പരാക്രമം ഡോക്ടറോടല്ല വേണ്ടൂ
ഒപിയില്‍ ഏതാണ്ട് ഉച്ചയോടടുത്താണ് പനിയും ശരീര വേദനയും കൊണ്ടു അവശയായ 50 വയസുള്ള ആ സ്ത്രീയെ ഞാന്‍ കാണുന്നത്. തലേ ദിവസം രാത്രി അത്യാഹിത വിഭാഗത്തില്‍ ഇതേ പ്രശ്നവുമായി വന്നു ഡ്യൂടി ഡോക്ടറെ കണ്ടിട്ടുണ്ട്. രോഗിയെ പരിശോധിച്ച ശേഷം ഡോക്ടര്‍ അവരോടു അഡ്മിറ്റ് ആവാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും പിറ്റേന്ന് ഒപിയില്‍ വരാം എന്ന് പറഞ്ഞു തിരിച്ചു പോവുകയാണ് ചെയ്തത് .
3 ദിവസമായി പനി തുടങ്ങിയിട്ട്. തനിയെ മാറിക്കോളും എന്ന് വച്ച് ഇരുന്നു ആദ്യം. പനി കൂടുതലായി ചെറുതായി ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടപ്പോളാണ് രാത്രി അത്യാഹിത വിഭാഗത്തില്‍ കൊണ്ട് വന്നത്. ഞാന്‍ നോക്കുന്ന സമയത്തും കടുത്ത പനിയുണ്ട്. മേലുവേദനയും സാമാന്യം നന്നായി ശ്വാസം മുട്ടലും ഉണ്ട്. സംസാരിച്ചു മുഴുവനാക്കാന്‍ കഴിയാതെ കിതക്കുന്ന കാരണം കൂടെയുള്ള മകനാണ് കാര്യങ്ങള്‍ വിശദീകരിച്ചു തരുന്നത്.
ഇപ്പോഴത്തെ അവസ്ഥ കണ്ടിട്ട് ഒരു സുഖം തോന്നുന്നില്ല. വിശധമായ പരിശോധനകളും ടെസ്റ്റുകളും ആവശ്യമാണ്. ശ്വാസം മുട്ടുള്ളത് കാരണം ICU വില്‍ അഡ്മിറ്റ് ചെയ്യണം”
എന്താ പ്രശ്നം.. അമ്മക്ക് അത്ര കുഴപ്പം ഒന്നും ഇല്ലല്ലോ.. അഡ്മിറ്റ് വേണ്ട, ICU..എന്തായാലും വേണ്ട.. മകന്‍റെ മറുപടി.
കടുത്ത പനിയും മേലുവേദനയും കൂടെ ചെറിയ മഞ്ഞപിത്തവും കാണുന്നുണ്ട്. ശ്വാസം മുട്ടലും എല്ലാം കൂടി നോക്കുമ്പോള്‍ എലിപ്പനി പോലത്തെ ഗൗരവം കൂടിയ അസുഖങ്ങളെ പോലെ തോന്നിക്കുന്നു.. പക്ഷെ മറ്റു പല പരിശോധനകളും കഴിഞ്ഞ ശേഷമേ കൂടുതല്‍ വ്യക്തമാവൂ എന്ന് പറഞ്ഞപ്പോള്‍ അഡ്മിറ്റ് ആവാന്‍ സമ്മതിച്ചു.
കുറച്ചു കഴിഞ്ഞു icu വില്‍ പോയി വീണ്ടും രോഗിയെ കണ്ടു. പ്രാഥമിക രക്ത പരിശോധനകളുടെ റിപ്പോര്‍ട്ടുകള്‍ എല്ലാം എലിപ്പനിയുടെത് പോലെ തന്നെ. അപ്പോഴേക്കും ശ്വാസം മുട്ട് വീണ്ടും കൂടി. Xray യില്‍ ARDS ന്‍റെ ലക്ഷണങ്ങൾ. ARDS എന്നാല്‍ എലിപ്പനി ഉള്‍പ്പെടെയുള്ള ഗുരുതരമായ അസുഖങ്ങളുടെ ഏറ്റവും മോശമായ അവസ്ഥകളില്‍ ഒന്നാണ്. ARDS വന്നാല്‍ അതിലേക്കു നയിച്ച അസുഖം എന്തുമായിക്കോട്ടെ 60% വരെ മരണ സാധ്യതയുണ്ട്. കാര്യങ്ങള്‍ ഞാന്‍ വിചാരിച്ചതിലും മോശമാണ്.. രോഗിയെ ventilator ലേക്ക് മാറ്റെണ്ടതുണ്ട്. ഇപ്പോഴത്തെ അവസ്ഥയില്‍ അധികം പിടിച്ചു നില്ക്കാന്‍ കഴിയില്ല. രക്തത്തിലെ ഒക്സിജെന്‍ അളവ് കുറഞ്ഞു തുടങ്ങി.
ശ്വാസകോശ രോഗ വിധഗ്ദ്ധനുമായും ക്രിട്ടിക്കല്‍ കെയര്‍ മേല്‍നോട്ടം വഹിക്കുന്ന ഡോക്ടറുമായും കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.. എത്രയും പെട്ടന്ന് ventilator ലേക്ക് മാറ്റുന്നതാണ് നല്ലതെന്ന് അവരും അഭിപ്രായപ്പെട്ടു.
