കാത്തുനിൽക്കാതെ പോകുന്നവർ
ജൂലൈ 1 ഡോക്ടേഴ്സ് ദിനമാണല്ലോ, മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു ഓർമ്മ തന്നെയാകാം.
അത്യാഹിത വിഭാഗത്തിൽ വച്ചാണ് 17 വയസുള്ള അവനെ ഞാൻ ആദ്യം കാണുന്നത്.. തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നിന്നാണ് വരുന്നത്.. അവിടെ അഡ്മിറ്റ് ആവാൻ ഡോക്ടർ ആവശ്യപ്പെട്ടിരുന്നെങ്കിലും വീടിനടുത്തുള്ള ആശുപത്രി മതി എന്നു തീരുമാനിച്ചത് കൊണ്ടാണ് ഞങ്ങളുടെ ആശുപത്രിയിലേക്ക് വന്നിരിക്കുന്നത്.. അതിനും മുന്നേ വേറൊരു ഡോക്ടറുടെ കീഴിൽ മറ്റൊരാശുപത്രിയിൽ ഏതാനും ദിവസം അഡ്മിറ്റ് ആയിരുന്നു.. അസുഖത്തിൽ വലിയ പുരോഗതി കാണാത്തതിനാൽ അവിടെ നിന്നു ഡിസ്ചാർജ് വാങ്ങി പോയതാണ്..
പനിയും ഛർദിയും കഴലകളുടെ വീക്കവുമാണ് അവന്റെ പ്രശ്നം..2 ആഴ്ചയായി തുടങ്ങിയിട്ട്.. പരിശോധിച്ചു നോക്കിയപ്പോൾ നേരിയ പനിയുണ്ട്. കഴുത്തിലും കക്ഷകളിലും തുടയിടുക്കുകളിലും കഴലകൾ വീങ്ങി നിൽക്കുന്നു.. കരളും പ്ലീഹയും ചെറുതായി വീങ്ങിയിട്ടുണ്ട്.. നേരത്തെ കിടന്നിരുന്ന ആശുപത്രിയിൽ നിന്നും ചെയ്ത അൾട്രാ സൗണ്ട് സ്കാനിൽ വയറിനകത്തും കഴലകൾ വലുതായി നിൽപ്പുണ്ട്.. നേരത്തെ ചെയ്ത രക്ത പരിശോധനകളിൽ കുഴപ്പമൊന്നും കാണുന്നില്ല താനും..
പനിയും പല സ്ഥലങ്ങളിലായി കഴല വീക്കവും…Fever with generalized lymphadenopathy.. ഒരു മെഡിക്കൽ വിദ്യാർത്ഥിയുടെ പരീക്ഷാ ടോപിക് ആണ്.. ഒരു ഡോക്ടർക്കു സാമാന്യം മോശമല്ലാത്ത ഒരു വെല്ലുവിളിയുമാണ്. ഈ അവസ്ഥക്ക് നിരവധി കാരണങ്ങൾ ഉണ്ട് എന്നതാണ് ഇതിലെ പ്രശ്നം.. അതിൽ പ്രത്യേകിച്ചു ചികിത്സ ഒന്നുമില്ലാതെ, തനിയെ മാറുന്ന വൈറസ് അണുബാധ തൊട്ട് AIDS, TB, ബ്ലഡ് കാൻസർ, കഴലകളിലെ കാൻസർ ആയ ലിംഫോമ തുടങ്ങിയ ഗുരുതരമായ അസുഖങ്ങൾ വരെയുണ്ട്.. ഇതിൽ ഏതെന്നു തിരിച്ചറിയലാണ് ആദ്യ കടമ്പ.
