മൂത്രത്തില്‍ അണുബാധ സ്ത്രീകളില്‍
ആണായി ജനിച്ചിരുന്നെങ്കില്‍ എന്ന് ഏതൊരു പെണ്ണിനും തോന്നുന്ന രണ്ടു സമയങ്ങള്‍ ഉണ്ട്- ഒന്ന്, പ്രസവവേദന വരുമ്പോള്‍, രണ്ട്, യാത്രയില്‍ മൂത്രശങ്ക വരുമ്പോള്‍. അതിശയോക്തിയായി തോന്നാമെങ്കിലും, ഇത് തന്നെയാണ് സത്യം. പെണ്ണിനെ പരിഗണിക്കാത്ത സ്ഥിതിയാണ് ഇന്നും നമ്മുടെ നാട്ടില്‍ പലയിടത്തും ഉള്ളത്. മൂത്രപ്പുരകളുടെ അഭാവവും, ഇനി അഥവാ ഉണ്ടെങ്കില്‍ തന്നെ ആവശ്യത്തിനു സൗകര്യങ്ങള്‍ ഇല്ലാത്തതും കുറച്ചൊന്നുമല്ല സ്ത്രീകളെ വലക്കുന്നത്. ആര്‍ത്തവസമയത്ത് സാനിട്ടറി നാപ്കിന്‍ ഒഴിവാക്കാനും കൈക്കുഞ്ഞ് ഉള്ളവര്‍ക്ക് ഡയപ്പര്‍ മാറ്റാനും മറ്റും ഒരു ബാസ്കറ്റ് കിട്ടാക്കനിയുമാണ്.പൊതുവേ തന്നെ മൂത്രത്തില്‍ അണുബാധക്ക് സാധ്യത കൂടിയ സ്ത്രീകളില്‍ ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് വഴി വെക്കുന്നു.
മൂത്രത്തില്‍ പഴുപ്പ് ആണെന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഡോക്റ്റര്‍മാര്‍ നേരിടുന്ന മറുചോദ്യമാണ് ‘അതിനു ഞാന്‍ നല്ലോണം വെള്ളം കുടിക്കുന്നുണ്ടല്ലോ’ എന്ന്. ‘മൂത്രപ്പഴുപ്പ്’ എന്ന ഉപയോഗം തന്നെ തെറ്റാണ്. മൂത്രത്തില്‍ അണുബാധ ഉള്ളവര്‍ക്കെല്ലാം മൂത്രത്തില്‍ പഴുപ്പ് ഉണ്ടാകണം എന്നില്ല. ഇതിനു വെള്ളംകുടിയുമായി നേരിട്ട് ബന്ധം ഉണ്ടാകണം എന്നുമില്ല. പല കാരണങ്ങള്‍ കൊണ്ട് മൂത്രത്തില്‍ അണുബാധക്കുള്ള സാധ്യത പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്കാണ്. ആ ചരിത്രത്തിലേക്ക് കടന്നതിനു മുന്‍പ് എന്താണ് Urinary Tract Infection/UTI എന്ന് പറയാം.
പൊതുവേ പറഞ്ഞാല്‍ മൂത്രം അണുവിമുക്തമാണ്. ഏതെങ്കിലും കാരണവശാല്‍ മൂത്രനാളം വഴി മൂത്രസഞ്ചിയില്‍ അണുക്കള്‍ എത്തി അണുബാധ ഉണ്ടാകുന്നതിനെയാണ് സാധാരണ ഗതിയില്‍ യൂറിനറി ഇന്‍ഫെക്ഷന്‍ എന്ന് പറയുന്നത്.എന്നാല്‍ കിഡ്നി മുതല്‍ മൂത്രനാളം വരെ എവിടെ അണുബാധ ഉണ്ടായാലും അതിനെ ഇങ്ങനെ തന്നെയാണു വിളിക്കുന്നത്. അണുബാധ എവിടെയാണ് കേന്ദ്രീകരിച്ചിരിക്കുന്നത് എന്നതിനനുസരിച്ച് ലക്ഷണങ്ങള്‍ ഏറിയും മാറിയുമിരിക്കും.