ventilator ന്‍റെ ആവശ്യകത അവരെ പറഞ്ഞു മനസിലാക്കുക എന്നതായിരുന്നു എന്‍റെ മുന്നിലെ ശ്രമകരമായ ജോലി. കാരണം രോഗിയുടെ ബന്ധുക്കളുടെ കണ്ണിലൂടെ നോക്കിയാല്‍ രോഗിക്ക് ബോധം ഉണ്ട്, കിതപ്പോടെയാണെങ്കിലും സംസാരിക്കുന്നുണ്ട്..ഇത്തരം ഒരു രോഗിയെ എന്തിനു ventilator ലേക്ക് മാറ്റണം എന്ന് സ്വാഭാവികമായും സംശയം ഉണ്ടാവാം.. പ്രത്യേകിച്ച് ventilator നെ കുറിച്ച് വളരെ ശക്തമായ പല അബദ്ധ ധാരണകളും ജനങ്ങള്‍ക്കിടയില്‍ നിലവിലുള്ളപ്പോള്‍.. ventilator ഇല്‍ ഉള്ള രോഗികള്‍ ഒരിക്കലും രക്ഷപ്പെടില്ല എന്നതാണ് അവയില്‍ പ്രധാനം.. മറ്റൊന്ന് ആശുപത്രികള്‍ രോഗികളെ പിഴിഞ്ഞ് പണം ഉണ്ടാക്കുന്ന ഉപാധികളില്‍ ഒന്നാണ് ventilator എന്നതും.. ചികിത്സിക്കുന്ന ഡോക്ടര്‍ എന്ന നിലയ്ക്ക് യാതൊരു സംശയവും ഉണ്ടാവാത്ത രീതിയില്‍ കാര്യങ്ങള്‍ പറഞ്ഞു കൊടുക്കല്‍ എന്‍റെ ബാധ്യതയുമാണ്.
ICU വിനു പുറത്തു അപ്പോള്‍ അവരുടെ ഭര്‍ത്താവ് മാത്രമാണ് ഉള്ളത്. ഭാര്യയുടെ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ ഏറ്റവും അവകാശം ഭര്‍ത്താവിനു തന്നെ ആണല്ലോ.അയാളെ ഞാന്‍ icu വിനു അകത്തു കൊണ്ട് പോയി രോഗിയെ കാണിച്ചു കൊടുത്തു.അപ്പോഴത്തെ ഗുരുതരാവസ്ഥയും ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഉണ്ടാവാന്‍ പോവുന്ന പ്രശ്നങ്ങളെ കുറിച്ചും വിശദമായി പറഞ്ഞു മനസിലാക്കിയപ്പോൾ ventilator ലേക്ക് മാറ്റാന്‍ സമ്മത പത്രം എഴുതി ഒപ്പിട്ടു തന്നു.. ഉടനെ തന്നെ ventilator ലേക്ക് മാറ്റുകയും ചെയ്തു.
രാത്രി റൌണ്ട്സ് നു ചെല്ലുമ്പോള്‍ പ്രതീക്ഷിച്ച പോലെ വീട്ടുകാരും നാട്ടുകാരും ഉള്‍പ്പെടെ വലിയൊരു ആള്‍ക്കൂട്ടം തന്നെ ഉണ്ട്. പിന്നെ ചോദ്യങ്ങളുടെ പെരുമഴ തന്നെ
രണ്ടു ആണ്മക്കളെ അകത്തേക്ക് വിളിപ്പിച്ചു ഞാന്‍ സംസാരിക്കാന്‍ വേണ്ടി ഇരുന്നു.
” അമ്മക്ക് എന്താണ് അസുഖം”?
” എലിപ്പനിയാണെന്ന് ശക്തമായി സംശയിക്കുന്നു
” എപ്പോള്‍ ഉറപ്പാവും ?
എലിപ്പനിക്കുള്ള ഒരു ടെസ്റ്റ് വിട്ടിട്ടുണ്ട്. റിസള്‍ട്ട് ആയിട്ടില്ല. പക്ഷെ എല്ലാ ലക്ഷണങ്ങളും എലിപ്പനിയുടെത് ആയതിനാല്‍ ചികിത്സ തുടങ്ങിയിട്ടുണ്ട്. റിസള്‍ട്ട് വരുന്നത് വരെ കാത്തു നില്ക്കാന്‍ കഴിയില്ല. വൈകും തോറും ജീവന്‍ അപകടത്തിലാവും
അപ്പോള്‍ ഉറപ്പില്ലാതെ എലിപ്പനിക്കുള്ള മരുന്ന് കൊടുത്താല്‍ പ്രശ്നം ആവില്ലേ?
‘ഇല്ല. എലിപ്പനി എന്നത് ഒരു തരം അണുബാധയാണ് . എലിപ്പനിയെ പോലെ തന്നെ ലക്ഷണങ്ങള്‍ കാണിക്കുന്ന മറ്റു അണുക്കളും ഉണ്ട്. അതുകൊണ്ട് അണുബാധക്ക് എതിരെയുള്ള antibiotic മരുന്ന് തിരഞ്ഞെടുക്കുമ്പോള്‍ എലിപ്പനിയുടെത് ഉള്‍പ്പെടെയുള്ള, എല്ലാ അണുക്കളെയും ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന ഒന്നോ രണ്ടോ മരുന്ന് തിരഞ്ഞെടുക്കലാണ് ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ രീതി. ഞാന്‍ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നതും അതുതന്നെ. മാത്രമല്ല എലിപ്പനിക്കു വേണ്ടി വിട്ടു എന്ന് പറഞ്ഞ ടെസ്റ്റ് പോസിറ്റീവ് ആയി കിട്ടാനുള്ള സാധ്യത പല കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു.. ലോകത്ത് നിലവിലുള്ള ഒരു ടെസ്റ്റും നൂറു ശതമാനം കൃത്യത ഉള്ളതല്ല. ചില ടെസ്റ്റുകള്‍ പോസിറ്റീവ് ആയി വരാന്‍ രോഗം തുടങ്ങി ഏതാനും ദിവസങ്ങള്‍ എടുക്കും. പിന്നെ ചെയ്യുന്ന ലാബുകളുടെ നിലവാരവും എല്ലാം ആശ്രയിച്ചിരിക്കും റിസള്‍ട്ട് . അതുകൊണ്ട് റിസള്‍ട്ട് നെഗറ്റീവ് ആണെങ്കില്‍ പോലും എന്‍റെ നിഗമനത്തിലോ ചികിത്സയിലോ മാറ്റം ഉണ്ടാവില്ല”
അമ്മക്ക് എങ്ങനെ എലിപ്പനി പിടിപെട്ടു?
