· 5 മിനിറ്റ് വായന

“ടി പി ർ” ഉയർത്തുന്ന സമസ്യകൾ

കോവിഡ്-19
പ്രതിദിന കൊവിഡ് കണക്കുകളിൽ സാധാരണജനങ്ങളടക്കം ശ്രദ്ധയോടെ പിന്തുടരുന്ന ഒരു സംഖ്യയാണ് ടിപിആർ.
?എന്താണ് TPR?
TPR എന്നാൽ, പോസിറ്റീവ് ആയ പരിശോധനകളുടെ എണ്ണത്തെ ആകെ ചെയ്ത പരിശോധനകൾ കൊണ്ട് ഹരിച്ചു കിട്ടുന്ന സംഖ്യയുടെ ശതമാനക്കണക്കാണ്.
പരിശോധനയ്ക്ക് വിധേയരാകുന്ന വ്യക്തികൾ നൽകുന്ന അഡ്ഡ്രസ്സിലെ പഞ്ചായത്ത്/മുനിസിപ്പാലിറ്റി, എന്നിവ അടിസ്ഥാനമാക്കിയാണ്, മേൽപറഞ്ഞ രീതിയിൽ ഓരോ പ്രദേശങ്ങളിലെയും TPR കണക്കാക്കുന്നത്. ഇതിനായി സർക്കാരിന്റെ ടെസ്റ്റിംഗ് പോർട്ടലിൽ നിന്നുള്ള ദിവസേനയുള്ള കണക്കുകൾ ആണ് എടുക്കുന്നത്.
ടി. പി. ആർ. എന്നത് ഒരു പ്രൊപ്പോഷൻ അഥവാ തോത് ആണ്. അത് ശതമാനക്കണക്കായാണ് വരുക. രോഗബാധിതരുടെ സംഖ്യയല്ല അത്.
? TPR നെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്തൊക്കെ?
?രോഗലക്ഷണങ്ങൾ ഉള്ളവരിൽ എത്ര ശതമാനം ആളുകൾ പോസിറ്റീവായി, രോഗികളുമായി സമ്പർക്കം വന്നവരിൽ എത്ര ശതമാനം ആളുകൾ പോസിറ്റീവായി, ലക്ഷണങ്ങളോ സമ്പർക്കമോ ഇല്ലാത്ത ആളുകളിൽ എത്ര ശതമാനം ആളുകൾ പോസിറ്റീവായി തുടങ്ങി പലതരം പോസിറ്റിവിറ്റികളുടെ ഒരു കൂട്ടിച്ചേർക്കലാണ് ടിപിആർ എന്നത്. ഇതിൽ ഏതെങ്കിലും ഭാഗത്തിന്റെ ഏറ്റക്കുറച്ചിൽ അനുസരിച്ച് ടിപിആറിൽ വ്യത്യാസം വരാം.
?ടിപിആർ എന്നത് ഒരു കോമ്പോസിറ്റ് മെഷർ ആണ്. ഒരു ഒറ്റ സൂചകം അഥവാ ഇൻഡിക്കേറ്റർ എന്നുള്ളതിനെക്കാൾ അത് പല സൂചകങ്ങൾ ചേർന്ന ഒരു ഇൻഡക്സ് ആണ്.
?ഉദാഹരണത്തിന്, ടെസ്റ്റ് ചെയ്യപ്പെടുന്ന നൂറ് പേരിൽ രോഗലക്ഷണങ്ങളുള്ളവരുടെ എണ്ണം കൂടുതലാണ് എങ്കിൽ ടിപിആർ അതുകൊണ്ട് തന്നെ കൂടാം. ലക്ഷണങ്ങളോ സമ്പർക്കമോ ഇല്ലാത്ത പൊതുജനങ്ങളുടെ എണ്ണമാണ് ടെസ്റ്റ് ചെയ്യുന്നവരിൽ കൂടുതൽ എങ്കിൽ ആ ഒറ്റക്കാരണം കൊണ്ട് ടിപിആർ കുറയുകയും ചെയ്യും.