മൂത്രത്തിന്‍റെ ഉടമസ്ഥയുടെ കൈയിലിരിപ്പാണ് മൂത്രത്തില്‍ അണുബാധയും തുടര്‍പ്രശ്നങ്ങളും ഉണ്ടാക്കുന്നത്. പുരുഷനെ അപേക്ഷിച്ച് സ്ത്രീക്ക് മൂത്രനാളത്തിന്‍റെ നീളം അല്പം കുറവാണ്. കൂടാതെ, മൂത്രനാളത്തിന്‍റെ വളരെ അടുത്ത് തന്നെ യോനീനാളവും മലദ്വാരവും ഉള്ളതും ഈ ഭാഗത്തെ അണുക്കളുടെ വിളനിലമാക്കുന്നു. സ്ത്രീശരീരത്തില്‍ ആര്‍ക്കും ഒരു ഉപദ്രവവും ഉണ്ടാക്കാതെ ഒരു മൂലയ്ക്ക് ഒളിച്ചിരിക്കുന്ന മൂത്രനാളത്തിലേക്ക് അണുക്കള്‍ കടന്നു കയറുന്നത് പല കാരണങ്ങള്‍ കൊണ്ടാണ്.
*യഥാസമയം മൂത്രമൊഴിക്കാതെ അധിക സമയം മൂത്രാശയത്തില്‍ കെട്ടിനില്‍ക്കുന്നത് അണുക്കള്‍ വളരാനുള്ള സാഹചര്യം ഒരുക്കുന്നു
*ലൈംഗികബന്ധസമയത്തുള്ള വൃത്തിഹീനത
*മലവിസര്‍ജനത്തിനു ശേഷം പിന്നില്‍ നിന്ന് മുന്‍പിലേക്ക് വൃത്തിയാക്കുന്നത്
*ഗര്‍ഭാവസ്ഥ
*പ്രമേഹം
*ആര്‍ത്തവവിരാമത്തിനു ശേഷം ശരീരത്തില്‍ ഈസ്ട്രജന്‍ എന്ന ഹോര്‍മോണിന്‍റെ അഭാവം
*മൂത്രാശയത്തിലോ കിഡ്നിയിലോ ഉണ്ടാകുന്ന തടസങ്ങള്‍ (കല്ല്, മറ്റു വളര്‍ച്ചകള്‍, മൂത്രനാളത്തിന്‍റെ വ്യാസം കുറയുന്ന അവസ്ഥകള്‍)
*ഏതെങ്കിലും രോഗം കാരണമോ മൂത്രമൊഴിക്കുന്നതിലെ അപാകതകള്‍ കാരണമോ കത്തീറ്റര്‍ ഇടേണ്ടി വരുമ്പോള്‍
ഇത്തരത്തില്‍ വലിഞ്ഞു കയറുന്ന ബാക്റ്റീരിയകള്‍ ഒന്നും രണ്ടും തരമല്ല. പ്രധാനമായും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കറുത്ത കൈകള്‍ E.Coli, Klebsiella, Psuedomonas തുടങ്ങിയവരുടെ വിവിധ തരം വര്‍ഗങ്ങള്‍ ആണ്. ഇതില്‍ ഓരോ അണുബാധയും എത്രത്തോളം ഭീകരമാകും എന്നത് നിശ്ചയിക്കുന്നത് മൂന്നു കാര്യങ്ങളാണ്- രോഗിയുടെ പ്രതിരോധശേഷി, രോഗാണുവിന്‍റെ രോഗജന്യശേഷി, രോഗം ജനിപ്പിക്കാനുള്ള സാഹചര്യങ്ങളുടെ സാന്നിധ്യം എന്നിവയാണ് അത്.
