· 7 മിനിറ്റ് വായന

പുകയില ഉപയോഗവും ആരോഗ്യപ്രശ്നങ്ങളും

മറ്റുള്ളവ

മെയ് 31 അന്താരാഷ്ട്ര പുകയില വിരുദ്ധദിനമാണ്. കോവിഡ് പാണ്ടെമിക്ക് ലോകത്തെ ആകമാനം മുൾമുനയിൽ നിർത്തിയ, ഇപ്പോഴും നിർത്തുന്ന ഒരു കാലത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. പുകവലിക്കുന്നവരിൽ കോവിഡ് രോഗം മറ്റുള്ളവരേക്കാൾ ഗുരുതരമാകാമെന്ന പഠനങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഈ അവസരത്തിലാണ് 2021 പുകയില വിരുദ്ധ ദിനം എത്തുന്നത്. “Quitters Are Winners- Commit to Quit” എന്നതാണ് ഈ വർഷത്തെ തീം.

❓ചില കണക്കുകളിലൂടെ!

?ലോകത്ത് ഏകദേശം 130 കോടി ആളുകൾ നിലവിൽ പുകയില ഉല്പന്നങ്ങൾ ഉപയോഗിക്കുന്നു എന്നാണ് കണക്ക്. നാഷണൽ ഫാമിലി ഹെൽത്ത് സർവേ പ്രകാരം (NFHS4-2016) ഇന്ത്യയിൽ 39% ആളുകളും, കേരളത്തിൽ 24% ആളുകളും പുകിയില ഉല്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ട്. 80 ലക്ഷം ആളുകളുടെ മരണത്തിന് പുകയില നേരിട്ട് കാരണമാകുന്നുണ്ട്. മറ്റു രോഗങ്ങൾ മൂലമുള്ള ദുരിതം വേറെ. ഇത് കൂടാതെ 12 ലക്ഷം ആളുകൾക്ക് മറ്റുള്ളവർ വലിക്കുന്ന പുക ശ്വസിക്കുന്നത് മൂലം മരണം സംഭവിക്കുന്നുണ്ട്. ഇതിൽ കുട്ടികളും പെടും.

❓പുകയില ഏതൊക്കെ രൂപത്തിൽ ഉപയോഗിക്കാം?

?പുകയില പലവിധം ഉപയോഗിക്കുന്നവരുണ്ട്. ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന രീതി ബീഡി/സിഗരറ്റ് വലിക്കുന്നതാണ്. ഇത് കൂടാതെ മുറുക്കുക, പാൻ ചവയ്ക്കുക, മൂക്കിൽ വലിക്കുക അങ്ങനെ പലരീതിയിൽ ഉപയോഗിക്കുന്നവരുണ്ട്. ഏതു തരത്തിലുള്ള പുകയില ഉപയോഗവും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം.

?ഇതിനോടൊപ്പം നിക്കോട്ടിൻ അടങ്ങിയ ഇലക്ട്രോണിക് സിഗരറ്റ് ( e cigarette) ഉപയോഗവും ഈ അടുത്ത കാലങ്ങളിൽ കൂടിയിട്ടുണ്ട്. ആദ്യ കാലത്ത് ഇവയ്ക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ല എന്ന് കരുതിയിരുന്നുവെങ്കിലും പുതിയ പഠനങ്ങൾ പറയുന്നത് സിഗരറ്റ് ഉപയോഗിക്കുന്ന വ്യക്തികൾക്ക് ഉള്ളതു പോലെ ശാരീരിക- മാനസികാരോഗ്യ പ്രശ്നങ്ങൾ ഇ സിഗരറ്റ് മൂലവും ഉണ്ടാകാം എന്നാണ്.

❓പുകയില ഉപയോഗം കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങൾ എന്തൊക്കെ?

പുകയില ഉപയോഗം കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങളെ പൊതുവേ രണ്ടായി തിരിക്കാം. ശാരീരിക ആരോഗ്യപ്രശ്നങ്ങൾ, മാനസിക ആരോഗ്യ പ്രശ്നങ്ങൾ.

