പൊക്കിൾക്കൊടി രക്തവും സ്റ്റെം കോശവും
പല വലിയ ആശുപത്രികളിലും പ്രസവ പ്രാരംഭ ചികിത്സക്ക് പോകുന്ന ഗർഭിണികളും കൂടെയുള്ളവരും ചില കമ്പനി പ്രതിനിധികളിൽ നിന്നും നേരിടുന്ന ഒരു ചോദ്യമാണ് – “കുട്ടിയുടെ പൊക്കിൾ കോടി രക്തം സൂക്ഷിച്ചു വക്കാം – വേണോ?” – എന്നത്. എന്താണ് ഇതിനു പിന്നിലെ ശാസ്ത്രം ?!
?ആദ്യം എന്താണ് മൂലകോശങ്ങൾ അഥവാ സ്റ്റം സെല്ലുകൾ എന്ന് നോക്കാം,
നമ്മുടെ ശരീരം, കെട്ടിടം ഇഷ്ടികയാൽ എന്നത് പോലെ കോടിക്കണക്കിനു ചെറു കോശങ്ങളാൽ ഉണ്ടാക്കപ്പെട്ടവ ആണ് . എന്നാൽ എല്ലാ കോശങ്ങളും ഒരു പോലെ അല്ല . ചിലവ മസ്സിൽ കോശങ്ങൾ ആണെങ്കിൽ , ചിലത് എല്ലിൽ ഉള്ളതാണ് . എല്ലിൽ ഉള്ളവ കാൽസിയം ചുരത്തി എല്ലു ഉണ്ടാക്കി അതിനകത്തിരിക്കും . ചില കോശങ്ങൾ ന്യൂറോണുകൾ ആണ് – അവ തലച്ചോറിലും നാഡികളിലും ഇരുന്ന് ചെറു കറന്റുകൾ ഉത്പാദിപ്പിച്ചു നമ്മുടെ ചിന്തകൾ , സ്പർശന ശേഷി , കാഴ്ച മുതലായവ അനുഭവേദ്യമാക്കുന്നു . മജ്ജയ്ക്ക് അകത്തെ ചില കോശങ്ങളാകട്ടെ , രക്ത കോശങ്ങളെ നിർമ്മിക്കുന്നു . അങ്ങനെ ആയിരക്കണക്കിന് തരം കോശങ്ങൾ ഉണ്ട്.
?ചില കോശങ്ങൾ മൂല കോശങ്ങൾ / സ്റ്റെം സെല്ലുകള് അഥവാ വിത്തുകോശങ്ങള് ആണ്. ഉദാഹരണത്തിന് മജ്ജയിലെ ചില കോശങ്ങൾ രക്താണു മൂല കോശങ്ങൾ ആണ് – അതായത് അവക്ക് ഏതു തരം രക്ത കോശവും ആയി മാറാൻ കഴിവുണ്ട് .
നമ്മുടെ കൊഴുപ്പിലുള്ള ചില മൂല കോശങ്ങൾക്ക് കൊഴുപ്പ്, എല്ല് , പേശി , അങ്ങനെ ചുരുക്കം കോശങ്ങൾ ആയി മാറാൻ കഴിവുണ്ട് .
നമ്മുടെ ദേഹം മൊത്തം ഒരൊറ്റ കോശത്തില്(സൈഗോട്ട് അഥവാ സിക്താണ്ഡം – അപ്പന്റെയും അമ്മയുടെയും കോശങ്ങൾ ചേർന്ന ഒറ്റ കോശം ) നിന്നാണ് ഉണ്ടായിരിക്കുന്നത് ! അതായത് , ഈ കാക്ക തൊള്ളായിരം കോശങ്ങൾ ഒക്കെ ആവാൻ പറ്റുന്ന ഗംഭീര മൂല കോശങ്ങൾ ഭ്രൂണത്തിലുണ്ട് എന്നർത്ഥം .
