· 2 മിനിറ്റ് വായന

വാക്‌സിനേഷൻ, വിവരശേഖരണം മറക്കരുത്

കോവിഡ്-19
ലോകത്തെ അതിസമ്പന്നരായ വികസിത രാജ്യങ്ങളോട് കിട പിടിക്കുന്ന ആരോഗ്യ സൂചികകളുമായി പൊതുജനാരോഗ്യ വിദഗ്ധരുടെ സവിശേഷ ശ്രദ്ധയ്ക്കും പ്രശംസയ്ക്കും പാത്രീഭവിച്ച ഒന്നാണ് കേരളത്തിലെ ആരോഗ്യ രംഗം എന്നത് നമുക്കേവർക്കും അഭിമാനമേകുന്ന ഒന്നാണ്. പ്രതിശീർഷ വരുമാനമല്ല ആരോഗ്യത്തിന്റെ അളവുകോലെന്നും മറിച്ച് സാക്ഷരതയും രാഷ്ട്രീയ ഇച്ഛാശക്തിയും ഉയർന്ന സാമൂഹികാവബോധവും ആരോഗ്യ പ്രവർത്തകരുടെ ആത്മസമർപ്പണവുമെല്ലാം അതിപ്രധാനമാണെന്നും ലോകത്തെ ബോധ്യപ്പെടുത്താൻ നമുക്കായി. നിരവധി വൈദ്യശാസ്‌ത്ര ഗ്രന്ഥങ്ങളിൽ കേരളത്തിന്റെ ആരോഗ്യ രംഗത്തെ നേട്ടങ്ങളെക്കുറിച്ച് എടുത്തു പറഞ്ഞിട്ടുള്ളത് പതിറ്റാണ്ടുകളായി നാം നേടിയെടുത്ത കേരള മോഡൽ ആരോഗ്യത്തിന്റെ മികവിനെ എടുത്തു കാട്ടുന്നു.
കോവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളിലും ചികിത്സയിലും കേരളത്തിന്റെ മാതൃക ലോകമെമ്പാടും ശ്ലാഘിക്കപ്പെട്ടു. ലോക്ക്ഡൗൺ കാലത്തു പോലും സാമൂഹിക സുരക്ഷ ഉറപ്പാക്കിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ കയ്യടി നേടി.
എന്നാൽ പാശ്ചാത്യ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ നമ്മൾ ഏറെ പുറകിലാവുന്നത് ആരോഗ്യ സംബന്ധിയായ ഗവേഷണത്തിന്റെ കാര്യത്തിലാണ്. ഭാവിയിലേക്ക് മുതൽക്കൂട്ടാവേണ്ട വിവിധ ഗവേഷണങ്ങളിലും പഠനങ്ങളിലും നാം എത്രമാത്രം പുറകിലാണെന്നറിയാൻ കോവിഡ് കാലത്ത് അന്താരാഷ്ട്ര ജേണലുകളിൽ പ്രസിദ്ധീകരിക്കപ്പെട്ട വിവിധ പഠനങ്ങളിൽ നമ്മുടെ പങ്ക് എത്രയോ കുറവാണെന്നത് നോക്കിയാൽ മനസ്സിലാകും.
ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കോവിഡ് വാക്സിനേഷൻ സ്വീകരിച്ചവരിൽ രോഗബാധ ഉണ്ടായത് സംബന്ധിച്ച പഠനങ്ങളും.
കോവിഡ് വാക്സിനേഷൻ സ്വീകരിച്ചവരിൽ എത്ര പേർക്ക് കോവിഡ് ബാധ ഉണ്ടായി എന്നത് സംബന്ധിച്ച കൃത്യമായ കണക്കുകൾ നിലവിൽ ലഭ്യമല്ല. വാക്സിനേഷൻ സ്വീകരിച്ച പലർക്കും രോഗം വന്നിട്ടുണ്ട്. വാക്സിൻ സ്വീകരിക്കുന്നതുകൊണ്ട് രോഗം വരില്ല എന്ന് ഉറപ്പിക്കാനാവില്ല. ഒരു വാക്സിനും 100% എഫിക്കസി നൽകുന്നില്ല. അതുകൊണ്ടുതന്നെ രോഗസാധ്യത പരിഗണിക്കണം. അങ്ങനെ രോഗം ബാധിക്കുന്നവരിൽ ഏത് അളവുവരെ ഗുരുതരാവസ്ഥയിൽ എത്തുന്നുണ്ട് എന്ന് വ്യക്തമായി മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.
