· 5 മിനിറ്റ് വായന
ലോക്കഡൗണിലായ പ്രതിരോധ കുത്തിവയ്പ്പ്
പ്രതിരോധ കുത്തിവെപ്പുകൾ നമ്മുടെ പൊതുജനാരോഗ്യ രംഗത്തിനു നൽകിയ സംഭാവനകളെപ്പറ്റി ജനങ്ങൾ ഏറ്റവും ബോധവാന്മാരാണിപ്പോൾ. കൊറോണ വൈറസിനെതിരായി ഒരു ഫലപ്രദമായ വാക്സിൻ വികസിപ്പിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്തവരില്ല.
ഇതിലധികം ആരോഗ്യ പ്രശ്നങ്ങളാണ് പണ്ട് കാലത്ത് വസൂരി, അഞ്ചാംപനി, ഡിഫ്തീരിയ, ടെറ്റനസ്, പോളിയോ തുടങ്ങിയ രോഗങ്ങൾ ഉണ്ടാക്കിയിരുന്നത് എന്ന് പറയുമ്പോൾ വിശ്വസിക്കാൻ മടി കാണിച്ചിരുന്ന പലർക്കും അത് ശരിയായിരിക്കാമെന്ന് ഇപ്പോൾ തോന്നുന്നുണ്ട്.
അതേസമയം ലോക്ക് ഡൗൺ കാരണം നമ്മുടെ റുട്ടീൻ പ്രതിരോധ കുത്തിവെപ്പുകൾ മുടങ്ങിപ്പോകുന്ന സാഹചര്യമാണ് ഇന്നുള്ളത്. ഏകദേശം ഒരു മാസത്തിലേറെയായി ഈ സാഹചര്യം ഉരുത്തിരിഞ്ഞിട്ട്. പ്രതിരോധ കുത്തിവെപ്പുകൾ ദീർഘനാളത്തേക്ക് ഒഴിവാക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്.
സോവിയറ്റ് യൂണിയൻ്റെ പതനത്തോടനുബന്ധിച്ച് ഇത്തരം ഒരു സാഹചര്യമുണ്ടായപ്പോൾ, 1992 ൽ പതിനായിരക്കണക്കിന് ആൾക്കാർക്ക് ഡിഫ്തീരിയ ബാധ ഉണ്ടായത് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
മിക്ക മാതാപിതാക്കളും തങ്ങളുടെ കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പുകൾ മുടങ്ങിയതിൽ ആശങ്കാകുലരാണ്. പലരും ആരോഗ്യ പ്രവർത്തകരെ വിളിച്ച് ഈ ആശങ്ക പങ്കു വെക്കുന്നുമുണ്ട്.
കുത്തിവെപ്പ് എടുക്കാൻ വീട്ടിൽ നിന്നിറങ്ങണം. ആശുപത്രിയിലോ സബ് സെൻററിലോ പോകണം. പലയിടങ്ങളിലും ശാരീരിക അകലം പാലിക്കുന്നതിൽ തടസ്സം നേരിടാം. യാത്രാ സൗകര്യങ്ങൾ കുറവ്. അരോഗ്യ പ്രവർത്തകർ മറ്റു പല പ്രവർത്തനങ്ങളിലും മുഴുകിയിരിക്കുന്നു. അതു കൊണ്ട് തന്നെ കുറ്റമറ്റ രീതിയിൽ ഈ സമയത്ത് കുത്തിവെപ്പ് പരിപാടി നടത്തിക്കൊണ്ട് പോകാൻ പറ്റുമോ എന്ന ആശങ്ക. തുടങ്ങി നിരവധി കാരണങ്ങൾ കാരണം ലോക്ക് ഡൗൺ കാലത്ത് കുത്തിവയ്പ്പുകൾ നിർത്തി വച്ചിരിക്കുകയായിരുന്നു.
ഇങ്ങനെ കുത്തിവയ്പ്പുകൾ വൈകിയാൽ കുഴപ്പമുണ്ടോ?
പ്രസവിച്ച ഉടനെയുള്ള BCG, Hepatitis. B, പോളിയോ തുള്ളിമരുന്ന് എന്നിവ ഇപ്പോളും കൊടുക്കുന്നുണ്ട്. നമ്മുടെ നാട്ടിൽ 6, 10, 14 ആഴ്ചകളിൽ എടുക്കുന്ന കുത്തിവെപ്പ് പല വികസിത രാജ്യങ്ങളിലും എടുക്കുന്നത് 2, 4, 6 മാസങ്ങളിലാണ്. ജനസാന്ദ്രത കുറഞ്ഞ, പകർച്ചവ്യാധികൾ കുറഞ്ഞ നാടായതിനാലാണ് അവർക്ക് അങ്ങനെ ചെയ്യാൻ പറ്റുന്നത്. കൂടുതൽ പ്രതിരോധ ശക്തി ലഭിക്കുക ഈ രീതി അനുവർത്തിച്ചാലാണ്.
എന്നാൽ നമ്മുടെ രാജ്യത്തെ സ്ഥിതി അങ്ങനെയല്ല. ജനസാന്ദ്രത കൂടുതലായതു കാരണവും രോഗവ്യാപന സാധ്യത കൂടുതലായതിനാലും ചില രോഗങ്ങൾക്കുള്ള കുത്തിവെപ്പുകൾ നമ്മൾ ഇത്തിരി നേരത്തെ കൊടുക്കുന്നുവെന്ന് മാത്രം. അത് അങ്ങനെതന്നെ തുടരുന്നതാണ് ശരിയും.
എന്നാൽ ഇപ്പോഴത്തെ സാമൂഹിക സാഹചര്യങ്ങൾ ആകെ മാറിയിരിക്കുകയാണ്. മനുഷ്യൻ്റെ ചലനങ്ങളാണ് പകർച്ചവ്യാധികൾ പകരുന്നതിന് ഏറ്റവും വലിയ കാരണങ്ങളിലൊന്ന്. ഇപ്പോഴത്തെ സവിശേഷ സാഹചര്യത്തിൽ അതിനുള്ള സാധ്യത വളരെ കുറവാണ്. വീടുകളിലേക്ക് അതിഥികൾ ആരും വരുന്നില്ല, കുഞ്ഞുകുട്ടികൾ പുറത്ത് പോകുന്നില്ല, ശാരീരിക അകലം പാലിക്കപ്പെടുന്നു, മുതിർന്നവർ മാസ്ക് ഉപയോഗിക്കുന്നു, കൈകഴുകുന്നു, ഇക്കാര്യങ്ങളെല്ലാം വാക്സിൻ എടുത്തിട്ടില്ലെങ്കിൽ കൂടി രോഗാണുബാധ ഉണ്ടാകാതിരിക്കാൻ ഏറെക്കുറെ സഹായകരമാണ്. അതുകൊണ്ടുതന്നെ കൃത്യമായി വാക്സിനെടുക്കേണ്ട ദിവസത്തിൽ നിന്നും ചെറിയ ഒരു വൈകൽ പ്രശ്നമാക്കേണ്ടതില്ല എന്നതാണ് വാസ്തവം.
എന്നാൽ കൊറോണക്കെതിരായ യുദ്ധം ഏതാനും ആഴ്ചകൾ കൊണ്ട് തീരില്ല. മാസങ്ങളോളം നീണ്ടു നിൽക്കും അത്. അത്രയും നാൾ പ്രതിരോധകുത്തിവെപ്പുകൾ കൊടുക്കാതിരിക്കുന്നത് നല്ലതാവില്ല. സമൂഹത്തിൽ വലിയൊരു ശതമാനം കുഞ്ഞുങ്ങൾ ദീർഘനാൾ വാക്സിൻ എടുക്കാതെ വരുമ്പോൾ അത് ഹെർഡ് ഇമ്യൂണിറ്റിയെ ബാധിക്കുകയും രോഗവ്യാപനസാധ്യത ഉണ്ടാവുകയും ചെയ്യും.
അതിനാൽ നമുക്ക് ഈ ലോക്ക് ഡൗണിനിടയിലും പ്രതിരോധ കുത്തിവെപ്പുകൾ പുനരാരംഭിച്ചേ പറ്റൂ. ലോകം മുഴുവൻ കൊറോണയാൽ നിശ്ചലമായിരിക്കുന്ന ഈ ഘട്ടത്തിൽ വാക്സിനുകളുടെ ലഭ്യതയും വരും മാസങ്ങളിൽ പ്രശ്നമാകാൻ സാധ്യതയുണ്ട്. ഗവർമെൻ്റിൻ്റെ മുൻഗണനാ ലിസ്റ്റിൽ വരുന്നതാണെങ്കിലും, കൊറോണ കാരണമുള്ള സാമ്പത്തിക പ്രതിസന്ധി നമ്മുടെ പ്രതിരോധ ചികിൽസാ പദ്ധതിയെ ഏതു രീതിയിൽ ബാധിക്കും എന്നതും ആശങ്കയുണ്ടാക്കുന്നു.
അപ്പോൾ ഇനി…?
കേരള സർക്കാർ പ്രതിരോധ കുത്തിവെപ്പുകൾ അടുത്ത ആഴ്ച മുതൽ പുനരാരംഭിക്കണമെന്ന തീരുമാനം എടുത്തിട്ടുണ്ട്. അതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. അവിടെ പൊതുജനങ്ങളും ആരോഗ്യപ്രവർത്തകരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,
1.പ്രതിരോധകുത്തിവയ്പ്പ് വീണ്ടും ആരംഭിച്ചു എന്ന് കരുതി, അടുത്ത ദിവസം എവിടെയെങ്കിലും ഓടിപ്പോയി കുത്തിവെപ്പ് എടുക്കാൻ നിൽക്കരുത്. കേരളത്തിൽ കോവിഡ്19 കേസുകൾ കുറഞ്ഞു വരുന്നത് സത്യം. എങ്കിലും ഒട്ടും ജാഗ്രതക്കുറവ് പാടില്ല. കോവിഡ് പ്രതിരോധത്തിന് ചെയ്യേണ്ട കാര്യങ്ങളെപ്പറ്റി നല്ല അവബോധമുണ്ടായിരിക്കണം. ‘ബ്രേക്ക് ദി ചെയ്ൻ’ നിർദ്ദേശങ്ങൾ പാലിച്ചിരിക്കണം.
2.ഓരോ സബ് സെൻററിനു കീഴിലും കുത്തിവെപ്പ് എടുക്കാനുള്ള കുട്ടികൾ ആരൊക്കെ എന്നതിൻ്റെ ലിസ്റ്റുണ്ടാവും. അവരെല്ലാം ഇപ്പോൾ അവരവരുടെ വീടുകളിൽ തന്നെ കാണുകയും ചെയ്യും. ബന്ധപ്പെട്ട JPHN അല്ലെങ്കിൽ ആശാ വർക്കർ അവരെയെല്ലാം ഫോൺ വഴി ബന്ധപ്പെടണം. ആവശ്യമെങ്കിൽ രക്ഷകർത്താക്കൾക്ക് അവരെ തിരിച്ചും ബന്ധപ്പെടാം.
3. കുത്തിവയ്പ്പ്, എവിടെ വെച്ചു മുടങ്ങിയോ അവിടെനിന്നും പുനരാരംഭിക്കണം. എടുത്ത ഡോസ് വീണ്ടും എടുക്കേണ്ട ആവശ്യമില്ല.