?ശാരീരിക ആരോഗ്യ പ്രശ്നങ്ങൾ.

?പുകയിലയുടെ ഉപയോഗം ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കാം. പുകയില ഉപയോഗിക്കുന്നവർക്ക് മരണം സംഭവിക്കാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് പതിന്മടങ്ങ് കൂടുതലാണ്. പുകയിലയിൽ അടങ്ങിയിരിക്കുന്ന പല തരത്തിലുള്ള രാസവസ്തുക്കളാണ് ഈ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നത്. ഇത്തരത്തിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാവുന്ന 69 ഓളം രാസവസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. പുകയില ഉപയോഗം മൂലമുള്ള പ്രധാന ആരോഗ്യപ്രശ്നങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

? അർബുദ രോഗങ്ങൾ : നിരവധി അർബുദ രോഗങ്ങൾക്ക് പുകയിലയുടെ ഉപയോഗം കാരണമാകുന്നുണ്ട്. ഇതിൽ ഏറ്റവും പ്രധാനം ശ്വാസകോശ അർബുദമാണ്. ശ്വാസകോശ അർബുദങ്ങളിൽ 80-90% വരെ പുകയിലയുടെ ഉപയോഗം മൂലം ഉണ്ടാകുന്നതാണ്. ഇതോടൊപ്പം തൊണ്ട, വായ്, അന്നനാളം, കുടലുകൾ, ആമാശയം, പാൻക്രിയാസ് തുടങ്ങി വിവിധ ഭാഗങ്ങളെ ബാധിക്കുന്ന ക്യാൻസറുകൾ പുകയില ഉപയോഗം മൂലം ഉണ്ടാകാം. തടയാൻ പറ്റുന്ന ക്യാൻസറുകളുടെ കാരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് പുകയിലയുടെ ഉപയോഗമാണ്.

?ശ്വാസകോശ രോഗങ്ങൾ: നിരവധി ശ്വാസകോശ രോഗങ്ങൾക്ക് പുകയിലയുടെ ഉപയോഗം കാരണമാകാം. ക്രോണിക് ബ്രോങ്കൈറ്റിസ്, ആസ്ത്മ വഷളാക്കുക, സി ഓ പി ഡി തുടങ്ങിയ രോഗാവസ്ഥകൾ ഉണ്ടാകാം.

?ഹൃദ്രോഗങ്ങൾ : പുകവലി ഹൃദയാഘാതം , ഹൃദയധമനികളുടെ ചുരുക്കം, ഇവയ്ക്ക് കാരണമാകാം.

?തലച്ചോറിൻ്റെ രോഗാവസ്ഥകൾ : തലച്ചോറിലെ രക്തക്കുഴലുകളിൽ അടവ് ഉണ്ടാകുന്നത് മൂലം ഉണ്ടാകുന്ന സ്ട്രോക്കിന് പ്രധാന കാരണം പുകവലിയാണ്. അതുപോലെ രക്തക്കുഴലുകളുടെ ചുരുക്കം മൂലം ഉണ്ടാകുന്ന മറവിരോഗത്തിനും( vascular dementia) പുകയില ഉപയോഗം കാരണമാകാം.

?ഇത് കൂടാതെ നിരവധി ആരോഗ്യപ്രശ്നങ്ങൾക്കും പുകയിലയുടെ ഉപയോഗം കാരണമാകുന്നു.

? നേരിട്ട് പുകയില ഉപയോഗിക്കാത്ത വ്യക്തികൾക്കും ഇതു മൂലം ദൂഷ്യഫലങ്ങൾ ഉണ്ടാകാം. പ്രത്യേകിച്ചും ബീഡി, സിഗരറ്റ് വലിക്കുന്നവർ പുറത്ത് വിടുന്ന വിഷ വസ്തുക്കൾ അടങ്ങിയ പുക ശ്വസിക്കുന്നത് വഴി. വീട്ടിൽ അടുത്ത് ഇടപഴകുന്ന വ്യക്തികൾക്കും, കുട്ടികൾക്കും ഈ റിസ്ക് ഉണ്ട്.

?മാനസികാരോഗ്യ പ്രശ്നങ്ങൾ.

?നിക്കോട്ടിൻ ഡിപെൻഡൻസ് സിൻഡ്രോം/നിക്കോട്ടിൻ ആശ്രയത്വം.

?പുകയില ഉല്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ ഒരു സുഖം തോന്നുന്നതും, ടെൻഷനും മറ്റു കുറയുന്നതും, വീണ്ടും ഉപയോഗിക്കാൻ തോന്നുന്നതും അതിൽ അടങ്ങിയിരിക്കുന്ന നിക്കോട്ടിൻ എന്ന വസ്തു തലച്ചോറിൽ പ്രവർത്തിക്കുന്നത് മൂലമാണ്. തലച്ചോറിലെ റിവാർഡ് സർക്യൂട്ട് എന്ന ഭാഗത്ത് നിക്കോട്ടിൻ പ്രവർത്തിക്കുന്നത് മൂലം ഡോപമിൻ അധികമായി ഉണ്ടാവുകയും, സുഖകരമായ ഒരു സ്ഥിതി ഉണ്ടാക്കുകയും ചെയ്യും.

?തുടർച്ചയായി പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ ഡോപമിൻ ഉണ്ടാകുന്നത് പതിയെ കുറഞ്ഞു തുടങ്ങുകയും, കൂടുതൽ അളവിൽ പുകയില വസ്തുക്കൾ ഉപയോഗിക്കാനുള്ള ഉള്ള ആഗ്രഹം ഉണ്ടാവുകയും ചെയ്യും. അങ്ങനെ ഉപയോഗം പതിയെ കൂടി വരും.

?കൃത്യമായ ഇടവേളകളിൽ പുകയില ഉപയോഗിക്കാതെ വന്നാൽ ഇവർക്ക് വിടുതൽ ലക്ഷണങ്ങളായ പിരിമുറുക്കം, അസ്വസ്ഥത, ദേഷ്യം, ഉൽക്കണ്ട, ഉറക്കക്കുറവ്, വിറയൽ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. വീണ്ടും വലിക്കുമ്പോൾ ഈ ലക്ഷണങ്ങൾ അപ്രത്യക്ഷമാവുകയും ചെയ്യും.

?ഇങ്ങനെ ഉപയോഗം നിർത്താൻ പറ്റാത്ത ഒരു സാഹചര്യത്തിലേക്ക് എത്തും. ശാരീരിക മാനസിക ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിട്ടും ഉപയോഗം കുറക്കാൻ പറ്റാതെയാവുകയും, അത് പതിയെ വ്യക്തി, സാമൂഹിക, കുടുംബ ജീവിതത്തെ ബാധിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകും.

?ഈ അവസ്ഥയാണ് നിക്കോട്ടിൻ ഡിപെൻഡൻസ് സിൻഡ്രോം അഥവാ നിക്കോട്ടിൻ ആശ്രയത്വം. പുകയില ഉല്പന്നങ്ങൾ ഉപയോഗിക്കുന്നവരിൽ ഏകദേശം 20-50% വരെ ആളുകൾക്ക് ഈ അവസ്ഥ ഉണ്ടാകാം.

❓എന്തൊക്കെയാണ് നിക്കോട്ടിൻ ഡിപെൻഡൻസ് സിൻഡ്രോമിൻ്റെ ലക്ഷണങ്ങൾ?

?പുകയില ഉല്പന്നങ്ങൾ ഉപയോഗിക്കുന്നതിലെ നിയന്ത്രണം നഷപ്പെടുക.

?ഉപയോഗം നിർത്തണമെന്ന് അതിയായി ആഗ്രഹിക്കുകയും, പലതവണ തനിയെ നിർത്തി നോക്കാൻ ശ്രമിച്ചു പരാജയപ്പെടുകയും ചെയ്യുക.

?പുകയില ഉപയോഗിക്കണമെന്ന് അതിയായ ആഗ്രഹം തോന്നുക.(CRAVING)

?പുകയില വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനുമായി വളരെയധികം സമയം ചിലവാക്കുക.

?ഈ വസ്തു ഉപയോഗിക്കുന്നതുകാരണം തൻ്റെ പല കടമകളും നിർവഹിക്കാൻ കഴിയാതെ വരിക.

?പണ്ട് ഉപയോഗിക്കുന്ന അതെ അളവിൽ ഉപയോഗിക്കുമ്പോൾ പഴയപോലെ സുഖകരമായ ഫീലിംഗ് ഉണ്ടാവാതെ ഇരിക്കുക. അതെ സുഖം കിട്ടാൻ കൂടുതൽ അളവിലോ/തവണയോ പുകയില ഉപയോഗിക്കുക. (Tolerence)

?ഉപയോഗം പെട്ടന്ന് നിറുത്തുകയോ കുറക്കുകയോ ചെയ്യുമ്പോൾ വിടുതൽ ലക്ഷണങ്ങൾ ഉണ്ടാവുക.(Withdrawal Symptoms)

?ഈ ശീലം മൂലം ശാരീരിക മാനസിക പ്രശ്നങ്ങൾ ഉണ്ടായിട്ടും ഉപയോഗം തുടരുക.

?ഇതിൽ ഏതെങ്കിലും രണ്ടു ലക്ഷണങ്ങൾ കഴിഞ്ഞ ഒരു വർഷത്തിൽ ഉണ്ടായിട്ടുണ്ടെങ്കിൽ നിക്കോട്ടിൻ ഡിപെൻഡൻസിൻസ് ഉണ്ടെന്നു ഉറപ്പിക്കാം.

❓എന്തൊക്കെയാണ് പുകയില ഉപയോഗിക്കുന്നവർക്ക് ഉണ്ടാകുന്ന വിടുതൽ ലക്ഷണങ്ങൾ ?

?പുകയിലയുടെ ഉപയോഗം നിർത്തുകയോ/ കുറയ്ക്കുകയോ ചെയ്യുമ്പോൾ 24 മണിക്കൂറിനുള്ളിൽ ഈ ലക്ഷണങ്ങൾ ഉണ്ടാകും.

?ദേഷ്യം, പെട്ടന്ന് പ്രകോപിക്കപ്പെടുക, ഉത്കണ്ഠയും പിരിമുറുക്കവും, ശ്രദ്ധക്കുറവ്, വിശപ്പ് തോന്നുക, അസ്വസ്ഥത തോന്നുക, മനസിന് വിഷമം ഉണ്ടാകുക, ഉറക്ക കുറവ് ഇവയാണ് വിടുതൽ ലക്ഷണങ്ങൾ.

?വീണ്ടും പുകയില ഉപയോഗിച്ചാൽ പെട്ടെന്ന് ഈ ലക്ഷണങ്ങൾ അപ്രത്യക്ഷമാകും.

?മറ്റു മാനസികാരോഗ്യ പ്രശ്നങ്ങൾ

?ഉറക്കക്കുറവ്, വെപ്രാളം, പിരിമുറുക്കം തുടങ്ങിയ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകാം.

?മറ്റു മാനസികാരോഗ്യ പ്രശ്നങ്ങൾ ഉള്ള വ്യക്തികളിൽ പുകയില ഉല്പന്നങ്ങളുടെ ഉപയോഗം രോഗ ലക്ഷണങ്ങൾ കൂടാൻ കാരണമാകാം.

?പല മരുന്നുകളുടെ പ്രവർത്തനത്തിലും നിക്കോട്ടിൻ മൂലം വ്യത്യാസം വരാം. കരളിൽ മരുന്നുകൾക്ക് പരിണാമമുണ്ടക്കുന്ന എൻസൈമുകളുടെ പ്രവർത്തനത്തിൽ മാറ്റം വരുത്താൻ നിക്കോട്ടിന് കഴിയും എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഇത്തരത്തിൽ ഒരു വ്യക്തിക്കും അവർക്ക് ചുറ്റുമുള്ളവർക്കും ശാരീരിക- മാനസിക പ്രശ്നങ്ങൾക്ക് കാരണമാകുന്ന ഒരു ശീലമാണ് പുകയില ഉപയോഗം.

