അശാസ്ത്രീയത വിളയിച്ച് ലാഭം കൊയ്യാനിറങ്ങുന്നവർ
നവംബർ ഏഴും നവംബർ പതിനാലും തമ്മിലുള്ള വ്യത്യാസം 9 ലക്ഷം രൂപയാണ്…അദ്ദേഹം യഥാർഥ ഗാന്ധിയനായിരുന്നു….ഗാന്ധിയെ ഒരുപാട് സ്നേഹിച്ചതുകൊണ്ട് ഗാന്ധിയെ എവിടെ കണ്ടാലും കളക്റ്റ് ചെയ്യുന്ന ഒരു ഗാന്ധിയൻ…എല്ലാം എട്ടാം തിയതി വെറുതെയായി….
തമാശ അവിടെ നിൽക്കട്ടെ. കുറച്ച് കാര്യം പറയാം. ടിയാൻ അടുത്ത ഉഡായിപ്പുമായി ഇറങ്ങിയിട്ടുണ്ട്. ” രോഗാണുക്കൾ ആണോ രോഗം ഉണ്ടാക്കുന്നത്? ” തെളിയിച്ചാൽ 1 (ഇപ്പൊ 10) ലക്ഷം രൂപ. കേൾക്കുമ്പൊ തോന്നാം ഈ ഡോക്ടർമാർക്ക് ഇത് സ്വീകരിച്ച് തെളിയിച്ചാൽ അയാളുടെ ശല്യം തീരില്ലേ എന്ന്? അത് മനസിലാക്കാൻ കുറച്ച് ഹിസ്റ്ററി അറിയണം. നിയമത്തിന്റെ കുരുക്കുകൾ മുതൽ ഇതുകൊണ്ട് ഒന്നും അവസാനിക്കില്ലെന്ന വസ്തുത വരെ കണക്കിലെടുത്താൽ ഇതിനൊരുമ്പെടുന്നത് നഷ്ടക്കച്ചവടമാണെന്ന് നിസാരമായി മനസിലാക്കാവുന്നതേയുള്ളൂ. അത് മാത്രമല്ല ആ ആലും ഇദ്ദേഹം തണലാക്കും.
- ഈ വെല്ലുവിളി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 2007ലെ ഒരു വീഡിയോയിൽ കണ്ടത് തെളിയിച്ചാൽ ഇയാളുടെ 4 ആശുപത്രി മോഡേൺ മെഡിസിൻ ഹോസ്പിറ്റലാക്കാമെന്നായിരുന്നു. ആ നാല് ഇപ്പൊ 9 ആയിട്ടുണ്ട്. (ഹോ…ഗാന്ധിജിയുടെ ഒരു ശക്തിയേ). മുൻപ് രണ്ട് സംവാദങ്ങളിലും തോറ്റോടിയപ്പൊഴും ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞ് ഒരു വീഡിയോ ഇട്ട് ഫയല്വാൻ ജയിച്ചേ മോഡൽ പ്രഖ്യാപനം നടത്തി തട്ടിപ്പ് പഴയതുപോലെ തുടരുകയായിരുന്നു. ഇവിടെയും അതുതന്നെ സംഭവിക്കും.
