· 3 മിനിറ്റ് വായന

വിരചരിതം

Primary Careപൊതുജനാരോഗ്യം

🐛 നിങ്ങൾക്ക് കൃമികടി ഉണ്ടായിട്ടുണ്ടോ?

“എന്തൂട്ട് ചോദ്യം?” എന്നാവും നിങ്ങളുടെ മനസ്സിൽ. ഒട്ടുമിക്കവരും കുട്ടിക്കാലത്ത് കൃമികടി മൂലം ഒരിക്കലെങ്കിലും എരിപൊരി സഞ്ചാരം കൊണ്ടിട്ടുണ്ടാവും.

രാത്രിയിൽ കുഞ്ഞുകുഞ്ഞുകൃമികൾ (പിൻ വേം ആണ് സംഗതി) വൻ കുടലിൽ നിന്ന് സ്വൈര്യ സഞ്ചാരം നടത്തി മലദ്വാരത്തിന് ചുറ്റും സർക്കീട്ട് അടിച്ച് ചറപറാ മുട്ടകളിട്ട് നിറയ്ക്കും. ആ സമയത്തുള്ള കടിയും ,വെരുകലും, സഞ്ചാരവും ഒക്കെ കാരണം പാതിരാത്രിയിൽ കൃമികടിച്ച് ഉറക്കം പോയ കുഞ്ഞുങ്ങളെയുമെടുത്ത് അത്യാഹിത വിഭാഗത്തിലെത്തുന്ന അച്ഛനമ്മമാരുടെ എണ്ണം അത്ര കുറവൊന്നുമല്ല ..

🐛 വിരകളതിസാഗരം

എത്രയെത്ര തരം വിരകൾ … ഉരുളൻ വിര ( റൗണ്ട് വേം) ,കൊക്കപ്പുഴു ( ഹുക്ക് വേം) ,കൃമി ( പിൻ വേം ), നാട വിര( ടേപ്പ് വേം) , ചാട്ട വിര( വിപ് വേം) തുടങ്ങി വിരവീരന്മാർ അനവധി …

ഇവയിൽ റൗണ്ട് വേം പെണ്ണുങ്ങൾ മുട്ടയിട്ട് ആർമ്മാദിച്ചു കളയും ..ഒരു ദിവസം രണ്ട് ലക്ഷം മുട്ടയൊക്കെ ഇട്ടു കളയും അവർ ഓരോരുത്തരും.

🐛 അനുകൂല സാഹചര്യങ്ങൾ

പരിമിതമായ ജീവിത സാഹചര്യവും സാമ്പത്തിക പശ്ചാത്തലവും ,തുറന്ന സ്ഥലത്തെ മലവിസർജനം , മണ്ണ് തിന്നുന്ന സ്വഭാവം ,മനുഷ്യവിസർജ്യം വളമായി ഉപയോഗിക്കുന്ന കൃഷിരീതികൾ ഇവയൊക്കെ ഇതിൽ ചിലതു മാത്രം ..

ഏതു പ്രായത്തിലും വിരബാധ ഉണ്ടാകാമെങ്കിലും ചെറിയ കുട്ടികളിലാണ് ഇവ കൂടുതൽ കാണുക.

🐛 വിര ഉണ്ടായാലെന്താ കുഴപ്പം?

നമ്മൾ വിരയ്ക്ക് ചാർത്തിക്കൊടുക്കാത്ത രോഗലക്ഷണങ്ങളില്ല.

വിശപ്പ് കുറവ് മുതൽ ആർത്തി വരെ ,വയറൊട്ടിയത് മുതൽ വയർ ചാടിയത് വരെ ,ഉറക്കത്തിലെ പല്ല് കടി മുതൽ കൂർക്കം വലി വരെ ….എല്ലാം വിരകളുടെ പിടലിക്ക് വെച്ച് കൊടുക്കും നമ്മൾ.

ഒരു വിധത്തിൽ പെട്ട വിരബാധയൊന്നും കാര്യമായ രോഗലക്ഷണങ്ങൾ ഉണ്ടാക്കുന്നില്ല എന്നതാണ് സത്യം. പിന്നെ വിര നല്ല ഹെവി ലോഡ് ആണെങ്കിൽ തീർച്ചയായും രോഗലക്ഷണങ്ങൾ പ്രകടമാവും.

റൗണ്ട് വിരകൾ ശ്വാസകോശ സംബന്ധിയായ ലക്ഷണങ്ങൾ ( ചുമ ,ശ്വാസം മുട്ട് ) എന്നിവ ഉണ്ടാക്കാം. കുടലിലും പിത്ത നാളികളിലും തടസ്സങ്ങളുണ്ടാക്കാം. കുടലിലെ ബ്ലോക്ക് വയർ സ്തംഭനം , ഛർദ്ദിൽ തുടങ്ങിയ ലക്ഷണങ്ങളോടെ പ്രത്യക്ഷപ്പെടാം.

കൊക്കപ്പുഴു അഥവാ ഹുക്ക് വേം വിളർച്ചയ്ക്കും പോഷക ദൗർലഭ്യത്തിനും കാരണമാകാം. ചിലപ്പോഴെങ്കിലും വിശപ്പ് കുറവ് ,വയറുവേദന, വയറിളക്കം എന്നിവക്ക് ഹുക്ക് വേം കാരണമാകാം. ഈസിനോഫീലിയയുടെ ഒരു കാരണം ഇത്തരം വിര ബാധയാവാം.

വിപ് വേം അഥവാ ചാട്ട വിര അതിസാരം ,വിളർച്ച ,വളർച്ചക്കുറവ് മുതലായവയ്ക്ക് കാരണമാകാം.