ഏതാനും ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളു എങ്കിൽ ഗൗരവമില്ലാത്ത വൈറസ് അണുബാധയുടെ സാധ്യതയാണ് സാധാരണ ഡോക്ടർമാർ ആദ്യം പരിഗണിക്കുന്നത്.. എന്നാൽ മാസങ്ങൾ ആയിട്ടുള്ള പ്രശനമാണെങ്കിൽ കൂടുതൽ ഗൗരവമുള്ള മറ്റു അസുഖങ്ങളുടെ സാധ്യതകളാണ് ആദ്യം പരിഗണിക്കുക. ഈ രോഗിയുടെ കാര്യത്തിൽ ഇതിനു രണ്ടിനും ഇടക്കാണ്. ഇല്ലത്തു നിന്നു പോവുകയും ചെയ്തു അമ്മാത്ത് എത്തുകയും ചെയ്തിട്ടില്ല എന്ന അവസ്ഥ. ആദ്യമേ ഗൗരവമുള്ള അസുഖങ്ങളുടെ പരിശോധനകളിലേക്കു കടക്കണമോ അതോ ഒരാഴ്ച കൂടി കാത്തിരിക്കണോ എന്ന കലശലായ ശങ്ക.. കഴുത്തിലോ കക്ഷത്തിലോ ചെറിയ മുറിവുണ്ടാക്കി ഒന്നോ രണ്ടോ കഴല പുറത്തെടുത്തു നടത്തുന്ന histopathology (ബയോപ്സി) പരിശോധനയാണ് അതിലെ പ്രധാനം.. നേരിട്ടു അതിലേക്കു പോവുന്നത് അമിതമായ ധൃതി കാണിക്കലാണോ എന്നാണ് ശങ്ക.. കൂട്ടിയും കിഴിച്ചും അവസാനം ഒരാഴ്ച കൂടി കാത്തിരിക്കാം എന്നാണ് മനസ് മന്ത്രിച്ചത്..
എന്റെ മനസ്സിലെ സാധ്യതകളും ശങ്കയുമെല്ലാം വളരെ വിശദമായി രോഗിയുടെ രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. ഒരാഴ്ച കൂടി നോക്കിയ ശേഷം ബയോപ്സി നടത്താം എന്ന തീരുമാനത്തോട് അവരും യോജിച്ചു.
രണ്ടു ദിവസം അഡ്മിറ്റ് ചെയ്തു പനിക്കും ചർദ്ധിക്കും മരുന്നു കൊടുത്തു , ഛർദി മൂലമുണ്ടായ നിർജലീകരണം പരിഹരിച്ചപ്പോഴേക്കും അവന്റെ സ്ഥിതി കുറെ മെച്ചപ്പെട്ടു. രോഗിയും രക്ഷിതാക്കളും ഞാനും ഹാപ്പി.. ബയോപ്സി ടെസ്റ്റ് ഒന്നും വേണ്ടി വരില്ല എന്ന ഒരു പ്രതീതിയായി എല്ലാവർക്കും.. രാത്രി റൗണ്ടസ് ന് ചെന്നപ്പോൾ ആൾ വളരെ ഉന്മേഷവാനാണ്.. പിറ്റേ ദിവസം കാലത്തു വീട്ടിൽ പോകാം എന്ന് പറഞ്ഞാണ് ഞാൻ ആശുപത്രിയിൽ നിന്നും പോന്നത്.
എന്നാൽ രാവിലെ റൗണ്ടസ് സമയത്തു അവനെ കണ്ടപ്പോൾ കാര്യങ്ങൾ ആകെ മാറി.. മൊത്തത്തിൽ ഒരു ഉത്സാസഹാമില്ലായ്മ…ഉണർന്നിരിപ്പാണെങ്കിലും ചോദ്യങ്ങൾക്ക് ഒന്നിനും മറുപടിയില്ല.. മൊത്തത്തിൽ ഒരു irritability… എന്നാൽ പരിശോധനയിൽ മറ്റു കുഴപ്പങ്ങൾ ഒന്നും കാണുന്നുമില്ല.. പനിയും ചർദ്ധിയുമൊന്നും ഇല്ല.. വെറുതെ കാണിക്കുന്നതാണോ എന്നായി എന്റെ സംശയം..
രക്ഷിതാക്കളെ പുറത്തേക്കു കൊണ്ടു വന്നു ഞാൻ ആ സംശയം പങ്കു വെച്ചു..
സാധ്യത ഉണ്ട് സാർ.. സ്കൂളിൽ പോവാൻ വലിയ മടിയാണ്. നാളെ മുതൽ വീണ്ടും സ്കൂളിൽ പോവണം എന്നത് കൊണ്ട് കാണിക്കുന്നതുമാവാം. അവനു ഇങ്ങനെ ചില കളികൾ ഉണ്ട് ഇടക്ക്. പഠനത്തിൽ മോശമാണ്. അവന്റെ സ്കൂളിലെ ഒരു ടീച്ചറുടെ അടുത്തു കൗണ്സിലിംഗിന് പോവാൻവേണ്ടി ഒരുങ്ങിയതായിരുന്നു ഞങ്ങൾ..” അമ്മയുടെ വാക്കുകൾ…
എങ്കിൽ നിങ്ങൾ വീട്ടിൽ പോയി ഒരാഴ്ച കഴിഞ്ഞു വരൂ.. ബയോപ്സിയുടെ കാര്യം അപ്പോൾ തീരുമാനിക്കാം.. ഞാൻ പറഞ്ഞു.. അതനുസരിച്ചു അന്ന് അവർ വീട്ടിൽ പോവുകയും ചെയ്തു..