- തന്റെ വിവരമില്ലായ്മ പ്രദർശിപ്പിക്കുന്നതിന്റെ രണ്ടാം ലെവൽ സംഘം തരുന്ന പരീക്ഷണമൃഗത്തിൽ കുത്തിവച്ച് കാണിക്കണം എന്നുള്ള വാചകമാണ്. വെറുതെ വഴിയെ പോകുന്ന ഒരാൾക്ക് ഒരു സംശയം തോന്നുമ്പൊഴോ അല്ലെങ്കിൽ ഇതുപോലെ ഉള്ള വ്യാജന്മാർക്ക് മുതലെടുപ്പിനു വേണ്ടിയോ ചെയ്യാവുന്ന ഒന്നല്ല മൃഗങ്ങളിലുള്ള പരീക്ഷണം. വെറുതെ ഒരു പ്രാവിനെയോ പശുവിനെയോ സിനിമയിൽ കാണിക്കണമെങ്കിൽ പോലും നിയമപരമായി സർട്ടിഫിക്കറ്റുകൾ വേണമെന്നിരിക്കെ പരീക്ഷണത്തിന്റെ കാര്യം ആലോചിക്കാവുന്നതല്ലേയുള്ളൂ. മൃഗങ്ങളെ സൂക്ഷിക്കുന്ന സ്ഥലം തൊട്ട് പരീക്ഷണം നടത്തുന്ന ലാബും രീതിയും എങ്ങനെ ആകണമെന്ന് വരെ ഗൈഡ് ലൈനുകൾ ഉണ്ട്.
- മൂന്നാമത്തെ ഏറ്റവും പ്രധാനമായ കാര്യം കോക്ക് ഹൈപ്പോതീസിസുകളെക്കുറിച്ചാണ്. ” ജേം തിയറി ” യെന്നും കോക്ക് ഹൈപ്പോതീസിസുകളെന്നും ഒക്കെ നാഴികയ്ക്ക് നാൽപ്പതു വട്ടം പറയുന്ന വടക്കനും തെക്കനും ഒന്നും വ്യക്തമായി സംഗതി എന്താണെന്ന് അറിയാനുള്ള സാദ്ധ്യത കുറവാണ്. 1890ലാണ് സർ റോബർട്ട് കോക്ക് നാല് പോസ്റ്റുലേറ്റുകൾ (നിർദ്ദേശങ്ങൾ) മുന്നോട്ട് വയ്ക്കുന്നത്. ഒരു രോഗാണുവിനെ രോഗവുമായി ബന്ധിപ്പിക്കണമെങ്കിൽ…
(1) രോഗാണു രോഗമുള്ള ജീവിയുടെ ശരീരത്തിൽ ധാരാളമായി ഉണ്ടാകണം. അതേ സമയം ആരോഗ്യമുള്ള ജീവിയുടെ ശരീരത്തിൽ ഉണ്ടാകാൻ പാടില്ല
(2) ജീവിയുടെ ശരീരത്തിൽ നിന്ന് വേർതിരിച്ചെടുക്കാനും കൾച്ചറിൽ (ലബോറട്ടറിയിൽ) വളർത്താനും സാധിക്കണം
(3) ആരോഗ്യമുള്ള ജീവിയിൽ (പരീക്ഷണമൃഗം) വേർതിരിച്ചെടുത്ത രോഗാണു സമാനമായ ലക്ഷണങ്ങൾ (രോഗം) ഉണ്ടാക്കണം.
(4) പരീക്ഷണമൃഗത്തിൽ നിന്ന് രോഗാണുവിനെ വേർതിരിച്ച് എടുക്കാൻ കഴിയണം.അതിനെ തിരിച്ചറിയാനും കഴിയണം.
പക്ഷേ ഒരു ചെറിയ കുഴപ്പം. ആദ്യത്തെ വൈറസിനെ കണ്ടുപിടിക്കുന്നത് 1892ലാണ്. രോഗലക്ഷണങ്ങളില്ലാത്ത രോഗാണുവാഹകരെക്കുറിച്ച് (asymptomatic carrier (healthy carrier )) മനസിലാകുന്നത് പിന്നെയും കുറച്ചുകാലം കഴിഞ്ഞാണ് .എന്നുവച്ചാൽ കോക്കിന്റെ നിർദ്ദേശങ്ങൾ അനുസരിക്കാത്ത വിരുതന്മാരെക്കുറിച്ച് മനസിലാകുന്നത് പിന്നീടാണ്. കോക്കിന് അന്ന് അറിയാവുന്ന വസ്തുതകൾ വച്ചാണ് കോക്കിന്റെ നിയമങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്.