പ്രതിരോധശേഷി പൊതുവേ കുറഞ്ഞ വ്യക്തിക്ക് വഴിയെ പോകുന്ന ഏത് ബാക്റ്റീരിയയും മൂത്രത്തില്‍ അണുബാധ ഉണ്ടാക്കാം. പ്രമേഹരോഗികളിലും ഗര്‍ഭിണികളിലുമൊക്കെ പ്രധാനമായും ഇതാണ് സംഭവിക്കുന്നത്. മൂത്രത്തിലൂടെ വരുന്ന പഞ്ചസാരയുടെ അംശം തിന്നു ബാക്റ്റീരിയ അവിടെ തന്നെ കുട്ടിയും കുടുംബവുമായി കൂടാന്‍ തീരുമാനിക്കുന്നത് ഇടക്കിടെയുള്ള യൂറിനറി ഇന്‍ഫെക്ഷനായി ഭവിക്കുന്നു. പ്രമേഹരോഗിക്ക് ഇടയ്ക്കിടെ ആശുപത്രിവാസമാണ് വിധിയെങ്കില്‍ ഗര്‍ഭിണിക്ക് മാസം തികയാതെയുള്ള പ്രസവം ഉള്‍പ്പെടെ പല ദുരന്തങ്ങള്‍ വന്നു ഭവിക്കാം. ഗര്‍ഭാവസ്ഥയില്‍ മൂത്രത്തിലെ അണുബാധ ചെറുതായി കാണരുത്. പ്രമേഹരോഗികള്‍ക്ക് പ്രമേഹനിയന്ത്രണം കൊണ്ട് തന്നെ ആശ്വാസം ലഭിക്കും.
മൂത്രത്തില്‍ അണുബാധ ഉണ്ടായതിന്‍റെ പ്രധാന ലക്ഷണങ്ങള്‍ ഇവയാണ്,
*മൂത്രമൊഴിക്കുമ്പോള്‍ ഉള്ള നീറ്റലും പുകച്ചിലും
*ഇടയ്ക്കിടെയുള്ള മൂത്രശങ്ക
*അടിവയറ്റിലും നടുവിന് ചുറ്റുമുള്ള വേദന
*വിറയലോട് കൂടിയ പനി
*ഓക്കാനവും ഛർദ്ധിയും
ഒരു ലക്ഷണവുമില്ലാതെയും യൂറിനറി ഇന്‍ഫെക്ഷന്‍ ഉണ്ടാകാം. അത് കൊണ്ട് തന്നെ ലക്ഷണങ്ങള്‍ ഇല്ലാത്ത അവസ്ഥ ചികിത്സ വേണ്ടാത്ത ഒന്നല്ല, പ്രത്യേകിച്ച് ഗര്‍ഭിണികളില്‍.
ലൈംഗികബന്ധത്തിലൂടെ അണുബാധ ഉണ്ടാകുന്നതു മധുവിധുകാലം തൊട്ടു തുടങ്ങും(Honeymoon Cystitis). ലൈംഗികബന്ധത്തിന് മുന്‍പും ശേഷവും പങ്കാളികള്‍ സ്വകാര്യഭാഗങ്ങള്‍ വൃത്തിയാക്കുക എന്നതാണ് ഇത് തടയാനായി ചെയ്യേണ്ടത്. ചിലപ്പോള്‍ രണ്ടു പേരും ചികിത്സയെടുക്കേണ്ടതായും വന്നേക്കാം.ഒന്നിലേറെ പങ്കാളികള്‍ ഉണ്ടാകുന്നതു ഇത്തരം അണുബാധക്കും മറ്റു പല ഗൗരവമുള്ള രോഗങ്ങള്‍ക്കും വഴി വെക്കുമെന്ന് അറിയാമായിരിക്കുമല്ലോ.
മൂത്രമെടുക്കാന്‍ കത്തീറ്റര്‍ ഇടുന്നത് കാരണമായി ഉണ്ടാകുന്ന അണുബാധ ഒഴിവാക്കാനുള്ള സകല മുന്‍കരുതലുകളും എടുക്കാറുണ്ടെങ്കില്‍ പോലും പുറമേയുള്ള ഒരു വസ്തു ശരീരത്തിനകത്ത് കിടക്കുന്നത് ഭീഷണി തന്നെയാണ്. കൃത്യമായ ഇടവേളകളില്‍ കത്തീറ്റര്‍ മാറ്റുന്നതും ആ ഭാഗം വൃത്തിയായി സൂക്ഷിക്കുന്നതുമാണ് പ്രതിവിധി.
കിഡ്നിയിലോ മൂത്രസഞ്ചിയിലോ മൂത്രനാളത്തില്‍ എവിടെയെങ്കിലുമോ ഉള്ള തടസങ്ങള്‍ സര്‍ജറി വിഭാഗത്തിന്‍റെ ശ്രദ്ധയില്‍ പെടുത്തേണ്ടുന്ന ഒന്നാണ്.മറ്റേതു കാരണം കൊണ്ട് വന്ന അണുബാധയും ചികിത്സിക്കുന്നത് ഏതാണ്ട് ഒരേ പോലെയാണ്. മൂത്രത്തിലെ പഴുപ്പ് കോശങ്ങളുടെ എണ്ണവും മൂത്രം കള്‍ച്ചര്‍ ചെയ്ത ഫലവുമൊക്കെ അനുസരിച്ച് മരുന്നും കഴിക്കേണ്ട ദൈര്‍ഘ്യവുമെല്ലാം മാറും.
തുടര്‍ച്ചയായി ഉണ്ടാകുന്ന മൂതത്തിലെ അണുബാധ പല കാരണങ്ങള്‍ കൊണ്ടാകാം. ചിലപ്പോള്‍ ഇത്തരം തുടര്‍ച്ചയായ രോഗം രോഗിയുടെ കുറഞ്ഞ പ്രതിരോധശേഷിയിലേക്ക് വിരല്‍ ചൂണ്ടുന്നതാവും. രക്തത്തിലെ പഞ്ചസാരയുടെ അളവും മറ്റും പരിശോധിക്കുന്നതിലൂടെ ഒളിഞ്ഞിരിക്കുന്ന പ്രമേഹം കണ്ടെത്താനുള്ള ഹേതുവായും ഇത് ഭവിക്കാറുണ്ട്.
ഏത് തരത്തിലുള്ളതാണെങ്കിലും പ്രതിരോധം പ്രതിവിധിയെക്കാള്‍ നല്ലതാണ് എന്നിരിക്കേ, മൂത്രത്തിലെ അണുബാധ ഒഴിവാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വെള്ളം ധാരാളമായി കുടിക്കുക. ചിലര്‍ക്ക് വെള്ളമെന്നാല്‍ ചായയും കാപ്പിയും കോളയും എന്തിന് മദ്യം പോലും ഉള്‍പ്പെടും. ഈ പ്രവണത തെറ്റാണ്. ഇവയെല്ലാം തന്നെ ശരീരത്തില്‍ ഉള്ള ജലാംശം വലിച്ചു പുറത്ത് കളഞ്ഞു ശരീരത്തിലെ ജലാംശം കുറച്ചു ദുരിതത്തില്‍ നിന്ന് ദുരന്തത്തിലേക്ക് നയിക്കുന്ന പാനീയങ്ങളാണ്. കഴിവതും ഇത്തരം പാനീയങ്ങള്‍ ഒഴിവാക്കി തിളപ്പിച്ചാറിയ വെള്ളവും കഞ്ഞിവെള്ളവും പഴച്ചാറുകളുമെല്ലാമായി സന്ധിയില്‍ ഒപ്പിടണം.