പിറ്റേന്ന് പുലർച്ചെ on call ഡ്യൂട്ടി അല്ലാതിരുന്നിട്ടു കൂടി ഫോൺ തുടർച്ചയായി റിങ് ചെയ്യുന്നത് കേട്ടാണ് ഉറക്കത്തിൽ നിന്നുണർന്നത്. അത്യാഹിത വിഭാഗത്തിൽ നിന്നും സീനിയർ സിസ്റ്റർ ആണ് വിളിക്കുന്നത്..
സാറേ.. ഇന്നലെ ഡിസ്ചാർജ് ചെയ്ത ആ കുട്ടിയില്ലേ.. അവനെ ഇതാ മരിച്ച നിലയിൽ കൊണ്ടു വന്നിരിക്കുന്നു… ഇവിടത്തെ ചികിത്സയിൽ എന്തോ പിഴവ് പറ്റിയ കാരണം മരിച്ചതാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
കരിയർ തുടങ്ങിയ ശേഷം ആദ്യമായാണ് ഇത്ര വലിയ ഒരു ഞെട്ടൽ.. ഒരിക്കലും ഒരു മരണം പ്രതീക്ഷിക്കുന്ന കേസ് അല്ല.. വിശ്വസിക്കാൻ കഴിയാതെ ഞാൻ തരിച്ചിരുന്നു ഒരു നിമിഷം..
ആദ്യത്തെ അമ്പരപ്പ് കഴിഞ്ഞ ഉടനെ എന്താ ഉണ്ടായതെന്ന് വിശദമായി പറയാൻ ആവശ്യപ്പെട്ടു.. കൊണ്ട് വരുന്ന സമയത്തു വായിൽ നിന്ന് നുരയും പതയും വന്നിരുന്നു എന്നു പറഞ്ഞു സിസ്റ്റർ.. ഹൃദയ സംബന്ധമായ അസുഖം മൂലമുള്ള ശ്വാസം മുട്ടിന്റെ സമയത്തോ ഫ്യൂറഡാൻ പോലെയുള്ള വിഷം കഴിച്ച ആളുകളിലുമാണ് സാധാരണ വായിൽ നിന്നും മൂക്കിൽ നിന്നും ഇങ്ങനെ നുരയും പതയും വരാറുള്ളത്. ഫ്യൂറഡാൻ കഴിച്ചു കാണുമോ.. സംശയം എന്നു പറഞ്ഞു തള്ളി കളയാൻ വയ്യ.. എന്തെങ്കിലും മാനസിക പ്രശ്നങ്ങൾ കാരണം എടുത്തു കഴിച്ചു കാണുമോ….അങ്ങനെ ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ സിസ്റ്റർ മറ്റൊരു കാര്യം കൂടി പറഞ്ഞു.. വരുന്ന സമയത്തു ‘അമ്മ കരയുന്നത് കേട്ട കാര്യമാണ്.. കഞ്ഞി കുടിച്ചു ഒരു കുഴപ്പവും ഇല്ലാതെ ഉറങ്ങാൻ കിടന്നു കുട്ടിയാണ്.. രാത്രി ഉണർന്നു നെഞ്ചു വേദന എന്നു പറഞ്ഞു.. ഞാൻ ഒരു പാരസെറ്റമോൾ എടുത്തു കൊടുത്തു.. എന്നിട്ടും എന്റെ കുട്ടി പോയല്ലോ…ഇതു പറഞ്ഞാണ് ‘അമ്മ കരഞ്ഞിരുന്നത് എന്നു..
അപ്പോൾ ഹാർട്ട് അറ്റാക്ക്??… ഈ പ്രായത്തിൽ? സാധ്യത വളരെ വളരെ കുറവ്.. അല്ല എന്ന് തീർത്തു പറയാനും കഴിയില്ല. ചെറു പ്രായത്തിൽ തന്നെ അറ്റാക് വരുന്ന അപൂർവ്വ രോഗങ്ങൾ ഉണ്ട്.. അങ്ങനെ വല്ലതും ആവുമോ…
അവർ ബോഡി കൊണ്ടു പോവാൻ ഒരുങ്ങുന്നുണ്ട്.. എന്താ ചെയേണ്ടത്? സിസ്റ്ററുടെ ചോദ്യം..