എലിയുടെ മൂത്രം കലര്‍ന്ന വെള്ളം ശരീരവുമായി സമ്പര്‍ക്കം വരുമ്പോള്‍ ആണ് അസുഖം പകരുന്നത്. സാധാരണ പാടത്തു ജോലി ചെയ്യുന്നവര്‍, തെരുവുകളിലും അതുപോലെയുള്ള വൃത്തിഹീനമായ പരിസരങ്ങള്‍ വൃത്തി ആക്കുന്നവരും കുളം പോലെയുള്ള പൊതു സ്ഥലങ്ങളില്‍ കുളിക്കുന്നവര്‍ക്കുമെല്ലാം രോഗം പിടിപെടാന്‍ സാധ്യതയുണ്ട് .
ആ .. അമ്മ സ്ഥിരം കുളത്തിലാണ് കുളിക്കുന്നത്.. പക്ഷെ അതെ കുളത്തില്‍ കുളിക്കുന്ന ഞങ്ങള്‍ക്ക് അസുഖം പിടിപെട്ടില്ലല്ലോ അതെന്താ?
രോഗം പിടിപെടുന്നത് പല കാര്യങ്ങളെ ആശ്രയിച്ചിരിക്കും.. ത്വക്കിലെ ചെറിയ പോറലുകളിലൂടെയും മുറിവുകളിലൂടെയും മറ്റുമാണ് രോഗാണു ഉള്ളില്‍ എത്തുന്നത്.അത് എല്ലാവര്‍ക്കും ഒരുപോലെ കാണില്ലല്ലോ.. പിന്നെ ഓരോരുത്തരുടെയും രോഗ പ്രധിരോധ ശേഷിയും വ്യത്യസ്തമായിരിക്കും.
ശരി.. ഇവിടെ എല്ലാ ചികിത്സയും ഉണ്ടോ അതോ ഞങ്ങള്‍ വേറെ എവിടെക്കെങ്കിലും കൊണ്ട് പോണോ ?
അമ്മ ഇപ്പോള്‍ വളരെ മോശം സ്ഥിതിയിലാണ്. എലിപ്പനി ശ്വാസകോശത്തെയും കരളിനെയും ഇപ്പോള്‍ തന്നെ ബാധിച്ചിട്ടുണ്ട്. ഇത്തരം രോഗികള്‍ മരണപ്പെടാനുള്ള സാധ്യത 60% വരെയാണ്.. എലിപ്പനി സാധാരണയായി ബാധിക്കുന്ന മറ്റൊരു അവയവമാണ് കിഡ്നി. ഇപ്പോള്‍ ചെയ്ത ടെസ്റ്റുകളില്‍ കിഡ്നി നോര്‍മല്‍ ആണെങ്കിലും നാളെയോ അടുത്ത ദിവസങ്ങളിലോ കിഡ്നിയുടെ പ്രവര്‍ത്തനം തകരാറിലാവാനുള്ള സാധ്യതയുണ്ട്. ഇപ്പോള്‍ തന്നെ കിഡ്നിക്ക് സംഭവിച്ച തകരാറുകള്‍ രക്ത പരിശോധനയില്‍ അറിയാന്‍ കൂടുതല്‍ സമയം എടുക്കും. കിഡ്നി തകരാര്‍ വരാനുള്ള ഒരു സാധ്യത കാണുന്നുണ്ട് . അത്തരത്തില്‍ കിഡ്നി തകരാര്‍ വന്നാലും എല്ലാ ചികിത്സകളും നല്‍കാനുള്ള സൗകര്യം ഇവിടെയുണ്ട്.. പക്ഷെ രോഗി രക്ഷപ്പെടും എന്ന ഒരു ഉറപ്പു നല്‍ക്കാന്‍ കഴിയില്ല. അത് ചികിത്സയുടെ കുറവുകൊണ്ടല്ല, അസുഖം അത്തരം ഒരു അവസ്ഥയില്‍ എത്തിയതുകൊണ്ടാണ്.
” അപ്പോള്‍ പിന്നെ ഞങ്ങള്‍ കൊണ്ട് പോവട്ടെ മറ്റെവിടെക്കെങ്കിലും ?”
“മറ്റു എവിടെ കൊണ്ടുപോയാലും ചികിത്സയിലും രോഗിക്ക് ഉണ്ടാവാന്‍ പോവുന്ന പ്രശ്നങ്ങളിലും മാറ്റം ഉണ്ടാവില്ല. പക്ഷെ ചികിത്സ എവിടെ വേണം എന്ന് തീരുമാനിക്കാന്‍ ഉള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ട്. മറ്റെങ്ങോട്ടെങ്കിലും കൊണ്ടുപോവണമെങ്കില്‍ അങ്ങനെ ആവാം
” ഇവിടന്നു വിട്ട ശേഷം മറ്റേ ആശുപത്രിയില്‍ എത്തുന്നത് വരേക്കു രോഗിക്ക് ഒന്നും സംഭവിക്കില്ല എന്ന് ഉറപ്പുണ്ടോ ?”
“നിങ്ങളോട് ഇപ്പോള്‍ സംസാരിച്ചു കൊണ്ട് നില്‍ക്കുന്ന എന്‍റെ കാര്യം തന്നെ അടുത്ത നിമിഷം എന്താവും എന്ന് എനിക്ക് ഒരു ഉറപ്പും ഇല്ല.. എന്നിട്ടല്ലേ ventilator ഇല്‍ ഉള്ള ഗുരുതരാവസ്ഥയില്‍ ഉള്ള ഒരു രോഗിയുടെ കാര്യം !”
മണിക്കൂറുകളോളം ചര്‍ച്ച ചെയ്തു
അവസാനം തല്ക്കാലം മറ്റെങ്ങും കൊണ്ട് പോവുന്നില്ല, ചികിത്സ ഇവിടെ തന്നെ തുടരാം എന്നായി തീരുമാനം . പക്ഷെ ഒരു ഡിമാന്റ്. തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഒരു ശ്വാസ കോശ രോഗ വിദഗ്ദ്ധന്റെ ഉപദേശം ഞങ്ങള്‍ തേടണം.
