര പതിവായിരുന്ന സമയത്ത് പലപ്പോഴും ഒരു അന്ധദമ്പതികൾ ഇടയ്ക്ക് കയറും..

പുള്ളി അന്ധർക്കുള്ള ബാക്ക് സീറ്റിൽ ഇരിക്കുമ്പോൾ ക്ലീനർ ചോദിക്കുന്നത് ഒരിക്കൽ കേട്ടിട്ടുണ്ട്.

” ങ്ങള് എന്തേലും കാണുന്നുണ്ടോ “

പുള്ളി പറഞ്ഞു

” ഈ ബസ്സിങ്ങനെ ഓടുമ്പോൾ ഒരു വാങ്ക് വിളി വന്നാൽ ങ്ങൾക്ക് കാണാമ്പറ്റ്വോ.. “

” അത് ഒരു ശബ്ദല്ലേ, അതെങ്ങനാപ്പാ കാണല് ?”

” കാഴ്ചയും ശബ്ദവും അറിഞ്ഞ് ശീലിച്ചോർക്കല്ലേ അങ്ങനുള്ളത് ”

കൈയിലുള്ള വെള്ളക്കെയ്ൻ വീശി മുന്നിലുള്ളയാളുടെ തോളിൽ വിരൽ സ്പർശിച്ചു ബസിറങ്ങി അവർ ജനത്തിരക്കിൽ അലിയുന്നത് എന്റെ കാഴ്ചക്ക് അനായാസമായി തോന്നുമായിരുന്നു.

-നോക്കൂ, ഒരു കുരുടൻ

നിരത്തു മുറിച്ചു പോകുന്നു

വടിയൂന്നി, എത്ര മെല്ലെ.

എല്ലാ വാഹനങ്ങളും നിശ്ചലം

അന്ധന്‍റെ സിഗ്നല്‍ അന്ധത. –

കവി പറഞ്ഞതിനേക്കാൾ അൽപം വേഗത വടിയൂന്നി പോയ അവർക്കുണ്ടായിരുന്നു. ഒരു വണ്ടിയും അവർക്കായി നിശ്ചലമായതുമില്ല.

തടസ്സങ്ങൾ തിരിച്ചറിയാനും തട്ടി നോക്കി തടസ്സത്തിന്റെ കനമറിഞ്ഞു നീങ്ങാനും ഉപയോഗിക്കുന്ന വൈറ്റ് കെയ്ൻ, കാഴ്ച കുറവാണെന്ന് മറ്റുള്ളവർക്ക് തിരിച്ചറിയാൻ കൂടി ഉതകുന്നു. .

മുട്ടിന്റെ ഉയരം മുതൽ അര പൊക്കം വരെ ഉയരത്തിലുള്ള വസ്തുക്കൾ , തള്ളിനിൽക്കുന്ന ഫർണീച്ചറുകൾ, മരത്തിന്റെ ശാഖകൾ , എയർ കണ്ടീഷണറുകൾ ഇവയെല്ലാം കെയ്ന് ഉപയോഗിച്ചുള്ള പ്രയാണത്തിൽ വലിയ തടസ്സങ്ങളാണ്. അൾട്രാസൗണ്ട് പുറപ്പെടുവിക്കുകയും അതിന്റെ പ്രതിധ്വനി ഉപയോഗിച്ച് കെയിനിൽ ഇടത്തോട്ടോ വലത്തോട്ടോ തിരിയാൻ ഉള്ള വൈബ്രേഷനുകൾ നൽകുന്ന സ്മാർട്ട് കെയ്നുകൾ ഒക്കെ ഇന്നിറങ്ങുന്നു . പ്രകൃതിയിൽ വവ്വാലുകളും തിമിംഗലങ്ങളും ഈ രീതിയിലാണ് പ്രയാണം നടത്തുന്നത്.

‎സെൻസറുകളും സ്കാനറുകളും ഉപയോഗിക്കുന്ന കാണുന്ന കെയ്നുകൾക്കപ്പുറം കണ്ണടകളും ഹെഡ്ഗിയറുകളും സന്നാഹങ്ങളും ഇന്നത്തെ ടെക്നോളജി വെച്ച് ലഭ്യമാണ്‌. പലതും ചെലവേറിയവ..