മൂത്രം പിടിച്ചു വെക്കേണ്ടി വരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം.വീട്ടിലെ ക്ലോസറ്റ് കണ്ടാലേ മൂത്രം പോകൂ എന്ന് പറയുന്നവര്‍ക്ക് വേണ്ടി പ്രത്യേക ക്ലോസറ്റുകള്‍ ഓരോ ആശുപത്രിയിലും സജ്ജീകരിച്ചിട്ടുണ്ട് എന്ന് മനസിലാക്കുക. കൈയില്‍ കാനുല കുത്തികയറ്റി രണ്ടു നേരം മരുന്ന് കയറ്റുന്നത് അത്ര സുഖകരമല്ല എന്നു കൂടി കൂട്ടിച്ചേര്‍ക്കുന്നു.
ലൈംഗികശുചിത്വം വളരെ പ്രധാനമാണ്. സ്വകാര്യഭാഗം കഴുകുന്ന രീതിയും നേരത്തെ സൂചിപ്പിച്ചത് പോലെ മുന്നില്‍ നിന്ന് പിന്നോട്ട് ആയിരിക്കണം.
ഇത്രയൊക്കെ ശ്രദ്ധിച്ചിട്ടും ഇടയ്ക്കിടെ വരുന്ന മൂത്രത്തിലെ അണുബാധക്ക് തുടര്‍ ടെസ്റ്റുകള്‍ അത്യാവശ്യമാണ്. ഏതു ബാക്ട്ടീരിയാപുത്രി(daugher cells എന്നാണ് പറയുക.അല്ലെങ്കിലും എല്ലാ കുറ്റവും പെണ്ണുങ്ങള്‍ക്കാണല്ലോ) ആണ് ഇതിനു പിന്നില്‍ എന്ന് കണ്ടു പിടിക്കാന്‍ യൂറിന്‍ കള്‍ച്ചറും, സ്കാനിങ്ങും എക്സ് റേ ഉപയോഗിക്കുന്ന വിവിധ ടെസ്റ്റുകളും മറ്റും വേണ്ടി വന്നേക്കാം.ഒരു പക്ഷെ വൃക്കയെ ബാധിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയിട്ടുണ്ടെങ്കില്‍ മനസ്സിലാക്കാന്‍ ഇത് അത്യന്താപേക്ഷികമാണ്.ഇടുപ്പ് മുതല്‍ ഗുഹ്യഭാഗം വരെയുള്ള വേദന ഇതിന്റെ ലക്ഷണമാണ്(loin to groin pain) ഭയക്കേണ്ടതില്ല. കുറച്ചു കൂടുതല്‍ കാലം മരുന്നുകളുമായി മല്ലയുദ്ധത്തില്‍ ഏര്‍പ്പെടേണ്ടി വരും എന്നതൊഴിച്ചാല്‍ ചികിത്സിച്ചു മറ്റാവുന്നതേയുള്ളൂ. കിഡ്നിയിലെ നീരും കല്ലുമൊന്നും കിഡ്നി അടിച്ചു പോയതിന്‍റെ ലക്ഷണങ്ങള്‍ അല്ലെന്ന് അറിയുക.
കൃത്യമായ ചികിത്സയും മുന്‍കരുതലുകളും ആവശ്യത്തിനു വെള്ളം കുടിയും വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ സമയാസമയം മൂത്രമൊഴിക്കും എന്നൊരു ശപഥവുമായി നടന്നോളൂ…മൂത്രത്തില്‍ പഴുപ്പ് നിങ്ങളുടെ പരിസരത്ത് പോലും വരില്ല. എന്നിട്ടും വരുന്ന അവസ്ഥ നിലനില്‍ക്കുന്നുവെങ്കിലും പേടിക്കേണ്ട, മരുന്നുകളുണ്ട്. ഇന്നത്തെ പെണ്ണിനെ തളക്കാന്‍ മാത്രം ഒരു ബാക്റ്റീരിയയും വളര്‍ന്നിട്ടില്ല..നിങ്ങള്‍ ധൈര്യമായി മുന്നേറുക !