4.കഴിയുന്നതും കുത്തിവെപ്പിനുള്ള കുട്ടികളുടെ രക്ഷിതാക്കളെ ഫോൺ വഴി ബന്ധപ്പെട്ട് എത്തിച്ചേരേണ്ട സമയം പറഞ്ഞു കൊടുക്കുകയാണെങ്കിൽ ഒരേ സമയത്ത് അനേകം പേർ എത്തിച്ചേരുന്നത് ഒഴിവാക്കാം.
5.അതിനായി ഓരോ ദിവസവും അരമണിക്കൂർ വീതമുള്ള 6 സെഗ്‌മെൻറുകളാക്കി, ഓരോ സെഗ്മെൻറിലും പരമാവധി 5 കുട്ടികൾക്ക് വീതം വരാനുള്ള നിർദ്ദേശം നൽകണം. കുറെപ്പേർ ഒന്നിച്ച് വന്ന് കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കാനാണിത്.
6.മാസ്ക് ധരിച്ചു വേണം പുറത്തിറങ്ങാൻ. മറ്റ് ആൾക്കാരിൽ നിന്നും അകലം പാലിക്കണം. ചുമയും പനിയും മറ്റും ഉള്ളവർ പുറത്തിറങ്ങരുത്.
7.ഒരു കുഞ്ഞിന്റെ കൂടെ കഴിവതും ഒരാൾ മാത്രം പോവുക.
8.ആശുപത്രിയിൽ പനിയും മറ്റുമായി കാണിക്കാൻ വരുന്നവരുമായി ഇടകലരാത്ത വിധത്തിൽ പ്രത്യേക സ്ഥലത്ത് വേണം പ്രതിരോധ കുത്തിവെപ്പ് സജ്ജീകരിക്കാൻ.
9.കുത്തിവെപ്പിനു മാത്രം വന്നതാണെങ്കിൽ ഒ.പി ടിക്കറ്റ് എടുക്കേണ്ട കാര്യമില്ല. എന്തെങ്കിലും രീതിയിലുള്ള ബുദ്ധിമുട്ടുകളോ രോഗങ്ങളോ ഉള്ള കുട്ടികളെ മാത്രം ഡോക്ടറെ കാണിച്ചാൽ മതി.
10.കൈ സോപ്പും വെള്ളവും വെച്ച് കഴുകിയ ശേഷം മാത്രം കുത്തിവെപ്പിനായി പ്രവേശിക്കുക
11. ഈ സമയത്ത് യാത്ര പരമാവധി കുറക്കുക എന്നത് വളരെ പ്രധാനമാണ്. അതിനാൽ ഏറ്റവും അടുത്ത ഹെൽത്ത് സെന്റെറിൽ നിന്നും വേണം കുത്തിവെപ്പ് എടുക്കാൻ.
12.കോവിഡ് രോഗിയോ, രോഗം സംശയിക്കുന്ന ആളോ വീട്ടിലുണ്ടെങ്കിൽ ആ വീട്ടിലുള്ള കുട്ടികൾ ക്വാറന്റൈൻ സമയം കഴിയാതെ വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങരുത്.
13.സംശയങ്ങൾക്ക് തൊട്ടടുത്തുള്ള ഹെൽത്ത് സെന്റെറിലെ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടാം.
ഓർക്കണം, പ്രതിരോധകുത്തിവെപ്പുകൾ പ്രധാനപ്പെട്ടത് തന്നെയാണ്. പക്ഷേ അത്രതന്നെ പ്രാധാന്യമുണ്ട് കോവിഡ് പടരാതിരിക്കാനുള്ള മുൻകരുതലുകൾക്കും. അതുകൊണ്ട് സർക്കാർ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചു മാത്രമേ കുഞ്ഞുങ്ങളെ പ്രതിരോധ കുത്തിവയ്പ്പിനായി കൊണ്ടുപോകാവൂ..
This article is shared under CC-BY-SA 4.0 license.