പെട്ടന്ന് ആണ് തലയിൽ ബൾബ് കത്തിയത്.. ഒരു കാരണവശാലും ബോഡി വിട്ടു കൊടുക്കരുത്. സംശയകരമായ മരണമാണ്.. പോസ്റ്റ്‌മോർട്ടം ചെയ്യിക്കണം.. മരണകാരണം അറിയണം.. നാളെ ഇതുപോലെ വരുന്ന ഒരു രോഗിയുടെ കാര്യത്തിൽ ചിലപോൾ അതു ഉപകാരപ്പെടും.. മാത്രമല്ല എന്റെ നിരപരാധിത്വം തെളിയിക്കാനും അതു ആവശ്യമാണ്.
എന്നാൽ പോസ്റ്റ്മോർട്ടം എന്നു കേട്ടതോടെ ആളുകളുടെ മട്ടുമാറി. നിങ്ങൾ ഇവിടെ ചികിൽസിച്ച കുട്ടിയല്ലേ.. പിന്നെ എന്തിനാണ് പോസ്റ്റ്‌മോർട്ടം എന്നാണ് ചോദ്യം..
രാവിലെ ഞാൻ ആശുപത്രിയിൽ എത്തുമ്പോഴേക്കും ബന്ധുക്കളെ കൊണ്ടു ആശുപത്രി നിറഞ്ഞിട്ടുണ്ട്. ചിലർ അതിനിടെ 2 ലക്ഷം രൂപ നഷ്ടപരിഹാരം വരെ ആവശ്യപ്പെട്ടു കഴിഞ്ഞു.. ആശുപത്രിയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാവുമ്പോൾ ആളി കത്തിക്കാൻ വരുന്ന ചില സ്ഥിരം പ്രതികളും അവരുടെ കൂടെയുണ്ട്. അതെപ്പോഴും അങ്ങനെയാണ്.. ഏതെങ്കിലും കാലത്തു എന്തെങ്കിലും അവരിഷ്ടപ്പെടാത്ത അനുഭവങ്ങൾ ആശുപത്രിയിൽ നിന്ന് ഉണ്ടായവർ.. താപ്പു കിട്ടുമ്പോൾ എല്ലാം എരി തീയിൽ എണ്ണയൊഴിക്കാൻ വരുന്നവർ.. ഇത്തരക്കാർ എല്ലാ ആശുപത്രിയെ ചുറ്റിപ്പറ്റിയും കാണും.. എന്നാൽ അതിലേറെ ആളുകൾ ആശുപത്രിയെയും ഡോക്ടർമാരെയും ഇഷ്ടപ്പെടുന്നവർ ഉണ്ടാകും..പക്ഷെ ഒരു ആവശ്യം വരുമ്പോൾ സംരക്ഷകരായി അവരാരും ഉണ്ടാവില്ല എന്നു മാത്രം..
അത്യാഹിത വിഭാഗത്തിൽ എന്നെ കാത്തു പോലീസ് നിൽപ്പുണ്ടായിരുന്നു. അവർ എനിക്കെതിരെ പരാതി കൊടുത്തതായിരിക്കും എന്നാണ് ഞാൻ കരുതിയത്. എന്നാൽ പരാതി എനിക്കെതിരെ അല്ലായിരുന്നു.. പോസ്റ്റുമോർട്ടം വേണം എന്ന എന്റെ ആവശ്യത്തിനു എതിരെയാണ് പോലീസിന്റെ സഹായം തേടിയിരിക്കുന്നത്.. പോസ്റ്റ് മോർട്ടം ഏതു വിധേനയും ഒഴിവാക്കി കിട്ടണം.. നിങ്ങൾ ചികിൽസിച്ച കുട്ടിയല്ലേ ഒഴിവാക്കി വിട്ടൂടെ എന്നു അവരും ചോദിക്കുന്നു..
മരണ കാരണം അറിയണം, നാളെ ഒരു രോഗിക്ക് അതു ഗുണം ചെയ്തേക്കാം, നഷ്ട പരിഹാര ആവശ്യത്തിൽ നിന്നു എനിക്കും ആശുപത്രിക്കും രക്ഷപ്പെടണം, പിന്നീട് ഇതു ഒരു കേസ് ആയി മാറിയാൽ മറവു ചെയ്ത ബോഡി വീണ്ടും പുറത്തെടുത്തു പോസ്റ്റ്‌മോർട്ടം ചെയ്യേണ്ടി വന്നേക്കാം എന്ന എന്റെ വാദങ്ങൾ പോലീസ് അംഗീകരിച്ചു..