ശ്വാസ കോശ രോഗ വിദഗ്ധന്‍ ഉള്ള്പെടെയുള്ള ഒരു ടീം ആയിട്ടാണ് ഞങ്ങള്‍ ചികിത്സിക്കുന്നത്, ഞാന്‍ എന്ന ഒരു വ്യക്തി മാത്രം അല്ല, രോഗിയെ നേരിട്ട് കണ്ടു ചികിത്സിക്കുന്ന ഞങ്ങളെക്കാള്‍ കൂടുതല്‍ എന്ത് നിഗമനമാണ് ഒരിക്കല്‍ പോലും രോഗിയെ കണ്ടിട്ടില്ലാത്ത , ദൂരെ എങ്ങോ ഇരിക്കുന്ന, രോഗിയുടെ വിവരം ഞങ്ങളുടെ വാക്കുകളിലൂടെ മാത്രം അറിയാന്‍ കഴിയുന്ന മറ്റൊരു ഡോക്ടര്‍ക്ക് ഉണ്ടാവാന്‍ പോവുന്നത് എന്ന എന്റെ ചോദ്യം അവര്‍ അന്ഗീകരിച്ചില്ല.. ഞാന്‍ വിളിച്ചേ പറ്റൂ. ശരി ഇനി അതിന്റെ ഒരു കുറവ് വേണ്ട. ബന്ധുക്കളുടെ സമാധാനത്തിനു വേണ്ടി ഞങ്ങളുടെ pulmonologist മേല്‍ പറഞ്ഞ ഡോക്ടറുമായി കാര്യങ്ങള്‍ സംസാരിച്ചു ..ഞങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ അതുപോലെ തുടരാന്‍ തന്നെ പറഞ്ഞു. അല്ലാതെ എന്ത് പറയാന്‍.
പിറ്റേ ദിവസം പ്രതീക്ഷിച്ച പോലെ കിഡ്നിയുടെ പ്രവര്‍ത്തനം മന്ദ ഗതിയിലായി . മൂത്രത്തിന്റെ അളവില്‍ കുറവ് വന്നു . ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ ഉടനെ വന്ന ചോദ്യം എന്നെ ഞെട്ടിച്ചു..
” അല്ല ഡോക്ടറെ അമ്മയെ ഞങ്ങള്‍ ഇങ്ങോട്ട് കൊണ്ട് വരുമ്പോള്‍ അമ്മയ്ക്ക് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ.. അപ്പോള്‍ എലിപ്പനിയാണോ എന്ന് ഉറപ്പില്ലാതെ നിങ്ങള്‍ കൊടുത്ത മരുന്നുകൊണ്ടല്ലേ അമ്മയുടെ കിഡ്നി കേടായത്? “ഒരു ഡോക്ടറെ ഏറ്റവും അധികം വെറുപ്പിക്കുന്നതും അപമാനിക്കുന്നതുമായ അതെ ചോദ്യം..എന്നാലും ക്ഷമ കൈവിടാതെ ഞാന്‍ ഒരു മറു ചോദ്യം ഉന്നയിച്ചു
” അപ്പോള്‍ ഒരു കുഴപ്പവും ഇല്ലാതെ വീട്ടില്‍ സ്വസ്ഥമായി ഉറങ്ങികൊണ്ടിരുന്ന അമ്മയെ എന്തിനാണ് നിങ്ങള്‍ അര്‍ദ്ധരാത്രി വണ്ടി വിളിച്ചു അത്യാഹിത വിഭാഗത്തില്‍ കൊണ്ട് വന്നു കാണിച്ചത്? “
മറുപടി ഒരു പരുങ്ങലും പിന്നെ മൗനവും.
” അപ്പോള്‍ അമ്മയ്ക്ക് കുഴപ്പം ഉണ്ടായിരുന്നു.. ചികിത്സ തുടങ്ങിയ ഏതാനും മണിക്കൂറിനുള്ളില്‍ തന്നെ അസുഖം കിഡ്നിയെ ബാധിക്കാന്‍ സാധ്യത ഉണ്ടെന്നു ഞാന്‍ പറഞ്ഞിരുന്നല്ലോ . പിന്നെ ഞാന്‍ കൊടുത്ത മരുന്നുകള്‍ എല്ലാം ആശുപത്രിയുടെ ഫാര്‍മസിയില്‍ നിന്നും നിങ്ങള്‍ നേരിട്ടാണ് പോയി വാങ്ങിചിട്ടുള്ളത്.. വാങ്ങിയ മരുന്നുകളുടെ ബില്ലുകള്‍ മറ്റൊരു ഡോക്ടറെ കൊണ്ട് നിങ്ങള്ക്ക് മരുന്ന് പരിശോധിപ്പിക്കാമല്ലോ അവയില്‍ ഏതെങ്കിലും മരുന്നുകള്‍ കിഡ്നിക്ക് പ്രശ്നം ഉണ്ടാക്കുമോ എന്ന് !. മരുന്നല്ല, അസുഖമാണ് കിഡ്നി കേടാക്കിയത് .”
” ഞങ്ങള്‍ അറിവില്ലായ കൊണ്ട് ചോദിക്കുകയാണ്.. സാര്‍ കാര്യമാക്കണ്ട എന്ന് ഒരു ആശ്വാസ വാക്ക് ഉതിര്‍ന്നു വീണു ഉടന്‍.
ശരി . എനിക്കും സന്തോഷം.
അത്യാവശ്യമായി ഒരു സ്ഥലം വരെ പോവേണ്ടി വന്നതിനാല്‍ അന്ന് വൈകുന്നേരം രോഗിയെ കണ്ടത് എന്‍റെ ജൂനിയര്‍ physician ആണ്. എലിപനിയുടെ ടെസ്റ്റ് IgM Leptospira റിസള്‍ട്ട് നെഗറ്റീവ് ആയിരുന്നു. അക്കാര്യം ഡോക്ടര്‍ രോഗിയുടെ കൂടെ ഉള്ള ആളുകളെ അറിയിക്കുകയും ചെയ്തു.
പിറ്റേ ദിവസം രാവിലെ ശ്വാസകോശത്തിന്റെ നില കൂടുതല്‍ മെച്ചപ്പെട്ടെങ്കിലും കിഡ്നിയുടെ പ്രവര്‍ത്തനം വീണ്ടും കുറഞ്ഞു. മൂത്രം ഒട്ടും ഇല്ല. ഡയാലിസിസ് ചെയ്യുകയെ നിര്‍വാഹമുള്ളൂ. ഇക്കാര്യം അറിയിച്ചപ്പോള്‍ കൂടെയുള്ളവരുടെ മട്ടു മാറി.
ആദ്യം പറഞ്ഞു എലിപ്പനിയാണ് എന്ന്. ഇന്നലെ പറഞ്ഞു എലിപ്പനി അല്ല എന്ന്.. പിന്നെ എന്താണ് ഇത് ??
എലിപ്പനിയുടെ ടെസ്റ്റ് നെഗറ്റീവ് ആണെന്നല്ലേ പറഞ്ഞത് അല്ലാതെ എലിപ്പനി അല്ല എന്നല്ലല്ലോ.. ഡോക്ടര്‍മാര്‍ രോഗ നിര്‍ണ്ണയം നടത്തുന്നത് ഏതെങ്കിലും ഒരു ടെസ്റ്റ് മാത്രം ആശ്രയിച്ചല്ല.. അതല്ല ശാസ്ത്രീയമായ രീതി.99% ലക്ഷണങ്ങളും എലിപ്പനിയുടെത് ആണെന്നിരിക്കെ 1% അതിനു യോജിക്കുന്നില്ലെങ്കില്‍ ആ 1% തള്ളി കളയണം. അല്ലാതെ ബാക്കി 99% അല്ല തള്ളെണ്ടത്. ഇക്കാര്യം ഞാന്‍ നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ.
“എന്നാലും അമ്മക്ക് ഇവിടെ വരുമ്പോള്‍ ഒരു കുഴപ്പവും ഇല്ല , നിങ്ങള്‍ കൊടുത്ത മരുന്നല്ലേ അമ്മയെ ഈ അവസ്ഥയില്‍ ആക്കിയത് “.. വീണ്ടും അതെ വ്യക്തി , അതെ ചോദ്യം.
ക്ഷമക്ക് ഒരു പരിധി ഇല്ലേ. രോഗിക്കും കൂടെ വരുന്ന ആളുകള്‍ക്കും മാത്രം അല്ലല്ലോ മാനവും അപമാനവും വികാരവും ഒക്കെ ഉള്ളൂ. സ്വാഭാവികമായും എന്റെ മുഖ ഭാവം മാറി കാണും.
ഇതിനുള്ള മറുപടി ഞാന്‍ നേരത്തെ പറഞ്ഞതാണല്ലോ. കുറച്ചു ഉച്ചത്തില്‍ തന്നെ ഞാന്‍ പറഞ്ഞു.
ഉടനെ പഴയ മറുപടി. ഞങ്ങള്‍ അറിവില്ലാത്തവര്‍ ആണ്. അതാ ഇങ്ങനെ.
അറിവില്ലായ്മ ആരോടും എന്തും പറയാനുള്ള ലൈസെന്‍സ് അല്ല !
ഉടനെ എന്റെ കാലില്‍ വീഴുന്നു.. മതി ഷോ കാണിച്ചത് എന്ന് പറഞ്ഞു ഞാന്‍ പുറകോട്ടു മാറി.നിരവധി തവണ പറഞ്ഞിട്ടും ഒരേ ചോദ്യം തന്നെ ചോദിച്ചു അപമാനിക്കുന്നു. എന്നിട്ട് അറിവില്ലാത്തവര്‍ എന്ന് പറഞ്ഞു കാലില്‍ വീഴുന്നു.!
ഞങ്ങള്‍ അമ്മയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോവുന്നു .
ശരി. അങ്ങനെയാവട്ടെ. ഞാന്‍ വിശദമായ ചികിത്സാ വിവരങ്ങള്‍ എല്ലാം എഴുതി തയ്യാറാക്കി റഫറന്‍സ് ലെറ്റര്‍ കൊടുത്തു . ventilator സൗകര്യം ഉള്ള ആംബുലന്‍സ് ഏര്‍പ്പാടാക്കി.
പോവുന്ന വഴിക്ക് ആംബുലന്‍സില്‍ വച്ച് രോഗിക്ക് അസ്വസ്ഥത.. നെഞ്ഞിടിപ്പിനു ചെറിയ വ്യതിയാനം. ഉടനെ ആംബുലന്‍സ് തിരിച്ചു ഇങ്ങോട്ട് തന്നെ. വീണ്ടും രോഗി ICU വിലേക്ക്.
മൂത്രത്തിന്റെ അളവ് തീരെ കുറഞ്ഞത് കാരണം dialysis ചെയ്യേണ്ട കാര്യം വീണ്ടും സൂചിപ്പിച്ചു. രോഗിയുടെ അവസ്ഥ മോശം ആയി വരുന്നത് കണ്ടിട്ടും dialysis നു ബന്ധുക്കള്‍ സമ്മതം തരുന്നില്ല. കിഡ്നി രോഗ വിദഗ്ധന്‍ ഉള്‍പ്പെടെ dialysis ടീം സര്‍വ്വസജ്ജമാണ് ആശുപത്രിയില്‍. എന്നാലും വിശ്വാസം പോര.
” ഒന്നുകില്‍ വിശ്വാസമുള്ള സ്ഥലത്തേക്ക് രോഗിയെ കൊണ്ട് പോവുക.. അല്ലെങ്കില്‍ ഞങ്ങളെ അത് ചെയ്യാന്‍ അനുവദിക്കുക. ഇത് രണ്ടും ഇല്ലാതെ ഇങ്ങനെ മുന്നോട്ട് പോയാല്‍ ഏതാനും മണിക്കൂറുകള്‍ കഴിയുമ്പോളേക്കും അവസ്ഥ വളരെ മോശമാവാന്‍ സാധ്യതയുണ്ട്.”