ഒരു ഡോസ് സ്വീകരിച്ചവരിലും രണ്ട് ഡോസ് സ്വീകരിച്ചവരിലും കൊവിഡ് ബാധിച്ചതിന്റെ ശാസ്ത്രീയമായ വിവരങ്ങൾ ലഭ്യമാക്കണം. ഭാവിയിലെ വാക്സിൻ പോളിസി തീരുമാനിക്കുന്നതിന് വളരെ ആവശ്യമായ ഒന്നാണിത്. നമ്മുടെ നാട്ടിൽ ഉപയോഗിക്കുന്ന രണ്ടു വാക്സിനിൽ ഓരോന്നിലും തരംതിരിച്ചു തന്നെ ഈ ഡാറ്റ ലഭ്യമാക്കേണ്ടതുണ്ട്.
സാമാന്യ ജനങ്ങൾക്ക് ഏതു അളവു വരെ വാക്സിൻ സംരക്ഷണം നൽകുന്നു, ഗുരുതരമായ രോഗാവസ്ഥയും ആശുപത്രി അഡ്മിഷനും കുറക്കുന്നതിൽ വാക്സിൻ എത്ര കണ്ട് വിജയിക്കുന്നു, വ്യത്യസ്ത വേരിയൻ്റുകൾക്കെതിരെ വാക്സിൻ എത്ര മാത്രം ഫലപ്രദമാണ്, രോഗം മറ്റൊരാളിലേക്ക് പകരുന്നത് കുറയ്ക്കുവാൻ വാക്സിൻ എത്ര മാത്രം സഹായിക്കുന്നു, രോഗ പ്രതിരോധശേഷി കുറഞ്ഞ അവസ്ഥകൾ ഉള്ളവർക്ക് വാക്സിൻ എത്ര മാത്രം ഫലപ്രദമാണ്, എത്ര കാലത്തേക്ക് വാക്സിൻ സംരക്ഷണം നൽകും തുടങ്ങിയ പല പ്രധാന ചോദ്യങ്ങളും നമ്മെ കാത്തിരിക്കുന്നു.
എല്ലാത്തിനും കണക്കുകളും പഠനങ്ങളും ആവശ്യമാണ്. അതിൽ നിന്ന് ഉരുത്തിരിയുന്ന വസ്തുതകൾ പരമ പ്രധാനമായിരിക്കും. യഥാസമയം അതുമായി മുന്നോട്ട് പോകുവാനുള്ള ശ്രമങ്ങൾ നമ്മൾ ആരംഭിക്കുമെന്ന് കരുതാം.
മെഡിക്കൽ മേഖലയിൽ പലപ്പോഴും നമ്മൾ ഉപയോഗിക്കുന്നത് വിദേശരാജ്യങ്ങളിൽ നടക്കുന്ന പഠനങ്ങളുടെ ഡാറ്റ ആണ്. പക്ഷെ ഇന്നത്തെ സാഹചര്യത്തിൽ കോവിഡ് ഏറ്റവുമധികം വ്യാപിക്കുന്നതും മരണം സൃഷ്ടിക്കുന്നതും ഇന്ത്യയിലാണ്. ഇന്ത്യയിൽ കോവിഡ് വലിയൊരു സാമൂഹ്യ ദുരന്തമായി മാറി കഴിഞ്ഞു. ഏറ്റവും കൂടുതൽ രോഗവ്യാപനം നടക്കുന്ന രാജ്യം എന്ന നിലയിൽ പഠനങ്ങൾ നടക്കാൻ ഏറ്റവും സാധ്യതയും ഇവിടെ തന്നെയാണ്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അത്യാവശ്യം ശക്തമായ ആരോഗ്യ സംവിധാനങ്ങളുള്ള കേരളത്തിലാണ് പഠനങ്ങൾ, അല്ലെങ്കിൽ വിവരശേഖരണം ഏറ്റവും എളുപ്പം.
അതുകൊണ്ടുതന്നെ കേരളം ഈ ഡാറ്റ ശേഖരിക്കുന്നതിന് പ്രാമുഖ്യം നൽകണം. ഇതിലൂടെ ലഭിക്കുന്ന വിവരങ്ങൾ ചിലപ്പോൾ ഭാവിയിൽ നമ്മുടെ രാജ്യത്തിൻറെ വാക്സിൻ പോളിസി തന്നെ നിർണയിച്ചേക്കാം. ഇത്തരത്തിലുള്ള പഠനങ്ങളും വിവരങ്ങളും പബ്ലിക് ഡൊമൈനിൽ ലഭ്യമാക്കണം.
ലേഖകർ
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