ബോഡി തൃശൂർ മെഡിക്കൽ കോളേജിലേക്ക് അയച്ചു. ആ സമയം കൊണ്ട് ഡിസ്ചാർജ് ചെയ്ത ശേഷം അവനു എന്തു സംഭവിച്ചു എന്ന് കുറെ കൂടി വിവരങ്ങൾ പല വഴികളിലൂടെ ഞാൻ ശേഖരിച്ചു.. രാവിലെ ഞാൻ ഡിസ്ചാർജ് ചെയ്ത അതേ അവസ്ഥയിൽ തന്നെ കിടന്നു അവൻ മരിച്ചു പോയോ എന്നതായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ആധി.. അങ്ങനെയെങ്കിൽ ഡിസ്ചാർജ് ചെയ്യുന്ന മുന്നേ ഞാൻ അവനെ നോക്കി വിലയിരുത്തിയതിൽ എന്തോ കനത്ത പാളിച്ച സംഭവിച്ചു എന്ന് വേണം മനസിലാക്കാൻ.. അങ്ങനെയെങ്കിൽ അതിന്റെ അപമാനവും കുറ്റബോധവും ഒരിക്കലും വിട്ടുമാറില്ല… എന്നാൽ വീട്ടിലെത്തിയ ശേഷം അവൻ ഉന്മേഷവാനായിരുന്നു എന്നും നേരത്തെ നിശ്ചയിച്ച പ്രകാരം ടീച്ചറുടെ അടുത്തു കൗണ്സിലിങ് ന് പോവുകയും രണ്ടാമത്തെ സെഷനുള്ള സമയവും നിശ്ചയിച്ചാണ് തിരിച്ചു പോന്നത് എന്ന വിവരവും കിട്ടിയപ്പോൾ വല്ലാത്തൊരു ആശ്വാസമായി..
ഈ സമയം കൊണ്ട് പോസ്റ്റ്‌മോർട്ടം തീർന്നു.. ചെയ്യാൻ കൂടെ കയറിയ ഒരു സുഹൃത്ത് വഴി പ്രാഥമിക റിപ്പോർട് അറിയാൻ കഴിഞ്ഞു.. ഹൃദയത്തിലെ പ്രധാന രക്തക്കുഴലുകളിൽ ഒരെണ്ണം 100 ശതമാനം അടഞ്ഞു ഹാർട്ട് അറ്റാക്ക് വന്നതാണ് പെട്ടെന്നുള്ള മരണത്തിനു കാരണം.. നെഞ്ചു വേദന വന്നു എന്ന് ‘അമ്മ പറഞ്ഞതും വായിൽ നിന്ന് നുരയും പതയും വന്നിരുന്നു എന്നു സിസ്റ്റർ പറഞ്ഞതും ഇപ്പോൾ വളരെ വ്യക്തമാണ്.. ശരീരത്തിൽ വീങ്ങി നിന്നിരുന്ന കഴലകളിൽ ചിലതു പതോളോജി വിഭാഗത്തിലേക്ക് അയച്ചു പരിശോധന നടത്തിയിരുന്നു.. കഴലകളെ ബാധിക്കുന്ന ഗൗരവം കൂടിയ തരം കാൻസർ (Lymphoma ) ആയിരുന്നു അസുഖം.. ചില തരം കാൻസർ പിടിപെടുന്ന സമയത്തു രക്തം പതിവിലും വേഗത്തിൽ കട്ടപിടിച്ച രക്തക്കുഴലുകൾ ബ്ലോക്ക് ആക്കാനുള്ള പ്രവണത കാണിക്കും…അതാണ് ഈ രോഗിയുടെ അപ്രതീക്ഷിതമായ ഹൃദയാഘാതത്തിലേക്കും മരണത്തിലേക്കും വഴി വെച്ചത്. അവന്റെ തലച്ചോറിനകത്തു പോലും കാൻസർ കോശങ്ങൾ കണ്ടെത്തിയിരുന്നു പതോളോജി വിഭാഗം നടത്തിയ പരിശോധനയിൽ.. ഒരു പക്ഷെ അന്ന് ഞാൻ കണ്ട ആ സ്വഭാവ വ്യത്യാസം അതുമൂലം ആയിരുന്നിരിക്കാം..