ആധുനിക വൈദ്യശാസ്ത്രം കോക്കിന്റെ നിയമങ്ങളെ ഉപയോഗിക്കുന്നത് അല്പം വ്യത്യാസപ്പെടുത്തിയാണ്. 1890 കഴിഞ്ഞ് 126 വർഷങ്ങൾ കൊണ്ട് നമ്മൾ ഒരുപാട് മുന്നേറിയിരിക്കുന്നു. ജീവിത ശൈലീ രോഗങ്ങളെക്കുറിച്ചും എപ്പിഡെമിയോളജിക്കൽ ട്രയാഡിനെ(ഏജന്റ് – ഹോസ്റ്റ് – എന്വയോണ്മെന്റ് ; അതായത് രോഗാണുവും ആതിഥേയനും(രോഗി) പരിസരവും എല്ലാം വെവ്വേറെ ആയിരുന്നാൽ രോഗമുണ്ടാകണമെന്നില്ല എന്ന് സൂചിപ്പിക്കുന്ന..)ക്കുറിച്ചും ഒക്കെ വടക്കൻ വായിച്ചെന്ന് നാഴികയ്ക്ക് നാൽപ്പത് വട്ടം വായിട്ടലയ്ക്കുന്ന പാർക്കിന്റെ ടെക്സ്റ്റുബുക്കിൽ പറഞ്ഞിട്ടുമുണ്ട്.ഇതൊക്കെ മറച്ചുവച്ച് 1890ലോട്ട് വാ എന്ന് വിളിച്ചോണ്ടിരിക്കുന്ന ആ നമ്പർ അങ്ങ് മനസിൽ വച്ചോണ്ടാ മതി.
ആധുനിക വൈദ്യശാസ്ത്രം രോഗം കണ്ടുപിടിക്കുന്നത് ഇപ്പോൾ മൃഗങ്ങളിലെ പരീക്ഷണങ്ങൾ വഴി അല്ല. രോഗാണുക്കൾ രോഗമുണ്ടാക്കുന്ന രീതികളെക്കുറിച്ച് ആഴത്തിൽ പഠിച്ചതും സൂക്ഷ്മകണങ്ങളുടെ തലത്തിൽ വരെ നടക്കുന്ന പ്രവർത്തനങ്ങൾ മനസിലാക്കിയതുമൊക്കെ രോഗനിർണയത്തിനു നമ്മളെ സഹായിക്കുന്നു. സീറോളജിക്കൽ ടെസ്റ്റുകൾ വന്നതൊക്കെ അങ്ങനെയാണ്.
എന്നിട്ടും വെല്ലുവിളി സ്വീകരിക്കാമെന്ന് Dr Jinesh PS അടക്കം ഒരുപിടി ആളുകൾ പോസ്റ്റിനടിയിൽ മറുപടി കൊടുത്തെങ്കിലും അതൊന്നും കാണാത്ത മട്ടിൽ അടുത്ത പോസ്റ്റ് ഒരാഴ്ച കഴിഞ്ഞ് ഇട്ടിട്ടുണ്ട്. ഇനി ഏത് സമയവും ” ഫയല്വാൻ ജയിച്ചേ ” പ്രതീക്ഷിക്കാം.
ഒരു ചെറിയ കഥ കൂടെ പറഞ്ഞ് അവസാനിപ്പിക്കാം. റോബർട്ട് കോക്ക് ഈ നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുന്നതിനും ബാക്ടീരിയയെ മൈക്രോസ്കോപ്പിലൂടെ കണ്ടെത്തുന്നതിനും മുൻപ് ഇഗ്നാസ് സെമ്മെല്വെൽസ് എന്ന ഒരു ഒബ്സ്റ്റട്രീഷ്യൻ ഉണ്ടായിരുന്നു. അക്കാലത്ത് നവജാത ശിശുക്കളുടെയും ഗർഭിണികളുടെയും മരണത്തിനു കാരണമായിരുന്ന പനി (puerperal fever ) ഉണ്ടാകുന്നത് പോസ്റ്റ് മോർട്ടം ഉൾപ്പടെയുള്ള പരിശോധനകൾ കഴിഞ്ഞ് പ്രസവം എടുക്കാൻ വരുന്ന ഡോക്ടർ കൈ കഴുകാത്തതുകൊണ്ടാണെന്ന വിപ്ലവകരമായ കണ്ടുപിടിത്തം നടത്തിയ ഡോക്ടർ. കഴുകാത്ത കൈകൾ ഏതോ ഒരു വിഷവസ്തു ഗർഭിണിയിലേക്കും കുഞ്ഞിലേക്കും മൃതശരീരത്തിൽ നിന്ന് കൊണ്ടുവരുന്നതാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിഗമനം. അന്ന് വളരെ അധികം എതിർപ്പ് അദ്ദേഹത്തിനു നേരിടേണ്ടി വന്നു. സ്വന്തം പ്രഫഷനും ജീവനുമായിരുന്നു ഇന്ന് ലോകം എമ്പാടും പിന്തുടരുന്ന ആ ശീലത്തിനു നൽകേണ്ടി വന്ന വില. പിന്നീട് ആ വിഷവസ്തു ബാക്ടീരിയ (Streptococcus pyogenes) ആണെന്നു കണ്ടുപിടിക്കപ്പെട്ടു. ആധുനിക വൈദ്യശാസ്ത്രം അന്ന് തെറ്റ് തിരുത്തിയെങ്കിലും 19ആം നൂറ്റാണ്ടിലേക്ക് വണ്ടി കിട്ടാത്തവർ (കിട്ടാത്തതല്ല. കിട്ടിയില്ലെന്ന് മനപ്പൂർവം തെറ്റിദ്ധരിപ്പിക്കുന്നതാണ്) ഇന്നും തെറ്റ് ആവർത്തിക്കുന്നു.
വാൽ : മിനിമം 5 കോടി രൂപ സമ്മാനം. അത് ബാങ്കിൽ ഇട്ട് രേഖ വിശ്വസനീയമായ തേർഡ് പാർട്ടിയെ ഏല്പിച്ച് എഗ്രിമെന്റ് അടക്കം സൈൻ ചെയ്യുക. അനിമൽ എക്സ്പെരിമെന്റിന് ആവശ്യമായ നിയമതടസങ്ങൾ നീക്കുക. ലബോറട്ടറി സൗകര്യം ( അന്താരാഷ്ട്ര ഗുണമേന്മാ സംവിധാനമുള്ളത് തന്നെ വേണം ) ഏർപ്പെടുത്തുക. ലബോറട്ടറിയിൽ യാതൊരുവിധ ഇടപെടലുകൾക്കും അവകാശമുണ്ടായിരിക്കുന്നതല്ല. പരീക്ഷണത്തിൽ പരാജയപ്പെട്ടാൽ പിന്നീട് ഒരിക്കലും ഒരു ചികിൽസാരീതികളുമായി ജനത്തെ പറ്റിക്കാൻ ഇറങ്ങില്ലെന്ന ഉറപ്പും ഇത് വരെ ചെയ്തുകൊണ്ടിരുന്ന പറ്റിക്കലുകളെപ്പറ്റിയുള്ള സമ്പൂർണ കുറ്റസമ്മതവും കൂടാതെ അതുകൊണ്ട് സമ്പാദിച്ചവയുടെ പൊതു വെളിപ്പെടുത്തലും.
മിനിമം അത്ര എങ്കിലും വേണം ശാസ്ത്രജ്ഞരും സാധാരണക്കാരുമടക്കം പലരുടെ ജീവൻ അടക്കം നഷ്ടമാക്കിയും പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും കാലത്തിന്റെ വെല്ലുവിളി അടക്കം നേരിട്ടതുമായ ശാസ്ത്രസത്യങ്ങളെ വെല്ലുവിളിക്കുമ്പൊ.