അതായത് പൊതുവെ – രണ്ടു തരം മൂല കോശങ്ങൾ ഉണ്ട് എന്ന് കണക്കാക്കാം :
1.ഭ്രൂണ മൂല കോശം (എന്തു തരം കോശവും ആകാൻ കെല്പ്പുള്ളവ )
2.ശരീരത്തിൽ ഉള്ള മൂല കോശം (ചില കോശങ്ങൾ മാത്രമേ ആയി മാറാൻ കഴിയൂ )
ഭ്രൂണ മൂല കോശങ്ങൾ കൊണ്ടുള്ള പരീക്ഷണങ്ങൾക്ക് പല നിയമ വിലക്കുകളും ഉണ്ട് .ഭ്രൂണത്തില് നിന്നാണ് അവ എടുക്കുന്നത് എന്നത് തന്നെയാണ് കാരണം . എങ്കിലും കർശന നിയമങ്ങൾക്കു വിധേയമായി ഇത് നടക്കുന്നുണ്ട് .
മറ്റുള്ള മൂല കോശങ്ങൾ കൊണ്ട് അസുഖങ്ങൾ മാറ്റാൻ ഉള്ള പല പരീക്ഷണങ്ങളും വളരെ ഉഷാറോടെ തന്നെ നടക്കുന്നുണ്ട് .
?അനന്ത സാധ്യതകൾ :
മൂല കോശ ചികിത്സക്ക് സാദ്ധ്യതകൾ വളരെ അധികമാണ് . നമ്മുടെ ഇന്നത്തെ ചികിത്സകളെ ഒക്കെ മാറ്റി മറിക്കാൻ കല്പുള്ള ഒരു സംഗതിയാണ് മൂല കോശ ചികിത്സ .
✔ഉദാ:പാൻക്രിയാസിലെ ഐലെറ്റ് സെല്ലുകൾ എന്ന കോശങ്ങൾക്ക് ഇൻസുലിൻ ഉത്പാദിപ്പിക്കാൻ കഴിയാതെ വരുന്നതാണ് പ്രമേഹം എന്ന രോഗത്തിന്റെ അടിസ്ഥാന പ്രശ്നം . ഒരാളുടെ മൂല കോശങ്ങൾ എടുത്ത് ഐലെറ്റ് സെല്ലുകൾ ആക്കി മാറ്റി സ്വന്തം ശരീരത്തിൽ തന്നെ പുനഃസ്ഥാപിക്കാൻ കഴിഞ്ഞാൽ ?! പ്രമേഹം പൂർണമായി മാറ്റാം !
✔താടിയെല്ലിനു ഒരാൾക്ക് ക്യാൻസർ ആണെന്ന് വെക്കൂ . ഇന്ന് കാലിൽ നിന്നും മറ്റും എല്ലും മാംസവും എടുത്ത് , മൈക്രോ സർജറി ചെയ്ത് , രക്ത ക്കുഴലുകളെ ബന്ധിപ്പിച്ചു ഏകദേശം അതെ ആകൃതിയിൽ ആക്കി എടുക്കാൻ ഇന്ന് പ്ലാസ്റ്റിക് മൈക്രോ സര്ജന്മാർ പാട് പെടുകയാണ് . ഭാവിയിൽ , ശരീരം റിജെക്ട് ചെയാത്ത ഒരു താടിയെല്ലിന്റെ അതെ ഷേപ്പിൽ ഉള്ള മാതൃക (സ്കഫോൾഡ് ) യിൽ മൂല കോശങ്ങളെ എല്ലിൻ കോശങ്ങൾ ആക്കി നിറച്ചു അത് അങ്ങ് ഫിറ്റ് ചെയ്യാൻ പറ്റിയാലോ ? ഇത്തരം സാധ്യതകൾ ഉടൻ തന്നെ വിജയം കണ്ടേക്കാം .
✔കരൾ , വൃക്ക എന്നിവയുടെ പ്രവർത്തനം നിലച്ചാൽ വേറൊരു ആളുടെ അവയവം എടുത്തു വക്കാൻ ഇന്ന് നമുക്കറിയാം . എന്നാൽ ജീവിത കാലം മൊത്തം രോഗിക്ക് സ്വയം പ്രതിരോധ ശേഷി കുറക്കുന്ന മരുന്നുകൾ കഴിക്കണം എന്ന് മാത്രമല്ല , അവയവം കൊടുക്കുന്ന ആളിനും അപായ സാധ്യത ഉള്ളത് കൊണ്ട് അവയവങ്ങൾ കിട്ടുക എളുപ്പവുമല്ല . ശവശരീരങ്ങളിൽ നിന്ന് എടുക്കുന്നതിനു പരിമിതികൾ ഉണ്ട് . എന്നാൽ ഒരു വൃക്കയോ കരളോ രോഗിയുടെ തന്നെ മൂല കോശങ്ങൾ കൊണ്ട് ഉണ്ടാക്കാൻ സാധിച്ചാൽ ? ഹോ !!
✔ചില മസ്തിഷ്ക രോഗങ്ങൾ , പക്ഷാഘാതം , നട്ടെല്ലിന് ക്ഷതം പറ്റിയത് മൂലം കാലുകള്ക്കോ കൈകൾക്കുമോ തീരെ ശേഷിയില്ലായ്മ ഇവ ഒക്കെ മൂല കോശങ്ങൾ കൊണ്ട് ചികിൽസിക്കാൻ പറ്റിയേക്കും എന്ന് ചില ശാസ്ത്രജ്ഞർ കരുതുന്നു . ചില ക്ലിനിക്കൽ ട്രയലുകൾ അഥവാ രോഗികളിൽ വളരെ നിയന്ത്രണ വിധേയമായി നടത്തുന്ന പ്രാരംഭ ചികിത്സകൾ നടന്നിട്ടുണ്ട് .
എന്നാൽ ഒരു കാര്യം നാമോർക്കണം . മുകളിൽ പറഞ്ഞ ചികിത്സകൾ എല്ലാം സാധ്യതകൾ മാത്രം ആണ് ഇന്നും . ഇവ ഒന്നും ഇപ്പോൾ പ്രചാരത്തിൽ ഉള്ള ചികിത്സകൾ അല്ല .
? രക്ത മൂല കോശങ്ങള് മാറ്റി വെക്കുന്ന ചികിത്സാ രീതി എന്താണ് ?
മൂല കോശങ്ങൾ ഉപയോഗിച്ച് ഇപ്പോൾ ലോകം എമ്പാടും നടക്കുന്ന ഒരേ ഒരു വ്യവസ്ഥാപിത ചികിത്സാ രീതി ആണ് – മജ്ജ മാറ്റി വെക്കൽ അഥവാ ബോൺ മാരോ ട്രാൻസ്പ്ലാന്റേഷൻ .
രക്താർബുദം (ലുക്കീമിയ ), രക്ത കോശങ്ങൾക്കുണ്ടാകുന്ന ചില വേറെ കാൻസറുകൾ , ജന്മനാ ഉണ്ടാകുന്ന ചില അനീമിയകൾ , ജന്മനാ ഉണ്ടാകുന്ന ചില രോഗ പ്രതിരോധ ശക്തി ഇല്ലായ്മകൾ , മറ്റു ചില വളരെ അപൂർവ്വ അസുഖങ്ങൾ – എന്നിവക്കാണ് ചിലപ്പോൾ മജ്ജ മാറ്റി വെക്കൽ ചികിത്സ നടത്താറുള്ളത് .
മജ്ജ മാറ്റി വെക്കൽ ശസ്ത്രക്രിയ എന്നത് തെറ്റായ ഒരു പ്രയോഗം ആണ് . കരൾ , വൃക്ക ഒക്കെ മാറ്റി വക്കുന്നത് പോലെ ഒരു ശസ്ത്രക്രിയ അല്ല മജ്ജ മാറ്റി വെക്കൽ .
അതിശക്തമായ മരുന്നുകൾ ഉപയോഗിച്ച് രോഗിയുടെ രോഗം ബാധിച്ച അല്ലെങ്കിൽ ശരിയായി പ്രവർത്തിക്കാത്ത മജ്ജയിലെ മുഴുവൻ കോശങ്ങളെയും നശിപ്പിച്ചു കളയുകയാണ് ആദ്യം ചെയ്യുക .
പിന്നെ ഉടനെ തന്നെ ചേരുന്ന മറ്റൊരാളുടെ രക്ത മൂല കോശങ്ങൾ രോഗിയുടെ രക്തത്തിലേക്ക് കുത്തി വക്കുന്നു , ഈ കോശങ്ങൾ തന്നെ മജ്ജയിൽ പോയി അവിടെ ഇരുന്നു രക്ത കോശങ്ങൾ ഉത്പാദിപ്പിച്ചു തുടങ്ങിക്കോളും.
?Stem Cell ദാതാവും / പൊരുത്തവും
ദാതാവിന്റെയും സ്വീകര്ത്താവിന്റെയും ശാരീരിക ഘടകങ്ങള് തമ്മില് ഉള്ള പൊരുത്തം അഥവാ Donor Match /compatibility ആണ് ഈ ചികില്സയില്ഏറ്റവും പ്രധാനപ്പെട്ട ഘടകം.രക്തദാനം/അവയവദാനം എന്നിങ്ങനെ ഉള്ള കാര്യങ്ങളില് ഈ പൊരുത്തത്തിനെ കുറിച്ച് മിക്കവാറും പേര്കേട്ടിട്ടുണ്ടാവുമല്ലോ.അതിനു സമാനം ആയ ഒരു പ്രതിഭാസം ആണ് ഇവിടെയും, എന്നാല് അതിലും കൂടിയ അളവില് /തോതില് കൃത്യത ഉള്ള പൊരുത്തം വേണം എന്നതാണ് ഇവിടെ കൂടുതല് വെല്ലുവിളി സൃഷ്ട്ടിക്കുന്നത്.
നമ്മുടെ രോഗപ്രതിരോധ വ്യവസ്ഥ പുറത്തു നിന്ന് വരുന്ന ഏതൊരു വസ്തുവിനെയും അന്യപദാര്ത്ഥം ആയി കണ്ടു പ്രതിരോധിക്കാന്/നശിപ്പിക്കാന്ശ്രമിക്കും.
മറ്റൊരാളുടെ ശരീരത്തില് നിന്ന് വരുന്ന കോശങ്ങളെ അന്യ വസ്തു ആയിട്ടായിരിക്കും ശരീരം കാണുക ഇതിനെ ശരീരം പിന്തള്ളാം(Graft Rejection).മേല്പ്പറഞ്ഞ രോഗത്തില് ആവട്ടെ മാറ്റി വെയ്ക്കപ്പെട്ട വിത്ത്‌കോശങ്ങള്പ്രവര്ത്തിച്ചു തുടങ്ങുമ്പോള് ഉല്പ്പാദിപ്പിക്കപ്പെടുന്ന കോശങ്ങള് ശരീരത്തിലെ കോശങ്ങളെ അന്യ വസ്തുവായി കണ്ടു അതിനെ നശിപ്പിക്കാന് ഉള്ള പ്രവണത തുടങ്ങാം.അതിനാല് ദാതാവിന്റെയും സ്വീകര്ത്താവിന്റെയും കോശങ്ങള് തമ്മില്ഉള്ള പൊരുത്തം വളരെ പ്രധാനം ആണ്.
രക്തദാനത്തില് നമ്മള് ഗ്രൂപ്പുകള് തമ്മില് ഉള്ള പൊരുത്തം കണക്കാക്കുന്നത് പോലെ ഇവിടെ രോഗപ്രതിരോധ വ്യവസ്ഥയില് പല ഘടകങ്ങള് നോക്കും അതില് ഏറ്റവും പ്രധാന മാനദണ്ഡം Human leukocyte antigen (HLA) matching ആണ് ശരീര കോശങ്ങളുടെ ഉപരിതലത്തില് കാണുന്ന ഒരു പ്രോട്ടീന്ആണ് ഇത്.
HLA പലവിധ തരത്തില് ഉള്ളതിനാല് കൃത്യമായ ചേര്ച്ച ഉള്ള ദാതാവിനെ കണ്ടെത്തുന്നത് വെല്ലുവിളിയാണ്.
സാധാരണ ഗതിയില് ബന്ധുക്കളില് (പ്രത്യേകിച്ച് സഹോദരങ്ങള് പോലെ അടുത്ത ബന്ധം ഉള്ളവരില്)നിന്നുള്ള ദാതാവ്,ബന്ധുക്കള് അല്ലാത്ത ദാതാവ് എന്നിങ്ങനെ ആണ് പരിഗണിക്കുക.പൊരുത്തം ഉള്ള ആളുകളെ കണ്ടെത്തുക എന്ന് പറയുന്നത് വൈക്കോല് കൂനയ്ക്കിടയില് സൂചി തിരയുന്നത് പോലെ ക്ലേശകരം ആയ പ്രവര്ത്തി ആണെന്ന് തന്നെ പറയണം.
?ആര്ക്കാണ് ദാതാവ് ആകാവുന്നത്?
പ്രായപൂര്ത്തി ആയ ആള്ക്കാരെ ആണ് സാധാരണഗതിയില്പരിഗണിക്കുക.എച്ച് ഐ വി ,ഹെപ്പറ്റൈറ്റിസ് ബി പോലെ ഉള്ള രക്തത്തിലൂടെ പകരുന്ന പകര്ച്ചവ്യാധികള് മറ്റു പ്രധാന രോഗങ്ങള് എന്നിവ ഇല്ലാത്ത ആരോഗ്യവാന് ആയ ആര്ക്കും ദാതാവ് ആവാം.
?Stem Cells പൊരുത്തം കണ്ടെത്തിയാല് എന്താണ് പ്രക്രിയ?
ദാതാവിന്റെ പരിപൂര്ണ്ണ സമ്മതത്തോടെ മൂല കോശങ്ങള് മാറ്റിവെയ്ക്കല് പ്രക്രിയ നടത്താം.മൂല കോശങ്ങള് ഉണ്ടാവുന്നത് ത്വരിതപ്പെടുത്താന് ഉള്ള മരുന്ന് കഴിച്ചതിനു ശേഷം രക്തദാന പ്രക്രിയ പോലെ രക്തം സൂചി ഉപയോഗിച്ച് എടുക്കുന്ന താരതമ്യേന ലഘുവായ പ്രക്രിയ പോലെ പല രീതിയില് ഈ പ്രക്രിയ സാധ്യമാവം.
?രക്ത ഗ്രൂപ്പ് പൊരുത്തം ഉണ്ടാവേണ്ട കാര്യം ഉണ്ടോ?
ഇല്ല.
? പൊക്കിൾ ക്കൊടി രക്ത ബാങ്കിങ്ങും മൂല കോശങ്ങളും എങ്ങനെ ?
പല വലിയ ആശുപത്രികളിലും പ്രസവ പ്രാരംഭ ചികിത്സക്ക് പോകുന്ന ഗർഭിണികളും കൂടെയുള്ളവരും ചില കമ്പനി പ്രതിനിധികളിൽ നിന്നും നേരിടുന്ന ഒരു ചോദ്യമാണ് – കുട്ടിയുടെ പൊക്കിൾ കോടി രക്തം സൂക്ഷിച്ചു വക്കാം – വേണോ – എന്നത് .
പൊക്കിൾ കോടി മുറിച്ചതിനു ശേഷം ആണ് രക്തം എടുക്കുന്നത് . വളരെ സുരക്ഷിതം ആണ് . ഇത് കൊണ്ട് കുട്ടിക്ക് ദോഷം ഒന്നും വരുന്നില്ല .
വേണോ? വേണമെങ്കില് അൻപതിനായിരം മുതൽ എഴുപതിനായിരം വരെ മുതൽ മുടക്കണം . ഇരുപതു ഇരുപത്തഞ്ച് വര്ഷം ഈ രക്തം ശീതീകരിച്ചു സൂക്ഷിക്കുന്നതായിരിക്കും . നമുക്ക് ഭാവിയിൽ ആവശ്യം വന്നാൽ കിട്ടും .
എന്തിനാണ് ഈ രക്തം സൂക്ഷിക്കുന്നത് ? ശരിക്കും ഈ രക്തത്തിൽ നിന്ന് വേർതിരിച്ചു എടുക്കുന്ന രക്ത മൂല കോശങ്ങൾ ആണ് സൂക്ഷിക്കുന്നത് . ഭാവിയിൽ ഇത് കുട്ടിക്കോ സഹോദരങ്ങൾക്കോ ബന്ധുക്കൾക്കോ ആവശ്യം വന്നാൽ എടുക്കാം എന്നതാണ് വാഗ്ദാനം . ഇത് ചെയ്യണോ എന്ന ചോദ്യത്തിന് ഉത്തരം പറയണം എങ്കിൽ രണ്ടു തരം പൊക്കിൾ കോടി രക്ത ബാങ്കിങ്ങിനെ (കോഡ് ബ്ലഡ് ബാങ്കിങ് ) പറ്റി അറിയണം .
1 – പ്രൈവറ്റ് കോഡ് ബ്ലഡ് ബാങ്കിങ് :
നമ്മൾ കാശ് കൊടുത്തു നമുക്ക് വേണ്ടി മാത്രം ആയി ഈ മൂല കോശങ്ങൾ അവർ സൂക്ഷിച്ചു വക്കും . നമ്മുടെ കുട്ടിക്കോ മറ്റു കുട്ടികൾക്കോ ബന്ധുക്കൾക്കോ ആവശ്യം വന്നാൽ ഇത് ഭാവിയിൽ നമുക്ക് ഉപയോഗിക്കാം .
ഇത്തരം കോഡ് ബ്ലഡ് ബാങ്കിങ് കൊണ്ട് വലിയ പ്രയോജനം ഇല്ല എന്നാണു വിദഗ്ദ്ധ മതം . “ വളരെ വേണ്ട ഒരു കാര്യം ആണെന്ന്” പറഞ്ഞു ആരെങ്കിലും നിങ്ങളെ നിര്ബന്ധിക്കുന്നുണ്ടെങ്കിൽ അതൊരു തട്ടിപ്പായിരിക്കാം എന്ന് പറയേണ്ടി വരും .
കാരണം ലളിതമാണ് . രക്ത മൂല കോശങ്ങൾ മാത്രമാണ് നമ്മൾ സൂക്ഷിച്ചു വക്കുന്നത് . മേല്പറഞ്ഞ ചുരുക്കം ചില അസുഖങ്ങൾക്ക് മാത്രമേ ഈ മൂല കോശങ്ങൾ ഉപയോഗിക്കാൻ പറ്റുള്ളൂ . അത് തന്നെ മിക്കപ്പോഴും ഉപയോഗിക്കാൻ പറ്റില്ല !
കാരണം എന്താന്നല്ലേ – രക്ത സംബന്ധമായ ഈ മിക്ക അസുഖങ്ങളും (കാൻസറുകൾ അടക്കം ) ജനിതക കാരണങ്ങൾ ഉള്ളവയാണ് . അതിനാൽ കുട്ടിക്ക് ഭാവിയിൽ അസുഖം വന്നാൽ കുട്ടിയുടെ തന്നെ മൂലകോശങ്ങൾ പലപ്പോഴും ഉപയോഗിക്കാൻ പറ്റില്ല . എന്നാൽ സഹോദരങ്ങൾക്ക് അസുഖം വന്നാൽ കുട്ടിയുടെ മൂല കോശങ്ങളും ആയി മാച്ച് ചെയ്യാൻ സാധ്യത കൂടുതൽ ഉള്ളത് കൊണ്ട് പ്രയോജനപ്പെട്ടേക്കാം . പക്ഷെ ആലോചിച്ചു നോക്ക് – വേണ്ടി വരാൻ ഉള്ള സാധ്യത വളരെ കുറവാണ് . രണ്ടു ലക്ഷത്തിൽ ഒന്ന് – എന്ന് ചിലർ കണക്കാക്കുന്നു .
മൂത്ത ഒരു കുട്ടിക്ക് ഇങ്ങനത്തെ ഒരു അസുഖം ഉണ്ടെങ്കിൽ , ഡോക്ടറുടെ നിർദേശപ്രകാരം അടുത്ത കുട്ടിയുടെ കോഡ് ബ്ലഡ് എടുത്തു വയ്ക്കാവുന്നതാണ് .
2,പബ്ലിക് കോഡ് ബ്ലഡ് ബാങ്കിങ് :
ഇത് ശരിക്കും ഒരു പരോപകാര പ്രവർത്തി ആണ് . കോഡ് ബ്ലഡ് സൂക്ഷിച്ചു വയ്ക്കുന്ന ചില പബ്ലിക് ബാങ്കുകൾ ഉണ്ട് . ഇന്ത്യയിൽ ചെന്നൈയിലെ “ജീവൻ “, കൽക്കട്ടയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രോപ്പിക്കൽ മെഡിസിൻ എന്നിവയിലൊക്കെ പബ്ലിക് കോഡ് ബ്ലഡ് ബാങ്ക് ഉണ്ട്. ഇന്ത്യയിലെ ചില ആശുപത്രികളിൽ നിന്നു മാത്രമേ അവർ ഇങ്ങനെ മൂല കോശങ്ങൾ ശേഖരിക്കുന്നുള്ളു . ഇങ്ങനെ നമ്മൾ കൊടുക്കുന്ന കോഡ് ബ്ലഡ് സൂക്ഷിക്കുന്നതിന് നമ്മൾ ഒരു ഫീസും അടക്കേണ്ടതില്ല . പക്ഷെ ഈ മൂല കോശത്തിനു നമുക്ക് പിന്നെ യാതൊരു അവകാശവും ഉണ്ടായിരിക്കുന്നതല്ല . ഏതെങ്കിലും ഒരു കുട്ടിക്ക് രക്താർബുദം മൂലമോ മറ്റോ മജ്ജ മാറ്റി വെക്കൽ ആവശ്യം ആയി വന്നാൽ , കോഡ് ബ്ലഡ് ബാങ്കിൽ HLA ഒക്കെ മാച്ച് ചെയ്തു വച്ചിരിക്കുന്ന മൂല കോശം മാച്ച് നോക്കി ലഭിച്ചേക്കാം . പൊക്കിൾ കൊടിയിൽ നിന്നുള്ള മൂല കോശങ്ങൾ മാച്ച് ആകാൻ എളുപ്പം ആണ് . ആറിൽ ആറു പൊരുത്തത്തിനു പകരം ആറിൽ നാല് പൊരുത്തം മതിയാകും . പബ്ലിക് കോഡ് ബ്ലഡ് ബാങ്കിങ്, നമ്മൾ പ്രോത്സാഹിപ്പിക്കണം .