പിന്നീട് 2 ചിന്തകളാണ് എന്നെ വേട്ടയാടികൊണ്ടിരുന്നത്.. ആദ്യ ദിവസം തന്നെ ബയോപ്സി എടുക്കാമായിരുന്നു … സ്വഭാവത്തിൽ വ്യത്യാസം കാണിച്ച സമയത്ത് നട്ടെല്ലിൽ നിന്നും നീര് കുത്തിയുള്ള പരിശോധന (Lumbar puncture ) ചെയ്തിരുന്നെങ്കിൽ ഒരു പക്ഷെ കാൻസർ കോശങ്ങളെ കണ്ടെത്താൻ പറ്റുമായിരുന്നു…
എന്നാൽ അങ്ങനെ ഞാൻ ചെയ്തിരുന്നെങ്കിൽ പോലും അവന്റെ വിധി മറ്റൊന്നാകുമായിരുന്നില്ല.. ബയോപ്സി എടുത്തു റിസൾട് കിട്ടാൻ 10 ദിവസത്തോളം എടുക്കും.. റിപ്പോർട് വന്നു കാൻസർ ചികില്സിക്കാൻ പറ്റുന്ന ഒരു ആശുപത്രിയിലേക്ക് അവനെ റെഫർ ചെയ്തു അവരുടെ പരിശോധനകളും കഴിഞ്ഞു ചികിത്സ ആരംഭിച്ചു എന്തെങ്കിലും ഒരു പുരോഗതി കാണുമ്പോഴേക്കും ഒന്നോ രണ്ടോ മാസങ്ങളെങ്കിലും കഴിഞ്ഞിരിക്കും.. അവന്റെ ഹൃദയ ധമനികളിൽ ഒരു രക്തക്കട്ടെ വില്ലനായി ഇരിപ്പുണ്ടെന്നു ഒരാൾക്കും ഊഹിക്കാൻ കഴിയുമായിരുന്നില്ല..
മറ്റു ഏതു മേഖലകളിലെയും പോലെ മാനുഷികമായ പരിമിതികളും നിസ്സഹായാവസ്ഥയും ഡോക്ടർമാർക്കും ഉണ്ടെന്നു ബോധ്യപ്പെടുത്താൻ വേണ്ടിയാണ് ഡോക്ടർസ് ഡേയിൽ എഴുതാൻ ഈ സംഭവം തന്നെ തിരഞ്ഞെടുത്തത്.. മറ്റു പല മേഖലകളിൽ നിന്നും വ്യത്യസ്തമായി ഒരു പിഴവ് പിന്നീട് തിരുത്താൻ ഉള്ള ഒരു അവസരം ഈ മേഖലയിൽ കിട്ടിയെന്നു വരില്ല..ഡോക്ടർമാർക്ക് പലപ്പോഴും അരക്ഷിതാവസ്ഥ തോന്നാനുള്ള ഒരു കാരണം അത് തന്നെ..
ഡോക്ടർസ് ദിനത്തിൽ പൊതുജനങ്ങളോട് ഒന്നേ പറയാനുള്ളു…നിങ്ങളെ പോലെ പച്ചയായ മനുഷ്യർ തന്നെയാണ് ഡോക്ടർമാരും.. നിങ്ങളുടെ ജോലി സ്ഥലത്തു നിങ്ങൾ ജോലി ചെയ്യുന്ന പോലെ ആശുപത്രികളിൽ ഞങ്ങളും ജോലി ചെയ്യുന്നു.. മാനുഷികമായ എല്ലാ പരിമിതികളും നിങ്ങളെ പോലെ ഞങ്ങൾക്കുമുണ്ട്.. സംശയങ്ങളും ആശങ്കകളും തീരുമാനം എടുക്കാനുള്ള ബുദ്ധിമുട്ടുകളും, എടുത്ത തീരുമാനങ്ങൾ തെറ്റി പോവാനുമുള്ള സാധ്യതകൾ എല്ലാം വൈദ്യശാസ്ത്ര മേഖലകളിലും ഉണ്ട്.. സ്വന്തം രോഗിക്ക് അപകടം വരുന്ന ഒരു തീരുമാനം ഒരു ഡോക്ടറും മനഃപൂർവ്വം എടുക്കില്ല എന്നുറപ്പ്.. അതുകൊണ്ട് സഹകരിക്കുക…പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലും ഊന്നിയതാവട്ടെ ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധം…