· 5 മിനിറ്റ് വായന

ട്രോമാ കെയർ (കേരളാ മോഡൽ)

Disaster ManagementEmergency MedicineFirst AidMedicineആരോഗ്യ അവബോധംആരോഗ്യ പരിപാലനംആരോഗ്യമേഖലസാങ്കേതികവിദ്യസുരക്ഷ

മുരുകന്റെ മരണം കഴിഞ്ഞു ആഴ്ചകളായി. ആദ്യത്തെ ബഹളമൊക്കെ ഒതുങ്ങി, നാട്ടുകാരും സർക്കാരുമൊക്കെ കാര്യങ്ങളൊക്കെ മറന്നു. ഇപ്പോൾ അന്വേഷണ റിപ്പോർട്ടൊക്കെ വന്നു, അതിന്റെ അലയൊലികളും താമസിയാതെ അടങ്ങും. ഇനിയൊരു മുരുകൻ ഉണ്ടാകുന്നത് വരെ എല്ലാവരും ഉറക്കത്തിലായിരിക്കുകയും ചെയ്യും. കണ്ണന്താനവും മിസിസും ഗൗരി ലങ്കേഷുമൊക്കെ വാർത്തയിൽ നിറയുന്നതിനിടയ്ക്കും ആരോഗ്യപ്രവർത്തകരും അധികാരപ്പെട്ടവരും മുരുകനെയും അയാളെപ്പോലെയുള്ള മറ്റു ഹതഭാഗ്യരെയും മറന്നുകൂടാ.

റോഡപകടങ്ങൾ കുറയുന്നുണ്ടെങ്കിലും അപകടങ്ങളിൽ മരണപ്പെടുന്നവരുടെ സംഖ്യ കൂടുന്നതായുള്ള കണക്കുകൾ പുറത്തു വന്നിട്ട് അധികം ദിവസങ്ങളായിട്ടില്ല. മരണപ്പെടുന്നവരിലുമെത്രയോ ഏറെ ആളുകൾ ‘ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും’ എന്ന അവസ്ഥയിൽ കഴിയുന്നുണ്ടാവാം. പതിനെട്ട് മുതൽ അറുപത് വയസ്സ് വരെയുള്ള ആളുകളാണ് കൂടുതലും മരിക്കുന്നതും പരിക്കേൽക്കുന്നതുമെന്നാണ് കണക്കുകൾ പറയുന്നത്. മനുഷ്യരുടെ വ്യക്തിപരമായ ദുരന്തം മാറ്റിവെച്ചാലും എന്തുമാത്രം പ്രൊഡക്ടീവ് ആയിട്ടുള്ള മനുഷ്യവിഭവശേഷിയാണ് രാജ്യത്തിന് നഷ്ടപ്പെടുന്നതെന്ന് ആലോചിച്ചാൽ മനസ്സിലാക്കാം.

വിദേശരാജ്യങ്ങളിലൊക്കെ ഉള്ളത് പോലെ, എന്ത് കൊണ്ടാണ് ഇത്തരമൊരു സംഭവമുണ്ടായത്, മേലിൽ ഇതാവർത്തിക്കാതിരിക്കാൻ എന്തൊക്കെ ചെയ്യാമെന്നതിനെക്കുറിച്ചു ഗൗരവമായി ആലോചിക്കാൻ സർക്കാരിനും ആരോഗ്യമേഖലയിൽ ഇടപെടൽ നടത്തുന്ന ഐഎംഎ പോലുള്ള സംഘടനകൾക്കും വേണ്ടി ഇൻഫോക്ലിനിക് ചില രൂപരേഖകൾ മുന്നോട്ട് വെയ്ക്കുന്നു.

റോഡപകടങ്ങൾ കുറയ്ക്കാൻ സർക്കാരിന് പല കാര്യങ്ങളും ചെയ്യാൻ സാധിക്കും. റോഡുകൾ നല്ല രീതിയിൽ മെയിന്റയിൻ ചെയ്യുക, റോഡ് മാർക്കിങ്ങുകളും സൈനുകളും വ്യക്തമായി മനസ്സിലാകുന്ന തരത്തിൽ സ്ഥാപിക്കുക, ഹെൽമെറ്റ്/സീറ്റ്ബെൽറ്റ് പോലെയുള്ള സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനെപ്പറ്റി വ്യാപകമായ രീതിയിൽ ബോധവൽക്കരണം നടത്തുകയും (സിനിമയ്ക്ക് മുന്നേയുള്ള ‘ശ്വാസകോശം’ പോലത്തെ പരസ്യങ്ങൾ) അനുസരിക്കാത്തവർക്ക് കഠിനമായ പെനാൽറ്റികൾ ഏർപ്പെടുത്തുകയും ചെയ്യുക, റോഡ് നിയമങ്ങൾ പാലിക്കാതെയും മറ്റു റോഡ് ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്ന തരത്തിൽ വാഹനമോടിക്കുന്നവർക്ക് തക്കതായ ശിക്ഷകളും ലൈസൻസിൽ പോയിന്റുകൾ നൽകി (ഒരു പരിധി കഴിഞ്ഞാൽ ലൈസൻസ് റദ്ദാക്കുക)യുമൊക്കെ വഴി പുതിയൊരു ഡ്രൈവിംഗ് സംസ്കാരം കൊണ്ടുവരിക ഇങ്ങനെ പല കാര്യങ്ങളിലൂടെയും അപകടങ്ങളുടെ എണ്ണവും പരിക്കേൽക്കുന്നതിന്റെ തീവ്രതയും കുറയ്ക്കാൻ സാധിക്കും. അതൊക്കെ ഈ ലേഖനത്തിന്റെ സ്കോപ്പിന് പുറമേയുള്ള വിഷയങ്ങളായതിനാൽ അതേപ്പറ്റി കൂടുതൽ വിശദീകരണത്തിന് മുതിരുന്നില്ല.

അപകടം നടന്നു കഴിഞ്ഞാൽ പരിക്കേൽക്കുന്നവരുടെ ചികിത്സ പ്രധാനമായും മൂന്നായി തരം തിരിക്കാം.

  1. ആശുപത്രിയിലെത്തുന്നതിന് മുന്നേയുള്ള പരിചരണം (Pre-hospital care)
  2. പരിക്കുകളുടെ സ്വഭാവമനുസരിച്ചു ആശുപത്രിയിൽ ചെയ്യേണ്ട അടിയന്തര ചികിത്സകൾ
  3. രോഗിയെ അപകടത്തിന് മുന്നേയുള്ള സ്ഥിതിയിലേക്ക് കൊണ്ടുവരുന്നതിനുള്ള തുടർചികിത്സകൾ (റീഹാബിലിറ്റേഷൻ). ഇത് ആശുപത്രിയിലോ വീട്ടിലോ അതിനു വേണ്ടി പ്രത്യേകമായി ഒരുക്കിയ ചികിത്സാകേന്ദ്രങ്ങളിലോ ഒക്കെയാകാം.

അപകടം നടന്ന സ്ഥലത്ത് നിന്നും രോഗിയെ ആശുപത്രിയിലെത്തിക്കുന്നത് വരെയുള്ള സമയവും പരിചരണവും അതിപ്രധാനമാണ്. അപകടം നടന്ന വാഹനത്തിൽ നിന്നും പരിക്കേറ്റയാളെ പുറത്തെടുക്കുന്നത് (victim extraction) മുതൽ ഇതിന്റെ ഭാഗമാണ്. പ്രത്യേക പരിശീലനം സിദ്ധിച്ച ആളുകൾ വേണം ഇത് ചെയ്യാൻ. ഇതിനായി സർക്കാരിന് വേറെ ആളുകളെ നിയമിക്കേണ്ട കാര്യമൊന്നുമില്ല. വിദേശങ്ങളിലൊക്കെ ഉള്ളത് പോലെ ഫയർ സർവ്വീസുകാരെ വേണ്ട രീതിയിലുള്ള ട്രെയിനിങ് കൊടുത്ത് ഇതിനു വേണ്ടി നിയോഗിക്കാവുന്നതാണ്. ‘ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസ്’ എന്ന പേര് അന്വർത്ഥമാവുകയും ചെയ്യും.