X എന്നൊരു പ്രദേശത്ത് 10 രോഗികളെ ടെസ്റ്റ് ചെയ്തതിൽ 5 പേർ പോസിറ്റീവായി. Y എന്ന പ്രദേശത്ത് 1000 പേരെ ടെസ്റ്റ് ചെയ്തതിൽ 100 രോഗികളെ കണ്ടെത്തി.
X എന്ന പ്രദേശത്ത് TPR 50% വും Y യിൽ അത് 10% വും ആയിരിക്കും, എന്നാൽ രോഗികളുടെ എണ്ണം നോക്കിയാൽ X ൽ 5 പേരും Y എന്നയിടത്ത് 100 പേരും ഉണ്ടാവും. കേവലം ഈ ശതമാനക്കണക്ക് മാത്രം നോക്കി നിയന്ത്രണങ്ങൾ നിശ്ചയിക്കുന്നത് നന്നാവില്ല.
X എന്ന സ്ഥലത്ത് TPR കൂടുതലായതിനാൽ കൂടുതൽ രോഗികളുണ്ടോ എന്നറിയാൻ നടപടികൾ വേണ്ടി വരും.
എന്നാൽ TPR ന്റെ അടിസ്ഥാനത്തിൽ X എന്ന സ്ഥലത്ത് അടിയന്തിരമായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും Y യിൽ നിയന്ത്രണങ്ങൾ അത്രമേൽ വേണ്ട എന്ന കേവലയുക്തിയിലേക്ക് ആരെങ്കിലും നീങ്ങിയാൽ അത് ഉചിതമാവില്ല.
? TPR എന്തിനെല്ലാം ഉപയോഗപ്പെടുത്താം?
?ടെസ്റ്റിങ്ങിന്റെ ആവശ്യകത / തോത് എത്രത്തോളം വേണമെന്ന് കണക്കാക്കാൻ
ഉദാ: വ്യാപകമായി രോഗവ്യാപനം ഉള്ള ചിലയിടങ്ങളിൽ ആവശ്യത്തിന് ടെസ്റ്റിങ്ങ് നടക്കാതെ വരുമ്പോൾ TPR ഉയർന്ന് നിൽക്കും ഇവിടങ്ങളിൽ കൂടുതൽ ടെസ്റ്റുകൾ വിന്യസിക്കാം.
?TPR കുറയുന്ന സാഹചര്യത്തിൽ, ടെസ്റ്റ് കിറ്റുകളുടെ ലഭ്യത കുറവാണെങ്കിൽ അത് പരിരക്ഷിക്കാൻ ശ്രമിക്കാം. അനാവശ്യ ടെസ്റ്റിങ്ങുകൾ ഉണ്ടോ എന്ന് പരിശോധിക്കാം.
? കൊവിഡ് നിയന്ത്രണത്തിൽ TPR ൻ്റെ പ്രസക്തി?
TPR ഒരു പ്രധാന സൂചികയായി ലോകരാജ്യങ്ങൾ പൊതുവിൽ വ്യാപകമായി ഉപയോഗിക്കുന്നില്ല. എന്നാൽ ഇന്ത്യയിൽ ICMR രോഗവ്യാപനത്തിന്റെ തോത് അളക്കാൻ ഇതൊരു ടൂളായി ഉപയോഗിച്ച് പോരുന്നുണ്ട്. ടെസ്റ്റുകളുടെ എണ്ണം, ആരിലെല്ലാം ടെസ്റ്റ് ചെയ്യുന്നു തുടങ്ങി വ്യത്യസ്തങ്ങളായ ഘടകങ്ങൾക്കനുസരിച്ച് വ്യത്യാസം വരാനിടയുള്ള TPR മാത്രം അടിസ്ഥാനപ്പെടുത്തി, ഓരോ പ്രദേശങ്ങൾ അടയ്ക്കുന്ന തീരുമാനങ്ങൾ എടുക്കുന്നതിന്, പല അപാകതകളും ഉണ്ടാവാം.
?സാമൂഹികവ്യാപനം നടന്ന് കഴിഞ്ഞ ഈ ഘട്ടത്തിൽ, രോഗവ്യാപനം ഉള്ള പ്രദേശങ്ങളിൽ, രോഗലക്ഷണമുള്ളവരെയും രോഗികളുമായി സമ്പർക്കത്തിൽ വന്നവരെയുമാണ് പ്രധാനമായും പരിശോധിക്കേണ്ടത്. ഇത് വഴി, രോഗവ്യാപനവും മരണവും കുറയ്ക്കാം.
എന്നാൽ ഇങ്ങനെ രോഗബാധിതരാകാൻ സാധ്യതയുള്ളവരെ തെരെഞ്ഞ് ടെസ്റ്റ് ചെയ്യുന്ന ‘ടാർഗറ്റഡ്’ രീതിയിൽ പരിശോധിക്കുമ്പോൾ രോഗബാധ കുറയുമെങ്കിലും ടി പി ആർ കൂടാം.
?ലോക്ഡൗൺ നിയന്ത്രണങ്ങളിലൂടെ സമൂഹത്തിലെ ധാരാളം ആളുകളെ രോഗത്തിന് പിടികൊടുക്കാതെ രക്ഷിക്കാൻ നമുക്ക് സാധിച്ചു. നിയന്ത്രണങ്ങളിൽ ഇളവ് വരുമ്പോൾ രോഗം വരാൻ സാധ്യത ഉള്ള ആളുകൾ രോഗബാധിതരാകാനുള്ള റിസ്ക് സ്വാഭാവികമായും കൂടുതലാണ്. വ്യക്തികളെ സുരക്ഷിതരാക്കാൻ വാക്സിനേഷൻ, മാസ്ക്, സാമൂഹിക അകലം പാലിക്കൽ മുതലായ നടപടികളിലൂടെ മുൻപോട്ടു പോകുക എന്നതാണ് ഈ രണ്ടാം തരംഗത്തിന്റെ തുടർച്ചയോ മൂന്നാം തരംഗമോ നേരിടുന്നതിലേക്കായി ചെയ്യാനാകുക.
?പൊതുജനാരോഗ്യ കാഴ്ചപ്പാടിൽ ചിന്തിക്കുമ്പോൾ ഒരു വ്യക്തി, നാട് രോഗ തരംഗത്തിൻ്റെ പീക്കിൽ ആയിരിക്കുന്ന സമയത്ത് പോസിറ്റീവ് ആകുന്നതിനെക്കാൾ അപകട സാധ്യത കുറവ്, അദ്ദേഹം തരംഗത്തിന്റെ അവസാനത്തിൽ രോഗബാധിതനാകുമ്പോഴാണ്. മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ലഭ്യമാകുന്നതിനുള്ള അവസരമാണ് അങ്ങനെ ചിന്തിക്കാൻ കാരണം.
?ഇക്കാര്യങ്ങൾ കൊണ്ട് തന്നെ, രോഗത്തെ നേരിടാൻ ഫലപ്രദമായി ശ്രമിച്ച ഇടങ്ങളിൽ പലയിടത്തും രോഗതരംഗത്തിൻ്റെ ഒടുവിൽ ടിപിആർ ഉയർന്നു നിൽക്കുന്നതായി കാണാം.
അതുകൊണ്ട് ഉയർന്ന ടിപിആർ എന്ന ഒരു സംഖ്യയെ മാത്രം മുൻനിർത്തി നമ്മുടെ നാട്ടിൽ കൊവിഡ് പ്രതിരോധത്തിൽ പാളിച്ചയുണ്ട് എന്നു പറയുന്നത് വാസ്തവവിരുദ്ധമാണ്.
? എന്തുകൊണ്ട് TPR നെ മാത്രം ആശ്രയിക്കരുത്?
