അതിരുവിടുന്ന ആൻ്റിബയോട്ടിക്, അതീതരാകുന്ന ബാക്ടീരിയ
ഏറ്റവും ഫലപ്രദമായ ആൻറിബയോട്ടിക് , ഉപയോഗിക്കാതിരിക്കുന്ന ആന്റിബയോട്ടിക്കാണ്.
ഭാരതത്തിൽ ആദ്യമായി ആന്റി ബയോട്ടിക് റെസിസ്റ്റൻസിനെതിരെ സമഗ്രമായ പദ്ധതി വിഭാവനം ചെയ്തത് കേരളമാണ്. ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ ആരോഗ്യം, മൃഗസംരക്ഷണം, ഫിഷറീസ്, കൃഷി, പരിസ്ഥിതി എന്നീ വകുപ്പുകളെ ഏകോപിപ്പിച്ചാണ് ഈ കര്‍മ്മ പദ്ധതി നടപ്പിലാക്കുന്നത്. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ തന്നെ ഇത്തരം സമഗ്രമായ പദ്ധതി ആദ്യമായെന്ന് കരുതപ്പെടുന്നു. സർക്കാർ, നയരൂപീകരണതലത്തിൽ ഇത്തരം ഇടപെടലുകൾ നടത്താൻ മാത്രം ഈ വിഷയത്തിന്റെ ഗൗരവം എന്താണ്?
ബാക്റ്റീരിയ പോലുള്ള സൂക്ഷ്മാണുക്കൾ ഭൂമിയിൽ അവതരിച്ചിട്ട് മില്യൺ കണക്കിന് വർഷങ്ങളായി. മനുഷ്യൻ ഒക്കെ വളരെ വൈകിയാണ് എത്തിയത്. നമ്മൾ ആൻറിബയോട്ടിക്കുകൾ ആയി ആദ്യം ഉപയോഗിച്ച് തുടങ്ങിയ പെൻസിലിയം പോലുള്ള പൂപ്പൽ എക്സ്ട്രാറ്റും മറ്റും അതിനു് മുമ്പ് തന്നെ ബാക്റ്റീരിയ പ്രകൃതിയിൽ പലയിടത്തും കണ്ട് മുട്ടിയിട്ടുണ്ട്. നാം അവ തമ്മിലുള്ള അന്യോനം കുറെ കൂടെ ത്വരിതപ്പെടുത്തുക മാത്രം ചെയ്തു. ഇവയെ മറികടക്കാനുള്ള രീതികൾ ആവിഷ്കരിക്കുവാനുളള നിരന്തരമായ ജനിതക മാറ്റങ്ങൾക്ക് ബാക്ടീരിയകൾ പോലുള്ള സൂക്ഷ്മജീവികൾ അതിസമർത്ഥരാണ്.
സ്ഥാനത്തും അസ്ഥാനത്തും ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുമ്പോൾ അവയ്ക്ക് വിധേയമാകുന്ന അണുക്കൾ നശിക്കുന്നു. പ്രതിരോധ ശക്തി ആർജിച്ചവ നിലനിൽക്കുന്നു. അതിജീവിക്കുന്നവ മാത്രം അവശേഷിക്കുന്നു, പെരുകുന്നു. ഒടുവിലൊടുവിൽ അവക്ക് മുമ്പിൽ ആന്റിബയോട്ടിക് ഫലപ്രദമാവാതെ വരുന്നു.
തീർന്നില്ല, സംഗതികൾ അതിഗുരുതരമാക്കി കൊണ്ട് ഇത്തരം ആർജിച്ച പ്രതിരോധ ശക്തി മറ്റ് ബാക്റ്റീരിയകളിലേക്ക് കൈമാറാനും ഇവക്ക് കഴിയുന്നു. കൈമാറുക എന്ന് പറയുമ്പോൾ മാരത്തോൺ ഓടുന്നയാൾ ബാറ്റൺ കൈമാറുന്ന പോലെയല്ല. വളരെ വേഗം ഒരു വർഗത്തിൽ പെട്ട ബാക്റ്റീരയിൽ നിന്ന് മറ്റൊന്നിലേക്ക് പോലും ജനിതകമായ രീതികളിൽ പ്രതിരോധശേഷി പരന്ന് വ്യാപിക്കുന്നു.
R word – റെസിസ്റ്റൻസ്
അന്ന് ലഭ്യമായിരുന്ന ഒരു മാതിരി ആന്റി ബയോട്ടിക്കുകളെയെല്ലാം പ്രതിരോധിക്കാവുന്ന ശേഷിയുള്ള മെതിസിലിൻ റെസിസ്റ്റന്റ് ബാക്റ്റീരിയകൾ അറുപതുകളിൽ തന്നെ കണ്ടു തുടങ്ങി.
എന്തു കൊണ്ട് റെസിസ്റ്റൻസ് എന്ന ചോദ്യത്തിൽ സമൂഹം മനസിലാക്കിയിരിക്കേണ്ട പ്രധാന ഉത്തരങ്ങൾ ഇവയാണ്.
അമിതോപയോഗം, ദുരുപയോഗം.
ആന്റിബയോട്ടിക് പ്രതിശക്തി ഉണ്ടാവുന്നതിന്റെ പ്രധാന കാരണം ഇത് തന്നെ. മിക്ക രാജ്യങ്ങളിലും സമൂഹങ്ങളിലും പ്രത്യേകിച്ച് നിയന്ത്രണങ്ങളില്ലാതെ ഇവ ലഭ്യമാണ്. അനാവശ്യമായ ആന്റിബയോട്ടിക് പ്രയോഗം പോലെ അണുബാധയ്ക്ക് യുക്തമായ ആന്റിബയോട്ടിക് കൃത്യമായ ഡോസിൽ നൽകാത്തതും ഇതിന് കാരണമായി. പലപ്പോഴും കൃത്യമായ രോഗാണുവേതെന്ന് തിരിച്ചറിയാതെ കാടടച്ചു വെടിവെക്കുമ്പോലാണ് ഇവ നൽകുന്നത്. സർവ്വസാധാരണമായ വൈറൽ പനികൾക്ക് ആന്റിബയോട്ടിക്കുകൾ നൽകുന്നത് ഒരുദാഹരണം. ഇത് പോലെ പുനപരിശോധനാ വിധേയമായി കൊണ്ടിരിക്കുകയാണ് അണുനാശകാരികളായ handwashകൾ, സാനിറ്റൈസറുകൾ എന്നിവയുടെ ഉപയോഗം
കാർഷികാവശ്യത്തിന് വ്യാപകമായി ഉപയോഗം
കോഴി, കന്നുകാലി, ആട്, പന്നി മുതലായ സകല തീൻമൃഗ കൃഷിയിൽ മൃഗങ്ങളുടെ പുഷ്ടിക്കും അണുബാധ തടയുന്നതിനും ഇവ ഉപയോഗിക്കുന്നു. ഉയർന്ന രീതിയിലുള്ള ആന്റിബയോട്ടിക് പ്രതിശക്തിയുള്ള ബാക്റ്റീരിയകൾ ഇത്തരം മൃഗങ്ങളുടെ കുടലിൽ ഉള്ളതായും പിന്നീട് ഇതേ ബാക്റ്റീരിയ കർഷകരുടെ കുടലിലും പ്രത്യക്ഷമാവുന്നതായും കണ്ടു. തന്മാത്രാ പഠനങ്ങൾ ഇത് പിന്നീട് ഇത് ഭക്ഷിക്കുന്ന ഉപഭോക്താക്കളിലുമെത്താമെന്ന സൂചനകളാണ് നൽകുന്നത്.
ഇന്ത്യ ഇന്ന് തീൻമൃഗ കൃഷിയിൽ ആന്റിബയോട്ടിക് ഉപയോഗത്തിൽ ലോകത്തു നാലാം സ്ഥാനത്തു നിൽക്കുന്നു എന്ന് മാത്രമല്ല, പല രാജ്യങ്ങളും ഇവയിൽ ശക്തമായ നിയന്ത്രണങ്ങൾ കൊണ്ടുവരുമ്പോൾ ഇവിടെ അവയുടെ ഉപയോഗം വർധിച്ചു വരുകയാണ്.
വാ പോയ കോടാലി, പുതിയവ നിർമിക്കുന്നില്ല
ആന്റിബൈക്കോടിക് റെസിസ്റ്റൻസ്നെ പുതിയ ആന്റിബയോട്ടിക്കുകൾ കൊണ്ട് റെസിസ്റ്റ് ചെയ്യാനും ആ മരുന്നുകൾ വിപണനം ചെയ്യുവാനും ആന്റിബൈയോടിക് യുഗത്തിന്റെ സുവർണ കാലത്തു ഫർമസ്യുട്ടിക്കൽ കമ്പനികൾ ഉണ്ടായിരുന്നു. 60കൾ മുതൽ 80കൾ വരെ അവർ സജീവമായിരുന്നു. പിന്നീട് പ്രമുഖ കമ്പനികൾ ഓരോന്നായി ആന്റിബയോട്ടിക് രംഗത്ത് നിന്ന് പിന്മാറി. പുതിയ ക്ലാസ്സുകളിൽ പെടുന്ന ആന്റിബൈക്കോടിക് വികസിപ്പിക്കൽ അത്ര കണ്ടു ലാഭകരമല്ലാത്തത് ഒരു പ്രധാന കാരണം ആണ്. അതിനു പുറമെ പുതിയവ വന്നാൽ തന്നെ തീർത്തും അവശ്യമായ ഘട്ടത്തിൽ മാത്രം അവ ഉപയോഗിക്കുക എന്ന രീതിയിൽ റെസിസ്റ്റൻസ് അവബോധം ഇപ്പോൾ ഡോക്ടർമാർക്കിടയിൽ വ്യാപകമായതിനാൽ ഉപയോഗം കുറവായിരിക്കും എന്ന കാരണവും കച്ചവടത്തിന്റെ ആംഗിളിൽ അവരെ പുറകോട്ടടിക്കുന്നു. ഇതിനെല്ലാം പുറമേ ഇവ പരീക്ഷിക്കുവാനുള്ള ട്രയലുകളുടെ നിയന്ത്രണങ്ങളും കടുത്തതാണ് .
പുതിയ മരുന്നുകൾ പ്രത്യേകിച്ച് ഗ്രാം നെഗറ്റീവ് ബാക്റ്റീരിയകളെ നേരിടുവാനുള്ള പുതിയ തരം ആന്റിബയോട്ടിക്കുകൾ കണ്ടെത്തുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്
അറബിക്കടലിലെറിഞ്ഞാലോ…
“അപ്പഴേ ഞങ്ങൾ പറഞ്ഞതല്ലേ, എല്ലാ ആന്റിബയോട്ടിക്കുകളും അറബിക്കടലിൽ വലിച്ചെറിയണമെന്ന് ” ഇത് വായിക്കുന്ന ചിലരെങ്കിലും ഉറക്കെ ചിന്തിക്കുന്നുണ്ടാകും.
എണ്ണാനാവാത്ത വിധം അസംഖ്യംരോഗികളുടെ ജീവൻ രക്ഷിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു മരുന്നുകളാണ് ആന്റിബയോട്ടിക്കുകൾ. അവയുടെ കണ്ടുപിടുത്തത്തിന് മുമ്പ് ഇന്ന് നിസാരമായ അണുബാധകൾ പോലും ജീവഹാനി വരുത്തിയിരുന്നു. ഇത് കൂടാതെ പ്രധാനപ്പെട്ട ശസ്ത്രക്രിയകൾ, കാൻസർ ചികിൽസയെടുക്കുന്നവർക്ക് അണുരോഗബാധ തടയാൻ, ദീർഘകാല രോഗങ്ങളായ ഡയബെറ്റിസ്, കിഡ്നി രോഗങ്ങൾ തുടങ്ങി പല വ്യാധികളുള്ളവർക്കും പല ഘട്ടങ്ങളിലും ആന്റിബയോട്ടികുകൾ ഒഴിച്ചു കൂടാനാവത്തവയാണ്. അടിയന്തിര ഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കേണ്ട ആൻറിബയോട്ടിക്കുകൾ ലാഘവബുദ്ധിയോടെ കൈകാര്യം ചെയ്തതാണ് ആന്റിബയോട്ടിക് റെസിസ്റ്റൻസിന് കാരണം. കീമോഫോബിയ അതിനൊരുത്തരമല്ല.
ഇനി എന്ത്?
ഇന്ന് ലഭ്യമായ ഒട്ടു മിക്ക ആൻറിബയോട്ടിക്കുകൾക്ക് നേരെയും പ്രതിശക്തി നേടിയ ബാക്റ്റീരിയകൾ നമുക്കു ചുറ്റുമുണ്ട്. പണ്ട് ഒന്നാം നിര മരുന്നുകളെന്ന് കരുതി ഉപയോഗിച്ചിരുന്നവ ഏശാതാകുമ്പോൾ ബ്രഹ്മാസ്ത്രം കണക്ക് മാറ്റി വെച്ചിരുന്ന രണ്ടാം നിര മൂന്നാം നിര മരുന്നുകൾ ഇന്ന് ആദ്യം ഉപയോഗിക്കാൻ നിർബന്ധിതരാവുന്നു. അവ ഏശിയില്ലെങ്കിൽ ആവനാഴിയിൽ അമ്പില്ലാത്ത അവസ്ഥ വരുന്നു. അഞ്ചിലൊന്ന് അണുബാധകൾക്ക് കാരണം ഇത്തരം സർവ്വജിത്തുകളായ അണുക്കളാണ് എന്ന് കണക്കുകൾ പറയുന്നു. ഇതിന്റെ ഫലമായി ന്യുമോണിയ, ടി.ബി, ഗൊണോറിയ തുടങ്ങിയ പല തരം അണുബാധകൾ ചികിൽസിക്കാൻ ബുദ്ധിമുട്ട് നേരിടുന്നു. മരണ നിരക്ക് വർധിക്കുന്നു.
പല രാജ്യങ്ങളും ഇത് മുന്നിൽ കണ്ട് ആന്റിബയോട്ടിക് ദുരുപയോഗം കുറക്കാൻ ശക്തമായ നടപടികൾ ആരംഭിച്ചു. നെതർലാന്റ്സ് പോലുള്ളവ അതിൽ വൻ നേട്ടം കൈവരിച്ചു. ഇന്ത്യയിലെ സ്ഥിതി വ്യത്യസ്ഥമാണ്. 2010 നും 15 നും ഇടയ്ക്ക് ആൻറിബയോട്ടിക് ഉപയോഗം ഇരട്ടിച്ചതായാണ് കാണുന്നത്. ഇന്ത്യ ആൻറിബയോട്ടിക് റെസിസ്റ്റൻസിന്റെ തലസ്ഥാനമാകുമെന്ന ഭയം ന്യായമാണ്. സാംക്രമിക രോഗങ്ങളുടെ ഭാരം വളരെ വലുതായ, ദാരിദ്രവും പോഷണക്കുറവും നിലനിൽക്കുന്ന, വ്യാപകമായ ശുചിത്വ ഹീനമായ ചുറ്റുപാടുകളുള്ള അവസ്ഥ ഈ വെല്ലുവിളി കടുത്തതാക്കുന്നു.
നമുക്കെന്ത് ചെയ്യാൻ കഴിയും ?
ഭാരതത്തിൽ ആദ്യമായി ആന്റി ബയോട്ടിക് റെസിസ്റ്റൻസിനെതിരെ സമഗ്രമായ പദ്ധതി വിഭാവനം ചെയ്തത് കേരളമാണെന്നത് അഭിമാനത്തേക്കാൾ ആശ്വാസം പകരുന്ന വാർത്തയാണ്. ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ ആരോഗ്യം മൃഗസംരക്ഷണം, ഫിഷറീസ്, കൃഷി, പരിസ്ഥിതി എന്നീ വകുപ്പുകളെ ഏകോപിപ്പിച്ചാണ് ഈ കര്‍മ്മ പദ്ധതി നടപ്പിലാക്കുന്നത്. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ തന്നെ ഇത്തരം സമഗ്രമായ പദ്ധതി ആദ്യമായെന്ന് കരുതപ്പെടുന്നു.
ആന്റിബയോട്ടിക് റെസിസ്റ്റൻസ് കുറക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിക്കണ്ട നടപടികൾ താഴെ പറയുന്നവയാണ്.
വ്യക്തികൾ സ്വീകരിക്കേണ്ടത്.
- പരമപ്രധാനമായത് അണുബാധ തടയുക എന്നതാണ്. കൈ കഴുകുക, ശുചിത്വമുള്ള, സുരക്ഷിതമായി പാചകം ചെയ്ത പോഷകഗുണമുള്ള സന്തുലിത ഭക്ഷണം കഴിക്കുക, ശുദ്ധമായ ജലം ഉപയോഗിക്കുക, സുരക്ഷിതമായ ലൈംഗിക സ്വഭാവ രീതികൾ പാലിക്കുക, പെട്ടെന്ന് പകരുന്ന സാംക്രമിക രോഗങ്ങൾ ഉള്ളവരോട് ആ സമയത്ത് അടുത്ത് ഇടപഴുകാതിരിക്കുക, വാക്സിൻ കൊണ്ട് തടയാവുന്ന അണുബാധകൾക്ക് വാക്സിനേഷൻ സ്വീകരിക്കുക എന്നതാണ് ഇതിൽ പരമ പ്രധാനം.
- ആന്റി ബയോട്ടിക് എള്ളുണ്ടയല്ല.
എനിക്ക് ഭയങ്കര തൊണ്ടയടപ്പ് ഭായ്, വേഗം മാറാൻ ങ്ങളൊര് ഏതെങ്കിലുമൊരു കിടിലം ആന്റിബയോട്ടിക് തരീ എന്ന് പറഞ്ഞ് മെഡിക്കൽ ഷോപ്പിൽ നിന്ന് വാങ്ങി കഴിക്കാതിരിക്കുക. പ്രിസ്ക്രിപ്ഷനില്ലാത്ത ആന്റിബയോട്ടിക് സ്വയം ചികിൽസ ഒഴിവാക്കുക.
- ആന്റി ബയോട്ടിക് ആവശ്യമില്ലെന്ന് ഡോക്ടർ പറഞ്ഞാൽ വേണമെന്ന് ശഠിക്കാതിരിക്കുക. വൈറൽ പനി പോലെ ആന്റിബയോട്ടിക് ആവശ്യമില്ലാത്ത അവസരങ്ങൾ ധാരാളമുണ്ട്.
നമ്മുടെ സമൂഹത്തിൽ, മരുന്നുകൾ എഴുതാത്ത പ്രത്യേകിച്ച് ആന്റിബയോട്ടിക്കുകൾ എഴുതാത്ത ഡോക്ടർമാരെ മതിപ്പ് കുറച്ച് കാട്ടുന്ന രീതിയുമുണ്ട്. “അയാള് ശരിക്കും MBBS കഴിഞ്ഞ ഡോക്ടറാ? ധാരാളം വെള്ളം കുടിച്ച് വിശ്രമിച്ചാൽ മതി, മരുന്നു വേണ്ട പോലും” എന്ന പരിഹാസം പലപ്പോഴും കേൾക്കാം.
- ഡോക്ടർ നിർദേശിച്ച കൃത്യമായ ഡോസിൽ കഴിക്കുക
- ബാക്കി വരുന്ന ആന്റിബയോട്ടിക്കുകൾ ദാനം ചെയ്യുന്നത് അന്നദാനം പോലെ പുണ്യ പ്രവൃത്തിയായി കാണേണ്ടതില്ല!
ഡോക്ടർമാർ ചെയ്യേണ്ടത് പരമപ്രധാനമെങ്കിലും ഇവിടെ എഴുതുന്നതിൽ വലിയ പ്രസക്തിയില്ല. ചുരുക്കത്തിൽ കൃത്യമായ മാർഗരേഖകൾ സ്വീകരിച്ച് മാത്രം അവശ്യമായ ആന്റി ബയോട്ടിക്കുകൾ ഉപയോഗിക്കുക എന്നത് പ്രധാനമാണ്. കേരളത്തിലെ പല ആശുപത്രികളിലും കുറിപ്പടികൾ ഓഡിറ്റ് ചെയ്യപ്പെടുകയും ആന്റിബയോട്ടിക് പോളിസി നടപ്പിലാക്കപ്പെടുകയും ചെയ്ത് തുടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ ആന്റിബയോട്ടിക് കഴിക്കുന്ന ഡോസും കാലയളവും കൃത്യമായി പറഞ്ഞ് മനസിലാക്കാനും അവർക്ക് കഴിയണം. ആന്റിബയോട്ടിക് റെസിസ്റ്റന്റ്റ് അണുബാധകൾ കൃത്യമായി റിപ്പോർട്ട് ചെയ്ത് സർവെയ്ലൻസ് നടത്തുന്നതും പ്രധാനമാണ്.
ആശുപത്രികളിലെ അണുബാധ നിയന്ത്രണം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ അത് പോലെ പരമ പ്രധാനമാണ്.
ആന്റിബയോട്ടിക്കുകളുടെ അനിയന്ത്രിതമായ ഉപയോഗത്തെപ്പറ്റിയും പൊതുവായ ശുചിത്വത്തെ പറ്റിയും പൊതുജനങ്ങള്‍ക്കിടയിലെ അവബോധ പ്രവര്‍ത്തനങ്ങളും, പ്രിസ്ക്രിപ്പ്ഷൻ ഇല്ലാതെ ആന്റിബയോട്ടിക് ലഭിക്കുന്ന രീതി (ഇപ്പോൾ അതിവേഗം വിപുലമാവുന ഇ-ഫാർമസി ഉൾപ്പെടെ) തടയുവാനും ചികിൽസേതരമായ കൃഷി പോലുള്ള ആവശ്യങ്ങൾക്ക് ഇവ ഉപയോഗിക്കുന്നത് നിയന്ത്രിക്കുവാനും ഫലപ്രദമായ പുതിയ മരുന്നുകൾക്കായുള്ള ഗവേഷണം പ്രോൽസാഹിപ്പിക്കുവാനും ഭരണകൂടവും തയ്യാറാവണം.
ആന്റിബയോട്ടിക് റെസിസ്റ്റൻസ് ഒരു യാഥാർത്ഥ്യമാണ്. അത് മനുഷ്യജീവനും ആരോഗ്യത്തിനും സമ്പദ്ഘടനയ്ക്കും ഭീഷണിയാവുന്ന രീതിയിൽ ഗുരുതരമായി കൊണ്ടിരിക്കുകയാണ്.
നവംമ്പർ 12-18 ലോക ആൻറിബയോട്ടിക് ബോധവൽക്കരണ വാരമാണ്.