അപകടസ്ഥലത്ത് നിന്നും പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കുന്ന കാര്യത്തിലാണ് സർക്കാർ ഗൗരവമായ പ്ലാനിങ്ങും എക്സിക്യുഷനും നടത്തേണ്ടത്. ഇപ്പോഴുള്ള സംവിധാനത്തിന് പ്രത്യേകിച്ചൊരു പ്ലാനിങ്ങോ ‘പേഷ്യന്റ് പാത്ത് വേയോ’ ഒന്നുമില്ല. ആവശ്യത്തിന് ആംബുലൻസുകളും ട്രെയിനിങ് ലഭിച്ച പാരാമെഡിക്കൽ സ്റ്റാഫിന്റെ അഭാവവും സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു. ജീവൻരക്ഷാ ഉപകരണങ്ങളും അവ പ്രവർത്തിപ്പിക്കാനറിയുന്ന, അടിയന്തര ഘട്ടങ്ങളിൽ ജീവരക്ഷാ പ്രോട്ടോക്കോളുകൾ ചെയ്യാൻ കഴിവും പരിശീലനവുമുള്ള ആംബുലൻസ് ക്രൂവും ആംബുലൻസ് സർവ്വീസിന്റെ അവിഭാജ്യ ഘടകമാണ്. പുറം രാജ്യങ്ങളിലൊക്കെ നഴ്‌സിംഗ് പോലെ പാരാമെഡിക്കൽ ട്രെയിനിംഗ് ഉണ്ട്. നമുക്കത് ഇല്ലാത്തതിനാൽ താല്പര്യമുള്ള നേഴ്‌സുമാരെ റിക്രൂട്ട് ചെയ്ത് ഉചിതമായ ട്രെയിനിങ്ങും നൽകി ആംബുലൻസ് സർവ്വീസിൽ നിയമിക്കണം. ഏത് അപകടസ്ഥലത്തും മാക്സിമം പതിനഞ്ചു മിനിറ്റിനുള്ളിൽ എത്തപ്പെടാൻ തക്കവണ്ണം താലൂക്ക് ആസ്ഥാനങ്ങളിലെങ്കിലും ഓരോ ആംബുലൻസ് സർവ്വീസ് സ്റ്റേഷൻ (ഫയർ സ്റ്റേഷൻ പോലെ) ഉണ്ടാക്കുകയും വേണം. സ്വകാര്യ ആശുപത്രികളുടെയും സന്നദ്ധസംഘടനകളുടേയും സഹായവും ഇതിന് തേടാവുന്നതാണ്.

അടുത്തതായി ആശുപത്രികൾ. പരിക്കേറ്റ രോഗിയെ ആംബുലൻസ് ഡ്രൈവർക്ക് ഇഷ്ടമുള്ള ആശുപത്രിയിൽ കൊണ്ടുപോകാം എന്നതാണ്‌ ഇപ്പോഴത്തെ അവസ്ഥ. മേജർ ട്രോമാ വിക്ടിമിനെ ചികിൽസിക്കാൻ അതിന് സുസജ്ജമായ ആശുപത്രികളിൽ തന്നെ എത്തിക്കണം. ഇത്തരം ആശുപത്രികൾ ഐഡന്റിഫൈ ചെയ്യാൻ സർക്കാർ തന്നെ മുൻകയ്യെടുക്കണം. മേജർ ട്രോമ എന്ന് ഡിഫൈൻ ചെയ്യപ്പെട്ട രോഗിയെ (ഇതിന് ആംബുലൻസ് ക്രൂവിന് പല സ്കോറിംഗ് സ്കെയിലുകളും ഉപയോഗിക്കാം, ഏത് വേണമെന്ന് ഇതിനായുള്ള സർക്കാരിന്റെ വിദഗ്ധ സമിതി തീരുമാനിക്കണം) ‘മേജർ ട്രോമാ സെന്ററുകൾ’ എന്ന് ക്വാളിഫൈ ചെയ്യപ്പെട്ട ആശുപത്രികളിൽ മാത്രമേ ആംബുലൻസ് കൊണ്ടുപോകാവൂ. ഇത് സർക്കാർ ആശുപത്രി തന്നെയായിരിക്കണം എന്ന് നിർബ്ബന്ധം പിടിക്കേണ്ടതില്ല. സർക്കാർ ചെയ്യേണ്ടത്, മേജർ ട്രോമാ സെന്റർ എന്ന് ഒരാശുപത്രി ക്വാളിഫൈ ചെയ്യപ്പെടാൻ വേണ്ടുന്ന സർവ്വീസ് സ്പെസിഫിക്കേഷൻസ് നിർദ്ദേശിക്കുക. സർക്കാർ-സ്വകാര്യ വ്യത്യാസമില്ലാതെ ഈ സർവ്വീസ് സ്പെസിഫിക്കേഷൻസ് (ആവശ്യമായ ഇൻഫ്രാസ്ട്രക്ച്ചർ, സ്റ്റാഫ് പാറ്റേൺ, ഉപകരണങ്ങൾ etc) മീറ്റ് ചെയ്യുന്ന എല്ലാ ആശുപത്രികൾക്കും ‘മേജർ ട്രോമാ സെന്റർ’ എന്ന പദവി നൽകുക. ഈ സെന്ററുകളിലെ അത്യാഹിത വിഭാഗത്തിലുള്ള ഡോക്ടർമാരെല്ലാം ATLS, ACLS മുതലായ പ്രോട്ടോക്കോളുകളിൽ ട്രെയിനിംഗ് നേടിയവരായിരിക്കണം എന്നുറപ്പ് വരുത്തുക. മുക്കിന് മുക്കിന് സ്വകാര്യ-സർക്കാർ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളുള്ള കേരളത്തിൽ ആവശ്യത്തിന് ട്രോമാ സെന്ററുകൾ ഉണ്ടാകാൻ പ്രയാസമൊന്നും വരേണ്ട കാര്യമില്ല.

മേജർ ട്രോമ കൈകാര്യം ചെയ്യുന്ന സ്വകാര്യ ആശുപത്രികൾക്ക് സർക്കാർ ഇൻസെന്റീവ് നൽകണം. സർക്കാരിന് ലോട്ടറി നടത്തിയോ (കാരുണ്യാ മോഡലിൽ) വാഹനനികുതി വർദ്ധിപ്പിച്ചോ ഒക്കെ ഒരു ഫണ്ടുണ്ടാക്കി അതിൽ നിന്നും മേജർ ട്രോമാ രോഗികളുടെ ചികിത്സാ ചെലവ് വഹിക്കാനുള്ള പദ്ധതി ഉണ്ടാക്കാവുന്നതേയുള്ളൂ. ഈ പണം ശരിയായ രീതിയിൽ തന്നെയാണ് ചിലവഴിക്കുന്നതെന്ന് ഉറപ്പു വരുത്താൻ ഇൻഷ്വറൻസ് മാതൃകയിൽ ഓരോ കേസും പരിശോധിച്ച ശേഷം മാത്രം പണം റീ ഇമ്പേഴ്‌സ് ചെയ്യാനുള്ള സംവിധാനമുണ്ടായാൽ സ്വകാര്യ ആശുപത്രികൾ ഇത് പണത്തിന് വേണ്ടി ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഒഴിവാക്കുകയുമാവാം.