?രോഗലക്ഷണങ്ങൾ ഉള്ളവരും സമ്പർക്കം ഉള്ളവരും ടെസ്റ്റ് ചെയ്യപ്പെടുന്നതിൻ്റെ തോത് ഓരോ സമൂഹത്തിലും വ്യത്യസ്തമായിരിക്കും. കൊവിഡ് രോഗത്തിൻ്റെ രോഗലക്ഷണങ്ങളെപ്പറ്റി അവബോധമുള്ള ഒരാൾ, അവനവന് ആ ലക്ഷണങ്ങൾ കണ്ടാൽ സ്വമേധയാ സർക്കാർ സംവിധാനം ഉപയോഗിച്ചോ സ്വകാര്യ സേവനങ്ങൾ ഉപയോഗിച്ചോ ടെസ്റ്റിന് വിധേയനാകാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല അവബോധം കൂടുതൽ ഉള്ള സമൂഹത്തിൽ രോഗിയുമായി സമ്പർക്കത്തിൽ വന്ന ആളുകൾ അതെപ്പറ്റി ബോധവാന്മാരാകാനും തുടർന്ന് ടെസ്റ്റ് ചെയ്യപ്പെടാനുമുള്ള സാധ്യതയും കൂടുതലാണ്.
?കേരളത്തിലെ നിലവിലുള്ള സാഹചര്യത്തിൽ ടെസ്റ്റിംഗ് സൗകര്യങ്ങളിൽ ഗ്രാമനഗര വ്യത്യാസം കാര്യമായി ഇല്ല എന്നു പറയാം. അതുകൊണ്ടുതന്നെ രോഗം ഏത് പ്രദേശത്ത് വ്യാപിക്കുമ്പോഴും അതാത് മേഖലകളിലെ ടെസ്റ്റിംഗ് സൗകര്യങ്ങളും പ്രത്യേക സാഹചര്യങ്ങളിൽ സർക്കാർ ഒരുക്കുന്ന അധിക സൗകര്യങ്ങളും പ്രയോജനപ്പെടുത്തി ആളുകളുടെ ടെസ്റ്റിംഗ് നടക്കുന്നതാണ്. അതുകൊണ്ടുതന്നെ ടിപിആർ എന്ന ഇൻഡക്സ് കേരളത്തിൽ ഉയർന്നു തന്നെ നിൽക്കാനുള്ള സാധ്യതയുണ്ട്.
?അതുകൊണ്ടുതന്നെ കേരളത്തിലെ സാഹചര്യത്തിൽ ടിപിആറിനെ മാത്രമായി രോഗവ്യാപനം അളക്കുന്നതിനുള്ള ഒരു ഇൻഡിക്കേറ്റർ ആയി ഉപയോഗിക്കുന്നത് അഭികാമ്യമല്ല.
?വ്യവസായ സ്ഥാപനങ്ങളും കടകളും ടി പി ആർ അടിസ്ഥാനത്തിൽ അടയ്ക്കാൻ തുടങ്ങിയതുകൊണ്ട് തന്നെ, ലക്ഷണമില്ലാത്തവരെയും, പോസിറ്റീവ് ആവാൻ സാധ്യതയില്ലാത്തവരെയും മാത്രം പരിശോധനയ്ക്ക് എത്തിക്കാനുള്ള പ്രവണത പൊതുവേ ഉണ്ട്.
?ഇത് യഥാർഥ കേസുകൾ കണ്ടെത്താതെ പോകുവാനും, രോഗവ്യാപനം നിയന്ത്രണവിധേയമല്ലാതെയാക്കാനും സാധ്യതയുണ്ട്. ഇതിനാൽ TPR എന്ന സൂചിക നിരീക്ഷിച്ചു കൊണ്ടു തന്നെ, പക്ഷേ അത് മാത്രം വെച്ച് പഞ്ചായത്തുകളിൽ കടകൾ അടയ്ക്കുന്ന രീതി മാറ്റുന്നതാവും രോഗനിയന്ത്രണത്തിന് ഉത്തമം.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