?സമൂഹം പലപ്പോഴും ഇതിനെ ഒരു രോഗാവസ്ഥയായി കാണാൻ തയ്യാറായിട്ടില്ല. ആളുകൾ മനപ്പൂർവ്വം വലിക്കുന്നതാണ്, അവർക്ക് ആഗ്രഹുമുണ്ടെങ്കിൽ വലി നിർത്താൻ പറ്റും എന്നാണ് പലരും കരുതുക.

?എന്നാൽ പുകയില ഉപയോഗം ആശ്രയത്വ നിലയിലുള്ള ഒരു വ്യക്തിക്ക് സ്വയം അത് നിയന്ത്രിക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. നിക്കോട്ടിൻ ഉപയോഗംമൂലം തലച്ചോറിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ മൂലം സ്വയം ഉപയോഗം നിർത്തുന്നത് വളരെ ശ്രമകരമാകും. തീരുമാനം എടുക്കാനുള്ള കഴിവും, അത് മുൻപോട്ടു കൊണ്ടുപോകാനുള്ള മോട്ടിവേഷനും ഇവരിൽ കുറവായിരിക്കും.

?പുകവലിക്കുന്ന ആളുകളിൽ നല്ലൊരു ശതമാനവും (60-90%) വലി നിർത്തണം എന്ന് ആഗ്രഹമുള്ളവരും, അതുപോലെ അതിനായി സ്വയം ശ്രമിച്ചിട്ടുള്ളവരുമാണ്.

?സ്വയം ഇങ്ങനെ നിറുത്താൻ ശ്രമിച്ചിട്ടുള്ളവരിൽ 5 ശതമാനത്തിൽ താഴെ മാത്രം ആളുകൾക്കെ അത് സാധിച്ചിട്ടുള്ളൂ.

?എന്നാൽ കൃത്യമായ നിർദ്ദേശവും, പുകയില മോചന ചികിത്സയും ലഭിക്കുന്നവർ ഉപയോഗം നിറുത്താനുള്ള സാധ്യത പലമടങ്ങാണ്.

❤️അതുകൊണ്ടുതന്നെ സമൂഹത്തിൻറെ പിന്തുണയും, കൃത്യമായ ആരോഗ്യപരിപാലനവും ഇവർക്ക് ലഭിക്കേണ്ടത് ആവശ്യമാണ്. കുറ്റപ്പെടുത്തലുകൾക്കു പകരം ഇവർ കടന്നു പോകുന്ന അവസ്ഥയെ മനസിലാക്കാനും, അവർക്കു വേണ്ട പിന്തുണ നൽകാനും, പുകയിലയിൽ നിന്ന് മോചനം നേടാനുള്ള അവരുടെ ശ്രമങ്ങളിൽ ഒപ്പമുണ്ടാകാനും, വീണു പോകുമ്പോൾ പിടിച്ചു എണീപ്പിക്കാനും നമുക്ക് ശ്രമിക്കാം.അതിനായുള്ള പരിശ്രമങ്ങൾ കൂടുതൽ ശക്തമാക്കാൻ ഈ പുകയിലവിരുദ്ധദിനം കാരണമാകും എന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഒപ്പം ഏതു തരത്തിലുള്ള പുകയില ഉപയോഗവും നിർത്താനുള്ള ഉറച്ച തീരുമാനം നമുക്ക് എടുക്കാം, അങ്ങനെ വിജയികളാകാം.

❤️“LET’S COMMIT TO QUIT AND LET’S BE WINNERS”❤️

ലേഖകർ
Medical doctor,psychiatry resident interested in public health. Areas of interest are public health, neuropsychiatry, addiction medicine and human evolution gender psychiatry and LGBTQ issues
ചിത്രകാരൻ

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