അന്ധത വായനക്കും പഠനത്തിനും പഴയത് പോലെ തടസം സൃഷ്ടിക്കാത്തതിന് രണ്ട് വ്യക്തികളോടാണ് അന്ധർ പ്രധാനമായും കടപ്പെട്ടിരിക്കുന്നത്. കുട്ടിക്കാലത്ത് ഉളി കൊണ്ട് കാഴ്ച നഷ്ടപ്പെട്ട ബ്രെയിൽ ഉളി ഉപയോഗിച്ച് അക്ഷരങ്ങൾ അടർത്തിയും ഉയർത്തിയും ഒരു വലിയ ജനതയ്ക്ക് വായനയുടെ ലോകം തുറന്നു. പ്രതലത്തിൽ ഉയർന്നു നിൽക്കുന്ന ബിന്ദുക്കൾ തൊട്ടനുഭവിച്ച് അക്ഷരം തിരിച്ചറിയുന്ന ബ്രെയിൽ ,കാലത്തെ അതിജീവിച്ച് ഡിജിറ്റൽ സ്ക്രീനിൽ ഉപയോഗിക്കാവുന്ന റെഫ്രഷിബിൾ ബ്രെയിലിൽ ഒക്കെ എത്തി നിൽക്കുന്നു.

റേ കുർസ്വീൽ (Ray Kurzweil) കണ്ടെത്തിയ റീഡിങ്ങ് മെഷീനുകൾ പുസ്തകത്തിൽ എഴുതി വെച്ച വാക്ക് കേൾക്കാവുന്ന ശബ്ദമാക്കി മാറ്റുന്ന വിപ്ലവമുണ്ടാക്കി. പുസ്തകത്തിലെ വാക്കിനെ വിരലിലെ മർദത്തിലൂടെ കാണാത്തവർക്കായി വിവർത്തനം ചെയ്യുന്ന text to tactile ൽ നിന്ന് ഒരു കുതിച്ച് ചാട്ടമായിരുന്നു ഒപ്റ്റിക്കൽ കാരക്ടർ റെക്കഗ്നൈസേഷൻ (OCR) എന്ന text to voice. ആദ്യകാലത്ത് നിർമമവും യാന്ത്രികവുമായിരുന്നു അച്ചടിച്ച വാക്കുകളുടെ സിന്തെറ്റിക് ശബ്ദ പാരായണമെങ്കിൽ ഇന്ന് അതിന് ഒരു പാട് മാറ്റം വന്നു .

Ray Kurzweil നെ വായിക്കാൻ ശുഷ്ക മസ്തിഷ്കനായ ഞാൻ ശ്രമിച്ചപ്പോൾ പുള്ളിക്ക് ഭ്രാന്ത് മൂത്തോ തണുത്തോ ബുദ്ധിയായതാണ് എന്നാണ് തോന്നിയത് . ആ ബുദ്ധി യന്ത്രങ്ങൾക്ക് നൽകലാണ് പുള്ളിയുടെ ജീവിതം.

ചിന്തയും പ്രജ്ഞയും എന്നിങ്ങനെയുള്ള ജൈവവിലാസങ്ങൾ ഉൾപ്പെടെ എല്ലാത്തിലും യന്ത്രസാങ്കേതികവിദ്യകൾ ഇടപെടുയുകയും കൈയ്യേറുകയും ചെയ്യുന്ന കാലം വളരെ അടുത്തെത്തിയെന്നും മനുഷ്യയന്ത്രസങ്കരങ്ങളാവും നിലനിൽക്കുകയെന്നും ആണ് എന്ന് പുള്ളി പറയുന്നത് . എന്തോ, വിശ്വസിക്കുവാൻ പറ്റുന്നില്ല. കാഴ്ചശേഷി കുറഞ്ഞവനെ സംബന്ധിച്ച്, എഴുതി വെച്ച വാക്കിനെ ശബ്ദമാക്കുന്ന കലയോളം വലിയ ശാസ്ത്രം മറ്റൊന്നില്ല എന്നതിൽ തർക്കമില്ല.