അടുത്തതായി ചെയ്യേണ്ട ഒരു കാര്യം ഈ ട്രോമാ സെന്ററുകളെ ഒരു നെറ്റ്വർക്കിൽ ബന്ധിപ്പിക്കുക എന്നതാണ്. ഓരോ നൂറു ട്രോമാ സെന്ററുകളിലെയും കൺട്രോൾ സെന്ററിലെ സ്റ്റാഫിന് എവിടെയൊക്കെ ബെഡ് ഉണ്ട്, വേണ്ടുന്ന സ്റ്റാഫ് ഡ്യൂട്ടിയിലുണ്ടോ (അതോ ലീവാണോ), വെന്റിലേറ്റർ ഫ്രീയാണോ, അടിയന്തര ഓപ്പറേഷനുകൾ ചെയ്യുന്ന തിയേറ്റർ ഫ്രീയാണോ, ഐസിയുവിൽ ബെഡ് ഒഴിവുണ്ടോ എന്നീ കാര്യങ്ങളെല്ലാം അറിയാൻ തക്കവണ്ണം ഡിജിറ്റലായി ബന്ധപ്പെടുത്തിയുള്ള ഒരു നെറ്റ്വർക്കിങ് സംവിധാനം. ഇതുണ്ടെങ്കിൽ രോഗിയെയും കൊണ്ട് ബെഡും വെന്റിലേറ്ററും ന്യുറോസർജനും ഉള്ള ആശുപത്രികൾ തേടിയുള്ള ഓട്ടവും സമയനഷ്ടവും ഒഴിവാക്കാൻ സാധിക്കും.

സർക്കാർ ആശുപത്രികളിലെ ഐ സി യൂണിറ്റുകൾ പൂൾ ചെയ്യുകയെന്നതാണ് മറ്റൊരു നിർദ്ദേശം (സ്വകാര്യ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രികളിലൊക്കെ ഇപ്പോൾ തന്നെ ഈ സംവിധാനമാണ്). മെഡിക്കൽ ഐസിയു, സർജിക്കൽ ഐസിയു, ട്രോമാ ഐസിയു, ന്യുറോസർജറി ഐസിയു എന്നിങ്ങനെ നൂറായിരം ഐസിയുകൾ ഒരാശുപത്രിയിൽ ഉണ്ടായിരിക്കുന്നത് കാലഹരണപ്പെട്ട സംവിധാനമാണ്. അഡൽറ്റ് ഐസിയു, പീഡിയാട്രിക് ഐസിയു, ഹൃദയശസ്ത്രക്രിയാ സംവിധാനങ്ങളുള്ള ആശുപത്രിയാണെങ്കിൽ കാർഡിയാക് സർജറി ഐസിയു ഇത്രേം മതിയാകും. ഇന്റൻസീവ് കെയർ മെഡിസിൻ എന്നതൊരു സൂപ്പർസ്പെഷ്യാലിറ്റിയായി വളർന്ന ഇക്കാലത്ത് റിസോഴ്‌സസ് പൂൾ ചെയ്യാനും ഡോക്ടർമാർ അടക്കമുള്ള സ്റ്റാഫിന്റെ സ്‌കിൽ മെയിന്റയിൻ ചെയ്യാനുമായി ഒരൊറ്റ ജനറൽ ഐസിയു, അതിന്റെ സ്റ്റെപ് ഡൌൺ യൂണിറ്റ് എന്നിവയായി നിലനിർത്തുന്നതാണ് രോഗചികിത്സയുടെ ഔട്ട്കം ഇമ്പ്രൂവ് ചെയ്യുന്നതെന്ന് നിരവധി പഠനങ്ങളുണ്ട്. കൂടാതെ വെന്റിലേറ്റർ പോലുള്ള ജീവൻരക്ഷാ ഉപകരണങ്ങൾ ഓരോ വകുപ്പുകളുടേയും/വ്യക്തികളുടേയും സ്വകാര്യസ്വത്ത് പോലെ കൈകാര്യം ചെയ്യാനുള്ളതുമല്ല. ഇത്തരം ഉപകരണങ്ങൾ ഒരിടത്ത് തന്നെ കോൺസെൻട്രേറ്റ് ചെയ്യുന്നത് മൂലം സമയാസമയം അവയുടെ അറ്റകുറ്റപ്പണികൾ, അണുവിമുക്തമാക്കൽ, ലഭ്യത ഇവയെക്കുറിച്ചൊക്കെ കൃത്യമായ വിവരങ്ങൾ അറിയാനും ഐസിയുവിന്റെ മേലധികാരിക്ക് ഇതിലൊക്കെ അക്കൗണ്ടബിലിറ്റിയുമുണ്ടാക്കാൻ സാധിക്കും.