മലദ്വാരത്തിന് ചുറ്റും ഉള്ള അസഹ്യമായ ചൊറിച്ചിലും ,നിദ്രാവിഹീനരാത്രികളും കൃമികളുടെ പ്രത്യേക ലക്ഷണങ്ങളാണ്.

പലപ്പോഴും മലത്തിൽ കൃമിയോ വിരയോ കാണുമ്പോഴാണ് മാതാപിതാക്കൾ കുട്ടികൾക്ക് വിരമരുന്ന് നൽകാൻ വട്ടം കൂട്ടുക.

🏹 വിരയെ തുരത്താം …

ഏതു പ്രായത്തിലും കഴിയ്ക്കാവുന്ന വിവിധയിനം വിര മരുന്നുകൾ വിപണിയിൽ ലഭ്യമാണ്. സാർവത്രികമായി ഉപയോഗത്തിലുള്ള ബെൻസിമിഡസോൾ ഗ്രൂപ്പിൽ പെട്ട ആൽബൻഡസോൾ ,മെബെൻഡസോൾ എന്നിവ ഒരു വയസ്സിന് മേലെ ഉപയോഗിക്കാനാണ് ലോകാരോഗ്യ സംഘടന നിഷ്കർഷിച്ചിരിക്കുന്നത്. പൈറാന്റൽ ,പിപ്പറാസിൻ, നിറ്റാസോക്സാനൈഡ് എന്നിവ പ്രചാരത്തിലുള്ള മറ്റ് പ്രധാന വിര മരുന്നുകളാണ്.

🎗 വിരമരുന്നിന് ഒപ്പം വയറിളക്കാൻ മരുന്ന് കൊടുക്കണോ?

നിലവിൽ സാധാരണയായി നമ്മൾ കൊടുക്കുന്ന വിരമരുന്നുകൾക്കൊപ്പം വയറിളക്കാൻ മരുന്ന് കൊടുക്കേണ്ട ആവശ്യമില്ല.

🎗 കൃമിക്കും വിരക്കും വെവ്വേറെ മരുന്ന് കൊടുക്കണോ?

വേണ്ട.

🎗 വിര മരുന്ന് കൊടുക്കുമ്പോൾ മറ്റ് ആഹാരങ്ങൾ പതിവ് പോലെ കൊടുക്കാമോ?

കൊടുക്കാം.

🎗 എത്ര നാൾ കൂടുമ്പോൾ വിരമരുന്ന് കൊടുക്കാം?

ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്നത് കുട്ടികൾക്ക് ഒരു വയസ്സ് പ്രായമായാൽ ഓരോ ആറു മാസത്തെ ഇടവേളകളിലും വിരമരുന്ന് കൊടുക്കണം എന്നാണ്.

🎗 വീട്ടിലെ എല്ലാവരും ഒന്നിച്ച് വിരമരുന്ന് കഴിക്കേണ്ടതുണ്ടോ?

വിരബാധ പൂർണമായും മാറ്റാൻ കുടുംബത്തിലെ എല്ലാവരും ഒരേ സമയം വിര മരുന്ന് കഴിക്കുന്നതിലൂടെ സാധിക്കും.പ്രത്യേകിച്ച് വിരബാധയുടെ തോത് കനത്തതാവുമ്പോൾ ..

🎗 വിരബാധ തടയാൻ …

തുറസ്സായ സ്ഥലത്തെ മലവിസർജനം ഒഴിവാക്കുക.

ഭക്ഷണത്തിന് മുമ്പും ശൗചകർമ്മം കഴിഞ്ഞും കൈകൾ സോപ്പിട്ട് കഴുകുന്നത് ശീലമാക്കുക.

ടോയ്ലറ്റ് കവറും പോട്ടിയും ദിവസേന നന്നായി കഴുകി വൃത്തിയാക്കുക.

പഴങ്ങളും പച്ചക്കറികളും വേവിക്കാതെ കഴിക്കുന്നുവെങ്കിൽ ശുദ്ധജലത്തിൽ വൃത്തിയായി കഴുകുക.

നഖം വൃത്തിയായി വെട്ടി സൂക്ഷിക്കുക.

അടിവസ്ത്രങ്ങളും പുതപ്പും മറ്റ് വസ്ത്രങ്ങളും നന്നായി കഴുകി വെയിലത്തുണക്കുക.

വിരബാധ കൂടുതലുള്ള കുട്ടികളുടെ അടിവസ്ത്രങ്ങളും ബെഡ്ഷീറ്റും ദിവസേന മാറ്റണം.

ഇവയൊക്കെ ശ്രദ്ധിക്കുക. കൂട്ടത്തിൽ വിരമരുന്ന് കൃത്യ ഇടവേളകളിൽ കഴിയ്ക്കുക.

അല്ലെങ്കിൽ കൃമികടി സമയത്ത് നമ്മുടെ പരവേശം കണ്ട് പരാക്രമം കൃമികളോടല്ല വേണ്ടൂ എന്ന് ആരെങ്കിലും പറയാനും മതി!

ലേഖകർ
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
ആരോഗ്യ അവബോധം

79 ലേഖനങ്ങൾ

പൊതുജനാരോഗ്യം

48 ലേഖനങ്ങൾ

കിംവദന്തികൾ

40 ലേഖനങ്ങൾ

Hoax

39 ലേഖനങ്ങൾ

ശിശുപരിപാലനം

34 ലേഖനങ്ങൾ

Infectious Diseases

33 ലേഖനങ്ങൾ

Medicine

32 ലേഖനങ്ങൾ

Pediatrics

31 ലേഖനങ്ങൾ

Preventive Medicine

25 ലേഖനങ്ങൾ