ഒട്ടു മിക്ക രാജ്യങ്ങളിലും പല കാലങ്ങളിലായ് അന്ധൻമാർക്ക് വായിക്കാനുതകുന്ന ഫോർമാറ്റിലേക്ക് പുസ്തകം രൂപാന്തരപ്പെടുത്തുന്നതിൽ കോപ്പിറൈറ്റ് നിയമങ്ങളിൽ അയവു വരുത്തിയതും അവരുടെ വായനയ്ക്ക് നേട്ടമായി .

അന്ധരായവർ പ്രാഥമിക വിദ്യാഭ്യാസത്തിനപ്പുറം പഠിക്കാത്ത കാലത്ത് BA economics ചേരാൻ ശ്രമിച്ച് പലയിടത്തും തിരസ്കൃതനായി വാസുമാഷ് തൃശൂർ കേരളവർമ കോളേജിൽ ചെന്നപ്പോൾ അദ്ദേഹത്തേ കൂടി പഠിപ്പിക്കാനുളള വലിയ തീരുമാനം പ്രിൻസിപ്പൾ സ്വീകരിച്ച കഥ കേൾക്കാൻ കൗതുകമാണ്. അന്ന് അക്കങ്ങളുടെ കളങ്ങളിലെ കളികൾ സങ്കീർണമാക്കുന സ്റ്റാറ്റിസ്റ്റിക്സ് പഠിക്കുക ദുഷ്കരമായത് കൊണ്ട് അദ്ദേഹത്തിന് വേറെ ഓപ്ഷനുകൾ സ്വീകരിക്കേണ്ടി വന്നു. ഇന്ന് അതും പ്രയാസമാവില്ല എന്ന് വേണം കരുതാൻ.

IIT ടോപ്പറായും Android developer ആയും ഒക്കെ കാഴ്ച ശേഷി കുറവുള്ളവർ ശോഭിക്കുന്നുണ്ട് . പക്ഷേ ആ മാറ്റത്തിന്റെ മാറ്റ് കേരളത്തിലേക്കെത്തുന്നുണ്ടോ എന്ന് സംശയമാണ്. നല്ലൊരു ശതമാനവും അഭ്യസ്തവിദ്യർ അധ്യാപകരായി ജോലി ചെയ്യുമ്പോൾ, മറ്റുളളവർ അഭിഭാഷക വൃത്തി, ഗായകൻ എന്നീ ജോലികൾ ചെയ്യുന്നു. മിക്ക മേഖലകളിലും അവരുടെ സാന്നിധ്യം ശുഷ്കമാണ്.

ഒക്ടോബർ 15 -വൈറ്റ് കെയ്ൻ ഡേ ..അന്ധരായവരുടെ സ്വാതന്ത്യത്തിന്റെയും വ്യക്തിത്വത്തിന്റെയും ചിഹ്നമായ വെള്ള കെയ്ൻ സമൂഹത്തിന് ഒരോർമപ്പെടുത്തലായിരിക്കുവാൻ വെള്ളക്കെയ്ൻ ദിനം ആചരിക്കുവാൻ തുടങ്ങിയത് 1964 ലാണ്. അമേരിക്കയിലാണ് ഇതിന്‍റെ തുടക്കം ..

എല്ലാ വെല്ലുവിളികളും അവരും ഏറ്റെടുക്കട്ടെ. ഉൾക്കാഴ്ച ജ്വലിക്കട്ടെ.

ലേഖകർ
Dr. Anjit.U. MBBS from Academy of Medical Sciences 2000, MD Pathology from Government Medical College, Thiruvananthapuram in 2007. Worked in various private Medical colleges before joining Govt.Medical College Manjeri in 2014 under Medical education Department . Specially interested in public health, propelling scientific culture. Member of editorial board of Kerala wing of Indian Medical Association health magazine 'Nammude Arogyam'.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