“dialysis ചെയ്‌താല്‍ കിഡ്നി ശരിയാവുമോ? രോഗി രക്ഷപ്പെടുമോ”?
ന്യായമായ ചോദ്യം.
“dialysis എന്നത് കിഡ്നിയുടെ പ്രവര്‍ത്തനം ശരിയാവുന്നത് വരേയ്ക്കും രോഗിയുടെ ജീവന്‍ നിലനിര്‍ത്താന്‍ ഉള്ള ഒരു ഉപാധി മാത്രമാണ്.. അസുഖം കാരണം തകരാറിലായ പ്രവര്‍ത്തനം തിരിച്ചു കിട്ടുന്നത് വരെ കിഡ്നിയുടെ ജോലി ഒരു മഷീന്‍ മുഖേന ചെയ്യുന്നു.. അസുഖം മാറിയാല്‍ കിഡ്നി പ്രവര്തനക്ഷമമാവും. dialysis ചെയ്തു എന്ന ഒറ്റ കാരണം കൊണ്ട് കിഡ്നിയുടെ നില മെച്ചപ്പെടില്ല. അടിസ്ഥാന അസുഖത്തില്‍ പുരോഗതി വരാതെ രോഗി രക്ഷപ്പെടുന്ന കാര്യം പറയാന്‍ കഴിയില്ല”
വീണ്ടും ചര്‍ച്ചകള്‍. പലരും വീണ്ടും എന്നോട് കാര്യങ്ങള്‍ ചോദിക്കുന്നു. പറഞ്ഞ കാര്യങ്ങള്‍ തന്നെ പല തവണ പലരോടും വീണ്ടും വീണ്ടും പറയേണ്ടി വരുന്നു. അതനുസരിച്ച് ഒപി സമയം നീണ്ടു പോവുന്നു. ഞാനും ഒപിക്ക് പുറത്തു കാത്തിരിക്കുന്ന രോഗികളും മുഷിയുന്നു.. ഇതൊക്കെ ജോലിയുടെ ഭാഗം എന്നോര്‍ത്ത് സമാധാനപ്പെടുന്നു.. ഇത്രയൊക്കെ ആയിട്ടും dialysis നു സമ്മതം തരുന്നില്ല. അന്നത്തെ ദിവസവും കടന്നു പോയി.
പിറ്റേന്ന് രാവിലെ സ്ഥിതി കൂടുതല്‍ മോശമായി. തൃശ്ശൂരിലെ ആശുപത്രിക്ക് പകരം പെരിന്തല്‍മണ്ണയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോവാനാണ് ഇന്നത്തെ തീരുമാനം.. തുടര്‍ന്നു വീണ്ടും പഴയ ഒരുക്കങ്ങള്‍. പുതിയ ബന്ധുക്കളുടെ പുതിയതും പഴയതുമായ ചോദ്യങ്ങളും എന്‍റെ ഉത്തരങ്ങളുമായി ഒരുപാട് മണിക്കൂറുകള്‍. രോഗിയെ ഷിഫ്റ്റ് ചെയ്യാന്‍ വേണ്ട ഒരുക്കങ്ങള്‍ എല്ലാം ചെയ്തു ഞാന്‍ ഒപിയിലേക്ക് പോന്നു. പതിവിലും വളരെ വൈകി എത്തിയതിന്റെ മുഷിപ്പ് പുറത്തു കാത്തിരിക്കുന്ന രോഗികളുടെ മുഖത്ത് വായിച്ചെടുക്കാം..ഏതാനും മിനിട്ടുകള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും ഒപിയിലേക്ക് ബന്ധുക്കള്‍ കയറി വരുന്നു. പെരിന്തല്‍മണ്ണയിലെ കിഡ്നി ഡോക്ടറുമായി ഞാന്‍ ഫോണില്‍ സംസാരിക്കണം. അതാണ് പുതിയ ആവശ്യം.
എല്ലാം വിശദമായി റഫറന്‍സ് കുറിപ്പില്‍ എഴുതിയിട്ടുണ്ട്. അത് അവിടെ കാണിച്ചു കൊടുത്താല്‍ മതി. ഒപി ഇത്ര വൈകിയ സ്ഥിതിക്ക് ഇനി എനിക്ക് ഫോണ്‍ ചെയ്തു സമയം കളയാന്‍ വയ്യ.. ഒപി കഴിഞ്ഞ ശേഷം ആവശ്യമെങ്കില്‍ ഞാന്‍ ഡോക്ടറെ വിളിക്കാം.
അല്ല ഡോക്ടര്‍ അവിടെ വിളിച്ചു അവിടന്ന് സമ്മതം പറഞ്ഞാലേ ഞങ്ങള്‍ പോവുന്നുള്ളൂ.
മനസ് അവിടെയും ശരീരം ഇവിടെയുമായി നിങ്ങള്‍ ഇവിടെ നില്‍ക്കാതിരിക്കുന്നത് തന്നെയാണ് നല്ലത്. പൂര്‍ണ്ണ മനസും സഹകരണവും ഇല്ലാതെ രോഗിയെ ചികിത്സിക്കാന്‍ ബുദ്ധിമുട്ടാണ്.
പിന്നീട് കൂടുതല്‍ ഒന്നും പറയാതെ ഞാന്‍ ഒപി തുടര്‍ന്നു.. രോഗിയെ പെരിന്തല്‍മണ്ണയിലേക്ക് കൊണ്ടുപോയി
പ്രതീക്ഷിച്ച പോലെ തന്നെ 3 ദിവസങ്ങള്‍ക്കു ശേഷം രോഗി മരിച്ചു . ക്രമേണ ഈ സംഭവം ഞാനും മറന്നു..
ഇനിയാണ് കഥയിലെ ട്വിസ്റ്റ് . ഈ സംഭവം നടന്നു കൃത്യം 2 മാസങ്ങള്‍ക്ക് ശേഷം വലിയൊരു കൂട്ടം ആളുകള്‍ ആശുപത്രിയില്‍ വരുന്നു.. വലിയ ശബ്ദ കോലാഹലങ്ങള്‍ ഉണ്ടാക്കി ചെയര്‍മാന്റെ മുറിയിലേക്ക് തള്ളി കയറുന്നു. ഞാന്‍ ഒപി കഴിഞ്ഞു പോയ ശേഷമാണ് സംഭവം. ബഹളം വെയ്ക്കാന്‍ വരാന്‍ തിരഞ്ഞെടുത്ത സമയത്തിന് ഒരു പ്രത്യേകത ഉണ്ട്. HELLP syndrome എന്ന ഗുരുതരമായ രോഗം ബാധിച്ചു ഒരു ഗര്‍ഭിണി മരണപ്പെട്ടതുമായി ബന്ധപ്പെട്ടു ആശുപത്രിയില്‍ ഒരു ഒച്ചപ്പാടും ബഹളവും കഴിഞ്ഞു ഏതാനും ദിവസമേ ആയിട്ടുള്ളൂ.. ഗര്‍ഭിണിയുടെ മരണം സ്വാഭാവികമായും കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുമല്ലോ. എന്ത് കാരണം കൊണ്ടാണ് മരിച്ചത് എന്നതൊന്നും പ്രസക്തമേ അല്ല. ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി ഒക്കെ ഇടപെട്ടു ഏതാനും ദിവസങ്ങള്‍ ആ പ്രശ്നം ചൂടാക്കി നിര്‍ത്തുകയും ചെയ്തിരുന്നു. അതിനു തൊട്ടു പിന്നാലെയാണ് അതേ പാര്‍ടി പ്രവര്‍ത്തകര്‍ എന്ന് അവകാശപ്പെട്ടു ആളുകള്‍ മേല്‍ പറഞ്ഞ എന്‍റെ രോഗിക്ക് വേണ്ടി ബഹളം വെയ്ക്കാന്‍ വന്നിരിക്കുന്നത്
ഡോക്ടര്‍ രോഗിയുടെ ബന്ധുക്കളോട് വളരെ മോശമായി പെരുമാറി എന്നാന്നു പരാതി. എഴുതി തയ്യാറാക്കിയ വലിയൊരു പരാതി കടലാസ് ചെയര്‍മാന് കൈമാറുന്നു. ഡോക്ടറുമായി സംസാരിച്ചു നാളെ മറുപടി തരാം എന്ന് പറഞ്ഞു തല്ക്കാലം ബഹളക്കാരെ മടക്കി വിടുന്നു.
. പരാതിയിലെ പ്രസക്ത ഭാഗങ്ങള്‍ :
- ഒരു കുഴപ്പവും ഇല്ലാതെ വന്ന ആളെ ചികിത്സിച്ചു കുളമാക്കി
- രോഗിയെ ബന്ധുക്കളുടെ സമ്മതം ചോദിക്കാതെ ventilator ഇല്‍ പ്രവേശിപ്പിച്ചു ( രോഗിയുടെ ഭര്‍ത്താവ് സ്വന്തം കൈപടയില്‍ ഒപ്പിട്ട സമ്മത പത്രം കേസ് ഫയലില്‍ ഇരിപ്പുണ്ട് )
- ബന്ധുക്കളുടെ ചോദ്യത്തിനു ശരിയായ രീതിയില്‍ മറുപടി പറഞ്ഞില്ല,
( മറുപടി കൊടുക്കാന്‍ ഞാന്‍ വിനിയോഗിച്ച സമയം ഉണ്ടായിരുന്നേല്‍ ഒരു വാഴ അല്ല, വാഴ തോട്ടം തന്നെ ഉണ്ടാക്കാമായിരുന്നു )
- അറിവില്ലായ്മ കൊണ്ട് ചോദിച്ച ചോദ്യത്തിനു ഡോക്ടര്‍ ദേഷ്യപ്പെട്ടു. കാല്‍ക്കല്‍ വീണ രോഗിയുടെ മകനെ പോടാ പട്ടീ എന്ന് വിളിച്ചു ചവിട്ടി മാറ്റി
( കള്ളം പറയുമ്പോള്‍ കുറച്ചൊക്കെ വിശ്വാസ്യത വേണ്ടേ . പട്ടീ എന്ന് വിളിച്ചു ഡോക്ടര്‍ തൊഴിച്ചാല്‍ മിണ്ടാതെ നില്‍ക്കുന്ന ആളുകള്‍ ആണല്ലോ ഇന്ന് നമ്മുടെ നാട്ടില്‍ ഉള്ളത്.! )
- വേറെ ആശുപത്രിയിലേക്ക് കൊണ്ട് പോയാല്‍ രോഗി മരിക്കും എന്ന് ഭീഷണിപ്പെടുത്തി
( മറ്റു ആശുപത്രിയില്‍ ചെയ്യുന്നത് എല്ലാം ഇവിടെയും ഉണ്ട്, കൊണ്ട് പോയത് കൊണ്ട് മാത്രം പ്രത്യേകിച്ച് ഗുണം ഒന്നും ഇല്ല എന്ന് പറഞ്ഞതാണ് ഈ രൂപത്തില്‍ മാറ്റിയത് )
പരാതിയില്‍ എഴുതാതെ കൂടെ വന്ന ഒരാള്‍ പറഞ്ഞ വാ മൊഴി
” അയാളുടെ Facebook പോസ്റ്റുകള്‍ ഒക്കെ ഞങ്ങള്‍ വായിച്ചു.. അയാള്‍ ഒരു വര്‍ഗീയവാദി ആണ്.. ഞങ്ങള്‍ …… പാര്‍ട്ടിയുടെ ആളുകള്‍ ആണ്. പുറത്തു നിന്ന് പണി കൊടുക്കും.. ഞങ്ങള്‍ ആവില്ല പണി കൊടുക്കുന്നത്. അതിനു പറ്റിയ ആളുകള്‍ വേറെ ഉണ്ട്!
എനിക്കെതിരെ എന്ത്പി നടപടി എടുത്തു എന്നറിയാന്‍ പിറ്റേ ദിവസം വൈകുന്നേരം വീണ്ടും വന്നിരിക്കുന്നു..
ഡോക്ടറുടെ ഭാഗത്ത് തെറ്റൊന്നും ഇല്ല എന്നാണു എന്‍റെ അന്വേഷണത്തില്‍ മനസിലായത് എന്ന് ചെയര്‍മാന്റെ മറുപടി
അത് പിന്നെ നിങ്ങള്‍ ഒക്കെ ഒരു ടീം അല്ലെ. ഇങ്ങനെയല്ലേ പറയൂ.. നിങ്ങളെ രണ്ടിനെയും ഞങ്ങള്‍ ഇവിടെ കെട്ടി തൂക്കും.!
സംഭവത്തിന്റെ സത്യാവസ്ഥ അറിയുന്നത് കൊണ്ടായിരിക്കണം എന്നെ തിരഞ്ഞു വീട്ടില്‍ വന്നില്ല.. ആശുപത്രി തല്ലി പൊളിച്ചും ഇല്ല.. ഭീഷണിയിലും പുലഭ്യം പറച്ചിലിലും അവസാനിച്ചു .
സാധാരണ ഇത്തരം സംഭവങ്ങളില്‍ രോഗിഗളുടെ ബന്ധുക്കളുടെ വെര്‍ഷന്‍ മാത്രമേ പുറത്തു വരാറുള്ളൂ.. ഡോക്ടര്‍മാര്‍ ഇതൊന്നും എഴുതാന്‍ മിനക്കെടാറില്ല.. പക്ഷെ ആരും പുറത്തു പറഞ്ഞില്ലെങ്കില്‍ ജനങ്ങള്‍ സത്യം അറിയില്ലല്ലോ .. പലപ്പോഴും പെട്ടന്നുള്ള ഒരു വികാര തള്ളിച്ചയില്‍ ആണ് പ്രശ്നങ്ങള്‍ ഉണ്ടാവാറു. അപ്രതീക്ഷിത മരണങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നമ്മുടെ ജനതയ്ക്ക് അറിയില്ല. ഓരോ മരണവും ഒഴിവാക്കാന്‍ ഞാന്‍ ഉള്‍പ്പെടെ എല്ലാ ഡോക്ടര്‍മാരും കിണഞ്ഞു പരിശ്രമിക്കുന്നു..ഗുരുതരാവസ്ഥയില്‍ ഒരു രോഗി തന്റെ കീഴില്‍ കിടക്കുമ്പോള്‍ ഓരോ ഡോക്ടറും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സമ്മര്‍ദം അനുഭവിക്കുന്നുണ്ട്.
എന്നാല്‍ മേല്‍ പറഞ്ഞ സംഭവം പെട്ടന്നുള്ള ഒരു വികാര പ്രകടനം അല്ല.. കൃത്യമായി ആസൂത്രണം ചെയ്തു, കൃത്യമായ സമയം തിരഞ്ഞെടുത്തു നടത്തിയ ഗുണ്ടാ ആക്രമണമാണ്.. അതിനു എന്ത് വിശദീകരണം തരാന്‍ കഴിയും?
എപ്പോള്‍ വേണമെങ്കിലും തങ്ങൾക്കെതിരെ തിരിഞ്ഞെക്കാവുന്ന ശത്രുക്കളായി നിങ്ങളെ കണ്ടു, പ്രതിരോധത്തിലേക്ക് ഉള്‍വലിഞ്ഞു ചികില്സിക്കേണ്ട അവസ്ഥയിലേക്ക് ഡോക്ടർമാരെ എത്തിക്കരുത്. അനാവശ്യമായ ടെസ്റ്റുകൾ ചെയ്യിക്കാനും അടിക്കടി സമ്മത പത്രങ്ങൾ എഴുതിക്കാനുമേ അതു വഴിവെക്കൂ.മാത്രമല്ല തൊട്ടടുത്തുള്ള ആശുപത്രിയില്‍ ചികിത്സിച്ചു ഭേദം ആക്കാവുന്ന ചെറിയ അസുഖങ്ങള്‍ക്ക് പോലും വന്‍കിട ആശുപത്രികളിലേക്ക് റെഫര്‍ ചെയ്യപ്പെടേണ്ട അവസ്ഥയും ഉണ്ടായേക്കാം .
നിലവിലുള്ള ശാസ്ത്രീയ രീതികളില്‍ ഊന്നി രോഗിയെ ചികിത്സിക്കുക എന്നതു മാത്രമേ ഒരു ഡോക്ടര്‍ക്ക് ചെയ്യാന്‍ കഴിയൂ. രക്ഷപ്പെടലും മരണവും എല്ലാം അതിന്റെ ഭാഗമാണ്. സ്വന്തം രോഗിയെ രക്ഷിക്കാനും അവര്‍ക്ക് നല്ലത് വരാനും മാത്രമേ ഏതൊരു ഡോക്ടറും പരിശ്രമിക്കൂ. എല്ലാ മരണങ്ങളും ഓരോ തരത്തിലുള്ള നഷ്ടങ്ങള്‍ തന്നെയാണ്. അതിനെ തരണം ചെയ്യാന്‍ ഒരു സാമൂഹ്യ ജീവി എന്ന നിലയില്‍ നമ്മള്‍ പഠിച്ചേ തീരൂ. ഡോക്ടറില്‍ നിന്നും ആശുപത്രി അധികൃതരില്‍ നിന്നും നിങ്ങള്‍ പ്രതീക്ഷിക്കുന്ന സൗമ്യമായ പെരുമാറ്റം അവര്‍ തിരിച്ചും പ്രതീക്ഷിക്കുന്നുണ്ടെന്നു മനസിലാക്കുക.