ഗുരുതരമായി പരിക്കേറ്റ രോഗികളെ വേണ്ടുന്ന ചികിത്സകൾ ചെയ്തു ജീവൻ രക്ഷിച്ചു കഴിഞ്ഞാൽ അടുത്തതായി വേണ്ടത് അവരെ ഹോസ്പിറ്റലിൽ നിന്ന് പുറത്തെത്തിക്കുക എന്നതാണ്. ഇവർ മാസങ്ങളോളം ആശുപത്രിയിൽ കിടന്നാൽ രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടാകുകയും പുതുതായി വരുന്ന രോഗികളെ അഡ്മിറ്റ് ചെയ്യാനും ചികിൽസിക്കാനും സാധിക്കാതെ വരുകയും ചെയ്യും. മിക്കവാറും രോഗികൾ സുഖമായി വീട്ടിലേക്ക് പോകും. പക്ഷെ ചില രോഗികളെങ്കിലും സുദീർഘമായ ഒരു കാലഘട്ടം കഴിഞ്ഞാലേ വീട്ടിലേക്ക് പോകാനുള്ള അവസ്ഥയിലെത്തൂ. ഇവർക്ക് വേണ്ടി ലോങ്ങ് term റീഹാബിലിറ്റേഷൻ സെന്ററുകൾ സർക്കാർ നേരിട്ടോ സന്നദ്ധസംഘടനകളുമായോ ചേർന്ന് തുടങ്ങണം. വളരെ പണച്ചെലവ് വരുന്നതാണ് ഇതെന്ന കാര്യത്തിൽ സംശയമില്ല പക്ഷേ അടിയന്തരഘട്ടത്തിൽ ചെയ്ത ചികിത്സയുടെ ഫലം പൂർണ്ണമായി ലഭിക്കണമെങ്കിൽ ഇത് കൂടി ചെയ്തേ മതിയാകൂ.

ഇതെല്ലാം ഒത്തുചേർന്ന് പ്രവർത്തനക്ഷമമായാലും മാരകമായി പരിക്കേറ്റ ചില രോഗികൾ മരിക്കും. ശരീരത്തിന് ജീവൻ നിലനിർത്താൻ കഴിയാത്ത തരത്തിലുള്ള പരിക്കുകളുള്ള രോഗികൾ മരിക്കുമെന്നത് തീർച്ചയാണ്. അത് നമ്മൾ അക്സപ്റ്റ് ചെയ്യേണ്ട ഒരു യാഥാർഥ്യമാണ്.

ഇനിയൊരു മുരുകൻ ആവർത്തിക്കാതിരിക്കണമെങ്കിൽ വേണ്ടത് വേണ്ടത് ലക്ഷ്യബോധമുള്ള, പ്രായോഗികമായ നടപടികളാണ്. ഒരു ഏകീകൃത ട്രോമാ കെയർ ശൃംഖല രൂപീകരിക്കുവാൻ പര്യാപ്തമായ ഭൗതിക സാഹചര്യങ്ങൾ കുറേയൊെക്ക കേരളത്തിൽ ഇപ്പോൾതന്നെയുണ്ട്.. ശരിയായ പരിശീലനം സിദ്ധിച്ച ആരോഗ്യപ്രവർത്തകരും ഒപ്പം ഇച്ഛാശക്തിയുള്ള ഭരണസംവിധാനവും ചേർന്നാൽ ഈ രംഗത്ത് മാറ്റം സാധ്യമാവുക തന്നെ ചെയ്യും. അപകടത്തിനു ഒരു നിമിഷമപ്പുറം പേരില്ലാതെ ട്രോമാ വിക്ടിം ആയി മാറുന്ന ഓരോ ജീവനും വേണ്ടി ഏറ്റവും ശ്രദ്ധയോടെയുള്ള ചികിത്സയും കരുതലും കാവലും നൽകാനും ഭാരതത്തിനാകെ മാതൃകയാകാനും കഴിയണം കേരളത്തിന്.

ലേഖകർ
Kunjali Kuty is a pen name. A doctor trained in India and abroad now working in a foreign country. No specific interests.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